24/04/2026

പ്രണയരാഗം : ഭാഗം 02

രചന – സുധീ മുട്ടം

“എന്റെ അമ്മക്ക് എന്താ പറ്റിയതെന്നെന്ന് ഒന്ന് പറയൂ..ഞാൻ നിങ്ങൾക്ക് മുമ്പിൽ വരാതെ എവിടെയെങ്കിലും പോയി ജീവിച്ചോളാം..പ്ലീസ് എനിക്കെന്റെ അമ്മയെ കുറിച്ച് മാത്രമറിഞ്ഞാൽ മതി”

ഞാൻ അയാൾക്ക് മുമ്പിൽ കൈകൾ കൂപ്പി..എന്നിൽ നിന്നും ഉയർന്ന നിലവിളി ശക്തമായി പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി…

“നയനേ അമ്മക്ക് നിന്നെയൊന്ന് കാണണമെന്ന്.. നീ വേഗം ഒന്ന് വരൂ”

ഹരിയേട്ടന്റെ വാക്കുകൾ മുഴുവനും കേൾക്കാൻ നിൽക്കാതെ ഞാൻ ശീഘ്രം കാറിൽ കയറി. ഹരിയേട്ടനും ഞാനും ഹോസ്പിറ്റലിൽ എത്തും വരെ പരസ്പരം സംസാരിച്ചതേയില്ല…

“എന്തിനാണ് ഞാൻ എന്നെ വേണ്ടാത്ത ഒരാളെ ഓർക്കുന്നത്..മനസ്സ് മുഴുവനും അമ്മയെ കുറിച്ചായിരുന്നു.ലക്ഷമിയമ്മയെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലെന്നായി…

ഹോസ്പിറ്റലിനു മുമ്പിൽ കാറ് നിന്നതും ഞാൻ ഹരിയേട്ടനു മുമ്പേ ചാടിയിറങ്ങി…

” എവിടെയാണ് അമ്മ ”

നെഞ്ചിടിപ്പോടെ അതിലേറെ ആധിയോടെ ഞാൻ അയാളെ നോക്കി….

ഹരിയേട്ടൻ ഒന്നും മിണ്ടാതെ മുമ്പോട്ട് നടന്നു.ഞാനും ആളുടെ പിന്നാലെ അനുഗമിച്ചു.അയാൾ ചെന്ന് നിന്നത് ഐ സി യൂ വിന്റെ മുന്നിലായിരുന്നു..ചില്ലു ഗ്ലാസിലൂടെ അമ്മക്ക് കൃത്രിമശാസോച്ഛാസം കൊടുത്തിരിക്കുന്നത് ഞാൻ നടുക്കത്തോടെ കണ്ടുനിന്നു.ഉളളിലെവിടെയോ നോവ് പടർന്നൊഴുകി…

ഹരിയേട്ടൻ ചെന്ന് ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നു.എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി…

“ഡോക്ടർ അമ്മ കാണണമെന്ന് പറഞ്ഞ നയനയിതാണ്”

എന്നെ ചൂണ്ടി ഹരിയേട്ടൻ അങ്ങനെ പറഞ്ഞതും എന്റെ നെഞ്ച് വല്ലാതെ പിടിച്ചു.ഹൃദയം രണ്ടായി പകുത്ത് മാറ്റിയത് പോലെ….

ഒരിക്കൽ എല്ലാമെല്ലാം ആയിരുന്നവളെ എത്ര പെട്ടന്നാണ് വലിച്ചെറിയുന്നത്.അയാളെ ഓർത്ത് ഒരിക്കലും സങ്കടപ്പെടില്ലെന്ന് കരുതിയെങ്കിലും ഉച്ചത്തിലൊരു നിലവിളി കണ്ഠനാളത്തിനിടയിൽ കിടന്നു പിടഞ്ഞു…

“നയന അകത്ത് കയറി അമ്മയെ കണ്ടോളൂ”

ഡോക്ടറുടെ അനുവാദം ലഭിച്ചതും ഡോറ് തുറന്നു ഞാൻ അകത്ത് കയറി… അമ്മ കണ്ണു തുറന്നാണ് കിടക്കുന്നത്.എന്നെ കണ്ടതും അമ്മയുടെ മുഖത്തൊരു പ്രകാശം പരന്നു….

“കുട്ടി ഒരു അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞിത് മാറ്റാം.ഒന്നു കാത്ത് നിൽക്കണേ”

അമ്മയെ പരിചരിക്കുന്ന മാലാഖയെ ആകാംഷയോടെ ഞാൻ നോക്കി…

“സിസ്റ്റർ എന്റെ അമ്മക്ക് എങ്ങനെയുണ്ട്..അതൊന്ന് പറയൂ”

“ഭയപ്പെടാനൊന്നുമില്ല..മൈനർ അറ്റാക്കാണ്.പെട്ടെന്ന് കൊണ്ടു വന്നതിനാൽ പേടിക്കേണ്ടാ”

എന്റെയുള്ളിലെ ആധിയവർ തിരിച്ചറിഞ്ഞതിനാലായിരിക്കാം അനുകമ്പയോടെ ആ മാലാഖ അറിയിച്ചത്.പ്രായത്തെക്കാൾ കുറച്ചു മൂത്തത് ആണെങ്കിലും നല്ല പക്വതയോടെയുളള സംസാരമാണ് സിസ്റ്ററിന്….

സിസ്റ്റർ പറഞ്ഞ നിമിഷം കറക്റ്റായിരുന്നു.അതേ സമയം അവർ അമ്മയുടെ മുഖത്തെ മാസ്ക്ക് മാറ്റി…

“അമ്മേ… സങ്കടപ്പെടേണ്ട…ഞാൻ കൂടെയുണ്ട്.അമ്മക്കൊന്നും ഇല്ല..”

ഞാൻ അമ്മയെ സ്വാന്ത്വനിപ്പിക്കാൻ ശ്രമിച്ചു…

“നീയെന്റെ അടുത്ത് എപ്പോഴും വേണം. ഈ മുഖം കണ്ടുവേണം എനിക്ക് സമാധാനമായി മരിക്കാൻ”

അമ്മയെന്റെ കൈകൾ ചേർത്തു പിടിച്ചു ‌ഞാനാ കൈകൾ വേർപ്പെടുത്തി അമ്മയുടെ വായ് ചെറുതായി പൊത്തിപ്പിടിച്ചു…

“ദേ ആവശ്യമില്ലാത്തത് ചിന്തിക്കണ്ടമ്മേ.ഞാനെന്നും അമ്മയുടെ കൂടെ കാണും.മരുമകളായിട്ടല്ല.മകളായി എന്നും അമ്മയുടെ സമീപത്ത് ഞാൻ ഉണ്ടായിരിക്കും”

അമ്മയുടെ മുഖം സന്തോഷത്താൽ വിടർന്നു.അതു കണ്ടെന്റെ മനവും തെളിഞ്ഞു…..

“സിസ്റ്റർ അമ്മയെ വാർഡിലേക്ക് എപ്പഴാ മാറ്റുന്നേ”

“നാളെയെന്നാണ് ഡോക്ടർ പറഞ്ഞത്”

“മം”

അമ്മയെ കണ്ടിട്ട് ഞാൻ പുറത്തേക്കിറങ്ങി.നേരെ ഹരിയേട്ടന മുമ്പിലാണു ചെന്നത്.എന്നെ അയാൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായെങ്കിലും മൈൻഡ് ചെയ്യാതെ സന്ദർശകർക്കുളള ചെയറിൽ ചെന്നിരുന്നു…

ചിന്തകളോരോന്നായി മനസിലൂടെ കടന്നു പോയി. ഹരിമംഗലത്തെ ജീവിതവും ഹരിയേട്ടനുമായുളള പ്രണയകാലവും.എല്ലാം എത്ര പെട്ടാന്നാണ് കൊഴിഞ്ഞു വീണത്…

ലക്ഷമിയമ്മ എന്നെ രാജകുമാരിയെപ്പോലെയാണു വളർത്തിയത്.എല്ലാവർക്കും മുമ്പിൽ മകളായിട്ടു തന്നെയാണ് പരിചയപ്പെടുത്തിയതും‌.ഒരുകുറവും വരുത്തിയട്ടില്ല അമ്മ.ഹരിയേട്ടനു നൽകിയ അതേ പരിഗണനയും എനിക്ക് നൽകിയിരുന്നു….

ഹരിയേട്ടനുമായുളള പ്രണയത്തിനു അധികം ആയുസ്സിലാതെ കൊഴിഞ്ഞു വീണത് നന്നായി.വിവാഹം കഴിഞ്ഞാണ് ആളുടെ മൈൻഡ് മാറിയതെങ്കിൽ ഞാൻ ആരുമല്ലാതായി പോകുമായിരുന്നു….

“ഭഗവതി കാത്തു…”

“നയനേ…”

നീട്ടിയൊരു വിളികേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…തലയുയർത്തി നോക്കുമ്പോൾ ഹരിയേട്ടൻ മുന്നിൽ നിൽക്കുന്നു.. നാലുമിഴികളും ഒരുനിമിഷമൊന്ന് കോർത്തു.ഞാൻ തന്നെ കണ്ണുകൾ മറ്റൊരു ഭാഗത്തേക്ക് ദിശമാറ്റി ഉറപ്പിച്ചു….

“എന്നോട് ക്ഷമിക്കണം.. ഞാൻ നിന്നെ വല്ലാതെ വേദനപ്പിച്ചു.അതിനെനിക്ക് ദൈവം തന്ന ശിക്ഷയാണിത”

ഹരിയേട്ടന്റെ വാക്കുകൾ എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി….

“ക്ഷമ പറയാനും മാത്രം തെറ്റൊന്നും ഹരിയേട്ടൻ എന്നോട് ചെയ്തട്ടില്ല.എന്നെ വേണ്ടെന്ന് വെച്ചത് നിങ്ങളുടെ ഇഷ്ടം. ആ മനസ്സിൽ നിന്നും എന്നെ പടിയിറക്കിയ നിമിഷം ഞാനും ഈ മുഖം മറന്നു”

ഹൃദയം കൊളുത്തിപ്പിടിക്കുന്ന വേദനയോടെ ഞാൻ പറഞ്ഞൊപ്പിച്ചു….

“ഇതിനെക്കുറിച്ച് പറഞ്ഞിനി എന്റെ അടുത്ത് വരരുത്..എനിക്ക് അമ്മയെ മാത്രം മതി”

വാക്കുകളിൽ കാഠിന്യം കലർത്തിയിരുന്നു.ആൾക്കത് മനസ്സിലായിട്ടുണ്ട്.അതാണ് അകന്ന് മാറിയതും….

രാത്രി മുഴുവനും ഞാൻ അവിടെ കുത്തിയിരുന്നു നേരം വെളുപ്പിച്ചു.ഒട്ടും ഉറങ്ങിയിരുന്നില്ല.കുറച്ചു മാറി ഹരിയേട്ടൻ തല ചായ്ച്ചു ഉറങ്ങുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു….

രാവിലെ പത്തു മണി കഴിഞ്ഞു അമ്മയെ റൂമിലേക്ക് മാറ്റി.അമ്മക്ക് നല്ല മാറ്റം ഉണ്ടായിരുന്നു. നാലു ദിവസം ഞാൻ അമ്മയെ പരിചരിച്ചു ഹോസ്പിറ്റൽ കഴിച്ചു കൂട്ടി.പകൽ കുറച്ചു സമയം ഹരിമംഗലെത്തെത്തി കുളിച്ച് വേഷവും മാറി ഭക്ഷണവും പാചകം ചെയ്തു ഉച്ചക്ക് മുമ്പായി ഇങ്ങെത്തും…

അഞ്ചാം നാൾ അമ്മയെ ഹോസ്പിറ്റൽ നിന്ന് അമ്മയെ ഡിസ്ചാർജ് ചെയ്തു….

“നയനയുടെ സ്നേഹമന്ത്രവും പരിചരണവും കൊണ്ടാണ് ലക്ഷമിയമ്മ പെട്ടെന്ന് ഊർജ്ജസ്വലതയായത്”

ഡോക്ടറുടെ വാക്കുകൾക്ക് ഞാനൊരു പുഞ്ചിരിയാണു സമ്മാനിച്ചത്….

“അതേ ഡോക്ടർ.. എനിക്ക് ഈശ്വരൻ നൽകിയ പുണ്യമാണ് ഇവൾ..ചിലർക്കൊന്നും അത് വിധിച്ചിട്ടില്ല”

അമ്മയുടെ സംസാരത്തിലെ ധ്വനി ഹരിയേട്ടുള്ളൊരു കുത്തായിരുന്നു.ആളുടെ മുഖം വിളറിപ്പോയി…..

തുടരും