രചന – ആയിഷ അക്ബർ
വീട്ടിലാരും ഇല്ലെന്ന് തോന്നുന്നു…. വീട്ടുകാരെ കുറിച് ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞത് കണ്ടില്ലേ…
പാവം…..
മുത്തശ്ശന്നതും പറഞ് കസേരയിലേക്ക് ഒന്ന് കൂടി ചാരി കിടന്നു…..
ആരുമില്ലാത്ത കുട്ടിയാണെങ്കിലെന്താ….
തങ്കപ്പെട്ട സ്വഭാവമല്ലേ…
അവന്റെ ദേഷ്യവും വാശിയും എല്ലാം അവള് മാറ്റി ക്കോളും….
സായുവിന് ഏറ്റവും ചേരുന്ന ആളെ തന്നെയാ അവൻ തിരഞ്ഞെടുത്തത്..
ആരെന്തു പറഞ്ഞതാലും എനിക്കതിൽ ഒട്ടും സംശയമില്ല…..
മുത്തശ്ശി അതും കൂടി ചേർത്ത് പറഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോൾ ശെരിയെന്ന വണ്ണം ആ ചാരു കസേരയിലും ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ ഓർമകളുടെ കുത്തൊഴുക്കിലായിരുന്നു….
അവരുടെ ആ ചോദ്ധ്യത്തിനുള്ള ഉത്തരത്തിൽ നിന്നും കര കയറാനാണ് താൻ ശ്രമിക്കുന്നത്…
ഒരു പക്ഷേ എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ ഇവിടെയുണ്ടാവു….
ഉണ്ടാവും വരെയെങ്കിലും സ്നേഹിക്കാൻ മാത്രമറിയുന്ന ഇവരോടൊപ്പം എല്ലാം മറന്ന് സ്വസ്ഥമായിരിക്കണം….
അതാണിപ്പോഴത്തെ തന്റെ ചിന്ത…..
ഇവിടെ നിന്നിറങ്ങിയാലും ആ ദുഷ്ടന്റെ കയ്യിലേക്ക് തന്നെ വീഴുമെന്ന ഭയമുണ്ട്…..
അവൾ കണ്ണുകളടച്ചു കട്ടിലിലേക്ക് വീണു…
എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല…..
എഴുന്നേറ്റ് ജനലിലൂടെ നോക്കിയപ്പോൾ സന്ധ്യ വീണു തുടങ്ങിയിട്ടുണ്ട്…..
ബാത്‌റൂമിൽ കയറി മുഖമൊന്നു കഴുകി തുടച് കോണിപ്പടികളിറങ്ങി….
ഉമ്മറത്തു നിന്ന് മുത്തശ്ശി നാമം ജപിക്കുന്നത് കേൾക്കാം….
പതിയേ താൻ അവർക്കരികിലായിരുന്നു..
അന്നു വിളക്കെടുത് വെക്കാൻ അവളനുവാദത്തിന് കാത്തു നിന്നില്ല…..
എന്തോ ഈ വീടും ഇവിടെയുള്ള ഓരോന്നും തന്റെ സ്വന്തമാകുന്നത് പോലെ….
പതിഞ്ഞുള്ള അവളുടേ സംസാരവും പെരുമാറ്റവും വശ്യമായ ആ പുഞ്ചിരിയും അവർക്കും അവൾ സ്വന്തമാണെന്ന തോന്നലുണ്ടാക്കിയിരുന്നു…..
മുറ്റത്തു അവന്റെ ബുള്ളറ്റ് വലിയൊരു ശബ്ദത്തോടെ വന്നു നിന്നതും തിണ്ണയിലിരുന്നിരുന്ന അവൾ പെട്ടെന്നെഴുന്നേറ്റു…
മോള് അവിടെ യിരുന്നോ…
ആദ്യം അകത്തേക്ക് കയറിയ വല്യച്ഛൻ പുഞ്ചിരിയോടെ അത് പറഞ്ഞെങ്കിലും അവൾ പതിഞ്ഞൊരു ചിരി അവർക്ക് പകരമായി നൽകി അകത്തേക്ക് വലിഞ്ഞു……
സായുവും കയറി ആ തിണ്ണയിലേക്കമർന്നു….
ബൈക്കിന്റെ ശബ്ദം കേട്ടിട്ടാവാം വല്യമ്മ മുറിക്ക് പുറത്തേക്ക് വന്നിരുന്നു….
തണുത്ത വെള്ളമെടുത്തവരതിലേക്ക് നാരങ്ങ പിഴിഞ്ഞ് പഞ്ചസാര യിട്ടിളക്കുമ്പോൾ അവർക്കരികിലായി ബാല നിന്നിരുന്നു…..
ദാ…. ഇതവർക്ക് കൊണ്ട് പോയി കൊടുക്ക്….
ഞാൻ ചായ തിളപ്പിക്കട്ടെ….
വല്യമ്മ അതും പറഞ് തന്റെ നേർക്ക് നീട്ടിയതും അവളത് വാങ്ങി നടക്കുമ്പോൾ ഹൃദയത്തിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു…..
അവൾ വെള്ളം കൊണ്ട് വരുന്നത് കണ്ടതേ സായു അവളിൽ നിന്ന് നോട്ടം മാറ്റി…..
പക്ഷെ ഒത്തിരി നേരം കഴിഞ്ഞ് അവളെ കണ്ടത് കൊണ്ടാവാം എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു പിടപ്പുണ്ട് മനസ്സിൽ…..
അവൾ ആദ്യം വല്യച്ഛനാണ് വെള്ളം കൊടുത്തത്….
തനിക്കപ്പുറമാണ് വല്യച്ഛൻ ഇരുന്നിരുന്നതെങ്കിൽ കൂടി ഓരോരുത്തരെയും പരിഗണിക്കേണ്ട വിധം അവൾക്കറിയുന്നത് കൊണ്ട് തന്നെയാവാം അത്….
വല്യച്ഛനടക്കം എല്ലാവരുടെ മുഖവും ഒന്ന് തിളങ്ങി….
പിന്നീട് സായുവിന്റെ ഊഴമായിരുന്നു….
വെള്ളം കൊടുക്കുമ്പോൾ അവൻ പതിയേ ഒന്ന് മിഴികൾ അവൾക്ക് നേരെ ഉയർത്തി….
അല്ലെങ്കിൽ ആർക്കെങ്കിലും സംശയം തോന്നിയാലോ…..
അവളുടേ നീളൻ കൺ പീലികൾ കണ്ണിനു ചുറ്റും വിടർന്നു നിൽക്കുന്നുണ്ട്…
അവനറിയാതെ തന്നെ അവനിലൊരു പുഞ്ചിരി തെളിഞ്ഞു……
അഭിനയിക്കാൻ അവൻ മിടുക്കനാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളതിനെ കണ്ടില്ലെന്ന് നടിച്ചു…..
അവൾ തന്ന വെള്ളത്തേക്കാൾ മനസ്സിനെ തണുപ്പിച്ചത് അവളെ കണ്ടതായത് പോലെ അവന് തോന്നി….
ശ്രീ….. ആ തോർത്തും ഒരു മുണ്ടുമെടുത്തോ….
ഞാൻ തല വഴി കുറച്ച് വെള്ളമൊഴിക്കട്ടെ….
അവളോടതും പറഞ്ഞവൻ മുറ്റത്തേക്കാണിറങ്ങിയത്….
കേട്ട പാടേ അവൾ കോണിപ്പടികൾ കയറി….
തോർത്തു കിട്ടിയെങ്കിലും അവന്റെ മുണ്ട് ആ ബാഗ് മുഴുവൻ തിരഞ്ഞു….
ഇത് വരെ ആ ബാഗിലുള്ള സാധനങ്ങളൊന്നും അലമാരയിലേക്ക് വെച്ചിട്ടില്ല….
എല്ലാം കൊണ്ട് വന്ന പടിയിരിക്കുന്നുണ്ട്…..
അവസാനം കയ്യിൽ കിട്ടിയ അവന്റെ
മുണ്ടുമെടുത്തവൾ താഴേക്ക് നടന്നു…..
അവൻ കിണറ്റിൻ കരയിലായിരിക്കും….
തന്റെ കണ്ണുകൾ അവനെ പരതുന്നത് കണ്ടിട്ടാവാം വല്യമ്മ യത് പറഞ്ഞത് …..
കിണറിന്റെ പടിയിൽ അവൻ കയറിയിരിക്കുന്നത് ദൂരെ നിന്നേ തനിക്ക് കാണാമായിരുന്നു…..
താൻ അവനടുത്തേക്ക് ചെല്ലുമ്പോൾ നേരത്തെ കണ്ട ആ സന്തോഷം മുഖത്തില്ല…..
ഒരു ഗൗരവം അവനെ കടന്ന് പിടിച്ചിട്ടുണ്ട്….
ആ…. ഇവിടിപ്പോ താൻ മാത്രമല്ലേ യുള്ളൂ… അത് കൊണ്ടാവാം…..
കയ്യിൽ പിടിച്ചിരുന്ന മുണ്ടും തോർത്തും അവളവന് നേരെ നീട്ടി പിടിച്ചു….
ദാ…. അവിടെ വെച്ചോ….
അവിടെയുള്ള അലക്ക് കല്ലിനെ ചൂണ്ടി അവനത് പറയുമ്പോൾ നേരത്തെ സ്നേഹം കലർത്തി ശ്രീ യെന്ന് വിളിച്ച ആ സൗമ്യത അവളൊന്നോർത്തെടുക്കാൻ ശ്രമിച്ചു….
പിന്നെ പതിയേ അതവിടെ വെച്ചവനിൽ നിന്നും നടന്നകന്നു…..
അവൾ പോകുന്നത് നോക്കി അവനല്പ നേരമങ്ങനെ ഇരുന്നു….
സൈലന്റ് ആക്കി വെച്ച ഫോൺ കയ്യ്യിലിരുന്ന് വീണ്ടും റിങ് ചെയ്യുന്നത് അവനെ അങ്ങേയറ്റം അലോസരപ്പെടുത്തിയിരുന്നു……
അതിനേക്കാളേറെ ഡിസ്പ്ലേയിൽ തെളിഞ്ഞ ഡോക്ടർ അലൻ തോമസ് എന്ന പേര് തന്റെ യുള്ളിൽ നൽകുന്നത് സങ്കടമോ ആശങ്കകളോ എന്താണ്….
ഇല്ലാ….. ഇപ്പൊ എല്ലാത്തിനോടും നിർവികാരത മാത്രമാണ്..
വിധി തനിക്കായി കാത്തു വെച്ച എല്ലാത്തിനോടും….
അവൻ പതിയേ ഫോണെടുത്തു…..
എത്ര തവണ വിളിച്ചാലാണെടോ താനൊന്ന് ഫോണെടുക്കുക….
സർജറിയുടെ കാര്യങ്ങൾ എല്ലാം സെറ്റ് ആക്കട്ടെ ഞാൻ…..
അയാളത് ചോദിക്കുമ്പോൾ സായുവിന്റെ ഹൃദയം നിലച്ചു പോകുന്നത് പോലെ….
അലൻ….. ഐ നീഡ് ടൈം…
വാക്കുകൾ ദയനീയമായിരുന്നു….
നീയെന്താ സായന്ദ് ഈ പറയുന്നത് …
നിന്നെ രക്ഷിക്കാനുള്ള ദിവസങ്ങളാണ് കുറയുന്നത്…..
പിന്നെ അവൻ പറയുന്നതൊന്നും താൻ കേട്ടില്ല…
അപ്പോഴേക്കും ഫോൺ കട്ട് ചെയ്തിരുന്നു…..
ചെയ്ത് തീർക്കാൻ ഒത്തിരി കാര്യങ്ങളില്ലേ തനിക്ക്….
അതെല്ലാം ഇട്ടേറിഞ്ഞെങ്ങനെ പോകും…..
അവൻ തല വഴി വെള്ളം കോരിയൊഴിച്ചു….
കണ്ണുകളിൽ നിന്ന് കണ്ണ് നീർ തുള്ളികളങ്ങനെ അടർന്നു വീഴുന്നുണ്ട്…
അല്പം വെള്ളം അധികം കോരിയൊഴിച്ചപ്പോഴേക്കും ആശ്വാസം തോന്നി തുടങ്ങിയിരുന്നു…..
സായു….. മതി തലവഴി വെള്ളമൊഴിച്ചത്….
നീർക്കെട്ട് വരും….
ഉമ്മറത്തു നിന്നും കിണറ്റിൻ കരയിലേക്ക് നോക്കി മുത്തശ്ശി വിളിച്ചു പറഞ്ഞു….
കുറച് നേരം കൂടി താൻ ഇവിടെ നിന്നാലൊരു പക്ഷെ മുത്തശ്ശി ഇങ്ങോട്ട് വരുമായിരിക്കും…
അവൻ വേഗം ദേഹം മുഴുവൻ തുവർത്തി മുണ്ടും മാറ്റി അടുക്കള പടിയിലേക് കടന്നു……
ഈ നേരം കേട്ട നേരത്തെ ഇങ്ങനെ തലയിൽ വെള്ളമൊഴിച്ചാൽ ജലദോഷം വരില്ലേ…..
അവൻ ദേഹത്തു ഒന്നാകെ പൊതിഞ്ഞ തോർത്തെടുത്തു തല തുവർത്തി കൊടുക്കുമ്പോഴാണ് മുത്തശ്ശി അത് പറയുന്നത്….
വെള്ളം കോരിയൊഴിച്ചൊഴിച്ചു കണ്ണൊക്കെ ചുവന്നു….
അതും പറഞ് കയ്യിലുള്ള രാസനാദി പൊടിയും മുത്തശ്ശി തന്നെ നെറുകിൽ തിരുമ്മി തന്നു…..
അപ്പോഴാണ് അടുക്കളയുടെ ഓരോരത്തയായി നിൽക്കുന്നവളെ അവൻ കാണുന്നത്….
അവൾ പതിയെ മിഴികൾ താഴോട്ടു താഴ്ത്തി…..
താൻ ഷർട്ടൊന്നും ഇടാതെ നിൽക്കുന്നത് കൊണ്ട് തന്നെ അവനും ഒരു മടി തോന്നിയത് കൊണ്ട് തന്നെ അവൻ വേഗം അകത്തേക്ക് കയറി പ്പോയി……
എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുമ്പോഴും സായുവിന്റെ ഹൃദയം വല്ലാതെ നീറി പുകയുന്നുണ്ടായിരുന്നു…..
എങ്കിലും പുറമെ അവൻ പുഞ്ചിരിച്ചു….
അത്ര മേൽ മനോഹരമായി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ദൂരെയെങ്ങോ നോക്കിയേന്ന പോൽ അവൻ കട്ടിലിൽ കിടക്കുന്നുണ്ട്…..
എന്തോ ആലോചനയിലാണെന്നത് വ്യക്തം…..
ഇനി ആരെയൊക്കെ പറ്റിക്കാമെന്നോർത്ത് കിടക്കുകയാവും…..
അതേയ്……
അവൾ ധൈര്യം സംഭരിച്ചവനെ വിളിച്ചു….
അവൻ അവൾക്ക് നേരെ മിഴികൾ നീക്കി…..
ഇവരോടൊക്കെ ഞാൻ എന്ത് പറയണമെന്ന് ഇയാള് പറഞ് തരാതിടത്തോളം ഞാനെങ്ങനെ ഇവിടെ ജീവിക്കും…..
പല ചോദ്യത്തിനും മറുപടി പറയാൻ കഴിയാതെ ഞാൻ നിന്നുരുകുകയാണ്…
അവൾ ദയനീയമായി അത് പറയുമ്പോഴും അവൻ കേൾക്കുന്നില്ലെന്ന മട്ടിൽ എഴുന്നേറ്റ് ജഗ്ഗിലെ വെള്ളം വായിലേക്കൊഴിച്ചു തുടങ്ങി…..
എപ്പോ നോക്കിയാലും ഒരു വെള്ളം കുടി തന്നെ …
അവൻ അവളെ ശ്രദ്ധിക്കാതെ വെള്ളം കുടിക്കുന്നത് കണ്ടതും അവൾ മനസ്സിൽ പിറു പിറുത്തു…..
നിങ്ങൾക്ക് ആൾക്കാരെ പറ്റിച്ചു നല്ല ശീലമുണ്ടാകും… എന്നാൽ എനിക്കങ്ങനെയല്ല….
അത്രയേറെ നിഷ്കളങ്കരായ അവരെ പറ്റിച്ചു നിങ്ങളെന്താ നേടുന്നത്….
അവൾ അത് ചോദിക്കുമ്പോൾ ഉള്ളിൽ അവനോടുള്ള ദേശ്യം പുറത്ത് വന്നത് കൊണ്ട് തന്നെ അത് പറഞ് മുഴുവനാക്കും മുന്പേ ദേഹത്തോന്നാകെ വെള്ളം വീണിരുന്നു….
ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് സംഭവിച്ചത് മനസ്സിലാക്കാൻ…..
അതേ…. അവനാ ജഗ്ഗിലെ വെള്ളം മുഴുവനായി തന്റെ മേൽ ഒഴിച്ചിരിക്കുകയാണ്….
അവൾ ദേഷ്യത്തോടെ അവനെ നോക്കി…..
എന്നേ ഭരിക്കാനും ശാസിക്കാനും നീയെന്റെ ആരുമല്ല…..
ആ ഓർമ എപ്പോഴും ഉണ്ടായിക്കോട്ടെ….
നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളുടേ അടുത്തേക്ക് മുഖം ചേർത്തവന്നത് നിസ്സാരമായി പറഞ് കൊണ്ട് ജഗ്ഗു മെടുത് പുറത്തേക്ക് നടന്നു…..
അവളതേ നിൽപ്പ് തന്നെ നിന്നു…..
അവൻ വെള്ളം ഒഴിച്ച സങ്കടത്തേക്കാൾ തനിക്ക് ഉടുത് മാറാൻ ഒന്നുമില്ല എന്ന തിരിച്ചറിവായിരുന്നു അവളെ വേദനിപ്പിച്ചത് …
ആകെ രണ്ട് ചുരിദാറാണ് കയ്യിലുള്ളത്…..
അതിലൊന്നു അലക്കിയിട്ടിരിക്കുകയാണ്…
അകത്തു വിരിച്ചിട്ടത് കൊണ്ട് തന്നെ ഉണങ്ങാൻ വഴിയില്ല…..
അവൾക്ക് ഉള്ളിൽ നിന്നൊരു തേങ്ങൽ ഉയർന്നു…..
ഇറ്റ് വീഴുന്ന കണ്ണ് നീരിനെ തുടച്ചു നീക്കുക പോലും ചെയ്യാതെ ഒരു കൊച്ച് കുഞ്ഞിന്റെ നിസ്സഹായതയോടെ അവളങ്ങനെ നിന്നു….
(തുടരും)

by