23/04/2026

നില : ഭാഗം 59

രചന – അഹാനിക അനു

ജിതിന്റെ വണ്ടി പോയ നിമിഷം തന്നെ രാജേഷിന്റെ കാർ വീട്ടിലേക്ക് കയറി. കിച്ചു ഡിക്കി തുറന്നു സാധനങ്ങൾ പുറത്തേക്ക് എടുക്കുന്നത് കണ്ട് നില ഇറങ്ങി ചെന്ന് സഹായിച്ചു ” നടക്കാൻ ബുദ്ധിമുട്ടുണ്ടോ നന്ദു. പിടിക്കണോ. ” ” ഒരു കുഴപ്പവുമില്ല ഞാൻ കയറാം. ശരത്ത് പിടിക്കാനായി വന്നതും നന്ദു തടഞ്ഞു നിലയെ നോക്കി ചിരിച്ചു ഉള്ളിലേക്ക് കയറി. റൂമിലേക്ക് കയറുന്ന കൂട്ടത്തിൽ ചുറ്റും നോക്കി ബെഡിൽ ഇരുന്നു. ” നീ ആരെയാണ് നോക്കുന്നത് ” കിച്ചുവിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി ടേബിളിൽ വച്ചു നില നന്ദുവിനെ നോക്കി. ” എവിടെ പോയി രണ്ടെണ്ണം. കണ്ടില്ലല്ലോ. ” നില പെട്ടെന്ന് പതറി. ” ദേവൂട്ടി അച്ഛന്റെ എടുത്തു പറമ്പിൽ ഉണ്ട്. പാറു നിവിനേട്ടന്റെ വീട്ടിൽ പോയി. ” ജിതിൻ ഇല്ലേ അവിടെ ” നന്ദു നെറ്റി ചുളിച്ചു. ” അറിയില്ല. അവിടെ അച്ഛൻ കാണണമെന്ന് പറഞ്ഞു . പിന്നെ അവൾക്കും പോകണമെന്നുണ്ട് . അമ്മയാണ് പറഞ്ഞത് മോളെ പറഞ്ഞയക്കാൻ. നമ്മൾ എന്തിനാണ് അവരിൽ നിന്നും പാറുവിനെ മാറ്റി നിർത്തുന്നത് . ” ബലമില്ലാതെ മൂളി നന്ദു കണ്ണുകൾ അടച്ചു. പിറകിൽ ശരത് നിൽക്കുന്നത് കണ്ട് നില ദയനീയതയോടെ നോക്കി. അവൻ ചിരിച്ചു കണ്ണുകൾ ചിമ്മി.

പാറുവിനെ കൂട്ടി ജിതിൻ ബീച്ചിലേക്കാണ് പോയത്. വണ്ടി സൈഡിൽ നിർത്തി അവളുടെ കൈ പിടിച്ചു പതുക്കെ നടന്നു. രാവിലെ അധിക പേരൊന്നുമില്ല. സൂര്യകിരണങ്ങൾ തിരയ്ക്ക് മുകളിൽ ചിന്നി ചിതറി നിൽക്കുന്നത് പാറു കൗതുകത്തോടെ നോക്കി . പൂഴി മണലിൽ പൂണ്ട് പോവുന്ന കുഞ്ഞി കാൽ കണ്ട് ജിതിൻ അവളെ എടുത്തു പൊക്കി. ” ശൂ അയിച്ചു തരോ. നാൻ നറ്റക്കാം ” ജിതിൻ അവളെ എടുത്തു തന്നെ ഷൂസ് അഴിച്ചു കയ്യിൽ പിടിച്ചു പാറുവിനെ താഴെ ഇറക്കി. ” നല്ല ശുകം ” പാറുവിന്റെ മുഖത്തേ ചിരി അവന്റെ ചുണ്ടിലും പടർന്നു. “പാറുവിന് ഇപ്പോൾ എന്നേ പേടി ഇല്ലേ ” “അറ്റിന് എനിക്ക് പാപ്പനെ പേറ്റി ഇല്ലല്ലോ . പശേ ഈസ്‌റ്റമല്ലായിരുന്നു. ” കാൽ വെള്ളത്തിൽ നനച്ചു ചെറുതായി പൊന്തി വന്ന പല്ല് കാണിച്ചു ചിരിക്കുന്ന അവളെ ജിതിൻ നോക്കി. ” അതെന്താ എന്നേ ഇഷ്ട്ടമല്ലാത്തത് ” ” എന്നേ തറ്റിച്ചി പാരുന്ന് വിലിക്കാറില്ലേ. അത് കേട്ട് ഇപ്പോൾ വിക്രമനും വിലിക്കും ” കുട്ടികൾ ഒരത്ഭുതമായി തോന്നിയത് അവന് ആ നിമിഷമായിരുന്നു. അവരുടെ മനസ്സിൽ കുഞ്ഞു കുഞ്ഞു കാര്യമല്ലാതെ മറ്റൊന്നുമില്ല. പാറു ജിതിനെ നോക്കി മുഖം തിരിച്ചു മണലിൽ ഇരുന്നു..അടുത്ത് തന്നെ അവനും.

” ഇപ്പോൾ ഇഷ്ട്ടമാണോ ” ” ഈസ്‌റ്റപേറ്റനോ ” പാറു തിരിച്ചു ചോദിച്ചപ്പോൾ ജിതിന്റെ മുഖം മങ്ങി. ” എന്നോട് കയിഞ്ഞ ദിവസം പപ്പ പരഞ്ഞു പാപ്പൻ പാവാന്.. പാരുവിനെ കുരെ ഈസ്‌റ്റമാണ്. ഇനി നല്ല കുറ്റിയായി പാപ്പനോട്‌ മിൻറ്റനം എന്ന്.. പപ്പ പരഞ്ഞാൽ പാരു കേൾക്കും… ഈസ്‌ട്ടമാണ് ട്ടോ ” ജിതിന്റെ മടിയിൽ കയറി നെഞ്ചിൽ തല വച്ചു. ശരത്തിനെയാവും അവൾ പറയുന്നതെന്ന് അവൻ ഊഹിച്ചു. നിവിന്റെ മുഖം ഓർമ്മ വന്നതും കണ്ണുകൾ തുളുമ്പി പാറുവിന്റെ മുടിയിൽ തഴുകി. ” വാ പോകാം നല്ല വെയിൽ വരുന്നുണ്ട്. ” ജിതിൻ അവളെ എടുത്തു വണ്ടിയുടെ അടുത്തേക്ക് നടന്നു. റെസ്റ്റോറന്റിൽ കയറി ചായ കുടിച്ചു പാറുവിനെയും കൊണ്ട് ഷോപ്പിംഗിന് പോയി. അവൾക്ക് വേണ്ടത് എത്രയൊക്കെ വാങ്ങി കൊടുത്തിട്ടും മതിയാവാത്ത പോലെ. എല്ലാ ഷോപ്പിലും കയറി പാറു കുഴഞ്ഞു. ” ഇനി മറ്റി. വീറ്റിൽ പോവാ . ഇറ്റ് കുരെ ഉണ്ട് ഇനി ദേവൂട്ടിക്കും വേണം ” അവൾ പറഞ്ഞപ്പോളാണ് അവനും അത് ഓർമ വന്നത്. പാറുവിന് ഇഷ്ട്ടപെട്ടത് ദേവൂട്ടിക്കും വാങ്ങി.

സമയം വൈകും തോറും നിലയ്ക്ക് പേടിയായി. നിവിന്റെ വീട്ടിൽ നിന്ന് പാറുവിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ല. ” എന്റെ മോളെ നീ എന്തിനാണ് ടെൻഷനടിക്കുന്നത് പാറു ഇങ്ങോട്ട് വരില്ലേ. ” ” ഉച്ചയാവാനായി അമ്മേ. അവിടെ നിന്ന് ശബ്ദം കേൾക്കുന്നില്ല. നന്ദു ഇപ്പോൾ ഉറങ്ങുന്നത് ഭാഗ്യം എഴുനേറ്റാൽ എന്നേ വലിച്ചു ഒട്ടിക്കും. ഈ ശരത്തെട്ടനാണേൽ ഒരു ചൂടില്ല. ഒന്ന് പോയി നോക്കാൻ പറഞ്ഞിട്ട് എന്നേ നോക്കി ചിരിക്കുന്നു .” നില പിറു പിറുത്ത് തിരിഞ്ഞു. രേവതി ചിരിച്ചു ശ്രുതിയെ നോക്കി. അവളും ശ്രദ്ധിക്കുകയായിരുന്നു നിലയെ. ദേവൂട്ടിയുടെ കാര്യത്തിൽ പോലും ഇത്ര ശ്രദ്ധ ഇല്ല. മുന്നിൽ ബൈക്ക് വന്ന് നിൽക്കുന്ന ഒച്ച കേട്ട് നില പുറത്തേക്ക് ഓടി. പാറുവിനെ വണ്ടിയിൽ നിന്നിറക്കി സ്റ്റാൻഡ് തട്ടി കയ്യിലുള്ള കവർ എല്ലാം പടിയിൽ വച്ചു പാറുവിന്റെ ഷൂസ് അഴിച്ചു കൊടുക്കുന്ന ജിതിനെ വിശ്വാസം വരാതെ നില നോക്കി . പിറകെ വന്ന ശ്രുതിയുടെയും രേവതിയുടെയും അവസ്ഥ ഇത് തന്നെയായിരുന്നു.

ശരത്തിന്റെയും കിച്ചുവിന്റെയും മുഖത്ത് മാത്രം നിറഞ്ഞ ചിരിയുണ്ട്. ” കൻറ്റോ അമ്മേ പാപ്പൻ വാങ്ങി തന്നതാ നിക്കും ദേവൂട്ടിക്കും. ഞങ്ങൾ ബീച്ചിൽ പോയപ്പോൾ വെള്ളത്തിൽ കളിച്ചു.. ” ഉള്ളിൽ കയറി നിലയുടെ സാരി കൂട്ടി പിടിച്ചു പാറു ഓരോന്നായി പറയാൻ തുടങ്ങി. ” ജിതിൻ വാ ഉള്ളിലേക്ക് കയറു ” എല്ലാവരെയും നോക്കി ഇറങ്ങാൻ നിന്ന ജിതിന്റെ ഷോൾഡറിൽ ശരത്ത് തൊട്ടു ” ഇല്ല പിന്നെ വരാം ഇപ്പോൾ പോട്ടെ ” ” താൻ പിന്നെ വന്നോ. ഇപ്പോൾ ഉള്ളിലേക്ക് കയറ്” ദേവൂട്ടിയെ എടുത്തു നിവിന്റെ അച്ഛനെയും ശ്രേയയെയും കൂട്ടി വരുന്ന പ്രഭാകരൻ പറഞ്ഞപ്പോൾ ജിതിൻ സൂക്ഷിച്ചു നോക്കി. ” താൻ വാടോ.. നന്ദു വന്നിട്ടുണ്ട് ഒന്ന് കണ്ടിട്ട് ഇറങ്ങാം ” ശരത്ത് വീണ്ടും വിളിച്ചപ്പോൾ എതിർക്കാൻ തോന്നിയില്ല. ഉള്ളിലേക്ക് കയറി നന്ദുവിന്റെ റൂമിലേക്ക് നടന്നു. എന്നിട്ടും വിശ്വാസം വരാതെ നിൽക്കുന്ന നിലയുടെ തലയ്ക്ക് കൊട്ടി ശരത്ത് ചായ എടുക്കാൻ പറഞ്ഞു. ചമ്മിയ ചിരി ചിരിച്ചു അവൾ പടിയിൽ വച്ച കവർ എടുത്തു പാറുവിന്റെ കൈ പിടിച്ചു ശ്രെയയെ കൂട്ടി അടുക്കളയിലേക്ക് പോയി. പുറത്ത് നിന്ന് പാറുവിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ നന്ദു എഴുനേറ്റിരുന്നു.

ഡോർ തുറന്നു ഉള്ളിലേക്ക് കയറിയ നിവിന്റെ അച്ഛനെയും ജിതിനെയും കണ്ടപ്പോൾ എഴുനേറ്റിരുന്നു. അവരെ നോക്കാനുള്ള ചെറിയ മടി ഉണ്ടായിരുന്നു. ” എന്താടോ.. വേദനയുണ്ടോ. എല്ലാവരെയും ഒന്ന് പേടിപ്പിച്ചു. ” നിവിന്റെ അച്ഛൻ നന്ദുവിനെ കൈ പിടിച്ചു ചോദിച്ചപ്പോൾ അവൻ ചിരിച്ചു കണ്ണുകൾ അടച്ചു. അവർ തമ്മിലുള്ള സംസാരം നീണ്ടു പോയപ്പോൾ ജിതിനോരു കേൾവിക്കാരനായി നിന്നു. പിന്നെ വരാം എന്ന് പറഞ്ഞു നിവിന്റെ അച്ഛൻ ഇറങ്ങിയതും പിറകിൽ ഇറങ്ങാൻ നിന്ന ജിതിൻ ഡോറിന്റെ മുന്നിൽ കുറച്ചു നേരം നിന്നു. പിന്നെ തിരിഞ്ഞു വന്ന് നന്ദുവിന്റെ രണ്ട് കൈ കൂട്ടി പിടിച്ചു. ” ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. മാപ്പർഹിക്കുന്നതല്ല. നീ പാറുവിനോട് കാണിക്കുന്ന സ്നേഹത്തിന്റെ പത്തിലോരംശം പോലും എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കുറ്റബോധം ഉണ്ട്. എനിക്കിനി അവളെ സ്നേഹിക്കണം നിങ്ങളുടെ എടുത്തു നിന്ന് ഞാൻ തട്ടി പറിക്കില്ല. അവൾ വരില്ല… അബദ്ധത്തിൽ പോലും ഇന്നവളുടെ കണ്ണുകൾ ഏട്ടന്റെ മുറിയിലേക്ക് നീണ്ടിട്ടില്ല.

അതിനർത്ഥം അവൾ അത്രയും നിലയെയും ശരത്തിനെയും സ്നേഹിക്കുന്നുണ്ടെന്നാണ്. അവിടെ ഉള്ള രണ്ട് ജീവനെ ഓർത്തെങ്കിലും പാറുവിനെ ഇടയ്ക്ക് പറഞ്ഞയക്കണം ” ജിതിന്റെ കണ്ണിൽ സത്യമുള്ളതായി തോന്നി നന്ദുവിന് ആ കണ്ണ്നീർ മാപ്പർഹിക്കുന്നുണ്ട്. തിരിച്ചു അവന്റെ കൈ പിടിച്ചു നന്ദു സമ്മതമെന്ന വണ്ണം തല അനക്കി ചിരിച്ചു. ജിതിൻ സന്തോഷത്തോടെ എഴുനേറ്റ് പുറത്തേക്കിറങ്ങി പിറകെ തന്നെ നന്ദുവിനും. ശരത്തിനെയും കിച്ചുവിനെയും കാണുമ്പോൾ നിലയുടെ പിറകിൽ ഒളിക്കുന്ന ശ്രെയയെ ശരത്ത് ഇടയ്ക്ക് ശ്രദ്ധിച്ചിരുന്നു. ചായ കുടിക്കാൻ വിളിച്ചപ്പോളും അവൾ വേണ്ടെന്ന് പറഞ്ഞു നിലയുടെ കൂടെ കൂടി . ശ്രെയക്ക് എന്തോ പറയാനുള്ളതായി തോന്നി ശരത്ത് അടുക്കളയിൽ ചെന്ന് പിന്നാമ്പുറത്തേക്ക് ഇറങ്ങി. ” സോറി. ” അത് പ്രതീക്ഷിച്ച പോലെ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. ശ്രെയയോട് അടുത്തേക്ക് വരാൻ കൈ കൊണ്ട് കാണിച്ചു. ” ജിതിനെ ഇഷ്ട്ടമാണ് ലേ ” അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.

” ഞാനൊരു മാഷാടോ മനസിലാവും. അവന് വേണ്ടി വാദിച്ചപ്പോൾ ആ കണ്ണിൽ കണ്ടത് ജിതിനോടുള്ള ഇഷ്ട്ടമാണ്. അവൻ പാവമാണ്. തനിക്ക് എല്ലാം അറിയാവുന്നതല്ലേ. സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ മനുഷ്യർക്കുള്ളു. എനിക്കിപ്പോൾ അവൻ എന്റെ തല തെറിച്ച രണ്ടെണ്ണത്തിനെ പോലെയാണ്. തന്നെ പോലൊരു കൂട്ട് ഉണ്ടാകുമ്പോൾ അവൻ ഓക്കേ ആവും. ചുമ്മാ ഒളിപ്പിച്ചു വയ്ക്കണ്ട പോയി പറയെടോ. ” ചിരിച്ചു കൊണ്ട് ശരത്ത് പറഞ്ഞപ്പോൾ അവൾ തല താഴ്ന്നു. ” ഒന്നും മനസ്സിൽ വയ്ക്കരുത്. അപ്പോൾ അച്ഛനോട്‌ കയർത്ത് സംസാരിച്ചപ്പോൾ അമ്മയെ ഓർത്ത് പറഞ്ഞു പോയതായിരുന്നു. ഒരു മാഷാണെന്ന് പോലും അപ്പോൾ ഓർത്തില്ല. ” ” അതൊന്നും കുഴപ്പമില്ലെടോ…താൻ വിട്. ജിതിന്റെ കാര്യം മറക്കണ്ട പോയി പറയണം. വാ അകത്തേക്ക് പോവാം ” രണ്ട് പേരും പരസ്പരം നോക്കി ചിരിച്ചു ഉള്ളിലേക്ക് കയറി. അവരുടെ സംസാരം കേട്ട നിലയിലും ചിരി ഉണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു മൂന്ന് പേരും സന്തോഷത്തോടെ മടങ്ങിയത്. പാറുവിനോട് കൂടെ വരുന്നുണ്ടോയെന്ന് അച്ഛൻ ചോദിച്ചപ്പോൾ അവൾ നിലയുടെ കാലിൽ ചുറ്റി പിടിച്ചു.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു എല്ലാവരും ഉമ്മറത്തു സ്ഥാനം പിടിച്ചിരുന്നു. ശരത്തിന്റെ നെഞ്ചിൽ തല വച്ചു കിടക്കുന്ന പാറുവിനെ അടുത്തിരുന്ന് നന്ദു ഇടയ്ക്ക് വെറുപ്പിക്കുന്നുണ്ട് സഹി കേട്ട് അവൾ കാലിനൊന്ന് കൊടുത്തു. കിച്ചുവിന്റെ മടിയിൽ കിടന്നുറങ്ങിയ ദേവൂട്ടിയെ റൂമിൽ കൊണ്ട് കിടത്തി തിരിച്ചു വന്നപ്പോൾ അവൻ ശ്രുതിയെ നോക്കി. അവൾ മുഖം തിരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്താണെന്നവൾ പുരികം പൊക്കി ചോദിച്ചപ്പോൾ അവൻ ഉള്ളിലേക്ക് വരാൻ പറഞ്ഞു ശ്രുതി വേഗം തിരിഞ്ഞിരുന്നു നിലയുടെ ഷോൾഡറിൽ തല വച്ചു. രാജേഷ് ഇടയ്ക്ക് നിലത്ത് ഇരിക്കുന്ന രേവതിയെയും നിലയെയും ശ്രുതിയെയും നോക്കി. ” രേവതി ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ഞെട്ടോ “. ഒരു ബന്ധവും ഇല്ലാതെ പെട്ടെന്ന് രാജേഷ് ചോദിച്ചപ്പോൾ ശ്രുതിയും ശരത്തും ഒഴികെ ബാക്കി എല്ലാവരും നോക്കി. ” എന്ത് കാര്യം. ” രേവതി നെറ്റി ചുളിച്ചു . ” നീ ഏറ്റവും കൂടുതൽ കൊതിക്കുന്ന ഒന്നാണ്. ”

“വളച്ചു കെട്ടാതെ കാര്യം സ്ട്രൈറ്റ് ആയി പറ. ” ” ഞാനൊരു വാക്ക് തന്നിരുന്നു . ” രേവതിയുടെ കണ്ണുകൾ കലങ്ങി . ഇതെന്തിനാണ് ഇവിടെ പറയുന്നു എന്നതായിരുന്നു അവരുടെ മനസ്സിൽ. ” മുഖത്തേക്ക് നോക്ക് രേവതി. ഇത്രയും വർഷം കാത്തിരുന്നതല്ലേ.. ആ വാക്ക് ഞാൻ പാലിച്ചു…കണ്ട് പിടിച്ചെടോ. ” രേവതി വിശ്വാസം വരാതെ കണ്ണുകൾ നിറച്ചു രാജേഷിനെ നോക്കി. ആരാണെന്ന് മനസ് ആർത്ത് ചോദിക്കുമ്പോൾ ശബ്ദം പുറത്തേക്ക് വന്നില്ല. ശരീരത്തിന് ബലം കുറയുന്ന പോലെ തോന്നി. ” നിനക്ക് കാണണ്ടേ അവളെ ” രേവതി തലയനക്കി ” താനൊന്ന് കൈ ഉയർത്തി ചേർത്ത് പിടിച്ചാൽ മതിയെടോ . ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടമായ മകളെ ആ കൈക്കുള്ളിൽ ഇനി നഷ്ടപ്പെടുത്താതെ പൊതിഞ്ഞു പിടിക്കാൻ. ” രേവതി കരഞ്ഞു നിലയെ നോക്കി. അവൾക്കും ഒന്നും മനസിലായിരുന്നില്ല. നന്ദുവിന്റെയും കിച്ചുവിന്റെയും അച്ഛന്റെയും അവസ്ഥ ഇത് തന്നെയായിരുന്നു.

” എന്റെ മകളാണോ മോളെ നീ ” വളരെ പതിഞ്ഞ ശബ്ദത്തിൽ രേവതി കരഞ്ഞു നിലയുടെ കവിളിൽ തൊട്ടു. ശ്രുതിയും രാജേഷും കണ്ണുകൾ നിറഞ്ഞു തല വെട്ടിച്ചു. നില മനസിലാവാതെ ശരത്തിനെ നോക്കി. അവൻ പാറുവിനെ ചേർത്ത് പിടിച്ചു ചിരിച്ചു. ” ഞാ… ഞാൻ അറിഞ്ഞില്ലല്ലോ മോളെ. ഇത്രയും അടുത്ത് ഉണ്ടായിട്ട് പോലും എനിക്ക് മനസിലായില്ലല്ലോ . മരിക്കുന്നതിന് മുൻപേ ഒരു വട്ടമെങ്കിലും കാണണമെന്നുണ്ടായിരുന്നു. എന്നോട്…. എന്നോട് ദേഷ്യമൊന്നും തോന്നരുത്…. എനി… എനിക്ക് അറിയില്ലായിരുന്നു. എവിടെ ആണെന്ന് അറിഞ്ഞിരുന്നേൽ ഓടി വരുമായിരിക്കും. എത്രയോ വട്ടം കെഞ്ചിയതായിരുന്നു. എന്റെ മകളെ മാത്രം മതി നിങ്ങളുടെ ജീവിതത്തിൽ ഇനി വലിഞ്ഞു കയറി വരില്ലായെന്ന് പറഞ്ഞതായിരുന്നു. ഞാ…. ഞാൻ എങ്ങനെയാണ് നിന്നോട് മാപ്പ് പറയേണ്ടത്.. ” ” ശരത്തേട്ട ” നില നിസ്സഹായതയോടെ വിളിച്ചു . ” സത്യമാണ് നില. നിന്റെ അമ്മയാണ് ” ചെവി കൊട്ടിയടയ്ക്കാൻ തോന്നി അവൾക്ക്.

അമ്മയെന്ന വാക്ക് ചെവിയിൽ മുഴങ്ങി. രേവതിയെ നോക്കാൻ തല ഉയർന്നില്ല. ബാക്കി മൂന്ന് പേർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല കിച്ചു ശ്രുതിയെ നോക്കിയപ്പോൾ അവൾ കണ്ണുകൾ തുടച്ചു തിരിഞ്ഞിരുന്നു . “ഞാൻ ഒന്ന് ഉമ്മ വച്ചോട്ടെ ” നിലയുടെ അനുവാദം കാക്കാതെ രേവതി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത്. അമ്മയുടെ ആദ്യ ചുംബനം. സന്തോഷിക്കാൻ കഴിയുന്നില്ല അവൾക്ക് . മറിച്ച് വേദനിക്കുന്നു…. വല്ലാതെ… ഒത്തിരി ….. ആൾക്കൂട്ടത്തിൽ ഒറ്റ പെട്ട് പോയ ഒരു പെൺ കുട്ടിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. ഓരോ പ്രതിസന്ധി ഘട്ടത്തിലും തളർന്നു പോകുമ്പോൾ ജന്മം നൽകിയവരെ വെറുത്ത ആ പെൺ കുട്ടിക്ക് അവളുടെ മുഖമായിരുന്നു. ” ആ ഫോട്ടോയിൽ ഉള്ളത് ഞാനായിരുന്നോ. ” അവളുടെ ചോദ്യത്തിൽ രാജേഷ് മുഖം ചുളിച്ച് നെറ്റി ഉഴിഞ്ഞു. വീട്ടിൽ നിന്ന് ആ ഫോട്ടോ അവൾ കണ്ടിരിക്കുമെന്ന് അയാൾ ഊഹിച്ചു. രേവതിയെ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്ന് മനസിലായി. രേവതി അവളുടെ മുഖത്ത് നിന്ന് കൈ എടുത്തു സംശയ ഭാവത്തിൽ നോക്കി. ” മോളെ.. ഞാൻ പറയുന്നത് കേൾക്കണം ” രാജേഷ് ചെയറിൽ നിന്നിറങ്ങി നിലയുടെ അടുത്തിരുന്നു. ” എന്റെ അച്ഛൻ നിങ്ങളല്ല ” അയാൾ തല താഴ്ത്തി. രേവതിക്ക് ശ്വാസം എടുക്കാൻ പോലും കഴിയാതെ വന്നു.

” എല്ലാം മറയ്ക്കാനാണോ എന്നേ ഇല്ലാതാക്കാൻ നോക്കിയത് . ” നില വീണ്ടും ചോദിച്ചു. രേവതി ഞെട്ടി രാജേഷിനെ നോക്കി. ” അതേ. ഇവിടെ കള്ളം പറയേണ്ട ആവശ്യം ഇല്ല. പക്ഷെ മോള് ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം. രേവതിയെ നീ വെറുക്കാതിരിക്കാനെങ്കിലും എല്ലാം കേൾക്കണം. ” ” എനിക്ക് കേൾക്കണമെന്നില്ല സർ. നിങ്ങളുടെ ജീവിതത്തിൽ ഞാനൊരു തടസമായി വരില്ല. ആരും ഇല്ലാത്തവളായിട്ട് തന്നെയാണ് ഈ കുടുംബം എന്നേ സ്വീകരിച്ചത് . എനിക്ക് ഇവർ മാത്രം മതി . മറ്റാരും വേണ്ട. ” ” നില സാറിന് പറയാനുള്ളത് ഒന്ന് കേട്ടൂടെ ” ” എന്തിനാണ് ശരത്തേട്ട. ” അവൾ വിതുമ്പി. ” ഞാൻ അറിയുന്ന നിലയ്ക്ക് മറ്റുള്ളവരുടെ ഫീലിംഗ്സ് മനസിലാക്കാൻ കഴിയും. ആരെയും വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ട്ടമല്ല. എല്ലാം കേട്ട് കഴിഞ്ഞിട്ട് മോൾ ഒരു തീരുമാനം എടുത്താൽ മതി. അപ്പോളും നിനക്ക് ഞങ്ങളെ കാണേണ്ട എന്നാണേൽ ഒരിക്കലും നിന്റെ മുന്നിൽ വരില്ല. ആ ഉറപ്പ് ഞാൻ നിനക്ക് തരും ” രാജേഷ് അവസാന ശ്രമമെന്ന പോലെ പറഞ്ഞപ്പോൾ നില തലയനക്കി.

” ശെരിയാണ് നീ എന്റെ മക്കൾ അല്ല. എന്റെ ഏട്ടൻ ഇന്ദ്രന്റെയും രേവതിയുടെയും മകളായി കൃഷ്ണപുരത്ത് വളരേണ്ടവളായിരുന്നു . പക്ഷെ കൂടപ്പിറപ്പുകൾ കളിച്ച കളിയിൽ നിനക്കും രേവതിക്കും നഷ്ടമായത് സ്വന്തം ജീവിതം തന്നെയാണ്.” അയാൾ നിലയെ നോക്കി ഓരോന്നായി പറഞ്ഞു തുടങ്ങി അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും രേവതിയും ഇന്ദ്രനും തമ്മിലുള്ള ബന്ധത്തേ കുറിച്ച്. അവർ എങ്ങനെ പിരിഞ്ഞുവെന്നും അതിൽ നിരഞ്ജനും സുധിക്കുമുള്ള പങ്കെന്ത്‌ എന്നും. നിലയെ നഷ്ടമായതും രാജേഷ് രേവതിയെ സ്വീകരിച്ചതും . ഇപ്പോൾ നിലയ്ക്ക് സംഭവിച്ചതും എല്ലാം. ” ഞങ്ങൾക്ക് മനസിലാകും നില. നിന്റെ ബാല്യവും കൗമാരവും എന്തിനേറെ പറയുന്നു എഡ്യൂക്കേഷൻ പോലും നഷ്ട്ടമായത് ഞങ്ങൾ കാരണമാണ്. വാദിക്കുകയല്ല മറിച്ച് രേവതിയുടെ നിസ്സഹായാവസ്ഥ പറഞ്ഞു മനസിലാക്കിയതാണ്. ഇന്ന് വരെ അവൾ സുഖമായി ഉറങ്ങിയിട്ടില്ല. എന്നേ വിവാഹം കഴിക്കാൻ സമ്മതിച്ചതും നിന്നേ മറന്നിട്ടല്ല മറിച്ച് അവളുടെ മകളെ കണ്ടെത്തി തരും എന്ന വിശ്വാസത്തിന് പുറത്താണ്. അതിന് ഇത്രയും വർഷം വേണ്ടി വന്നു.

ഇന്ദ്രൻ നിന്നേ സ്വീകരിച്ചില്ലെങ്കിലും നീയെന്റെ മകൾ തന്നെയാണ് . അങ്ങനെ പറയാനാണ് ഇഷ്ട്ടം. എനിക്ക് മക്കൾ ഒന്നല്ല രണ്ടാണ്. ഇനിയും നിനക്ക് എന്താണ് പറയാൻ ഉള്ളത്. നീ പറയുകയാണെൽ നിന്റെ മുന്നിൽ പോലും വരില്ല. നിലയുടെ കൈ പിടിച്ചു എഴുനേൽക്കാൻ നിന്ന രാജേഷിനെ നോക്കി അവൾ രേവതിയെ കെട്ടി പിടിച്ചു കരഞ്ഞു. കണ്ട് നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. രേവതി മുഖം തുടച്ചു വീണ്ടും പറയാൻ വന്നതും നില തടഞ്ഞു. ” ഇനി ഒന്നും പറയണ്ട. എന്റെ അമ്മയാണ് അത് മാത്രം മതി എനിക്ക്. ” ” അപ്പോൾ ഞാനോ ” രാജേഷ് കേറുവോടെ ചോദിച്ചു. ” അച്ഛൻ ” ശബ്ദം ചിലമ്പിച്ചിരുന്നു. അവളെ ചേർത്ത് പിടിച്ചു കൈക്ക് ഇടയിലൂടെ ശ്രുതി വലിഞ്ഞു കയറി. ” നിങ്ങൾ അമ്മയും മകളും അച്ഛനും എന്നേ പുറത്താക്കിയോ. ” ” നീ ഇനി പുറത്താണ്. നിനക്ക് തന്നതിന്റെ ഇരട്ടി സ്നേഹം ഇനി ഞങ്ങൾക് മോൾക് കൊടുക്കും . ” ” നിങ്ങൾ ചേച്ചിയേ സ്നേഹിക്കൂ. ചേച്ചി അത് ഇരട്ടിയായി എനിക്ക് തരും. ” രാജേഷിനെ നോക്കി മുഖം തിരിച്ചു ശ്രുതി നിലക്ക് ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുത്തു. നന്ദുവിനും കിച്ചുവിനും എവിടെയോ ഒരു അസൂയ മുള പൊട്ടി. നിലയെ മറ്റൊരാൾ കൂടുതൽ സ്നേഹിക്കുന്നതോ കെയർ ചെയ്യുന്നതോ ഇഷ്ട്ടപെടുന്നില്ല. അതേ സമയം ഏട്ടത്തിക്ക് എല്ലാവരും ഉണ്ടെന്ന് ഓർക്കുമ്പോൾ സന്തോഷവും.

പാറു ഉറങ്ങി എഴുനേറ്റു വന്നപ്പോൾ ഹാളിൽ ഒച്ചയും ബഹളവുമായിരുന്നു. രാജേഷിനെയും ശ്രുതിയെയും രേവതിയെയും ഇനി കുറച്ചു ദിവസത്തേക്ക് പറഞ്ഞക്കുന്നില്ല എന്ന് പറഞ്ഞു എല്ലാവരും പിടിച്ചു വച്ചു . അതിൽ കോളടിച്ചത് കിച്ചുവിനാണ്. രേവതിക്ക് നിലയെ കണ്ടിട്ട് മതിവരാത്ത പോലെ. ഒരു മിനിറ്റ് അവളുടെ അടുത്ത് നിന്ന് മാറുന്നില്ല. ” ഇറ്റ് എൻറ്റ ആരും പോയില്ലേ ” കണ്ണ് തുരുമ്മി ഹാലിരിക്കുന്ന എല്ലാവരെയും നോക്കി. ” എന്റെ പാറുസേ നീയൊന്ന് ഉറങ്ങി എഴുന്നേറ്റപ്പോളേക്കും എന്തൊക്കെയാണ് ഇവിടെ നടന്നത് . നന്ദു അവളുടെ കൈ പിടിച്ചു മടിയിൽ ഇരുത്തി ചേർത്ത് പിടിച്ചു. ” എൻറ്റ നടന്നത് ” ” അതൊക്കെ പിന്നെ പറഞ്ഞു തരാം. പോയി മുഖം കഴുകടി. ഉറങ്ങി എഴുനേറ്റു അതേ പോലെ മടിയിൽ കയറി ഇരിക്കുന്നോ. ” ” നാൻ അല്ലല്ലോ വിക്രമൻ അല്ലേ എന്നേ മറ്റിയിൽ ഇരുത്തിയെ ” നന്ദുവിന്റെ മടിയിൽ നിന്നിറങ്ങി കൈക്ക് ഒരടി കൊടുത്തു പാറു നില എടുക്കാൻ വേണ്ടി കൈ പൊക്കി.

“ആറ്റു നോറ്റു അമ്മയെ കിട്ടിയപ്പോൾ നീ എന്റെ ഏട്ടത്തിയുടെ നടു കൂടി ഒടിക്കോ ” ” എന്നാൽ എന്നേ വിക്രമൻ എറ്റുക്ക് ” നിലയുടെ ഒക്കത്ത് നിന്നും പാറു നന്ദുവിന്റെ മേലേക്ക് ചാഞ്ഞു. ” എനിക്ക് അതാണല്ലോ പണി. ആ ഹോസ്പിറ്റലിൽ നിന്ന് ഒന്ന് പുറത്തേക്ക് ഇറങ്ങിയിട്ടെ ഉള്ളു. ” ” വിക്രന് കയ്യുലേക്ക് മിൻറ്റരുത്. ” ” എന്റെ വായ എന്റെ നാക്ക് എനിക്ക് ഇഷ്ട്ടമുള്ളപ്പോൾ ഞാൻ മിണ്ടും. ” ” വിക്രമൻ പരഞ്ഞോ ആരും കേൽക്കുല. … ഇല്ലല്ലോ അമ്മേ ” അതൊന്ന് ഉറപ്പിക്കാൻ വേണ്ടി നിലയുടെ കവിളിൽ തോണ്ടി. ” ഇല്ല അവൻ പറയുന്നത് ആരും കേൾക്കില്ല. എന്റെ പാറു പറയുന്നത് മാത്രേ കേൾക്കു. ” പാറു ചെറിയ അഹങ്കാരത്തോടെ നന്ദുവിനെ നോക്കി നിലയുടെ തോളിൽ കിടന്നു. ” ഇനി നന്ദു വാ തുറന്നാൽ ഗ്ലാസ്‌ ആണ് കയ്യിലുള്ളത് എടുത്തു എറിയും. ” വീണ്ടും ചൊറിയാൻ വന്ന നന്ദു നിലയുടെ ഒരൊറ്റ ഡയലോഗിൽ മിണ്ടാട്ടം മുട്ടി . ” ഇപ്പോ എല്ലാവരെയും കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടേ. ” നിലയെ ഇടം കണ്ണിട്ട് നോക്കി നന്ദു കിച്ചുവിന് നേരെ തിരിഞ്ഞു. ” ഏൽക്കില്ല നന്ദു. നിങ്ങളെ രണ്ടെണ്ണത്തിന്റെ കൂടെ കുറച്ചു കാലം നിന്നതല്ലേ. ചുണ്ട് ഉള്ളിലേക്ക് കൂട്ടി പിടിച്ചു നില അടുക്കളയിലേക്ക് നടന്നു. നന്ദു വളിഞ്ഞ ചിരി ചിരിച്ചു

രാത്രി കഴിക്കാനുള്ളത് രേവതിയും നിലയും ഉണ്ടാക്കുമ്പോൾ ശ്രുതി അവിടെ നിന്ന് പതുക്കേ വലിഞ്ഞു. ” ചെയ്യുന്ന പണി തീർത്തിട്ട് പോ ശ്രുതി. ” അവൾ മുങ്ങിയെന്ന് കണ്ടതും രേവതി കയ്യിലുള്ള ലൈറ്റർ കൊണ്ട് ഒരേറു കൊടുത്തു. ” അഹ്.. എന്നേ കൊണ്ട് ആവില്ല ഇനി നിൽക്കാൻ ഞാൻ വിയർത്ത് കുളിച്ചു. ചേച്ചി നല്ല അടിപൊളിയായി ഫുഡ്‌ ഉണ്ടാക്കും. ഇന്ന് നിങ്ങൾ അമ്മയ്ക്കും മോൾക്കും ഞാൻ അടുക്കള വിട്ട് തന്നിരിക്കുന്നു. ” രേവതിയിൽ നിന്ന് മറ്റെന്തേലും കേൾക്കുന്നതിന് മുന്നേ ശ്രുതി തിരിഞ്ഞു നോക്കി പുറത്തേക്ക് ഓടിയതും ഇടിച്ചു നിന്നത് കിച്ചുവിന്റെ നെഞ്ചിലായിരുന്നു. പെട്ടെന്ന് പതറിയ അവൾ പിറകിലേക്ക് ഓടാൻ നിന്നതും കിച്ചു അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി റൂമിൽ കയറി ലോക്ക് ചെയ്തു. ” ഏയ് എന്താ ഈ കാണിക്കുന്നത് വാതിൽ തുറക്ക് ആരേലും കാണും. “. മുന്നിൽ നിൽക്കുന്ന കിച്ചുവിനെ മാറ്റി ഡോർ തുറക്കാൻ നിന്നതും അവൻ ഡോറിൽ കൈ വച്ചു. ” നിനക്ക് അറിയാമായിരുന്നോ ” ” എന്ത് ” കിച്ചു ചോദിക്കുന്നത് കേട്ട് അവൾ സൂക്ഷിച്ചു നോക്കി. ” ഏട്ടത്തിയുടെ കാര്യം ” മറുപടി പറയാതെ അറിയാമെന്നു തലയനക്കി.

” എന്നിട്ട് എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല. ” ” അതിന് ഇയാൾ എന്നാണ് എന്റെ മുഖത്തേക്ക് നോക്കിയത്. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാറുണ്ടോ മെസ്സേജ് അയച്ചാൽ നോക്കാറുണ്ടോ.. ഇപ്പോൾ വിളിച്ചിട്ട് എത്ര ദിവസമായി. എന്നിട്ട് ഞാൻ ഒന്നും പറഞ്ഞില്ലാന്നോ ” ” അത് ഞാൻ അപ്പോളത്തെ സിറ്റുവേഷനിൽ… ” ” ഇനി വീണിടത്ത് കിടന്നു ഉരുളണ്ട.. ഞാൻ അതെല്ലാം ഒഴിവാക്കി. ” ശ്രുതി ചുണ്ട് കൂട്ടി പിടിച്ചപ്പോൾ കിച്ചു ചമ്മിയ ചിരി ചിരിച്ചു. ” ഈ ഡോർ ഒന്ന് തുറന്ന ഞാൻ പോട്ടെ. ” ” എന്തായാലും കയറിയില്ലേ.. എന്തേലും തന്നിട്ട് പൊക്കോ. ” കിച്ചു അടുത്തേക്ക് വന്നപ്പോൾ അവൾ ചുമരിനോട് ചേർന്നു ചുണ്ട് കൈ കൊണ്ട് പൊത്തി പിടിച്ചു. ” കൈ മറ്റെടി. ” ” കിച്ചേട്ടൻ ഒന്ന് പോയ.. പുരത്ത് എല്ലാവരും ഉണ്ട്.” ” അവരൊന്നും കാണില്ലെടോ. ” കിച്ചുവിന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകിയതും പുറത്ത് നിന്ന് പാറു ഡോർ മുട്ടി തുടങ്ങി. ” ഈശ്വര ഞാൻ തിരിഞ്ഞോടിയാലോ ” ശ്രുതിയിൽ നിന്ന് മാറി മുണ്ട് മടക്കി കുത്തി കിച്ചു അവളെ നോക്കി. ” പാതാളത്തിലേക്ക് വല്ല വഴിയും ഉണ്ടോന്ന് നോക്ക്. ഞാൻ അപ്പോളേ പറഞ്ഞതാണ്. ”

” ആസ്ഥാനത്ത് കയറി ചൊരിയല്ല ശ്രുതി. എന്താ ഇപ്പോൾ ചെയ്യ… ആ പെണ്ണ് ഡോർ ഇപ്പോൾ പൊളിക്കും. ” ” ഇനി എന്ത് ചെയ്യാൻ ഡോർ തുറക്ക്. ” ” തുറക്കാം ല്ലേ. ” ” ഇത്ര പേടി ഉള്ള ആളാണോ എന്നേ ഉള്ളിലേക്ക് കയറ്റിയത്. ” ” എനിക്ക് വേറെ ആരെയും പേടിയില്ല. ന്റെ പാറു ഒഴികെ.. പെണ്ണ് നാറ്റിക്കും. ഇനി ഒന്നും നോക്കണ്ട തുറക്കാം. ” പതുക്കെ ഡോർ തുറന്നു കിച്ചു താഴേക്ക് നോക്കി. ” എൻറ്റ ഇറ്റിന്റെ ഉള്ളിൽ ” കിച്ചുവിന്റെ കാലിന്റെ വിടവിലൂടെ നുഴഞ്ഞു കയറി പാറു ശ്രുതിയെ നോക്കി. ” ഈ…. പെണ്ണ് ഇത് എന്തൊക്കെയാണ് ചെയ്യുന്നത്. ” വേഗം കാൽ കൂട്ടി പിടിച്ചു. ” ശുതി എൻറ്റാക്കാ ഇവിറ്റേ. ” പാറു ചോദ്യം ചോദിച്ചു തുടങ്ങി. ” ഞാനും കിച്ചേട്ടനും പഠിക്കാൻ ഉള്ളത് നോക്കായിരുന്നു. ” ” അറ്റിന് വാറ്റിൽ അടയ്ക്കണോ ” ” നീ ആരാടി പോലീസോ… വന്ന് ചോദ്യം ചെയ്യുന്നുണ്ടല്ലോ. ” പിറകിൽ നിന്ന് പാറുവിനെ എടുത്തു പൊക്കി ഇക്കിളി ആക്കിയപ്പോൾ കുണുങ്ങി ചിരിച്ചു കിച്ചുവിന്റെ കഴുത്തിൽ കൈ മുറുക്കി പിടിച്ചു. ” നാൻ സുമ്മ ചോയ്ച്ചതാ. ശുതി പേറ്റിച്ചു പോയി. ” പാറു ചുണ്ടിന്റെ മുകളിൽ കൈ വച്ചു ചിരിച്ചു. ശ്രുതി ആശ്വാസത്തിൽ നെഞ്ചിൽ കൈ വച്ചു പാറുവിന്റെ കവിളിൽ ഉമ്മ വച്ചു… പുറത്തേക്ക് ഓടി…കൂട്ടത്തിൽ അവൾ കാണാതെ കിച്ചുവിനും കൊടുത്തു.
തുടരും…