17/04/2026

പാർവതി പരിണയം : ഭാഗം 32

രചന – മൈഥിലി മിത്ര

“വലത് കാലു വെച്ചു കയറി വാ മോളേ “….. നിലവിളക്ക് പാറുവിന്റെ കയ്യിലേക്ക് കൊടുത്തു ശാരദ നിറഞ്ഞ സന്തോഷത്തോടെ വാതിലിന്റെ ഒരരികിലേക്ക് മാറിനിന്നു…. കുഞ്ഞിനാളിലെ മുതൽ കയറിയിറങ്ങിയ വീടാണെങ്കിലും, ചെറിയ രീതിയിൽ അവൾക്കൊരു വിറയലുണ്ടായി…. ദൈവമേ സീരിയലിൽ ഒക്കെ കാണുന്ന പോലെ സാരി തട്ടാതെ, വിളക്ക് കാറ്റടിച്ചു കെടാതെ ഒക്കെ, എന്നെയൊന്നു മിന്നിച്ചേക്കണേ…. മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്, വലംകാല് കുത്തിതന്നെ , അവൾ അകത്തേക്ക് കയറി… ഉണ്ണിയോടൊപ്പം, നേരെ പൂജ മുറിയിലേക്ക് കടന്നു, വിളക്ക് അവിടെ വെച്ചു ഒരുനിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു…. ശേഷം വെളിയിലേക്ക് ഇറങ്ങിവന്നു ….. ശാരദ രണ്ടു പേരെയും സെറ്റിയിലായിട്ടിരുത്തി മധുരം കൊടുത്തു….. കണ്ടു നിന്ന സീതയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു….

അപ്പോഴാണ് ഉണ്ണിക്കു ഒരു കാൾ വന്നത്… അവൻ ഫോൺ കയ്യിലെടുത്തു അറ്റൻഡ് ചെയ്തു സംസാരിക്കാനായി പുറത്തേക്കു പോയി…. ബന്ധുക്കളും, അയൽക്കാരും ഒക്കെയായി ആള്ക്കാര് കുറെ ഉണ്ടായിരുന്നു വീട്ടിൽ… രാവിലെ മുതൽ ഒരുങ്ങികെട്ടി നിൽക്കുന്നതാ… എല്ലാം പറിച്ചെറിഞ്ഞിട്ട്, എവിടേലും ഒന്ന് പോയി കിടന്നാൽ മതിയെന്ന് തോന്നിയവൾക്ക്….. വരുന്ന ആൾക്കാർക്ക് മുന്നിൽ നിന്നു ചിരിച്ചു ചിരിച്ചു കവിളൊക്കെ വേദനിക്കുന്നുണ്ടായിരുന്നു…. സ്വർണ്ണം കണ്ണുകളാൽ അളന്നു തൂക്കി മാർക്കിടുന്ന കുറെ കുലസ്ത്രീകളുടെ ഇടയിൽ, നിൽക്കാനാവാതെ പാറു നിന്നുഴറി….. “നീ പോയി ഇതൊക്കെയൊന്നു മാറ്റി, കുളിച്ചു വാ മോളേ “…. അവളുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് അവിടെ നിന്ന ശാരദ പറഞ്ഞു… രക്ഷപെട്ടെന്ന ഭാവത്തിൽ, പാറു വേഗം തന്നെ സ്വന്തം മുറിയിലേക്ക് പോയി… പുറകെ രേവതിയും കൂടെ ചെന്നു….

“നീയാ കസേരയിൽ പോയി ഇരിക്ക് പാറുവേ… ഞാനിതൊക്കെ അഴിച്ചു തരാം പെണ്ണേ “…. മുറിയുടെ വാതിൽ ചേർത്തടച്ചു, കുട്ടിയിട്ടുകൊണ്ട് അവളുടെയടുത്തേക്കായി ചെന്നു രേവതി പറഞ്ഞു… പാറുവിനെ ചെയറിൽ ഇരുത്തി, തലയിലുള്ള പൂവ് മൊത്തം സ്ലൈഡ് എടുത്തു അഴിച്ചെടുത്തു… ശേഷം ഓർണമെൻറ്സ് എല്ലാം ഊരിമാറ്റി, അതിന്റെ ബോക്സിലായിട്ട് ഇട്ടു വെച്ചു…. “പോയി കുളിച്ചിട്ടു വാടി… ഞാനിവിടെ ഇരുന്നോളാം “…. “ശരിയേച്ചി “…. കാബോർഡിൽ ഇരുന്ന ഒരു പുതിയ ചുരിദാറും എടുത്തുകൊണ്ടു, പാറു കുളിമുറിയിലേക്ക് കയറി… പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവൾ കുളിച്ചിറങ്ങിയിരുന്നു…. മുടിയൊന്നു കുളിപ്പിന്നൽകെട്ടി, ഇത്തിരി പൌഡറും പൂശി, ഒരു പൊട്ടും കുത്തി…… “ആഹാ, കഴിഞ്ഞോ നിന്റെ ഒരുക്കം “…. കണ്ണുകൾ കൂർപ്പിച്ചു, രേവതിയവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു…. “ആ… കഴിഞ്ഞു… എന്തേ ചേച്ചി “…. അവൾ അവളെ തന്നെ കണ്ണാടിയിൽ മൊത്തത്തിലൊന്നു നോക്കി…

“കുഴപ്പോന്നും ഇല്ലാലോ, പിന്നെന്താ ചേച്ചി “…. “കുഴപ്പം ഉണ്ടെന്നു ഞാൻ പറഞ്ഞോ പെണ്ണേ… ഹ്മ് “….. അവളുടെ പുറകിൽ ചെന്നു നിന്നു, കണ്ണാടിയിൽ തെളിഞ്ഞു കാണുന്ന പാറുവിന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു… “ഇവിടെയിത്തിരി സിന്ദൂരം ഉണ്ടാവണം… ഇനിയെന്നും… കെട്ടോ “…. അവളുടെ സിന്ദൂരരേഖ തൊട്ടു കൊണ്ട് രേവതി പറഞ്ഞപ്പോൾ, പാറുവിന്റെ മുഖം നാണത്താൽ കുനിഞ്ഞു… “ഹ്മ്… വേഗമാവട്ടെ…. ” പറഞ്ഞു കൊണ്ടു ടേബിളിലിരുന്ന ചെപ്പെടുത്തു അവൾക്കായി നീട്ടി… അതിൽ നിന്നൊരു നുള്ളു സിന്ദൂരമെടുത്തു, പാറു നെറുകയിലായി തൊട്ടു…. “പാറുട്ടി ഇപ്പോഴാ സുന്ദരിയായത് “…. രേവതിയെ നോക്കി അവൾ പുഞ്ചിരിച്ചു….. 💞💞💞💞💞 “ഡാ എന്താണേലും അന്വേഷണം ഉണ്ടാവും”…. ഫോണിൽ ജിതിനോട് സംസാരിക്കുകയായിരുന്നു ഉണ്ണീ….. “അപ്പൊ, എങ്ങനാ സർ “…. ഉണ്ണിയിൽ ഒരു പേടി നിറഞ്ഞിരുന്നു…. “എസിപി വന്നു ചോദ്യം ചെയ്യും… അത് അന്വേഷണത്തിന്റെ ഒരു ഭാഗമാണ്… എനിക്കൊന്നും ചെയ്യാൻ പറ്റില്ല ഉണ്ണീ “…. ഒരു നേർത്ത മൂളലിൽ അവൻ മറുപടി കൊടുത്തു….

“ശരിക്കും പറഞ്ഞാൽ, ഇന്നങ്ങോട്ട് വരാനിരുന്നതാ അതിനായി”….. “എന്നിട്ട് “…. “എന്നിട്ടെന്താ… കല്യാണത്തിനിടയിൽ വന്നു ഒരു സീൻ ആവണ്ടല്ലോ എന്നോർത്തു, സർ മനപ്പൂർവം വരാതിരുന്നതാ “…. “ഇനി എപ്പോഴാ “…. ഒരു വിറയൽ പടർന്നിരുന്നു ഉണ്ണിയുടെ ശബ്ദത്തിൽ….. “അതൊന്നും പറയാൻ പറ്റില്ല… അർണവ് സാർ പറയുമ്പോഴേ എനിക്കുപോലും അറിയാൻ പറ്റൂ… അനന്തനെക്കുറിച്ചു സാറിന്, ഒരു ഗുഡ്‌ ഇമേജ് ഉള്ളതുകൊണ്ടാ, ആളിന്ന് അങ്ങോട്ട് വന്നു ഇടംകോൽ ഇടാതിരുന്നത് തന്നെ “….. “താങ്ക് യൂ സർ “…. “താങ്ക്സ് ഒന്നും വേണ്ടെടോ… നമ്മുക്ക് നോക്കാം… അനന്തന്റെ മറുപടി പോലെയിരിക്കും. കേസിന്റെ വഴിതിരിവ്”…. “അപ്പൊ, എങ്ങനാ സർ “…. “താൻ ടെൻഷൻ അടിക്കാതെ… ഒന്നും സംഭവിക്കില്ലെടോ… ഞാൻ വിളിക്കാം നിന്നേ “… “ശരി സർ “…. അപ്പുറത്തു കാൾ ഡിസ്‌ക്കണക്ട് ആണെങ്കിലും, ഉണ്ണീ കുറച്ചു സമയം കൂടി ഫോൺ ചെവിയോട് ചേർത്തു അങ്ങനെ തന്നെ നിന്നു… “ഡാ ഉണ്ണീ, അവിടെ നിന്നെ അന്വേഷിക്കുന്നുണ്ട് “….. തോളിൽ കൊട്ടികൊണ്ട് അപ്പു വിളിക്കുമ്പോഴാണ്, അവൻ യഥാർഥ്യത്തിലേക്കു വന്നത്… “എന്താ ഉണ്ണീ, എന്ത് പറ്റി നിനക്ക് ‘…. അവന്റെ വിളറിയ മുഖം കണ്ട് അപ്പു ചോദിച്ചു…

“അത്… അത് പിന്നെ “…. കാൾ കട്ട് ആയൊന്നു ഒന്നുകൂടെ ചെക്ക് ചെയ്തു അവൻ ഫോൺ പോക്കെറ്റിലേക്ക് ഇട്ടു…. “ആരാടാ വിളിച്ചേ… എന്താ കുഴപ്പം “…. ആധിയോടെ ചോദിക്കുന്നവനെ കണ്ടു എന്ത് പറയണമെന്നറിയാതെ ഉണ്ണീ നിന്നു… ചുറ്റിനും ആൾക്കാരാണ്, ശ്രദ്ധിക്കുന്നുണ്ടെന്നു ഉണ്ണിക്കു തോന്നി…. “എടാ ജിതിൻ സാർ വിളിച്ചിരുന്നു ഇപ്പോ “…. അപ്പുവിനെ വീടിന്റെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി അവൻ വേദനയോടെ പറഞ്ഞു… “എന്നിട്ടെന്താ പറഞ്ഞേ “…. “സാർ അന്വേഷണത്തിന്, ഏട്ടന്റെ അരികിൽ വരാൻ ചാൻസ് ഉണ്ടെന്നു “…. “അന്വേഷണം അല്ലേടാ ഉണ്ണീ… അല്ലാതെ അറസ്റ്റ് ചെയ്യൊന്നും ഇല്ലാലോ… നീ ചുമ്മാ ടെൻഷൻ അടിച്ചു, എന്നെക്കൂടെ ആക്കാതെ”…. അവന്റെ തോളിലൊന്നു തട്ടി, അപ്പു പറഞ്ഞു… “നിങ്ങളവിടെ എന്ത് ചെയ്യുവാ… ഉണ്ണീ നിന്നെ നിന്റെ ഫ്രണ്ട്സ് അന്വേഷിക്കുന്നുണ്ട് കെട്ടോ “… അനന്തന്റെ ശബ്ദം കേട്ടു, അവർ തിരിഞ്ഞു നോക്കി… ഏട്ടന്റെ മുഖത്ത് നിറഞ്ഞ സന്തോഷമാണ്…. ‘ഇതിങ്ങനെ തന്നെ എന്നും ഉണ്ടാവണേ’ ആ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ അവരുടെ മനസ്സിലപ്പോൾ…..

“ദേ പാറൂട്ടിയെ, പോകുമ്പോൾ ഇതും കൂടെ കൊണ്ടുപോയ്ക്കോ “… സീത അവളുടെ കയ്യിലേക്ക് ഒരു പാല് ഗ്ലാസ് നീട്ടി… നാണം കുണുങ്ങി നിന്നവളെ നോക്കി ശാരദക്ക് ചിരി പൊട്ടി…. “എന്റെ പാറൂട്ടിയെ, നിനക്ക് നാണവും വരുവോടി “….. “ഒന്ന് പോ അമ്മായി “…. പറഞ്ഞുകൊണ്ട് ഗ്ലാസ് വാങ്ങി….. “എന്തേ നീ അവന്റെ മുറിയിലേക്ക് പോണില്ലേ “… പിന്നെയും അവിടെ തത്തി കളിച്ചു നിൽക്കുന്നവളോട് സീത ചോദിച്ചു…. “അതല്ലമ്മേ”…. “പിന്നെന്താടി “… “നിങ്ങളും കൂടെ വാ അവിടം വരെ “…. “അതെന്തിനാ പെണ്ണേ ഞങ്ങള്”…. കണ്ണു മിഴിച്ചുകൊണ്ട് ശാരദയാണ് അത് ചോദിച്ചത്…. “അങ്ങനെയല്ലേ ഓരോരോ കീഴ്വഴക്കങ്ങൾ… ഏതേലും പെണ്ണ് ആദ്യരാത്രിക്ക് തന്നെപോയ ചരിത്രം ഉണ്ടോ “…. വലത്തേ കാലിന്റെ പെരുവിരൽ തറയിൽ കളം വരച്ചുള്ള പെണ്ണിന്റെ ചോദ്യം… എന്നിട്ട് ഏറുകണ്ണിട്ടുള്ള നോട്ടവും… “നിനക്ക് തന്നെപോകാൻ പറ്റില്ലെങ്കിൽ പോവേണ്ട… നിന്റെ മുറീൽ പോയി കിടക്കെടി എന്നാൽ “…. “അമ്മക്ക് കണ്ണി ചോര ഉണ്ടോ… എന്റെ മുറീൽ കിടക്കാനാണോ ഞാൻ ഉണ്ണിയേട്ടനെ കെട്ടിയതു… ഹും “…. ചവിട്ടി തുള്ളി പാലും കൊണ്ടു അവരെ നോക്കി കോക്രി കാട്ടി പോണ പാറുവിനെ നോക്കി അവർ പൊട്ടിച്ചിരിച്ചു….

വാതിലിനടുത്തേക്ക് ചെന്നു പാറു നിന്നു… ചാരിയിട്ടിട്ടേയുള്ളൂ… എന്നും ഒരു നൂറു പ്രാവശ്യമെങ്കിലും കേറിയിറങ്ങുന്ന മുറിയാണ്… ഇന്നെന്തോ ഒരു വെപ്രാളം…. നെഞ്ചോക്കെ പെരുമ്പറ അടിക്കുവാണ്… ദൈവമേ കാത്തോളണേ…. മനസ്സിൽ പറഞ്ഞുകൊണ്ട്, ഒരു ദീർഘനിശ്വാസം എടുത്തു…. ചാരിയിട്ടിരുന്ന വാതിലിനിടയിൽ കൂടെ, അകത്തേക്ക് തലയിട്ട് നോക്കി… ഉണ്ണിയേട്ടൻ ലാപ്പിൽ കുത്തികൊണ്ടിരിക്കുകയാണ്… ഒരു നല്ല കാര്യത്തിന് പോകുവല്ലേ, വലതു കാലു തന്നെ കുത്തിയേക്കാം…. പതിയെ വലതുകാല് കുത്തി മുറിയിലേക്ക് കടന്നു… മുറിയാകമാനം ഒന്ന് നോക്കി…. എന്നും കാണുന്നപോലെ തന്നെ… മണിയറ പോയിട്ട്, രണ്ടു മുല്ലപ്പൂവ് പോലും ഇല്ല… ദൈവമേ ഇന്നെന്റെ ആദ്യരാത്രി തന്നെയാണോ… ഇനിയിപ്പോ ഉണ്ണിയേട്ടൻ മറന്നതാവുമോ… “ഡീ.. എന്താടി നിന്നു സ്വപ്നം കാണുന്നത് “… ഉണ്ണിയുടെ അലർച്ചയിൽ അവളൊന്നു ഞെട്ടി…

“എന്താ ഏട്ടാ “…. “എന്താന്നോ… പാൽ ഗ്ലാസും പിടിച്ചോണ്ട്, നീയെന്തുലോകത്താ പാറു “…. ലാപ്പ് മടക്കി ടേബിളിന്റെ മുകളിൽ വെച്ച ശേഷം പാറുവിന്റെ അരികിലേക്ക് ചെന്നു നിന്നവൻ ചോദിച്ചു…. “അത് പിന്നെ…. ഒന്നൂല്യ ഏട്ടാ “… പറയാൻ തോന്നിയെങ്കിലും, വേണ്ടെന്നു വെച്ചവൾ… “അത് കള്ളം… ഞാൻ വിളിച്ചിട്ട് പോലും നീ കേട്ടില്ല… അത്രയ്ക്ക് ആലോചനയിലായിരുന്ന് നീയ്… എന്താന്നു വെച്ച കാര്യം പറയെടി “…. കൈ രണ്ടും മാറിൽ പിണച്ചു കെട്ടി നിന്നാണ് ചോദ്യം… ഇതെന്തു പോലീസ് സ്റ്റേഷനോ, ഇങ്ങനെ ചോദ്യം ചെയ്യാൻ… അതും ആദ്യരാത്രിയിൽ തന്നെ…. ഹും… “ഇതെന്താ ഇവിടെ പൂവ്വൊന്നും ഫിറ്റ്‌ ചെയ്യഞ്ഞത് “…. പാൽ ഗ്ലാസ് അവനു നേരെ നീട്ടി കൊണ്ട്, മുറിയാകമാനം കണ്ണോടിച്ചു കാണിച്ചു പാറു ചോദിച്ചു…. “പൂവ്വോ, എന്തിനു “… പാല് അവളുടെ കയ്യിൽ നിന്നും അവൻ വാങ്ങി.. “ഫസ്റ്റ് നെറ്റിനു പിന്നെ പൂവ്വോക്കെ വെച്ചു ബെഡ്‌റൂം സെറ്റ് ചെയ്യില്ലേ”…. കട്ടിലേക്ക് പോയിരുന്നുകൊണ്ടായിരുന്നു ചോദ്യം….

“മോള്, അപ്പോൾ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനായിട്ട് വന്നതാണോ.. ഹ്മ് “…. അവളുടെ അടുത്തേക്കിരുന്നുകൊണ്ട്, പിരികം പൊക്കി കാണിച്ചവൻ…. “അങ്ങനെയല്ല… അങ്ങനെ ഒന്നും ഞാൻ ഓർത്തില്ല “…. “എങ്ങനെയല്ലന്ന് “… “ഒന്ന് പോ ഉണ്ണ്യേട്ട… എനിക്കുറക്കം വരുന്ന് “… അവനെ മറികടന്നു, കട്ടിലിന്റെ ഒരു വശത്തേക്കായിട്ട് കിടന്നു ബെഡ്ഷീറ്റ് തലവഴി മൂടിയവൾ… ദൈവമേ എന്തൊക്കെയാ ഏട്ടനോട് ചോദിച്ചത്… അയ്യേ, എന്തേലും വിചാരിച്ചുകാണുവോ ഉണ്ണിയേട്ടൻ… ഏയ്, അങ്ങനെയൊന്നും വിചാരിക്കില്ല… അവള് വിരലുകുകൾ കൂട്ടിയും പിരിച്ചും അങ്ങനെ തന്നെ കിടന്നു…. “ഡീ, ഈ പാല് എന്തിനാ കൊണ്ടുവന്നെ… എണീറ്റിരുന്നു കുടിക്കെടി “…. അലർച്ച കേട്ട്, പുതപ്പിനുള്ളിൽ നിന്നും തലപൊക്കി നോക്കി… ആള് ഗ്ലാസും പിടിച്ചോണ്ട് കട്ടിലിന്റെ ഒരു വശത്തായിട്ട് ഇരിപ്പുണ്ട്…. “എനിക്ക് വേണ്ട, ഏട്ടൻ കുടിച്ചോ “…. പേടിയൊന്നും ഇല്ലെങ്കിലും ചെറിയൊരു ഭയം…. “ഞാൻ ഈ സാധനം കുടിക്കാറില്ലെന്നു നിനക്കറിയില്ലേ… വേഗം ഇങ്ങോട്ട് എണീക്കെടി”… ഇങ്ങേരു എന്താ ഇന്ന് ടെറർ ആയതു… അടി വീഴുന്നതിന് മുമ്പേ, വാങ്ങി കുടിക്കുന്നതാ നല്ലത്…. പതിയെ എഴുന്നേറ്റിരുന്നു, ഗ്ലാസ്സ് വാങ്ങി ഒറ്റ വലിക്കു കുടിച്ചു..

. ചുണ്ടിന്റെ സൈഡിൽ പറ്റിയിരുന്ന പാലിന്റെ പത, ഉള്ളം കൈകൊണ്ട് തുടച്ചു മാറ്റി …. ശേഷം ഉണ്ണിയേയൊന്നു ഏറുകണ്ണിട്ട് നോക്കി, പഴയതു പോലെ തന്നെ കിടന്നു….. ആള് അപ്പുറത്തെ വശത്ത് കിടക്കുന്നതും, മുറിയിലെ വെട്ടം അണയുന്നതും, ബെഡ് ലാമ്പ് തെളിയുന്നതും പാറു അറിഞ്ഞു… കുറെ നേരം കഴിഞ്ഞിട്ടും ഉണ്ണിയുടെ അനക്കം ഒന്നും ഇല്ലാഞ്ഞിട്ട് അവൾ ഷീറ്റിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് നോക്കി…. വലത്തെ കൈ മടക്കി കണ്ണിനു മുകളിൽ വെച്ചു കിടന്നുറങ്ങുന്ന ആളെ കണ്ട് അവൾക്കെന്തോ വേദന തോന്നി… പതിയെ അടുത്തേക്ക് നീങ്ങി ചെന്നു, ആ കൈകളിലായി തൊട്ടു… എന്തോ കാര്യമായി ഏട്ടന് പറ്റിയിട്ടുണ്ടെന്നു അവൾ മനസ്സിലോർത്തു.. കുറച്ചു നാളായിട്ട് താനും ശ്രദ്ധിക്കുന്നുണ്ട് ഏട്ടന്റെ മാറ്റം… പക്ഷെ എന്തായിരിക്കും കാരണമെന്ന് അവൾക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല…. ഉണ്ണ്യേട്ടനും താനും ഒരുപാട് സ്വപ്നം കണ്ടതാണ് ഈ കല്യാണം തന്നെ… എത്രയൊക്കെ സന്തോഷമായിട്ട് നിന്നെങ്കിലും ആ മനസ്സിൽ എന്തോ ഒരു കരട് വീണിട്ടുണ്ടെന്നു അറിയാമായിരുന്നു…

“ഏട്ടാ… ഉണ്ണ്യേട്ടാ “…. ആള് കൈപൊക്കി മുഖത്തേക്ക് നോക്കുന്നുണ്ട്.. “എന്താടി “…. ചിലമ്പിയിരുന്നു അവന്റെ ശബ്ദം…. “എന്താ ഏട്ടാ പറ്റിയത്.. എന്തേ ഒരു സങ്കടം “… പറഞ്ഞുകൊണ്ട് അവളവനെ തലയുയർത്തി നോക്കി… “ഒന്നൂല്യ എന്റെ പാറുവേ… നീ കിടന്നോ “…. വീണ്ടും ആ കൈ കണ്ണിനു മുകളിലായി കേറ്റി വെച്ചവൻ…. “അല്ല, എന്തോ ഉണ്ട്‌.. ഞാൻ കുറെ ദിവസമായി കാണുന്നു.. എന്തുണ്ടെലും പറഞ്ഞൂടെ ഏട്ടാ “… “നിനക്ക് തോന്നുന്നതാണ് പാറു… നല്ല തലവേദനയുണ്ടെടി… അതാ “…. പാറുവിനോട് മറച്ചു വെക്കാനാണ് ഉണ്ണിക്കു തോന്നിയത്…. “മ്മ്… എങ്കിൽ കിടന്നോ.. ഉറങ്ങിയെണിക്കുമ്പോഴേക്കും കുറഞ്ഞോളും”… പാറു അവന്റെ തലയിൽ കൂടി വിരലുകൾ ഓടിച്ചു… ഉണ്ണീ അവളുടെ കൈ പിടിച്ചു വെച്ചു, അതിലേക്കായി തല ചേർത്തു വെച്ചു കിടന്നു… “ഉറക്കം വരുന്നെടി “… പറഞ്ഞു കൊണ്ടു കണ്ണടച്ചു കിടക്കുന്നവനോട്, ആദ്യമായി വല്ലാത്തൊരു വാത്സല്യം തോന്നി പെണ്ണിന്…….. അവനോടു ചേർന്നു കിടന്നു അവളും കണ്ണുകൾ പൂട്ടിയിരുന്നു…..

അതേ സമയം, രേവതി പഴയ കോളേജ് മാഗസിനിലുള്ള അനന്തന്റെ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരി തൂകി…. “ആ മനസ്സിൽ ഭാമ ആയിരിക്കും അനന്തേട്ട… പക്ഷെ ഈ രേവതിയുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നത് നിങ്ങൾ മാത്രമായിരിക്കും… ഇനിയും ഞാൻ നിങ്ങളെ വഴിയിൽ തടഞ്ഞു നിർത്തില്ല.. എന്റെ പ്രണയത്തിനു വേണ്ടി, ഭിക്ഷ യാചിക്കില്ല … പക്ഷെ, സ്നേഹിച്ചുകൊണ്ടേയിരിക്കും…. എന്റെ ശ്വാസം നിൽക്കുന്നത് വരെ “……. തുടരും…….