22/04/2026

ശ്രുതി : ഭാഗം 46

രചന – ഭദ്ര രുദ്ര

തന്റെ മകളെ കണ്ടെത്താനാവാതെ കലിതുള്ളി നടക്കുന്ന വിശ്വനാഥ് വർമ്മ , ടൗണിലെ പ്രൗഢഗംഭീരമായ ഹോട്ടലിൽ മദ്യമെന്ന ലഹരിയിൽ ലയിച്ചുകൊണ്ടിരിക്കുകയാണ് , അപ്പോഴാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അങ്ങോട്ട് വന്നത് .

” സാർ ”

” എന്താടോ , എന്നെ കുറച്ചു നേരത്തേക്ക് ആരും ശല്യം ചെയ്യരുത് എന്ന് ഞാൻ പറഞ്ഞതല്ലേ ”

” അത് സാർ … സാറിനൊരു വിസിറ്റർ ഉണ്ട് ”

” ഐ ഡോണ്ട് വാണ്ട്‌ റ്റു സീ എനിവൺ ”

” അദ്ദേഹം സാറിനെ കണ്ടിട്ടേ പോകൂ എന്ന വാശിയിലാണ് . ഈ വിസിറ്റിംഗ് കാർഡ് തരാൻ പറഞ്ഞു . ”

വെയിറ്റർ അത്രയും പറഞ്ഞു കൊണ്ട് ആ വിസിറ്റിംഗ് കാർഡ് ചെറിയൊരു പേടിയോടെ വിശ്വനാഥ്നു നേരെ നീട്ടി . അയാൾ ചെറിയൊരു ഈർശ്യയോടെ ആ വിസിറ്റിങ് കാർഡ് വാങ്ങി നോക്കി . ആ കാർഡ് കണ്ട ഉടനെ , വിശ്വനാഥൻ നിന്ന് വിയർക്കാൻ തുടങ്ങി . തന്റെ കാലുകൾക്ക് ബലം കുറഞ്ഞു വരുന്നത് പോലെ അയാൾക്ക് തോന്നി . അയാൾ തന്റെ അടുത്ത് ഉണ്ടായിരുന്ന സോഫയിലേക്ക് ചാരിയിരുന്നു . എന്നിട്ട് കണ്ണുകളടച്ചുകൊണ്ട് വെയിറ്ററോട് , കൈകൊണ്ട് പുറത്തുപോകാൻ ആവശ്യപെട്ടു . അതൊരു ആജ്ഞ ആയി കണ്ടുകൊണ്ട് തലകുനിച്ചു വെയിറ്റർ പുറത്തേക്ക് പോയി .

അല്പസമയത്തിനുശേഷം വെയിറ്റർ പോകുമ്പോൾ അടച്ചു പോയ കതക് തുറന്നു കൊണ്ട് ഒരാൾ വിശ്വനാഥ്നു നേരെ ഉറച്ച കാൽവെപ്പുമായി നടന്നടുത്തു . അവിടെ തളം കെട്ടി കിടന്നിരുന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അയാളുടെ ഷൂസിന്റെ ശബ്ദം അവിടെ തറയിൽ പ്രതിധ്വനിച്ചു .
അയാൾ വിശ്വനാഥ്നു നേരെ ഓപ്പോസിറ്റ് ഉള്ള സോഫയിൽ സ്ഥാനം ഉറപ്പിച്ചുകൊണ്ട് കണ്ണടച്ചു കിടക്കുന്ന വിശ്വനാഥനെ തന്നെ നിസ്സംഗതയോടെ നോക്കിനിന്നു . തന്റെ തൊട്ടടുത്ത കാൽപെരുമാറ്റം മനസ്സിലാക്കിയ വിശ്വനാഥ് പതിയെ കണ്ണുകൾ തുറന്നു നോക്കി . തനിക്കു മുന്നിൽ വന്നിരിക്കുന്ന ആളെ കണ്ട് നിർവികാരമായി ഇരിക്കുകയായിരുന്നു വിശ്വനാഥ് .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇതേസമയം അഭിയുടെ റൂമിൽ കട്ടിലിൽ ബോധമില്ലാതെ കിടക്കുകയാണു ശ്രുതി . അഭി കട്ടിലിന്റ മറ്റൊരു അറ്റത്തായി തലകുനിച്ച് ഇരിക്കുന്നുണ്ട് . അല്പസമയത്തിനുശേഷം , ശ്രുതിക്കു ബോധം തെളിഞ്ഞുവെങ്കിലും തനിക്ക് അരികിൽ ഇരിക്കുന്ന അഭിയെ കണ്ടിട്ടും കാണാത്തതു പോലെ അവൾ ബെഡിൽ നിന്നും ഇറങ്ങി അവളുടെ റൂമിലേക്ക് നടന്നു .

” ശ്രുതി തനിക്ക് ഇപ്പോൾ എങ്ങനെയുണ്ട് ? ”

അവൻ ആയാസപ്പെട്ട് അവളോട് ചോദിച്ചു . എന്നാൽ മൗനമായിരുന്നു അവളുടെ മറുപടി . അവിടെ അങ്ങനെ ഒരാൾ നിൽക്കുന്നതായി പോലും അവൾ ഗവ്നിച്ചില്ല . അവൾ വേഗം അകത്തു കയറിയ ഉടനെ വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തു . അവനെത്ര തട്ടി വിളിച്ചിട്ടും അവൾ വാതിൽ തുറക്കാൻ തയ്യാറായില്ല . രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും മൗനം തന്നെയായിരുന്നു അവളുടെ മറുപടി . അതുകൊണ്ട് അവനും ഭക്ഷണം കഴിക്കാൻ പോയില്ല .

രാത്രി എല്ലാവരും ഉറങ്ങിയിട്ടും അഭിയുടെ റൂമിൽ മാത്രം വെളിച്ചം ഉണ്ടായിരുന്നു . ശ്രുതിയുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് രാത്രി മുഴുവൻ അവൻ അവളുടെ റൂമിനു മുന്നിൽ കാവൽ കിടക്കുകയായിരുന്നു . പെട്ടന്നുള്ള ദേഷ്യത്തിൽ അവൾ അവിടെ നിന്നിറങ്ങി പോകാതിരിക്കാൻ .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വിശ്വനാഥന് മുന്നിലിരിക്കുന്ന വ്യക്തി തന്നെ അവർക്കിടയിലെ മൗനം ഭേദിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി .

” എന്തു കോലമാണ് വിശ്വാ ഇത് ? ”

വിശ്വനാഥൻ തനിക്ക് അരികിലുള്ള വോഡ്കയുടെ ബോട്ടിൽ വായിലേക്ക് കമിഴ്ത്താൻ തുടങ്ങിയതും അയാൾ അവനെ തടഞ്ഞു .

” മതി കുടിച്ചത് … ഇപ്പോൾതന്നെ ആവശ്യത്തിലേറെ യായി ”

” കാശി നീ വെറുതെ ഇതിൽ ഇടപെടേണ്ട … എത്ര കുടിക്കണം എന്നൊക്കെ എന്റെ ഇഷ്ടമല്ലേ ”

” കുടിച്ചോ നീ എത്രവേണമെങ്കിലും കുടിച്ചോ … എന്നിട്ട് കാലന്റെ വിസയ്ക്കായി കാത്തിരുന്നോ ”

” അങ്ങനെ ചാവുന്നെങ്കിൽ ചാവട്ടെ , അതിന് നിനക്കെന്താ ഛേദം മിസ്റ്റർ കാശിനാഥ് വർമ്മ ”

” എനിക്ക് ദണ്ണം ഉണ്ടെന്നു കൂട്ടിക്കോ … സ്വന്തം കൂടെപ്പിറപ്പിനെ ഈ അവസ്ഥയിൽ കാണുന്നതിൽ … നിനക്കെന്താ പറ്റിയത് വിശ്വാ … നീണ്ട പത്തിരുപത് വർഷങ്ങൾക്ക് ശേഷമാണ് നമ്മൾ തമ്മിൽ കാണുന്നത് … നീ നാട്ടിൽ എത്തിയിട്ട് ഉണ്ടെന്നറിഞ്ഞ് നിന്നെ ഒരു നോക്ക് കാണാനായി ഓടി വന്നതാണു ഞാൻ ”

” എന്തിന് എനിക്ക് ആരെയും കാണേണ്ട … വിശ്വനാഥൻ എന്നും ഒറ്റയ്ക്കാണ് . അന്നും ഇന്നും എന്നും … ”

” എന്താ വിശ്വാ ഇത് ? നിനക്കെന്താ പറ്റിയത് ? ഇങ്ങനെ കുടിച്ചു മരിക്കുന്നതിനു മുൻപ് നീ നിന്റെ മകളെക്കുറിച്ച് ഓർത്തിട്ടുണ്ടോ ”

” മകൾ … അവളെ കുറിച്ച് മാത്രമേ ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഓർത്തിട്ട് ഉള്ളൂ … എന്നിട്ടും അവളീ അച്ഛനെ മനസ്സിലാകുന്നില്ലല്ലോ ഏട്ടാ ? ”

വിശ്വനാഥൻ ഒരു കൊച്ചു കുട്ടിയെ പോലെ കാശിനാഥന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു .

” പോട്ടെടാ , അവൾ കൊച്ചു കുട്ടിയല്ലേ … സാരല്യ നീ വിഷമിക്കേണ്ട … അവളെന്നെങ്കിലും നിന്നെ മനസ്സിലാക്കും ”

” ഇല്ല ഏട്ടാ , അവൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണ് ”

” നമുക്ക് പിന്നെ സംസാരിക്കാം നീ ഇപ്പോൾ നല്ല ഫിറ്റാണ് … നീ എന്റെ കൂടെ വരണം ”

” വീട്ടിലേക്ക് ആണെങ്കിൽ ഞാൻ വരില്ല … അവസാനമായ് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് . അതുകൊണ്ട് ഏട്ടൻ എന്നെ നിർബന്ധിക്കരുത് ”

” എനിക്കറിയാം നിന്നെ എത്ര നിർബന്ധിച്ചാലും നീ വീട്ടിലേക്ക് വരില്ലെന്ന് . നമ്മളിപ്പോൾ പോകാൻ പോകുന്നത് വീട്ടിലേക്ക് അല്ല . എന്റെ ഫ്ലാറ്റിലേക്ക് ആണ് . നിനക്ക് വരാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ? ”

ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഇല്ലെന്ന് അയാൾ തലയാട്ടി .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

പിറ്റേന്ന് നേരം വെളുത്തപ്പോൾ മുതൽ അഭി ശ്രുതിയുടെ റൂമിന് ഡോർ തട്ടി വിളിക്കുകയാണ് . പക്ഷേ അകത്തുനിന്ന് അനക്കമൊന്നും കേൾക്കുന്നില്ല . പെട്ടെന്ന് എന്തോ ഓർത്തതിനുശേഷം അവൻ ആ റൂമിന്റെ ഡോർ ചവിട്ടിപ്പൊളിച്ചു . അപ്പോഴാണ് ശ്രുതി ബാത്റൂമിൽ ആണെന്ന കാര്യം അവനു മനസ്സിലായത് . അവൾ ബാത്റൂമിൽ നിന്നും വരുന്നത് വരെ അവളെ കാത്ത് അവൻ അവിടെ തന്നെ നിന്നു . ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ശ്രുതി റൂമിന്റെ ഡോർ പൊളിഞ്ഞു കിടക്കുന്നത് കണ്ട് അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല .

അവൾ വേഗം തന്നെ അലമാരയിൽ നേരത്തെ പാക്ക് ചെയ്തു വച്ചിരുന്ന അവളുടെ ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി . അത് കണ്ടപാടെ അവൻ അവളെ തടഞ്ഞു .

” എന്താ ശ്രുതി ഇതു , താൻ ഇതെന്തിനുള്ള പുറപ്പാടാ ? ”

അവൾ മൗനമായി തന്നെ അവനെ എതിർത്തു . അവൾ നല്ല ദേഷ്യത്തിലാണെന്ന് അവനു തോന്നി . എന്നാൽ അവന്റെ സാന്ത്വന വാക്കുകൾക്കൊന്നും അവളുടെ ഉള്ളിൽ ആളിക്കത്തുന്ന തീ അണയ്ക്കാൻ കഴിഞ്ഞില്ല . അത് അവളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും പ്രകടമായി കൊണ്ടിരുന്നു .

അവനെയൊന്ന് രൂക്ഷമായി നോക്കി അവൾ ബാഗ് എടുത്ത് റൂമിൽ നിന്നും പുറത്തു പോകാൻ തുടങ്ങിയതും അഭിയുടെ ചെറിയമ്മ അകത്തേക്ക് കയറി വന്നു . അവർ അഭിയുടെ മുഖത്തേക്കും ശ്രുതിയുടെ കയ്യിൽ ഉള്ള ബാഗിലേക്കും പൊളിഞ്ഞു കിടക്കുന്ന ശ്രുതിയുടെ റൂമിന്റെ ഡോറിലേക്കും മാറി മാറി നോക്കാൻ തുടങ്ങി . ചെറിയമ്മയുടെ മുഖഭാവം കണ്ട ഉടനെ അഭി , വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി നോക്കി .

” എന്താ ചെറിയമ്മേ , എന്തെങ്കിലും പറയാൻ വന്നതാണോ ? ”

” അതെന്താ അഭി എനിക്ക് നിന്റെ റൂമിലേക്ക് വന്നു കൂടെ ”

” പതിവില്ലാത്തത് കണ്ടതുകൊണ്ട് ചോദിച്ചെന്നേയുള്ളു ”

” ഞാൻ വന്നത് ശ്രുതിക്ക് ഇപ്പോൾ എങ്ങനെയുണ്ട് എന്ന് അറിയാനാണ് ? ”

” അവൾക്ക് കുഴപ്പമൊന്നും ഇല്ല ”

അഭി വേഗം ചാടി കയറി മറുപടി പറഞ്ഞു .

” അതിനു ഞാൻ നിന്നോട് അല്ല ചോദിച്ചത് , ശ്രുതിയോടാണ് ”

” എനിക്ക് കുഴപ്പമൊന്നുമില്ല ”

ഞാൻ വേഗം ഒറ്റവാക്കിൽ തന്നെ പറഞ്ഞു നിർത്തി .

” മോൾ എവിടെ പോവാ ? ”

എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നോക്കിക്കൊണ്ടാണ് ഇത്തവണ ചോദിച്ചത് .

” അത് … അത് … ഞാൻ … ”

ഞാൻ വിക്കി വിക്കി പറയുമ്പോഴേക്കും അഭി ഇടയിൽ കയറി .

” അവൾ എവിടെ പോകാനാ , അവൾ അവളുടെ ഡ്രസ്സ് ഒക്കെ ഒതുക്കി വെക്കുകയായിരുന്നു ”

ശ്രുതിയുടെ മുഖത്തുനോക്കി കൊണ്ടാണ് അഭി ചെറിയമ്മയോട് അങ്ങനെ പറഞ്ഞത് .

” അല്ല … ഞാൻ തിരിച്ചു പോവുകയാണ് ”

പെട്ടെന്ന് തന്നെ അഭിയേ ഞെട്ടിച്ചുകൊണ്ട് ശ്രുതിയുടെ ശബ്ദം ഉയർന്നു .

” കുട്ടി എവിടെ പോകുന്നു ? ”

അഭിയുടെ ചെറിയമ്മ സംശയത്തോടെ ചോദിച്ചു .

” ഞാൻ വന്നിടത്തേക്ക് തന്നെ … ഇനി എനിക്കിവിടെ നിൽക്കാൻ ബുദ്ധിമുട്ടാണ് ”

” അത് നീ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ ? ”

അപ്പോഴേക്കും അഭിയുടെ സ്വരം കടുത്തിരുന്നു . ശ്രുതി ഒരു ഞെട്ടലോടെ അവനെ തന്നെ നോക്കി നിന്നു .

” അഭി എനിക്ക് പോണം ”

” നീ എങ്ങോട്ടും പോകുന്നില്ല ”

” എനിക്ക് പോണം , പോയെ പറ്റു ”

” വെറുതെ വാശി പിടിക്കണ്ട … ഞാനും ഇപ്പോൾ നല്ല വാശിയിലാണ് … നമ്മുടെ രണ്ടുപേരുടെയും വാശികൾ തമ്മിൽ ഏറ്റുമുട്ടിയാൽ ഈ കാര്യത്തിൽ ഞാനേ ജയിക്കു ”

” ഈ കാര്യത്തിൽ നീയാണ് ഇപ്പോൾ വാശിപിടിക്കുന്നത് … എനിക്ക് പോകണം … എന്തു ബന്ധത്തിന്റെ പേരിലാണ് ഞാനിവിടെ കടിച്ചുതൂങ്ങി കിടക്കേണ്ടത് … അതു കൂടി പറഞ്ഞുതാ ”

ശ്രുതി പറയുന്ന ഓരോ വാക്കുകൾക്കും മൂർച്ച ഏറിവരുന്നതായി അവനു തോന്നി . പെട്ടെന്ന് അവൾക്ക് ഒരു ഉത്തരം നൽകാനാവാതെ അവൻ കുഴങ്ങി .

” അത് … ശ്രുതി … ഞാൻ … ”

” എന്താ ഉത്തരം ഇല്ല അല്ലേ , എന്നാൽ എന്നെ തടയാൻ വരണ്ട … ഞാൻ പോകുന്നു . ”

” ശ്രുതി നീ എന്തിന്റെ പേരിലാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് ? ”

” എനിക്ക് ഇപ്പോൾ നിന്നോട് ഒന്നും പറയാനില്ല … നിങ്ങളുടെ ഫാമിലി കാര്യത്തിൽ ഇടപെടാൻ ഞാൻ നിൽക്കുന്നില്ല . എനിക്ക് പോണം ”

” നീ എങ്ങോട്ടും പോകുന്നില്ല ”

ഇത്തവണ ആർമിയുടെ ശബ്ദം തനിക്കു നേരെയുള്ള ഒരു ഗർജ്ജനം ആയാണ് ശ്രുതിക്ക് തോന്നിയത് . അവൾ ഒരു അമ്പരപ്പോടെ ആർമിയെ തന്നെ നോക്കി നിന്നു . ആർമിയുടെ ഇപ്പോഴത്തെ മുഖഭാവവും സ്വഭാവവും തനിക്ക് അപരിചിതമാണ് എന്നവൾക്ക് തോന്നി . കാര്യങ്ങൾ തന്റെ കൺമുന്നിൽ നിന്ന് കൈവിട്ടുപോകുന്നതായി തോന്നിയ ജാനകി ( ചെറിയമ്മ ) അവർക്കിടയിൽ കയറി .

” എന്താ മക്കളെ ഇത് , നിങ്ങൾ രണ്ടുപേരും ഒരു നിസ്സാര കാര്യം പറഞ്ഞു വഴക്കിടുകയാണോ ? ”

” അതിനു ഇതൊരു നിസാര കാര്യമാണോ ? ”

ഇടറിയ സ്വരത്തിൽ ശ്രുതി ചെറിയമ്മയോടായി ചോദിച്ചു . അവളുടെ ഉള്ളിലെ ദുഃഖം അവളുടെ സ്വരത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു . എന്തോ ശ്രുതിയെ അങ്ങനെ ഒരു അവസ്ഥയിൽ കാണാൻ അഭിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു . അതു മനസ്സിലാക്കിയ ഉടനെ ചെറിയമ്മ അവളെ ചേർത്ത് പിടിച്ചു .

” മോള് തൽക്കാലം എങ്ങോട്ടും പോകണ്ട , എനിക്കറിയാം സുപ്രിയയുടെ വാക്കുകൾ നിന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് . അവൾ നാവിന് ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനം ആണ് . അവളുടെ ആ വാക്കുകൾ കേട്ട് മോള് ഇന്ന് ഇവിടെ നിന്ന് ഇറങ്ങിപ്പോയാൽ അവൾ ജയിച്ചതു പോലെ ആകും . അതിനു നീ ആയിട്ട് ഒരു അവസരം കൊടുക്കരുത് , ഞാൻ അഭിയുടെ മാത്രം അല്ല , മോളുടെയും ചെറിയമ്മയാണ് . അതുകൊണ്ട് ചെറിയമ്മ പറയുന്നത് മോളു കേൾക്കണം . ”

” ചെറിയമ്മേ ഞാൻ …… ”

” വേണ്ട മോളിപ്പോൾ ഒന്നും സംസാരിക്കേണ്ട . നിനക്ക് ക്ലാസ്സിനു പോകാൻ സമയമായില്ലേ ? ”

” ചെറിയമ്മേ ഞാനൊന്നു പറഞ്ഞോട്ടെ ”

” തൽക്കാലം മോൾ ഒന്നും പറയണ്ട . വാ വന്ന് ചായകുടിച്ച് കോളേജിൽ പോകാൻ നോക്ക് ”

അപ്പോഴാണ് ചെറിയമ്മ റൂമിലേക്ക് കൊണ്ടുവന്ന പാത്രം ഞാൻ ശ്രദ്ധിച്ചത് . അതിൽ എനിക്കുള്ള ഭക്ഷണമായിരുന്നു .

” മോളെ ദാ ഇത് കഴിക്കാൻ നോക്കൂ ”

” എനിക്കൊന്നും വേണ്ട ”

” മോളെ , ഒരിക്കലും നമ്മുടെ ദേഷ്യവും സങ്കടവും വാശിയും ഭക്ഷണത്തിനോട് തീർക്കരുത് . കാരണമെന്തെന്നാൽ , ഒരു നേരത്തെ അന്നം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ആളുകൾ ഈ ഭൂമിയിലുണ്ട് . അവരെ വെച്ച് നോക്കുമ്പോൾ നമ്മൾ എല്ലാവരും എത്രയോ ഭാഗ്യവാന്മാരാണ് . അതുകൊണ്ട് ഒരിക്കലും അന്നത്തെ നിന്ദിക്കരുത് . കഴിക്ക് മോളെ ”

അത്രയും പറഞ്ഞു കൊണ്ട് ചെറിയമ്മ എനിക്ക് വാരി തരാൻ തുടങ്ങി . ഒരു അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ വാ തുറന്നു , ആ ഭക്ഷണം മുഴുവൻ കഴിക്കുമ്പോഴും എന്റെ കണ്ണുകൾ ഒട്ടും അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു .

” ദേ വെറുതെ ഇരുന്ന് കരഞ്ഞാൽ നല്ല കുത്ത് വച്ച് തരും ഞാൻ ”

” അത് ഞാൻ … പെട്ടെന്നെന്തോ ഓർത്തിട്ടു … ”

” മ് മതി മതി ഓർത്ത് ഒക്കെ . വേഗം ക്ലാസിൽ പോകാൻ നോക്ക് . ”

ചെറിയമ്മ സ്നേഹത്തോടെ എന്നെ ശാസിച്ചു .
കോളേജ് ബാഗ് ഇട്ട് ഇറങ്ങിവരുന്ന എന്നെക്കൊണ്ട് ആക്കാനായി അഭി കാറിന്റെ കീയുമായി വന്നപ്പോൾ ‘ ഞാൻ ഇന്ന് ബസ്സിൽ ആണ് പോകുന്നത് ‘ എന്നെനിക്ക് ആരോടെന്നില്ലാതെ പറയേണ്ടി വന്നു . അതുകേട്ടപ്പോൾ അഭി എന്റെ മുഖത്തേക്ക് തന്നെ നോക്കിയെങ്കിലും ഞാൻ അത് കാണാത്ത ഭാവം നടിച്ചു . അത് മനസ്സിലാക്കിയിട്ടെന്നോണം ചെറിയമ്മ എന്റെ അടുത്തേക്ക് വന്നു .

” നീ തനിച്ചു പോകണ്ട , ചെറിയച്ഛൻ നിന്നെ ഡ്രോപ്പ് ചെയ്യും ”

” വേണ്ട ചെറിയമ്മേ ഞാൻ ബസ്സിൽ പൊയ്ക്കോളാം ”

” അതെന്താ നീ എന്റെ കൂടെ കാറിൽ വരില്ലേ ”

പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനും ചെറിയമ്മയും അഭിയും ഒരു പോലെ തിരിഞ്ഞു നോക്കി . ചെറിയച്ഛൻ കൈകെട്ടി ഞങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് . ചെറിയമ്മ വേഗം ചെറിയച്ഛന്റെ അടുത്തേക്ക് നടന്നു .

” അതെയ് , നിങ്ങൾ പോകുന്ന വഴിക്ക് ശ്രുതി മോളെ ഒന്ന് കോളേജിൽ ഡ്രോപ്പ് ചെയ്യണെ ”

” തീർച്ചയായും … സഹധർമ്മിണി പറഞ്ഞാൽ പിന്നെ കേൾക്കാതിരിക്കാൻ പറ്റുമോ ”

ചെറിയച്ഛൻ ഒരു ഹാസ്യ രൂപത്തിൽ ചെറിയമ്മയെ നോക്കി കണ്ണിറുക്കി . ചെറിയമ്മ ചെറിയച്ഛന്റെ കയ്യിൽ ഒരു നുള്ളു വെച്ചു കൊടുത്തു . അത് കണ്ടപ്പോൾ ഞാനും അഭിയും ഒരുപോലെ ചിരിച്ചു . പെട്ടെന്നാണ് ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കിയത് . ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി നിന്നപ്പോൾ ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി . അത് കണ്ട് ചിരിച്ചു കൊണ്ട് ചെറിയച്ഛൻ എന്റെ പിറകെ വന്നു .

കാറിൽ കയറിയതിനു ശേഷവും ഞാൻ മൗനത്തെ കൂട്ടുപിടിച്ചു . എന്നാൽ ചെറിയച്ഛൻ എന്നോട് ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു . കൂടുതൽ സംസാരിച്ചതും അഭിയേയും ചെറിയമ്മയെയും കുറിച്ചായിരുന്നു . നല്ലൊരു കേൾവികാരന്റ സ്ഥാനത്തിരുന്നു കൊണ്ട് ചെറിയച്ഛൻ പറഞ്ഞത് മുഴുവൻ ഞാൻ ഒരു ചെറുപുഞ്ചിരിയോടെ കേട്ടിരുന്നു .

” എന്നെ ആ ബസ്‌സ്റ്റോപ്പിൽ ഇറക്കിയാൽ മതി ”

ഞാൻ പതിയെ ചെറിയച്ഛനോടായി പറഞ്ഞു .

” അതെന്താ ഇവിടെ ? ”

” ഇവിടെ നിന്ന് ഞാൻ ബസ്സിൽ കയറി പൊക്കോളാം ”

” അതുവേണ്ട … ജാനകി അറിഞ്ഞാൽ എന്നെ വെറുതെ വഴക്ക് പറയും … അതുമാത്രമല്ല എനിക്ക് നിന്റെ കോളേജ് ഒന്ന് കാണാമല്ലോ ”

” അത് ……. ”

” എന്താ ഞാൻ കോളേജിൽ വരുന്നത് കൊണ്ട് മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ? ”

” ഏയ്‌ ഇല്ല്യ … ”

” എന്നാ പിന്നെ ഒന്നും പറയണ്ട … കോളേജിലേക്കുള്ള വഴി മാത്രം പറഞ്ഞാൽ മതി .. ”

ചെറിയച്ഛന്റെ നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല . കോളേജിലേക്കുള്ള വഴി പറഞ്ഞു കൊടുത്ത് ഞാൻ കാറിന്റെ സീറ്റിലേക്ക് ചാരി കിടന്നു . കാർ നിന്നപ്പോഴാണ് പിന്നെ കണ്ണു തുറന്നു നോക്കിയത് .

” പാലക്കാട് മെഡിക്കൽ കോളേജ് – അല്ല മോളെ നമുക്ക് വഴി തെറ്റി എന്ന് തോന്നുന്നു ”

” ഇല്ല . ശരിയായ വഴിയിലൂടെ തന്നെയാണ് വന്നത് . ”

” അല്ല മോളെ ഇവിടെ എന്താ ? ”

” ഇവിടെയാണ് ഞാൻ പഠിക്കുന്നത് ”

” ഇവിടെയോ ??? ”

ചെറിയച്ഛൻ ആകാംക്ഷ അടക്കാൻ കഴിയാതെ അത്ഭുതത്തോടെ എന്നോട് ചോദിച്ചു .

” അതെ … ഇവിടെയാണ് ഞാൻ മെഡിസിനു പഠിക്കുന്നത് . ഇപ്പോൾ സെക്കൻണ്ട് ഇയർ ആണ് . ”

കേട്ടത് അത്രയും വിശ്വസിക്കാൻ കഴിയാതെ ചെറിയച്ഛൻ എന്റെ മുഖത്തേക്ക് തന്നെ മിഴിച്ച് നോക്കി കൊണ്ടിരിക്കുകയാണ് .

” മോളെ ഇവിടുത്തെ പ്രിൻസിപ്പൽ ജാനകിയുടെ ഫ്രണ്ടാണ് ”

” അറിയാം … അഭിയേട്ടൻ പറഞ്ഞിരുന്നു ”

” ആ … എന്നാൽ മോളു ക്ലാസ്സിൽ പൊയ്ക്കോളൂ ”

” എന്നാൽ ശരി ”

ചെറിയച്ഛനോട് യാത്ര പറഞ്ഞു ക്ലാസിൽ പോയി ഇരിക്കുമ്പോഴും ഇന്നലെ നടന്ന സംഭവങ്ങൾ ആയിരുന്നു മനസ്സും നിറയെ . ഇന്നലെ എന്തൊക്കെ സംഭവവികാസങ്ങൾ ആണ് അവിടെ നടന്നത് . അഭി കൊട്ടാരത്തിൽനിന്നും ആ സിന്ദൂരച്ചെപ്പ് എടുത്തത് ഇങ്ങനെയൊക്കെ ചെയ്യാൻ ആയിരുന്നോ ? ശരിക്കും അവൻ ഇന്നലെ അങ്ങനെയൊക്കെ മനപ്പൂർവം ചെയ്തതാണോ ? അവന്റ അച്ഛനും അമ്മയും ആ വീട്ടുകാരും എന്നെക്കുറിച്ച് എന്തായിരിക്കും വിചാരിച്ചിട്ടുണ്ടാവുക ?
ശരിക്കും മനസ്സു മുഴുവൻ ഉഴുതുമറിഞ്ഞു കിടക്കുകയായിരുന്നു .

ആ ഒരു മാനസികാവസ്ഥയിൽ ക്ലാസ്സിൽ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ശ്രുതി പതിയെ കോളേജിനടുത്തുള്ള ഗാർഡനിൽ പോയിരുന്നു . അവിടത്തെ സിമന്റ് ബെഞ്ചിൽ ഇരുന്ന് കണ്ണടച്ചപ്പോൾ നല്ല തണുത്ത കാറ്റ് അവളെ തലോടി കടന്നു പോയി . പെട്ടെന്നാണ് അവളുടെ തോളിൽ ഒരാൾ തട്ടി വിളിച്ചത് . ശ്രുതി കണ്ണുകൾ തുറന്ന് തലയ്ക്കു പിറകിൽ നിൽക്കുന്ന ആളെ നോക്കിയതും അറിയാതെ തന്നെ അവൾ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് പോയി . ആ വ്യക്തിയെ കണ്ട ഉടനെ അവളുടെ മനസ്സ് ചെറുതായി ഒന്ന് പിടഞ്ഞു . അവളുടെ മിഴികൾ അനുവാദമില്ലാതെ നിറഞ്ഞു തുളുമ്പി ………….

( തുടരും )