രചന – ആയിഷ അക്ബർ
മ്മ്മ്….. കുഞ്ഞിന് പാർത്ഥന്റെ അതേ കണ്ണുകളാണ്……
കുഞ്ഞിനെ കുളിപ്പിക്കാൻ കാലിൽ കിടത്തുമ്പോഴാണ് അവളെയും കുഞ്ഞിനേയും നോക്കാൻ നിർത്തിയ ദേവകിയമ്മ വിടവുള്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടത് പറയുന്നത്…..
അത് കേട്ടതും പാർത്ഥൻ അവരെ നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചു…..
പാർവതിയുടെ ഹൃദയം എന്തോ വേദനിച്ചു തുടങ്ങിയിരുന്നു….
ദേവകിയമ്മ പാർവതിയെ കുളിപ്പിക്കാൻ കയറിയപ്പോൾ പാർത്ഥൻ കുഞ്ഞിനെ എടുത്തിരുന്നു….
തന്നെ നോക്കി കിടക്കുന്ന അവൾക്ക് പാർത്ഥനയോടെന്തോ പറയാനുള്ളതായി അവന് തോന്നി…..
അവളോടി നടക്കുന്നതും മിണ്ടി തുടങ്ങുന്നതും തന്നെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നതുമെല്ലാം പാർത്ഥൻ മനസ്സിൽ വരച്ചു ചേർക്കുകയായിരുന്നു…..
തന്റെ വിരൽ തുമ്പിൽ അവൾ പിടിച്ചു കൊണ്ട് അവൾക്കിഷമുള്ളിടത്തെല്ലാം കൊണ്ട് പോകണം…
അവൾ ചൂണ്ടിക്കാണിക്കുന്നതെല്ലാം അവൾക്ക് വാങ്ങി കൊടുക്കണം……
സ്വപ്നങ്ങളുടെ നടുക്കായിരുന്ന അവനെ ഉണർത്തിയത് മുറിയിലേക് വന്ന പാർവതിയായിരുന്നു….
അവൻ മിഴികളുയർത്തി അവളെ നോക്കി…
മുഖത്ത് പുരട്ടിയ മഞ്ഞൾ പൂർണമായും കളഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ മുഖം മഞ്ഞ നിറത്തിൽ കാണപ്പെട്ടു…..
ഈറൻ വിട്ട് മാറാത്ത നീളൻ മുടിയിൽ നിന്ന് വെള്ളം ഇറ്റി വീഴുന്നുണ്ടായിരുന്നു…..
അവന്റെ കണ്ണുകൾ ഒരു നിമിഷം അവളെ കണ്ട് വിടർന്നിരുന്നു…..
ഈ പാല് കുടിക്കു…..
അവൾക്ക് കുടിക്കാനുള്ള പാലുമായി വന്ന ദേവകിയമ്മയുടെ ശബ്‍ദമാണ് അവളെന്ന ലോകത്ത് നിന്നെന്നെ മുക്തനാക്കിയത്…..
അവൻ പെട്ടെന്ന് കണ്ണുകൾ അവളിൽ നിന്നടർത്തി…..
അവളെ കാണുമ്പോൾ തന്നിൽ നിറയുന്ന വികാരമെന്തെന്ന് അവനറിയുന്നുണ്ടായിരുന്നില്ല…..
ചിന്തകൾ അവളിലേക്ക് തന്നെ കൂപ്പു കുത്തിക്കുമ്പോഴും തെറ്റായിപ്പോകുമോയെന്ന ഭയം തന്നെ വരിഞ്ഞു മുറുക്കുന്നു…..
അവൾക്ക് സംരക്ഷണം കൊടുത്തവൻ മാത്രമാണ് താൻ….
അതിനേക്കാൾ മുകളിൽ അവൾക്ക് മേൽ തനിക്കൊരു സ്ഥാനവുമില്ലെന്ന് മനസ്സിനെ പറഞ് പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവനന്നേരം……
അവൻ പതിയേ കുഞ്ഞിനെ കിടത്തി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു……
അവന്റെ കണ്ണുകളിലെ ഭാവം പാർവതിയിലും ആഴത്തിലുള്ള ചിന്തകൾക്കിടം നൽകിയിരുന്നു..
എന്നാൽ അത് കണ്ടെന്നു നടിക്കാൻ കഴിയുന്ന അവസ്ഥയിലാണോ താനിപ്പോൾ……
മനുഷ്യരെ തന്നെ മടുത്തു തുടങ്ങിയ സമയം തന്നിലേക്കെത്തിയ മാലാഖയായിരുന്നവൻ…..
അവനെ പോലൊരാളെ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു താൻ അർഹയല്ലെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ….
അവൾ കുഞ്ഞിനോട് ചേർന്ന് കിടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രിയിൽ അവളുടേ കരച്ചിലുകൾ എപ്പോഴും ശക്തമായിരുന്നു..
കരയുന്ന കുഞ്ഞിനെ കൈയ്മാറിയെടുക്കാൻ അമ്മയോ മറ്റു രക്ത ബന്ധങ്ങളോ തനിക്ക് ചുറ്റുമില്ല…..
അവളുടേ ഹൃദയത്തിൽ ഒരു വേദന പൊടിഞ്ഞു….
അപ്പോഴും വരാന്തയിലൂടെ അവളെ എടുത്ത് പാർത്ഥൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു…..
ഹൃദയത്തിലേ കനലിലേക്ക് ഒഴുകി വരുന്ന ഒരരുവിയായി അവനെ അവൾക്ക് തോന്നി…..
അവളിലൊരു കുഞ്ഞ് പുഞ്ചിരിയൂറി…..
പാർത്ഥന്റെ കയ്യിലെ ചൂടിനു മാത്രമായി നിശബ്ദയാക്കാൻ കഴിയുന്ന അവളുടേ കരച്ചിലിന് എന്തോ മാന്ത്രികതയുള്ളതായി പാർവതിക്ക് തോന്നി…
അവനെ അവളറിയും പോൽ……
അവൻറെ സ്നേഹത്തിലേക്ക് ലയിച്ചിരിക്കുന്നത് പോൽ…
അവന്റെ വാത്സല്യം ആഗ്രഹിക്കുന്നത് പോൽ.
നീ പ്പോയി കിടന്നോ….
അവൾ കണ്ണിമ വെട്ടാതെ നോക്കി അവരെ നിൽക്കുമ്പോഴാണ് പാർത്ഥനത് പറഞ്ഞത്….
ഒരുപക്ഷെ താൻ ശ്രദ്ധിക്കുന്നത് കുഞ്ഞിനെ ആണെന്ന് കരുതിയായിരിക്കാം….
എന്നാൽ തന്റെ ചിന്തകളത്രയും ചുറ്റി നിന്നിരുന്നത് കുഞ്ഞിനെ യെടുത്ത അവന്റെ കൈകളെയാണെന്ന് അവനറിയില്ലല്ലോ…..
തിരിഞ്ഞു നടക്കുമ്പോൾ അവൻ കാണാതെ ഒരു പുഞ്ചിരി അവൾ അദരങ്ങളിൽ സൂക്ഷിച്ചിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദിവസങ്ങൾ പതിയേ നീങ്ങുമ്പോൾ അവൾ കുഞ്ഞി കണ്ണുകൾ തുറന്ന് ഏറെ നേരം അവനെ നോക്കി കിടന്നിരുന്നു.
സ്കൂളിലിരിക്കുമ്പോഴും മനസ്സിൽ മുഴുവൻ അവളുടേ മുഖമായിരുന്നു…..
വീട്ടിലെത്തിയാൽ ഓടി ചെല്ലുന്നതും അവളിലേക്ക് തന്നെയായിരുന്നു…..
അങ്ങനെ പേരിടേണ്ട ദിവസം വന്നെത്തി…..
വീട്ടിലെ തിരക്കുകൾക്കിടയിൽ പാർത്ഥൻ ഓടി നടക്കുമ്പോൾ സുഭദ്ര പുച്ഛത്താൽ ചിറി കോട്ടി…..
ആരുടെയോ കുഞ്ഞിന് വേണ്ടി ഇത്രയൊക്കെ ചെയ്യുന്ന ഇങ്ങനൊരു മണ്ടനെ നീയെന്റെ വയറ്റിൽ തന്നെ ജനിപ്പിച്ചല്ലോ ഈശ്വരാ….
സുഭദ്ര ദേഷ്യത്തോടെ അത് പറയുമ്പോൾ പാർത്ഥൻ പെട്ടെന്ന് നിശ്ചലനായി…..
തൊണ്ട പെട്ടെന്ന് വരളുന്നത് പോലെ യവന് തോന്നി……
അവൾ തന്റെ സ്വന്തമല്ലെന്ന് ഓർക്കാൻ കൂടി മനസ്സിന്നു ആഗ്രഹിക്കുന്നില്ലെന്ന് അവനറിയുകയായിരുന്നു…..
അതെങ്ങനെ അമ്മക്ക് പറയാനാകും….
ഏട്ടൻ പറഞ്ഞല്ലോ അതേട്ടന്റെ കുഞ്ഞാണെന്ന്……
നിങ്ങൾ നിങ്ങളുടെ വാശിയിൽ നിന്ന് മാറാതിരിക്കാൻ സ്വയം ഓരോന്ന് കണ്ട് പിടിക്കുന്ന തിരക്കിലായിരിക്കും അല്ലേ…..
ഇതെല്ലാം കേട്ട് നിന്ന മീനു ദേഷ്യത്തോടെ അവർക്ക് നേരെ നിന്നത് ചോദിക്കുമ്പോഴും പാർത്ഥൻ അതേ നിൽപ്പ് തുടർന്നു……
കാര്യങ്ങളറിയാതെ നീ അമ്മയുടെ മേക്കിട്ട് കയറേണ്ട മീനു…..
ഇവന്റെ കുഞാണ് അതെന്ന് ഇവൻ പറഞ് നടക്കുന്നതല്ലാതെ ഇന്നേവരെ അതവളുടെ വായിൽ നിന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ…..
ശാരി പുച്ഛവും ദേഷ്യവും കലർത്തി മീനുവിനോടത് പറയുമ്പോൾ അവൾ പാർത്തനെയും പാർവതിയെയും നോക്കുന്നുണ്ടായിരുന്നു…..
പാർത്ഥൻ പതിയേ പാർവതിയിലേക്ക് നോക്കി.
..
അവളൊന്നും മിണ്ടാത്തെ താഴേക്ക് മിഴികളൂന്നി നിൽക്കുന്നത് കണ്ടപ്പോൾ പാർത്ഥന്റെ ഉള്ളൊന്നു പിടച്ചിരുന്നു…….
അവൾ എന്റെ മോള് തന്നെയാണെന്ന് പറയണമെന്ന് ആഗ്രഹിക്കാൻ കൂടി അർഹത ഇല്ലെങ്കിലും സമ്മതത്തിന് കാത്തു നിൽക്കാതെ മനസ്സതിന് വല്ലാതെ ആഗ്രഹിച്ചിരുന്നു…..
അവളുടേ മൗനം തന്നെ അത്രമേൽ വേദനിപ്പിക്കുന്നുണ്ടെങ്കിലും അതിലവളെ തെറ്റ് പറയാൻ കഴിയില്ലല്ലോ….
തന്റെ ഉള്ളു നീറുന്നത് തന്റെ മനസ്സിന്റെ സ്വാർത്ഥത കൊണ്ടല്ലേ….
അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു….
നിറഞ്ഞു വന്ന മിഴികളെ ആരും കാണാതിരിക്കാൻ അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നും നടന്നു…..
മീനു ഒരുതരം വേദനയോടെ അവനെ നോക്കി…..
നിർവികാരമായി നിൽക്കുന്ന പാർവതീയോട് ഒരു നിമിഷം അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു…..
എന്നാൽ മനസ്സിൽ ഉള്ള ചെറിയ സംശയത്തെ അവരിലേക്കേറിഞ്ഞത് അവനെ വേദനിപ്പിച്ചു എന്ന് മനസ്സിലായത് കൊണ്ട് തന്നെ സുഭദ്രക്ക് ആശ്വാസം തോന്നിയിരുന്നു…..
ശാരിയുടെയും നീതുവിന്റെയും മുഖത്ത് സന്തോഷം തെളിഞ്ഞു നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥന്റെ ഉള്ളിലുരുകുമ്പോഴും അവൻ പുറമെ ചിരിച്ചേന്ന് വരുത്തി…..
അപ്പോഴാണ് മുറിക്കുള്ളിൽ നിന്നും അവളുടേ കരച്ചിൽ കേട്ടത്…
വാതിലിൽ പതിയേ തട്ടി അവൻ അകത്തേക്ക് കയറി അവളെ എടുക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്ന നോവിനതീരില്ലായിരുന്നു….
എങ്കിലും അവളെ അവൻ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നു….
പാർവതി നിറഞ്ഞു വന്ന നൊമ്പരത്തെ ഉള്ളിലൊതുക്കി അവരെ നോക്കി നിന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പേര് വിളിച്ചോളൂ….
തിരുമേനിയത് പറഞ്ഞതും പാർത്ഥൻ പാർവതിയെ നോക്കി….
കുഞ്ഞിന്റെ അവകാശി അവളാണല്ലോ….. പേര് വിളിക്കേണ്ടതും അവള് തന്നെയെന്ന് അവനറിയാമായിരുന്നു….
മീനുവിനെന്തോ അതിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല….
പാർത്ഥന്റെ ഉള്ളിലെ നീറ്റൽ ഓർത്തായിരിക്കാം അവൾക്കെല്ലാത്തിനോടും ഒരുതരം നിർവികാരത തോന്നിയത്……
പേര് പറഞ്ഞോളൂ….
പാർത്ഥൻ പാർവതിക്കരികിലായി നിന്നത് പറഞ്ഞത് പതിഞ്ഞ ശബ്ദത്തിൽ തന്നെയായിരുന്നു…..
ഞാനല്ലല്ലോ പേര് തീരുമാനിക്കേണ്ടതും വിളിക്കേണ്ടതും…..
അവന്റെ പതിഞ്ഞ ശബ്‍ദത്തിലുള്ള ചോദ്ധ്യത്തിന് അവൾ നൽകിയ മറുപടി അവിടെ ഉള്ളവരെല്ലാം കേൾക്കാൻ പാകത്തിൽ തന്നെയായിരുന്നു…..
അവനൊരു നിമിഷം എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി….
അവൾ…. നിങ്ങളുടെ മോളല്ലേ….
പേര് വിളിക്കേണ്ടതും നിങ്ങൾ തന്നെയല്ലെ ….
നിങ്ങളെക്കാൾ അവളുടേ മേൽ മാറ്റാർക്കാണവകാശം…..
അവൾ അല്പം ഉറക്കെയത് പറയുമ്പോൾ വാക്കുകളിൽ തികഞ്ഞ ഗൗരവമുണ്ടായിരുന്നു….
കേട്ട് നിന്നവർക്കെല്ലാം അത് വിശ്വസനീയമാണെന്ന വണ്ണം……
മീനുവിന്റെ കണ്ണുകൾ വിടർന്നു…..
കുറച്ച് മാറി നിന്നിരുന്ന സുഭദ്രയുടെയും മക്കളുടെയും മുഖം അവളുടേ വാക്കുകളാൽ വിവർണമായിരുന്നു…..
പാർത്ഥൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
പാർവതി കുഞ്ഞിനെ കയ്യിലെടുത്തു പാർത്തന് നേരെ നീട്ടി…..
ഇവൾ പാർത്ഥന്റെ മോളാണ്…..പാർത്ഥന്റെ അവകാശി…..
അവൾ കടുപ്പിച്ചു കൊണ്ടത് പറഞത് സുഭദ്രയെയും മക്കളെയും നോക്കി തന്നെയായിരുന്നു….
അവർ ദേഷ്യത്താൽ മുഖം കൂർപ്പിച്ചു…..
പിന്നേ പതിയേ അവളുടേ മിഴികൾ പാർതനിലേക്കെത്തി….
ആ മിഴികൾ പതിയേ നിറഞ്ഞു തുടങ്ങിയിരുന്നു….
കുഞ്ഞിനെ കൈകളിൽ വാങ്ങി അവൻ അവളുടേ ചെവിക്കൊരതായി അവന്റെ മനസ്സിൽ തോന്നിയ ആ പേര് മൂന്ന് തവണ വിളിച്ചു…..
ആരതി…..
ആരതി…
ആരതി….
(തുടരും )

by