രചന – രോഹിണി ആമി
അമ്മാവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തുവെന്ന വാർത്ത അറിഞ്ഞത് തെങ്ങിന് തടം ഇടുമ്പോളായിരുന്നു…… അറിഞ്ഞതും കയ്യിലിരുന്ന തൂമ്പ കയ്യിൽ നിന്നും വഴുതി താഴേക്കു വീണു…… ഓടിപ്പിടിച്ചു ഹോസ്പിറ്റലിൽ വന്നു….. അന്വേഷിച്ചപ്പോൾ ഐ സി യു വിലാണെന്നു അറിഞ്ഞു……. അങ്ങോട്ട് ചെന്നപ്പോൾ ആരെയും കാണാൻ സാധിച്ചില്ല……. നഴ്സിംഗ് റൂമിൽ ചെന്ന് ചോദിച്ചപ്പോൾ പറഞ്ഞു…… ആരെയും ഇപ്പോൾ കയറി കാണാൻ സമ്മതിക്കില്ല……. നാളെയേ എന്തെങ്കിലും പറയാൻ സാധിക്കു…….കൂടെ ഉണ്ടായിരുന്ന ആൾ റൂമിൽ ഉണ്ട്ന്ന് …. അവർ റൂം നമ്പർ പറഞ്ഞു തന്നു……. അവിടെ ചെന്നപ്പോൾ ശിവജ ജനലിൽ പിടിച്ചു വെളിയിലേക്കു നോക്കി നിൽക്കുന്നുണ്ട്….. ശിവാ…… അവൾ തിരിഞ്ഞു നോക്കി….. അച്ചുനെ കണ്ടതും മുഖം ഒന്നുകൂടി കറുത്തു….. തിരിഞ്ഞു നിന്നു……. ശിവാ…… ഒന്നുകൂടി വിളിച്ചു… എന്താ പറ്റിയത് അമ്മാവന്…… ഒന്നു കുഴഞ്ഞു വീണു വീട്ടിൽ……..
ഉടനെ ഇങ്ങോട്ട് കൊണ്ടുപോന്നു……. ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞു….. ഞാൻ വീട്ടിലുണ്ടായിരുന്നല്ലോ……. എന്നെ എന്താ അറിയിക്കാഞ്ഞത്…… ഒരു കാൾ ചെയ്താൽ മതിയായിരുന്നല്ലോ… ഓഹോ….. നിങ്ങൾ വീട്ടിലുണ്ടായിരുന്നോ…… അതു ഞാൻ അറിഞ്ഞില്ല….. നീയെന്താ എന്നെ കളിയാക്കുവാണോ ശിവാ ….. ഒരിക്കലുമല്ല……. കളിയാക്കാൻ ആണെങ്കിൽ കൂടി ആരെങ്കിലും ഒക്കെ ആയിരിക്കണം…….ഞാൻ വീട്ടിൽ വന്നിട്ടു മൂന്നു ദിവസമായി അച്ചുവേട്ടാ………. അതും നിങ്ങൾ അറിഞ്ഞില്ലാന്നു മാത്രം പറയരുത്……. ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോളും ഓടി പോയി നോക്കിയിരുന്ന ഞാൻ എന്തൊരു മണ്ടിയാണ്…………… ഈ ദിവസങ്ങളിൽ എല്ലാം ഊണും ഉറക്കവുമില്ലാതെ നിങ്ങളെ പ്രതീക്ഷിച്ചിരുന്നു ഞാൻ…… അങ്ങോട്ട് വരാൻ അറിയാൻ മേലാഞ്ഞിട്ടല്ല…….. എന്തു പറഞ്ഞു ഞാൻ വരും അങ്ങോട്ടേക്ക്……
എന്നെ നിങ്ങൾ സ്വീകരിക്കില്ലെന്ന് എനിക്കറിയാം….. ഇറക്കിവിടില്ലെങ്കിലും അവഗണിക്കുമെന്നു തോന്നി……. അങ്ങനെ ഉണ്ടായാൽ തിരിച്ചു വീടെത്തില്ല ഞാൻ …. പിന്നെ എന്റച്ഛന് ആരുമില്ലാതാവും… എന്നെ തിരിഞ്ഞു നോക്കാത്ത നിങ്ങൾ എന്റെ അച്ഛനെ നോക്കുമോ…. പാവം… അവിടെക്കിടന്നു ചത്താൽപോലും ആരുമറിയില്ല…. ഇപ്പോൾ അച്ഛൻ ഇവിടെ കിടക്കുന്നതിനു കാരണവും ഞാൻ തന്നെയാ…….. എനിക്ക് നിങ്ങളോടുള്ള ഇഷ്ടം മൂത്തു പ്രാന്ത് പിടിക്കുമെന്ന് അച്ഛന് തോന്നിയിരിക്കണം……… അതുകൊണ്ടല്ലേ വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന എന്റെ അടുത്തേക്ക് വന്നു കുഴഞ്ഞു വീണത്…… ഇനി ഒന്നും വേണ്ട….. എനിക്ക് അച്ഛനാണ് വലുത്….. എനിക്ക് സ്വന്തമായിട്ടുള്ള ഒരേയൊരാൾ…… കുറച്ചു നേരത്തേക്ക് ശിവ ഒന്നും മിണ്ടിയില്ല…… നമുക്കു പിരിയാം അച്ചുവേട്ടാ…….. ഇപ്പൊഴാകുമ്പോൾ രണ്ടാൾക്കും പെട്ടെന്ന് മറക്കാൻ പറ്റും…… ഓഹ്….. സോറി….. രണ്ടാൾക്കും അല്ല……. എനിക്ക്……. എനിക്കു പെട്ടെന്നു മറക്കാൻ പറ്റും……. ഇതിനും ഞാൻ തന്നെ മുൻകൈ എടുത്തോളാം…… പിന്നെ ഒരിക്കലും മുന്നിൽ വരില്ല………
അച്ഛന് ആദ്യം കുറച്ചു വിഷമം ഒക്കെ തോന്നുമായിരിക്കും…… അതെന്നെക്കൊണ്ട് മാറ്റിയെടുക്കാൻ പറ്റും.. നീയെന്താ പറയുന്നതെന്ന് നിനക്ക് വല്ല നിച്ഛയവും ഉണ്ടോ ശിവാ…….. അച്ചു ദേഷ്യത്തിൽ ചോദിച്ചു… ഞാനെന്താ പറയുന്നതെന്ന് എനിക്ക് നന്നായി അറിയാം …….. നിങ്ങൾക്കെന്നെ ഒരിക്കലും ജീവിതത്തിലേക്ക് സ്വീകരിക്കാനോ…..എന്റെ കൂടെ ജീവിക്കാനോ സാധിക്കില്ല…… അപ്പോൾ പിന്നെ ഇതല്ലേ നല്ലത്…….. കണ്ണുരണ്ടും മുറുക്കി അടച്ചു….. ഒന്ന് ഏങ്ങലടിച്ചു…….. ഞാൻ പറഞ്ഞതല്ലേ അച്ചുവേട്ടാ നിങ്ങൾക്ക് അറിയാനുള്ളതെല്ലാം തെളിയിച്ചു തരാൻ ഞാൻ തയ്യാറാണെന്ന്…….. പിന്നെന്താ……..പിന്നെന്താ എന്നെ സ്വീകരിച്ചാൽ…. ശിവാ……. അച്ചു ദേഷ്യത്തിൽ കൈ ഉയർത്തി…… അടിക്ക്….. അച്ചുവേട്ടാ……. അടിക്ക്…….. അങ്ങനെയെങ്കിലും നിങ്ങൾ എന്നെയൊന്നു തൊടുമല്ലോ……. അവളുടെ നോട്ടം താങ്ങാൻ കഴിയാതെ അച്ചു ഉയർത്തിയ കൈ മെല്ലെ താഴേക്കിട്ടു……. നിങ്ങൾ പറഞ്ഞതിനൊക്കെ ഞാൻ ചെയ്യാൻ തയ്യാറായത് എന്നെ സ്വയം വിശ്വാസമില്ലാഞ്ഞിട്ടല്ല…….. നിങ്ങളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ്……
അങ്ങനെയെങ്കിലും എന്നെ സ്വീകരിക്കുമല്ലോന്ന് വിചാരിച്ചു…….. ഒരിക്കലും അതുണ്ടാവില്ലന്നു മനസ്സിലായി……. എനിക്ക് മതിയായി… ഇങ്ങനെ നീറി നീറിയുള്ള ജീവിതം… ഞാൻ അച്ഛനെ കൊണ്ടുപോകുവാണ് ബാംഗ്ലൂർക്ക്….. ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല…….ഉടനെ ഡിവോഴ്സ് കിട്ടില്ല…… അതിനു കുറച്ചു താമസമെടുക്കും….. അപ്പോൾ ഞാൻ വന്നോളാം…….. അതിനു പോലും അച്ചുവേട്ടൻ ബുദ്ധിമുട്ടണ്ട….. അവൾ മുറിക്കു പുറത്തേക്ക് നടന്നു……. മുറിയിലേക്ക് എന്തോ പറയാൻ വന്ന ഒരു നേഴ്സ്……. എല്ലാം അവർ കേട്ടെന്നു മുഖം കണ്ടപ്പോൾ മനസ്സിലായി……. ശിവ അവരുടെ അടുത്ത് എത്തിയപ്പോൾ ഒന്നു നിന്നു ……. തോളിൽ പിടിച്ചു… അവളെ ചേർത്തുപിടിച്ചു….. ഒരു കൈത്താങ്ങ് കിട്ടിയതു പോലെ ശിവ അവരുടെ തോളിൽ മുഖം അമർത്തി കരഞ്ഞു…. അവർ പതിയെ അവളുടെ പുറത്തു തലോടിക്കൊണ്ടിരുന്നു….. അവരെ വിട്ട് ശിവ പതിയെ കണ്ണുതുടച്ചു….. ഒന്നു ചിരിച്ചിട്ട് അവരെയും കടന്നുപോയി…..
ആ നേഴ്സ് അച്ചുവിനെ നോക്കി പറഞ്ഞു….. ആരാണെന്നോ എന്താണെന്നോ എവിടാ നിൽക്കുന്നതെന്നോ നോക്കാതെ ഒരാൾ വേറൊരാളെ ചേർത്തു പിടിച്ചു കരയണമെന്നുണ്ടെങ്കിൽ അയാളുടെ മനസ് അത്ര മാത്രം ആഴത്തിൽ മുറിഞ്ഞിരിക്കണം…… ആരാ…. എന്താ കാര്യം…. ഇതൊന്നും എനിക്കറിയില്ല……. എങ്കിലും ആ പോയ കുട്ടി നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…….അത് കണ്ടില്ലെന്ന് നടിക്കരുത്..വെറുതെ ഒരാൾക്കു വേണ്ടി ഒരു പെണ്ണ് ചങ്കു തകർന്നു കരയില്ല……… അത്രയും പറഞ്ഞു ആ നേഴ്സ് അവിടെനിന്നും പോയി……. അച്ചു രണ്ടുകയ്യിലും മുഖം ചേർത്തുവച്ചു കണ്ണടച്ചു………തനിക്ക് പിഴച്ചോ എവിടേലും……… ഇന്ന് അവൾക്കു മുന്നിൽ മറുപടി ഒന്നുമില്ലാതിരുന്നത് എന്തുകൊണ്ടാ……. അല്ലെങ്കിൽ വാക്പോരിൽ താനല്ലേ ജയിക്കാറ്…. പഴയ കാര്യങ്ങളെല്ലാം അച്ചുവിന്റെ മനസ്സിലേക്ക് ഓടി വന്നു……… എവിടെയാണ് തനിക്ക് തെറ്റിയതെന്നറിയാൻ… അമ്മയും അനിയത്തിയും അടങ്ങുന്ന ചെറിയ ഒരു കുടുംബം……. അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി ……..
അച്ചു ഡിഗ്രിക്ക് പഠിക്കുന്ന സമയം……… അച്ഛന് കൃഷി ആണ്…… കുടുംബപരമായി കിട്ടിയ കൈപ്പുണ്യം……. വയലും തെങ്ങിൻതോപ്പും പച്ചക്കറിയുമായി കുറച്ചുണ്ട്……… അതിൽ നിന്നും തന്നെ ആവശ്യത്തിലേറെ കിട്ടിയിരുന്നു ആ കുടുംബത്തിന് ജീവിക്കാൻ…… പെട്ടെന്നുള്ള അച്ഛന്റെ മരണശേഷം ആരും അതു ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ അച്ചു തന്നെ ഏറ്റെടുത്തു………ഒരു കുറച്ചിലായി തോന്നിയിരുന്നില്ല അവനത്..എങ്കിലും സമയം കണ്ടെത്തി ഡിഗ്രി പൂർത്തിയാക്കി…… സർട്ടിഫിക്കറ്റ് എടുത്തു പെട്ടിയിൽ വെച്ചു പൂട്ടി…….. അതിന്റെ ആവശ്യം ഇനിയില്ലെന്ന് തോന്നി……. തന്റെ മാർഗ്ഗം എന്തെന്ന് അച്ചുവിന് നന്നായി അറിയാമായിരുന്നു..കൃഷി യിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറവാണ് പുറത്തു ഒരു ജോലിയിൽ നിന്നും കിട്ടുക എന്ന് അവനുറപ്പുണ്ടായിരുന്നു……അതുകൊണ്ട് തന്നെ മനസ്സിന് ഇഷ്ടപ്പെട്ട കാര്യം തന്നെ തിരഞ്ഞെടുത്തു ……….
ഒരേയൊരു അനിയത്തി പ്ലസ് വൺ പഠിക്കുന്നു……… ഒരു വൈകുന്നേരം അമ്പലത്തിൽ പോയി തിരിച്ചു വരും നേരം വിഷം തീണ്ടി…….. ആരും അറിഞ്ഞില്ല……. അവളെ കാണാഞ്ഞു അന്വേഷിച്ചപ്പോളാണ് വീടിനും തൊടിയിലും ഇടക്കുള്ള വഴിയിൽ വീണു കിടക്കുന്നതു കണ്ടത്……… അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു……. അമ്മയെ ആശ്വസിപ്പിക്കാൻ ഞാൻ കുറച്ചു പാടുപെട്ടു…… അന്നാണ് ഞാൻ അവളെ കണ്ടത്……. ശിവയെ……… വലിയ ബന്ധമൊന്നും ഇല്ലെങ്കിലും വകയിൽ ഒരമ്മാവന്റെ മകൾ………. അമ്മയുടെ അടുത്തിരുന്നു ആശ്വസിപ്പിക്കുന്നുണ്ട്……… ചടങ്ങുകൾ എല്ലാം കഴിഞ്ഞു ആളുകൾ ഒഴിയുമ്പോളും അമ്മാവനും ശിവയും കൂടെ ഉണ്ടായിരുന്നു………. എന്നും വന്നു ആശ്വസിപ്പിക്കും…….. എനിക്കു അവരുമായി വലിയ അടുപ്പം ഇല്ലായിരുന്നുവെന്നേ ഉള്ളൂ….. അച്ഛനും അമ്മയ്ക്കും നല്ല പോലെ അറിയാമായിരുന്നു ….. പോകെപ്പോകെ മകളുടെ സ്ഥാനം അമ്മ അവൾക്കു നൽകി…… അമ്മയുടെ പഴയ പ്രസരിപ്പൊക്കെ തിരിച്ചു വന്നത് പോലെ… അവളോട് അടുക്കാനോ….. എന്തിന്..ഒന്നു മിണ്ടാൻ പോലും എനിക്കു താല്പര്യം ഇല്ലായിരുന്നു……
കാരണം അവളുടെ ഡ്രസ്സിങ് തന്നെ…… ഏതു നേരത്തും ഇറുകിപ്പിടിച്ച ഒരു ജീൻസും ടീഷർട്ടും ആവും അവളുടെ വേഷം……. ഈ നാട്ടുമ്പുറത്തു അതൊക്കെ പുതിയ കാഴ്ചകളാണ്…..കാണുമ്പോളെക്കും ആളുകൾ വാ പൊളിച്ചു നോക്കി നിൽക്കും…… കോഴികൾ വേറെ…… അവളുടെ ഓരോ ഭാഗത്തിന്റെയും അളവുകൾ വരെ അവന്മാർക്ക് കാണാപ്പാഠമാ………. അമ്മാതിരി അല്ലേ ഇടുന്നതും…….ബാംഗ്ലൂരിൽ ആണ് പഠിക്കുന്നത്……… ഈ വേഷംകെട്ടൊക്കെ അവിടെ കാണിച്ചാൽ പോരേ ………… അതുകൊണ്ട് തന്നെ ഒരു വെറുപ്പ് അന്നേ മനസ്സിൽ കടന്നു കൂടി…….കോളേജിൽ പഠിച്ചിട്ടു കൂടി ഒരു നാട്ടുമ്പുറത്തുകാരൻ ആയതിനാലാവും ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്…….. ഇടുങ്ങിയ ചിന്താഗതി എന്നൊക്കെ പറയുമായിരിക്കും…..എന്റെ വീട്ടിലെ പെൺകുട്ടി ആയിരുന്നെങ്കിൽ അവളുടെ അവകാശത്തെ ചോദ്യം ചെയ്യാതെ തന്നെ കുറച്ചു കൂടി മാന്യമായി ഡ്രസ്സ് ധരിക്കാൻ പറഞ്ഞേനെ…..പിന്നെ അമ്മക്ക് അവളെ അത്രയും കാര്യമായതുകൊണ്ട് ഇന്നുവരെ താൻ ഒന്നും പറഞ്ഞിട്ടില്ല…….. അവളും എന്നോട് അധികമൊന്നും മിണ്ടിയിട്ടില്ല……..എന്നെ കാണുമ്പോൾ ചിരിച്ചു കാണിക്കും……..
തിരിച്ചു പ്രതീക്ഷിക്കാത്തതുപോലെ പിന്നെ നോക്കുകയുമില്ല…… മിക്കപ്പോഴും വീട്ടിൽ വരാറുണ്ട്……… അവൾക്ക് അമ്മയില്ല…… കുഞ്ഞിലേ മരിച്ചതാണ്……ചിലപ്പോൾ അതാവും കാരണവും…… കുറച്ചു നാൾ അവളെ കാണാതിരുന്നപ്പോൾ മനസ്സിലായി തിരിച്ചു ബാംഗ്ലൂർക്ക് പോയെന്നു……. എങ്കിലും അമ്മാവൻ എപ്പോഴും വരുമായിരുന്നു……. ദോഷം പറയരുതല്ലോ….. അയാളൊരു നല്ല മനുഷ്യനാ….. പഞ്ചപാവം…..പിന്നൊരു കുറവുള്ളത് അങ്ങനെ ഒരു മോളുള്ളതാണ്…….. ഒരു ദിവസം പണിയെല്ലാം കഴിഞ്ഞു കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയതാ…….. നല്ല തെളിവെള്ളം ആണ്….. മനസ്സും ശരീരവും ഒരുപോലെ തണുക്കും……. എന്നും ശീലമുള്ളതാണ്……കുളത്തിലേക്ക് അടുക്കുമ്പോളേ കേട്ടു ബഹളം…….. നോക്കിയപ്പോൾ പെണ്ണെന്നും ആണെന്നുമില്ലാതെ കുത്തിമറിയുകയാണ് കുറെയെണ്ണം കുളത്തിൽ……… മുൻപിൽ തന്നെ അവളുമുണ്ട്…വെള്ളം മുഴുവനും കലങ്ങി മറിഞ്ഞിരിക്കുന്നു…….. ഇവൾക്ക് നാണവും ഇല്ലേ……. എല്ലാത്തിനെയും എടുത്ത് അലക്കാനാണ് തോന്നിയത്…….
ആ ദേഷ്യത്തിൽ കുളിക്കാതെ വീട്ടിലേക്കു പോയി….. നാലു ചുവരുകൾക്കുള്ളിൽ നിന്ന് ഒതുങ്ങി കുളിച്ചത് കൊണ്ടോ എന്തോ ദേഷ്യം ഉള്ളിൽ നിന്നും മാറാതെ നിന്നു……അമ്മയാണ് പറഞ്ഞത്……. ശിവയും ഫ്രണ്ട്‌സും ആണെന്ന്….. കുറച്ചു ദിവസം ഉണ്ടാവുമെന്നും…… ഗ്രാമഭംഗി ആസ്വദിക്കാൻ വന്നതാണത്രേ……….എന്നാലും ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു കുളത്തിൽ……… ആളുകളെ കൊണ്ട് പറയിപ്പിക്കാൻ……… അച്ചുവിന്റെ മനസ്സിൽ ശിവയോടുള്ള വെറുപ്പ് കൂടാൻ ഒരു കാരണം കൂടിയായി……. പിന്നെയും കണ്ടു വയലിലും ആൽമരച്ചോട്ടിലും അമ്പലത്തിലും ഒക്കെ കൂത്തുകൾ………. കൂട്ടുകാരെല്ലാം അർത്ഥം വെച്ചു ചോദിക്കാനും പറയാനും തുടങ്ങി ഇങ്ങനെയൊക്കെ …….. വളയുന്ന ടൈപ്പ് ആടാ അവൾ….. നീയൊന്നു മുട്ടിനോക്കാൻ മേലായിരുന്നോ….എപ്പോഴും വീട്ടിൽ വരുന്നതല്ലേ……. . ഇവിടെ ഇങ്ങനെ….. അപ്പോൾ ബാംഗ്ലൂരിൽ ഒക്കെ എങ്ങനെയാവും ഉണ്ടാവുക……എന്നാലും അവന്മാരുടെ ഒക്കെയൊരു ഭാഗ്യമേ….. തനിക്കും താല്പര്യമില്ലാത്ത കാര്യമായതു കൊണ്ട് ഒന്നിനും ചെവി കൊടുക്കാതെ അച്ചു നടക്കും….. രാത്രിയിൽ കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോളാണ് അമ്മ കല്യാണക്കാര്യം എടുത്തിട്ടത്…….. അതും ആ ലക്കും ലഗാനുമില്ലാതെ നടക്കുന്ന തലതെറിച്ചവളെ……….. അമ്മയെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് കഞ്ഞികുടി മുഴുമിപ്പിക്കാതെ എണീറ്റു പോയി…….
ആരും കെട്ടാനില്ലായിരിക്കും……. അല്ലെങ്കിൽ ബാംഗ്ലൂരിൽ പഠിച്ചു വളരുന്ന പെണ്ണിന് ഈ കൃഷിക്കാരനെ എന്തിനാ…….. എന്തെങ്കിലും ഒക്കെ കാണും…… എങ്ങനെ കെട്ടും ഇതിനെയൊക്കെ…… പെണ്ണിന്റെ രൂപം മാത്രമേ ഉള്ളൂ……. സ്വഭാവം മഹാ കച്ചറയാ…… ഇതിപ്പോൾ ഞാനിവളെ കെട്ടിയാൽ അവൾ തലയുയർത്തി നെഞ്ചും വിരിച്ചു മുന്നിലും ഞാൻ തല താഴ്ത്തി പിറകിലും നടക്കേണ്ടി വരും…….. എങ്കിലും അമ്മയ്ക്കിത് എന്നോട് പറയാൻ എങ്ങനെ തോന്നി….. അമ്മ പിന്നെയും നിർബന്ധം പിടിച്ചുകൊണ്ടിരുന്നു………… ഞാൻ വിചാരിച്ചു അമ്മാവൻ ഇങ്ങോട്ടു വന്നു ആലോചിച്ചതാവുമെന്നു…….. അല്ല…….. അമ്മ അങ്ങോട്ട് പോയി ചോദിച്ചതാണ് അവളെ എനിക്കുവേണ്ടി….അതും എന്നോട് ഒരു വാക്ക് ചോദിക്കാതെ…….. ഈ അമ്മയുടെ ഒരു കാര്യം.. ………കുറെ നിർബന്ധം പിടിച്ച് നോക്കി……. കഴിക്കാതെ ഇരുന്നു നോക്കി…… മയത്തിൽ പറഞ്ഞു നോക്കി……. അമ്മക്ക് അവളെ മാത്രം മതി…….. നല്ല കുട്ടിയാണത്രെ…….. ശിവ മോള്… അതെയതെ…….. ഞാൻ നേരിൽ കണ്ടതാണല്ലോ ആ നല്ലകുട്ടിയുടെ ലീലാവിലാസങ്ങൾ………അഴിഞ്ഞാടി നടക്കുന്ന നാശം………അച്ചു ഓർത്തു.. ഞാൻ അങ്ങോട്ടു കാണിച്ച അടവുകളൊക്കെയും അമ്മ തിരിച്ചു എനിക്കിട്ട് പ്രയോഗിക്കാൻ തുടങ്ങി……..
ഇപ്പോൾ ഭക്ഷണം കഴിക്കാതെയുള്ള നിരാഹാരത്തിലാ……. ഒരുതരത്തിൽ കേൾക്കുന്നില്ല……. കണ്ണീരു വേറെയും……..അതുമാത്രം സഹിക്കാൻ കഴിയില്ല……… ഒടുവിൽ അച്ഛന്റെ അസ്ഥിതറയിൽ ഇരുന്നു മൂക്ക് പിഴിയുന്ന കണ്ടപ്പോൾ അവസാനം ഞാൻ സമ്മതിച്ചു…… ആ കുരിശെടുത്തു തലയിൽ വക്കാൻ…….. അമ്മയുടെ സന്തോഷത്തിനു വേണ്ടി മാത്രം….. കല്യാണം കഴിഞ് അവളെ അടുത്തറിയുമ്പോൾ നിന്റെയീ വാശിയൊക്കെ പൊക്കോളും…….. പാവമാടാ എന്റെ മോൾ……….. എനിക്ക് വേണം അവളെ…അമ്മ പറഞ്ഞു…… ഇനിയെന്ത് അടുത്തറിയാനാ ആ മോളെ …… ഇതിൽ കൂടുതൽ…… പെണ്ണുകാണലും നിച്ഛയവും കഴിഞ്ഞു……. ഒന്നിനും ഒരു ഉത്സാഹം കാണിച്ചില്ല….. അവൾ ഓടിച്ചാടി നടപ്പുണ്ട്……. അവൾക്കെന്താ…… പോയത് എന്റെ ജീവിതമല്ലേ എല്ലാവരുടെയും വാശി കാരണം………….എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു…… അമ്മാവൻ തനിയെ ആണെന്ന് അറിഞ്ഞിട്ടു കൂടി ഒന്ന് അങ്ങോട്ട് പോയി സഹായിക്കാൻ മനസ്സ് സമ്മതിച്ചില്ല…… ഒരു പരാതിയും അമ്മാവനോ അമ്മയോ പറഞ്ഞും കേട്ടില്ല….. കല്യാണത്തിനും കണ്ടു കുറെ കോപ്രായങ്ങൾ…… അവളും കുറെ തല തെറിച്ചതുങ്ങളും സെൽഫി എന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ…… അവളുടെ കൈ ഇപ്പോഴും രണ്ടവന്മാരുടെ തോളത്താ……… താലി കെട്ടാൻ സമയമായി….. പെണ്ണിനെ വിളിച്ചോളാൻ പറഞ്ഞപ്പോൾ ദേ വരുന്നു അടുത്ത മാരണം…….അവളും കൂടെ ഉള്ളവരും ഡാൻസ് കളിച്ചോണ്ട്……. ഇതെന്താ കളി എന്നുള്ള രീതിയിൽ നാട്ടുകാർ നോക്കി നില്കുന്നു……..
താലവും പിടിച്ചു തലയും താഴ്ത്തി സ്വർണത്തിൽ പൊതിഞ്ഞു വരുന്ന ഒരു പെണ്ണിനെ പ്രതീക്ഷിച്ച എല്ലാവർക്കും അതൊരു ഷോക്ക് ആയിപ്പോയി…… എനിക്കും…….. നാണക്കേട് കാരണം കൂട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥ……… എണീറ്റു ഓടാൻ തോന്നി…… താലി കെട്ടിയപ്പോൾ എനിക്കുണ്ടായ വിറയലിന്റെയും ടെൻഷന്റെയും ഒരംശം പോലും അവളുടെ മുഖത്തു ഞാൻ കണ്ടില്ല……….. നാണം എന്നു പറഞ്ഞ സാധനം തൊട്ടു തീണ്ടിയിട്ടില്ല…….. ദേഷ്യത്തിൽ അമ്മയുടെ മുഖത്തേക്ക് നോക്കി…… അവിടെ മുഖം തെളിഞ്ഞാണ് ഇരിക്കുന്നത്…….. വീട്ടിലേക്കു പോകാൻ നേരം അമ്മാവനെ കെട്ടിപ്പിടിച്ചു കണ്ണു നിറച്ചു നിന്നപ്പോൾ മാത്രമാണ് അവളൊരു പെണ്ണാണെന്നു തോന്നിയത്…….. ഓരോ കൂട്ടുകാരെയും ആണിനേയും പെണ്ണിനേയും കെട്ടിപ്പിടിച്ചു യാത്ര പറയുന്നതു കണ്ടപ്പോൾ പുച്ഛം തോന്നി……. നാട്ടുകാർ കണ്ടിട്ട് കണ്ണുമിഴിച്ചു നിൽപ്പുണ്ട്……. ഞങ്ങളെയും കെട്ടിപ്പിടിക്കുമായിരിക്കും എന്നോർത്ത് കോഴികൾ ഷർട്ട് ഒക്കെ നേരെയാക്കി നിൽപ്പുണ്ട്……… തെണ്ടികൾ….. അനിയത്തി പ്ലസ് വൺ ന് പുതിയ സ്കൂളിൽ ചേർന്നപ്പോൾ താൻ പറഞ്ഞു കൊടുത്തത് ഓർത്തു……..
ആണ്കുട്ടികളോട് അധികം കൂട്ടു വേണ്ട……… ശരീരത്തിൽ തൊട്ടുള്ള ഒരു കൂട്ടുകെട്ടും കളിയും വേണ്ടാ…. സ്വയം സൂക്ഷിച്ചോണം……. എന്നൊക്കെ……. വീട്ടിൽ വന്നിട്ടും അവൾ ഹാപ്പി ആയിരുന്നു…… എന്റെ സന്തോഷവും സമാധാനവും ആരോ കൊണ്ടുപോയതുപോലെ………. ആദ്യരാത്രിയിൽ അവൾ വരുന്നതിനു മുൻപ് കയറിക്കിടന്നുറങ്ങി……. ഇടക്കെപ്പോഴോ ഉണർന്നപ്പോൾ കട്ടിലിന്റെ ഒരു സൈഡിൽ കിടക്കുന്നതു കണ്ടു…….. എന്തെങ്കിലും ചെയ്യട്ടെ…….. രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടതുമില്ല……. എവിടേലും പോകട്ടെ……. അവളെ കാണാതിരിക്കുമ്പോൾ കുറച്ചു സമാധാനം തോന്നുന്നുണ്ട്……. ആരോടും പറയാതെ കൃഷി നനക്കാൻ പോയി……. അവിടെ ഉള്ളവർ തന്നെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നു…. ചിരിക്കുന്നു…….താനാണ് ചർച്ചാവിഷയം എന്നു മനസ്സിലായി………. അച്ചുവിന് വല്ലാത്ത ദേഷ്യം തോന്നി……. ആ ദേഷ്യം മുഴുവൻ ചീരക്കും ഇഞ്ചിക്കും കിളച്ചുകൊടുത്തു തീർത്തു……
വെയിൽ മൂത്തപ്പോൾ ക്ഷീണം തോന്നി…..രാവിലെ ഒന്നും കഴിക്കാതെയാ ഇറങ്ങിയത്………. . പണി നിർത്തി കയറി……. ദേ മുന്നിൽ നിൽക്കുന്നു ശിവ…… കയ്യിൽ ഒരു പാത്രം ഉണ്ട്…… മോരും വെള്ളം ആവും……. ഈ സമയം അതാണ് പതിവ്……. അമ്മ കൊടുത്തു വിട്ടതാവണം……. കൃഷി എല്ലാം നോക്കിക്കാണുവാണ്……. അത്ഭുതത്തോടെ……… മോര് തന്റെ നേർക്കു നീട്ടി……… അതു ശ്രദ്ധിക്കാതെ അവളെ നോക്കാതെ ഞാൻ കടന്നു പോയി……… അതും കണ്ടു പണിക്കാർ…… അടക്കി ചിരിക്കുന്നുണ്ട്…… ഇവൾക്ക് വീട്ടിലെങ്ങാനും ഇരുന്നാൽ പോരേ…….. ഇവിടെയും സമാധാനം തരില്ലെന്ന് വച്ചാൽ……. ഉടനെ വരും….

by