രചന – ആയിഷ അക്ബർ
അവന്റെ കൈ തന്റെ കഴുത്തിനു ചുറ്റും വട്ടം പിടിച്ചിട്ടുണ്ട്…
അവൾ ഇറുക്കേ ചിമ്മിയിരുന്ന കണ്ണുകൾ തുറന്നവനെ പതിയെയൊന്നു നോക്കി….
മുഖത്ത് അങ്ങേയറ്റം ഗൗരവമാണ്…..
താലിയിലെ അവസാന കെട്ടും കെട്ടി കഴിഞ്ഞവൻ പതിയേ കൈ പിൻ വലിച്ചു….
ചുറ്റും ആളും ആരവങ്ങളുമില്ല….
അവനും ഞാനും അവന്റെ നാലഞ്ചു ജോലിക്കാരും മാത്രം…….
എങ്കിലും തന്റെ ഉള്ളിന്റെയുള്ളിലെ വിങ്ങലുകളെല്ലാം അറിയുന്ന ഒരു പറ്റം ദൈവങ്ങളുണ്ട് മുമ്പിൽ…..
അവൾ അവൻ തന്റെ കഴുത്തിൽ കെട്ടിയ ആ താലിയിലേക്കൊന്ന് നോക്കി…..
വെറുമൊരു ചരട് പുതിയ ഒരു ജീവിതത്തിന്റെ തുടക്കമാവാറാണ് പതിവ് …..
പക്ഷെ തന്റെ കാര്യത്തിൽ പ്രതീക്ഷകളില്ലാതെ ആടി കളിക്കേണ്ട ഒരു വേഷം മാത്രം…..
അവൾ അവനെയൊന്നു നോക്കി…..
അവൻ അവന്റെ ജോലിക്കാരോട് എന്തൊക്കെയോ സംസാരത്തിലാണ്…..
താടിയിലൂഴിഞ്ഞു കൊണ്ടുള്ള അവന്റെ സംസാരത്തിനിടയിൽ താൻ അവനെ നോക്കുന്നത് കണ്ടിട്ടാവാം അവൻ തന്റെ നേർക്ക് നടന്നു വന്നത്……
എല്ലാ ഫോമാലിറ്റീസും കഴിഞ്ഞില്ലേ……
അവനത് ചോദിച്ചതും അവൾ കഴിഞ്ഞു എന്ന
അർത്ഥത്തിലൊന്ന് തലയാട്ടി……
ഗുഡ്…..
അതും പറഞ് വീണ്ടും അവൻ തന്നിൽ നിന്നും നടന്നകന്നു……
അഴിച്ചു വെച്ചിരുന്ന കോട്ടെടുത്തവനണിഞ്ഞു കൊണ്ട് ആ അമ്പല പടികളിറങ്ങുമ്പോൾ
അവനും ജോലിക്കാർക്കും പിറകിലായി അവളും നടന്നു…….
അത്രയും വില കൂടിയ ആ കാറിന്റെ ഡോർ തനിക്ക് മുമ്പിൽ തുറന്നു….
പതിയേ അതിൽ കയറുമ്പോൾ ഭയമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് പറയാൻ കഴിയാത്ത വിധം ഹൃദയം പിടക്കുന്നുണ്ടായിരുന്നു….
അവനും ആ കാറിലേക്ക് കയറും എന്ന് ധരിച്ച തനിക്ക് തെറ്റിയിരുന്നു….
തനിക്ക് മുമ്പിൽ നിർത്തിയിട്ട കാറിലേക്കവൻ കയറുമ്പോൾ വെറുതെ പോലും തന്നെയൊന്നു നോക്കിയില്ല…..
ആവശ്യമില്ലാത്ത പ്രതീക്ഷകൾ വെക്കരുതെന്ന് ആദ്യമേ പറഞ്ഞതാണ്…..
എങ്കിലും തന്റെ പൊട്ട മനസ്സിൽ ഓരോന്ന് കയറി കൂടുന്നു……
അവൾ സ്വയം തലക്കിട്ടൊന്നു കൊട്ടി….
ഡ്രൈവർ എന്തെന്ന അർത്ഥത്തിലൊന്ന് പിറകിലേക്ക് നോക്കി…..
അവൾ അത് കാണാത്തത് പോലെ പുറത്തേക്ക് കണ്ണും നട്ടിരുന്നു…..
ചുരുങ്ങിയ സമയം കൊണ്ട് തന്റെ ജീവിതത്തിൽ നടന്നതെന്തൊക്കെയാണ്…..
സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത കാര്യങ്ങൾ….
എല്ലാത്തിനെയും ഭയന്നിരുന്ന ആ പാവം ഞാനാണോ ഇന്ന് ആരെന്നോ എന്തെന്നോ അറിയാതൊരാളുടെ താലിയും കഴുത്തിലണിഞ്ഞു കൂടെ പോകുന്നത്…..
പോകുന്നത് അപകടത്തിലേക്കാനോ എന്ന് പോലും അറിയില്ല….
അല്ലെങ്കിലും അനുഭവിച്ചതിൽ കൂടുതൽ ഇനിയെന്ത് അനുഭവിക്കാൻ……
ഓർമകൾ തലയ്ക്കുള്ളിൽ ഒരു എരിച്ചിലുണ്ടാക്കി….
ഒപ്പം അവളുടേ കണ്ണുകളിൽ അവൾ പോലുമറിയാതൊരു ഭയവും……
അവൾ വേഗം ഓർമകളെ നീക്കാനെന്ന വണ്ണം പുറത്തേക്ക് നോക്കിയിരുന്നു…..
ഉൾ വഴികൾ കടന്ന് കാറ് നഗരത്തിലേക്കെത്തിയിരുന്നു എന്ന് മനസ്സിലാക്കി തരാനെന്ന വണ്ണം റോഡിലെ ബ്ലോക്കിൽ പെട്ട് പോയിരുന്നു……
അൽപ നേരം കഴിഞ്ഞാണ് വണ്ടി അവിടെ നിന്നും കടന്നു വലിയൊരു മണി മാളികയുടെ മുമ്പിലെത്തി നിന്നത്…….
അവൾ ആശ്ചര്യത്തോടെയാണ് ആ വീടിനെ നോക്കി കണ്ടത്…..
ഇത്രയും വലിയൊരു വീടിന്റെ മുറ്റത്തേക് പോലും താനിത് വരെ എത്തിയിട്ടില്ല….
അകത്തേക്ക് കയറാൻ നേരം അവളൊന്ന് മടിച്ചു നിന്നു……
എന്തേയ് നില വിളക്കും ആരതിയും വേണമായിരിക്കും അല്ലേ ….
തന്റെ മനസ്സിലെ ആവശ്യം അതായിരുന്നെങ്കിൽ കൂടി അവന്റെ ചോദ്ധ്യത്തിലെ പരിഹാസം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ അവളൊന്നും മിണ്ടിയില്ല….
അവൻ പുച്ഛത്തോടെ തല ചെരിച്ചു കൊണ്ട് അവിടെ നിന്നും അകത്തേക്ക് കയറി പോയിരുന്നു…
അവൾ അകത്തേക്ക് കയറാതെ ആ മുറ്റത്ത് തന്നെ നിന്നു……
കയറു….
പിറകിലുള്ള കോട്ടിട്ട ആളത് പറഞ്ഞതും അവൾ പതിയേ വലത് കാല് വെച്ച് അകത്തേക്ക് കയറി……
ആ വലിയ വീട്ടിൽ തനിക്കായുള്ള മുകളിലത്തെ ആ മുറി കാണിച്ചു തന്നു അയാൾ പോയതും അവളാ പതു പതുത്ത മെത്തയിലേക്കിരുന്നു….
എന്താണ് തന്റെ അവസ്ഥ….
എവിടെയോ നിന്നിരുന്ന താൻ ഇവിടെയെത്തിയതെങ്ങനെയെന്ന് ആലോചിക്കുമ്പോൾ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി……
തന്റെ ജീവിതം നൽകിയ കയ്പ്പേറിയ അനുഭവങ്ങളിൽ അവളൊന്നു പിടഞ്ഞു….
പെട്ടെന്ന് ഓർമയിലേക്കോടി വന്നത് എത്ര ദുഖത്തിനിടയിലും പുഞ്ചിരിയോടെ തന്റെ മുടിയിഴകളിൽ തഴുകുന്ന അമ്മയുടെ മുഖമായിരുന്നു…..
മിഴികളിൽ നിന്നും അടരാൻ വെമ്പി നിന്നൊരു തുള്ളി കവിളുകളിൽ ചാലുകൾ തീർത്തു……
തലക്ക് വല്ലാത്തൊരു ഭാരം തോന്നുന്നുണ്ട്…..
അവൾ പതിയേ ആ ബെഡിലേക്ക് കിടന്നു…..
മുകളിൽ മനോഹരമായി സിലിംഗ് ചെയ്ത് വെച്ചിട്ടുണ്ട്….
അതിലേക്ക് മിഴികൾ നട്ടവൾ ആലോചനകളുടെ ആഴിയിലേക്കാണ്ടു….
പെട്ടെന്നാണ് വാതിലിലൊരു മുട്ട് കേൾക്കുന്നത്……
അവൾ വാതിൽ തുറന്ന് നോക്കുമ്പോൾ തന്നെ മുറിയിലേക്ക് കയറ്റിയ അതേ ആളായിരുന്നു…..
എന്ത് ആവശ്യമുണ്ടെങ്കിലും ദേ ആ ടെലിഫോണിൽ നിന്നും കാൾ ചെയ്‌താൽ മതി…..
ഒരു കാരണ വശാലും താഴേക്ക് വരരുത്…
ഒരു താക്കീത് പോലെ അതും പറഞ് പോകുന്നയാളെ അവളൊന്നു നോക്കി……
ഇതെന്താ ജയിലോ…..
എന്താണെങ്കിലും ഒന്നും മറുത്തു പറയാനാവില്ലല്ലോ…..
ഒന്ന് നോക്കിയാൽ അത് തന്നെയല്ലേ നല്ലത്…..
തനിക്ക് വേണ്ടത് അവരുടെ കണ്ണിൽ പെടാതിരിക്കാനുള്ള സുരക്ഷിതമായോരിടമല്ലേ….
അതിനീ വീടിന്റെ അകത്തളങ്ങളാണെങ്കിൽ അങ്ങനെ……
ജിതിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനും കയറി കിടക്കാനും ഒരിടമില്ലാതെ എന്ത് ചെയ്യുമെന്നറിയാതെ നിന്ന സമയത്തായിരുന്നില്ലേ ദൈവ ധൂതനെ പോൽ കറുത്ത കോട്ടിട്ട ആൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്…..
എസ് പി ഗ്രൂപ്പ് ഓഫ് കമ്പനിസിൽ ഒരു ജോബ് വാക്കൻസി യിലേക്ക് താങ്കൾ സെലക്ട് ആയിട്ടുണ്ട്…..
താല്പര്യമുണ്ടെങ്കിൽ ഇന്ന് വൈകുന്നേരത്തിന്റെയുള്ളിൽ ഓഫീസിലേക്ക് വരാം…..
അതും പറഞ് തന്റെ കയ്യിൽ ഒരു വിസിറ്റിംഗ് കാർഡും വെച്ച് പോയ ആളെ നോക്കി അൽപ നേരം താനങ്ങനെ ഇരുന്നു…..
ഒരുപാട് സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നു പോയി നോക്കിയിട്ടുണ്ടെങ്കിലും ഈ യൊരു കമ്പനിയിലേക്ക് പോയതായി ഓർമയില്ല….
എങ്കിലും ഒരു ജോലി എന്നതിന് തന്റെ ശ്വാസത്തിന്റെ വിലയുള്ളത് കൊണ്ട് തന്നെയാണ് അവർ തന്ന അഡ്രസ്സിലേക്ക് പോയത് ….
ഭയം എന്നൊരു വാക്കിനെ മനപ്പൂർവം മറന്നു തുടങ്ങിയിരുന്നു…..
അത്രത്തോളം ജീവിതം മനസ്സിനെ മടുപ്പിച്ചിരുന്നു……
ഇട്ടിരുന്ന ചുരിദാറിന്റെ ശാളിൽ കൈകൾ കൂട്ടി പിടിച്ചു അകത്തേക്ക് കടക്കുമ്പോൾ തന്നെ കാത്തെന്ന പോൽ നിന്നിരുന്ന അയാളുടെ കണ്ണുകൾ വിടർന്നിരുന്നു….
അതോ.. അത് തന്റെ തോന്നലായിരുന്നോ…
സായന്ദ് പ്രഭാകർ എന്ന പേര്
അയാളുടെ മുമ്പിലെ ആ നെയിം ബോർഡിൽ കാണാത്തക്ക രീതിയിൽ എഴുതി വെച്ചിട്ടുണ്ട്……
അവർ പറഞ്ഞ ജോലി പ്രകാരം കസേരയിൽ കാലിനു മുകളിൽ കാല് കയറ്റി വെച്ചിരിക്കുന്ന ആ അയാളുടെ ഭാര്യയായി അഭിനയിക്കുക എന്നതായിരുന്നു…..
പറ്റില്ല….. എന്ന് ഒറ്റ വാക്കിൽ പറയാൻ കൂടുതലോന്നും ആലോചിക്കേണ്ടി വന്നില്ല…..
ധൈര്യത്തിനെന്നോണം മുറുകെ പിടിച്ചിരുന്ന ശാളിന്റെ അറ്റം കയ്യിൽ നിന്നും വിട്ടിരുന്നു…..
എന്തെന്നാൽ വേണ്ടാ എന്ന് പറയാൻ തനിക്ക് ഭയത്തിന്റെ ആവശ്യമില്ല…..
അതിന് ധൈര്യമല്ലേ വേണ്ടത്…..
എന്നാൽ പുറത്തിറങ്ങിയപ്പോഴേക്കും ഗേറ്റിനു മുമ്പിൽ നിൽക്കുന്ന ജിതിനെ കണ്ട് പെട്ടെന്നു താൻ മറഞ്ഞു നിന്നു…….
വീണ്ടും ആ കോണിപ്പടികൾ കയറി അയാളിലേക്ക് ചെന്ന് സമ്മതമെന്ന് പറയുമ്പോൾ മനസ്സിൽ തനിക്ക് സുരക്ഷിതമായി തങ്ങാനൊരിടം എന്ന് മാത്രമേ കരുതിയുള്ളു…..
അപ്പോഴും ആ മുഖത്തു യാതൊരു ഭാവ പകർച്ചയുമുണ്ടായിരുന്നില്ല…..
ഒരു ബ്ലാങ്ക് ചെക്ക് തനിക്ക് നേരെ നീട്ടുക മാത്രമാണ് ചെയ്തത്…..
ജോലി കഴിഞ്ഞിട്ട് കൂലി മതിയെന്ന് പറഞ്ഞപ്പോൾ അയാളോന്നു ചിരിച്ചു….
എന്നാൽ ഭാര്യയായി അഭിനയിക്കണമെങ്കിൽ രജിസ്റ്ററിൽ ഒപ്പ് വെക്കുന്നതോടൊപ്പം ഇയാളെന്റെ കഴുതിലൊരു താലി കെട്ടണമെന്ന് മാത്രമേ ആവശ്യപ്പെട്ടതുള്ളു…..
അപ്പോൾ ആ കണ്ണുകളിലെ ഭാവ മാറ്റം താൻ വ്യക്തമായി കണ്ടതാണ്…..
അങ്ങനെ ആവശ്യപ്പെടാനുള്ള ധൈര്യം തനിക്കെവിടെ നിന്ന് കിട്ടിയെന്നറിയില്ല….
എങ്കിലും അത്രയും നാളെങ്കിലും തനിക്കാരെങ്കിലും ഈ ഭൂമിയിൽ ഉണ്ടെന്ന് സ്വയം ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നത്…..
മനസ്സിൽ ആരോടൊക്കെയോ ഉള്ളൊരു വാശിയും……
സമ്മതം…….
അതും പറഞ്ഞ് അയാൾ മുമ്പിൽ നിന്നെഴുന്നേറ്റു പോകുമ്പോൾ മറ്റൊന്നും പറഞ്ഞില്ല……
പിന്നീട് സംസാരിച്ചത് മുഴുവൻ അയാളുടെ സ്റ്റാഫുകളായിരുന്നു…..
തനിക്ക് വേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു തന്നതും തന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞതുമെല്ലാം അവരായിരുന്നു….
താനുമായുള്ള വിവാഹം എന്നത് അയാൾക്ക് നിസാരമായിരുന്നു….
അതിനേക്കാൾ വലിയ മീറ്റിങ്ങുകളിൽ അയാൾ സമയം ചിലവഴിച്ചു….
മറ്റുള്ള ജോലിക്കാർ തന്നോട് സംസാരിക്കുന്നത് കാണുമ്പോൾ ഒരു സഹ പ്രവർത്തകയോടുള്ള സമീപനമായി തനിക്ക് തോന്നിയിരുന്നു……
അതേ അയാളെ സംബന്ധിച്ചു താൻ അയാളെല്പിച്ച ജോലി ചെയ്യുന്ന ഒരാൾ…. അത്രയേ ഉള്ളൂ….
എന്നാൽ ആ ജോലിയുടെ പവിത്രത മറക്കാനാവാത്തതാണ് തന്റെ മനസ്സിന്റെ തെറ്റ്……
അയാൾക്കൊരു പക്ഷെ ഇത് രണ്ടാം വിവാഹം ആയിക്കൂടെന്നില്ല….
അത് കൊണ്ടായിരിക്കാം അയാൾക്കാത്തത്രയേറെ നിസാരമായത്….
എന്നാൽ തനിക്കങ്ങനെ യല്ലല്ലോ…..
എങ്കിലും… ഇതാവും തന്റെ വിധി….
ആരോരുമില്ലാത്തവർ ദൈവം കാത്തു വെച്ച വിധിയെ സ്വീകരിക്കുക യല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു…….
അവൾ ഒഴുകിയിറങ്ങുന്ന കണ്ണു നീർ തുടച്ചില്ല…..
പകരം സിലിംഗിന് നടുവിലായി കറങ്ങുന്ന ഫാനിലേക്ക് ഉറ്റു നോക്കിയങ്ങനെ കിടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സർ….. സാറിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചോയെന്നൊരു സംശയം……
മനോജത് പറയുമ്പോൾ ലാപ്ടോപ്പിൽ നിന്നവൻ മിഴികലുയർത്തി……
മ്മ്…..
അവൻ എന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി…..
സർ…. അവൾ….. ശി ഈസ് ആൻ ആൽക്കഹോളിക്…..
മാത്രവുമല്ല ഇവിടെ ആരുടെയോ കൂടെ ലിവിങ് ടുഗെതറുമായിരുന്നെന്നാണ് അവളുടേ നാട്ടിൽ ചെന്നന്ന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്…
അവന്റെ മുഖം ചെറിയ തോതിലൊന്നു മങ്ങി…..
ഇട്സ് നൺ ഓഫ് മൈ ബിസ്സിനെസ്സ്…
അവൻ പുച്ഛത്താൽ അത് പറഞ്ഞതും മേനോജ് മുറി വീട്ടിറങ്ങിയിരുന്നു….
അവൻ സോഫയിലേക്ക് ചാരി….
മനസ്സ് വീണ്ടും അസ്വസ്ഥമാവുന്നത് അവനറിഞ്ഞു……
അപ്പോഴേക്കും ഫോൺ റിങ് ചെയ്തിരുന്നു…
മുത്തശ്ശൻ…..
എന്നത് ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോഴേക്കും ഹൃദയം അനാവശ്യമായി വീണ്ടും പ്രായസത്തെ പേറി……
(തുടരും)

by