രചന – ശ്രീതു ശ്രീ
“ഒരിക്കൽ എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ടു തന്നു…എന്നിട്ടെന്തായി…?ഇനിയുമിവിടിങ്ങനെ കടിച്ചു തൂങ്ങി കിടക്കാനാണോ നിന്റെ പ്ലാൻ..? എങ്ങനെ വളർത്തിയതാ….തലേലെഴുത്തെന്നല്ലാതെ എന്തു പറയാനാ …””അച്ഛാ..ഞാൻ നിങ്ങൾക്കൊക്കെ ഒരു ഭാരമാണെന്ന് അറിയാം…എന്ന് വച്ച്….. എനിക്ക് കുറച്ചു സമയം തന്നാൽ…”
“തന്നാൽ നീയെന്തൊ ചെയ്യാനാ… നീ കാത്തിരിക്കുന്നവനിങ്ങു വരുമോ..? അവനെ നീയീ ജന്മം കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കണ്ട…””ആന്റണി… നീയിങ്ങനെ അരിശം കൊള്ളാതെ… അവളൊരു തെറ്റും ചെയ്തില്ലല്ലോ…വിധിയിങ്ങനെ ആയിപ്പോയി .. ”
“അച്ചനങ്ങനൊക്കെ പറയാം… കർത്താവിന്റെ മണവാട്ടിയാക്കാൻ ഞാനും ലാലിയും കാത്തിരുന്നപ്പോ അവൾക്കൊരു പ്രേമം…..മണ്ണാങ്കട്ട…പിന്നെ അച്ചനും കൂടിയല്ലേ എല്ലാം നടത്തിയത്…കാര്യം കണ്ടു കഴിഞ്ഞപ്പോ അവൻ സ്ഥലം വിട്ടു…
ഞാനന്നെ പറഞ്ഞതാ അവൻ തരികിടയാണെന്ന്… അപ്പൊ എന്റെ വാക്കാരും കേട്ടില്ല…എന്നിട്ട് അവസാനം തെറ്റൊന്നും ചെയ്തില്ല പോലും…””ഒരാളെ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും തെറ്റാണെന്ന് എവിടെയാടോ കർത്താവ് പറഞ്ഞിട്ടുള്ളത്..?അവളവനെ സ്നേഹിച്ചു.. വിശ്വസിച്ചു… പക്ഷെ അവനത് തിരിച്ച് അവൾക്ക് കൊടുക്കാൻ കഴിഞ്ഞില്ല…”
അത്രയും കേട്ടു കഴിഞ്ഞപ്പോൾ ഇനിയുമൊന്നും താങ്ങാൻ വയ്യെന്ന് തോന്നിയതിനാൽ നേഹ പള്ളിയുടെ പടിക്കെട്ടുകൾക്കരികിൽ നിൽക്കുന്ന ചെടികൾക്ക് അരികിലേയ്ക്ക് നടന്നു…താനവിടെ നിന്നാൽ ഉറപ്പായും അച്ഛൻ ഇനിയും വാക്കുകൾ കൊണ്ട് നോവിക്കും….ആന്റണി ഫാദറിനോട് തുടർന്നു :”അച്ചന് എന്തിനും ന്യായമുണ്ടല്ലോ… ഞാനിനി എന്നാ ചെയ്യാനാ… അവനെ ഇനിയും കാത്തിരിക്കാതെ ഇപ്പൊ വന്ന കല്യാണത്തിന് ഒന്നവളെക്കൊണ്ട് സമ്മതിപ്പിക്ക്… എന്റെ ഒരപേക്ഷയാ…”
“ആന്റണി സമാധാനമായിട്ടിരി… നേഹക്കൊച്ച് ഇതിനു സമ്മതിക്കും… ഞാനവളോടൊന്നുസംസാരിക്കാം…സമ്മതിപ്പിക്കും “”എങ്കിൽ ഞാനങ്ങോട്ടു പോട്ടെ..?”ഏതോ ഒരു ചെടിയിലെ ഇല വെറുതെ നുള്ളി സമയം കളഞ്ഞു നിന്ന നേഹയെ രൂക്ഷമായൊന്ന് നോക്കിയിട്ട് ആന്റണി പള്ളിയുടെ പടികളിറങ്ങി താഴേക്ക് നടന്നു….
“നേഹാ… ഒന്നിങ്ങു വന്നേ.. എനിക്ക് തന്നോട് കുറച്ചു കാര്യം പറയാനുണ്ട്…”അവൾ പതിയെ ഫാദർ പോൾ ജേക്കബ്ന്റെ അടുത്തേയ്ക്ക് ചെന്നു…”മോളേ..ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞു… നിനക്കതുവല്ലോം ചിന്തയുണ്ടോ…? നിന്റെ മോനും വയസ്സ് അഞ്ചാവുന്നില്ലേ…? അവൻ വരാനായിരുന്നെങ്കിൽ എന്നേ വന്നേനെ…
ജനിച്ചിട്ട് ഇത്ര നാളായിട്ടും കുഞ്ഞിനെ ഒന്ന് കാണാൻ പോലും വരാത്തവനെ ഇനിയും കാത്തിരിക്കുന്നതിൽ എന്തർത്ഥമാ കുഞ്ഞേ..?
കണ്ണിൽ നനവൂറിയതല്ലാതെ നേഹയിൽ നിന്ന് മറുപടി ഉണ്ടായില്ല…. കാരണം പറയാനുള്ള ഉത്തരമൊന്നും അവളുടെ പക്കൽ ഉണ്ടായിരുന്നില്ല…”ഞാൻ പറയുന്നത് വല്ലൊം നീയ് കേൾക്കുന്നുണ്ടോ..?””എങ്കിൽ പറയ്..നിന്റെ മോനൊരു അച്ഛനെ വേണ്ടേ…ഇനിയവനെ സ്കൂളിൽ ചേർക്കാൻ പോവല്ലേ… അവനോട് കൂട്ടുകാരാരേലും അച്ഛനെ കുറിച്ച് ചോദിച്ചാൽ എന്ത് മറുപടി അവൻ കൊടുക്കും…?? നിന്നോട് അവൻ ചോദിച്ചാൽ നിനക്ക് പറയാനൊരു പേരും കാണിക്കാനൊരു ഫോട്ടോയും അല്ലാതെ വേറെന്തുണ്ട്….??
“ചോദിക്കുന്നതിൽ കുഞ്ഞ് വിഷമിക്കരുത്…,”അവളുടെ മുഖത്തേയ്ക്കൊന്നു നോക്കി..”അവനിപ്പോ ജീവിച്ചിരിപ്പുണ്ടോ എന്ന് വല്ല നിശ്ചയോം ഉണ്ടോ നിനക്ക്…?നീ റോഷനെ മറന്നിട്ട് നിന്റെ കുഞ്ഞിന്റെ സന്തോഷം നോക്ക്…. എന്ന് വച്ചാൽ… ആ ജോണിയെ അങ്ങ് കെട്ട്…”എനിക്കത്..”
“വേണ്ട.. മുടക്കം വല്ലൊം പറയാനാണേൽ നീയ് വാ തുറക്കണ്ട…. നിന്നെക്കാൾ എടങ്കേറിട്ടു നിന്ന ആ ചെറുക്കനെ ഞാൻ സമ്മതിപ്പിച്ചു… പിന്നാ നീയ്…””എന്താ നിനക്ക് ഈ കെട്ടിന് സമ്മതിച്ചാല്..? അതെന്നാ പറയ്..””റോഷനെ കാത്തിരിക്കുന്നത് കൊണ്ടൊന്നുമല്ല ഞാൻ കെട്ടിന് സമ്മതിക്കാത്തത്.. എനിക്കിനിയും ഒരു വിവാഹത്തിന് താല്പര്യം ഇല്ല അതുകൊണ്ടാ..”
“ജോണിയെ കെട്ടിയാൽ നിന്റെ കൊച്ചിനൊരു അച്ഛനെ കിട്ടും…നാത്തൂന്റെ ആട്ടും തുപ്പും ഒന്നും കേൾക്കേണ്ടിയും വരില്ല… പിന്നെ ആ ഒരു കുഞ്ഞില്ലെ..അതിനും ഒരമ്മയെ കിട്ടും…അവന് റോഷനെപ്പോലെ വല്യ പഠിപ്പൊ ജോലിയൊ ഒന്നുമില്ല…
വെൽഡിങ് പണിക്കും ഓട്ടോ ഓടിക്കാനുമൊക്കെ പോകും… എന്തായാലും അധ്വാനിച്ചു തന്നെയാ ജീവിക്കുന്നെ… നിന്നെയും കൊച്ചിനെയും നോക്കാനുള്ള കഴിവും അവനുണ്ട്..
അവനെയും എനിക്ക് നിന്നെപ്പോലെ തന്നെ കൊച്ചിലേ അറിയാം…”ഇനിയും എന്തൊക്കെ അച്ചന്റെ അടുക്കൽ പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയപ്പോൾ നേഹ പറഞ്ഞു :”എല്ലാവർക്കും ഇഷ്ടം അതാണേൽ അങ്ങനെ നടക്കട്ടെ… ഞാനിനി ഒന്നും പറയുന്നില്ല… പക്ഷെ ഒരു സത്യമുണ്ട്… എനിക്ക് റോഷനെ സ്നേഹിച്ചപോലെ ജോണിച്ചായനെ സ്നേഹിക്കാൻ കഴിയില്ല…”
നേഹ തറയിലേയ്ക്ക് മിഴികളൂന്നിക്കൊണ്ട് പറഞ്ഞു ..”ആദ്യം കല്യാണം കഴിയട്ടെ…. പിന്നല്ലേ സ്നേഹിക്കുന്ന കാര്യം… ഞാനെന്നാ നിന്റപ്പനോട് പറയട്ടെ നേഹക്കൊച്ചിന് സമ്മതമാണെന്ന്…?””ഹ്മ്മ്.. അച്ചൻ പറഞ്ഞോളൂ….””എങ്കിൽ നീയൊന്നുകൂടി പറ ജോണിയെ കെട്ടിക്കോളാമെന്ന്… പിന്നെ വാക്ക് മാറരുത്..”
“ഞാനൊരിക്കലും വാക്ക് മാറില്ല… എനിക്ക് ഈ വിവാഹത്തിന് സമ്മതം ആണ്…എല്ലാവർക്കും സമാധാനം ആവട്ടെ…..”അവസാനത്തെ വരി പറയുമ്പോൾ അവളുടെ തൊണ്ടയിടറിയിരുന്നു…..രണ്ടാഴ്ച മുൻപ് പോളച്ചന് കൊടുത്ത വാക്കിന്റെ പരിണിത ഫലമാണ് ഇന്ന് തന്റെ കഴുത്തിൽ കിടക്കുന്ന മിന്നെന്ന് നേഹ ഞെട്ടലോടെ ഓർത്തു….
ജോണിയുടെ മുറിയിൽ ഇരിക്കുമ്പോൾ ആ മിന്നിൽ കൈ പതിഞ്ഞപ്പോഴാണ് രണ്ടാഴ്ച മുൻപ് നടന്ന സന്ധി സംഭാഷണത്തിലേയ്ക്ക് അവളുടെ മനസ്സ് ഓടിപ്പോയത്…സമയം പത്താകാറായി… കല്യാണതിരക്കൊക്കെഒഴിഞ്ഞിരിക്കുന്നു… വീട്ടിലിപ്പോൾ ജോണിയും അപ്പനും അമ്മച്ചിയും ജോണിയുടെ പെങ്ങൾ ജിനുവും പിന്നെ രണ്ട് കുഞ്ഞുങ്ങളുമായി അംഗസംഖ്യ കുറഞ്ഞിരിക്കുന്നു…
നേഹ ആരുടെയൊ കാൽപെരുമാറ്റം മുറിക്ക് പുറത്ത് കേട്ടു.. ശബ്ദം കൂടിക്കൂടി വന്നു..അത് മുറിക്ക് നേരെയാണെന്ന് മനസിലായപ്പോൾ ജോണിയുടെ മുഖവും ഒപ്പം എന്തിനെന്നറിയാത്തൊരു ഭയവും അവൾക്ക് ഉള്ളിൽ തോന്നി.യഥാർത്ഥത്തിൽ ഭയം എന്നതിലുപരി അവന് എങ്ങനെ മുഖം കൊടുക്കും എന്ന ആശങ്കയായിരുന്നു നേഹയ്ക്ക്…
സൗഹൃദത്തോടെ തന്നോട് ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ലാത്ത മനുഷ്യൻ..!!അയാളോട് എന്ത് പറയും…? എന്ത് ചോദിക്കും..?ആകെ ഒരേ ഒരുവട്ടം മാത്രമാണ് സംസാരിച്ചത്… അന്ന് കുറെ ആജ്ഞകൾ തന്നിരുന്നു…
തന്നോടൊട്ട് ഒന്നും ചോദിച്ചതും ഇല്ല…മുറിയുടെ വാതിൽ തുറന്നെന്ന് മനസിലായപ്പോൾ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു… ജോണിയെ മെല്ലെ നോക്കി..
ജോണിയാകട്ടെ നേഹ അവിടുണ്ടെന്ന് പോലും ഭാവിക്കാത്ത രീതിയിൽ അലമാര തുറന്ന് എന്തെക്കെയോ പരിശോധിക്കാൻ തുടങ്ങി…ഒടുവിൽ ഒന്ന് രണ്ട് കവർ എടുത്തു നോക്കിയ ശേഷം അത് തിരികെ വച്ചു.പിന്നെ അലമാരയ്ക്ക് പിന്നിൽ നിന്നും ഒരു ബാഗ് എടുത്ത് തോളിലിട്ടു.. ഒപ്പം മേശയിൽ നിന്നും പേഴ്സും എടുത്ത് കയ്യിൽ പിടിച്ചുകൊണ്ട് മുറിവിട്ടിറങ്ങിപ്പോയി….നേഹ ഒന്നും മനസിലാകാതെ ശിലപോലെ അവിടെ നിന്നു..
ജോണി പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അന്നമ്മ തടയാനെത്തി..”ഡാ.. ഇതെന്ത് പണിയാ കാണിക്കുന്നേ..?കെട്ട് നടന്ന ദിവസം തന്നെ നീയിങ്ങനെ ഇറങ്ങിപ്പോയാലോ…വല്ലോരും എന്ത് വിചാരിക്കും… കെട്ടിക്കൊണ്ട് വന്ന പെണ്ണ് എന്ത് കരുതും…?നീയിങ്ങോട്ട് കേറ്…””ഞാനിന്നലെ പറഞ്ഞതല്ലേ എനിക്കിന്നു വൈകിട്ട് പോകണമെന്ന്… കെട്ടിക്കൊണ്ട് വന്നവള് അവിടിരിക്കും … ഞാനിവിടില്ലേലെന്താ..? ഭൂതം വന്നവളെ പിടിക്കുമോ…?എന്നെകണ്ടോണ്ടിരിക്കാനല്ലല്ലോ ഞാനവളെ കെട്ടിയത്…”
“മോനെ ഇത് ശരിയല്ല..””എനിക്കാരും തെറ്റും ശരിയുമൊന്നും പറഞ്ഞു തരേണ്ട… എനിക്ക് പോകണം എന്ന് പറഞ്ഞാ പോകണം…അമ്മച്ചി പോയി വേറെ വല്ലതും നോക്ക്…”ബാക്കിയുള്ളവർ കൂടി തടയാനെത്തും മുൻപ് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും ഇറങ്ങിപ്പോയി….”അമ്മെ… ചാച്ചനിത് എവിടെപോയതാ…”
“ആ.. ആർക്കറിയാം… അഹങ്കാരം തലയ്ക്ക് പിടിച്ച് നടക്കുവല്ലേ… ബാക്കിയുള്ളവര് പറഞ്ഞാലൊന്നും തലേൽക്കേറില്ല… നാട്ടുകാരെക്കൊണ്ട് പറയിക്കാൻ….”എന്തുപറ്റി അന്നമ്മേ…”ജോണിയുടെ അച്ഛൻ മോനച്ചനായിരുന്നു അത് ..മദ്യപിച്ചിരുന്നതിനാൽ അയാളുടെ നാവ് കുഴയുന്നുണ്ടായിരുന്നു…”നിങ്ങടെ മോന്റെ പുണ്യ പ്രവൃത്തികള് കാണുമ്പോ എനിക്കങ്ങ് ചൊറിഞ്ഞു വരുന്നുണ്ട്….. നിങ്ങളും കണക്കാ… മോന്റെ കല്യാണമായിട്ടും മൂക്കുമുട്ടെ കുടിച്ച് നടക്കുന്ന നിങ്ങളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല…ഞാനെന്തു പാപമാ കർത്താവേ ചെയ്തേ ഇതൊക്കെ അനുഭവിക്കാൻ…കണ്ടില്ലിയോ കോലം… അപ്പനെയും മോനെയും കുറിച്ച് ഇന്ന് തന്നെ ആ കൊച്ചിന് ഒരു ധാരണയാവും..”
അയാൾ മറുപടി പറയാൻ തുടങ്ങവെ അത് കേൾക്കാൻ നിൽക്കാതെ അന്നമ്മ അകത്തേയ്ക്ക് പോയി…ജിൻസിയും അമ്മ പോയ വഴിയേ നോക്കി ഒന്ന് രണ്ട് നിമിഷം നിന്നു…പിന്നെ അച്ഛനെയും ഒന്ന് ദയനീയമായി നോക്കിയിട്ട് അവളും അമ്മയ്ക്ക് പുറകെ ചെന്നു..അന്നമ്മ തന്റെ മുറിയിലെ കട്ടിലിൽ ഉറങ്ങികിടക്കുന്ന ജനിഫറിന്റെയും റോഹന്റെയും അടുത്ത് വന്നിരുന്നു.
ഇരുവരും അച്ഛനും അമ്മയും എപ്പൊ വരുമെന്ന് ചോദിച്ചിരുന്ന് ഉറങ്ങിപ്പോയതാണ്…..നേഹ അവരെ കൂടെ കിടത്തിക്കോളാം എന്ന് പലവട്ടം പറഞ്ഞെങ്കിലും ഇന്നൊരു ദിവസത്തേക്ക് അവർ തനിക്കും ജിൻസിക്കുമൊപ്പം കിടന്നോട്ടെ എന്ന് നിർബന്ധം പിടിച്ചത് അന്നമ്മയാണ്… അവരിപ്പോൾ അതോർത്തു തന്നെയാണ് ആശങ്കപ്പെടുന്നതും…
കാരണം മറ്റൊന്നുമല്ല നേഹയെ തനിച്ചാക്കിയാണല്ലോ ജോണി ഇറങ്ങിപ്പോയത് …അവളിപ്പോൾ മുറിയിൽ വിഷമിച്ചിരിക്കയാവും….പോയൊന്നു സമാധാനിപ്പിക്കണം… അല്ലെങ്കിൽ അവളോട് പറയാം കുഞ്ഞുങ്ങളുടെ അടുത്ത് വന്നു കിടന്നോളാൻ…അവർ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ വാത്സല്യത്തോടെ നോക്കിയിട്ട് അവരവിടെ നിന്നും എഴുന്നേറ്റു…
മുറിയിൽ നിന്നും അന്നമ്മ ഇറങ്ങുന്നതിനു മുൻപ് തന്നെ ജിൻസിയും അവിടെത്തി…”അമ്മേ.. നേഹ ചേച്ചി ഒറ്റയ്ക്കല്ലേ ഞാൻ ഇന്ന് അങ്ങോട്ട് പോയിക്കിടന്നാലോ…?””ഞാനും അക്കാര്യം ഓർത്തതേയുള്ളു… പാവം കൊച്ച്… അവനെ ഇനി എങ്ങനാ ഒന്ന് നേരെയാക്കുന്നെ….?””അതൊക്കെ പിന്നെ ആലോചിക്കാം … അടുക്കളയിൽ കുറച്ചു പാത്രങ്ങൾ കഴുകാനുണ്ട്… അത് കഴുകി വച്ചിട്ട് ഞാൻ ചേച്ചീടെ അടുത്ത് പോകാം… അമ്മ മരുന്ന് കഴിച്ചിട്ട് അവരുടെ കൂടെ കിടന്നൊ….”
“ഞാനൂടി വരാം മോളേ.. നീയൊറ്റയ്‌ക്കെങ്ങനാ… രാവിലെ ഓരോന്ന് തുടങ്ങിയതല്ലേ… വന്നേ…”യെന്ന് ജിൻസിയോട് പറഞ്ഞു കൊണ്ട് അവർ അടുക്കളയിലേയ്ക്ക് പോകാൻ തുടങ്ങി…”അന്നമ്മച്ചി… ഒന്ന് നിന്നേ…”അവരിരുവരും തിരിഞ്ഞു നോക്കിയപ്പോൾ നേഹയാണ്…”എന്നെ നിങ്ങളാരും കൂടെ കൂട്ടില്ലേ..?””എന്താ മോളെയിത്…?? നിന്നെ ഞങ്ങൾക്കെല്ലാം ഇഷ്ടമല്ലേ.. ദേ ഇവളെപ്പോലെ തന്നാ ഇനി നീയും…”
“എന്നിട്ടെന്താ എന്നെ വിളിക്കാതെ രണ്ടാളും കൂടി പാത്രങ്ങള് കഴുകാൻ പോയേ…?””അത്… ഇന്ന് നീയിങ്ങോട്ട് വന്നതല്ലേ ഉള്ളൂ…ഇന്നൊരു ദിവസത്തേക്ക് ഒന്നും ചെയ്യണ്ട… മോള് പോയി വിശ്രമിക്ക്…””എനിക്ക് അല്ലിപ്പൊ വിശ്രമം ആവശ്യം… അമ്മച്ചിക്കാ… ചെല്ല്… ജിൻസി പറഞ്ഞപോലെ മരുന്ന് കഴിച്ചിട്ട് കിടന്നൊ.. ഞങ്ങള് രണ്ടാളും കൂടി എല്ലാം ശരിയാക്കിക്കോളാം…”
അന്നമ്മ പിന്നെയും നേഹയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളൊട്ടും വഴങ്ങിയില്ല..അവസാനം അന്നമ്മ തന്നെ കുട്ടികൾക്കൊപ്പം പോയി കിടന്നു..നേഹ അടുക്കളയിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങിയപ്പോൾ എല്ലാം പറക്കിയൊതുക്കി തൂത്തു വാരാൻ ജിൻസിയും തയാറായി….അതിനിടയിൽ ജിൻസി നേഹയോട് ചോദിച്ചു :
“ചാച്ചൻ ഇന്ന് പോയതിൽ ചേച്ചിക്ക് വിഷമം കാണും.. ല്ലെ…?നേഹയ്ക്ക് ഉത്തരം പറയാനിട കൊടുക്കാതെ അവൾ തുടർന്നു :”എന്തു ചെയ്യാനാ ചേച്ചി… ഇപ്പൊ ആര് പറഞ്ഞാലും കേൾക്കില്ല…ചിലപ്പോ ജനീടെ കാര്യം പോലും ശ്രദ്ധിക്കില്ല…”
“ഒന്ന് പോ കൊച്ചേ… എനിക്കൊരു വിഷമോം ഇല്ല…””സത്യം..?”വിശ്വാസം വരാതെ ജിൻസി ചോദിച്ചു…”ഇല്ലന്നല്ലേ പറഞ്ഞത്…അല്ല നിന്റെ ചാച്ചൻ പണ്ടേയിങ്ങനാ…?””പണ്ട് ഇപ്പൊ ഉള്ള സ്വഭാവത്തിന്റെ നേരെ വിപരീതമായിരുന്നു… പിന്നെ ലിന്റ ചേച്ചിയാ ഇങ്ങനെ ആക്കിയത്..”വിഷാദഭാവത്തിൽ അവൾ പറഞ്ഞു നിർത്തി..
നേഹ ജിൻസിയെ ഒന്നു നോക്കി… അവൾക്കൊന്നും മനസിലായിരുന്നില്ല… എങ്കിലും അതിന്റെ പിന്നാമ്പുറം ചോദിക്കാനും നേഹയ്ക്ക് മടി തോന്നി..അത് മനസിലാക്കിയെന്നോണം ജിൻസി അവളോട് ചോദിച്ചു :”ചേച്ചിക്ക് ജനിയുടെ അമ്മയെക്കുറിച്ചൊന്നും അറിയില്ലേ… പോളച്ചൻ ഒന്നും പറഞ്ഞില്ലേ…?”
“അച്ഛനോട് പറഞ്ഞു കാണും..
ജോണിച്ചായൻ ഡിവോഴ്സ്ഡ് ആണെന്ന് പറഞ്ഞിട്ടുണ്ട്….അതിലുപരി എന്നോടൊന്നും അച്ഛനും പറഞ്ഞിട്ടില്ല..
ഞാൻ ചോദിക്കാനും പോയില്ല.
അറിഞ്ഞിട്ടും കാര്യമൊന്നുമില്ലല്ലോ…. “”ചുമ്മാ ഒന്നറിഞ്ഞിരുന്നോ…പിന്നെ ഞാൻ കഥയൊക്കെ പറഞ്ഞു തരാം…””കൂട്ടത്തിൽ എന്റെ കാര്യവും ഇരിക്കട്ടെ…”നേഹയും പറഞ്ഞു.
“റോഹനും ജനിയും പെട്ടെന്ന് കൂട്ടായി… മുൻ പരിചയം ഉള്ളവരെപ്പോലെയാ അവരുടെ പെരുമാറ്റം…പക്ഷെ ഇടയ്ക്കെപ്പഴോ രണ്ടും കൂടി വഴക്കും ഉണ്ടാക്കി…””കുഞ്ഞുങ്ങളല്ലേ ജിൻസി… അവര് പെട്ടെന്ന് അടുക്കും… അതുപോലെ പിണങ്ങുകേം ചെയ്യും… നമ്മളതിലൊന്നും തലയിട്ട് അവരുടെ കുഞ്ഞു പ്രശ്നം വലുതാക്കാതെ ഇരുന്നാൽ മതി…”
“ഞാനൊരു കാര്യം ചേച്ചിയോട് ചോദിക്കട്ടെ .. സത്യം പറയണം….””പിന്നെന്താ… നിന്നോട് കള്ളം പറഞ്ഞിട്ട് എനിക്ക് എന്ത് കിട്ടാനാ… നീ ചോദിക്ക് കൊച്ചേ…”ചിരിയോടെയുള്ള നേഹയുടെ മറുപടി കേട്ടപ്പോൾ ജിൻസിക്ക് ആശ്വാസമായി…”ചേച്ചിക്ക് ശരിക്കും ചാച്ചനെ ഇഷ്ടമായിട്ടാണോ കെട്ടാൻ തീരുമാനിച്ചെ..?”
ആ ചോദ്യത്തിനുള്ള ഉത്തരമായി എന്തുപറയണമെന്ന് നേഹയ്ക്ക് അറിയില്ലായിരുന്നു..സത്യം , അന്നും ഇന്നും ഇഷ്ടമല്ല എന്ന് ആണെങ്കിലും അത് ജിൻസിയെ വിഷമിപ്പിച്ചാലോ എന്നോർത്ത് “ഇഷ്ടായിട്ട് തന്നാ കൊച്ചെ കെട്ടിയത് “എന്നൊരു നുണ പറഞ്ഞു…
അതിനൊപ്പം ചോദിച്ചു :”നീയെന്താ ഇപ്പൊ ഇങ്ങനെ ചോദിച്ചേ…?ജിൻസിയുടെ കണ്ണുകൾ പതിയെ തുളുമ്പി….”അത്.. പിന്നെ… ഇപ്പൊ ചാച്ചന്റെ സ്വഭാവം ആർക്കും ഇഷ്ടമാവില്ല…ശരിക്കും എന്റെ ചാച്ചൻ പാവമാ… എനിക്ക് എന്റെ പഴയ ചാച്ചനെ വേണം…ചാച്ചനെ ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര വർഷമായീന്നറിയോ…
എപ്പോഴും എല്ലാരോടും ദേഷ്യാ….അത് യഥാർത്ഥത്തിൽ ലിന്റയോടുള്ള ദേഷ്യാ….ചേച്ചിക്ക് എന്റെ ചാച്ചനെ മടക്കിത്തരാൻ പറ്റും….ഞാൻ കാത്തിരുന്നോട്ടെ… എന്റെ പഴയ ചാച്ചനെക്കാണാൻ….?”നേഹ അവളെ നെഞ്ചോട് ചേർത്ത് നിർത്തി തലയിൽ തലോടി… പക്ഷെ അവൾക്ക് മറുപടിയൊന്നും കൊടുത്തില്ല…അവരിരുവരും ജോലികളൊതുക്കിയിട്ട് കിടക്കാൻ മുറിയിലേയ്ക്ക് പോയി…..ക്ഷീണമുള്ളത് കൊണ്ട് ഇരുവരും പെട്ടെന്നുറങ്ങി …
🌹🌹🌹🌹🌹🌹🌹
രാവിലെ തന്നെ അന്നമ്മയും നേഹയും കൂടി അടുക്കളഭരണം ആരംഭിച്ചു…ജിൻസി ആറരയെങ്കിലും ആകാതെ സാധാരണ എഴുന്നേൽക്കാറില്ല…കോളേജ് ഉള്ള ദിവസമാണെങ്കിൽ പോലും.. നഗരത്തിലെ അറിയപ്പെടുന്നൊരു കോളേജിൽ ബി എ വിദ്യാർത്ഥിനിയാണവൾ..ജനിഫറും റോഹനും ഉറക്കം തന്നെ…മോനച്ചനാകട്ടെ ഹാളിൽ കിടക്കുന്ന ചെറിയൊരു കട്ടിലിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു…….
“നേഹേ… നീ ചെന്ന് ആ പെണ്ണിനെ ഒന്ന് വിളിച്ചെ… ഞാൻ വിളിച്ചാൽ ഒന്നൂടി മൂടിപ്പുതച്ചു കിടക്കും… അതാ സ്വഭാവം… ആകെ പേടിയുള്ളത് ജോണിയെ മാത്രാ… അവനിവിടുണ്ടേൽ ഇപ്പൊ എഴുന്നേറ്റേനെ..””ഇന്നലത്തെ ക്ഷീണം കാണും… അവള് കുറച്ചു കഴിയുമ്പോ എഴുന്നേറ്റോളും…””നീയവളെ വഷളാക്കുമെന്നാ തോന്നുന്നെ..അവന്റെ മുന്നിലൊന്നും ഇത് ചെന്ന് പറഞ്ഞേക്കല്ല്…”
“ഹ്മ്മ് “മോനച്ചനും ജിൻസിയും പിള്ളാരും കൂടി പ്രാതൽ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്.ജോണിയെത്തിയെന്ന് എല്ലാവർക്കും മനസിലായി… നേഹയെയും അതുവരെയില്ലാത്തൊരു പരിഭ്രമം പിടികൂടി.ആരും മുറ്റത്തേക്കിറങ്ങിയില്ല….
അവൻ ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ മുറിയിലേയ്ക്ക് പോയി..”പപ്പാ…”ജനി വിളിച്ചെങ്കിലും അവൻ ശ്രദ്ധിച്ചതേയില്ല…”ഡി.. നീ കഴിച്ചിട്ട് പോയി കളിക്ക്… നിന്റെ പപ്പയ്ക്ക് വല്യ ജാഡയാ… മൈൻഡ് ചെയ്യണ്ട…”മുറിയിൽ നിന്നിറങ്ങി വന്ന വഴി ജോണി അവള് പറഞ്ഞത് കേട്ടു… അവൻ അവളെ രൂക്ഷമായൊന്നു നോക്കി..ജിൻസി പെട്ടെന്ന് തന്നെ തല താഴ്ത്തി ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ കഴിക്കുന്നത് തുടർന്നു.
മോനച്ചനും റോഹനും അവൻ വന്നത് പോലും ശ്രദ്ധിച്ചില്ല..അടുക്കളയിലേയ്ക്ക് ജോണി ചെന്നപ്പോൾ അവിടെ നേഹ മാത്രമായിരുന്നു .
ഇരുവരുടെയും മിഴികൾ തമ്മിലൊന്നിടഞ്ഞെങ്കിലും പരസ്പരം ഒന്നും മിണ്ടിയില്ല..അവന്റെ ആരെയോ തിരയും പോലെയുള്ള ഭാവം കണ്ടപ്പോൾ അന്നമ്മയെ നോക്കുന്നതാവുമെന്ന് അവൾ ഊഹിച്ചു.
“അമ്മച്ചി മുറ്റത്തുണ്ട്.. “ആരോടെന്നില്ലാതെ നേഹ പറഞ്ഞു… അവൻ അത് കേട്ടഭാവം പോലും കാണിക്കാതെ പിന്തിരിഞ്ഞു പോയി…”മമ്മാ….”റോഹന്റെ വിളി കേട്ടപ്പോൾ അവൾ അവന്റെ അടുത്തേയ്ക്ക് പോകാൻ തിടുക്കത്തിൽ കയറി വന്നതും അടുക്കളയിലേയ്ക്ക് വീണ്ടും വന്ന ജോണിയെ ചെന്നിടിച്ചു….
“ആകാശത്ത് നോക്കിയാണോ നടക്കുന്നത്..”താടി തിരുമ്മിക്കൊണ്ട് ജോണി ചോദിച്ചു…അവൾ നെറ്റി തിരുമ്മുന്നുണ്ടായിരുന്നെങ്കിലും മുഖമുയർത്തിയില്ല … ഒന്നും പറഞ്ഞതും ഇല്ല…ജോണി മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നതും നോക്കിയിട്ട് നേഹ റോഹന്റെ അടുക്കലെത്തി…”എന്തിനാഡാ വിളിച്ചത്…? “”ഒന്നൂല്ല ചേച്ചി…അവന് വെള്ളം വേണായിരുന്നു… അത് ഞാൻ കൊടുത്തു..”ജിൻസി പറഞ്ഞു..
“എനിച്ചും വേണം “ജനിയവളെ നോക്കി…”വാ.. ജനിക്കുട്ടിക്ക് മമ്മ തരാ “മെന്ന് പറഞ്ഞുകൊണ്ട് നേഹ ഒരു ഗ്ലാസിൽ വെള്ളമൊഴിച്ച് കുറേശ്ശെ ജനിയെ കുടിപ്പിച്ചു… അതിനിടയിൽ ജോണി തിരികെ മുറിയിലേയ്ക്ക് പോയിരുന്നു…”ഡീ കൊച്ചെ… നീ വല്ലതും കഴിക്ക്.. ഞാൻ കഴിക്കാൻ പോവാ…”
അന്നമ്മ കഴിക്കാനെടുക്കുന്നതിടയിൽ നേഹയോട്പറഞ്ഞു..”ജോണിച്ചായൻ..?””അവൻ കടയപ്പം തിന്നിട്ടാ വന്നേക്കുന്നെ…നീ വന്നേ..”അടുക്കളയിലെ പണികളൊക്കെ ഒന്നൊതുക്കിയിട്ട് നേഹ മുറിയിലേക്ക് ചെന്നു.. ജോണി കട്ടിലിൽ കിടന്നുറക്കം ആണ്.. അവൾ ശബ്ദമൊന്നും ഉണ്ടാക്കാതെ സ്റ്റാന്റിൽ കിടന്ന തുണികളൊക്കെ എടുത്തു കഴുകാനായി ബക്കറ്റിലിട്ടു…
അവന്റെ മുഖത്തേയ്ക്കൊന്നുകൂടി നോക്കി.. ഇന്നലെ രാത്രി പോയതല്ലേ… അതാവും ഇപ്പൊ ഉറങ്ങുന്നത്…ചിലര് ഉറങ്ങുമ്പോൾ മാത്രം പാവമാണെന്നു പറയാറില്ലേ…പക്ഷെ ഇങ്ങേരെ കണ്ടാൽ പാവമാണെന്നല്ല ഉറക്കത്തിൽ ആരെയോ തല്ലുന്നത് സ്വപ്നം കണ്ടു കിടക്കും പോലെയുണ്ട്….
ജോണിയുടെ സ്ഥാനത്ത് റോഷനായിരുന്നെങ്കിൽ………..ഉള്ളിലൂടൊരു മിന്നൽ പാഞ്ഞ പോലവൾക്ക് തോന്നി…….ഇന്നലെക്കണ്ടത് പോലെ ആ മുഖമിപ്പോഴും ഉള്ളിലുണ്ട്….. വാവ ജനിക്കുമ്പോൾ ഇടാനൊരു പേരും കണ്ടെത്തി വരാമെന്ന് പറഞ്ഞ് പോയ ആളാണ്… അഞ്ചു വർഷം എത്ര പെട്ടെന്നാണ് കടന്നു പോയത്…
റോഷിച്ചായൻ പോകുമ്പോൾ ഏഴാം മാസമായിരുന്നു….അത് വരെ ഒരു നോക്കിലൊ വാക്കിലോ ഒന്നും ദേഷ്യം കാണിച്ചിട്ടില്ല…കണ്ണൊന്നു നനയാൻ അനുവദിച്ചിട്ടില്ല…എപ്പോഴും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുമ്പോൾ ഞാനോർത്തിരുന്നു റോഷിച്ചായനെ കിട്ടിയത് താനുമൊരു ഭാഗ്യവതിയായിട്ടാണെന്ന്….. എന്നിട്ട്……
കണ്ണിൽ ജലസ്പർശം അനുഭവപെട്ടപ്പോൾ അവൾ മുറിയിൽ നിന്നും ഉടനെ ബാത്‌റൂമിലേയ്ക്ക് കയറി….പൈപ്പ് തുറന്നു വിട്ടിട്ട് ഓർമ്മകളിൽ കുരുങ്ങിക്കിടന്നവൾ കുറെ കരഞ്ഞു…മുഖം കഴുകി വാതിൽ മെല്ലെ തുറന്ന് ജോണി എഴുന്നേറ്റോ എന്നവൾ നോക്കി .അവൻ അതെ പോലെ തന്നെ കിടപ്പുണ്ട്…പിന്നെ തുണികളുമെടുത്ത് അലക്കാൻ പോയി…
അന്നമ്മ അടുക്കളയിൽ തന്നെയുണ്ട്… ജിൻസി ഇന്നും കോളേജിൽ പോയില്ല… ജോണിയുടെ കെട്ട് പ്രമാണിച്ച് നാല് ദിവസം ലീവെടുത്തതാണ്… നാളെമുതലെ പോകുന്നുള്ളു.. അവൾ ജനിയുടെയും റോഹന്റെയും കൂടെ വാർത്തമാനവും കളിയുമൊക്കെയായി ഇരിപ്പാണ്…..മോനച്ചൻ രാവിലെ തന്നെ എവിടൊ ഇറങ്ങിപ്പോയി… പ്രത്യേകിച്ച് ഇന്ന സ്ഥലം എന്നൊന്നില്ലാത്തത് കൊണ്ട് ആരും തിരക്കാറില്ല…ഇനി വരവും വൈകിട്ടെ കാണുള്ളു…
നേഹ തുണികളൊക്കെ കഴുകി വിരിച്ചിട്ട് ബക്കറ്റുകൾ കഴുകി കൊണ്ടിരിക്കുമ്പോൾ ആണ് ജോണി അവിടേയ്ക്ക് എത്തിയത്….”ഡോ…”ശബ്ദം കേട്ടവൾ ഞെട്ടിത്തിരിഞ്ഞു…..അവന്റെ മുഖത്തേക്ക് ഒന്നെ നോക്കിയുള്ളു… നേഹയുടെ ശിരസ്സ് താനെ താഴ്ന്നു…ഒരു കുറ്റവാളിയെപ്പോലെ അവന്റെ മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോഴും അവന്റെ വരവിന്റെയും മുഖത്ത് കത്തുന്ന ദേഷ്യത്തിന്റെയും കാരണം അവൾക്ക് മനസിലായിരുന്നില്ല…”എന്നെവിളിച്ചത്…?”അവൾ പതിഞ്ഞ സ്വരത്തിൽ ജോണിയോട് ചോദിച്ചു…തുടരും )

by