19/04/2026

ശ്രുതി : ഭാഗം 61

രചന – ഭദ്ര രുദ്ര

” ഹാപ്പി ബര്ത്ഡേ റ്റു യു … ഹാപ്പി ബർത്ത്ഡേ റ്റു യു … അമ്മുട്ട്യേ … ” ” ഹരി മാമാ ” തനിക്കു മുന്നിലായി മെഴുകുതിരികൾ അലങ്കരിച്ച കേക്കുമായി നിൽക്കുന്ന വ്യക്തിയെ നോക്കി അവളുടെ ചുണ്ടുകൾ ചെറു വിറയലോടെ മന്ത്രിച്ചു . ” വാ അമ്മുട്ട്യേ , നമുക്ക് കേക്ക് കട്ട് ചെയ്യാം ” ” എന്താ ഹരി മാമ ഇതൊക്കെ ? ആരാ ഇവരൊക്കെ ? എന്തിനാ ഇവരെ കൊന്നത് ? ” ” ഇവരൊക്കെ നല്ല പേരുകേട്ട വാടക ഗുണ്ടകൾ ആണ് . മോളെ ഇങ്ങോട്ട് കൊണ്ടുവരാൻ വേണ്ടി ഏൽപ്പിച്ചതാണ് ഇവരെ , അവന്മാര് മോളെ ഉപദ്രവിച്ചത് കൊണ്ടല്ലേ ഹരി മാമ അവരെ കൊന്നത് ” തനിക്കു മുന്നിൽ നിന്ന് നിഷ്കളങ്കമായ മറുപടി നൽകുന്ന ഹരിയുടെ മുഖം അവളിൽ ഭയം ഉളവാക്കി . ” ഹരിമാമേ , എനിക്ക് വീട്ടിൽ പോണം ” ” വാ മോളെ നമുക്ക് കേക്ക് മുറിക്കാ ” ശ്രുതി പറഞ്ഞത് കേൾക്കാൻ നിൽക്കാതെ അയാൾ കേക്കുമായി അവൾക്ക് അരികിലേക്ക് വന്നു . അവൾ വല്ലാത്തൊരു ദേഷ്യത്തോടെ ആ കേക്ക് തട്ടിത്തെറിപ്പിച്ചു .

തറയിൽ ചിതറിക്കിടക്കുന്ന കേക്ക് അയാൾ ദേഷ്യത്തോടെ നോക്കി നിന്നു . ” എനിക്ക് വീട്ടിൽ പോകണം ” അയാൾക്ക് നേരെ അവളുടെ സ്വരം ഒരല്പം കടുത്തിരുന്നു . ” വീട്ടിലോ , ഏത് വീട്ടിൽ ? ” ” എന്റെ തറവാട്ടിൽ ” ” ഇവിടെ നിനക്ക് ആരുമില്ല , എനിക്കും . ” ” ഇവിടെ എന്റെ അച്ഛന്റെ കുടുംബവും അമ്മയുടെ കുടുംബമുണ്ട് . അവരെല്ലാം ഇപ്പോ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും എനിക്കങ്ങോട്ട് തിരികെ പോകണം . ” ” നടക്കില്ല . ഇത്രയും കാലം ഈ കുടുംബക്കാരൊക്കെ എവിടെയായിരുന്നു , ഇതുവരെയില്ലാത്ത ഒരു ബന്ധങ്ങളും നമുക്കിനി വേണ്ട . ” ” അത് ഹരിമാമ മാത്രം തീരുമാനിച്ചാൽ മതിയോ ” ദേഷ്യത്തോടെ ഉള്ള അവളുടെ മറുപടി അയാളെ അസ്വസ്ഥനാക്കി . ” നോക്കു അമ്മുട്ട്യേ , നീ വെറുതെ വാശി പിടിക്കണ്ട , നിന്റെ അമ്മ മരിക്കുന്നതിനു മുമ്പ് ഞാൻ വാക്കു കൊടുത്തതാണ് .

നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് . ” ” എന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹം പിരിഞ്ഞു നിൽക്കുന്ന ഇരു കുടുംബങ്ങളും തമ്മിൽ ഒന്നിക്കണം എന്നതായിരുന്നു . അതിനു വേണ്ടി മാത്രമാണ് ഞാൻ ഈ നാട്ടിലേക്ക് വന്നത് . ” ” ആ ആഗ്രഹം നീ നടത്തിയില്ലേ , നീ വന്ന കാര്യം നിറവേറി . ഇനി നീ ഈ നാട്ടിൽ നിൽക്കണ്ട . നമുക്ക് തിരിച്ചുപോകാം . ” ” എങ്ങോട്ട് ??? ” ” എങ്ങോട്ടെങ്കിലും ….. ” ” ഞാൻ എങ്ങോട്ടും വരില്ല . എനിക്ക് എല്ലാവരും വേണം . ” ” ഈ വെറുതെ വാശി പിടിക്കണ്ട , ഞാൻ നിന്നെ കൊണ്ടു പോയിരിക്കും . ” ” ഹരി മാമ ആണ് വെറുതെ വാശിപിടിക്കുന്നത് , എന്റെ പപ്പയ്ക്ക് പോലും ഇല്ല എന്റെ കാര്യത്തിൽ ഇത്രയും വാശി . ” ” നിന്റെ പപ്പ ആരാ , അവൻ ആരാ , മിണ്ടിപോകരുത് അവനെ കുറിച്ച് ” ദേഷ്യത്തോടെ ശ്രുതിക്ക് നേരെ കുതിച്ചു ചാടുന്ന ഹരിയുടെ മുഖം അവളെ കൂടുതൽ ഭയപ്പെടുത്തി . അവളുടെ മുഖത്തെ പേടി കണ്ടപ്പോൾ അയാൾ ഒന്നടങ്ങി . ” നോക്ക് ശ്രുതി നമുക്ക് തിരികെ പോകാം .

നീ ഇവിടെ നിന്നാൽ എനിക്ക് എന്നെന്നേക്കുമായി നിന്നെ അവർക്കൊക്കെ വേണ്ടി വിട്ടു കൊടുക്കേണ്ടി വരും . അതുകൊണ്ട് നീ എത്ര വാശിപിടിച്ചാലും നിന്നെ ഞാൻ ഇവിടെ നിന്ന് കൊണ്ടു പോയിരിക്കും . ” ” ഹരി മാമ ഇത് എന്തൊക്കെയാ പറയുന്നത് ? എന്നെ എവിടെ കൊണ്ടു പോകും എന്നാണ് , എവിടെ പോയാലും എന്റെ പിറകെ എന്റെ പപ്പ ഉണ്ടാവും ” ” പപ്പ….. പപ്പ …. പപ്പ …. എപ്പോ നോക്കിയാലും ഒരു പപ്പാ . നിന്നിൽ ഒരുപാട് മാറ്റം ഉണ്ടായിരിക്കുന്ന ശ്രുതി . പണ്ട് അവനെ വെറുത്തിരുന്ന നീ എന്തിനാണ് ഏതു സമയവും അവനെ കുറിച് പറയുന്നത് . ” ” കാരണം അതെന്റെ പപ്പ ആയതുകൊണ്ട് . എത്ര അകറ്റി നിർത്തിയാലും എനിക്ക് ജന്മം തന്ന മനുഷ്യനാണത് . ” ശ്രുതി യുടെ വാക്കുകൾ ഹരിയുടെ കാതിൽ തീ കോരിയിടുന്നതിന് തുല്യമായിരുന്നു . എന്നാൽ വിശ്വനാഥന്റെ മനസ്സിലേക്ക് മഴ പെയ്യുന്നത് പോലെയാണ് തോന്നിയത് . അയാൾ വല്ലാത്ത ഒരു ആനന്ദം ലഹരിയിലായിരുന്നു .

എന്നാൽ ഹരി പൂർണമായും സമനിലതെറ്റിയവനെ പോലെയായിരുന്നു . ” ഇല്ല , അവൻ നിന്റെ ആരുമല്ല . നിന്റെ പപ്പയും അമ്മയുമൊക്കെ ഞാനാണ് . ഞാൻ അല്ലാതെ മറ്റൊരാൾ നിനക്ക് അവകാശിയായി വന്നാൽ കൊന്നുകളയും ഞാൻ അതിനെ ” പെട്ടെന്നുണ്ടായ ഹരിയുടെ ഭാവം കണ്ട് ശ്രുതി പേടിച്ചുവിറച്ച് ഒരു മൂലയിലേക്ക് നിന്നു . ” ഹരിമാമക്ക് എന്താ ഭ്രാന്തായോ ? ” ” അതെനിക്ക് ഭ്രാന്തായിരുന്നു . നിന്റെ അമ്മ എന്ന ഭ്രാന്ത് – ശ്രീദേവി . എന്റെ ദേവി ” ഇടറിയ സ്ഥലത്തോട് ആണെന്ന് പറഞ്ഞു നിർത്തിയതും എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു . ഹരി തന്റെ പഴയകാല ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു . ” ബാല്യത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥനായിട്ടാണ് വളർന്നത് . ആരുംതന്നെ കൂട്ട് ഉണ്ടായിരുന്നില്ല , എല്ലാവരും ചെറുപ്പംമുതലേ കളിയാക്കുകയും അകറ്റിനിർത്തുകയും ചെയ്തിരുന്ന ഹരിനാരായണന് ഉണ്ടായിരുന്ന ഏക ആശ്രയവും സുഹൃത്തും അവളായിരുന്നു .

‘ ശ്രീദേവി ‘. ബാല്യത്തിൽ എപ്പോഴാ കിട്ടിയ കളിക്കൂട്ടുകാരി . പിന്നീട് അവിടുന്ന് അങ്ങോട്ട് അവൾ മാത്രമായിരുന്നു തന്റെ ലോകം . ബാല്യകാലം കൗമാര കാലത്തിലേക്ക് കടന്നപ്പോൾ എന്റെ ഉള്ളിലെ സൗഹൃദത്തിന് മറ്റൊരു നിറം കൈവരികയയിരുന്നു . എന്നാൽ പറയാൻ പേടിയായിരുന്നു , കണിമംഗലം കോവിലകത്തെ ഇളമുറക്കാരി തമ്പുരാട്ടിയെ നോക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് എന്ന് ഞാൻ എന്നോട് തന്നെ ഒരു നൂറു വട്ടം ചോദിച്ചു . പണത്തിനും തറവാട്ടുമഹിമ യുടെയും സൗന്ദര്യത്തിനും കാര്യത്തിൽ തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിൽക്കുന്ന ശ്രീദേവിയെ എന്നും ദൂരെനിന്ന് ആരാധനയുടെ നോക്കിയിട്ടേയുള്ളു . പഠിച്ച് നല്ലൊരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ സ്വയം പ്രാപ്തി നേടിയതിനുശേഷം ഇഷ്ടം പറയാനായി കാത്തിരുന്നു വർഷങ്ങളോളം . എന്നാൽ എന്റെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് അവൻ ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വന്നു .

‘ വിശ്വനാഥൻ’ – നിന്റെ പപ്പാ . പലതവണ അവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല . അവസാനം അവളെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കണിമംഗലത്തെ കാരണവരെ കണ്ട് അവരുടെ ബന്ധം വീട്ടിൽ അറിയിച്ചത് . പക്ഷേ അവിടെയും എനിക്ക് പിഴച്ചു ‘ കണിമംഗലത്തെ കൊച്ചുതമ്പുരാട്ടി ചെമ്പകശ്ശേരി യിലെ കൊച്ചു തമ്പുരാനും ഒളിച്ചോടി ‘ എന്ന വാർത്ത കേട്ടുകൊണ്ടാണ് പിറ്റേന്ന് നേരം പുലർന്നത് . എവിടെ പോയെന്ന് അറിയാതെ അവരെ അന്വേഷിച്ചു നടന്നു നാടുമുഴുവൻ . ഒടുവിൽ രണ്ടുവർഷത്തിനുശേഷം നിന്റെ പപ്പയുടെ കോൾ വന്നു എനിക്ക് , അവരുടെ അടുത്തേക്ക് വരണം എന്നു പറഞ്ഞു . എനിക്കുള്ള ടിക്കറ്റും മറ്റും അവൻ ഇട്ടു തന്നിരുന്നു . കേട്ടപ്പോൾ വല്ലാത്ത ദേഷ്യം ആയിരുന്നു , പക്ഷേ പോകാൻ തന്നെ തീരുമാനിച്ചു . അവിടെയെത്തിയപ്പോൾ കണ്ടു രണ്ടു വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ദേവി . പഴയ പട്ടുപാവാടയും ദാവണിയും എല്ലാം വിട്ട് സാരി യിലേക്ക് ഒതുങ്ങിയിരുന്നു അവൾ അവന്റെ ഉത്തമയായ ഭാര്യയായി , അവന്റെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്ന അമ്മയായി . ഓർക്കും തോറും മനസ്സിൽ ദേഷ്യവും വിഷമവും വന്നു നിറഞ്ഞു .

ഒരു പൂ പോലെ അവളെ ഞാൻ പൂജിച്ച താണ് , എന്നാൽ ഇന്ന് അവൾ ഒത്തിരി വാടിയിരിക്കുന്നു . എല്ലാത്തിനും കാരണം അവൻ ‘ വിശ്വനാഥ് ‘ മനസ്സിൽ ഒരു തരം വെറുപ്പായിരുന്നു അവനോട് . അവൻ നേടിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് നശിപ്പിക്കണം എന്ന് തോന്നി . എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം അവന്റെ ബിസിനസ് തകർക്കാൻ ഞാൻ ശ്രമിച്ചു . പക്ഷെ ഒരിക്കൽ പോലും അവളുടെ വയറ്റിൽ വളരുന്ന നിന്നെ ഉപദ്രവിക്കാൻ ഞാൻ തുനിഞ്ഞിട്ടില്ല . കാരണം അവളുടെ കുഞ്ഞ് , അതിനെ സ്വന്തം കുഞ്ഞിനെപ്പോലെ ആണ് ഞാൻ കണ്ടത് . അവൾക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കാൻ ഞാനവനോട് മത്സരിക്കുകയായിരുന്നു . അവൾ എനിക്കൊരു സഹോദരന്റെ സ്ഥാനമാണ് നൽകിയതെന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത് . എന്നാലും എന്റെ ജീവിതം തകർത്ത , അവന്റെ ബിസിനസ് ഒരറ്റത്തു നിന്ന് തകർത്തുകൊണ്ട് ഞാൻ സന്തോഷം കണ്ടെത്തി . നിന്റെ ജനനശേഷം അവനെ പൂർണമായി അവളിൽ നിന്നും അകറ്റാൻ ഞാൻ ശ്രമിച്ചു .

എന്നാൽ അതൊന്നും ഫലം കണ്ടില്ല , അവർ തമ്മിൽ വഴക്കിടാൻ പലകാരണങ്ങൾ സൃഷ്ടിച്ചു . എന്നാൽ എല്ലാ വഴക്കിന് ഒടുവിലായി പണ്ടത്തേക്കാൾ ശക്തിയോടെ അവർ ഒന്നിച്ചു . പക്ഷേ അതിനിടയിൽ ഒരിക്കൽ പോലും ഞാൻ നിന്നെ വലിച്ചു വെച്ചിട്ടില്ല . അങ്ങനെയിരിക്കെയാണ് ദിവസം ബിസിനസ്സിൽ ലോസ് സംഭവിച്ച ദേഷ്യം അവൻ എല്ലാവരോടും ചൂടായി തീർക്കുന്നത് കണ്ടത് . അന്നാദ്യമായ് അവൻ ദേവിയോട് മുഖം കറുപ്പിച്ച് സംസാരിച്ചു . അത് അവൾ ഒത്തിരി വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അവൻ പുറത്തു പോയ സമയം നോക്കി അവർക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയത് . ഹരിയുടെ മനസ്സിലേക്ക് ആ ദിവസം ഓടി വന്നു : കുഞ്ഞിനെ ഉറക്കി കിടത്തി അടുക്കള ക്ലീൻ ചെയ്തു കൊണ്ടിരിക്കുകയാണ് ശ്രീദേവി . അപ്പോഴാണ് ഹരി അങ്ങോട്ട് കടന്നു ചെന്നത് . ” ഹരിയേട്ടൻ വല്ലതും കഴിച്ചോ ? ” അവളൊരു സഹോദര സ്നേഹത്തോടെ അവനെ നോക്കി . ” മ്മ് ” അവൻ ഒന്നിരുത്തി മൂളി അതല്ലാതെ മറ്റൊന്നും പറഞ്ഞില്ല . ” എന്താ ഹരിയേട്ടാ എന്നോട് എന്തെങ്കിലും പറയാനുണ്ടോ ? ” ” അത് പിന്നെ , വിശ്വനാഥനും നീയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ” ” ഹരിയേട്ടാ ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല . പിന്നെ ഇന്നലെ വിശ്വേട്ടൻ കുറച്ച് ചൂടായിരുന്നു .

അത് അത്ര വലിയ കാര്യം ആക്കാൻ ഒന്നുമില്ല . ” ” എന്തോ എനിക്ക് തോന്നി അവൻ നിന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് , എന്തൊക്കെ പറഞ്ഞാലും നാടും വീടും ഉപേക്ഷിച്ച് അവന്റെ കൂടെ വന്നതല്ലേ നീ , അതെങ്കിലും അവൻ ഓർക്കണ്ടേ ” ” ഇന്നലെ എന്നോട് വഴക്ക് പറഞ്ഞതിന് ഇന്ന് വന്നാൽ വിശ്വേട്ടൻ എന്തായാലും സോറി പറയും . ആ മനസ്സ് എനിക്ക് നന്നായി അറിയാം . ” ” നീ എന്തിനാണ് ശ്രീദേവി എപ്പോഴും അവനെ ഇങ്ങനെ സ്നേഹിക്കുന്നത് ” അല്പം ദേഷ്യവും നിരാശയും കലർന്ന തരത്തിലുള്ള ഹരിയുടെ ചോദ്യം കേട്ട് അവളൊന്നു ചിരിച്ചു . ” കാരണം ഒന്നേയുള്ളൂ , വിശ്വേട്ടൻ എന്റെ ജീവനാണ്. അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല , ഞാൻ ഇല്ലെങ്കിൽ അദ്ദേഹവും . ” ” അതൊക്കെ നിന്റെ ഒരു തോന്നലാണ് , അവൻ ബിസിനസ് ടൂർ എന്നും പറഞ്ഞു പോകുന്നത് മറ്റു പല സ്ത്രീകളെയും തേടി തന്നെയാണ് ” ” ഹരിയേട്ടാ ” ഇത്തവണ ശ്രീദേവിയുടെ സ്വരം ഒരല്പം കടുത്തിരുന്നു. ” എന്തിന്റെ പേരിലായാലും എന്റെ ഭർത്താവിനെ കുറിച്ച് ഇനി ഇത്തരത്തിൽ ഒരു വാക്ക് ഹരിയേട്ടന്റെ നാവിൽ നിന്ന് അറിയാതെ പോലും വീഴരുത് ഞാനത് ക്ഷമിക്കില്ല .

” അത്രയും പറഞ്ഞ് ദേഷ്യത്തോടെ മുഖം തിരിച്ചു ശ്രീദേവി സ്വയം അടുക്കളപ്പണി കളിലേക്ക് മുഴുകി കൊണ്ട് തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു . എന്നാൽ ഹരിക്ക് വിടാൻ ഉദ്ദേശം ഉണ്ടായിരുന്നു . സ്റ്റൂളിൽ കയറി നിന്ന് റാക്കിന്റ മുകളിലേക്ക് വലിയ പാത്രങ്ങൾ ഒതുക്കി വയ്ക്കുകയായിരുന്നു ശ്രീദേവി . ” ഞാൻ പറഞ്ഞതീനിത്ര ചൂടാവാൻ മാത്രം എന്താണുള്ളത് , എല്ലാ ആണുങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് . എല്ലാവരും എന്നെ പോലെ വിശ്വ പ്രണയം ആണെന്ന് കരുതിയോ ” ” ഹരിയേട്ടൻ അതിനും മാത്രം ആരെയാണാവോ പ്രണയിക്കുന്നത് ? ” പുച്ഛം കലർന്ന സ്വരത്തിൽ ഉള്ള ശ്രീദേവിയുടെ ചോദ്യത്തിന് അയാൾ ചിരിച്ചു കൊണ്ട് മറുപടി നൽകി . ” ഞാൻ അന്നും ഇന്നും എന്നും ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു . അത് നീയാണ് ദേവി . ” ഹരിയുടെ വാക്കുകൾ തീ കട്ടകൾ പോലെ ശ്രീദേവിയുടെ ചെവിയിൽ വന്ന് പതിച്ചു . അത് അവളുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉളവാക്കി , പെട്ടെന്ന് അവളുടെ കൈ തട്ടി അവിടെയുണ്ടായിരുന്ന പെട്രോൾ കാൻ അവളുടെ മേലേക്ക് മറിഞ്ഞു .

അതുകണ്ട് ഹരിയും ആദ്യമൊന്നമ്പരന്നു , അപ്പോൾ തന്നെ കാലു തെന്നി താഴേക്ക് വീഴാൻ പോയ ശ്രീദേവിയെ ഹരി താങ്ങി പിടിച്ചു . എന്നാൽ ശ്രീദേവി വേഗം ഹരിയുടെ കയ്യിൽ നിന്നും കുതറി താഴേക്ക് മാറി . ” എന്താ ഹരിയേട്ടൻ പറഞ്ഞത് ? ” കോപത്താൽ അവളുടെ സ്വരം ഇടറിയിരുന്നു , കണ്ണുകൾ ചുവന്നിരുന്നു . ” അത് , ദേവി … എനിക്ക് … ഇഷ്ടമായിരുന്നു നിന്നെ … കുഞ്ഞുനാൾ മുതൽ മനസ്സിൽ കൊണ്ടു നടന്നതാണ് ” ” മതി നിർത്ത് , ഇനി ഒരക്ഷരം മിണ്ടരുത് . ചേട്ടനെപ്പോലെ കൂടെ നിർത്തിയിട്ട് അപ്പൊ ഇതാണല്ലേ ഹരി ചേട്ടന്റെ മനസ്സിൽ , എല്ലാം ഇന്നത്തോടെ അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ തയ്യാറായികോളു ” ” ദേവി ഞാൻ പറയുന്നതൊന്നു കേൾക്ക് , അവനെക്കാൾ നന്നായി നിന്ന് നോക്കാതെ എനിക്ക് കഴിയും . നിന്നെയും മോളെയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം . നീ എന്റെ കൂടെ വരണം ” അരി പെട്ടെന്ന് ശ്രീദേവിയുടെ കയ്യിൽ പിടിച്ച് കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ അത് അവളെ കൂടുതൽ അസ്വസ്ഥയാക്കി . പെട്ടെന്ന് ദേഷ്യത്തിൽ അവൾ ഹരിയുടെ മുഖം അടക്കി ഒന്ന് കൊടുത്തു .

” ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്നു , വിശ്വേട്ടൻ ഇങ്ങോട്ട് വരട്ടെ . എല്ലാം പറഞ്ഞുകൊടുക്കുന്നുണ്ട് ഞാൻ ” കോപത്താൽ വിറയ്ക്കുന്ന ശ്രീദേവിയോട് ഹരി എന്തെല്ലാം പറഞ്ഞിട്ടും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല . അവളുടെ മനസ്സ് മുഴുവൻ അവനോടുള്ള ദേഷ്യം ആയിരുന്നു . എന്നാൽ വിശ്വനാഥൻ തിരിച്ചുവന്നാൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ ഓർത്തു ഹരിയുടെ ഉള്ള് പിടയുകയായിരുന്നു . പെട്രോൾ വീണ് നനഞ്ഞു ഒട്ടി നിൽക്കുന്ന വസ്ത്രം മാറാനായി അവൾ റൂമിലേക്ക് പോകാൻ തുടങ്ങിയതും ഹരി അവളെ തടഞ്ഞു . ” ശ്രീദേവി നീ ഒന്ന് ശരിക്ക് ആലോചിച്ചു നോക്ക് വരുന്നതിനുമുമ്പ് നമുക്ക് ഇവിടെ നിന്ന് പോകാം ” ഇന്നലെ ശ്രീദേവി വെറുപ്പോടെ അയാളുടെ കൈ വിടുവിക്കാൻ ശ്രമിക്കുകയായിരുന്നു . അത് അവസാന ഒരു സംഘർഷത്തിൽ ചെന്നുനിന്നു . അപ്പോഴാണ് പുറത്ത് വിശ്വനാഥനെ കാറിന്റെ ശബ്ദം കേട്ടത് . ഹരിയെ പിടിച്ചു തള്ളി മാറ്റി ശ്രീദേവി ഓടാൻ ശ്രമിച്ചതും സാരി ചട്ടി വഴുതി വീണത് ഗ്യാസ് വച്ചിരിക്കുന്നു സ്ഥലത്തേക്ക് ആയിരുന്നു . കത്തിക്കൊണ്ടിരിക്കുന്ന ഗ്യാസടുപ്പിൽ മുകളിലേക്കാണ് ശ്രീദേവിയുടെ സാരിതുമ്പ് വീണത് .

പെട്ടെന്ന് തന്നെ തീ അവളിലേക്ക് ആളിപ്പടർന്നു . ഒരു നിലവിളിയോടെ അവൾ ഓടി അകലാൻ ശ്രമിച്ചപ്പോൾ അഗ്നി അവളിലേക്ക് പടർന്നുകയറി . ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു പോയ ഹരി അവളെ രക്ഷിക്കാൻ തന്റെ പരമാവധി ശ്രമിച്ചെങ്കിലും അതിന് ഫലം കണ്ടില്ല . അപ്പോഴേക്കും അവളുടെ നിലവിളികേട്ട് വിശ്വനാഥൻ അങ്ങോട്ട് എത്തിയിരുന്നു . എന്നാൽ വിശ്വനാഥൻ തന്നെ കാണാതിരിക്കാനായി ഹരി കിച്ചണിലെ ജനവാതിൽ വഴി പുറത്തേക്ക് ചാടിയിരുന്നു . വിശ്വനാഥനാ കാഴ്ച കണ്ട് അമ്പരന്നു . ശ്രീദേവിയെ അഗ്നി അപ്പോഴേക്കും ആവരണം ചെയ്തിരുന്നു . ആളിക്കത്തുന്ന അഗ്നിയെ അവഹേളിച്ചു കൊണ്ട് തന്റെ പ്രിയതമയെ മാറോട് ചേർക്കാൻ ശ്രമിച്ച വിശ്വനാഥനെ ശ്രീദേവി തള്ളിമാറ്റി . അത് കണ്ടു കൊണ്ടാണ് കുട്ടി ശ്രുതി കണ്ണ് തിരുമ്മി കൊണ്ട് അങ്ങോട്ട് വന്നത് .

നിന്ന് കത്തുന്ന അമ്മയെ കണ്ട് അവൾ നിലവിളിച്ചു കരഞ്ഞു . ശ്രീദേവിയെ മരണത്തിനു വിട്ടു കൊടുക്കാൻ കഴിയാതെ വിശ്വനാഥൻ ചേർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ , ആ ശരീരം മുഴുവൻ വെന്തുരുകുന്ന സമയത്തും അവൾ ‘ മോള് ‘ എന്നാണ് അവസാനമായി പറഞ്ഞത് . ‘ വിശ്വേട്ടാ , മരിക്കുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് മരിക്കണം . എന്നിട്ട് ഒരുമിച്ച് ഒരു കുഴിയിൽ വേണം നമ്മളെ അടക്കം ചെയ്യാൻ . മരണത്തിനു പോലും നമ്മളെ വേർപിരിക്കാൻ കഴിയരുത് . ‘ ആദ്യ രാത്രി അവൻ തന്നെ നെഞ്ചോട് ചേർന്ന് കിടന്നു പറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ പ്രതിധ്വനിച്ചു . എന്നാൽ മരണം വന്നു വിളിച്ചപ്പോൾ അവൾ തന്നെ തനിച്ചാക്കി ഒറ്റയ്ക്ക് പോയി . കൂടെ ചെല്ലാൻ അനുവദിച്ചില്ല , താനും കൂടെ ചെന്നാൽ മക്കളെ നോക്കാൻ ആരും ഇല്ലാതാകുമെന്ന് അവൾ ഭയന്നു . അവസാന സമയത്തും മകളെക്കുറിച്ച് ആണ് അവൾ ചിന്തിച്ചത് . വിശ്വനാഥന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു .

അയാൾക്കു ചുറ്റും നിന്നവരും കരയുകയായിരുന്നു . എന്നാൽ എല്ലാം കേട്ട് മരവിച്ചിരിക്കുകയായിരുന്നു ശ്രുതി . പെട്ടെന്ന് അവളുടെ കവിളിലൂടെ ചുടു കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി . ഹരിയും കരഞ്ഞിരുന്നു . അയാൾ ശ്രുതിയുടെ മുഖത്തേക്ക് നോക്കി . ” അമ്മ , എന്തിനാ ഹരിമാമേ എന്റെ അമ്മയെ കൊന്നത്. ” പെട്ടെന്ന് ശ്രുതിയിൽ നിന്നുയർന്ന ആ ചോദ്യം കേട്ട് ഹരി ഞെട്ടലോടെ താഴെക്കിരുന്നു . ” മോളെ ഞാൻ ” ” എന്തിനാ ഹരിമാമേ എന്റെ അമ്മയെ കൊന്നത് ” ഇത്തവണ ശ്രുതിയുടെ സ്വരം ഉയർന്നിരുന്നു . ഹരി ഒരു അപരാധി യെ പോലെ അവൾക്കു മുന്നിൽ നിന്നു . ശ്രുതി അപ്പോഴേക്കും എഴുന്നേറ്റു നിന്നു അയാളുടെ കോളറിന് പിടിച്ചിരുന്നു . ” എന്തിനാ ഹരിമാമേ അങ്ങനെ ചെയ്തത് , എന്തിനാ എന്റെ അമ്മയെ കൊന്നത് , എന്തിനാ എന്റെ അച്ഛനെ എന്നിൽ നിന്ന് അകറ്റിയത് , എന്തിനാ എന്ന ആരോരുമില്ലാത്ത ഒരു അനാഥായാക്കി മാറ്റിയത് , പറ എന്തിനാ ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്തത് . നിങ്ങളെ സ്നേഹിച്ചിട്ടേ ഉള്ളൂ എന്റെ അമ്മ , നിങ്ങൾ വിശ്വസിച്ചു എന്റെ പപ്പാ , എന്നിട്ടും നിങ്ങൾ … എങ്ങനെ തോന്നി ഇത്രയും വലിയൊരു ക്രൂരത ചെയ്യാൻ , എന്റെ അമ്മയുടെ ജീവിതം എന്തിനാണ് നശിപ്പിച്ചത് , ഞങ്ങളുടെ എല്ലാവരുടെയും സന്തോഷം എന്തിനാണ് തല്ലിക്കെടുത്തിയത് , എന്തിനാ……. ” അവളുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ കഴിയാതെ അയാൾ തളർന്നു പോയി .

” ഇല്ല മോളെ ഞാൻ അല്ല , എനിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല ” ” എനിക്കൊന്നും കേൾക്കണ്ട … എന്റെ അച്ഛനെ പോലെയല്ലേ ഞാൻ നിങ്ങളെ സ്നേഹിച്ചത് , എന്നിട്ടും …. ” വാക്കുകൾ മുഴുവനും പറയാൻ കഴിയാത്ത ശ്രുതി പൊട്ടിക്കരഞ്ഞു . അവളുടെ കണ്ണുനീർ അയാളുടെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു . ” മോളെ ഞാൻ … ” അയാൾ എന്തോ പറയാനായി വന്നെങ്കിലും ശ്രുതി അയാളിൽനിന്നും വെറുപ്പോടെ മുഖം തിരിച്ചു കളഞ്ഞു . ” നിങ്ങളൊരു ചതിയനാണ് , ഇത്രയും കാലം നിങ്ങൾഎന്റെ പപ്പയെ എന്റെ ശത്രുവാക്കി മാറ്റി . എന്റെ അമ്മയെ ഇല്ലാതാക്കി . പപ്പയെ എന്നിൽ നിന്നും അകറ്റി കൊണ്ട് എന്നെ എല്ലാ അർത്ഥത്തിലും ഒരു അനാഥ ആക്കി മാറ്റി . നിങ്ങൾക്ക് ഒരിക്കലും മാപ്പ് തരാൻ കഴിയില്ല . ” ശ്രുതിയുടെ വാക്കുകൾക്ക് മൂർച്ച കൂടുന്നത് എല്ലാവരെയും ഭീതിയിലാഴ്ത്തി . അവരുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊണ്ട് അഭിയും വിശ്വനാഥും കിച്ചുവും അങ്ങോട്ടു പുറപ്പെട്ടു . ഹരി പെട്ടെന്നാണ് ശ്രുതിയെ മുഖമുയർത്തി നോക്കിയത് , അവൾ തനിക്കു നേരെ തോക്കും പിടിച്ച് നിൽക്കുകയാണ് .

കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ പക മാത്രമാണ് കാണുന്നത് . അയാൾ തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അവൾക്കു മുന്നിൽ തലകുനിച്ചു മുട്ടുകുത്തി നിന്നു കൊടുത്തു . ” കൊന്നോളു അമ്മുട്ട്യേ ” അയാളുടെ സ്വരം ഇടറിയിരുന്നു . ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച്ചയെ മറച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു . അവളുടെ മനസ്സിലേക്ക് കുഞ്ഞുന്നാൾ മുതൽ ഉള്ള ഹരി മാമയുടെ ഓർമ്മകൾ വന്നു നിറഞ്ഞു . അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു നിന്നു തന്നെ നോക്കിയ ഹരിമാമ . രാവിലെ തന്നെ ഉണർത്തി പല്ലുതേച്ച് കുളിപ്പിച്ച് ഒരമ്മയെ പോലെ ഭക്ഷണം വാരി തന്നിരുന്നത് , ഉറങ്ങുന്നവരെ തോളിലേറ്റി നടന്നിരുന്നത് , എടുത്ത് ലോകം മുഴുവൻ ചുറ്റി കാണിച്ചത് , എടുത്തു ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് സന്തോഷിപ്പിച്ചത് , മുറിവു പറ്റി വേദനയോടെ കരയുമ്പോൾ കൂടെ കരഞ്ഞത് , തന്നെ വേദനിപ്പിച്ച വരെ തിരിച്ചു തള്ളിയത് , എന്തിനും ഏതിനും ഒരു കൂട്ടുകാരനായി കൂടെ നിന്നത് , കരാട്ടെ പ്രാക്ടീസിനിടെ താഴെ വീണു മുട്ട് പൊട്ടി വലിയ വായിൽ നിലവിളിച്ചപ്പോൾ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിയത് , അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു നീണ്ട നിര തന്നെ അവളുടെ മുന്നിലേക്ക് തെളിഞ്ഞു വന്നു .

അപ്പോഴേക്കും അഭിയും കിച്ചുവും വിശ്വനാഥും ആ പൊളിഞ്ഞുവീഴാറായ ബിൽഡിങ്ങിൽ എത്തിയിരുന്നു . അവിടെ മൊത്തം മാറാല പിടിച്ചു കിടക്കുവായിരുന്നു . അവർ പതിയെ മുകളിലെ ഹാളിലേക്ക് സ്റ്റെപ് കയറിച്ചെല്ലുമ്പോൾ കണ്ടു ഹരിക്ക് നേരെ നീട്ടിപ്പിടിച്ച തോക്കുമായി നിൽക്കുന്ന ശ്രുതിയെ , അത് അവരുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിച്ചു . അവൾ എന്തു ചെയ്യുമെന്നറിയാതെ അവർ പകച്ചുനിന്നു . അപ്പോൾ തന്നെ അവൾ കണ്ണുകൾ തുറന്നു ഹരിയെ നോക്കി . ” ഇനി വൈയിക്കിക്കണ്ട , കൊന്നോളു . എന്റെ മോളുടെ കൈ കൊണ്ടുള്ള മരണം ഈ ഹരി മാമ പൂർണ മനസ്സോടെ തന്നെ സ്വീകരിക്കും . ” എന്നാൽ അവിടെ നടന്നത് മറ്റൊന്നായിരുന്നു . അവളാ തോക്ക് വലിച്ചെറിഞ്ഞു . ” എന്നെക്കൊണ്ട് പറ്റില്ല . ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാൻ . എനിക്ക് കഴിയില്ല , ഇത്രയും കാലം സ്വന്തം അച്ഛനെ പോലെ കണ്ട് സ്നേഹിച്ച നിങ്ങളെ കൊല്ലാൻ , എനിക്ക് കഴിയില്ല …. ” ഇരുകൈകൾകൊണ്ടും മുഖം പൊത്തി നിലത്തിരുന്ന് ശ്രുതി പൊട്ടി കരഞ്ഞു . ആ കാഴ്ച കണ്ടു നിന്നവരുടെ യും കണ്ണു നിറച്ചിരുന്നു . ” മോളെ …. ” പെട്ടെന്ന് ശബ്ദം കേട്ട് ഹരിയും ശ്രുതിയും ഒരു പോലെ തിരിഞ്ഞു നോക്കി . തനിക്കരികിലായി നിൽക്കുന്ന വിശ്വനാഥനെ കണ്ടപ്പോൾ ശ്രുതി ഒരു ആർത്തനാദ തോടെ അയാളിലേക്ക് ഓടിയടുത്തുകൊണ്ട് ആ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു .

അപ്പോഴേക്കും തന്റെ നെഞ്ചിൽ കിടന്ന് കരയുന്ന മകളേ അയൽ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞിരുന്നു . ആ കൈകൾക്കുള്ളിൽ അവൾ സുരക്ഷിതയാണെന്ന് അവളുടെ കാതോരമാരോ മന്ത്രിക്കുന്നത് പോലെ അവൾക്ക് തോന്നി . വർഷങ്ങൾക്ക് ശേഷം തനിക്ക് തിരികെ കിട്ടിയ മകളെ അയാൾ നിറകണ്ണുകളോടെ ആലിംഗനം ചെയ്തു . അവളുടെ മൂർദ്ധാവിൽ അയാൾ ഒന്ന് അമർത്തി ചുംബിച്ചു . അത് അവളിലെ എങ്ങലിന് ആക്കംകൂട്ടി . ആ കാഴ്ച കണ്ട് ഹരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു . താഴെ മുട്ടു കുത്തി ഇരിക്കുന്ന ഹരിയുടെ നേർക്ക് കിച്ചുവും അഭിയും ദേഷ്യത്തോടെ അടുത്തിരുന്നു . ഹരിയെ തല്ലാനായി ഇരുവരും കയ്യോങ്ങിയപ്പോൾ വിശ്വനാഥൻ അവരെ തടഞ്ഞു . ” വേണ്ട അവനെ ഒന്നും ചെയ്യേണ്ട , നീ എന്നോട് ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ നിന്നെ കൊന്ന് കളയാൻ എന്റെ മനസ്സ് എന്നോട് ഒരായിരം തവണ പറഞ്ഞതാണ് . പക്ഷേ നിന്നെ കൊന്നു ജയിലിൽ പോകാൻ എനിക്ക് മനസ്സില്ല , എനിക്ക് ജീവിക്കണം . എന്റെ മകൾക്ക് വേണ്ടി , അവൾക്ക് വേണ്ടി മാത്രം . അതുകൊണ്ട് നിന്റെയി ശിഷ്ട ജീവിതം ഞാൻ നിനക്കായി തന്ന ഭിക്ഷയാണ് .

അത് നിന്റെ ഇഷ്ടത്തിന് നിനക്ക് ജീവിച്ചു തീർക്കാം . പക്ഷേ നീ ഒന്നോർത്തോ , നീ ചെയ്തുകൂട്ടിയ പാപം ഭാരങ്ങൾ എന്നും നിന്നെ വേട്ടയാടി കൊണ്ടേയിരിക്കും . ” മനസ്സു നൊന്തു കൊണ്ടുള്ള വിശ്വനാഥന്റെ വാക്കുകൾ ഒരു ശാപം കണക്കെ ഹരിയുടെ കാതുകളിലേക്ക് പതിച്ചു . അയാൾ അപ്പോഴും നിലത്ത് നോക്കി കരയുകയായിരുന്നു . ഇനിയും അവിടെ നിന്നാൽ ഹരിയെ തനിക്ക് കൊല്ലേണ്ടി വരും എന്ന് തോന്നിയതിനാൽ വിശ്വനാഥൻ ശ്രുതിയെ ചേർത്തു പിടിച്ച് അവിടെ നിന്ന് ഇറങ്ങി . അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അച്ഛന്റെ നെഞ്ചിലേക്ക് ഒട്ടികിടന്നു . അവരുടെ കാർ ആ കാട് വിടുന്നതിനു മുമ്പ് അവർ കേട്ടിരുന്നു ആ വെടിയൊച്ച . കിച്ചുവും അഭിയും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയെങ്കിലും വിശ്വനാഥൻ അവരോട് കാർ എടുക്കാൻ പറഞ്ഞു . അവരുടെ കാർ മുറിവുകൾ താണ്ടി യാത്രയായിരുന്നു . ഹരിനാരായണൻ എന്ന വ്യക്തി നാളത്തെ പത്രത്തിലെ ചരമക്കോളത്തിൽ ഒരു വാർത്തയായി ചുരുങ്ങിയിരുന്നു . ( തുടരും )