23/04/2026

എന്റെ പെണ്ണ് : ഭാഗം 36

രചന – നന്ദിത ദാസ്

കശ്മീർ എന്ന വീരഭൂമിയിലേക്ക്‌ കാലുകുത്താൻ ഏത് ഒരു ആർമിക്കാരനും ആഗ്രഹിക്കുന്ന സ്വപ്ന നിമിഷങ്ങൾ…

മനസ്സിൽ ഒരായിരം തവണ ആഗ്രഹിച്ചു പോയി അവിടെക്കൊരു പോസ്റ്റിങ്ങ്‌…

നാൽപതു പേരടങ്ങുന്ന സ്പെഷ്യൽ വിങ്സിലേക്കാണ് തിരഞ്ഞെടുപ്പ്…

അതിൽ ഒരാളാവാൻ കഴിഞ്ഞാൽ ഈ ജന്മം സഫലമായി…

ഹരിയേട്ടൻ എന്റെ കൈയിൽ മുറുകെ പിടിച്ചപ്പോളാണ് സൗപ്നലോകത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നത്…

“എന്താ ഹരിയേട്ടാ…

എന്തിനാ കൊച്ചു കുട്ടികളെപോലെ
ഇങ്ങനെ…

മോളുടെ ഓപ്പറേഷൻ ഭംഗിയായി നടക്കും…
പേടിക്കേണ്ട… ”

“ലിസ്റ്റിൽ എന്റെ പേര് കാണാൻ സാധ്യത കൂടുതലാണ് വിഷ്ണു…
മനസ്സ് ശരിയാകാതെ അവിടേക്കു വന്നിട്ട് എന്ത് പ്രയോജനം…??? ”

“ഇതൊക്കെ ഒരു അച്ഛന്റെ ആകുലതകളാണ്…

ഒരു പട്ടാളക്കാരൻ എന്ന നിലയിൽ ചിന്തിക്കു ഹരിയേട്ടാ…
ബി കൂൾ മാൻ… ”

ഹരിയേട്ടന്റെ കണ്ണിൽ നോക്കി അഭിമാനത്തോടെ ഞാൻ അത് പറഞ്ഞു…

സീനിയോറിറ്റിയും കഴിവും അനുസരിച്ച് നാല്പത് പേരെ മുൻപേ തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു…

ഇനി ആ പേരുകൾ കൂടി അറിഞ്ഞാൽ മാത്രം മതി…

ഓരോരുത്തരും അക്ഷമയോടെ കാത്തിരുന്നു…

ഒടുവിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേരുകൾ വായിച്ചു തുടങ്ങി…

പേരുകൾ വായിക്കുന്നതിനു അനുസരിച്ച് ഓരോരുത്തരും അവരവരുടെ ഇരിപ്പിടങ്ങളിൽ എഴുന്നേറ്റു നിന്നു…

“ലാൻസ് നായക് ഹരി കുമാർ… ”

ഹരിയേട്ടന് അഭിമാനത്തോടെ ഷേക്ക്‌ ഹാൻഡ് കൊടുക്കുന്നതിനിടയിൽ
എന്റെ പേരും വായിക്കപ്പെട്ടു…

തല ഉയർത്തി നെഞ്ച് വിരിച്ചു തന്നെ എഴുന്നേറ്റു നിന്നു…

അഭിമാനപൂരിതം അന്തരംഗം…

ജോണിനും നന്ദനുമൊക്കെ നിരാശയായി…

ഞങ്ങളുടെ ഗ്യാങ്ങിൽ നിന്നും ഞാനും ഹരിയേട്ടനും മാത്രം…

വിക്രം സർ നു ആയിരുന്നു ഈ സ്പെഷ്യൽ വിങ്സിന്റെ
ചുമതല…

അത് ഒരു കണക്കിന് നന്നായി എന്ന് തോന്നി…

നേതൃത്വപാടവം സാറിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്…

ആർക്കും ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും ചെയ്യും…

ഞങ്ങൾ നാൽപതു പേരും വിക്രം സാറും കടുവയും മറ്റു ചില ഓഫിസേഴ്‌സിനേയും മാത്രം കോൺഫറൻസ് ഹാളിൽ തുടരുവാൻ അനുവദിച്ചു കൊണ്ടു ബാക്കി എല്ലാരും ക്യാമ്പിലേക്ക് മടങ്ങി…

തിരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ആശംസകൾ അറിയിക്കാനും അവരാരും മറന്നില്ല…

പിന്നീടുള്ള ചർച്ച ഗൗരവം ഏറിയത് ആയിരുന്നു…

പോസ്റ്റിങ്ങ്‌ കിട്ടിയ എല്ലാവരും പത്തു ദിവസത്തിനുള്ളിൽ കാശ്മീരിലേക്ക് പുറപ്പെടണം…

അതിനു മുൻപ് ചില ഒളിപ്പോരാട്ടങ്ങളും പരിശീലനമുറകളും ശീലിക്കേണ്ടിയിരിക്കുന്നു…

അതിനായി ഇന്നു മുതൽ തന്നെ മിഷൻ ആരംഭിക്കാനാണ് അതോറിറ്റിയുടെ തീരുമാനം…

എല്ലാവരും ഒരേ സ്വരത്തിൽ…

“യെസ്സ് സർ….. ”

എന്നുറക്കെ പറഞ്ഞു…

ഭാരത് മാതാ കീ ജയ് വിളിച്ചു….

അതൊരു ആവേശമായിരുന്നു…

മിഷൻ തുടങ്ങിയത് മുതൽ മനസ്സിൽ വേറെ ഒന്നും ഇല്ല…

ഇന്ത്യ എന്ന ഒരൊറ്റ വികാരം മാത്രം…

കശ്മീരിന്റെ സംരക്ഷണം…
അതിൽ വലുതായി ഒന്നും ഇപ്പോൾ മനസിലില്ല…

ഏകദേശം അഞ്ചു ദിവസം കഴിഞ്ഞപ്പോളേക്കും എല്ലാവരും മനസ്സുകൊണ്ടും ശരീരം കൊണ്ടും പൂർവാധികം ശക്തി പ്രാപിച്ചിരുന്നു…

തിരഞ്ഞെടുക്കപ്പെട്ടവർ നാട്ടിൽ പോയി യാത്ര പറഞ്ഞു വരാൻ അനുവാദം നൽകി…

ഇനി ഒരു മടങ്ങി വരവ് ഈ ദേവലാലിയിലേക്ക് ഇല്ലെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ എല്ലാവരോടും യാത്ര പറഞ്ഞു…

ജോൺ, നന്ദൻ, രൂപേഷ്… അവന്മാരെല്ലാം ശരിക്കും സങ്കടത്തിൽ ആയിരുന്നു…

സ്വന്തം വീട്ടിൽ നിന്നും യാത്ര പറഞ്ഞു പോകുന്ന ഒരു ഫീലിംഗ്…

ചങ്ങാതിമാർ എന്നതിലുപരി ഈ കാലമത്രയും ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കളിച്ചും ചിരിച്ചും നടന്ന സഹോദരങ്ങൾ…

ഹരിയേട്ടന്റെ ഉപദേശം ഇല്ലാതെ ഞങ്ങൾ എങ്ങനെ നന്നാകുമെന്ന് പറഞ്ഞായിരുന്നു നന്ദന്റെ സങ്കടം…

യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരം നിറഞ്ഞു…

ഒരിറ്റു സ്നേഹകണ്ണീർ അവിടെ വീഴിത്തിയിട്ടല്ലാതെ മടങ്ങാൻ ആർക്കും ആയില്ല എന്നുള്ളതായിരുന്നു സത്യം…

ഹരിയേട്ടന് എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു…

അഞ്ചു ദിവസം ആ മനുഷ്യന് അഞ്ചു നിമിഷങ്ങൾ മാത്രം ആണ്…

എല്ലാവരെയും കണ്ടും കേട്ടും വരാമെന്നു അല്ലാതെ മകളുടെ ഓപ്പറേഷനു കൂടെ നിൽക്കാനാവാതെ മടങ്ങണം ആ പാവത്തിന്…

പറയാതെ ചെല്ലുന്നത് കൊണ്ടു ഇന്നും ഇന്ദു പരിഭവിക്കും…

നിധിമോൾക്ക് ഇപ്പോൾ രണ്ടര വയസ്സ് കഴിഞ്ഞു…

ഓടിച്ചാടി നടക്കും…
ഫോൺ വിളിക്കുമ്പോൾ കലപില സംസാരിക്കും…

കുറുമ്പത്തി പെണ്ണ്…

അവരെക്കുറിച്ചു ഓർത്തപ്പോൾ പെട്ടെന്ന് വീടെത്തിയെങ്കിൽ എന്ന് കൊതിച്ചു പോയി…

ചെറുതായി ഒന്ന് മയങ്ങി ഉണർന്നപ്പോളേക്കും ഫ്ലൈറ്റ് ലാൻഡ് ചെയ്തിരുന്നു…

ടാക്സി വിളിച്ചു നേരെ വീടിനു മുന്നിൽ ചെന്നിറങ്ങി…

ആകാശം ചുവപ്പണിഞ്ഞു തുടങ്ങിയിരുന്നു…

വീടിന്റെ ഉമ്മറത്തു നിലവിളക്കു കത്തിച്ചു വെച്ചിരിക്കുന്നു…

പുറത്തൊന്നും ആരെയും കണ്ടില്ല…

“ഇതിപ്പോൾ എന്താ ഇങ്ങനെ? സാധാരണ അമ്മ ഇവിടിരുന്നു നാമം ജപിക്കേണ്ടത് ആണല്ലോ…

ആത്മഗതം പറഞ്ഞു ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി…

വാതിൽ തുറന്നു വന്ന ആളെ കണ്ടു ഞാൻ ഞെട്ടി…

നിധിമോൾ…

എന്നെ കണ്ട ഉടൻ അവൾ കൈ രണ്ടും പൊക്കി തുള്ളി ചാടാൻ തുടങ്ങി…

ഞാൻ അവളെ വാരിയെടുത്തു ഉമ്മകൾ കൊണ്ടു പൊതിഞ്ഞു…

കുഞ്ഞികൈകൾ കൊണ്ടു എന്റെ മുഖം അവൾ തലോടി…

“അച്ഛേ…ഞാ ഇപ്പോ ന്ദു നോട് പഞ്ഞേ ഒല്ലല്ലോ അച്ഛ ബരുമ്പോൾ അടിച്ചുവെന്നു… ”

“ആണോടാ മുത്തേ… അതിനല്ലേ അച്ഛൻ ഓടി ഇങ്ങു വന്നത്…
ഇന്ദുന് രണ്ടടി കൊടുക്കാം കേട്ടോ… ”

ഞാൻ അത് പറഞ്ഞപ്പോൾ കൊച്ചരിപല്ലുകൾ കാട്ടി അവൾ ചിരിക്കാൻ തുടങ്ങി…

“മോളെ… നിധി മോളെ…
ഈ കൊച്ചു ഇതു എവിടേ പോയി… കണ്ണ് തെറ്റിയാൽ വീടിനു പുറത്താണ്… ”

അകത്തുനിന്നും പിറുപിറുത്തുകൊണ്ട് ഇന്ദു പുറത്തേക്കു വന്നു…

എന്നെ കണ്ടതും അവൾ സ്തബ്ധയായി നിന്ന നിൽപ്പിൽ നിന്നു…

“എന്താണ് ഭാര്യേ ഒരു ഞെട്ടൽ…
ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ… ”

“ഹോ എന്റെ ഏട്ടാ… നിങ്ങളിത് എന്ത് ഭാവിച്ചാണ്… ഒരിക്കൽ എങ്കിലും പറഞ്ഞിട്ട് വന്നു കൂടെ… ഇങ്ങനെ ഉണ്ടോ ആളുകൾ…
എന്നിട്ട് ഒരു പേരും സർപ്രൈസ്… ഹും.. ”

എനിക്കിട്ടൊരു നുള്ളും തന്നിട്ട് അവൾ ബാഗ് എല്ലാം എടുത്തുകൊണ്ടു അകത്തേക്ക് പോയി…

ഡോർ ലോക്ക് ചെയ്തു മോളെയും കൊണ്ട് ഞാനും അകത്തേക്ക് കയറി…

“അമ്മയും അച്ഛനും എന്തിയേ പെണ്ണേ… ”

“അവര് രണ്ടാളും മഞ്ജു ചേച്ചിയുടെ വീട്ടിലേക്കു പോയി…
വൈകിട്ടു ഞാൻ ഓഫിസിൽ നിന്നും വന്നതിനു ശേഷമാ പോയത്…
കുഞ്ഞിന് എന്തോ സുഖം ഇല്ലെന്ന് വിളിച്ചു പറഞ്ഞു…
അമ്മയ്ക്ക് ഉടനെ പോകണമെന്ന് പറഞ്ഞു കരച്ചിലായി…
ഒറ്റയ്ക്കു വിടുന്നത് എങ്ങനെയാ അതുകൊണ്ട് അച്ഛനോട് ഞാൻ പറഞ്ഞു കൂടെ പോയിക്കോളാൻ…

പോയിട്ട് കുറച്ചു നേരമേ ആയുള്ളൂ…

അച്ഛൻ ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട് വരാൻ…

ഞാനും മോളും തനിച്ചു ഇവിടെ നിന്നിട്ടില്ലല്ലോ… ”

“ആഹ് എങ്കിൽ നീ അളിയനെ വിളിച്ചു പറ വരണ്ട ന്ന്…
ഞാൻ വന്നെന്നും പറഞ്ഞേക്ക്… ”

“മ്മ്… ഏട്ടൻ അവളെ താഴെ നിർതിയിട്ട് ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം… ”

“അതൊക്കെ പിന്നെ ആകാല്ലോ … എന്റെ മോളൂട്ടി കുറേനേരം എന്റെ കൈയിൽ ഇരിക്കട്ടെ…
ഈ അമ്മയ്ക്ക് എന്ത് അസൂയ ആണ് അല്ലേ നിധി മോളെ ”

“ന്ദു..നെ എടുക്കാത്തതിന്റെ കുച്ചുമ്പാ അച്ഛാ… ”

“അച്ചോടി… ഒരു കുറുമ്പത്തി വന്നേക്കുന്നു…
അനുസരണ തീരെ ഇല്ല ഏട്ടാ… എന്നെ ഇട്ടു വട്ടം കറക്കുവാ ഈ മുതല്…
കേട്ടില്ലേ പേര് വിളിക്കുന്നത് ന്ദു ന്ന്.. ”

“ആണോടാ മുത്തേ അച്ഛന്റെ പൊന്നു അമ്മയെ അങ്ങനെ ഒന്നും വിളിക്കണ്ട കേട്ടോ…
പാവം അല്ലേ അമ്മ… ”

“ന്നാ.. നിധിമോള് ഇനി അങ്ങനെ വിളിച്ചില്ല… ചത്യം… ”

“മ്മ്… കാണാം കാണാം… ഏട്ടൻ അവളു പറയുന്നതൊന്നും വിശ്വസിക്കണ്ട…
എന്നോട് എത്ര പ്രാവിശ്യം കള്ള “ചത്യം ” ഇട്ടിരിക്കുന്നു ഈ കള്ളിപ്പെണ്ണ്… ”

എന്റെ കൈയിൽ നിന്നും മോളെയും വാരിയെടുത്തു ഉമ്മ വെച്ചുകൊണ്ട് ഇന്ദു പറഞ്ഞു…

“ഏട്ടൻ ഫ്രഷ് ആയി വാ…

മോൾക്കും ഒന്നും കൊടുത്തില്ല…
വല്ലതും ഉണ്ടാക്കണം… ”

അതും പറഞ്ഞു മോളെയും കൊണ്ടു അവൾ കിച്ചണിലേക്ക് നടന്നു…

ഞാൻ നേരെ പോയി ഫ്രഷ് ആയി വന്നു…

അമ്മയുടെയും മോളുടെയും അനക്കം ഒന്നും കേൾക്കുന്നില്ല…

കിച്ചണിലോട്ടു ചെന്നപ്പോൾ ഇന്ദു ചപ്പാത്തി ചുടുന്നു…

താഴെ തറയിൽ ഇരുന്നു കുഞ്ഞിപ്പെണ്ണ് ചപ്പാത്തി മാവ് ഉരുളയാക്കി പരത്താൻ നോക്കുന്നു…

രണ്ടാളുടെയും ശ്രദ്ധ ചെയ്യുന്ന ജോലിയിലാണ്…

ഞാൻ പതിയെ ഇന്ദുവിന്റെ പുറകിലെത്തി…

അവളുടെ വയറിനു ചുറ്റും വട്ടം പിടിച്ചു…
കാതോരം ചേർത്തൊരുമ്മ കൊടുത്തു…

ശബ്ദം താഴ്ത്തി അവളോട്‌ പറഞ്ഞു…

“ഐ ലവ് യൂ പെണ്ണേ… ”

അവൾ ചട്ടുകം ഉയർത്തി അടി കിട്ടുമെന്ന് ആംഗ്യം കാട്ടി…

ആഹാ അത്രക്കായോ…

ഞാൻ അവളെ എനിക്കു നേരെ തിരിച്ചു നിർത്തി…

അവളുടെ മുഖം കയ്യിലെടുത്തു…

“അച്ഛാ… ന്ദു നെ എന്താ ചെയ്യുന്നേ…?? ”

ചോദ്യകർത്താവ് ഉണ്ടക്കണ്ണും മിഴിച്ചു ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു…

“ഒന്നും ഇല്ല മോളെ അമ്മയുടെ കണ്ണിൽ എന്തോ പൊടി വീണു…
അച്ഛൻ അത് ഊതി കളഞ്ഞതാ… ”

“ന്നാ അച്ഛ ബാ… നമുക്ക് കളിക്കാം… ”

ഇന്ദുവിന്റെ മുഖത്തേക്ക് ദയനീയമായി ഒന്നു നോക്കിയിട്ട് ഞാൻ മോളെയും എടുത്തു ഹാളിലേക്ക് പോയി…

കളിയും ചിരിയും ബഹളവുമായി സമയം തെന്നി നീങ്ങി…

മോളെ ആഹാരം കഴിപ്പിക്കാൻ വല്യ പാടാണ്…

ഇന്ദു ടീവിയിൽ കാർട്ടൂൺ വെച്ച് കൊടുത്താണ് അവളെകൊണ്ടു കഴിപ്പിക്കുന്നത്…

മോളെ ഉറക്കി കിടത്തിയിട്ട് ഇന്ദു വന്നെന്റെ അരികിൽ ഇരുന്നു…

എന്റെ മുടിയിഴകളിൽ തലോടി…

“നാളെ മായയെ കാണാൻ പോകണം കേട്ടോ…
അവൾക്കു ഇതു ഏഴാം മാസമാണ്…
പാവം ഇപ്പോളും ഛർദി നിന്നിട്ടില്ല…
ആള് ആകെ കോലം കെട്ടു… ”

“മ്മ് പോകാം…
അധികം ദിവസം ഒന്നും ലീവ് ഇല്ല…
പോസ്റ്റിങ്ങ്‌ കിട്ടിയടോ…
മറ്റെന്നാൾ കഴിഞ്ഞാൽ മടങ്ങണം ”

“ആണൊ…
എവിടെക്കാ പോസ്റ്റിങ്ങ്‌…??? ”

ഞാൻ എഴുന്നേറ്റു ചെന്നു ബാഗിൽ നിന്നും ലെറ്റർ എടുത്തു അവളുടെ കൈയിൽ കൊടുത്തു…

അവളത് നിവർത്തി വായിച്ചു…

എന്നിട്ട് ചിരിച്ചുകൊണ്ടു എന്നെ നോക്കി…

“വൗ… പൊളി… കശ്മീർ ആണല്ലോ…
ഏട്ടന്റെ സ്വപ്നം ആയിരുന്നില്ലേ ഈ പോസ്റ്റിങ്ങ്‌…
കൺഗ്രാറ്റ്സ് മൈ മാൻ… ”

അവളെന്റെ കവിളിൽ മുത്തമിട്ടു…


നിന്നെ കൂടെ കൂട്ടിയതോടെ എന്റെ സ്വപ്നങ്ങൾ എല്ലാം പൂവണിയുക ആയിരുന്നല്ലോ പെണ്ണേ…

ഒരുപാട് ആഗ്രഹിച്ചത് ആണ് ഈ നിമിഷം…

ആഹ് പിന്നേ ഹരിയേട്ടനും ഉണ്ട്…

ഞങ്ങൾ നാല്പത്പേര് അടങ്ങുന്ന ഒരു ടീം… ”

“അപ്പോൾ ഇരട്ടി സന്തോഷം അല്ലേ ഏട്ടാ… ”

“മ്മ്… ഇരട്ടി സന്തോഷം…

മോള് നല്ല ഉറക്കം ആയോ…? ”

“മ്മ് അവൾ ഉറങ്ങി… ”

“ഇനി ഉടനെ എങ്ങാനും ഉണരുമോ..? ”

മീശ പിരിച്ചുകൊണ്ടു ഞാൻ അവളെ ഒരു കള്ള നോട്ടം നോക്കി…

നല്ലൊരു നുള്ളു തന്നിട്ട് അവൾ മോളെയും കെട്ടിപിടിച്ചു കിടന്നു…

ഞാനും ചെന്ന് അവളോട്‌ ചേർന്നു കിടന്നു…

“ഇനി ഉടനെ ഒന്നും ലീവ് കിട്ടില്ല കേട്ടോ… ”

“അതുകൊണ്ട് എന്തു വേണം മോന്… ”

“എനിക്കൊന്നും വേണ്ട…
പക്ഷേ നിധിമോൾക്കു കൂടെ കളിക്കാൻ ഒരു കുഞ്ഞാവയെ വേണമെന്ന് കുറച്ചു മുൻപ് എന്നോട് പറഞ്ഞു…
അത് അങ്ങ് സാധിപ്പിച്ചു കൊടുത്താൽ കൊള്ളാമെന്നുണ്ട്… ”

“അയ്യടാ… കുഞ്ഞിന്റെ പേരും പറഞ്ഞു വന്നേക്കുന്നു…
നാണം ഇല്ലല്ലോ… ”

“പിന്നേ…
ഞാൻ എന്റെ പെണ്ണിനോടാണ് പറഞ്ഞത്…
അല്ലാതെ വല്ലവന്റെയും ഭാര്യയോട് അല്ല…
നീ സമ്മതിക്കും എനിക്കു ഉറപ്പാ…
എന്താ സമ്മതിക്കില്ലേ… ”

“ഒന്ന് മിണ്ടാതെ കിടക്കു ചെക്കാ അവിടെ…
മോളുണരും… ”

കുറേനേരത്തേക്കു ഞാൻ മിണ്ടിയില്ല…

അവളുടെ നിശ്വാസം കഴുത്തിൽ തട്ടിയപ്പോൾ ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്തു…

*****

രാവിലെ ഉണ്ണി അളിയന്റെ വീട്ടിലേക്ക് പോയി…

മായ ശരിക്കും അവശത ആയ പോലെ ഉണ്ട്…

മുഖത്തൊക്കെ നല്ല ക്ഷീണം…

അവരുടെ വിശേഷങ്ങൾ എല്ലാം കേട്ടു…

പോസ്റ്റിങ്ങ്‌ വിവരം എല്ലാവരോടും പറഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്…

അവിടുന്ന് നേരെ പെങ്ങളുടെ വീട്ടിലേക്കു പോയി…

കുഞ്ഞിന് പനി കുറഞ്ഞിട്ടുണ്ട്…

അതുകൊണ്ട് അച്ഛനും അമ്മയും തിരികെ ഞങ്ങളുടെ കൂടെ മടങ്ങി…

ഇന്ദു രണ്ടു ദിവസം ലീവ് എടുത്തു…

ഞങ്ങൾ ഒരുമിച്ച് കുറേ ക്ഷേത്രങ്ങളിലൊക്കെ പോയി…

രണ്ടു മൂന്നു ദിവസം കണ്ണടച്ച് തുറക്കും മുൻപേ കടന്നു പോയി…

പോകാൻ ബാഗ് റെഡി ആക്കുന്നതിനിടയിൽ നിധി മോള് ബാഗിൽ നിന്നും ആ ചെറിയ കൃഷ്ണവിഗ്രഹം എടുത്തു…

അവൾക്കു വേണമെന്ന് വാശി പിടിച്ചു…

ഇന്ദു കുഞ്ഞിന്റെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങി എന്നെ ഏൽപ്പിച്ചു…

“മോൾക്ക്‌ ഞാൻ വേറെ വാങ്ങി കൊടുത്തോളം…
ഇതു ഏട്ടൻ കൊണ്ടു പോകണേ…
ഒരു കാരണവശാലും ഇതു നഷ്ടപ്പെടുത്തരുത്… ”

“ഇല്ലടോ… ദാ ഇതിങ്ങനെ എന്റെ പോക്കറ്റിൽ കിടക്കും… ”

വേറെ എന്തോ കളിക്കാൻ കൊടുത്തപ്പോൾ മോളുടെയും പിണക്കം മാറി…

ജീവിതത്തിൽ പല മാറ്റങ്ങളും വരുവാനുള്ള യാത്രയാണ് അതെന്നു അറിയാതെ എല്ലാവരോടും യാത്ര പറഞ്ഞു വിഷ്ണു ആ വീരഭൂമിയിലേക്ക് കാലെടുത്തു കുത്തി….

(തുടരും )