08/05/2026

ശ്രുതി : ഭാഗം 20

രചന – ഭദ്ര രുദ്ര

അഭിയേട്ടനെ ഞാനാദ്യമായാണ് ഇങ്ങനെ ഒരു ഭാവത്തിൽ കാണുന്നത് . ഇത്രയും ദേഷ്യത്തോടെ … പെട്ടെന്നുള്ള അഭിയേട്ടന്റെ ഭാവമാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തി . ഞാൻ പതിയെ എണീറ്റ് അഭിയേട്ടന്റെ പുറകിൽ നിന്ന് പതിയെ തോളിൽ കൈ വെച്ചു വിളിച്ചു . എന്നാൽ , അടങ്ങാനാവാതെ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് തിരിഞ്ഞ അഭിയേട്ടന്റെ കോപം നിറഞ്ഞ മുഖഭാവവും തീക്ഷ്ണ നോട്ടവും താങ്ങാനാവാതെ ഞാൻ കാൽ തെന്നി പടവിൽ വീണു ……………………

“”””””””” ആ ………… “””””””””

അപ്രതീക്ഷിതമായ വീഴ്ച ആയതിനാൽ എനിക്ക് എവിടെയും പിടുത്തം കിട്ടിയില്ല . കൽപ്പടവിലേക്ക് കാൽ തെന്നി വീണ എന്റെ കരച്ചിൽ കേട്ടപ്പോൾ അഭിയേട്ടന്റെ കോപം നിറഞ്ഞ മുഖം ഒക്കെ മാറി , ആ മുഖത്ത് പെട്ടന്ന് തന്നെ ദുഃഖവും വെപ്രാളവും കടന്നുകയറി .

” ശ്രുതി …. ”

അഭിയേട്ടൻ താഴെവീണ എന്നെ പിടിച്ചുയർത്താൻ നോക്കി . എന്നാൽ ആ ശ്രമം വിഫലമായി . എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് നിൽക്കാൻ സാധിച്ചില്ല . കാലിലെ കടുത്ത വേദന കാരണം ഞാനാ കൽപ്പടവിൽ തന്നെ ഇരുന്നു പോയി .

വേദനകൊണ്ട് എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി . എന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ അഭിയേട്ടന്റെ മനസ്സിലും വല്ലാത്ത സങ്കടമുണ്ടായി എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു . എത്രയൊക്കെ കഷ്ടപ്പെട്ട് എണീക്കാൻ ശ്രമിച്ചിട്ടും എനിക്കൊന്നു പൊന്താൻ പോലും കഴിഞ്ഞില്ല .

പെട്ടെന്ന് അഭിയേട്ടൻ എന്നെ രണ്ടു കൈകൾകൊണ്ടും കോരിയെടുത്തു . ആദ്യമൊക്കെ ഞാൻ ആ കൈകൾ എന്റെ മേൽ നിന്ന് വിടുവിക്കാൻ നോക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല . അഭിയേട്ടൻ എന്നെ എടുത്തു പൊക്കിയതും ഞാനാ കയ്യിൽ കിടന്നു കുതറാൻ തുടങ്ങി .

” അടങ്ങിയൊതുങ്ങി കിടക്കാൻ നോക്ക് , ഞാൻ വിചാരിച്ച പോലെ ഒന്നും അല്ല നിനക്ക് ഒടുക്കത്തെ ഭാരമാണ് ”

എനിക്കത് കേട്ടപ്പോൾ ചിരിയും ദേഷ്യവും ഒരുപോലെ വന്നു . ഞാൻ അതിനുമാത്രം ഭാരം ഒന്നുമില്ല , എന്നിട്ടും ദുഷ്ടൻ പറയുന്നത് കേട്ടില്ലേ . ശരിക്കും അഭിയേട്ടൻ കാരണമാണ് ഞാനിപ്പോൾ ഈ അവസ്ഥയിൽ ആയത് .

” സ്വാതി ഇവിടെ അടുത്ത് ഏതാ ഹോസ്പിറ്റൽ ഉള്ളത് ”

” ഇവിടെ അടുത്ത് ഒന്നുമില്ല ഒരു 15 കിലോമീറ്റർ പോയാൽ ഉണ്ട് ”

” 15 കിലോമീറ്ററോ ……. അപ്പോൾ ഇവിടെ ഉള്ളവർക്ക് അസുഖം വന്നാൽ നിങ്ങൾ ആരും ഹോസ്പിറ്റൽ കാണിക്കാറില്ലേ ? ”

” ഉണ്ടല്ലോ കാണിക്കാറുണ്ട് . പക്ഷേ ഹോസ്പിറ്റൽ അല്ല നാട്ടുവൈദ്യം . ”

” വൈദ്യരോ …. ”

” എന്താ ആർമി ചേട്ടന് ഇഷ്ടമായില്ലേ , ഇങ്ങനെയുള്ള അസുഖങ്ങൾക്ക് നാട്ടുവൈദ്യം ആണ് ബെസ്റ്റ് ”

” എന്നാ പറ വൈദ്യശാല എവിടെയാ ”

” വൈദ്യശാല ഒന്നുമില്ല . വൈദ്യന്റെ വീട് തന്നെയാണ് വൈദ്യശാല . ദാ ഇവിടുന്നു കുറച്ച് നടക്കാനേ ഉള്ളൂ . എന്റെ പുറകെ വന്നോളൂ ഞാൻ കാണിച്ചു തരാം ”

അത്രയും പറഞ്ഞ് സ്വാതി മുന്നിൽ കയറി നടക്കാൻ തുടങ്ങി . പാവം അഭിയേട്ടൻ എന്നെ കയ്യിലെടുത്തു നടക്കുകയാണ് . പോകുന്ന വഴിയിൽ സ്വാതി അഭി ഏട്ടനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു . എന്നാൽ ഞാൻ ഒന്നും മിണ്ടാതെ ഒരു പാവത്തെ പോലെ ആ കയ്യിൽ കിടന്നു .

നടന്നുനടന്ന് , വന വൃക്ഷാദികളാൽ ചുറ്റപ്പെട്ട ഒരു നാലുകെട്ട് വീടിനു മുന്നിലാണ് ഞങ്ങൾ എത്തിയത് . ഓ അപ്പോൾ ഇതാണ് വൈദ്യന്റെ വീട് , ഞാൻ മനസ്സിൽ പറഞ്ഞു . അകത്തുനിന്ന് ഒരു പ്രായമായ മനുഷ്യൻ ഇറങ്ങിവന്നു . എന്താ പറ്റിയത് എന്ന് അയാൾ ചോദിച്ചപ്പോൾ നടന്നതെല്ലാം സ്വാതി വിശദീകരിച്ചു . എന്നെ അവിടെയുള്ള ഒരു പലക കട്ടിലിലേക്ക് എടുത്ത് കിടത്താൻ അയാൾ പറഞ്ഞു . അതിനുശേഷം അയാൾ എന്റെ കാലൊക്കെ പിടിച്ചു നോക്കി . ആദ്യമൊന്നും വേദന ഇല്ലായിരുന്നു , പെട്ടെന്നയാൾ കാൽപാദത്തിന് മുകളിലുള്ള പിടിമുറുക്കിയപ്പോൾ ഞാൻ വേദന കൊണ്ട് പുളഞ്ഞു .

” പേടിക്കാനൊന്നുമില്ല , കാലിന്റെ പടം മറിഞ്ഞതാണ് . ഞാനത് ശരിയാകട്ടെ ”

അയാൾ എന്റെ മുഖത്തുനോക്കി ഒരു ചെറുപുഞ്ചിരിയോടെ എന്നോട് അനുവാദം ചോദിച്ചു . ആ എന്ന് ഞാൻ തലയാട്ടി . അയാൾ എന്റെ കാലിലെ പാദസരം അഴിച്ചു വെക്കാൻ പറഞ്ഞു . സ്വാതി തന്റെ കാലിൽ നിന്നും അഴിച്ചെടുക്കാൻ കുറെ പരിശ്രമിച്ചു . പക്ഷേ നടന്നില്ല , അപ്പോൾ സ്വാതി പിടിച്ചുമാറ്റി അഭിയേട്ടൻ എന്റെ കാലിന് അടുത്ത് വന്നിരുന്നു .

അഭിയേട്ടൻ അത് അഴിച്ചുമാറ്റാൻ ഒരു ശ്രമം നടത്തി . പക്ഷേ അത് വൻ പരാജയമായി മാറി . അതുകണ്ട് ഞാൻ ചിരിച്ചപ്പോൾ , അഭിയേട്ടൻ ദേഷ്യത്തോടെ എന്റെ പാദസരത്തിൽ പിടിച്ചുവലിച്ചു . എന്റെ പാദസരം പൊട്ടി . എന്റെ ഹരി മാമ എനിക്ക് ആദ്യമായി വാങ്ങിത്തന്ന സ്വർണ്ണത്തിന്റെ കൊലുസ് ആണ് അഭിയേട്ടൻ ഇപ്പോൾ വലിച്ച് പൊട്ടിച്ചത് .

ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഞാൻ അഭിയേട്ടനെ തന്നെ നോക്കി നിന്നു . പെട്ടെന്നായിരുന്നു ആ വൈദ്യർ എന്റെ കാലിൽ പിടിമുറുക്കിയത് . വേദനകൊണ്ട് ഞാൻ പുളഞ്ഞു . കരാട്ടെ ഒക്കെ പഠിച്ചതുകൊണ്ട് ആദ്യം തന്നെഞാൻ കാലു കൊണ്ട് അയാളെ തട്ടിമാറ്റാൻ ശ്രമിച്ചു . അത് കണ്ടപ്പോൾ അഭിയേട്ടൻ രണ്ട് കൈകൊണ്ട് എന്റെ ഇരുകൈകളും ബന്ധിച്ചു . അഭിയേട്ടന്റെ കാലെടുത്ത് എന്റെ കാലുകളുടെ മുകളിലിട്ടു . അക്ഷരാർത്ഥത്തിൽ എന്നെ ശരിക്കും ബ്ലോക്ക് ചെയ്തു . ഒന്ന് അനങ്ങാൻ പോലും കഴിയാതെ വേദനകൊണ്ട് ഞാൻ പിടഞ്ഞു കളിച്ചു .

വൈദ്യർ എന്റെ കാലിൽ തൈലം തേച്ച് ആവി പിടിച്ചു . വേദനകൊണ്ട് കരഞ്ഞുകരഞ്ഞ് അപ്പോഴേക്ക് എനിക്ക് ക്ഷീണമായിരുന്നു . അൽപനേരം ഞാൻ കണ്ണുകളടച്ചു കിടന്നു . കുറച്ചുനേരത്തേക്ക് അവിടെ പൂർണ്ണമായും നിശബ്ദമായിരുന്നു . പാതിമയക്കത്തിൽ ഞാനറിഞ്ഞു എന്നെ മുറുക്കിയ കൈകൾ പതിയെ എന്നെ വിടുന്നത് . അല്പസമയത്തിനുശേഷം വൈദ്യരുടെ സംസാരം കേട്ടാണ് ഞാൻ ഉണർന്നത് .

” അതേയ് ഇപ്പോ എങ്ങനെയുണ്ട് ? കുട്ടി പേടിക്കൊന്നും വേണ്ടട്ടോ , കുട്ടിക്ക് ഒരു കുഴപ്പവുമില്ല . ഇന്ന് രാത്രി കൂടി കുറച്ചു വേദനയുണ്ടാവും . രാത്രി കിടക്കുന്നതിനു മുമ്പ് ഞാൻ തരുന്ന തൈലമിട്ടു ചൂടുപിടിച്ച മതി . രാവിലെ പണ്ടത്തെ പോലെ തന്നെ ഓടിച്ചാടി നടക്കാൻ കഴിയും ”

അത്രയും പറഞ്ഞ് ഒരു ചെറുപുഞ്ചിരി എനിക്ക് സമ്മാനിച്ച് എന്റെ തലയിൽ ഒന്ന് തലോടിക്കൊണ്ട് അയാള് ആ നാലുകെട്ട് വീട്ടിനുള്ളിലേക്ക് കയറിപ്പോയി . അപ്പോൾ സ്വാതി എന്റെ അടുത്തേക്ക് വന്നു .

” ശ്രുതി നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട് ”

” ഫീലിംഗ് ബെറ്റർ ”

” മം , എന്നാൽ നമുക്ക് വീട്ടിലേക്ക് പോകാം ”

ഞാൻ പതിയെ സ്വാതിയുടെ കയ്യും പിടിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോൾ പുറത്ത് ഇരുകൈകളും കെട്ടിയും തെങ്ങും ചാരി നിൽക്കുന്ന ആർമിയെ കണ്ടു . ഞാൻ ആർമിയെ നോക്കിയപ്പോൾ എന്റെ നോട്ടം താങ്ങാനാവാതെ ആർമി തലകുനിച്ചുനിന്നു . പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല . സ്വാതിയുടെ കൂടെ പതിയെ വീട്ടിലേക്ക് നടന്നു .

വീട്ടിലെത്തിയപ്പോഴേക്കും മുത്തശ്ശിയും പരിവാരങ്ങളും എന്നെ പൊതിഞ്ഞു . എല്ലാരും എന്റെ കാലിൽ തൈലം വെച്ചുകെട്ടിയ തുണികണ്ട് ഇതെന്തുപറ്റി എന്നുള്ള ടെൻഷനിലാണ് . ചെറിയമ്മയും ചെറിയച്ഛനും മാമന്മാരും ആദ്യവാരം മുത്തശ്ശിയും പിള്ളേരും എല്ലാവരും എനിക്ക് ചുറ്റും കൂടി നിന്ന് ഒരു നൂറു ചോദ്യങ്ങൾ എന്നോട് ചോദിച്ചു .

” അവൾക്ക് ഒരു കുഴപ്പവുമില്ല . എല്ലാവരും കൂടെ അവിടെ നിന്ന് അവളെ ശ്വാസംമുട്ടിക്കാതെ പുറത്തേക്ക് പോയെ ”

സ്വാതി എല്ലാവരുടെ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒരല്പം ആശ്വാസം തോന്നി . പെട്ടന്നായിരുന്നു ചെറിയമ്മയുടെ ചോദ്യം :

” സ്വാതി , ഇതെന്താ ഇവൾക്ക് പറ്റിയത് ? ”

” അത് , അത് അമ്മേ കുളക്കടവിൽ വെച്ച് ”

അവൾ അത്രയും വിക്കിവിക്കി പറഞ്ഞു വന്നപ്പോൾ എനിക്ക് മനസ്സിലായി ആ സംസാരം അഭിയേട്ടനിലേക്ക് എത്തുമെന്ന് . അതുകൊണ്ട് അവളെ പറഞ്ഞു മുഴുവനാക്കാൻ ഞാൻ അനുവദിച്ചില്ല .

” എനിക്കൊന്നുമില്ല ചെറിയമ്മേ , അമ്പലത്തിലെ കുളപ്പടവിൽ നല്ല വഴുക്ക് ഉണ്ടായിരുന്നു . ഞാൻ കാൽകഴുകി കയറുമ്പോൾ പടവിൽ തെന്നി വീണതാണ് . ”

” എന്താ മോളെ , ശ്രദ്ധിക്കേണ്ടേ , നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ , മോൾ ഇനി ആ ഭാഗത്തേക്ക് ഒന്നും പോകരുത് കേട്ടോ ”

പിന്നെ അവിടെനിന്ന് അങ്ങോട്ട് ഫുൾ ചെറിയമ്മയുടെ ഉപദേശങ്ങളായിരുന്നു . എന്നെ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞ് സ്വാതിയെ ചെറിയ ഒരുപാട് വഴക്ക് പറഞ്ഞു . ചെറിയമ്മ ഇപ്പോഴൊന്നും നിർത്തില്ല എന്ന് കണ്ടപ്പോൾ മുത്തശ്ശി ഇടയ്ക്ക് കയറി സംസാരിക്കാൻ തുടങ്ങി.

” ദൈവ ഭാഗ്യംകൊണ്ട് ഇത്രയല്ലേ ഉള്ളൂ എന്ന് വിചാരിച്ച് സമാധാനിക്കാം . നീ വെറുതെ കുട്ടികളെ വഴക്ക് പറയാൻ നിൽക്കാതെ , അവർക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കാൻ നോക്കൂ ”

മുത്തശ്ശി ഓർഡർ ഇട്ടപ്പോൾ പിന്നെ ആരും ഒന്നും മിണ്ടാതെ ഞങ്ങളുടെ റൂമിൽ നിന്നും ഇറങ്ങി പോയി . അപ്പോൾ ഒരല്പം ആശ്വാസം തോന്നി . കുറച്ചുനേരം കട്ടിലിൽ അങ്ങനെ തന്നെ കിടന്നു . ചെറിയമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും . ചെറിയമ്മ എനിക്കുള്ള ഭക്ഷണം എന്റെ റൂമിൽ കൊണ്ടു വന്നു തന്നു . പിന്നെ ഞാനൊന്നും പറയാൻ നിൽക്കാതെ ഭക്ഷണം കഴിച്ചു കിടന്നു .

പെട്ടെന്ന് എന്റെ കാലിനു ചൂട് അനുഭവപ്പെട്ടു നോക്കുമ്പോഴാണ് ഞാൻ കണ്ടത് സ്വാതി എന്റെ കാലിൽ തൈലം തേച്ച് ആവി പിടിക്കുകയാണ് . ഞാൻ കാൽ അനക്കാതെ അങ്ങനെ തന്നെ കിടന്നു . കിടന്നെങ്കിലും ഉറക്കം വരുന്നില്ലയിരുന്നു . അതിന് കാരണം ഇന്ന് നടന്ന സംഭവങ്ങൾ ആയിരുന്നു .

ആർമി എന്തിനാണ് അങ്ങനെയൊക്കെ ചൂടായത് ?

പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണം എന്താവും ?

ആർമി ഇനി എന്തെങ്കിലും ഒളിക്കുന്നുണ്ടോ ?

ഇന്ന് ഫോണിൽ വിളിച്ച പെൺകുട്ടി ആരായിരുന്നു ?

ഇത്രയും ദേഷ്യപ്പെടാൻ മാത്രം എന്താണ് ഉണ്ടായത് ?

അങ്ങനെയങ്ങനെ ഉത്തരം കിട്ടാത്ത ഒരു നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് കടന്നുവന്നു . എന്റെ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ഒരാൾക്കേ കഴിയൂ . ആ ആളെ എന്തായാലും നാളെ രാവിലെ കണ്ടേ മതിയാവൂ . അങ്ങനെ ഓരോരോ ചിന്തകളിൽ മുഴുകി ഉറങ്ങിപ്പോയി …

രാവിലെ മുത്തശ്ശി വന്ന് വിളിച്ചപ്പോഴാണു ഉറക്കമുണർന്നത് .

” എങ്ങനെയുണ്ട് കുട്ടിയെ കാലിലെ വേദന ”

” നല്ല കുറവുണ്ട് മുത്തശ്ശി ”

” നമ്മുടെ വൈദ്യന്റെടുത്തു അല്ലേ പോയത് , അപ്പോൾ പിന്നെ വേദന കുറഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ ”

” ഹാ , അല്ല മുത്തശ്ശി സ്വാതി എവിടെ ? ”

” അവൾ അടുക്കളയിൽ ഉണ്ട് ”

ഈശ്വരാ … അവൾ എന്നെ വിളിക്കാതെ അടുക്കളയിൽ കയറിയോ , ദുഷ്ടത്തി . അവൾ എണീറ്റ് പോകുമ്പോൾ എന്നെ ഒന്നു വിളിക്കാമായിരുന്നു . ഇനി ഇപ്പൊ അവളുടെ പരീക്ഷണം കൂടി ഞാൻ കഴിക്കേണ്ടി വരുമോ …..

” മുത്തശ്ശി അവൾ അടുക്കളയിൽ എന്തെടുക്കുവാ ? ”

” അവൾ എന്തെടുക്കാന , തിന്നാനല്ലാതെ അവൾ എപ്പോഴെങ്കിലും അടുക്കളയിൽ കയറിയിട്ടുണ്ടോ ”

ഹാവൂ അത് കേട്ടപ്പോൾ കുറച്ച് സമാധാനമായി . അങ്ങനെ ഇപ്പോ എന്നെ കൂട്ടാതെ പോയിട്ട് അവൾ നല്ല കുട്ടി ആവണ്ട . ഞാൻ വേഗം കട്ടിലിൽ നിന്ന് ചാടിയെണീറ്റു , എന്നിട്ട് പെട്ടെന്ന് ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി . ഞാൻ ചെല്ലുമ്പോൾ അവൾ മഞ്ചമുറിയിലുണ്ടായിരുന്നു . വലിയ മഞ്ചയുടെ മുകളിൽ കയറിയിരുന്ന് തേങ്ങ തിന്നുകയാണ് . ഞാൻ വേഗം പോയി ചെറിയമ്മയെ സഹായിച്ചു .

ഞാൻ പതിയെ സ്വാതിയെ വിളിച്ച് അമ്പലത്തിലേക്ക് പോവാനായി ഇറങ്ങാൻ തുടങ്ങിയപ്പോൾപിന്നിൽ നിന്നും ഒരു വിളികേട്ടു . വേറെ ആരുമായിരുന്നില്ല നമ്മുടെ മുത്തശ്ശിയായിരുന്നു .

” നിക്ക് കുട്ടികളെ ഞാനും ഉണ്ട് ഇന്ന് നിങ്ങളുടെ കൂടെ വെള്ളാട്ട് തൊഴാൻ ”

ഈശ്വരാ തൃപ്തിയായി … മുത്തശ്ശി കൂടെയുണ്ടെങ്കിൽ ഇന്നത്തെ എന്റെ പ്ലാനിങ് ഒന്നും നടക്കില്ല . ഇനിയിപ്പോ എന്താ ചെയ്യാ ? അങ്ങനെ ഓരോന്ന് ആലോചിച്ച് നടന്നപ്പോൾ അമ്പലത്തിൽ എത്തിയത് അറിഞ്ഞില്ല . ഞാൻ വേഗം അമ്പലപരിസരത്ത് ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കി .

” ച്ചെ , എവിടെയും കാണാനില്ലല്ലോ ”

” കുട്ടി ഇത് ആരെയാ നോക്കുന്നത് ? ”

ദേ വീണ്ടും ശങ്കരൻ തെങ്ങിമേൽ തന്നെ … മനസ്സിൽ ആണെന്ന് കരുതി ഞാൻ പറഞ്ഞത് അല്പം ശബ്ദം കൂടി പോയി . ഇനിയിപ്പോ മുത്തശ്ശിയോട് എന്താ പറയുക .

” അത് മുത്തശ്ശി , ഞാനീ ഭഗവതിതിറയെ നോക്കുകയായിരുന്നു ”

” എന്റെ കുട്ടിയെ അതൊക്കെ രാത്രിയാ ഉണ്ടാവുക ”

” അതെയോ , ഞാൻ കരുതി രാവിലെ മുതലേ അതൊക്കെ ഉണ്ടാകും എന്ന് . ”

” അതെന്തെങ്കിലുമാവട്ടെ നിങ്ങൾ വാ മക്കളെ നമുക്ക് തൊഴാം ”

ഞാനും സ്വാലി വിദേശിയുടെ രണ്ട് സൈഡിൽ ആയി നിന്ന് അമ്പലത്തിൽ തൊഴുതിറങ്ങി . അമ്പലത്തിൽ തൊഴുമ്പോഴും എന്റെ കണ്ണുകൾ ആർമിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . മുത്തശ്ശി ഞങ്ങൾ വെള്ളാട്ട് നടക്കുന്ന അമ്പലത്തിന്റെ തെക്കേ ഭാഗത്ത് കൊണ്ടാക്കി . എന്നിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു മെല്ലെ അവിടുന്ന് ഞാനൊന്ന് എസ്കേപ്പ് ആയി .

ഛെ , ആർമിയെ ഇവിടെയൊന്നും കാണുന്നില്ലല്ലോ , ഇനി ഇന്നലത്തെ സംഭവം കാരണം ഇന്ന് വന്നില്ലേ , വരാതിരുന്നാൽ എങ്ങനെ ശരിയാകും . എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാൻ ഇല്ലേ . ഓരോന്ന് ആലോചിച്ച് ആലോചിച്ച് ഞാൻ എത്തിയത് വെടിക്കെട്ടിന് തീ കൊളുത്തുന്ന പറമ്പിലായിരുന്നു . ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവിടെത്തന്നെ കറങ്ങി തിരിയുമ്പോഴാണ് പെട്ടെന്ന് ഫോൺ റിങ് ചെയ്തത് . സ്വാതി ആയിരുന്നു വിളിച്ചത് .

” ഹലോ …. , ഹലോ ”

” ഹലോ…….. ”

” ഹലോ സ്വാതി , നീയെന്താ പറയുന്നത് എനിക്ക് ഒന്നും ക്ലിയർ ആകുന്നില്ല . നീ ആ ചെണ്ടമേളത്തിന്റെ അടുത്തു നിന്ന് മാറി നിൽക്ക് ”

” ഹലോ ഹലോ ”

ഛെ , ഇവളെ കൊണ്ട് തോറ്റല്ലോ , ചെണ്ടമേളത്തിന്റെ അടുത്ത് നിന്നാണ് ഫോൺ ചെയ്യുന്നത് . അതുകൊണ്ടുതന്നെ അവൾ പറഞ്ഞതൊന്നും കേട്ടതുമില്ല . പെട്ടെന്നായിരുന്നു വെടിക്കെട്ടുകാരൻ ഗജന വെടിക്ക് തീകൊടുത്തത് . അത് വളരെ ശബ്ദത്തോടെ ഞാൻ നിൽക്കുന്ന സ്ഥലത്തിന്റെ അറ്റത്തുനിന്ന് പൊട്ടിപ്പൊട്ടി വരാൻ തുടങ്ങി . വരിവരിയായി ഘോരശബ്ദത്തിൽ പൊട്ടുന്ന വെടിക്കെട്ട് കേട്ടപ്പോൾ ഞാൻ പേടിയോടെ രണ്ടു കൈകൾ കൊണ്ടും കാതുപൊത്തി , കണ്ണ് രണ്ടും മുറുക്കി പൂട്ടി . ആ ഗജന വെടിയുടെ ശബ്ദം എന്റെ അടുത്തെത്തും തോറും എന്റെ ശരീരത്തിലൂടെ അതിന്റെ പ്രവാഹം കടന്നുപോയ്ക്കൊണ്ടിരുന്നു .

ഞാൻ കണ്ണടച്ച് ചെവിയും പൊത്തി അനങ്ങാതെ അവിടെത്തന്നെ നിന്നു . പെട്ടെന്നാണ് എന്റെ കയ്യിൽ ആരോ പിടിച്ചു വലിച്ചത് . ആ കൈകളുടെ ഉടമ എന്നെ ഗജന വെടിയുടെ അടുത്തുനിന്നും തിരിച്ചു നിർത്തി . വെടിക്കെട്ട് ശബ്ദം കൂടി കൂടി വന്നപ്പോൾകണ്ണുതുറക്കാതെ അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി . എന്റെ പേടി കണ്ടിട്ട് എന്നോളം അയാൾ എന്നെ മുറുക്കി ചുറ്റിപ്പിടിച്ചു ………………..

( തുടരും ) …………………………..