രചന – ആയിഷ അക്ബർ
മോള് ഡ്രെസ്സൊക്കെ മാറ്റി താഴേക്ക് വന്നോളൂ…. ചായ കുടിക്കാം….
മുത്തശ്ശി അല്പം നേർമയോടെ അത് പറഞ്ഞ് താഴേക്ക് പോകുമ്പോൾ അവനിലേക്ക് നോക്കിയത് പോലുമില്ല…..
അത്ര നേരം അല്പം ഭയത്തോടെ നിന്നിരുന്ന അവളിൽ ആശ്വാസം നിറഞ്ഞു……
സായുവിന് വല്ലാത്തൊരു പ്രയാസം പോലെ….
ഒരുപാടൊന്നും മുത്തശ്ശിക്ക് തന്നോട് മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് അറിയാമെങ്കിലും മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു….
അവനെന്തോ ആലോചനയിൽ ആണ്ടു നിൽക്കുന്നത് പോലെ തോന്നിയതും അവൾ പതിയേ മുറിയിലേക്ക് വലിഞ്ഞു…..
മുറിയിലെത്തിയപ്പോഴാണ് ബാഗ് കാറിലാണെന്ന കാര്യം അവളോർക്കുന്നത്….
അവൾ പതിയേ അവനരികിലേക്ക് തന്നെ വന്നു….
അപ്പോഴും അവൻ അതേ നിൽപ്പാണ്…..
ഇതിനോടെങ്ങനെ തന്റെ കാര്യങ്ങൾ പറയുമെന്നോർത്ത് അവൾക്ക് ആശങ്ക തോന്നി….
അതേയ്…
ആളനക്കം അറിഞ്ഞിട്ടും അവൻ തിരിഞ്ഞു നോക്കുന്നില്ലെന്നത് കണ്ടതും അവൾ പതിയേ വിളിച്ചു….
അവനൊന്നു അവളിലേക്ക് തിരിഞ്ഞു….
മ്മ്…..
അത് വരെ അല്പം ശാന്തമെന്ന് തോന്നിയ അവന്റെ മുഖം അവളെ കണ്ടതും വലിഞ്ഞു മുറുകിയത് പോലെ….
ഡ്രെസ് മാറാൻ…. ബാഗ്…
അത് മാത്രമേ അവൾ പറഞ്ഞതുള്ളു…..
അവൻ ആ ഓർമയെ വീണ്ടെടുത്തെന്ന പോൽ കോണിപ്പടികളിറങ്ങി നടന്നു …..
ഇതെന്തൊരു സാധനമാണെന്റെ ദൈവമേ….
അവൾ മനസ്സിലൊന്നു മൊഴിഞ്ഞു……
അവൻ വരുന്നത് വരെ അവൾ അവിടെ തന്നെ നിന്നു….
അവൻ തന്റെ അരികിലെത്തിയ ശേഷം അവന്റെ ബാഗുകൾക്കിടയിൽ നിന്ന് രണ്ട് വിരലുകൾ കൊണ്ട് തന്റെ ബാഗ് കയ്യിലേക്ക് തരുമ്പോൾ അവൾക്കെന്തെന്നില്ലാത്ത ദേഷ്യം തോന്നി…..
അവൾ അത് വാങ്ങി മാറോടണച്ചു മുറുകെ പിടിച്ച ശേഷം അവനെ ഒന്ന് ഉറ്റു നോക്കി….
അവൻ മുറിയിലേക്ക് കടന്നു….
പിറകെ അവളും….
അവൻ അവന്റെ ബാഗിൽ നിന്നും ഡ്രെസ്സുകൾ തിരയുമ്പോഴേക്കും ആകെയുള്ള രണ്ട് ചുരിദാറുകളിൽ നിന്ന് ഒന്നെടുത് കട്ടിലിൽ തന്നെ എടുത്തു വെച്ച തോർത്തും കൊണ്ട് മുറിയിൽ തന്നെയുള്ള ബാത്‌റൂമിലേക്ക് അവൾ നടന്നു….
അതേയ്….. എങ്ങോട്ടാ….
ബാത്‌റൂമിലേക്ക് കയറാനൊരുങ്ങിയതും പിറകിൽ നിന്നുള്ള ഗാഭീര്യമേറിയ ശബ്ദം…..
ഫ്രഷ് ആവാൻ….
അവൾ പതിയേ പറഞ്ഞു….
അവൻ കയ്യിൽ പിടിച്ച ഡ്രസ്സ് തോളിലേക്കിട്ട് കൊണ്ട് അവൾക്കടുത്തേക്ക് നടന്നു……
ഈ മുറിക്കകത്
നീ എനിക്കൊരു ജോലിക്കാരി മാത്രമാണ്…. അല്ലാതെ എന്റെ ഭാര്യ യല്ല…
ഈ വീട് എന്റേത് മാത്രമാണ്….
ആ ഓർമ എപ്പോഴും ഉണ്ടായിക്കോട്ടെ മനസ്സിൽ….
അവളോട് ചേർന്ന് നിന്നു ശബ്ദം അടക്കി പിടിച്ചവൻ പറയുമ്പോൾ അവളിലെക്കൽപം കുനിഞ്ഞിരുന്നു…..
അവൾ തല താഴ്ത്തി അങ്ങനെ നിന്നു…..
അവൾക്ക് താൻ അത്രയേറെ അപമാനിക്കപ്പെട്ടത് പോലെ തോന്നി…
ഇത്രയും പറയാൻ മാത്രം തെറ്റൊന്നും താൻ ചെയ്തില്ലല്ലോ…..
അവളുടേ ഉള്ളിൽ നിന്നൊരു വിതുമ്പൽ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു…..
അവന്റെ ശ്വാസം അവളുടേ മൂക്കിൻ തുമ്പിൽ പതിക്കുന്നുണ്ടായിരുന്നു….
ദേഷ്യത്തോടെ പറയുന്നതിനിടക്ക് അവളുടേ നീളൻ പീലികൾ ഇളകുന്നതിൽ തന്റെ ശ്രദ്ധ പതിഞ്ഞത് എപ്പോഴാണെന്ന് അവനറിയില്ലായിരുന്നു….
അൽപ നേരം കഴിഞ്ഞും അവൻ മാറുന്നില്ലെന്ന് കണ്ടാണ് അവൾ മിഴികളുയർത്തി അവനെ നോക്കിയത്….
അവൻ പെട്ടെന്ന് നോട്ടം അവളിൽ നിന്നും മാറ്റി അവളുടേ കയ്യിൽ പിടിച്ച തോർത്തു മുണ്ടും പിടിച്ചു വാങ്ങി ബാത്‌റൂമിലേക്ക് കയറി…..
അവൾ കട്ടിലിൽ വന്നിരുന്നു….
എന്തോരു മനുഷ്യനാ ഇയാള്…..
പണം ഉണ്ടെന്ന് വെച്ച് മനുഷ്യരിങ്ങനെ ആകുമോ…
അവൾക്കവനോട് വല്ലാത്ത ദേഷ്യം തോന്നി…
അവളൊരു വല്ലായ്മയോടെ അങ്ങനെ ഇരുന്നു…..
അവൻ കുളി കഴിഞ്ഞു മാറ്റിയിറങ്ങി വന്നു നനവുള്ള തോർത്തു മുണ്ട് ഒരു കുടച്ചിലായിരുന്നു….
അവളുടേ മുഖത്തേക്ക് വെള്ളത്തിന്റെ നനവ് പാറി വീണു….
അവൾ കണ്ണുകൾ ചിമ്മി മുഖമൊന്നു തിരിച്ചു…..
അവൻ അവളെ ഒരു പുച്ഛത്തോടെ നോക്കി മുറി വിട്ടിറങ്ങി പോയി….
അവൾക്ക് ദേഷ്യമാണോ സങ്കടമാണോ തോന്നിയതെന്നറിയില്ല….
അവളങ്ങനെ ഇരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സായു താഴെക്കിറങ്ങി ചെല്ലുമ്പോൾ മനസ്സിൽ ഒരു തരം ഭയം തോന്നിയിരുന്നു…
ആരെയും കാണുന്നില്ല….
എല്ലാവരും അടുക്കളയിൽ ആവും…..
അവൻ മുത്തശ്ശൻറെ മുറിയെ ലക്ഷ്യമാക്കി നടന്നു…..
അവിടെ മുത്തശ്ശനും മുത്തശ്ശിയും ഇരിക്കുന്നുണ്ട്…
രണ്ടു പേരും കാര്യമായി എന്തൊക്കെയോ സംസാരിക്കുകയാണ്….
എന്നാൽ അത് മറ്റാരും കേൾക്കരുതെന്ന വണ്ണം അടക്കി പിടിച്ചാണ് പറയുന്നത്…..
സാക്ഷാൽ മഹാ ലക്ഷ്മി മുന്പിൽ വന്നു നിൽക്കും പോലെ….
നമ്മുടെ സായുന് നന്നായി ചേരും….
എത്ര പതുക്കെ പറഞ്ഞാലും മുത്തശ്ശനല്പം കേൾവി കുറവുള്ളത് കൊണ്ട് തന്നെ അതല്പം ഉറക്കെ ആകുമായിരുന്നു….
അങ്ങോട്ട് കയറി ചെല്ലുമ്പോൾ മുത്തശ്ശിയുടെ ആ വാക്കുകളാണ് കേൾക്കുന്നത്…..
ശരീരത്തിനാകെ ഒരു കുളിര് പോലെ….
അതേ സമയം എന്തോ ഒരു ശൂന്യതയും അവനെ വന്നു പൊതിഞ്ഞു….
മുത്തശ്ശ…..
അവൻ പതിയേ വിളിച്ചു….
ഹാ….. വാ….
മുത്തശ്ശൻ സ്നേഹത്തോടെ വിളിച്ചതും മുത്തശ്ശി മുത്തശ്ശനെയൊന്നു തുറിച്ചു നോക്കി……
അവൻ എന്നത്തേയും പോലെ അവർ രണ്ട് പേരും ഇരിക്കുന്നതിന്റെ താഴെയായി നിലത്തിരുന്നു….
അവനിരുന്നതും അടക്ക കുത്തി കൊണ്ടിരുന്ന മുത്തശ്ശി എഴുന്നേറ്റ് ഒരൊറ്റ പോക്കായിരുന്നു….
അവന് വല്ലാത്തൊരു വേദന തോന്നി….
മുത്തശ്ശ….. ഞാൻ…..
അവനത് പറഞ്ഞ് തുടങ്ങിയതും മുത്തശ്ശനും ഇരുന്നിടത് നിന്ന് എഴുന്നേറ്റു…..
അവൾക്ക്… അവൾക്ക് വിഷമല്ലാതിരിക്കുമോ…
എല്ലാം ഒരുക്കി നിനക്ക് വേണ്ടി കാത്തിരിക്കായിരുന്നില്ലേ….
മുത്തശ്ശൻ അത് മാത്രം പറഞ്ഞ് കൊണ്ട് മുറി വിട്ട് പോകുമ്പോൾ അവൻ കാലുകൾക്ക് മേൽ തല വെച്ച് അവിടെ തന്നെ ഇരുന്നു…
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സമീപനം തന്നെ അത്ര മേൽ വേദനിപ്പിക്കുന്നുണ്ട്….
സത്യം അങ്ങ് തുറന്ന് പറഞ്ഞാലോ എന്നു വരെ തോന്നുകയാണ്…..
എങ്കിൽ പിന്നെ ഈ ജന്മം അവർക്ക് തന്നോട് പൊറുക്കാനാകുമോ…..
എടുത്തു ചാട്ടം കൂടി ഒരോന്നു ചെയ്ത് വെക്കും…
അവൻ സ്വയം പഴിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അൽപ സമയം കൂടി അങ്ങനെ ഇരുന്നവൻ ഡെയിനിങ് ടേബിളിലേക്ക് നടന്നു……
മുത്തശ്ശി….. ചായ…..
അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…
മുത്തശ്ശി ചായ യുമായി വരുമ്പോൾ ആ കയ്യിൽ പിടിച്ചു നിർത്തി സംസാരിച്ചു അവരെ ആശ്വസിപ്പിക്കണമെന്നവ ൻ ഉറപ്പിച്ചു…..
എന്നാൽ ചായയും മറ്റും ടേബിളിലേക്ക് കൊണ്ട് വെച്ചത് രേണുവല്യമ്മ യായിരുന്നു……
അവർ പൊതുവെ സംസാരം വളരേ കുറവാണ്…..
ആദ്യമൊക്കെ നല്ലവണ്ണം സംസാരിക്കുമായിരുന്നെന്ന് കേട്ടിട്ടുണ്ട്…..
കൊല്ലം ഇത്ര യായിട്ടും ഒരു കുഞ്ഞിനെ ഈശ്വരൻ അവർക്ക് നൽകിയില്ല….
അത് കൊണ്ടാവാം അവർ സ്വയം ഉൾവലിഞ്ഞു തുടങ്ങിയത്….
ചായയും പലഹാരങ്ങളുമായി വരുമ്പോൾ തന്നെ എനിക്കായൊരു പുഞ്ചിരി ആ ചുണ്ടിൽ ഉരുണ്ട് കൂടി കിടപ്പുണ്ട്…..
താനും നിറഞ്ഞൊരു പുഞ്ചിരി തിരിച്ചു നൽകി…
നേരം ഇത്ര വൈകിയത് കൊണ്ട് എല്ലാവരും കഴിച്ചിട്ടുണ്ടാകുമെന്ന് താനൂഹിച്ചിരുന്നു…..
ഇനി ഇല്ലെങ്കിൽ കൂടി തന്നോടുള്ള ദേഷ്യം മാറുന്നത് വരെ മുത്തശ്ശനും മുത്തശ്ശിയും കൂടെ ഇരിക്കില്ല എന്നും അവന് തോന്നി….
ആ കുട്ടിയെന്തെ സായു…
തനിക്കേറ്റവും പ്രിയപ്പെട്ട നല്ല പൂ പോലുള്ള ഇഡ്ഡലി പാത്രത്തിലേക്കിട്ട് മുരിങ്ങാക്കായ ചേർത്ത് കയിലിൽ കോരിയ സാമ്പാർ പാത്രത്തിലേക്ക് ഒഴിക്കാൻ തുടങ്ങുമ്പോഴാണ് വല്യമ്മ പതിയേ അത് ചോദിക്കുന്നത്……
അവള്…. അവള് ബാത്‌റൂമിലാണ്….
എങ്കിൽ ആ കുട്ടിയെ കൂടി കൂട്ടിയിട്ട് പോരെ കഴിക്കാനിരിക്കുക……
വല്യമ്മ പതിയെയാണ് അത് പറഞ്ഞതെങ്കിലും അത് അടുക്കളയിൽ നിൽക്കുന്ന മുത്തശ്ശിയുടെ കൂടി ശബ്ദമാണെന്ന് തനിക്ക് തോന്നി….
അല്ലെങ്കിൽ വല്യമ്മ അങ്ങനെയുള്ള ഒരു കാര്യങ്ങളിലും അഭിപ്രായം പറയാറില്ല…..
ശെരി…..
അവൻ അതും പറഞ് ഇരുന്നിടത് നിന്നും എഴുന്നേറ്റു…..
വിശന്നു കുടല് കരിയുന്ന സമയം തന്റെ പ്രിയ ഭക്ഷണം ചുണ്ടിൽ നിന്ന് തട്ടിയെറിഞ്ഞത് പോലെ അവന് തോന്നി…..
അവൻ കോലായിലെ സോഫയിൽ അവൾ വരാനായി കാത്തിരുന്നു…
സാധാരണ ഈ വീട്ടിൽ വന്നാൽ തനിക്ക് വിരസത തോന്നാറേയില്ല….
എന്നാൽ അന്നാധ്യമായി തനിക്ക് സമയം പോകാത്തത് പോലെ….
ഒരു തെറ്റ് ചെയ്തത് പോലെ തോന്നുന്നത് കൊണ്ട് തന്നെ എല്ലാവരെയും നോക്കാനൊരു മടി….
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അവഗണന വേറെയും…..
അവൻ മരത്തിന്റെ സോഫയിൽ കിടക്കുന്ന പത്രമെടുത് വായിച്ചു തുടങ്ങി…..
എന്നാൽ ആ പത്രം അരിച്ചു പെറുക്കി വായിച്ചിട്ടും അവൾ കുളി കഴിഞ്ഞ് വന്നില്ല….
അവളെ പോലൊരു പെണ്ണിന് വേണ്ടി കാത്തിരിക്കേണ്ടി വന്നതിൽ അവന് വല്ലാത്ത അമർഷം തോന്നിയിരുന്നു…
അവൻ സോഫയിൽ നിന്നെഴുന്നേറ്റ് മുറിയിലേക്ക് നടന്നു…..
എന്നാൽ മുറിയുടെ വാതിൽ തുറന്നതും അവന്റെ ദേഷ്യം ആളി കത്തി…..
താൻ പോകുമ്പോൾ ഇരുന്നിരുന്ന അതേ ഇരിപ്പിലാണവൾ…..
അവിടെ നിന്ന് ഇളകിയിട്ട് പോലുമില്ല….
ഇത് വരെ കുളിക്കാൻ കയറിയിട്ട് പോലുമില്ലെ….
അവനത് ചോദിക്കുമ്പോൾ അവളുടേ കുളി കഴിയാനുള്ള സമയം കൂടി വേണമല്ലോ ഭക്ഷണം കഴിക്കാനെന്ന ആശങ്ക യായിരുന്നു മനസ്സ് നിറയെ…..
ദേഷ്യത്തോടെയുള്ള അവന്റെ ശബ്ദം കേട്ടെങ്കിലും അവൾ ഇരുന്നിടത് നിന്ന് ചലിച്ചില്ല…
നിന്നോടാ ചോദിച്ചത്….
അവൻ അവൾക്ക് കുറച്ച് കൂടി അരികിലേക്ക് നിന്ന് കൊണ്ട് അത് ചോദിക്കുമ്പോൾ ആരും കേൾക്കാതിരിക്കാൻ അടക്കി പിടിച്ച ശബ്ദത്തിൽ അങ്ങേയറ്റം ദേഷ്യം കലർന്നിരുന്നു…..
എന്റെ കാര്യം നിങ്ങളെന്തിനാ അന്ന്വേഷിക്കുന്നത്….
ഈ മുറിക്കകത് നിങ്ങളെന്റെ ഭർത്താവല്ല….
ജോലിക്കാരിയുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടുമെന്നൊന്നും നമ്മൾ തമ്മിലുള്ള കരാറിൽ പറഞ്ഞിട്ടുമില്ല….
അവളത് പറയുമ്പോൾ ആ വാക്കുകളിൽ ദേഷ്യത്തിലേറെ സങ്കടം കലർന്നിരുന്നതായി അവന് തോന്നി…..
അവളൊരിക്കലും ഇവിടെയോ തന്റെ കാര്യങ്ങളിലൊ കൂടുതൽ സ്വാതന്ത്ര്യം എടുക്കരുതെന്നെ താൻ കരുതിയുള്ളു….
അവനൊന്നും പറയാനുണ്ടായിരുന്നില്ല….
അവൻ ഉയർന്നു വന്ന ശ്വാസമീടിപ്പിനെ പിടിച്ചു കെട്ടി ആ കട്ടിലിന്റെ മറ്റൊരു വശത്തായി ഇരിപ്പുറപ്പിച്ചു…..
അവൾ വരാതെ ഒരിക്കലും തനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ലാ….
അവനും കൂടി ആ മുറിയിൽ ഇരുന്നത് കൊണ്ട് തന്നെ അവൾക്കോരു ശ്വാസം മുട്ട് അനുഭവപ്പെട്ടു….
അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി….
തല വഴി തണുത്ത വെള്ളം ഒഴിച്ചപ്പോൾ അല്പം ആശ്വാസം…..
അതിനേക്കാൾ കൂടുതൽ ആശ്വാസം തന്നെ വില കുറച്ച് കാണുന്നവന് മുന്പിൽ അത്രയെങ്കിലും പറയാൻ പറ്റിയല്ലോ എന്നതോർത്തായിരുന്നു…
താനിവിടം സുരക്ഷിതയാണ്….
ആരെയും ഭയക്കേണ്ട കാര്യമില്ല…..
എങ്കിൽ കൂടി ഇങ്ങനെയൊരു സാഹസം വേണ്ടായിരുന്നു എന്നൊരു ചിന്ത വന്നു പോകുകയാണ്….
അവിടെയാകുമ്പോൾ അവനെ ഇത്ര അടുത്ത് നിന്ന് ഒരുപാടൊന്നും കണ്ടിട്ട് പോലുമില്ല…..
എന്നാൽ ഒരോറ്റ ദിവസം കൊണ്ട് അവന്റെ സകല ദേഷ്യവും താൻ ഏറ്റു വാങ്ങിയിരിക്കുന്നു….
അവൾ വേഗം തല തുവർത്തി പുറത്തേക്ക് നടന്നു….
അപ്പോഴും മുഷ്ടി ചുരുട്ടി കട്ടിലിൽ വെച്ച് അവൻ അതെയിരിപ്പാണ്…
ഇവനെന്തിനു തന്നെ കാത്തിരിക്കുന്നു എന്നൊരു ചോദ്യം അവളിലുണ്ടായിരുന്നെങ്കിൽ കൂടി അവനോട് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…..
അതും കൂടി ചോദിച്ചാൽ നേരത്തെ ക്ഷമിച്ചത് പോലെ അവൻ ക്ഷമിച്ചെന്ന് വരില്ല…
അങ്ങനെ യൊരു പ്രത്യേക സ്വഭാവക്കാരനാണ് അവനെന്നു ഇതിനോടകം അവൾക്ക് മനസ്സിലായിരുന്നു……
അവൾ വേഗം മുടിയൊന്ന് കുളിപ്പിന്നൽ കെട്ടിയിട്ടു….
ഒരു പൊട്ടെടുത് നെറ്റിയിൽ തൊട്ടു…..
ശേഷം അവനെതിർ വശത്തായി അങ്ങനെ നിന്നു…..
തന്റെ കഴിഞ്ഞെന്ന് പറയാൻ കഴിയാതെ അവൾ അങ്ങനെ നിൽക്കുമ്പോൾ അവൻ തന്നെ എഴുന്നേറ്റ് താഴെക്കിറങ്ങി….
പിറകെ അവളും…..
അവന്റെ മനസ്സിൽ തന്നോട് വല്ലാത്ത ദേഷ്യമാണെന്ന് അവൾകറിയാമായിരുന്നു…
എന്നാൽ ഇതെത്ര നാൾ മുന്പോട്ട് പോകും….
അഭിനയിക്കാൻ വേണ്ടിയാണെങ്കിലും പരസ്പരം വെറുപ്പോട് കൂടി കൂടുതലൊന്നും ഒരുമിച് നിൽക്കാൻ ആവില്ലെന്ന് മനസ്സ് പറയുന്നു….
ഇനിയും അയാളെന്തെങ്കിലും പറഞ്ഞാൽ….
താനതിന് പ്രതികരിക്കുകയും ചെയ്‌താൽ…
ചോദ്യങ്ങൾ അസ്വസ്ഥമാക്കിയ മനസ്സോടെ അവൾ അവന്റെ പിറകിലായി നടന്നു…….
(തുടരും)

by