20/04/2026

പ്രണയമഴ : ഭാഗം 30

രചന – മിത്രവിന്ദ

 

ഹരി ഫോണിൽ സംസാരിച്ചിട്ട് വന്നപ്പോളും അവൾ അതെ പോലെ നിൽപ്പുണ്ട്…

” അവൻ അടുത്തേക്ക് വന്നതും, ഗൗരി അവനെ വിളിച്ചു

ഇന്നലെ രാത്രിയിലും ഹരി എന്നോട് മോശമായി പെരുമാറി. അപ്പോൾ ഞാൻ ക്ഷമിച്ചു.. പക്ഷേ ഇന്ന് ഹരി വീണ്ടും… എനിക്ക് ഇങ്ങനെ തുടരാൻ താല്പര്യം ഇല്ല… ഹരി… എനിക്ക് ഇയാളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.. എന്റെ ഭർത്താവായി കാണാൻ എനിക്ക് സാധിക്കില്ല…നിങ്ങളോട് പ്രതികാരം ചെയ്യണം എന്ന് കരുതി ആണ് ഞാൻ നിങ്ങളും ആയിട്ട് ഉള്ള വിവാഹത്തിന് സമ്മതിച്ചത്.. പക്ഷെ അത് എന്റെ തെറ്റായ തീരുമാനം ആയിരുന്നു എന്ന് എനിക്ക് ഇപ്പോൾ മനസിലായി…. എനിക്ക് നിങ്ങളെ കാണുന്നത് പോലും വെറുപ്പ് ആണ്… അറപ്പ് ആണ്….അതുകൊണ്ട് പ്ലീസ് ഹരി… എന്നെ വെറുതെ വിടണം….”

അവൾ ഹരിയുടെ മുൻപിൽ ഇരുകൈകളും കൂപ്പി നിന്നു…

ഹരി അവളെ നോക്കി..

കണ്ണു തുടയ്ക്ക് ഗൗരി… ആരെങ്കിലും കാണും… അവൻ മെല്ലെ പറഞ്ഞു..

എനിക്ക് ഇന്നത്തോടെ അറിയണം.. എന്താണ് നിങ്ങളുടെ ഉദ്ദേശ്യം…. എന്റെ… എന്റെ ശരീരം ആണോ നിങ്ങൾക്ക് വേണ്ടത്.. പറ… പറയാൻ… അവൾ അവന്റെ ഇരു തോളിലും പിടിച്ചു കുലുക്കി..

ഗൗരി… നീ ഒന്ന് അടങ്ങു… ഇത് എന്തൊക്കെ ആണ് വിളിച്ചു കൂവുന്നത്…അവൻ അവളുട കൈ പിടിച്ചു ഊക്കോടെ വലിച്ചെറിഞ്ഞു..

എന്താ ഞാൻ പറഞ്ഞത് ശരി അല്ലെ… അല്ലെന്നു….

നിനക്ക് എന്തിന്റെ കേട് ആണ്.. ചുമ്മാ ഓരോന്ന് വിളിച്ചു കൂവുവാ…

അവൻ അവളെ അനുനയിപ്പിക്കാൻ നോക്കി..

തന്നോട് പ്രതികാരം ചെയ്യാൻ വന്നവൾ ആണ്.. അവൾക്ക് വെറുപ്പാണ്.. അറപ്പാണ്……അവളുടെ ശരീരം ആണോ വേണ്ടതെന്നു….

ഗൗരി…

… അവൻ പെട്ടന്ന് സമചിത്തതയോടെ അവളെ വിളിച്ചു..

എടൊ… ഇന്ന് കാലത്തെ അച്ഛൻ ചോദിച്ചു നമ്മൾ തമ്മിൽ സ്നേഹിച്ചു വിവാഹം കഴിച്ചവർ തന്നെ ആണോ എന്ന്… താൻ എന്നോട് മിണ്ടുന്നില്ല…. നോക്കുന്നില്ല.. എന്നെ കാണുന്നത് പേടിയോടെ ആണ് എന്നൊക്കെ അച്ഛൻ പറഞ്ഞു…. അതുകൊണ്ട് അച്ഛന് എന്തൊക്കെയോ സംശയം പോലെ…. അച്ഛന്റെ ഒപ്പം അമ്മയും ഉണ്ടായിരുന്നു.. അമ്മ പക്ഷെ ഒന്നും ചോദിച്ചില്ല….

ഒക്കെ അച്ഛന്റെ തോന്നൽ ആകും എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നു എസ്‌കേപ് ആയതു….

റൂമിന്റെ ഡോർ ലോക്ക് ഇപ്പോൾ അല്ലായിരുന്നു… അമ്മ കേറി വരുന്നത് കണ്ടപ്പോൾ ഞാനും അല്പം പേടിച്ചു.കുറച്ചു മുൻപു നമ്മൾ തമ്മിൽ പറഞ്ഞത് എങ്ങാനും അമ്മ കേട്ടിട്ടുണ്ടോ എന്ന് ഞാൻ ഭയപ്പെട്ടു.. അമ്മയെ കാണിക്കാൻ ആണ് ഞാൻ അങ്ങനെ ചെയ്തത്… അല്ലാതെ വേറെ ഒന്നും വെച്ച് കൊണ്ട് അല്ല…

മറ്റെങ്ങോ നോക്കി കൊണ്ട് തന്റെ മുൻപിൽ നിന്നു കുമ്പസാരിക്കുന്ന ഹരിയെ ഗൗരി
നോക്കി..

അവൻ പറയുന്നത് സത്യം ആണ് എന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി..

“ഹരി… താൻ പഠിച്ച കള്ളനാണ്… ഇങ്ങനെ ഓരോന്ന് പറഞ്ഞു എന്റെ മനസ്സിൽ കയറി കൂടാം എന്ന് വെറുതെ മോഹിക്കേണ്ട… ഈ ഗൗരി ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല… …”മിഴിനീർ തുടച്ചു മാറ്റി കൊണ്ട് വീറോടെ പറയുക ആണ് ഗൗരി..

ഗൗരി…. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു…. വിശ്വസിക്കാം…. വിശ്വസിക്കാതിരിക്കാം… ഒക്കെ തന്റെ ഇഷ്ടം…..ഒരു പെണ്ണിന്റെ സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്ന് അല്ല എന്ന് എനിക്ക് അറിയാം….ദമ്പത്യത്തിൽ ഏറ്റവും ആവശ്യം പരസ്പരം ഉള്ള വിശ്വാസവും വിട്ടു വീഴ്ചയും ആണ്.. നമ്മൾ തമ്മിൽ അതിന്റ ആവശ്യം ഉണ്ടന്ന് ഞാൻ കരുതുന്നും ഇല്ല…. കാരണം എവിടെ നിന്നോ പറന്നു വന്നു വീണ്ടും ദൂരേക്ക് പറന്നു അകന്നു പോകുന്ന ഒരു അപ്പൂപ്പൻ താടി പോലെ ആണ് നീയ്…. തനിക്ക് തന്റെ ഇഷ്ടത്തിന് ഒത്തു ആരുടെ ഒപ്പം വേണമെങ്കിലും ജീവിക്കാടോ… ഹരി തന്റെ മുന്നിൽ ഒരു വേലി തീർക്കില്ല… അത് ഉറപ്പ്…

“ഉറപ്പാണോ… നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ ഒക്കെ പറയാൻ…. എന്നിട്ടാണോ നിങ്ങൾ അന്ന് എന്നെ….. ചെ…..”പറയും തോറും അവളിലെ അഗ്നി ആളി കത്തി..

ഗൗരി പ്ലീസ്… ആരെങ്കിലും കേൾക്കും…

കേട്ടാൽ എനിക്കെന്താ…. അറിയട്ടെ… എല്ലാവരും അറിയട്ടെ… നിങ്ങളുടെ ഉള്ളിലെ മുഖം മൂടി അണിഞ്ഞ ചെന്നായയെ എല്ലാവരും കാണട്ടെ…

തനിക്ക് ഇപ്പോൾ എന്താണ് വേണ്ടത്…. അവന്റെ അടുത്തേക്ക് പോകണോ…നീ പൊയ്ക്കോ… ഇവിടെ ആരും നിന്നെ തടയില്ല…

അത് എന്റെ ഇഷ്ടം… അതിന് എനിക്ക് നിങ്ങളുട ഔദാര്യം വേണ്ട…. നിങ്ങൾ എന്നോട് എന്താണ് പറഞ്ഞത് നിങ്ങളുടെ എച്ചിൽ ആയിരിക്കും എന്റെ കാമുകന് കിട്ടുന്നത് എന്ന് അല്ലെ.. നിങ്ങൾക്ക് ഒരു ഉളുപ്പും ഇല്ലേ ഇങ്ങനെ ഒക്കെ പറയാൻ…

കുറച്ചു മുന്നേ കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ കൈ കൂപ്പിയ പെണ്ണ് അല്ല ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് അവനു തോന്നി… ഇത്രമാത്രം പറയാനായി അവളുടെ ഉള്ളിൽ തന്നോട് എന്തൊരു വെറുപ്പ് ആയിരിക്കും ഉള്ളത്…. അവൻ ഓർത്തു.

ഗൗരി… ഇവിടെ ആർക്കും ഒരു സംശയം തോന്നരുത്…. തോന്നിയാൽ അത് എനിക്കും തനിക്കും ഒരുപോലെ പ്രശ്നം ആകും.. കുറച്ചു മാസങ്ങൾ എങ്കിലും അവർ ആരും ഒന്നും അറിയരുത് എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

നോക്കീം കണ്ടും ഒന്ന് നിന്നാൽ മതി…. തന്റെ പ്രായം കഴിഞ്ഞു വന്നവർ ആണ് അമ്മയും മുത്തശ്ശി യും ഒക്കെ… അച്ഛന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് സംശയം തോന്നി എങ്കിൽ അതിന് കാരണo താൻ ഒരാൾ ആണ്….

അവളോട് അത് പറഞ്ഞു കൊണ് ഹരി മുറി വിട്ട് ഇറങ്ങി…

ഗൗരി കുറച്ചു സമയം ബെഡിൽ ഇരുന്നു…

എന്ത് ചെയ്യണം എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ യിൽ ആയിരുന്നു അവൾ..

അപ്പോൾ അച്ഛൻ ചോദിച്ചത് സത്യം ആണോ….ഹരി ഇത്രയും സീരിയസ് ആയിട്ട് പറയുന്നു എങ്കിൽ അവർക്കിടയിൽ തന്നെ കുറിച്ച് സംസാരിച്ചതായി അവൾക്ക് തോന്നി..

എന്നാലും ഹരിയിൽ നിന്നു അങ്ങനെ ഒരു പ്രവർത്തി ഉണ്ടായതിന്റെ ഞെട്ടൽ ഇപ്പോളും അവളിൽ അവശേഷിച്ചു..

കുറച്ചു സമയം കഴിഞ്ഞു

അവളും മുറിയിൽ നിന്ന് ഇറങ്ങി പോയി..

ഇനി മുറിയിൽത്തന്നെ ചടഞ്ഞു ഇരുന്നാൽ ശരി ആകില്ല എന്ന് അവൾക്ക് അറിയാം..

സ്റ്റെപ് ഇറങ്ങി വന്നപ്പോൾ കണ്ടു. ഹാളിൽ സെറ്റിയിൽ വെറുതെ കിടക്കുന്ന ഹരിയെ ..ടീവി വെറുതെ പ്ലേ ചെയ്ത് വെച്ചിട്ടുണ്ട്

അവന്റെ മനസ് ഇവിടെ അല്ല എന്നു കാണുന്ന ആർക്കും തോന്നും…

മുത്തശ്ശി അവന്റെ അടുത്തേക്ക് വന്നു..അവന്റ സമീപത്തായി ഇരുന്നു

ഹരി….

“എന്താ മുത്തശ്ശി..”

“നിന്റെ മുഖം എന്താ വല്ലാതെ…. സുഖം ഇല്ലേ മോനെ നിനക്ക് ”

“ചെറിയ തലവേദന ഉണ്ട്… അതാവും മുത്തശ്ശിക്ക് തോന്നുന്നത്….”അവൻ അവരുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നു..

“ബാം എന്തെങ്കിലും വേണോ ഹരി…”അവരുടെ സംസാരം കേട്ട് കൊണ്ട് വന്ന ഗൗരി ചോദിച്ചു… മുത്തശ്ശിയുടെ കണ്ണുകൾ അവനെ സംശയത്തോടെ നോക്കുന്നത് പോലെ അവൾക്ക് തോന്നി..

വേണ്ടെടോ… കുറച്ചു കഴിയുമ്പോൾ മാറും…. സിസ്റ്റത്തിൽ നോക്കി ഇരുന്നിട്ട് ആണ്… അവൻ പറഞ്ഞു..

മോളെ ഗൗരി… ഇത് അവനു പുരട്ടി കൊടുക്ക്….ദേവി അവളുടെ കൈലേക്ക് കൊണ്ട് വന്നു ബാം കൊടുത്തതും അവൾ പെട്ടന്ന് വല്ലാതെ ആയി..

അത് വേണ്ടമ്മാ..എനിക്ക് ആ സ്മെൽ പിടിക്കത്തില്ല .. കുറച്ചു കഴിഞ്ഞു മാറും… അവൻ വീണ്ടും പറഞ്ഞു..

അവൻ മുത്തശ്ശിയുടെ മടിയിൽ കണ്ണുകൾ അടച്ചു കിടന്നു..

അല്പം നിമിഷം കഴിഞ്ഞതും തണുത്തുറഞ്ഞ വിരലുകൾ അവന്റെ നെറ്റിയിൽ കൂടെ ഇഴഞ്ഞു നീങ്ങി….

അവൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ഗൗരി അവന്റെ അരികിൽ മുട്ട് കുത്തി ഇരിക്കുന്നു..

അവളുട ശ്വാസനിശ്വാസം പോലും അവനു കേൾക്കാമായിരുന്നു..പേടിച്ചു ഇരിക്കുക ആണ് അവൾ..

അവളുടെ കൈകൾ വിറ കൊള്ളുക ആണ് എന്ന് അവനു തോന്നി..

മുത്തശ്ശി യുടെ മടിയിൽ നിന്ന് അവൻ എഴുനേറ്റ്..

മതി ഗൗരി.. കുഴപ്പമില്ല…. താൻ പോയി കൈ കഴുകു… ഇനി അത് കണ്ണിലെങ്ങാനും പറ്റിയാൽ..അവൻ പറഞ്ഞു..

എന്റെ കൃഷ്ണാ.. ഈ കുട്ടിക്ക് എന്തൊരു പേടി ആണ്… അവളുടെ കൈകൾ കിലു കിലാന്ന് വിറയ്ക്കുക ആയിരുന്നു മോനെ….. ഗൗരി കൈ കഴുകാൻ പോയതും മുത്തശ്ശി പതുക്കെ അവനോട് പറഞ്ഞു…

അവൾ അങ്ങനെ ആണ് മുത്തശ്ശി…. പക്ഷെ ആള് പാവം ആണ് കെട്ടോ..

അയ്യോടാ… അവന്റെ ഒരു സ്നേഹം കണ്ടില്ലേ… ഈ പേടി ഒക്കെ ഇനി എന്ന് മാറും എന്റെ ഹരികുട്ടാ… പെട്ടന്ന് മാറ്റി എടുത്തോണം കെട്ടോ…

അവർ ചിരിച്ചു കൊണ്ട് ഹരിയോട് പറഞ്ഞു..

ഒന്ന് പോ മുത്തശ്ശി….. എന്റെ ഗൗരികുട്ടിയെ അത്രയ്ക്ക് കളിയാക്കുക ഒന്നും വേണ്ട കെട്ടോ… അവൻ കപട ദേഷ്യത്തിൽ മുത്തശിയെ നോക്കി..

അപ്പോളേക്കും കൈ കഴുകിയിട്ടു ഗൗരി അവരുടെ അടുത്തേക്ക് വന്നു..

വാവ ഉറങ്ങിയോ മുത്തശ്ശി…

നീലിമയുടെ മുറിയിലേക്ക് നോക്കി അവൾ ചോദിച്ചു.

മ്മ്…. നീലിമ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി പോയിരുന്നു..മോൾ ഇങ്ങോട്ട് വാ.. ഇവിടെ ഇരിക്കു…

അവർ വിളിച്ചപ്പോൾ ഗൗരി വന്നു ഹരിയുടെ അടുത്തായി ഇരുന്നു..

നാളെ മോൾടെ വീട്ടിൽ പോകണ്ടേ… നിങ്ങളുടെ ആദ്യത്തെ വിരുന്ന് അല്ലെ….

അതേ മുത്തശ്ശി… നാളെ പോകണം എന്നോർത്ത് ഇരിക്കുവാ…

മ്മ്… പോയിട്ട് വേഗം ഇങ്ങു പോരണം കെട്ടോ.. ഇവിടെ ഒരാൾക്ക് കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയി… ഡോർ തുറന്നു നീലിമ കുഞ്ഞിനെ ആയി അവരുടെ അരികിലേക്ക് വന്നു…

ഹരിയും ഗൗരിയും ഒരുപോലെ കുഞ്ഞിന്റെ നേർക്ക് കൈ നീട്ടി..

ആഹ്ഹ… ഇപ്പോൾ അറിയാം ആരെ ആണ് നച്ചു വാവയ്ക്ക് ഇഷ്ടം എന്ന്….. ദേവി കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..

കുഞ്ഞ് പക്ഷെ ഗൗരിയുടെ കൈലേക്ക് ആണ് ചാടി വന്നത്.. അത് കണ്ടു എല്ലാവരും ചിരിച്ചു..

ഞാൻ പോകുവാ… നിനക്ക് ചെറിയമ്മയെ കിട്ടിയപ്പോൾ എന്നെ വേണ്ട അല്ലെ…. ഹരി കുഞ്ഞിനോട് പിണങ്ങുന്നത് പോലെ കാണിച്ചിട്ട് അവന്റ റൂമിലേക്ക് പോയി..

കുഞ്ഞ് ആണെങ്കിൽ മുകളിലേക്ക് കൈ നീട്ടി ഗൗരിയെ കാണിച്ചു… എന്നിട്ട് കരയാനും തുടങ്ങി..

ആഹ്… അവൾക്ക് അങ്ങോട്ട് പോകാൻ ആണ്.. മുൻപേ ഗൗരിയുടെ കൈയിൽ നിന്നും മേടിച്ചോണ്ട് പോന്നപ്പോൾ ഇവൾ എന്നെ കടിച്ചു അമ്മേ….

നീലിമ ടോപ് മാറ്റി അവളുടെ തോൾഭാഗം കാണിച്ചു…

എന്നാൽ ഞങ്ങൾ ഒന്ന് കറങ്ങീട്ടു വരാം എന്നു പറഞ്ഞു ഗൗരി കുഞ്ഞിനേയും കൊണ്ട് മുകളിലേക്ക് പോയി..

ഹരി ആരെയോ ഫോൺ വിളിക്കുന്നുണ്ട്…

എപ്പോളും ഫോണിൽ അല്ലെങ്കിൽ ലാപ്പിൽ ആയിരിക്കും അവൻ… ഏതൊക്കെയോ ഭാഷകളിൽ സംസാരിക്കുന്നത് കേൾക്കാം എപ്പോളും..

ഗൗരി കുഞ്ഞിനേയും കൊണ്ട് കയറി വന്നിട്ട് ബെഡിൽ ഇരുത്തി കളിപ്പിച്ചു..

അവൾക്ക് ആകെ ഉള്ള ഒരു സന്തോഷം നച്ചു വാവ ആയിരുന്നു അവിടെ…

അവൾ ഇടക്ക് കുഞ്ഞിനെ മാറോടു ചേർത്തു കൊണ്ട് എന്തോ പാട്ട് മൂളി ബാൽക്കണിയിൽ കൂടെ നടന്നു..

മെല്ലെ അവൾ കുഞ്ഞിന്റെ തോളത്തു താളം തട്ടുന്നുണ്ട്..

കുറച്ചു സമയം ആയിട്ടും അനക്കം കേൾക്കാഞ്ഞപ്പോൾ ഹരി തിരിഞ്ഞു നോക്കി..

ഗൗരിയുടെ തോളിൽ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു നച്ചു..

ആഹ്ഹ… ഉറങ്ങിയോ… അവൻ ചോദിച്ചു..

മ്മ്…. അവൾ മെല്ലെ കുഞ്ഞിനെ ബെഡിലേക്ക് കിടത്തി..

എന്നിട്ട് രണ്ടു വശത്തുമായി ഓരോ പില്ലോയും വെച്ച് കൊടുത്തു..

ഹരി നോക്കിയപ്പോൾ എന്തോ വലിയ കാര്യം ചെയ്തത് പോലെ നിൽക്കുക ആണ് ഗൗരി…

ഹരി…. ഗൗരി… ഇത് ആരൊക്ക ആണെന്ന് നോക്കിക്കേ.. ദേവി വിളിച്ചു പറഞ്ഞപ്പോൾ രണ്ടാളും കൂടെ താഴേക്ക് ഇറങ്ങി വന്നു…

ഗൗരിയുടെ അച്ഛനും ദീപേട്ടനും ആയിരുന്നു..

അച്ഛാ…. ഒരു കൊച്ചു കുട്ടിയെ പോലെ ഓടി വന്നവൾ അയാളുടെ കൈയിൽ തൂങ്ങി..

കൈമളും അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

പെട്ടന്ന് ഗൗരി യുടെ കണ്ണുകൾ ഈറൻ അണിഞ്ഞു…

ഇതെന്താ മോളെ അച്ചനെ കണ്ടപ്പോൾ കരയുവാണോ… അച്ഛനും സങ്കടം ആവില്ലേ…. മുത്തശ്ശി വാത്സല്യത്തോടെ അവളോട് പറഞ്ഞു…

പെട്ടന്ന് അവൾ മിഴികൾ തുടച്ചു..

അച്ഛാ… വരൂ… ഇവിടെ ഇരിക്കാം…ഗൗരി അച്ചനെ വിളിച്ചു..

ദീപന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് ഹരി ചിരിച്ചു..

വരൂ.. വരൂ… ഇരിക്ക്…. അവനും രണ്ടാളെയും സ്വീകരിച്ചു ഇരുത്തി.

ദേവി അപ്പോളേക്കും കുടിക്കുവാനയി ജ്യൂസ്‌ എടുത്തു കൊണ്ട് വന്നു..

നീലിമയെ ഗൗരി പോയി വിളിച്ചു. കുഞ്ഞ് തനിച്ചു കിടക്കുന്നത് കൊണ്ട് ആയിരുന്നു… നീലിമ അവരോട് സംസാരിച്ചിട്ട് മുകളിലെ മുറിയിലേക് പോയി.

ദീപേട്ടാ… അവരെ എന്താ കൊണ്ട് വരാഞ്ഞത്….?

അത് ഹരി… കുഞ്ഞിന് ചെറിയ ഒരു പനി…. ഭയങ്കര വഴക്ക് ആയിരുന്നു.. അല്ലെങ്കിൽ ലക്ഷ്മിയും വന്നേനെ….

അയ്യോ… എന്നിട്ട് മരുന്ന് മേടിച്ചില്ലേ ഏട്ടാ…

മേടിച്ചു മോളെ…. ഇപ്പോൾ കുഴപ്പം ഇല്ലന്നേ….

ശോ.. കുഞ്ഞ് വഴക്ക് ഉണ്ടോ ചേട്ടാ..

ഇല്ല ഗൗരി… ഇപ്പോൾ കുറവായി…

മ്മ്..

ദേവി വന്നു ഹരിയെ വിളിച്ചു..

അവനു കാര്യം മനസിലായി..

ആഹ്… അച്ഛാ… ദീപേട്ടാ…ഇനി നമ്മൾക്ക് ഊണ് കഴിച്ചിട്ട് സംസാരിക്കാം എന്ന് പറഞ്ഞു കൊണ്ട് ഹരി അവരെ ഊണ് കഴിക്കാനായി വിളിച്ചു.

ഗൗരി ഒരുപാട് സ്നേഹത്തോടെ അച്ഛന് ഭക്ഷണം ഒക്കെ വിളമ്പി കൊടുത്തു..

അയാൾക്കും മനസ്നിറഞ്ഞു… തന്റെ മകളെ ഒരുപാട് സ്നേഹിക്കുന്നവർ ആണ് ഇവിടെ ഉള്ളത് എന്ന് അയാൾക് മനസിലായി..

ഊണ് കഴിഞ്ഞതും ദേവി ഫോൺ എടുത്തു ഗോപിനാഥമേനോനെ വിളിച്ചു… എന്നിട്ട് കൈമളിന്റെ കൈയിൽ കൊടുത്തു..

“ഞങ്ങൾ മക്കളെ രണ്ടാളെയും കൂടി നാളെ വീട്ടിലേക്ക് വിളിക്കാൻ വന്നത് ആയിരുന്നു…. കൈമൾ പറഞ്ഞു.

അതിന്റ ഒക്കെ ആവശ്യം ഉണ്ടോ കൈമളെ…. അവരെ ഒന്ന് ഫോൺ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ..

ഹേയ്… അത് സാരമില്ല… ഇവിടെ നിന്നു ഒരുപാട് അകലം ഇല്ലാലോ…

നിങ്ങൾക്ക് ഒക്കെ എപ്പോൾ വേണമെങ്കിലും വരാം ഇങ്ങോട്ട്… അതിന് ഒന്നും ഒരു തടസവും ഇല്ല കെട്ടോ… പിന്നെ കല്യാണം ഒക്കെ കഴിഞ്ഞു ആകെ മടുത്തില്ലേ…. അതിന്റെ ഇടയ്ക്ക് കൃഷിയും ഒക്കെ നോക്കി നടത്തണ്ടേ കൈമളിനു… അതുകൊണ്ട് ഞാൻ പറഞ്ഞു എന്നേ ഒള്ളൂ..

ഉവ്വ്
.. എനിക്ക് മനസിലായി…
എന്റെ ഒപ്പം മൂത്ത മകളുടെ ഭർത്താവ് ദീപനും ഉണ്ട് കെട്ടോ… ഞാൻ കൊടുക്കാം…. കൈമൾ ഫോണ് അവനു കൊടുത്തു..

അവർ രണ്ടാളും കൂടെയും കുറച്ചു സമയം സംസാരിച്ചു..

അങ്ങനെ അര മണിക്കൂർ കൂടെ അവിടെ ഇരുന്നതിന് ശേഷം ആണ് രണ്ടു പേരും പിരിഞ്ഞു പോയത്..

നാളെ ഉച്ചയോടെ ഹരിയും ഗൗരിയും കൂടെ ചെല്ലാം എന്ന് സമ്മതിച്ചു….

അച്ഛൻ വന്നു പോയതും ഗൗരി യുടെ മുഖത്ത് ഒരു തെളിച്ചം വന്നു എന്ന് ഹരി ഓർത്തു..

അമ്മയോടും മുത്തശ്ശിയോടും ഒക്കെ അവൾ വാചലയായി..

അവൾക്ക് ആകെ ഇവിടെ ഉള്ള ശത്രു താൻ ആണ്… താൻ മാത്രം….

തുടരും.