18/04/2026

ശ്രുതി : ഭാഗം 32

രചന – ഭദ്ര രുദ്ര

തേസമയം മറ്റൊരിടത്ത് കാറിന്റെ സീറ്റിൽ ബോധമില്ലാതെ കിടക്കുകയാണു ശ്രുതി . അവളുടെ നെറ്റിയിലെ മുറിവിൽ മരുന്നുവെച്ച് കെട്ടിയിട്ടുണ്ട് . ആ കാർ അവളെയും കൊണ്ട് ദൂരേക്ക് പാഞ്ഞു കൊണ്ടിരുന്നു . കാറ് അല്പം ദുർഘടമായ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ കാറിലുണ്ടായ കുലുക്കം മൂലം ശ്രുതി മയക്കത്തിൽ നിന്നും ഉണർന്നു . ആയാസപ്പെട്ട് കണ്ണുകൾ തുറന്ന ശ്രുതി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ട് അമ്പരന്നു . അയാളൊരു പൂച്ചക്കണ്ണൻ ആയിരുന്നു . ഇയാളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ , പക്ഷേ അത് എവിടെ വെച്ചാണ് ? എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ . ഇയാൾ ആരാണ് ? അയാൾ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നത് ? ഒരു ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇപ്പോൾ എന്റെ കയ്യിൽ ഇല്ല . പക്ഷേ അയാളുടെ ഉദ്ദേശം എന്തെന്നറിയണമെങ്കിൽ ഞാനീ കാറിൽ തന്നെ ബോധരഹിതയായി കിടക്കണം .

ശ്രുതി കാറിന്റെ പിൻ സീറ്റിൽ തന്നെ ബോധരഹിതയായി കിടന്നു . പെട്ടെന്ന് ആ പൂച്ചക്കണ്ണൻ ഡ്രൈവിങ്ങിനിടയിൽ ശ്രുതിയെ ഒന്ന് തിരിഞ്ഞു നോക്കി . എന്നിട്ട് വീണ്ടും ഡ്രൈവിംഗിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തു . ശ്രുതി കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് ഒന്ന് നോക്കി . ഇപ്പോൾ സമയം ഏഴു മണി ആയിരിക്കുന്നു . രാത്രി 12 മണിക്ക് ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് . അതായത് ഈ യാത്ര തുടങ്ങിയിട്ട് ഏകദേശം ഏഴ് മണിക്കൂറോളം ആയി . അപ്പോൾ ഇത്രയും നേരം ഞാൻ ഈ വണ്ടിയിൽ തന്നെയായിരുന്നു . ഇയാൾ ഇത് എങ്ങോട്ടാണാവോ എന്നെയും കൊണ്ടുപോകുന്നത് ? കാറിന് ചില്ലിലൂടെ പുറത്തോട്ട് നോക്കിയെങ്കിലും പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടായില്ല . കാറിന്റെ ഗ്ലാസ് മുഴുവൻ മഞ്ഞു കൊണ്ട് മങ്ങിയിരുന്നു . അല്പനേരത്തെ യാത്രക്കൊടുവിൽ കാർ ഒരു കുന്നിൻ പ്രദേശത്തിൽ പോയി നിന്നു . ആ പൂച്ചക്കണ്ണൻ കാറിൽ നിന്നും ഇറങ്ങിയിട്ട് ബാക്ക് സീറ്റ് ഡോർ തുറന്നു . ഓൺ ദി സ്പോട്ടിൽ തന്നെ ഞാൻ അവനിട്ടു നല്ലൊരു ചവിട്ടു കൊടുത്തു .

അപ്രതീക്ഷിതമായ ചവിട്ട് ആയതുകൊണ്ട് അവൻ മറിഞ്ഞുവീണു . അപ്പോൾ തന്നെ ഞാൻ കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ചു . എന്നാൽ അവന്റെ കാൽ തടഞ്ഞു ഞാൻ കുന്നിൻചെരുവിലേക്ക് വീഴാൻ പോയി . പെട്ടെന്ന് എനിക്ക് തലയിലെ മുറിവ് വേദനിക്കാൻ തുടങ്ങി . കുന്നിൻ മുകളിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ തല കറങ്ങുന്നതായി തോന്നി. കാല് തെന്നി കുന്നിനു മുകളിൽ നിന്നും താഴെ വീഴാൻ പോയ എന്നെ ആരോ പിടിച്ചു നിർത്തി . എന്റെ അരക്കെട്ടിലൂടെ ഏതോ ബലിഷ്ഠമായ കൈകൾ പിടിമുറുക്കിയതും ഒരു പൂച്ചക്കുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെ എന്നെ എടുത്ത് സേഫ് സ്ഥലത്തേക്ക് മാറ്റി നിർത്തിയതും ആയ ആ കൈകളുടെ ഉടമയെ ഞാനൊന്നു നോക്കി . “”” ആർമി “”” ആ പേരു മുഴുവൻ പറയുന്നതിനുമുമ്പ് തന്നെ ഞാൻ തല കറങ്ങി ആ കൈകളിലേക്ക് വീണിരുന്നു . മുഖത്ത് ശക്തിയായി ആരോ വെള്ളം കുടയാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ബോധം വന്നത് .

ഞാൻ പതിയെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു . അപ്പോൾ കൺമുന്നിൽ കണ്ട മുഖം എന്റെ മനസ്സിൽ ശാന്തമായൊരു അന്തരീക്ഷം സൃഷ്ടിച്ചു . ” ശ്രുതി , ആർ യു ഓക്കേ ? ” അതെ എന്ന് ഞാൻ തലയാട്ടി . അപ്പോഴാണ് ആർമി എന്റെ നെറ്റിയിലുള്ള ആ മുറിവ് ശ്രദ്ധിച്ചത് . ” ശ്രുതി , തന്റെ നെറ്റിയിലെ ഈ മുറിവ് ഇത് എങ്ങനെ പറ്റിയതാ ? ” ആർമിക്ക് ഉത്തരം കൊടുക്കുന്നതിനുപകരം കാറിനടുത്ത് തന്നെ നിന്ന ആ പൂച്ച കണ്ണനെ ഞാൻ ഒന്ന് രൂക്ഷമായി നോക്കി . അതിൽ നിന്നും എന്തോ മനസ്സിലാക്കിയിട്ട് എന്നപോലെ ആർമി ആ പൂച്ചക്കണ്ണൻ അരികിലേക്ക് നടന്നു . ” ഡാ ഇത് എങ്ങനെയാ പറ്റിയത് ? നിന്നോട് ആണ് ഞാൻ ചോദിച്ചത് ഇവൾക്ക് എങ്ങനെയാണ് മുറിവ് പറ്റിയതെന്ന് ? പറയടാ ” രോക്ഷകുലനായ ആർമി ആ പൂച്ച കണ്ണന്റെ കോളറിൽ കയറിപ്പിടിച്ചു ചൂടാവാൻ തുടങ്ങി .

അപ്പോളാണ് അവൻ അവന്റെ തിരുവാ തുറന്ന് സംസാരിക്കാൻ തയ്യാറായത് . ” എടാ അത് ഞാൻ ഒന്നും ചെയ്തതല്ല . നീ പറഞ്ഞതു പ്രകാരം ഇവളെ കൂട്ടാൻ വേണ്ടി തന്നെയാണ് ഞാൻ അങ്ങോട്ട് പോയത് . പക്ഷെ , രാത്രിയിൽ അവൾ എന്നെ കണ്ടു ബഹളം വെക്കാതിരിക്കാൻ ഞാൻ അവളുടെ വായി പൊത്തിപ്പിടിച്ചു . അപ്പോഴേക്കും അവൾ എന്നിൽ നിന്നും കുതറി ഓടാൻ ശ്രമിച്ചപ്പോൾ മരത്തിൽ തലയിടിച്ചു വീണതാണ് . അല്ലാതെ ഞാൻ ഒന്നും ചെയ്തതല്ല . ” ” മിണ്ടരുത് നീ , സുരക്ഷിതമായി കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞാൽ ഇങ്ങനെയാണോ കൊണ്ടുവരേണ്ടത് ? ” ആർമിയും അവനും തമ്മിലുള്ള സംഭാഷണത്തിൽ നിന്നും എനിക്കൊരു കാര്യം മനസ്സിലായി . ആർമിക്ക് വളരെ നന്നായി അറിയുന്ന ആളാണ് ഈ പൂച്ച കണ്ണൻ . ഇവനെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട് . പക്ഷേ എവിടെവച്ചാണ് എന്ന് എനിക്ക് ശരിക്ക് ഓർമ്മ കിട്ടുന്നില്ല . അതുകൊണ്ട് ഞാൻ ആർമിയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു .

” ആരാ ആർമി ഇത് ??? ” ” ഇവൻ എന്റെ ഫാമിലി ഫ്രണ്ടാണ് ശ്രീഹരി . ശ്രീക്കുട്ടൻ എന്നു വിളിക്കും . പെട്ടെന്ന് ഒരു പ്രശ്നം ഉണ്ടായതുകൊണ്ടാണ് നിന്നെ കൂട്ടാൻ ഞാനിവനെ പറഞ്ഞയച്ചത് . അത് വിളിച്ചുപറയാൻ ഞാൻ നിന്റെ ഫോണിലേക്ക് ഒരുപാട് തവണ ട്രൈ ചെയ്തിരുന്നു . പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു . ” ” നിനക്ക് എന്നെ ഓർമ്മയില്ലേ ? ” പെട്ടെന്ന് പൂച്ചക്കണ്ണൻ തിരുവാ തുറന്ന് എന്നോട് സംസാരിച്ചു . ” ഇല്ല . പക്ഷേ എവിടെയോവെച്ച് കണ്ടപോലെ ” ” അമ്പലത്തിലെ ഉത്സവത്തിന് ഇവന്റെ കൂടെ ഞാനും ഉണ്ടായിരുന്നു ” പെട്ടെന്നാണ് എനിക്ക് അത് ഓർമ്മ വന്നത് . സ്വാതിയുടെ അമ്മയുടെ തറവാട് ക്ഷേത്രത്തിൽ ഉത്സവത്തിന് ആർമിയോടൊപ്പം ഈ പൂച്ചക്കണ്ണനെയും ഞാൻ കണ്ടിരുന്നു . അന്ന് ഇവനാണ് എന്നോട് വെറുതെ കൊളുത്താൻ വന്നത് . ഇന്ന് ഇവനെന്റെ നെറ്റിയും പൊട്ടിച്ചു . ബ്ലഡി ഫൂൾ ……… ” അതെന്താണാവോ ഉണ്ണിയാർച്ച ആലോചിക്കുന്നത് ? ഇപ്പോ എന്നെ മനസ്സിലായോ ആവോ ? ” പെട്ടെന്ന് അവന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നുണർന്നത് .

അപ്പോൾ തന്നെ ഞാൻ അതെ എന്ന് തലയാട്ടി . അപ്പോൾ അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു . തിരിച്ച് ഞാനും ചെറിയ ദേഷ്യം ഉള്ളിൽ വച്ചുകൊണ്ട് പല്ലിളിച്ചു പുഞ്ചിരിച്ചു . അപ്പോൾ ആർമി എന്റെ അടുത്തേക്ക് വന്ന് നെറ്റിയിലെ മുറിവിൽ ഒന്ന് പതുക്കെ തലോടി കൊണ്ട് എന്നോട് ചോദിച്ചു : ” ഇപ്പോൾ എങ്ങനെയുണ്ട് ? വേദനയ്ക്ക് കുറവുണ്ടോ ? ” ഞങ്ങളിരുവരുടെയും കണ്ണുകൾ തമ്മിൽ കുറച്ച് നിമിഷത്തേക്കെങ്കിലും ഉടക്കി നിന്നു . മുറിവ് പറ്റിയത് എന്റെ നെറ്റിയിൽ ആണെങ്കിലും ആ മുറിവിന്റെ വേദന കണ്ടത് ആർമിയുടെ മുഖത്തായിരുന്നു . ആർമിയുടെ കണ്ണുകളിൽ ആ വേദനയുടെ ആഴം എനിക്ക് കാണാമായിരുന്നു . ആ മുഖത്തു നിന്നും മിഴികൾ തിരിക്കാൻ എനിക്ക് തോന്നിയെങ്കിലും എന്റെ മനസ്സ് എന്തുകൊണ്ടോ അതിന് അനുവദിച്ചില്ല . അപ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ചുമച്ചുകൊണ്ടു പൂച്ചക്കണ്ണൻ ( ശ്രീക്കുട്ടൻ ) കയറി വന്നത് . അപ്പോൾ ഞങ്ങൾ ഇരുവരും ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി .

” ഇവിടെ ഒരാൾ നിൽക്കുന്നുണ്ടെന്ന് മറക്കരുത് ” ” അതെന്താടാ നീ അങ്ങനെ പറഞ്ഞത് ? ” ” ഒന്നുമില്ല , ചുമ്മാ പറഞ്ഞതാണെ … ” ” എന്നാൽ നീ അങ്ങനെ ചുമ്മാ പറയണ്ട . ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ് . അതിനപ്പുറത്തേക്ക് ഒന്നുമില്ല ” ” ഓ അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ , നീ എന്തിനാ ഇങ്ങനെ കിടന്നു കയറു പൊട്ടിക്കുന്നത് ” ” മതി മതി നിർത്തിക്കോ അതാ നിനക്ക് നല്ലത് ” ” ഓ ഞാൻ നിർത്തിയേ … അല്ല , ഇനി എന്താ നിങ്ങളുടെ പ്ലാൻ ? എവിടേക്ക രണ്ടും കൂടെ പോകുന്നത് ? ” ” അത് തൽക്കാലം നീ എന്നല്ല ആരും അറിയണ്ട . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കാം . എന്റെ ബൈക്ക് നീ കൊണ്ടുപൊയ്ക്കോ . കാറ് ഞാൻ എടുക്കുവാ ” ” ഒക്കെ ഡാ , എന്താവശ്യമുണ്ടെങ്കിലും വിളിക്കണം ” ” ഡാ കാർ ഫുൾടാങ്ക് അല്ലേ ? ” ” ആടാ കോപ്പേ , എവിടെയായാലും സ്ഥലത്തെത്തിട്ട് വിളി കേട്ടോ ” ” ഓക്കേ ഡാ ” പരസ്പരം ഒന്ന് ഹഗ്ഗ് ചെയ്ത ശേഷം അവർ ഇരുവരും പിരിഞ്ഞു . ശ്രീക്കുട്ടൻ അവിടെ നിന്നു പോയതിനു ശേഷമാണ് ഞങ്ങൾ യാത്ര തുടങ്ങിയത് .

അല്പസമയത്തെ യാത്രയിക്കൊടുവിൽ ഞങ്ങളുടെ കാർ പോയി നിന്നത് ഒരു ഹോട്ടലിനു മുന്നിലാണ് . ആദ്യം ഞാൻ കാറിൽ നിന്നിറങ്ങാൻ ഒന്നു മടിച്ചു നിന്നെങ്കിലും ആർമി നിർബന്ധിച്ചപ്പോൾ ഇറങ്ങേണ്ടി വന്നു . ഞങ്ങൾ നേരെ പോയത് ഫുഡ് കഴിക്കാൻ ആയിരുന്നു . നല്ല അടിപൊളി മസാലദോശയും ചായയും കുടിച്ച ശേഷം കുറച്ചു ഫുഡ് ഞങ്ങൾ പാഴ്സലായി വാങ്ങി . സത്യം പറഞ്ഞാൽ ഭക്ഷണം കഴിച്ചപ്പോഴാണ് എനിക്കല്പം സമാധാനമായത് . ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി . ആ യാത്ര വൈകുന്നേരം വരെ നീണ്ടുനിന്നു . സന്ധ്യാസമയത്ത് വയനാട് ചുരം കയറുമ്പോൾ കുങ്കുമ വർണ്ണത്തിൽ ജ്വലിച്ചിരുന്ന അസ്തമയ സൂര്യന്റെ പകുതി ഭാഗം അങ്ങ് ദൂരെയുള്ള മലകൾക്കു പിന്നിലായിരുന്നു . ആ കാഴ്ച ശരിക്കും മനോഹരമായിരുന്നു . ചുരം കയറി മുകളിലെത്തിയപ്പോൾ തണുപ്പ് കൂടിക്കൂടി വന്നു . അസഹനീയമായ തണുപ്പ് അനുഭവപ്പെട്ടപ്പോൾ , ഞാൻ സീറ്റിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി ഇരുന്നു .

അപ്പോൾ അഭിയേട്ടൻ എന്റെ അവസ്ഥ മനസിലാക്കിയിട്ടെന്നോണം അഭിയേട്ടന്റെ ജാക്കറ്റ് എനിക്ക് നേരെ നീട്ടി . ആദ്യം വേണ്ടെന്ന് പറയാൻ തോന്നിയെങ്കിലും കൊടും തണുപ്പ് എന്റെ അഹങ്കാരം പൂർണമായും ഇല്ലാതാക്കിയിരുന്നു . വീണ്ടും കാർ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു . ആ യാത്രയിലെപ്പോഴോ ഞാനൊന്നു മയങ്ങി പോയി . പെട്ടെന്ന് കാർ നിന്നപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത് . അപ്പോൾ ഞങ്ങളുടെ കാർ ഒരു പടുകൂറ്റൻ ബംഗ്ലാവിനു മുന്നിലായിരുന്നു . ആ ബംഗ്ലാവ് ശരിക്കും ഒറ്റ നോട്ടത്തിൽ ഒരു പഴയ കൊട്ടാരം പോലെ തോന്നിച്ചു . ഞാൻ ഒരു അത്ഭുതം നേരിൽ കണ്ട വിസ്മയത്തോടെ ആ ബംഗ്ലാവ് തന്നെ നോക്കി നിന്നു . ( തുടരും )