രചന – അയിഷ അക്ബർ
വാ… വന്ന് ഭക്ഷണം കഴിക്ക്….
വിവി ദേവുവിനെ കൂട്ടി മേശക്കരികിലേക്ക് വന്നതും മീര ഭക്ഷണം വിളമ്പി വന്നിരുന്നു….
ദേവുവിന്റെ മുമ്പിലായി മീര വെച്ച ഭക്ഷണം വിവി അവന്റെ അടുത്തേക്ക് നീക്കി….
മീരയും ദേവുവും അവനെ നോക്കുന്ന സമയം അവനതിൽ നിന്നോരുരുള ദേവുവിന്റെ വായിലേക്ക് വെച്ഛ് കൊടുത്തു….
അവളുടെ കണ്ണുകൾ നിറഞ്ഞൊഴോകിയിരുന്നു…
നിന്നെ ഏറ്റെടുത്തത്തിൽ തെറ്റ് പറ്റിയെന്ന് ഞങ്ങൾക്കാർക്കും ഇത് വരെ തോന്നിയിട്ടില്ല…..
നിന്നെ വേദനിപ്പിക്കരുതെന്ന് ഞങ്ങൾ ഓരോരുത്തരും കരുതും പോലെ ഞങ്ങളെ ഓരോരുത്തരെയും വേദനിപ്പിക്കാതിരിക്കാൻ എന്നും നീയും ശ്രമിച്ചിരുന്നു….
ഇന്നും നിന്റെ ദുഃഖം സഹിച്ചു കൊണ്ട് അച്ഛന്റെ മനസ്സ് വേദനിപ്പിക്കരുതെന്നാണ് നീ കരുതുന്നത്…
അച്ഛനും അമ്മയും ഇതറിയുമ്പോൾ നിന്നെ കുറിച്ചോർത്തു അഭിമാനം തോന്നും ദേവു….
കാരണം ഒരു മകളിൽ നിന്നു കിട്ടേണ്ട സ്നേഹം മുഴുവൻ നീയവർക്കായി കൊടുത്തിട്ടുണ്ട്…….
നിറഞ്ഞ കണ്ണുകൾ ഇടത് കൈ കൊണ്ട് തുടച് കൊടുത്തു കൊണ്ടവൻ പറഞ്ഞ് നിർത്തുമ്പോൾ ദേവുവിന് എന്തെന്നില്ലാത്ത സമാധാനം തോന്നിയിരുന്നു…..
ആ സ്നേഹ നിമിഷങ്ങൾക്ക് സാക്ഷിയായി മീര നിൽക്കുമ്പോൾ അവളുടെ മിഴികളും എന്തിനെന്നില്ലാതെ നിറഞ്ഞിരുന്നു…
അവൾ വേഗം അവരിൽ നിന്നും ഒഴിഞ്ഞു മാറി….
നിറഞ്ഞ മിഴികൾ അവർ കാണുമോയെന്ന ഭയത്തിൽ അവർ മുറിയിലേക്ക് നടന്നു….
അല്ലെങ്കിലും അവരുടെ സ്നേഹം കാണുമ്പോൾ തന്റെ ഹൃദയം പിടക്കുന്നതെന്തിനാണ്….
ബന്ധങ്ങൾ എന്നത് വേദനയാണെന്നാണ് താനിത്രയും കാലം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നത്….
എന്നാൽ അവയെല്ലാം തിരുത്തപ്പെടുകയാണോ….
ചിന്തിച്ചു നിൽക്കവേ പിറകിലെ ആളനക്കം അറിഞ് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി….
വിവിയുടെ മുഖത്ത് വല്ലാത്തൊരു പ്രയാസം നിറഞ്ഞു നിൽക്കുന്നത് മീരക്കറിയുന്നുണ്ടായിരുന്നു…..
ദേവുവിനെ ഓർത്തായിരിക്കാം എന്നവളൂഹിച്ചു…..
അവൻ വന്നു കട്ടിലിനോരത്തായി കിടന്നതും ജനലൊരത് നിൽക്കുകയായിരുന്ന മീരയവനെ നോക്കി….
അവൾക്കെന്തോ മനസ്സിൽ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി….
അവൻ തന്നോടെന്തെങ്കിലും സംസാരിച്ചിരുന്നെങ്കിൽ എന്ന് ഹൃദയം കരുതിയത് കൊണ്ടാവാം അത്….
മനസ്സ് അവന്റെ വാക്കുകൾ പ്രതീക്ഷിക്കുന്നില്ലേ….
സംഭവിച്ച കാര്യങ്ങളെ കുറിച് എന്തെങ്കിലുമൊരു ചോദ്യമോ അല്ലെങ്കിൽ താനിത് പറഞ്ഞതിനുള്ളൊരു നന്ദിയോ ഒന്നും അവനിൽ നിന്നുണ്ടാവാത്തത് അവളിൽ ചെറിയൊരു പരിഭവം നിറച്ചിരുന്നു…..
അപ്പച്ചി നിന്നോടും ദേഷ്യപ്പെടാറുണ്ടോ എന്നൊരു വാക്കവൻ ചോദിച്ചിരുന്നുവെങ്കിൽ താൻ തീർച്ചയായും തന്റെ വിഷമം പറയുമായിരുന്നു…
മാറ്റാരോടും തുറന്ന് പറയാനില്ലാത്ത താൻ അവനോട് പറയുന്നതിലൂടെ മനസ്സിനെ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കുമായിരുന്നു…..
അത് മറ്റൊന്നിനും വേണ്ടിയല്ല ദേവുവിനെ അവനെത്ര മനോഹരമായി ആശ്വസിപ്പിച്ചെന്നത് താൻ കണ്ടതാണ്…..
എത്ര വലിയ സങ്കടങ്ങളും അലിഞ്ഞു പോവാൻ ചില ചേർത്ത് പിടിക്കലുകൾക്ക് കഴിയുമെന്ന് താനത് കണ്ട് മനസ്സിലാക്കിയതാണ്….
അല്ലെങ്കിലും തന്നെ ആശ്വസിപ്പിക്കാൻ അവൻ തനിക്കാരുമല്ലല്ലോ….
പിന്നെന്തിനാണ് മനസ് അതാലോചിച്ചു നീറുന്നത്….
അവൾ ദേഷ്യത്തോടെ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിലേക്ക് കിടന്നു….
അപ്പോഴും അവർക്കിടയിൽ പരന്നു നിന്ന ഗന്ധം ഒരു പൂ വിരിയുന്നതായിരുന്നു…
രാവിലെ ഈ സുഗന്ധം അന്നെഷിച്ചു താഴെ നോക്കിയപ്പോൾ ഒരു പൂ പോലും അവിടെ തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നവളോർത്തു…
അവനെ പോലെ രാത്രി മാത്രം തന്നിലേക്ക് കടന്നു വരുന്നആ ഗന്ധം തന്നെ അത്രമാത്രം ആനന്ദത്തിലാക്കുന്നു….
ഒരുപക്ഷെ തന്റെ മനസ്സിൽ മുളച്ചു പൊന്തിയ അവനോടുള്ള ആ പേരറിയാ വികാരത്തിന്റെ സുഗന്ധമായിരിക്കാം…
അവൾ നിദ്രയിലേക്ക് പോകുമ്പോഴും എന്തൊക്കെയോ ആലോചിച്ചെന്ന പോൽ ഒരു കുഞ്ഞ് പുഞ്ചിരി അവളുടെ ചൊടിയിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഉച്ചക്ക് അച്ഛന് എന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞ് പോയത് കൊണ്ട് തന്നെ വിശന്നപ്പോൾ മീര ഭക്ഷണവുമായി മേശ മേലിരുന്നു…..
ഓഹ്… ഇത് മാത്രം സമയത്തിന് നടത്തിക്കോണം…..
ആരെയും കാത്തു നിൽക്കേണ്ട…… വെട്ടി വിഴുങ്ങാൻ മാത്രം നല്ല മിടുക്കാണ്…..
ഭാരതി അത് പറഞ്ഞതും അല്പം ഉച്ചത്തിൽ തന്നെയായിരുന്നു…..
മീര എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്ന വിവിയെ കാണുന്നത്…..
അവനെ കണ്ടതും മീരയും ഭാരതിയും ഒപ്പം ഞെട്ടിയിരുന്നു…..
അവനെ ആ സമയത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്നത് കൊണ്ട് തന്നെ അപ്പച്ചിയുടെ മുഖമാകെ ഇരുണ്ടു…..
അവന്റെ മുഖതെ ഗൗരവത്തിൽ നിന്നും അവൻ താൻ പറഞ്ഞത് കെട്ടിട്ടുണ്ടെന്ന് അവർക്ക് വ്യക്തമായിരുന്നു….
അവൻ അവരെയും മീരയെയും മാറി മാറി നോക്കി….
മീര ആ ഭക്ഷണത്തിന്റെ ബാക്കി കയ്യിൽ പിടിച് നില്കുകയായിരുന്നു…..
അല്ല വിവീ….
അച്ഛൻ വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാമെന്നു പറയുകയായിരുന്നു ഞാൻ…..
അച്ഛൻ വരുന്നത് വരെ കാത്തിരിക്കാനൊന്നും അറിയില്ല ഈ കുട്ടിക്ക്…
അതിനെങ്ങനെ….
ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഭംഗിയൊക്കെ അറിയണമെങ്കിൽ അത് സ്വന്തം വീട്ടിൽ നിന്നു പടിക്കണം……
മീരയെ നോക്കി പരിഹസിച്ചു വിവിയോടവർ പറഞ്ഞൊപ്പിക്കുമ്പോൾ മുഖത്ത് മാറി മറിയുന്ന അവരുടെ ഭാവങ്ങൾ മീരയൊപ്പിയെടുക്കുകയായിരുന്നു…..
അച്ചനെ ഇതിലേക്ക് വലിച്ചിട്ടാൽ വിവിയും അവരുടെ പക്ഷം നിൽക്കുമെന്ന് കരുതി തന്നെയാണ് അവരത് പറഞ്ഞതെന്ന് മീരക്കറിയാമായിരുന്നു….
അച്ഛനിന്നു കല്യാണം ഉണ്ടെന്ന് പറയുന്നത് ഞാൻ കേട്ടിരുന്നല്ലോ….
അവൾ മുഖമടച്ചത് പോലെ അവരെ നോക്കിയത് പറയുമ്പോൾ അവരൊന്നു ചൂളി….
ഇന്നത്തെ കാര്യമല്ല മീരാ ഞാൻ പറഞ്ഞത്…
എന്നും മോളിങ്ങനെ തന്നെയാണല്ലോ ചെയ്യാറുള്ളത്….
അവർ തന്നോടത് പറയുമ്പോൾ സ്നേഹം പുരട്ടിയ വാക്കുകളായിരുന്നു….
പച്ചക്കള്ളം ഒരു ഭാവ ഭേദവുമില്ലാതെ പറയുമ്പോൾ മീരക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…
എന്നും അച്ഛൻ വന്ന ശേഷമല്ലേ കഴിക്കാറുള്ളത്….
അവളത് പറയുമ്പോൾ അവളുടെ സ്വരം ഇടരാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു….
വിവി അവർ പറയുന്നതേ വിശ്വസിക്കു എന്ന മട്ടിൽ നിൽക്കുന്ന അവരോട് താൻ വാദിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാവാം അത്….
തന്നെ മനസ്സിലാക്കാൻ ആർക്കും കഴിയില്ലെന്നത് അവൾക്കുറപ്പായിരുന്നു…
വിവിയെ യും കുറ്റം പറയാൻ സാധിക്കില്ല…. കാരണം ആരോടും സ്നേഹത്തിൽ പെരുമാറാൻ തനിക്ക് കഴിഞ്ഞിട്ടില്ല….
കണ്ണുകൾ നിറഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ പാത്രവുമെടുത് അവിടെ നിന്നും നടക്കാനൊരുങ്ങി….
നീയെങ്ങോട്ടാ….
അവന്റെയാ ചോദ്യം അവളുടെ കാലുകളെ പെട്ടെന്ന് പിടിച്ചു നിർത്തി….
അവൾ മുഖം തിരിച്ചവനെ നോക്കി….
അവിടെയിരിക്ക്….
അവനത് പറഞ്ഞതും അവൾ അപ്പച്ചിയെ ഒന്ന് നോക്കി….
അവരും എന്തിനെന്നറിയാതെ അവനെ നോക്കുകയായിരുന്നു…
അവിടെയിരിക്കാൻ….
അവൻ അല്പം ശബ്ദം കൂട്ടിയത് പറഞ്ഞതും അവൾ പെട്ടെന്നവിടെ ഇരുന്നു പോയിരുന്നു….
ഭാരതിയുടെ ഉള്ളിലൊരു ചിരിയൂറി..
നിനക്ക് വിശക്കുന്നുണ്ടെങ്കിൽ ഭക്ഷണം കഴിക്കാൻ ആരെയും കാത്തു നിൽക്കേണ്ട കാര്യമില്ല…
അതിനി സാക്ഷാൽ ഭാഗവാനെയാണെങ്കിൽ പോലും…..
അവൻ ഇരിക്കുന്ന അവളുടെ നേർക്ക് നിന്നത് പറയുമ്പോൾ അപ്പച്ചിയെ കൂടി നോക്കാൻ മറന്നില്ല…
അപ്പച്ചിയുടെ മുഖം വലിഞ്ഞു മുറുകുന്നത് അവർക്ക് രണ്ട് പേർക്കും വ്യക്തമായിരുന്നു….
മീരയുടെ കണ്ണുകൾ വിടർന്നു…. ഹൃദയം ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു….
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിൽ എന്താണ് അപ്പചീ ഇത്ര വലിയ തെറ്റ്….
ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സുഖം നമ്മുടെയൊക്കെ മനസ്സിലാണ്….
അത് നിറക്കുന്നത് നമ്മുടെയൊക്കെ ഹൃദയങ്ങളെയാണ്….
എന്ന് വെച്ച് അതിനു വേണ്ടി പട്ടിണി കിടക്കണമെന്നൊന്നുമില്ലല്ലോ……
ഉണ്ടോ…..?
അപ്പച്ചിക്ക് നേരെ നിന്നു വിവിയത് ചോദിക്കുമ്പോൾ അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല….
മോനെ വിവി…..
നിന്റെ ഭാര്യ യെ ആരും ഇവിടെ പട്ടിണിക്കിടൊന്നൊന്നുമില്ല….
അവർക്ക് വിളമ്പാൻ വേണ്ടി തന്നെയാണല്ലോ ഞാൻ വെച്ചുണ്ടാക്കുന്നത്….
ഒരു ചെറിയ സഹായത്തിനു പോലും അവൾ വരാറില്ല….
ഒരു മരുമകൾ വന്ന് കയറിയാൽ ആ വീട്ടിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഞാനോർക്കുകയായിരുന്നു….
നിനക്ക് വേണ്ടി ഒരു കാപ്പിയിടാണെങ്കിലും അവൾക്കറിയാമോ….
ഒരു ദാമ്പത്യ ബന്ധത്തിന്റെ വിജയം വന്ന് കേറുന്ന പെൺകുട്ടികളുടെ കൈ പുണ്യത്തിലാണ്…..
എന്റെ രാധുവായിരുന്നെങ്കിൽ….
അവർ കിട്ടിയ അവസരം മുതലാക്കിയെന്ന വണ്ണം രാധുവിന്റെ കാര്യം കൂടി എടുത്തിടുമ്പോൾ വിവിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..
എന്നാൽ മീരയുടെ ഹൃദയത്തിൽ അതങ്ങേയറ്റം മുറിപ്പെട്ടിരുന്നു…..
തനിക്ക് വേണ്ടി സംസാരിക്കുന്ന അവൻ നിശബ്ദനായത് തന്നേ കൊണ്ടൊന്നും കഴിയാത്തത് കൊണ്ട് തന്നെയാണെന്ന് അവളോർത്തു….
മാത്രമല്ല രാധുവിനെയും തന്നെയും അവന്റെ മനസ്സ് താരതമ്യപ്പെടുത്തിയിട്ടുണ്ടാകുമോയെന്ന ചിന്തയും അവളിലൊരു പ്രയാസം നിറച്ചു……
വിവി പെട്ടെന്നുള്ള അവരുടെ സംസാരത്തിൽ ഒന്ന് നിശബ്ദനായി….
അപ്പച്ചി….. അപ്പച്ചി വെച്ചു വിളമ്പി ഒത്തിരി ക്ഷീണിച്ചിട്ടുണ്ടെന്ന് തോന്നുന്നു….
ഇനി വിശ്രമിച്ചോളൂ….
നാളെ മുതൽ ഞാൻ ഭക്ഷണം ഉണ്ടാക്കിക്കോളാം….
എനിക്ക് വേണ്ടി അവൾക്ക് ചെയ്ത് തരാൻ കഴിയില്ലെങ്കിൽ എനിക്ക് അങ്ങോട്ട് ചെയ്ത് കൊടുക്കാമല്ലോ….
ആണിനെ സേവിച്ചു മാത്രം നിൽക്കേണ്ടവളല്ലല്ലോ പെണ്ണ്…..
അവർക്കായി പ്രത്യേക ബാധ്യതകളും ഒരു പുസ്തകങ്ങളിലും എഴുതപ്പെട്ടിട്ടില്ല….
അവരവരെ കൊണ്ട് കഴിയുന്നത് പരസ്പരം ചെയ്ത് കൊടുക്കുമ്പോഴാണ് ഭാര്യ ഭർതൃ ബന്ധത്തിന് ബലം കൂടുകയുള്ളു….
അല്ലാതെ രുചിയുള്ള കാപ്പിയിലോ സ്വാദുള്ള ഭക്ഷണത്തിലോ അല്ല ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നത്…..
സ്നേഹം കലർന്ന ഒരു നോട്ടത്തിൽ പോലും കുരുങ്ങി കിടക്കുന്ന ഒന്നല്ലേ അത്…..
വളരേ സൗമ്യമായി അവനത്രയും പറഞ്ഞ് നിർത്തുമ്പോൾ ദേഷ്യത്തോടെ അപ്പച്ചി അകത്തേക്ക് പോയിരുന്നു…
നീ കഴിച്ചിട്ടേഴുന്നേറ്റാൽ മതി…..
അവന്റെ വാക്കുകളിൽ അലിഞ്ഞു ചേർന്ന അവളോടായി അത് പറഞ്ഞ് കൊണ്ട് അവനും അവിടെ നിന്ന് നടന്നകലുമ്പോൾ അവൾ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..
താൻ അറിഞ്ഞ ദാമ്പത്യം എന്ന വാക്കിന്റെ കയ്പ്പിനെ തുടച്ചു നീക്കി അതിലടങ്ങിയ ഇരട്ടി മധുരത്തിലേക്കവൻ വിരൽ ചൂണ്ടുകയായിരുന്നു….
മനസ്സിലെ ചിന്തകളെ മാറ്റി കുറിക്കേണ്ട സമയമായിരുന്നത്…..
(തുടരും )

by