രചന – ഭദ്ര രുദ്ര
വീണ്ടും കാർ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു . ആ യാത്രയിലെപ്പോഴോ ഞാനൊന്നു മയങ്ങി പോയി . പെട്ടെന്ന് കാർ നിന്നപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത് . അപ്പോൾ ഞങ്ങളുടെ കാർ ഒരു പടുകൂറ്റൻ ബംഗ്ലാവിനു മുന്നിലായിരുന്നു . ആ ബംഗ്ലാവ് ശരിക്കും ഒറ്റ നോട്ടത്തിൽ ഒരു പഴയ കൊട്ടാരം പോലെ തോന്നിച്ചു . ഞാൻ ഒരു അത്ഭുതം നേരിൽ കണ്ട വിസ്മയത്തോടെ ആ ബംഗ്ലാവ് തന്നെ നോക്കി നിന്നു . കാറിൽ നിന്നും ഇറങ്ങിയ ഞാൻ പതിയേ ഓരോ ചുവടും മുന്നോട്ട് വെച്ചു കൊണ്ടിരുന്നു . ആ പടുകൂറ്റൻ ബംഗ്ലാവിന്റെ ഓരോ പടികൾ കയറി ഞാൻ അതിന്റെ കവാടത്തിനടുത്ത് എത്തി . അതി മനോഹരമായ കൊത്തുപണികളോടുകൂടിയ ഒരു പടുകൂറ്റൻ മര വാതിൽ ആയിരുന്നു ആ ബംഗ്ലാവിന് ഉണ്ടായിരുന്നത് . ഞാനാ ചിത്രപ്പണി കളിലൂടെ പതിയെ വിരലുകൾ ഓടിച്ചു . ബംഗ്ലാവിന്റെ അകം കാണാനുള്ള എന്റെ അടങ്ങാത്ത ആവേശം കാരണം ഞാൻ ആ വാതിലിൽ ശക്തിയായി തള്ളി നോക്കി .
അത്ഭുതമെന്ന് പറയട്ടെ ആ വാതിൽ നേരത്തെ തന്നെ ആരോ തുറന്നിട്ടതുപോലെ എനിക്കു മുന്നിൽ തുറക്കപ്പെട്ടു . ശരിക്കും ഒരു അത്ഭുതം കാണുന്ന പോലെ ഞാന് ബംഗ്ലാവിലേക്ക് നടന്നടത്തു . നേരം ഇരുട്ടി തുടങ്ങിയതിനാൽ ബംഗ്ലാവിനു ഉള്ളിൽ മെഴുകുതിരികളും റാന്തൽ വിളക്കുകളും തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു . ശരിക്കും അതിമനോഹരമായ ഒരു കൊട്ടാരം തന്നെയായിരുന്നു അത് . ഒറ്റനോട്ടത്തിൽ ഒരുപാട് വർഷം പഴക്കം തോന്നുന്നുണ്ടെങ്കിലും ആ ബംഗ്ലാവ് ഇടയ്ക്കിടയ്ക്ക് പെയിന്റ് അടിച്ച് ആരോ വൃത്തിയാക്കുന്നുണ്ട് . ആ കൊട്ടാരത്തിലെ ചുമരുകളിൽ ഒരുപാട് പടങ്ങൾ ഉണ്ടായിരുന്നു . അതിൽ മിക്ക ചിത്രങ്ങളും രാജാരവിവർമ്മയുടെ പെയിന്റിംഗ് ആണ് . ഞാൻ ആ ചിത്രങ്ങളെല്ലാം നോക്കി കൊട്ടാരത്തിലെ അകത്തളത്തിലേക്ക് പ്രവേശിച്ചു .
കൊട്ടാരത്തിന്റെ നീണ്ടു നിവർന്നു കിടക്കുന്ന വലിയ ഹാളിന്റെ ഒരൊറ്റ തായി രണ്ട് കോണിപ്പടികൾ കാണാം . അവ രണ്ടും ഒരു ആർച്ച് ഷേപ്പിൽ മുകളിലേക്ക് പോകുന്നത് കാണാം . പെട്ടന്ന് എന്റെ കണ്ണുകൾ മുകളിലേക്ക് തിരിഞ്ഞപ്പോൾ അവിടെ ഒരു നേരിൽ കണ്ടത് പോലെ എനിക്ക് തോന്നി . പെട്ടെന്ന് തന്നെ ഞാൻ വിയർക്കാൻ തുടങ്ങി . അപ്പോഴാണ് ഞാൻ ബോധത്തിലേക്ക് തിരിച്ചുവന്നത് . ആ നിമിഷം ആർമി എന്റെ കൂടെയില്ല എന്ന സത്യം എന്റെ മനസ്സിൽ ഭയം ഉയർത്തി . ഞാൻ ആ കൊട്ടാരത്തിലെ ഇരുട്ട് പടർന്ന ഓരോ മുക്കിലും മൂലയിലും എന്റെ കണ്ണുകൾ ഓടിച്ചു . ആ ഇരുട്ടിന്റെ മറവിൽ ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി . ഒരു നിമിഷം ഞാൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു . പെട്ടെന്ന് ശക്തമായ് വീശിയ കാറ്റിൽ കൊട്ടാരത്തിലെ ജനവാതിലുകൾ വന്നടിച്ചു ഒരു വലിയ ശബ്ദം ഉണ്ടായി .
അതു കേൾക്കേണ്ട താമസം ഞാൻ പിന്തിരിഞ്ഞു ഓടാൻ തുടങ്ങി . ഓട്ടത്തിനിടയിൽ ആരോ ശക്തിയായി വാതിൽ അടയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു . എന്റെ പിറകെ ആരോ വരുന്നുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞപ്പോൾ ഭയം കൊണ്ട് ഞാൻ ഓട്ടത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് പുറകോട്ട് തിരിഞ്ഞു നോക്കി . ആ ഓട്ടത്തിനിടയിൽ ഇരുട്ടിന്റെ മറവിൽ ആരെയോ ഇടിച്ച് ഞാൻ നിലത്തുവീണു . നിലത്തുവീണ ഞാൻ എന്നെ മുന്നിൽ നിൽക്കുന്ന രൂപം ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാതെ ഞാൻ നിലത്തിരുന്നു കൊണ്ട് പിറകോട്ട് ചലിക്കാൻ തുടങ്ങി . അപ്പോൾ ആ രൂപം എന്റെ അടുത്തേക്ക് മുട്ടുകുത്തിയിരുന്നു കൊണ്ട് എന്റെ മുഖത്തോടു മുഖം അടുപ്പിക്കാൻ വന്നപ്പോൾ . ഞാൻ ഇരു കൈകൊണ്ടും എന്റെ മുഖം പൊത്തി ഇരുന്നു . –
ഇതേസമയം കൃഷ്ണദാസിന്റെ വീട്ടിൽ ശ്രുതിയെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു ശ്വേതയും ശ്രേയയും – ” ശ്വേത ചേച്ചി , എനിക്ക് എന്തോ പോലെ ആകുന്നു ” ” എന്തു പറ്റിയെടാ ” ” ശ്രുതി ചേച്ചി പോയിട്ട് ശരിക്കും ഒരു ദിവസം കഴിയാറായില്ലേ , എന്നിട്ടും നമ്മളെ എന്താ ഒന്ന് വിളിക്കാത്തത് ? ” ശ്രേയ വളരെ വേദനയോടെയാണ് ശ്വേതയോട് ചോദിച്ചത് . പെട്ടെന്നാണ് ശ്വേതയുടെയും ശ്രെയയുടെയും സംസാരം കേട്ട് സ്വാതി അങ്ങോട്ട് വന്നത് . ” നമ്മളെ എന്തിനാണ് അവൾ വിളിക്കുന്നത് , അങ്ങനെ വിളിക്കാൻ മാത്രം ആരാ അവിടെ ഉള്ളത് ? ആരുമില്ല . ” ദേഷ്യത്തോടെ ഉള്ള സ്വാതിയുടെ സംസാരം കേട്ട് അവർ ഇരുവരും ഒന്നു ഞെട്ടിയെങ്കിലും അവർക്കറിയാം സ്വാതിയുടെ മനസ്സിലുള്ള വേദനയാണ് ദേഷ്യമായി പുറത്തേക്ക് വരുന്നത് എന്ന് . ഇനിയും ശ്രുതിയുടെ കാര്യം പറഞ്ഞ് സ്വാതിയെ വെറുതെ വേദനിപ്പിക്കേണ്ട എന്ന് കരുതി ശ്വേതയും ശ്രേയയും മൗനം പാലിച്ചു . ഇതേസമയം മറ്റൊരിടത്ത് ഹരിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി . ആദ്യ തവണ റിങ് ചെയ്ത ഫോൺ കട്ടായി . രണ്ടാംതവണ കോൾ വന്നപ്പോൾ ഹരി നമ്പർ ഒന്ന് നോക്കി .
പരിചയമുള്ള നമ്പർ അല്ല . പക്ഷേ ഇന്ത്യയിൽനിന്നാണ് കോൾ വരുന്നത് . ഇനി ഒരുപക്ഷേ ശ്രുതി ആയിരിക്കുമോ , ഇന്ന് കരുതി ഹരി കോൾ അറ്റൻഡ് ചെയ്തു . ” ഹലോ , ഹരിനാരായണൻ സ്പീക്കിംഗ് ” ” ഹലോ , എന്താ ഹരി ഓർമ്മയുണ്ടോ ? ” പെട്ടെന്ന് ആ ശബ്ദം ഹരിയുടെ കാതിലേക്ക് തുളച്ചു കയറുന്നത് പോലെ അവനു തോന്നി . ഒരു ഞെട്ടലോടെ അവൻ ഫോണിലേക്ക് നോക്കി . എന്നിട്ട് നെറ്റിയിൽ ഉണ്ടായിരുന്ന വിയർപ്പുതുള്ളികൾ എല്ലാം ഒരു തൂവാലകൊണ്ട് തുടച്ചിട്ട് വീണ്ടും ഫോൺ ചെവിയോടു ചേർത്തു സംസാരിക്കാൻ തുടങ്ങി . ” വിശ്വനാഥ് ……… ” ” അപ്പോൾ നീ ഇതുവരെ എന്റെ സ്വരം മറന്നിട്ടില്ല അല്ലേ ഹരി ” ” വിശ്വ , ഇതേതാ നമ്പർ ? നീ ഇപ്പോൾ എവിടെയാണുള്ളത് ? ” ” നീ എന്തിനാ ഹരി വെറുതെ ടെൻഷൻ ആവുന്നത് , ഈ നമ്പർ കണ്ടപ്പോൾ തന്നെ നിനക്ക് മനസ്സിലായി കാണുമല്ലോ ഞാൻ ഇന്ത്യയിൽ ഉണ്ടെന്ന് ” വിശ്വനാഥന്റെ ആ വാക്കുകൾ കൂടി ആയപ്പോൾ ഹരി പൂർണമായി തകർന്ന പോലെ സോഫയിൽ ഇരുന്നു . ” എന്താ വിശ്വ പ്രത്യേകിച്ച് , ഒരു വാക്കും പറയാതെ ? ” ” എന്തോ പെട്ടെന്ന് എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് തോന്നി .
” ” വിശ്വ , അതിനു ഞാനിപ്പോൾ ബാംഗ്ലൂർ ആണുള്ളത് ” ” അതെനിക്കറിയാം , ഞാനിപ്പോൾ കാണാൻ വന്നത് നിന്നെയല്ല . ” ” പിന്നെ … പിന്നെ ആരെ കാണാനാ ? ” ഹരി വിക്കി കൊണ്ടാണ് വിശ്വനാഥ് നോട് അത് ചോദിച്ചത് . ” ഞാൻ അവളെ കാണാൻ വന്നതാണ് , ശ്രുതിയെ . ശ്രുതി വിശ്വനാഥ് എന്ന എന്റെ മകളെ ” ഒരു ഞെട്ടലോടെയാണ് ഹരി അയാൾ പറഞ്ഞത് കേട്ടിരുന്നത് . ” അതിന് ശ്രുതി , അവൾ ഇന്ത്യയിൽ അല്ലല്ലോ ” ” അവൾ ഇന്ത്യയിൽ ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത് . വ്യക്തമായ ധാരണയില്ലാതെ വിശ്വനാഥ് ഒരുകാര്യം ചെയ്യില്ല എന്ന് നിനക്ക് നന്നായി അറിയാലോ . ഞാനിപ്പോൾ നിന്നെ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ് , എന്റെ മകൾ എവിടെയാണെന്ന് ? ” ” എനിക്കറിയില്ല വിശ്വ ” ” എന്തിനാണ് ഹരി , നീ എന്നോട് കള്ളം പറയുന്നത് നിനക്ക് എന്നെ കുറിച്ച് ശരിക്കും അറിയാമല്ലോ . ശ്രുതി എന്നോട് കള്ളം പറഞ്ഞിട്ടാണ് ഇന്ത്യയിലേക്ക് വന്നത് . അവൾ കേരളത്തിലുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞാനും ഇങ്ങോട്ട് വന്നത് . ഇതിനൊക്കെ അവളെ സഹായിച്ചത് നീ ആയിരിക്കും എന്ന് എനിക്ക് നന്നായി അറിയാം .
എന്നോട് ഇത്ര വലിയ ചതി ചെയ്തിട്ടും നിന്നെ ഞാൻ ജീവനോടെ വിടുന്നത് എന്റെ മോളെ കുറിച്ച് ഓർത്ത് മാത്രമാണ് ” ” എന്താ വിശ്വ നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസ?മില്ലേ ? ഞാൻ പറഞ്ഞത് സത്യമാണ് . ശ്രുതി ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല . അവളിതുവരെ കേരളത്തിൽ ഉണ്ടായിരുന്നു എന്നത് സത്യമാണ് . അവിടെവച്ച് അവൾക്ക് ഒരു അപകടവും പറ്റാതെ നോക്കിയതും ഞാൻ തന്നെയാണ് . പക്ഷേ ഇപ്പോൾ അവൾ എവിടെയാണെന്ന് എനിക്കറിയില്ല . ഇന്നലെ മുതൽ അവൾ മിസ്സിംഗ് ആണ് ” ” എന്റെ മകൾ എന്നോട് ഒളിച്ചു കളിക്കുകയാണോ , എത്രയൊക്കെ ഒളിച്ചാലും ഈ പപ്പയുടെ കണ്ണുകൾ അങ്ങുദൂരെ നിന്നു തന്നെ അവളെ വീക്ഷിക്കുന്നുണ്ടെന്ന് അവൾ അറിയുന്നില്ലല്ലോ . അവൾ എവിടെ പോയി ഒളിച്ചാലും ഞാൻ അവളെ കണ്ടു പിടിക്കും . ” ” വിശ്വ നീയെന്നാ ഇനി മടങ്ങി പോകുന്നത് ? ” ” വിശ്വനാഥ് ഇന്ത്യയിൽനിന്നും പോകുന്നുണ്ടെങ്കിൽ എന്റെ കൂടെ എന്റെ മകളും ഉണ്ടായിരിക്കും ” അത്രയും പറഞ്ഞ് വിശ്വനാഥ് ഫോൺ കട്ട് ചെയ്തു .
ഹരി ആകെ ടെൻഷനായി വെരുകിനെ കൂട്ടിലിട്ട പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി . ഈ അമ്മൂട്ടി ഇതെന്തു ഭാവിച്ചാണ് നടക്കുന്ന്ത് . വിശ്വനാഥന്റെ സ്വഭാവം മറ്റാരെക്കാളും നന്നായി അവൾക്കറിയാം എന്നിട്ടും , ഈ കുട്ടി എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത് . ഇതേസമയം ബംഗ്ലാവിൽ , ശ്രുതിയുടെ അടുത്തിരിക്കുന്ന ആ വ്യക്തി അവളുടെ മുഖത്തിന് നേരെ മെഴുകുതിരിയുടെ വെളിച്ചം കാണിച്ചു . എന്നിട്ട് പതിയെ അവളുടെ മുടിയിഴകളിൽ തലോടി . ഭയത്തോടെ പതിയെ കണ്ണുകൾ തുറന്ന ശ്രുതി ആ മെഴുകുതിരിനാളത്തിലേക്ക് തന്നെ നോക്കിയിരുന്നു . എന്നിട്ട് അവൾ പതിയെ അവളുടെ ചുണ്ടുകൾ ചലിപ്പിച്ചു . ” ആർമി ” ” ശ്രുതി ആർ യു ഓക്കേ ” ആർമിയുടെ ആ ചോദ്യത്തിന് മറുപടി നൽകുന്നതിനു പകരം അവൾ പേടിയോടെ അവന്റെ മാറിലേക്ക് ചേർന്നിരുന്നു . പെട്ടെന്ന് അവൾക്ക് എന്തുപറ്റിയെന്ന് അറിയാതെ ആർമിയും ആകെ കുഴങ്ങി . അവൻ പതിയെ അവളെ എഴുന്നേൽപ്പിച്ചതിന് ശേഷം അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു . ഞങ്ങളിരുവരും ആ കൊട്ടാരത്തിലെ ഒരു റൂമിലേക്ക് പ്രവേശിച്ചു . ആ റും വളരെ വൃത്തിയോടെ ആയിരുന്നു ഉണ്ടായിരുന്നത് .
ഒരുപക്ഷേ ആ കൊട്ടാരത്തിലെ ഏറ്റവും വലിയ റൂം അതായിരിക്കും . ആ റൂമിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങളുണ്ട് . അത് പോരാത്തതിന് റൂമിൽ റൂമിലെ രണ്ട് കോണിലും വലിയ ജനൽ ആണ് . ആ റൂമിനുള്ളിൽ എന്റെ കണ്ണുകൾ ഓരോ മുക്കും മൂലയും പരുതുമ്പോഴും ആർമിയുടെ മേലുണ്ടായിരുന്ന എന്റെ പിടി ഞാൻ വിട്ടിരുന്നില്ല . ആർമി നിങ്ങളുടെ ലഗേജ് എല്ലാം ആ റൂമിന്റെ ഒരു മൂലയിൽ കൊണ്ടുവച്ചു . എന്നിട്ട് എന്നെ പതിയെ ആ കട്ടിലിൽ കൊണ്ടിരുത്തി . ” ശ്രുതി , ഈ കൊട്ടാരത്തിൽ ഇപ്പോൾ ഏറ്റവും വൃത്തിയുള്ള റൂം ഒരു പക്ഷെ ഇതായിരിക്കും . കാരണം ഇത് എന്റെ റൂം ആണ് . ഇവിടെ വരുമ്പോഴൊക്കെ ഞാൻ ഈ റൂം ആണ് യൂസ് ചെയ്യാറ് . തൽക്കാലം താൻ ഈ റൂമിൽ കിടന്നോളൂ . ഞാൻ അപ്പുറത്ത് ഹോളിൽ കിടക്കാം . അവിടെ സോഫ സെറ്റ് ഉണ്ട് . താൻ റെസ്റ്റെടുക്ക് നല്ല യാത്ര ക്ഷീണം ഉണ്ടാകും ഗുഡ് നൈറ്റ് ” അതും പറഞ്ഞ് ആ റൂമിൽ നിന്നും പോകാനിരുന്ന ആർമിയുടെ കയ്യിൽ ഞാൻ പിടിച്ചു . എന്നിട്ട് പേടിയോടെ ആ റൂമിലെ ഇരുട്ടു വ്യാപിച്ചിരിക്കുന്ന ഓരോ മുലയിലേക്ക് നോക്കി . എനിക്കെന്താ ആ ഇരുട്ടത്ത് അത്രയും വലിയ റൂമിനുള്ളിൽ ഒറ്റയ്ക്ക് കിടക്കാൻ പേടി തോന്നി .
” ആർമി , തനിക്ക് ഇവിടെ കിടന്നൂടെ . ഇവിടെ ഇത്രയും വലിയ റൂം ഇല്ലേ ? ” എന്റെ ഈശ്വരന്മാരെ ഇവൾ ഇത് എന്തു ഭാവിച്ചിട്ടാ എന്നെ കിടക്കാൻ കൂട്ടുപിടിക്കുന്നത് . നീ തണുപ്പത്ത് രണ്ടെണ്ണം വിട്ടു സോഫയിൽ എങ്ങാനും പോയി കിടക്കാൻ വിചാരിച്ചപ്പോൾ ഇവൾ എന്നെ പെടുത്തുകയാണല്ലോ . ” എന്താ ആർമി ആലോചിക്കുന്നത് ? ” “ഏയ് ഒന്നുമില്ല , ഈ തണുപ്പത്ത് ഞാനിവിടെ ” ” ഈ ജാക്കറ്റ് ഇട്ടോ തണുപ്പിന് കുറച്ച് ആശ്വാസം കിട്ടും ” ” അതല്ല ” ” പിന്നെ ??? ” ഓ ഈ കുരുപ്പിനോട് ഞാൻ ഇപ്പോ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കുക , എനിക്ക് രണ്ട് പെഗ് അടിക്കണം എന്ന് . പെട്ടെന്ന് എന്റെ മുഖഭാവത്തിൽ നിന്നും എന്തോ മനസ്സിലാക്കിയിട്ട് എന്നോണം അവൾ എന്റെ അടുത്തേക്ക് നീങ്ങിനിന്നു . ” കുപ്പി യാണോ ഉദ്ദേശിക്കുന്നത് ? ” പെട്ടെന്ന് അവളുടെ ആ ചോദ്യം കേട്ടപ്പോൾ ഞാനാകെ ചമ്മി വല്ലാതായി . ” എന്റെ കയ്യിൽ നിനക്ക് തരാൻ കുപ്പി ഒന്നുമില്ല . നിന്റെ കയ്യിൽ ഉണ്ടെങ്കിൽ നീ എടുത്തു കുടിച്ചോ , എനിക്കൊരു കുഴപ്പവുമില്ല ” അവൾ അങ്ങനെ പറയുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .
പക്ഷേ നീ തണുപ്പത്ത് കുപ്പി ഇല്ലാതെ എങ്ങനെ നടക്കാനാണ് . അതുകൊണ്ട് ഞാൻ ഷെൽഫിൽ എടുത്തു വച്ചിരുന്ന കുപ്പി പുറത്തേക്ക് എടുത്തു . ആദ്യം ഞങ്ങൾ പുറത്തു നിന്നു കൊണ്ടുവന്ന ഫുഡ് ഒരുമിച്ചിരുന്ന് കഴിച്ചു . അതിനുശേഷം ഞാൻ കുപ്പി പൊട്ടിച്ച് പണി തുടങ്ങി . രണ്ടു പെഗ് അതിൽ കൂടുതൽ പോകരുതെന്ന് കരുതി തുടങ്ങിയതാണ് . പക്ഷേ , ആ കൊടും തണുപ്പിനെ അതിജീവിക്കാൻ ഞാനറിയാതെ അത് കുടിച്ചു പോയി . അത് കണ്ടിട്ടും അവൾ ഒരു കൂസലും ഇല്ലാതെ കട്ടിലിൽ കയറി കിടന്നു . ഇവൾ ഇതെന്തു വിശ്വസിച്ചാ എന്നോട് റൂമിൽ കിടക്കാൻ പറഞ്ഞത് . ഒന്നാമത് ഇവളെ പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് ഇതുപോലെ ഒരു സ്ഥലത്ത് കിട്ടിയാൽ ഏതവൻ ആയാലും ഒന്ന് ട്രൈ ചെയ്തു നോക്കും . സാധാരണ ബോധത്തിൽ തന്നെ അവൾ എന്റെ അടുത്ത് വരുമ്പോൾ പലപ്പോഴും എന്റെ മനസ്സ് എന്റെ കൈവിട്ടു പോയിട്ടുണ്ട് , ഇപ്പൊ വെള്ളമടിച്ച് ഫിറ്റായി ഇരിക്കുന്ന എന്റെ മുന്നിൽ വന്നു കിടക്കുന്നു .
എന്റെ പടച്ചോനേ എന്റെ കണ്ട്രോള് പോകാതെ നോക്കണേ . എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അവർ കിടക്കുന്ന കട്ടില് നേരെ എതിർ ഭാഗത്തായി താഴെ കിടന്നു . ഉറക്കത്തിൽ പോലും എന്തൊരു സൗന്ദര്യമാണ് പെണ്ണേ നിനക്ക് . നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക് . ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ കൂടെ ഇതുപോലെ ഒരു റൂമിൽ . അതും എന്നോട് എപ്പോൾ കണ്ടാലും പടവെട്ടുന്ന തന്റെടിയായ ഉണ്ണിയാർച്ചയുടെ കൂടെ . എന്റെ ഈശ്വരന്മാരെ ഒരിക്കൽ പോലും ഇങ്ങനെ ഒരു സന്ദർഭം ജീവിതത്തിലുണ്ടാവുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ല . ഇന്ന് നടന്നത് എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ് എനിക്ക് . ഞാൻ പതിയെ അവളെ നോക്കി അവൾ നല്ല ഉറക്കത്തിലാണ് . വളരെ ശാന്തമായിട്ടാണ് അവൾ ഉറങ്ങുന്നത് . അല്പസമയത്തിനുശേഷം അവൾ ചെറുതായി ഞരങ്ങാൻ തുടങ്ങി . ആ ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ വേഗം ചാടിയെണീറ്റ് അവളെ നോക്കി .
അവൾ ഉറക്കത്തിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട് . ഇടയ്ക്ക് കരയുന്നുണ്ട് . ഞാൻ പതിയെ അവളുടെ അടുത്ത് ചെന്നു നെറ്റിയിൽ ഒന്ന് തലോടി . നന്നായിട്ട് പൊള്ളുന്ന ചൂട് ഉണ്ട് . നല്ല പനി ഉണ്ടെന്നു തോന്നുന്നു . പെട്ടെന്ന് ഉറക്കത്തിൽ അവൾ ബഹളം വെച്ചു കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി . ഞാൻ അവളുടെ കൈകളിൽ പിടിച്ചു പക്ഷേ പിടി മുറുകും തോറും അവൾ കൂടുതൽ വയലന്റ് ആയി വന്നു . ” അമ്മേ …. എന്നെ വിട് എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോണം . അയ്യോ എന്റെ അമ്മയെ കൊല്ലല്ലേ … ഒന്നും ചെയ്യല്ലേ എന്റെ അമ്മയെ … എനിക്ക് എന്റെ അമ്മയെ മാത്രം മതി … വേറൊന്നും വേണ്ട ബാക്കിയൊക്കെ നിങ്ങൾ എടുത്തോ … അമ്മയെ ഒന്നും ചെയ്യല്ലേ … എനിക്ക് എന്റെ അമ്മ മാത്രമേയുള്ളൂ … അമ്മേ … അയ്യോ തീ …. അമ്മേ ………………. ” പെട്ടെന്ന് ശ്രുതി ഇതൊക്കെ പറഞ്ഞു ബഹളം വെക്കാൻ തുടങ്ങി . അതോടെ ആർമിക്ക് അവളെ കണ്ട്രോൾ ചെയ്യാൻ കഴിയാതെയായി .
അവൻ കട്ടിലിലേക്ക് കയറി ബഹളം വെച്ചുകൊണ്ടിരിക്കുന്ന ശ്രുതി ചേർത്തു പിടിച്ചു . ആദ്യം അവൾ അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും . അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ അവൾ ഒന്നു ശാന്തമായി വന്നു . അവൻ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു . ആ പാതിമയക്കത്തിലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു . അമ്മ … അമ്മ … എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോണം … അത്രയും പറഞ്ഞ് അവൾ അവനിലേക്ക് തളർന്നു കിടന്നു . ( തുടരും )

by