17/04/2026

ശ്രുതി : ഭാഗം 35

രചന – ഭദ്ര രുദ്ര

ഇല്ല ശ്രുതി , നീ തനിച്ചല്ല . നിന്റെ കൂടെ എന്നും ഈ ഞാൻ ഉണ്ടാവും , നിനക്കെന്നും ഒരു കാവലായി . എന്നെങ്കിലും നിനക്ക് നിന്നെ കുറിച്ച് എന്നോട് പറയണം എന്ന് തോന്നുകയാണെങ്കിൽ മാത്രം എനിക്ക് നിന്റെ പാസ്ററ് അറിഞ്ഞാൽ മതി . കാരണം , ഞാൻ അതൊന്നും അറിയാതെയാണ് നിന്നെ സ്നേഹിച്ചത് . ഇപ്പോഴും സ്നേഹിക്കുന്നതും അങ്ങനെ തന്നെയാണ് . എന്നെ സംബന്ധിച്ചിടത്തോളം , നിന്നെ വേട്ടയാടുന്ന നിന്റെ ഭൂതകാലത്തിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് . ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കില്ല . ഇത് ഈ ആർമി ശ്രുതിക്ക് തരുന്ന വാക്കാണ് … അത്രയും പറഞ്ഞു ഞാൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി നേരെ മഞ്ചമുറി ലക്ഷ്യമാക്കി നടന്നു .

. ആ മുറിയുടെ താക്കോൽ എന്റെ കയ്യിൽ ആയിരുന്നു . ഈ കൊട്ടാരത്തിലെ തന്നെ ഏറ്റവും വലിയ മുറി എന്റെതാണെന്നു ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും . ശരിക്കും ഏറ്റവും വലിയ റൂം മഞ്ചമുറി തന്നെയാണ് . അവിടെയാണ് പണ്ടത്തെ കൊട്ടാരത്തിലെ ഓട്ടു പാത്രങ്ങളും മറ്റു വിലപിടിപ്പുള്ള സാമഗ്രികളും , ആഭരണ പെട്ടികളും മറ്റും സൂക്ഷിച്ചിരുന്നത് . ആ റൂമിൽ മുഴുവൻ പൊടിപിടിച്ച കിടക്കുകയായിരുന്നു . അവിടെ എന്റെ പഴയ പെട്ടി ഉണ്ടായിരുന്നു . ഞാൻ പതിയെ ആ പെട്ടിയുടെ അടുത്തേക്ക് നടന്നു . തേക്ക് കൊണ്ട് ഉണ്ടാക്കിയ ഒരു ഒന്നാന്തരം പെട്ടി ആയിരുന്നു അത് . ആ പെട്ടി തുറന്നപ്പോൾ അതിൽ എന്റെ ബാല്യകാല സ്മരണകൾ ഒരുപാട് ഉണ്ടായിരുന്നു . കൂട്ടത്തിൽ ഒരു ചുവന്ന തുണി കൊണ്ട് പൊതിഞ്ഞു കിഴിയും . ഞാനാ കിഴി കയ്യിലെടുക്കുമ്പോൾ തന്നെ അതിനുള്ളിൽ നിന്നും ചിലങ്കയോട് സാമ്യമുള്ള ശബ്ദങ്ങൾ പുറത്തുവന്നിരുന്നു .

പതിയെ ഞാൻ ആ ചുവന്ന തുണിയുടെ കെട്ടഴിച്ചു. അതിൽ ഒരുപാട് മണികൾ ഉള്ള വീതി കൂടിയ പലതരം വാക്കുകളോട് കൂടിയ സ്വർണ പാദസരം ആയിരുന്നു . ചിലങ്ക യെക്കാൾ ശബ്ദമുള്ള അതിന് ഭാരം ചിലങ്കയെ അപേക്ഷിച്ച് കുറവായിരുന്നു . ആ കൊലുസുകൾ എന്റെ കയ്യിൽ എടുത്തപ്പോൾ തന്നെ എനിക്ക് ബാല്യകാലത്തിൽ എന്റെ അച്ഛന്റെ മുത്തശ്ശി എന്നോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു . ഇത് മുത്തശ്ശി വരും തലമുറയിലെ ആദ്യത്തെ പെൺകുട്ടിക്ക് വേണ്ടി പണികഴിപ്പിചതാണത്രേ , പക്ഷേ നിർഭാഗ്യവശാൽ ആ തലമുറയിൽ ആദ്യം ഉണ്ടായത് ഞാനാണ് . അതിനാൽ ഇനി ഇത് എന്റെ ഭാവി വധുവിനു നൽകാനാണ് മുത്തശ്ശി എന്നോട് പറഞ്ഞത് .

മുത്തശ്ശി പണ്ട് എന്നോട് പറഞ്ഞതു പോലെ ഞാനീ കൊലുസ് ഇന്ന് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾക്ക് കൊടുക്കാൻ തീരുമാനിച്ചു . ഞാൻ ആ കൊലുസ് കയ്യിലെടുത്തു നേരെ എന്റെ റൂമിലേക്ക് പോയി . കട്ടിലിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതച്ച് മൂടി കിടക്കുന്ന ശ്രുതിയെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു മന്ദസ്മിതം വിരിഞ്ഞു . ഞാൻ പതിയെ അവളുടെ കാൽച്ചുവട്ടിൽ പോയിരുന്നു . എന്നിട്ട് അവളുടെ വെളുത്തു തുടുത്ത കാൽപാദങ്ങൾ എടുത്തു എന്റെ മടിയിൽ വച്ചതിനു ശേഷം , എന്റെ കയ്യിലിരുന്ന കൊലുസ് അവളുടെ രണ്ടു കാലുകളിലേക്കും അണിയിച്ചു . ആ സ്വർണ്ണകൊലുസ് ശരിക്കും അവളുടെ കാലുകൾ ഒന്നുകൂടി മനോഹരമാക്കി . അവൾ ഒന്നും അറിയാതെ നല്ല ഉറക്കത്തിലാണ് . അതുകൊണ്ടുതന്നെ ഞാൻ അവളെ ശല്യം ചെയ്യാതെ പതിയെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി .

ഈ കാഴ്ചകൾ എല്ലാം കണ്ടു റൂമിന് പുറത്ത് രണ്ടുപേർ നിൽക്കുന്നുണ്ടായിരുന്നു . അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞു കൊണ്ട് എന്നെ നോക്കി ചിരിക്കാൻ തുടങ്ങി . അത് വേറെ ആരുമല്ല , പവിഴവും മുരുകണ്ണനും ആയിരുന്നു .
ഞാൻ അവരുടെ അടുത്തേക്ക് ചെന്നപ്പോൾ രണ്ടുപേരും ഒന്നു പരുങ്ങി . അവർക്ക് എന്നോട് എന്തോ ചോദിക്കണമെന്നുണ്ട് , പക്ഷേ എന്തുകൊണ്ടോ ചോദിക്കുന്നില്ല . അവർക്ക് എന്താവും എന്നിൽനിന്നും അറിയേണ്ടത് . ഞാൻ മുരുകനെയും കുട്ടി പുറത്തേക്കിറങ്ങി , അവിടെയുള്ള മാർക്കറ്റിൽ ഒക്കെ പോയി കുറച്ച് സാധനങ്ങൾ വാങ്ങി . ഒപ്പം ശ്രുതിക്കും കുറച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങി . അതു കണ്ടപ്പോൾ മുരുകൻ എന്നെ ഒന്ന് അടിമുടി നോക്കി . മുരുകനും പഴത്തിനും എന്തോ ഒരു സംശയമുണ്ട് , പക്ഷേ അത് എന്നോട് ചോദിക്കാൻ അവർ തയ്യാറാകുന്നില്ല . അതെന്താന്ന് ഞാൻ തന്നെ കണ്ടു പിടിച്ചോളാം .

മാർക്കറ്റിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ശ്രുതി റൂമിൽ ഉണ്ടായിരുന്നില്ല . ഇവൾ ഇതെവിടെ പോയി എന്ന് ആലോചിച്ച് ഞാൻ അവിടെ മുഴുവൻ അരിച്ചു പെറുക്കാൻ തുടങ്ങി , അപ്പോഴാണ് അടുക്കളയിൽ നിന്ന് കൊലുസിട്ട ശബ്ദവും ഒപ്പം ഒരു പൊട്ടിച്ചിരിയും കേട്ടത് . ഞാൻ പോയി നോക്കുമ്പോൾ പവിഴവും ശ്രുതിയും കഥ പറഞ്ഞു ചിരിക്കുകയാണ് . ആഹാ ഇവർ ഇത്ര പെട്ടെന്ന് കൂട്ടായോ , അതെന്തായാലും നന്നായി .
എന്നെ കണ്ട പാട് പവിഴം എന്നെ നന്നായി നോക്കി ചിരിച്ചു . എന്തോ ആ ചിരിക്കു ഒരു വശപ്പിശക് പോലെ എനിക്ക് തോന്നി . ഞാൻ ശ്രുതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കും ഉണ്ട് ഒരു കള്ളച്ചിരി . അവളുടെ ചിരിയടക്കാൻ നന്നായി പാടുന്നുണ്ടായിരുന്നു .

” എന്താ ശ്രുതി ഇത്ര ചിരിക്കാൻ , എന്നോടുകൂടി പറ ഞാനും ഒന്ന് ചിരിക്കട്ടെ ”

” ഏയ്‌ ഒന്നുമില്ല അഭിയേട്ടാ , ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞു ചിരിച്ചതാ ”

” ഓ ആയിക്കോട്ടെ , അല്ല ശ്രുതി നിന്റെ അസുഖമൊക്കെ മാറിയോ , ഇപ്പൊ എങ്ങനെയുണ്ട് ”

” പവിഴം നല്ല അടിപൊളി ഒരു ചുക്കുകാപ്പി തന്നിരുന്നു . അത് കുടിച്ചപ്പോൾ തന്നെ എന്റെ പനി പമ്പകടന്നു . ”

” ആഹാ ഇപ്പോൾ ആ പഴയ ശ്രുതി ആയല്ലോ ”

” പിന്നല്ല 😊 ”

” ശ്രുതി താനെന്ന് വന്നേ ഒരു കാര്യം ചോദിക്കട്ടെ ”

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ തന്നെ ശ്രുതി എന്റെ പിറകെ വന്നു . അപ്പോഴും പവിഴം ഞങ്ങളെ നോക്കി ചിരിക്കുകയായിരുന്നു . ഈ പവിഴ ത്തിന് എന്താ പറ്റിയത് ? ഇനി ഇവളുടെ കൂടെ കൂടി വട്ടായോ ? ആർക്കറിയാം .

” എന്തിനാ ആർമി എന്നെ വിളിച്ചത് ? ”

” പവിഴ ത്തിന്റെ മുന്നിൽനിന്നും അഭിയേട്ടാ എന്നും , ആരുമില്ലാത്തപ്പോൾ ആർമി എന്നും . ഇവൾക്കെന്താ വട്ടായോ ”

മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും അറിയാതെ തന്നെ പുറത്തേക്കു വന്നു .

” ആർക്കാ വട്ടാകുന്നത് എന്നൊക്കെ നമുക്ക് കണ്ടറിയാം . അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ”

” എന്താ ചോദിച്ചോളൂ ”

” ഈ കൊലുസ് എന്തിനാ എന്റെ കാലിൽ ഇട്ടു തന്നത് ”

” ഇത് ഇവിടെ ഒരുപാട് വർഷം ആയി കിടക്കുന്നു . ഞാൻ ഒരു ആൺകുട്ടി അതുകൊണ്ട് എനിക്ക് ഇത് ഇടാൻ പറ്റില്ലല്ലോ . അതുകൊണ്ടാണ് നിനക്ക് ഇട്ടു തന്നത് . എന്താ നിനക്ക് ഇഷ്ടപ്പെട്ടില്ലേ ? ”

.” കൊലുസ് എനിക്ക് ഒരുപാട് ഇഷ്ടമായി . ഒരുപാട് കാലമായി ഇതുപോലെ ഒരെണ്ണം വാങ്ങണം എന്ന് ഞാൻ മനസ്സിൽ വിചാരിക്കുന്നു . പിന്നെന്തുകൊണ്ടോ വാങ്ങാൻ തോന്നിയില്ല . ”

” ശ്രുതി ഇനിയൊരിക്കലും നീ ഈ കൊലുസ് അഴിച്ചു വയ്ക്കരുത് . ഇതെന്നും നിന്റെ കാലിൽ കാണണം ”

” ആലോചിക്കട്ടെ 😉 ”

അതും പറഞ്ഞ് അവൾ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് റൂമിൽ നിന്നും പോകാൻ തുടങ്ങി , ഇവൾ എന്തോ ഉള്ളിൽ വെച്ച് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് . അതെന്താണെന്ന് ചോദിച്ചിട്ട് തന്നെ കാര്യം .

” ശ്രുതി , എന്താ ഇവിടെ നടക്കുന്നത് ? ”

” എന്ത് , എനിക്കൊന്നും മനസ്സിലായില്ല ”

” എന്തിനാ , പവിഴം എന്നെ ആക്കിചിരിക്കുന്നത് ”

” അതെങ്ങനെ എനിക്ക് അറിയാനാ , ആർമി ഞാൻ വേറൊരു കാര്യം പറയാം .. ഇന്ന് പഴത്തിന്റെ മക്കൾ വരുന്നുണ്ട് . അതുകൊണ്ട് അടുക്കളയിൽ ഒരുപാട് പണിയുണ്ട് , ഞാൻ പഴത്തിനെ ഹെൽപ്പ് ചെയ്യാൻ പോകുവാ ”

അതും പറഞ്ഞ് തുള്ളിച്ചാടി അവൾ പുറത്തേക്ക് ഓടി . ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു . ഇത് എന്ത് സാധനം ആണ് എന്റെ ഈശോയെ . ഇതിനെ കൂടാതെ മൂന്നെണ്ണം കൂടി വരുന്നുണ്ട് ഇനി എന്താകുമോ ആവോ ,

ശ്രുതി അടുക്കളയിലേക്കു ചെല്ലുമ്പോൾ പവിഴം അവളെ നോക്കി ചിരിക്കുകയായിരുന്നു . അപ്പോൾ അവൾ തിരിച്ചു ഒരു പുഞ്ചിരി നൽകി . എന്നിട്ട് പഴത്തെ ഹെല്പ് ചെയ്യാൻ തുടങ്ങി . അല്പം കഴിഞ്ഞപ്പോൾ , പുറത്തു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു . പവിഴ ത്തിന്റെ മക്കൾ ലാൻഡ് ചെയ്തിരിക്കുന്നു . അവർ വന്നപാടെ എന്നെ കാണാൻ ഓടി വന്നിരിക്കുന്നു . അപ്പോൾ മുരുക അണ്ണൻ ഇവരോടെല്ലാം പറഞ്ഞു കാണും . മൂന്നു കുട്ടികളാണ് പഴത്തിനും മുരുകണ്ണനും . രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും . പെൺകുട്ടികളെ കാണാൻ പവിഴ ത്തെ പോലെ തന്നെയുണ്ട് , എന്നാൽ മോന് മുരുകണ്ണന്റെ ചായയാണ് .

അവർ വന്നപാടെ എന്നെ കളിക്കാൻ വിളിച്ചു കൊണ്ടുപോയി . അവരുടെ കൂട്ടത്തിൽ മൂത്തവൾ മീനാക്ഷി , മകന്റെ പേര് രക്തന വേൽ , ചെറിയവൾ മുത്തുലക്ഷ്മി . മുത്തുലക്ഷ്മി എന്നത് മുരുകണ്ണന്റെ അമ്മയുടെ പേരാണ് . അവരുടെ ഓർമ്മയ്ക്കായാണ് ചെറിയവൾക്ക് ആ പേരിട്ടത് . അവരെ , മീന , വേലു , മുത്തു , എന്നാണ് വിളിക്കുന്നത് . വന്നപ്പോൾ തന്നെ ഞാൻ അവരുമായി നല്ല കൂട്ടായി . അവർ കളിക്കാൻ പോകുമ്പോൾ എന്നെയും വിളിച്ചു . പുറത്തിറങ്ങിയപ്പോഴാണ് അവരെ കൂടാതെ അടുത്തുള്ള കുട്ടികളൊക്കെ കളിക്കാൻ വന്നിരിക്കുന്ന കാര്യം ഞാൻ അറിഞ്ഞത് . കക്കു കളി , കണ്ണുപൊത്തിക്കളി , കുളം കര , കൂട്ടതൊട്ടുകളി , അങ്ങനെയങ്ങനെ ഒരുപാട് കളികളുടെ പേര് പറഞ്ഞു . ഞാനിതൊക്കെ ആദ്യമായാണ് കേൾക്കുന്നത് . അതുകൊണ്ടുതന്നെ എനിക്ക് കളിക്കാൻ ഇൻട്രസ്റ്റ് കൂടി . അവസാനം കണ്ണുകെട്ടി കളിക്കാൻ തീരുമാനിച്ചു . എനിക്ക് കളിയെ കുറിച്ച് ഒന്നും അറിയാത്തതിനാൽ അവർ മൂന്നുപേരും ചേർന്ന് എനിക്ക് റൂൾസ് പറഞ്ഞു തരാൻ തുടങ്ങി .

” ഈ കളിയിൽ ഒരാൾ ക്യാച്ചർ ആയിരിക്കും . അയാളുടെ കണ്ണു ഒരു ഷോൾ കൊണ്ട് കെട്ടും . അത് കഴിഞ്ഞാൽ ഗെയിം തുടങ്ങും . നമ്മളെല്ലാവരും നാലു ദിക്കിൽ നിന്നും ശബ്ദം ഉണ്ടാക്കണം . ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് വരുന്ന ക്യാച്ചർ കൂട്ടത്തിലൊരാളെ പിടിച്ചാൽ പിന്നെ അയാളാണ് ക്യാച്ചർ . ”

” ഈ സംഭവം കൊള്ളാമല്ലോ . എന്തായാലും ഒന്ന് കളിച്ചു നോക്കാം . പക്ഷേ ഇതിൽ എങ്ങനെയാണ് ക്യാച്ചറിനെ നമ്മൾ കണ്ടു പിടിക്കുക ? ”

സംഭവം കേട്ട് എനിക്ക് ഇഷ്ടമായെങ്കിലും , പെട്ടെന്നാണ് എന്റെ ഉള്ളിൽ ഇങ്ങനെ ഒരു സംശയം ഉണ്ടായത് . എന്റെ സംശയത്തിനുള്ള ഉത്തരം തന്നത് വേലു ആയിരുന്നു .

” അതിനൊക്കെ വഴിയുണ്ട് , എല്ലാവരും വട്ടത്തിൽ നിൽക്കു , ഞാൻ കള്ളനെ കണ്ടു പിടിക്കാം . ”

അവന് നിർദ്ദേശപ്രകാരം ഞങ്ങളെല്ലാവരും വട്ടത്തിൽ നിന്നു . അപ്പോൾ അവൻ എല്ലാവരെയും എണ്ണി പാടാൻ തുടങ്ങി .

” അത്തള പിത്തള തവളാച്ചി …
മറിയം വന്നു വിളക്കൂതി …
തുഫ് തുഫ് തുഫ് ”

ഏറ്റവും അവസാനം ആരുടെ മേൽ ആണ് അവന്റെ കൈ പോയി പതിക്കുന്നത് , അവരാണ് കള്ളൻ . ഫസ്റ്റ് ചാൻസ് കിട്ടിയത് മുത്തുവിനായിരുന്നു . ആദ്യം തന്നെ ക്യാച്ചർ ആവാൻ അവൾക്ക് ഒട്ടും താൽപര്യമില്ലെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം . എന്നാലും മനസ്സിലാക്കുന്നതോടെ അവൾ അവളുടെ കണ്ണ് കെട്ടാൻ നിന്നുകൊടുത്തു . മീനു ആണ് അവളുടെ കണ്ണു കെട്ടിയത് . കളി തുടങ്ങിയപ്പോൾ ശരിക്കും ഹരം പിടിച്ചു തുടങ്ങിയിരുന്നു . എല്ലാവരും അവൾക്കു ചുറ്റും നിന്ന് പലതരത്തിലുള്ള ശബ്ദമുണ്ടാക്കാൻ തുടങ്ങിയിരുന്നു .

ഇവരുടെ ഈ കളികളെല്ലാം മുകളിൽ നിന്നുകൊണ്ട് ഒരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു . അത് വേറെ ആരും ആയിരുന്നില്ല നമ്മുടെ ആർമി ആയിരുന്നു . ശ്രുതി ആ കുട്ടികളുടെ കൂടെ കളിക്കുമ്പോൾ വളരെയധികം സന്തോഷവതിയായി ഇരിക്കുന്നത് എന്തുകൊണ്ടോ ആർമിയുടെ മനസ്സിന് വല്ലാത്ത സന്തോഷം പകർന്നു . എല്ലാവരും കൈകൊട്ടി ശബ്ദം ഉണ്ടാകുമ്പോൾ അവൾ അവളുടെ കാലിലെ കൊലുസ് കൊണ്ടാണ് ശബ്ദം ഉണ്ടാക്കിയത് . ശ്രുതി ഒഴികെ ബാക്കി എല്ലാവരും ക്യാച്ചർ ആയി കഴിഞ്ഞിരിക്കുന്നു . ഇവൾ മാത്രം എല്ലാവരിൽനിന്നും വഴുതിമാറി കളിക്കുന്നു . അതെങ്ങനെ ശരിയാവും , നിനക്ക് ഞാൻ ഒരു പണി തരാം ശ്രുതി . ആർമിയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു . അവൻ കളിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു . അപ്പോൾ ക്യാച്ചർ വേലു ആയിരുന്നു , ശ്രുതിയെ പതിയെ വേലുവിനു മുന്നിലേക്ക് ഇട്ട് കൊടുക്കാമെന്നാണ് താൻ ഉദ്ദേശിച്ചതെങ്കിലും അതൊക്കെ വെറുതെയായി . എന്റെ സകല പ്ലാനിങ്ങും തകർത്തു കൊണ്ടു വേലു എന്റെ കയ്യിൽ കയറി പിടിച്ചു . എന്നിട്ട് അവൻ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി .

” കള്ളനെ പിടിച്ചേ ……. ”

“അഭിയേട്ടനാണ് ഇനി കള്ളൻ ”

അതുപറഞ്ഞ് ശ്രുതി ഓടിവന്ന് എന്റെ കണ്ണുകെട്ടി . പണ്ടാരടങ്ങാൻ കണ്ണു കെട്ടിയിട്ട് ഒരു കുന്തവും കാണുന്നില്ല . പിള്ളേരൊക്കെ നാലു ഭാഗത്തുനിന്നും ശബ്ദം ഉണ്ടാക്കുന്നുണ്ട് . പക്ഷേ എന്റെ കാതുകൾ ശ്രദ്ധ കൊടുത്തത് ആ കൊലുസിന്റെ ശബ്ദത്തിലായിരുന്നു . ഞാനാ ശബ്ദം തന്നെ കാതോർത്തിരുന്നു . ആ ശബ്ദം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി കൊണ്ടിരിക്കുകയാണ് . പെട്ടെന്ന് അവൾ എന്റെ അടുത്ത് കൂടെ പാസ്സ് ചെയ്ത ഉടൻ ഞാൻ അവളുടെ കയ്യിൽ പിടിമുറുക്കി .

” അഭിയേട്ടൻ ശ്രുതി ചേച്ചിയെ പിടിച്ചേ ….. ”

എന്നും പറഞ്ഞ് പിള്ളേര് ആർപ്പു വിളിക്കാൻ തുടങ്ങി . അതിനുശേഷം അവരെന്നെയും ശ്രുതിയും ഒരു വട്ടത്തിൽ ഉള്ളിലാക്കി എന്നതുപോലെ ഞങ്ങൾക്ക് ചുറ്റും കൈകോർത്തുപിടിച്ച് കറങ്ങാൻ തുടങ്ങി . മുരുകനും പവിഴവും ഇത് നോക്കി ചിരിക്കുകയായിരുന്നു . അവരെ കൂടാതെ ഒരാൾ കൂടി ഇതെല്ലാം കണ്ടു ശ്രുതിയെ തന്നെ ഒറ്റു നോക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു ………………..

അയാൾ പവിഴത്തിന്റെയും മുരുകന്റെയും അടുത്തേക്ക് ചലിക്കാൻ തുടങ്ങി . എന്നിട്ട് ശ്രുതിയെ ചൂണ്ടിക്കാണിച്ച് എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി . അവർ അതിനുള്ള മറുപടിയും കൊടുത്തു . ആൾക്കുവേണ്ട ഉത്തരം കിട്ടിയതിനുശേഷം , അയാൾ ബംഗ്ലാവിന് ഗേറ്റ് കടന്ന് പോയി . പോകുമ്പോഴും അയാൾ ഇടയ്ക്കിടയ്ക്ക് ശ്രുതിയെ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു . ഞങ്ങൾ ഇതൊന്നുമറിയാതെ ആർത്തുല്ലസിക്കുകയായിരുന്നു .

( തുടരും )