25/04/2026

ഭാഗ്യജാതകം : ഭാഗം 23

രചന – അയിഷ അക്ബർ

യാത്രയിളുടനീളം ആദിയുടെ മുഖത്തെ വിഷാദം ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

അവന്റെ കുസൃതികളും കളിയാക്കലുകളും താൻ വളരെയേറെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാവുന്നത് അവൻ മൗനമായിരിക്കുമ്പോഴാണ്….

ആ മൗനത്തിന്റെ കാരണം നീതുവിൽ ചെന്നു നിൽക്കുമ്പോൾ ഹൃദയം വല്ലാതെ നോവുന്നു….

ശിവ മിഴികൾ ദൂരേക്ക് പായിച്ചു …..

പിറകിലേക്ക് ഓടി മറയുന്ന മരങ്ങളെക്കാൾ വേഗതയിലാണ് തന്റെ ഹൃദയത്തിലെ സമുദ്രം അലയടിക്കുന്നതെന്നവളോർത്തു……

ശിവയെ വീടിന്റെ മുമ്പിൽ ഇറക്കി വിട്ട് ആദി ഓഫീസിലേക്ക് പോയി….

അപ്പോഴും അവനൊന്നും അവളോട് മിണ്ടിയിരുന്നില്ല…

ശിവ മുറിയിൽ കയറി കതകടച്ചു…..

നീതുവിന്റെ വിവാഹമെന്ന് പറഞ്ഞതാണ് ആദിയുടെ മുഖത്തെ സങ്കടമെന്നോർക്കും തോറും കഴുത്തിൽ കിടക്കുന്ന താലിയവളെ ചുട്ടു പൊള്ളിക്കുകയായിരുന്നു…

ഞാനായിരുന്നു ആദിയെ പ്രണയിച്ചത്…. അതവനിൽ നിന്ന് തിരിച്ചു പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല….

താലി കഴുത്തിൽ വീണതിന് ശേഷവും അതിനു വേണ്ടി കാത്തിരുന്നിട്ടില്ല….

എങ്കിലും തന്റെ അനുവാദാമില്ലാതെ തന്നെ ഹൃദയം അവനിലേക്ക് ചാഞ്ഞിരുന്നു….

എന്നാൽ അവന് ശിവ എന്നത് പ്രണയമല്ല…. മറിച് ആരൊക്കെയോ ഏച്ചു കെട്ടിയ ഒരു നൂൽ ബന്ധം മാത്രമാണ്……

ഓർക്കും തോറും ഹൃദയം നീറിപ്പുകഞ്ഞു…..
ആദി കുറച്ചു വൈകിയാണ് വീട്ടിലെത്തിയത്…..

അപ്പോഴും അവന്റെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല…

ഭക്ഷണം എടുത്ത് വെക്കട്ടെ…..

ശിവ പതിയെയാണ് ചോദിച്ചതെങ്കിലും എന്തോ ഓർമകളിലെന്ന പോലവൻ വേണ്ടെന്ന് തലയാട്ടി….

ഇയാൾടെ മുഖത്ത് സങ്കടം കാണാൻ ഒട്ടും ഭംഗിയില്ല….

ആദ്യമായി അവളിൽ നിന്നും വന്ന വ്യത്യസ്തമായ വാക്കുകളെ അവൻ അമ്പരപ്പോടെ നോക്കി..

പിന്നീട് വെറുതെ ഒന്നു പുഞ്ചിരിച്ചു…..

ദുഃഖത്തിന്റെ നിഴൽ വീണ ഈ ചിരിയും ഇയാൾക്ക് ചേരുന്നില്ല…..

പറയുന്നത് നിർവികാരമായാണെങ്കിലും അവയിലെ തീവ്രത അവന് മനസ്സിലാവുന്നുണ്ടായിരുന്നു…….

അവൻ അവളുടെ മുഖത്തേക്ക് നോക്കി….

നീതു മറ്റൊരാളുടേതാവാൻ പോകുന്നതാണോ ഈ സങ്കടത്തിനു കാരണം…..

പെട്ടെന്നുള്ള അവളുടെ ചോദ്യം അവനിൽ ഞൊടിയിടയിലൊരു ഞെട്ടലുണ്ടാക്കി….

ഞാൻ……
അവനെന്ത്‌ പറയണമെന്നറിയാതെ കുഴങ്ങി…..

അവൾ ഇടത് കൈ അവന് നേരെ ഉയർത്തി…..

കൂടുതൽ ബുദ്ധിമുട്ടി ഉത്തരത്തിനായി പരതേണ്ട എന്ന രീതിയിൽ…..

അവനൊന്നും മിണ്ടിയില്ല….

നിങ്ങൾക്ക് രണ്ട് പേർക്കുമിടയിലെ തടസ്സം ഞാനാണ്….

രണ്ട് വീട്ടിലും ഞാൻ പറഞ്ഞോളാം….. ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ കഴിയില്ലെന്ന്…..

നമ്മൾ തമ്മിൽ ഭാര്യ ഭർത്താക്കന്മാരായി കഴിഞ്ഞിട്ടില്ലെന്നത് നിങ്ങൾ പറഞ്ഞാൽ നീതുവിന് വിശ്വസിക്കാതിരിക്കാൻ കഴിയില്ലല്ലോ…..

അഹങ്കാരിയായ ചേച്ചി കളഞ്ഞ ജീവിതം നേടിയെടുത്ത അനിയത്തിയായി അവളെ എല്ലാവരും കണക്കാകുമായിരിക്കും…..

എനിക്കതിൽ പരാതിയില്ല…

അങ്ങേയറ്റം ഗൗരവത്തോടെ ശിവ അത് പറഞ്ഞ് നിർത്തുമ്പോൾ ആദി കട്ടിലിൽ നിന്നും ചാടിയേണീറ്റു….

അവന് ദേഷ്യം വരുന്നുണ്ടായിരുന്നു….

അപ്പൊ നീയോ….

ശിവക്കായി ദൈവം എന്ത് കാത്തു വെച്ചിട്ടുണ്ടോ അതെന്നിലേക്ക് എത്തിച്ചേരുമെന്ന പൂർണ വിശ്വാസമുണ്ടെനിക്ക്…..

അവളുടെ കണ്ണുകളിൽ ഒരു തരം അഘാതമായ ആത്മ വിശ്വാസം…..

നിന്നെ ഞാനുമായി ചേർത്ത് വെച്ചത് പോലെ അല്ലെ…..
മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ആദിയത് ചോദിക്കുമ്പോൾ ശിവ തല താഴ്ത്തി…..

ശെരിയായിരുന്നു….. താൻ വിശ്വസിക്കുന്ന അതെ വിധിയല്ലേ തീരുമാനങ്ങൾക്കും കണക്കു കൂട്ടലുകൾക്കും അപ്പുറമായി ഞങ്ങളെ ചേർത്ത് വെച്ചത്….

ആലോചിക്കും തോറും ഒരു നോവവളിൽ നിറഞ്ഞിരുന്നു……

ശിവാ…..
തല താഴ്ത്തി നിൽക്കുന്ന അവളുടെ കൈകളിൽ അവൻ പിടിച്ചു….

അവൾ മിഴികൾ വേഗത്തിലുയർത്തി അവനെ നോക്കി….

നീതുവിനെ ഇഷ്ടമായിരുന്നു…പെട്ടെന്ന് മറക്കാൻ കഴിയുന്നതിലുമപ്പുറം…..

എങ്കിലും വിവാഹത്തിന് ശേഷം അവളെ ഞാനെന്റെ അനിയത്തിയായി കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്…..

പിന്നെ….. നീയും കേട്ടതല്ലേ അവൾ പറഞ്ഞത്….. അവൾക്ക് വിവാഹം വേണ്ടായേ ന്ന്…..

ഞാൻ കാരണമാണ് അവളിന്ന് വേദനിക്കുന്നതെന്നോർക്കുമ്പോൾ ഹൃദയം കീറി മുറിക്കുന്നത് പോലെ തോന്നുകയാണ്……

അവൾക്ക് വേണ്ടി ഞാൻ പ്രാർത്തിക്കാറുള്ളത് അവളെന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നല്ല…. മറിച് അവൾക്ക് നല്ലൊരു ജീവിതം കിട്ടാനാണ്…..

എന്നാലേ ഞാൻ അവളെ മറന്നു തുടങ്ങിയ പോലെ അവളുടെ മനസ്സിൽ നിന്ന് ഞാനും മായുകയുള്ളു…..

ശിവക്കൊന്നും പറയാനുണ്ടായിരുന്നില്ല….

പിന്നെ…. നമ്മുടെ കാര്യം….
നീ പറയാറുള്ള ആ വിധി നമ്മളിൽ എന്ത് തീരുമാനിച്ചിരിക്കുന്നുവോ അത് നടപ്പിലാക്കട്ടെ…..

നിനക്ക് എന്നെ വേണ്ടെന്ന് തോന്നി നീയായി ഉപേക്ഷിച്ചു പോകും വരെ നീയീ വീട്ടിലുണ്ടാവും…

അത്രയും പറഞ്ഞതിന് ശേഷമാണ് അവളുടെ കൈകളെ അവൻ വിട്ടത്….

എന്റെ മുഖത്തെ പുഞ്ചിരി കാണാൻ വേണ്ടി എന്റെ ജീവിതത്തിൽ നിന്നിറങ്ങി പോവാൻ തയ്യാറായ നീയെങ്ങനെയാണ് അനിയത്തിയെ ചതിച്ചു അവളുടെ ജീവിതം കയ്ക്കലാക്കിയത്…..

അവളുടെ മനസ്സിലുള്ളതെന്തെന്നറിയാനുള്ള ഒരു അവസരമായി ആദിയാ സമയത്തെ കണക്കാക്കിയിരുന്നു…

അവളങ്ങനെ ചെയ്തിട്ടില്ലായെന്നവനുറപ്പായിരുന്നെങ്കിലും അതവളുടെ നാവിൽ നിന്നവന് കേൾക്കണമായിരുന്നു…..

അവന്റെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…..

ഞാൻ….. ഞാൻ ചതിച്ചു നേടിയെന്നോ…..

ചതിച്ചു നേടിയ താലി കഴുത്തിലണിഞ്ഞു നടക്കാൻ മാത്രം തരം താഴ്ന്നവളല്ല ശിവാ….

അവന്റെ നേർക്ക് അവൾ ചീറുകയായിരുന്നു….

അവൻ പ്രതീക്ഷിച്ച വാക്കുകളായിരുന്നത് കൊണ്ട് തന്നെ മൗനമായിരുന്നു….

പിന്നെ അന്നാ വിവാഹ പന്തലിൽ എന്താണ് നടന്നത്……

അവൻ വളരേ ശാന്തമായി ചോദിച്ചു…..

അനിയത്തി കാരണം നശിച്ച അച്ഛന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ വേണ്ടി ചെറിയമ്മയാണ് എന്നോട് നിങ്ങൾക്ക് മുമ്പിൽ കഴുത്തു നീട്ടി തരാൻ ആവശ്യപ്പെട്ടത്….

നിങ്ങളുടെ കുടുംബത്തിന്റെ അന്തസ്സും എന്റെ കൈകളിലാണെന്ന് നിങ്ങളുടെ അച്ഛനും കൂടി പറഞപ്പോൾ ധിക്കരിക്കാൻ തോന്നിയില്ല…..

ശിവ ദൂരേക്ക് മിഴികൾ പായിച്ചു…..

ആദിക്ക് മനസ്സിൽ ഒരു ആശ്വാസം തോന്നി…..
ശിവ തന്നെ ചതിച്ചിട്ടില്ലെന്നു വിശ്വസിക്കാൻ തന്നെയായിരുന്നു അവനും ഇഷ്ടം…….

അവൻ വീണ്ടും എന്തോ കൂടി പറയാൻ തുടങ്ങുമ്പോഴേക്ക് ശിവ മുറിയിൽ നിന്നും പോയിരുന്നു…….
അന്നത്തെ രാത്രി പതിവിലും ഒരു സമാധാനം രണ്ട് പേർക്കുമിടയിലും നിറഞ്ഞു നിന്നിരുന്നു….

മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാത്ത സങ്കടങ്ങൾ വളരേ കുറവായിരിക്കുമെന്നവനോർത്തു…..

കട്ടിലിന്റെ രണ്ടറ്റത്തായി അവർ കിടക്കുമ്പോഴും സ്നേഹത്തിന്റെ ഒരു പുഷ്പം അവർക്കിടയിൽ വിരിഞ്ഞു തുടങ്ങിയിരുന്നു…

അവർ പോലുമറിയാതെ…

എങ്കിലും അവയിലെ വശ്യ സുഗന്ധം രണ്ട് പേരുടെ ഹൃദയത്തിലേക്കും പരന്നിരുന്നു……. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 🔹🔹

അന്ന് രാത്രി പാതി ഉറക്കത്തിൽ അവളെഴുന്നേറ്റു……

അരികിൽ ആരോ എഴുന്നേറ്റിരിക്കുന്ന പോലെ തോന്നിയത് കൊണ്ടാണ് ആദി ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നത്…..

എന്താ……

അരികിൽ ഒരു കാൽ മടക്കി വെച്ചിരിക്കുന്ന ശിവയോടത് ചോദിക്കുമ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി എങ്കിലും അവളൊന്നും മിണ്ടിയില്ല…..

എന്താണെന്നാ ചോദിച്ചത്….
അവൻ ദേഷ്യപ്പെട്ടു കൊണ്ട് അവൾ കാൽ വിരലുകളിൽ ചേർത്ത് വെച്ചിരുന്ന കൈകൾ പിടിച്ചു വലിച്ചു…..

ആ….. അവളുടെ മുഖം വേദന കൊണ്ട് വലിഞ്ഞു മുറുകി…..

അവൻ കാലുകളിലേക്ക് നോക്കിയപ്പോൾ കാൽ വിരൽ വീങ്ങിയിരുന്നു…

ചെളി കടന്ന് കാൽ വിരലിലെ നഖം പഴുത്ത് ചുവന്നിരുന്നു……

കാലു മുറുക്കി പിടിച്ചിരിക്കുന്നവളുടെ മുഖം വേദന കൊണ്ടാവാം ചുവന്നു തുടുത്തിരുന്നത്…..

ഇതെന്താ…..

കുഴി നഖം…..

എന്ത്….. അവനത് ആദ്യമായി കേൾക്കുകയായിരുന്നു….

എന്നു വെച്ചാൽ…….?

നഖത്തിനിടയിലേക്ക് ചെളി കയറുകയോ അല്ലെങ്കിൽ നഖത്തിന്റെ അറ്റം വളരുകയോ ചെയ്തു പഴുപ്പ് കയറും

അവൾ നഖത്തിലേക്ക് ശ്രദ്ധിച്ചു കൊണ്ടത് പറയുമ്പോൾ അവൻ വിരലിലേക്ക് നോക്കി…

നിനക്ക് മുമ്പുണ്ടായിട്ടുണ്ടോ…..

മ്മ്….. വീട്ടിലായിരിക്കുന്ന സമയത്ത്….

എന്നിട്ടെന്താ ചെയ്യാ…

അവളാ നഖത്തിൽ തന്നെ ശ്രദ്ധിക്കുമ്പോൾ കേൾക്കുന്നുണ്ടായിരുന്നില്ല….

നീയെന്താ ഇങ്ങനെ വേദനിക്കുമ്പോൾ ചെയ്യാറെന്നാ ചോദിച്ചത്….
അവന്റെ ശബ്ദം ഒന്നു കൂടി ഉയർന്നപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി….

ചെറു ചൂടുള്ള ഉപ്പ് വെള്ളം കൊണ്ട് കാലു കഴുകും…..

അവൻ മുറിയിൽ നിന്നും പതിയേ എഴുന്നേറ്റ് പോയി….

അവളുടെ മിഴികൾ അവനെ പിന്തുടർന്നിരുന്നു…….

(തുടരും )