രചന – ആയിഷ അക്ബർ
അതാ നല്ലത്…. നീ വരുന്നത് വരെ അവളിവിടെ നിൽക്കട്ടെ..
മുത്തശ്ശൻ അതും കൂടി പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങിയിരുന്നു…..
സായു അവളുടേ ഭാവ മാറ്റങ്ങൾ ഒപ്പിയെടുത് ഒരു ഉരുകലോടെ നിൽക്കുകയായിരുന്നു….
ഇവിടെ നിന്ന് പോകാൻ അവൾക്കോട്ടും ഇഷ്ടമില്ലെന്ന് അറിയുമ്പോഴും ഇവിടെ അവളെ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥയിലാണ് താൻ….
എന്നായാലും ഒരു ദിവസം പിരിയേണ്ടവർ തന്നെയാണെന്ന് തന്നെ പോലെ അവളും മറന്ന് തുടങ്ങിയോ……
സായു ചിന്തകളോടെ മുറിയിലേക്ക് നടന്നു…..
തുണികളെല്ലാം മടക്കി വെക്കുമ്പോൾ സഹായത്തിനായി അവളും കൂടെയുണ്ടായിരുന്നു…
നിനക്ക് ഒറ്റക്ക് ഇവിടെ നിൽക്കാൻ പറ്റില്ലെന്നുണ്ടെങ്കിൽ എന്റെ കൂടെ പോരാം…..
അവൻ ഒരു ഷർട്ടെടുത് ബാഗി ലേക്ക് വെക്കും വഴിയാണവളോടത് പറഞ്ഞത് ….
അവളുടെ മനസ്സ് തനിക്കറിയാമെങ്കിലും അവളോടൊന്ന് അനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് അവന് തോന്നിയിരുന്നു……
ഏയ്…. എനിക്ക് കുഴപ്പമില്ല…. ഞാൻ… ഞാനിവിടെ നിന്നോളാം….
ചോദ്യം മുഴുവനാക്കും മുൻപേ പെട്ടെന്നു ചാടി കയറി അവളത് പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി…
അവളൊരു ചമ്മലോടെ നോട്ടം മാറ്റി……..
നേരം ഒരു പത്തരയായപ്പോഴേക്കും അവനിറങ്ങി…..
മുറിയിൽ നിന്ന് ബാഗ് എടുക്കാൻ ചെന്നപ്പോഴും അവളോടെന്ത് പറയണമെന്നറിയില്ലായിരുന്നു…..
ആരുമല്ലെന്നുറപ്പിച്ചിവിടെ കൊണ്ട് വന്ന അവൾ തനിക്ക് ആരെല്ലാമോ ആണിന്ന്…
അവളും അവനെ നോക്കാൻ മടിച്ചു താഴേക് മിഴികളൂന്നി നിൽക്കുകയാണ്……
ഇടയ്ക്കിടെ അവളുടേ മിഴികൾ അവനിലേക്ക് പാറി വീഴുന്നത് ബാഗി ലേക്ക് നോക്കി നിൽക്കുന്ന അവനും കാണുന്നുണ്ടായിരുന്നു…..
അവർക്കിടയിൽ ഒരു നിശബ്ദത നിറഞ്ഞു നിന്നു….
എന്തൊക്കെയോ പ്രയാസം നിറഞ്ഞു തുളുമ്പുന്നൊരു നിശബ്ദത…..
താൽക്കാലികമായ വിട പറച്ചിലിനിത്രയും വേദനയുണ്ടെങ്കിൽ എന്നന്നേക്കുമായി താനവളെ വിട്ട് പോകുമ്പോഴോ….
അവന്റെ ഹൃദയം ഒന്നുലഞ്ഞു….
ജീവിതത്തോട് കൊതിയാണിപ്പോൾ…
ഒരു നിമിഷമെങ്കിലും ആയുസ്സ് അധികം കിട്ടിയാൽ അത്രയും നേരമെങ്കിലും അവളുടേ ആ നീളൻ കൺ പീലികളെ പ്രണയിക്കാമായിരുന്നു തനിക്ക്……
ഞാൻ… ഞാനിറങ്ങുവാണ്.
നിശബ്ദതയെ കീറി മുറിച് കൊണ്ട് അവനത് പറഞ്ഞതും അവൾ പിടക്കുന്ന മിഴികളെ അവനിലേക്ക് തിരിച്ചു…
എന്തോ അവ നിറയാൻ വെമ്പി നിൽക്കുന്നത് തന്റെ തോന്നലാണോ…..
എപ്പോ… എപ്പോ തിരിച്ചു വരും….
പെട്ടെന്നവളത് ചോദിക്കുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..
അവൻ തന്നെ ഇവിടെ നിർത്തി പോകുകയാണെന്ന് പറഞ്ഞപ്പോൾ തോന്നിയ സന്തോഷം അവനെ വിട്ട് പോകാൻ സമയമായിട്ടില്ലെന്നതായിരുന്നു….
എന്നാൽ താത്കാലികമായി പോലും അവനില്ലാതെ തനിക്ക് പറ്റില്ല എന്നവൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു അന്നേരം….
അറിയില്ല…. അവിടുത്തെ സിറ്റുവേഷന് അനുസരിച്ചിരിക്കും….
ഞാൻ…ഞാൻ വിളിക്കാം…
അതും പറഞ്ഞവൻ അവളുടേ മിഴികളിലേക്കൊന്ന് നോക്കി….
എന്തോ ഒരു വിങ്ങൽ ഉള്ളിലങ്ങനെ ഊറി നിൽക്കും പോലെ……
പിന്നീടൊന്നും പറയാതെ അവൻ താഴെക്കിറങ്ങി…
പിറകെ അവളും…..
എല്ലാവരോടും പറഞ്ഞവൻ കാറിലേക്ക് കയറി….
മിഴികൾ തിരഞ്ഞത് അവളെയായിരുന്നു….
അവളും തന്റെ നോട്ടത്തിനെന്ന പോൽ കാത്തു നിൽപ്പാണ്…..
അവൾക്ക് നേരെ പോകുകയാണ് എന്ന അർത്ഥത്തിൽ തലയൊന്ന് കുലുക്കി…
അവന്റെ കാറ് കണ്ണിൽ നിന്ന് മറയും വരെ ബാല നോക്കി നിന്നു….
മോള് കരയാണോ…. അവൻ രണ്ട് ദിവസം കഴിഞ്ഞാലിങ് വരില്ലേ….
മുത്തശ്ശി തന്നെ നോക്കി അത് ചോദിച്ചപ്പോഴാണ് മിഴികൾ നിറഞ്ഞിട്ടുണ്ടെന്ന സത്യം താൻ തിരിച്ചറിഞ്ഞത് തന്നെ….
പെട്ടെന്ന് ജാള്യത മറക്കാനെന്ന വണ്ണം അവളോന്ന് പുഞ്ചിരിച്ചു….
പിന്നീട് കണ്ണുകൾ തുടച് വേഗം അകത്തേക്ക് കയറിപ്പോയി……
മുത്തശ്ശിയും മുത്തശ്ശനും പവിയും എല്ലാം ഒരു ചിരിയോടെ അവളെ നോക്കി നിന്നു…….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൻ പോയതും അവിടേ താൻ വല്ലാതെ ഒറ്റപ്പെട്ടത് പോലെ തോന്നിയവൾക്ക്….
മുറിയിലാകെ അവന്റെ ഗന്ധം നിറഞ്ഞു നിൽക്കും പോലെ…..
കണ്ണുകളിൽ അവൻ തടഞ്ഞു നിൽക്കുന്നു…..
അന്ന് രാത്രി എന്തോ ഭക്ഷണം കഴിക്കാനും അവൾക്ക് കഴിഞ്ഞില്ല…..
ഒരു തരം ശൂന്യത…..
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്ത് കുറച്ച് നേരം ചെന്നിരുന്നു….
അവിടെ ഇരിക്കുമ്പോഴും ഒരു സ്വസ്ഥത ഇല്ലായിരുന്നു….
അവൻ എത്തിയോ എന്തോ എന്നറിയാതെ വല്ലാത്തൊരു അസ്വസ്ഥതയിലായിരുന്നവൾ…….
അവൻ വിളിക്കാമെന്ന് പറഞ്ഞിട്ട് ഇത്ര നേരമായും വിളിച്ചിട്ടില്ല……
തനിക്കാണെങ്കി ഫോണുമില്ല….
ചെറിയതൊന്ന് ഉണ്ടായിരുന്നത് ദൃശ്യയുടെ മുറിയിൽ മറന്നു വെച്ചിരുന്നു……
അവൾ പതിയേ മുറിയിലേക്ക് നടന്നു…..
കോണിപ്പടികൾ കയറാൻ തുടങ്ങിയപ്പോഴാണ് സ്വർണ നിറത്തിലുള്ള ആ ടെലിഫോൺ ശബ്ധിച്ചത്….
മനസ്സിലെന്തോ ഒരു തണുപ്പിരചെത്തുന്നത് അവളറിഞ്ഞിരുന്നു….
മനസ്സിൽ നിറഞ്ഞു നിന്നത് അവന്റെ മുഖമായിരുന്നു….
ആ ഫോണിലേക്ക് വിളിക്കുന്നത് മാറ്റാരെങ്കിലും ആവാമെന്ന് പോലും അപ്പോൾ മനസ്സോർത്തില്ല..
ഒരു നിമിഷത്തെ ചിന്തക്കിടം കൊടുക്കാതെ അവൾ ഫോൺ ചെവിയോട് ചേർത്തു…..
ഹലൊ…..
മറു തലക്കൽ നിന്നുള്ള അവന്റെ ശബ്ദം അവളെ ആകെ കൂടി തണുപ്പിച്ചിരുന്നു…..
ഹ….. ഹ..ലോ……
അവളത് പറഞ്ഞതും അവന്റെ ചൊടിയിൽ വിരിഞ്ഞൊരു മനോഹരമായ പുഞ്ചിരിയെ അവൾ മനസ്സിൽ വരച്ചു ചേർത്തു….
താൻ കഴിച്ചോ…..
ആദ്യത്തെ ചോദ്യം അതായിരുന്നു….
മ്മ്….. ഇയാളോ……
മ്മ്……..
ചോദിക്കാനും പറയാനും ഒരായിരം കാര്യങ്ങളുണ്ടെങ്കിൽ കൂടി അവ മനസ്സിൽ മാത്രം ഒതുക്കേണ്ടതാണെന്ന് ഇരുവർക്കും നല്ല ബോധ്യമുണ്ടായിരുന്നു….
അത് കൊണ്ട് തന്നെ ഹൃദയം വാചാലമാക്കുമ്പോഴും അവരിലൊരു നിശബ്ദത നിറഞ്ഞു നിന്നു…..
അതേ…. അതിനും വല്ലാത്തൊരു അനുഭൂതിയാണ്……
എങ്കി ശെരി…… ഞാനിവിടെ എത്തിയെന്നു അവിടെ പറഞ്ഞേക്ക്…..
ആ മൗനം പോലും തന്റെ മനസ്സിനെ അത്രയേറേ പിടിച്ചു വലിക്കുന്നത് കൊണ്ട് തന്നെ അവൻ വേഗം അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു….
പാതിക് വെച്ചു നിന്ന് പോയൊരു പെരു മഴയായി അവൾക്കതിനെ തോന്നി….
ആരാ മോളേ….. സായുവാണോ….
മുഖത്തെ കണ്ണട കയ്യിലെക്കൂരി അതും ചോദിച്ചു കൊണ്ട് മുത്തശ്ശിയങ്ങോട്ട് വന്നപ്പോൾ അവൾ അതേയെന്ന അർത്ഥത്തിലൊന്ന് തല കുലുക്കി…..
എത്തിയ വിവരം അറിയിക്കാൻ വിളിച്ചതാ…
അവൾ പതിയേ അതും പറഞ് മുറിയിലേക്ക് നടന്നു…….
മുറിയിലേക്ക് ചെന്നതും കട്ടിലിലേക്കാണ് മിഴികൾ നീണ്ടത്…..
അവനവിടെ കിടക്കുന്നത് പോലെ തോന്നിയവൾക്ക്……
ഒറ്റക്ക് കിടക്കാൻ തനിക്ക് ഭയമാണ്….
അവൾ കട്ടിലിലേക്ക് കയറി കിടന്ന് അവൻ പുതക്കുന്ന പുതപ്പെടുത് ദേഹത്തേക്കിട്ടു……
ഭയം പതിയേ തന്നെ വിട്ടോഴിയും പോലെ….
അവൻ കൂടെയുണ്ടെന്ന ചിന്തയിൽ അവൾ കണ്ണുകൾ പതിയേ ചിമ്മി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇന്ന് കുടുംബ ക്ഷേത്രത്തിലൊരു പൂജയുണ്ട്……
ബാല വേഗം ഒരുങ്ങിക്കോ….
എല്ലാവരും തയ്യാറായി….
രേണു വല്യമ്മ അത് പറഞ്ഞതും അവൾ ശെരിയെന്നു തലയാട്ടി അവൻ വാങ്ങി തന്നതിൽ നിന്നും ഒരു മഞ്ഞ ചുരിദാറെടുത്തിട്ടു…..
കുളി കഴിഞ്ഞിട്ടേയുള്ളു എന്നത് കൊണ്ട് തന്നെ ഈർപ്പം തങ്ങി നിന്ന മുടിയിഴകളെ കുളി പിന്നൽ കെട്ടി വെച്ചു……
താഴെക്കിറങ്ങിയപ്പോൾ എല്ലാവരും ഒരുങ്ങിയിട്ടുണ്ട്….
രണ്ട് കാറിലായാണ് അമ്പലത്തിലേക്ക് പോയത്…..
അവിടെയെത്തിയപ്പോൾ അപ്പച്ചിമാരും മക്കളും എല്ലാം നിരന്നു നിൽപ്പുണ്ട്…
പതിവ് പോലെ അവളെ കണ്ടതും അവരെല്ലാം മുഖം കനപ്പിച്ചു നിന്നു….
ബാലക്ക് വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു….
എന്നാൽ അല്പം കൂടി കഴിഞ്ഞപ്പോഴാണ് തന്നേക്കാൾ പ്രയാസത്തോടെ നിൽക്കുന്ന അവരെ താൻ ശ്രദ്ധിച്ചത്…..
സായുവേട്ടന്റെ അമ്മ…..
അപ്പച്ചിമാർ രേണു വല്യമ്മയോട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മയെ കണ്ട ഭാവം പോലും നടിക്കുന്നില്ല…..
അതിന്റെ പ്രയാസമത്രയും അവരുടെ മുഖത്ത് നിന്ന് താൻ വായിച്ചെടുത്തിരുന്നു…..
എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി ഒറ്റപ്പെട്ട് നിൽക്കുന്ന അവരോട് തനിക്കെന്തോ വല്ലാത്തൊരു സഹതാപം തോന്നി…..
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അരികിൽ നിന്നും നടന്ന് താൻ പതിയേ അവരുടെ അടുത്തേക്ക് നിന്നു…..
അരികിൽ ആളനക്കം അറിഞ്ഞതും അവരൊന്നു തിരിഞ്ഞു…..
മരുന്ന് തേച്ചപ്പോൾ നല്ല ഭേദമുണ്ട്…..
എന്തെന്ന ഭാവത്തിൽ തന്നെ നോക്കുന്നവരോട് പൊള്ളിയ കൈ കാണിച് പറയാൻ അതേ വായിൽ വന്നുള്ളൂ….
അവർ പതിയേ യൊന്നു പുഞ്ചിരിച്ചു……
എന്തിനാ ഈ പൂജ…..
അവരോട് വീണ്ടും സംസാരിക്കാനെന്ന വണ്ണം അത് ചോദിച്ചപ്പോൾ അതിന്റെ മറുപടി വ്യക്തമായി തന്നിക്കവർ തന്നു….
പിന്നീട് ചോദ്യങ്ങൾക്കായി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല…
ഓരോ വിഷയങ്ങളും ഞങ്ങൾക്കിടയിൽ കടന്ന് വന്നു സംസാരിച്ചു കൊണ്ടേയിരുന്നു…..
അവരെ ഞാനറിയുക യായിരുന്നു……
അത്രയേറെ വ്യക്തമായ സംസാരം….
അതിനിടക്ക് ഒരു മകളോടെന്ന പോലെ യുള്ള കരുതലും അവരിൽ സ്ഥാനം പിടിച്ചിരുന്നു…
അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി….
അധികം സമയം ആകുന്നതിനു മുൻപ് തന്നെ അത്രയേറേ ഞങ്ങൾ അടുത്തിരുന്നു….
വാക്കുകൾക്കിടയിൽ രൂപപ്പേട്ട പുഞ്ചിരികൾ പൊട്ടി ചിരികളിലേക്ക് കടന്നപ്പോഴാണ് തങ്ങളെ അവഗണിച്ചു നിന്നവരുടെ ശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്…..
ഞങ്ങളുടെ സംസാരവും ചിരിയും കളിയുമെല്ലാം അവരെ അലോസരപ്പെടുത്തുന്നെണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെ അത് പവിയിലൊരു ആനന്ദത്തിനിടം നൽകിയിരുന്നു……
പുതിയൊരു ബന്ധത്തിന്റെ മനോഹരമായ തുടക്കമായിരുന്നത്……
പവി കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു….
അവരെല്ലാം നോക്കുന്നുണ്ട്…. എന്നോടുള്ള ദേഷ്യം നിന്നോട് കൂടി യുണ്ടാവും ഇനി മുതൽ……
പവി അവരെ നോക്കി ബാലയൊടത് പറയുമ്പോൾ ബാല അവരിലേക്ക് നോക്കി…
അതേ… തങ്ങളെ നോക്കി അവർ എന്തൊക്കെയോ മുറു മുറുക്കുന്നുണ്ട്….
അത് കുഴപ്പമില്ല….
അല്ലെങ്കിലും അവർക്കാർക്കും എന്നേ ഇഷ്ടമല്ലാ….
ബാല അത് പറഞ്ഞോന്നു ചിരിച്ചു…
എന്തിനാ അവർക്കൊക്കെ നിങ്ങളോട് ദേഷ്യം…..
അവൾ മനസ്സിൽ തോന്നിയ സംശയം പ്രകടിപ്പിച്ചതും പവിയുടെ മുഖമാകെ മാറി…..
ചുരുങ്ങിയ സമയം കൊണ്ട് താൻ അമിത സ്വാതന്ത്ര്യം എടുത്തോ എന്നൊരു ആശങ്ക അവളിൽ നിറഞ്ഞു…..
ഞാൻ…. ഞാൻ ചോദിച്ചെന്നെ ഉള്ളൂ….
മറുപടി നിർബന്ധമില്ലെന്ന വണ്ണമാണ് ബാലയത് പറഞ്ഞത്…..
ഭർത്താവിന് വിലയില്ലെങ്കിൽ പിന്നെ ആർക്കും നമ്മളെ വിലയുണ്ടാവില്ല ബാലാ….
സായു നിന്നെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം മറ്റുള്ളവരും നിന്നെ ചവിട്ടി താഴ്ത്താനെ നോക്കു….
എന്നാൽ അവൻ നിന്നെ ചേർത്ത് പിടുക്കുന്നുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നമ്മളെ ബാധിക്കില്ല……
അവരത് പറയുമ്പോൾ വാക്കുകളിലെ നനവ് ബാലക്ക് വ്യക്തമായിരുന്നു…..
അവൾക്ക് വല്ലാത്തൊരു സങ്കടം തോന്നി…
ഒരു നോവോടെ അൽപ നേരം ബാല അവരെ നോക്കി നിന്നു….
പിന്നീടവളുടെ മിഴികൾ കുറച്ച് ദൂരെയായി ആൽ തറയിലിരിക്കുന്ന പ്രഭയിലേക്ക് നീങ്ങി…
ആ മുഖത്ത് അങ്ങേയറ്റം ഗൗരവമാണ്…
സ്നേഹം ഇല്ലാതോരാളുടെ കൂടെ എന്തിനാ കഷ്ടപ്പെട്ട് ജീവിക്കുന്നത്…..
വിട്ടിട്ട് പൊയ്ക്കൂടേ…..
അവൾ ഏതോ ഓർമയിൽ നിന്നെന്ന പോൽ പെട്ടെന്ന് പവിയോടത് ചോദിക്കുമ്പോൾ പവിയൊന്ന് വിറച്ചു പോയിരുന്നു…
പവി ഒരു ഞെട്ടലോടെ അവളെ നോക്കി…..
(തുടരും)

by