രചന – ഭദ്ര രുദ്ര
എന്റെ ഈശ്വരാ ഇങ്ങേര് ഇത് എന്തിനുള്ള പുറപ്പാടാണ് , പറഞ്ഞു കുടുങ്ങിയത് പോലെയായല്ലോ ഞാൻ . എന്റെ കയ്യിൽ ഉള്ള അഭിയേട്ടന്റെ പിടുത്തം അഴിക്കാൻ ശ്രമിക്കുംതോറും അത് കൂടുതൽ മുറുകി വന്നു . ഇതെല്ലാം കണ്ടുകൊണ്ട് ഡൈനിങ് ഹാളിൽ ഒരാൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .
പെട്ടെന്നാണ് അയാളുടെ മുഖത്തേക്ക് അഭിയേട്ടന്റെ കണ്ണുകൾ പോയത് .
” ആരിത് , ശങ്കുണ്ണിനായരോ ? ”
” അതെ ഞാൻ തന്നെ ”
” എന്താണാവോ വിശേഷിച്ച് ”
അഭിയേട്ടൻ അപ്പോഴും എന്റെ കയ്യിലെ പിടുത്തം വീട്ടിട്ടില്ലായിരുന്നു . അതുകൊണ്ടുതന്നെ അയാളവിടെ സംസാരിക്കുമ്പോഴും നോട്ടം എന്റെ കൈയിലേക്ക് ആയിരുന്നു .
” ഇവിടെ ഇപ്പോൾ പുതിയ ഒരു വിശേഷങ്ങൾ അല്ലേ നടക്കുന്നത് , അതുകൊണ്ടാണ് ഇവിടെവരെ വരേണ്ടി വന്നത് ”
” എന്തിനാണ് വന്നതെന്ന് ഇപ്പോഴും പറഞ്ഞില്ല ”
” അഭി കുഞ്ഞിനെ കൂട്ടിച്ചൊല്ലാൻ തറവാട്ടിൽ നിന്ന് ഓർഡർ വന്നിട്ടുണ്ട് . കുഞ്ഞ് എന്റെ കൂടെ വരണം ”
” ഞാൻ ഇനി അങ്ങോട്ടില്ല , ശങ്കുണ്ണിനായർ പൊയ്ക്കോളൂ ”
” ഇവിടെ നടക്കുന്നതെല്ലാം അവിടെ അറിഞ്ഞിരിക്കുന്നു . അതുകൊണ്ട് , കുഞ്ഞിനെയും കൊണ്ട് അല്ലാതെ എനിക്ക് അങ്ങോട്ട് തിരിച്ചു പോകാൻ പറ്റില്ല ”
അയാൾ അത് എന്നെ നോക്കിയാണ് പറഞ്ഞത് .
” ഇവിടെ അതിനുമാത്രം എന്തു നടക്കുന്നു എന്നാണ് ശങ്കുണ്ണിനായർ പറയുന്നത് ? ”
” അത് ഞാൻ തന്നെ പറയണോ ? ”
” വേണം . ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് കുറച്ചുമുമ്പ് ശങ്കുണ്ണിനായർ അല്ലേ പറഞ്ഞത് ”
” ഞാനല്ല , മറ്റു പലരും പറഞ്ഞതാണ് ഞാൻ ഇപ്പോൾ ഇവിടെ പറഞ്ഞത് ”
” ആരാണാവോ മറ്റുചിലർ ? അവർ എന്താണാവോ പറഞ്ഞത് ? ”
അപ്പോഴാണ് ശങ്കുണ്ണിനായർ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് അഭി ഏട്ടനോട് ചോദിച്ചത് .
” ഈ പെൺകുട്ടി ആരാണ് ? ”
” ഇവൾ ശ്രുതി ”
” എന്താ ? ”
” ഇവൾ എന്തിനാണ് ഇവിടെ നിൽക്കുന്നത് ? ”
” ഇവൾ ഞാൻ വിളിച്ചിട്ട് വന്നതാണ് ”
” അതെന്തിനാണെന്നാണ് ഞാൻ ചോദിച്ചത് ? ”
” എന്നെ ചോദ്യം ചെയ്യാൻ ശങ്കുണ്ണിനായർ ആരാണ് ? കാര്യസ്ഥൻ കാര്യസ്ഥന്റെ സ്ഥാനത്ത് നിന്നാൽ മതി ”
അഭിയേട്ടൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ആ മധ്യവയസ്കന്റെ മുഖം സങ്കടം കൊണ്ട് കുനിഞ്ഞു . അഭിയേട്ടൻ എന്തൊക്കെയാണ് വിളിച്ചു പറയുന്നത് , ഇനിയും ഞാൻ ഇടപെട്ടില്ലെങ്കിൽ സീൻ വെറുതെ വഷളാവും .
” എന്താ അഭിയേട്ടാ ഇത് , ഒന്നുമില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്കേണ്ട ? ഇങ്ങനെയാണോ മുതിർന്നവരോട് സംസാരിക്കേണ്ടത് ? ”
പെട്ടെന്ന് ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് അഭിയേട്ടൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ആ മുഖം കണ്ടാൽ അറിയാം . ഞാൻ പറഞ്ഞപ്പോഴാണ് അഭിയേട്ടൻ പറഞ്ഞത് തെറ്റാണെന്ന ബോധം സ്വയം തോന്നിയത് .
” സോറി ശങ്കുണ്ണിനായരെ , ഞാൻ പെട്ടെന്ന് എന്തോ അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ പറഞ്ഞതാണ് . എനിക്ക് ആ വീട്ടിലേക്ക് വരാൻ ഒട്ടും താല്പര്യമില്ല , അതുകൊണ്ടുതന്നെ ഞാൻ വരുന്നില്ല . പിന്നെ , ഇതാണ് ശ്രുതി . എന്റെ ഫ്രണ്ട് ആണ് . കുറച്ചുകാലം കൂടി ഞാനും അവളും ഇവിടെ ഉണ്ടാവും . അതുകഴിഞ്ഞാൽ എങ്ങോട്ട് പോകണം എന്ന് തീരുമാനിച്ചിട്ടില്ല ”
” ഇതൊക്കെ കുഞ്ഞിന്റെ വീട്ടിൽ അറിഞ്ഞിട്ടുണ്ട് . നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എന്നും അറിഞ്ഞു . എല്ലാം നിർത്തി കുഞ്ഞിനെ കൊണ്ട് തിരിച്ചു ചെല്ലാൻ ആണ് വീട്ടുകാർ പറഞ്ഞിരിക്കുന്നത് ”
ശൈഖുനായുടെ വായിൽ നിന്നും വന്ന വാക്കുകൾ എന്നെ ശരിക്കും ഞെട്ടിച്ചു . ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നോ , ആരാണ് ഇതൊക്കെ അവരുടെ ഫാമിലിയിൽ പറഞ്ഞത് . ഈശ്വര , ഇനി ഇതിന്റ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ? ഞാൻ ചെറിയ ഒരു ഭയത്തോടെ അഭിയുടെ മുഖത്തേക്ക് നോക്കി , അവൻ ശരിക്കും ഞെട്ടി നിൽക്കുകയാണ് . അവന്റെ മുഖം കണ്ടാൽ അറിയാം അവൻ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് . പിന്നെ ആരായിരിക്കും ഞങ്ങൾക്കിടയിൽ കളിച്ചത് ?
അപ്പോഴാണ് നിന്ന് കിടകിടാന്ന് വിറക്കുന്ന പവിഴത്തെ ഞാൻ ശ്രദ്ധിച്ചത് . അപ്പോ ഇതൊക്കെ അവരുടെ പണി ആണല്ലേ , അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഞാനും ആർമി യും തമ്മിൽ ഇഷ്ടത്തിൽ ആണോ എന്ന് അവൾ ചോദിച്ചപ്പോൾ ഒരു തമാശക്ക് അവളോട് അതെ എന്ന് പറഞ്ഞിരുന്നു . ഇതിപ്പൊ കുരിശായി മാറിയല്ലോ .
” നിങ്ങളോട് ആരാണ് ഇതൊക്കെ പറഞ്ഞത് ? ”
” അത് ആരെങ്കിലും പറഞ്ഞോട്ടെ , ഇപ്പോഴാണ് എല്ലാവർക്കും കുഞ്ഞ് അഞ്ചു കുഞ്ഞിനെ വേണ്ടെന്ന് പറയാൻ ഉള്ള കാരണം മനസ്സിലായത് . അതുകൊണ്ട് കുഞ്ഞിനെയും കൊണ്ട് പെട്ടെന്ന് തറവാട്ടിലേക്ക് ചെല്ലാൻ മുത്തശ്ശൻ പറഞ്ഞിട്ടുണ്ട് . ”
” ഞാൻ ഒറ്റയ്ക്ക് വന്നാൽ മതിയോ അതോ ശ്രുതിയെയും കൂടെ കൂട്ടണോ ? ”
ഇത്രപെട്ടെന്ന് ആർമി ശങ്കുണ്ണി നായരുടെ കൂടെ പോകാൻ തയ്യാറാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല . ഇനി എന്നെ ഇവിടെ തനിച്ചാക്കി ആർമി അയാളുടെ കൂടെ പോകാൻ പോവുകയാണോ .
” കുഞ്ഞിനു മാത്രം കൊണ്ട് ചെല്ലാനാണ് അവിടെനിന്ന് പറഞ്ഞത് ”
” അപ്പോൾ ഇവളോ ? ”
” അഭി കുഞ്ഞിന്റെ അങ്കിൾ പറഞ്ഞു , എത്ര പണം വേണമെങ്കിലും കൊടുത്തു ഒഴിവാക്കാൻ ”
അതു കേട്ടതോടെ എനിക്കെന്തോ വല്ലാതെ പോലെ തോന്നി . അയാൾ അടക്കം വിലയ്ക്ക് വാങ്ങാനുള്ള പണം എന്റെ കയ്യിൽ ഉണ്ട് , അങ്ങനെയുള്ള ഈ ശ്രുതിക്ക് വിലയിടാൻ മാത്രം അയാൾ വളർന്നോ , പക്ഷേ ഇത്തരം കാടുകേറി ചിന്തകളിലും എന്നെ തളർത്തിയത് അഭി എന്നെ വിട്ടു പോകുമോ എന്ന ഭയമായിരുന്നു . നല്ലൊരു കൂട്ടുകാരനെ നഷ്ടപ്പെടുമോ എന്ന ഭയം . ഞാൻ മറുപടിയെക്കെന്നോണം അഭിയുടെ മുഖത്തേക്ക് നോക്കി .
” അതു നടക്കില്ല . ഈ അഭി എവിടെയാണോ അവിടെയായിരിക്കും ശ്രുതിയും ഉണ്ടാവുക . ശങ്കുണ്ണിനായർക്ക് കാര്യങ്ങളെല്ലാം മനസ്സിലായെന്നു കരുതുന്നു ”
” കുഞ്ഞു അങ്ങനെ പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും ”
” ഇതാണ് എന്റെ തീരുമാനം . ഇനി തറവാട്ടിലേക്ക് ഒരു മടക്കയാത്ര ഉണ്ടെങ്കിൽ എന്റെ കൂടെ ഇവളും ഉണ്ടായിരിക്കും . അല്ലെങ്കിൽ ഞങ്ങളിരുവരും ഇവിടെ താമസിക്കും . ”
അഭിയിൽ നിന്നും അത്തരത്തിൽ ഒരു മറുപടി അവിടെ കൂടി നിന്നിരുന്ന ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല . അതിനാൽ തന്നെ , അവരൊക്കെ ഒരു ഞെട്ടലോടെ എന്നെയും അഭിയെയും മാറി മാറി നോക്കി . അഭിയുടെ ഉറച്ച തീരുമാനം ആണെന്ന് മനസ്സിലാക്കിയതോടെ ശങ്കുണ്ണിനായർ കൊട്ടാരത്തിൽ നിന്നും പുറത്തേക്കിറങ്ങി ആരെയോ ഫോൺ ചെയ്യാൻ തുടങ്ങി . അൽപ്പനേരത്തെ സംസാരത്തിനൊടുവിൽ അയാൾ അകത്തേക്ക് തന്നെ കയറി വന്നു .
” തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല എന്ന് ഉറപ്പാണോ ? ”
” അഭി എവിടെ പോയാലും ഈ ശ്രുതിയും എന്റെ കൂടെ തന്നെ ഉണ്ടാവും ”
അഭിയേട്ടൻ അത് പറയുമ്പോഴും എന്റെ കൈ മുറുകെ പിടിച്ചിരുന്നു . ഒരിക്കലും വിട്ടുകളയില്ല എന്നപോലെ .
” എന്നാൽ നിന്റെ കൂടെ ഇവൾക്കും വരാം ”
ശങ്കുണ്ണി നായർ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അഭിയേട്ടന്റെ മുഖമൊന്നു വിടർന്നിരുന്നു . എന്നാൽ ഞാൻ ആണെങ്കിൽ കുറച്ചു നേരമായി ഇവിടെ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു .
” ശ്രുതി നീ പോയി നിന്റെ ബാഗ് പാക്ക് ചെയ്യ് ”
ആർമി പെട്ടെന്ന് തന്നെ എനിക്ക് നിർദ്ദേശം തന്നെങ്കിലും ഞാൻ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി . അപ്പോൾ അവൻ മുകളിലേക്ക് വരാൻ എന്നോട് കണ്ണുകൊണ്ട് കാണിച്ചു . എന്നിട്ട് ആർമി മുകളിലേക്ക് കയറിപ്പോയി . ആർമിയുടെ പിറകിലായി ഞാനും മുകളിലേക്ക് വേഗം കയറി.
” എന്താ അഭിയേട്ടാ ഇതൊക്കെ ? ”
” ശ്രുതി നീ എന്നെ സഹായിക്കും എന്ന് പറഞ്ഞില്ലേ . ഇപ്പോഴാണ് ശരിക്കും എനിക്ക് നിന്റെ സഹായം വേണ്ടത് ”
” എനിക്കൊന്നും മനസ്സിലായില്ല ”
” എല്ലാം ഞാൻ പറഞ്ഞുതരാം . ഇപ്പോൾ എന്റെ വീട്ടിൽ ഉള്ളവരുടെ എല്ലാം മുന്നിൽ നീ എന്റെ കാമുകിയാണ് . തൽക്കാലം അത് അങ്ങനെ തന്നെ നിൽക്കട്ടെ , നമ്മളായിട്ട് ഒന്നും തിരുത്താൻ പോകുന്നില്ല . ”
” എന്തൊക്കെയാ ഈ പറയുന്നത് ? എനിക്കൊന്നും മനസ്സിലാവുന്നില്ല ”
” നീ ഇപ്പോൾ എന്റെ കൂടെ എന്റെ തറവാട്ടിലേക്ക് വരണം . വന്നേ പറ്റൂ … ”
” ഞാൻ വരൂല ”
” ശ്രുതി നീ വെറുതെ വാശി പിടിക്കരുത് . നീ ഇപ്പോൾ എന്റെ കൂടെ വന്നാൽ എനിക്ക് എന്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും . ഞാൻ നിന്നെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന് പറഞ്ഞാൽ അവരെന്നെ ഒരു പക്ഷേ വീട്ടിൽ നിന്നും ഇറക്കിവിടും . അപ്പോൾ എനിക്ക് അഞ്ചുവിനെ കല്യാണം കഴിക്കേണ്ടി വരില്ല . ആ നിമിഷം തന്നെ നമുക്ക് ഇങ്ങോട്ട് തന്നെ തിരിച്ചു പോരാം അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പോകാം . ”
” ഇതൊക്കെ വർക്കൗട്ട് ആകുമോ ? എന്തായാലും ഞാൻ കൂടെ നിൽക്കാം . അല്ല ഇനി ആർമിയുടെ വീട്ടുകാർ എന്നെ ചവിട്ടി പുറത്താക്കുമോ ? ”
” നീ എന്തിനാ പേടിക്കുന്നത് , നീ ഉണ്ണിയാർച്ച അല്ലേ , നിന്റെ മെക്കട്ട് ആരെങ്കിലും കയറാൻ വന്നാൽ നീ അവരെ വെറുതെ വിടണ്ട ”
ഞാനത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ബാഗ് പാക്ക് ചെയ്യാൻ പോയി . അവൾ വളരെ സന്തോഷത്തോടെയാണ് പോയത് .
ശ്രുതി റൂമിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ അഭിയും റൂമിൽ നിന്ന് ഇറങ്ങിപ്പോയി . അഭി നേരെ പോയത് കൊട്ടാരത്തിൽ വർഷങ്ങളായി പൂട്ടിയിട്ടിരുന്ന ആ മുറിയിലേക്ക് ആയിരുന്നു . ആ മുറിയാണ് ആഭരണങ്ങൾ എല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്ന തെക്കിനി . അഭി അല്പം നേരത്തെ തെരച്ചിലിനൊടുവിൽ ആഭരണപ്പെട്ടിയിൽ ഉണ്ടായിരുന്ന പലനിറത്തിൽ കല്ലുകൾ പതിപ്പിച്ച സിന്ദൂരച്ചെപ്പ് കയ്യിലെടുത്തു .
ഐ ആം സോറി ശ്രുതി , ഇപ്പോഴും എന്റെ ഫാമിലിയെ കുറിച്ച് നിന്നോട് പൂർണ്ണമായും ഞാൻ പറഞ്ഞിട്ടില്ല . സത്യം പറഞ്ഞാൽ അറിഞ്ഞുകൊണ്ട് ഞാൻ ഇപ്പോൾ നിന്നെ ഒരു അപകടത്തിലേക്കാണ് കൊണ്ടുപോകുന്നത് . പക്ഷേ ഞാൻ ജീവനോടെ ഉള്ളടത്തോളം കാലം എന്റെ ജീവന് ഒരു ആപത്തും സംഭവിക്കില്ല , സംഭവിക്കാൻ ഞാൻ അനുവദിക്കില്ല . ഇനി എന്റെ കുടുംബത്തിൽ വച്ച് നിനക്ക് വരാനിരിക്കുന്ന എല്ലാ അപകടങ്ങളിൽ നിന്നും നിന്നെ രക്ഷിക്കാനുള്ള ഏക മാർഗ്ഗം ആണ് എന്റെ കയ്യിൽ ഉള്ളത് . വേറൊരു വഴിയുമില്ലെങ്കിൽ മാത്രമേ ഞാനിത് പുറത്തിറക്കു .
അഭിയും ശ്രുതിയും മുരുകനോടും പവിഴത്തിനോടും അവരുടെ മക്കളോടും യാത്ര പറഞ്ഞ് ശങ്കുണ്ണി നായരുടെ കൂടെ അവിടെ നിന്നും ഇറങ്ങി . അവർ മൂവരും അഭിയുടെ തറവാട് ആയ ശ്രീമംഗലത്തേക്ക് യാത്രതിരിച്ചു .
(തുടരും ) ……………..

by