രചന – ഭദ്ര രുദ്ര
കിച്ചുവിന്റെ കൂടെ കാറിൽ പോകുമ്പോഴും ശ്രുതി മൗനത്തിന്റെ മുഖപടമണിഞ്ഞു ഇരുന്നു . കിച്ചു അവളോട് എന്തോ ചോദിക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകൾ അടച്ച് കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു . ഇതേസമയം ശ്രീ മംഗലത്ത് ഒരു മൂകാന്തരീക്ഷം ആയിരുന്നു . പൂന്തോട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്ന രാജഗോപാലിനെ കണ്ടപ്പോൾ ഗൗരി അയാളുടെ അടുത്തേക്ക് ചെന്നു . ” അച്ഛാ ……….. ” ” എന്താ ? ” ” അച്ഛന് ചായ എടുക്കട്ടെ ? ” ” എനിക്കിപ്പോൾ ഒന്നും വേണ്ട ? അല്ല അഭി എന്ത് ചെയ്യുകയാണ് ? ” ” അവൻ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല . ശ്രുതി പോയപ്പോൾ റൂമിൽ കയറി കതകടച്ച താണ് ” ” ഇഷ്ടമുള്ളപ്പോൾ ഇറങ്ങിക്കോട്ടെ ” രാജഗോപാലൻ നല്ല ചൂടിൽ ആണെന്ന് മനസ്സിലായപ്പോൾ ഗൗരി ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി .
” നീ എന്നോട് എന്തെങ്കിലും ചോദിക്കാൻ വന്നതാണോ ? ” ” അത് അച്ഛ അത് പിന്നെ , അച്ഛൻ എന്തിനാ ശ്രുതിയോട് ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞത് ? ” ” അത് എന്തിനാണെന്ന് നിനക്ക് മനസ്സിലായില്ലേ ? ” ” ഇല്ല ” ” അവൾ ചെമ്പകശ്ശേരി യിലെ കാശിനാഥന്റെ മകളാണ് . അതായത് നമ്മുടെ കുടുംബത്തിന്റെ ശത്രുക്കൾ . അവനവന്റെ മകളെ പറഞ്ഞുവിട്ടു നാടകം കളിക്കുകയാണ് . ” ” അല്ല അച്ഛാ , അച്ഛൻ ആ കുട്ടിയെ തെറ്റിദ്ധരിച്ചിരിക്കുകയാണ് ” ” എന്റെ ധാരണകൾ എല്ലാം ഇതുവരെ ശരിയായിട്ടേ ഉള്ളൂ . അല്ലെങ്കിൽ അവൾ എന്തിനാണ് കാശിനാഥന്റെ മകളാണെന്ന സത്യം മറച്ചു വെച്ചത് ? എന്തുകൊണ്ടാണ് അവളുടെ ഏട്ടനെ കണ്ടപ്പോൾ അഭിയെ തള്ളിപ്പറഞ്ഞത് ? ” ” അവൾ ചെമ്പകശ്ശേരി യിലെ കുട്ടി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു . എന്നാൽ അവൾ അഭിയെ തള്ളി പറയാൻ കാരണം ഞാനാണ് ” ഒരു കുറ്റസമ്മതം നടത്തുന്നതുപോലെ ഗൗരി രാജഗോപാലിന് മുന്നിൽ മനസ്സ് തുറന്നു .
അവൾ അങ്ങനെ പറഞ്ഞപ്പോൾ രാജഗോപാൽ അവിശ്വസനീയതയോടെ അവളുടെ മുഖത്തേക്ക് നോക്കി . ” എന്ത് ???? ” ” അതെ അച്ഛ സത്യമാണ് , അവർ തമ്മിൽ ഇനി മുതൽ ഒരു ബന്ധവും ഉണ്ടാവരുതെന്നും അവൾ എന്നെന്നേക്കുമായി അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം എന്നും ഞാനാണ് അവളോട് ആവശ്യപ്പെട്ടത് . അതുകൊണ്ടാണ് അവൾ അങ്ങനെയൊക്കെ പെരുമാറിയത് ” ” എന്താ ഗൗരി ഇത് ? ” ” സത്യമായിട്ടും എനിക്ക് അറിയില്ലായിരുന്നു അച്ഛാ അഭിക്ക് അവളെ ഇഷ്ടമായിരുന്നുന്ന് ” അത്രയും പറഞ്ഞ് അവൾ പൊട്ടി കരയുമ്പോഴും ഇതിനെല്ലാം സാക്ഷിയായി അഭിയും അവിടെ ഉണ്ടായിരുന്നു . കരയുന്ന ഗൗരിയെ ആശ്വസിപ്പിക്കാനായി തിരിഞ്ഞപ്പോഴാണ് അവർക്ക് അരികിൽ നിൽക്കുന്ന അഭിയേ രാജഗോപാലൻ കണ്ടത് . അയാളുടെ മുഖത്തെ ഞെട്ടൽ കണ്ട് ഗൗരിയും തിരിഞ്ഞു നോക്കിയപ്പോഴാണ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന തന്റെ മകനെ അവരും കണ്ടത് . ” അഭീ …. ” അവനോട് എന്തോ പറയുവാൻ ആയി അവർ ആരാഞ്ഞെങ്കിലും അവൻ അത് കേൾക്കാൻ നിൽക്കാതെ ഒരു കാറ്റുപോലെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി . നിലത്തിരുന്ന് പൊട്ടിക്കരയുന്ന ഗൗരിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അയാൾക്ക് അറിയില്ലായിരുന്നു . *
ഇതേസമയം ശ്രുതിയെയും കൊണ്ട് കിച്ചുവിന്റെ കാർ നേരെ ചെന്നു നിന്നത് ചെമ്പകശ്ശേരി തറവാടിനു മുന്നിലാണ് . കിച്ചു കാറിന്റെ ഡോർ തുറന്നപ്പോഴാണ് ശ്രുതി കണ്ണ് തുറന്നു നോക്കിയത് . ‘ ചെമ്പകശ്ശേരി ‘ എന്ന് ചുമരിൽ വലുതായി കൊത്തിവെച്ചതാണ് ആദ്യം അവളുടെ കണ്ണിൽ ഉടക്കിയത് . ” ഇതെന്താ ഇവിടെ ? ” ശ്രുതി ചോദ്യരൂപേണ കിച്ചുവിനെ നോക്കി . ” ഇനിമുതൽ നീ ഇവിടെയാണ് താമസിക്കേണ്ടത് , ഇത് നിനക്ക് കൂടി അവകാശപ്പെട്ടതാണ് ” ” എനിക്ക് ആരുടെയും ഒരു ഔദാര്യവും വേണ്ട , എന്നെ ബസ്റ്റോപ്പിൽ ഇറക്കി വിട്ടാൽ മതി . പിന്നെ , ഞാൻ അഭിയുടെ വീട്ടുകാരുടെ മുൻപിൽ വെച്ച് എന്റെ ഏട്ടനാണെന്ന് പറഞ്ഞതുകൊണ്ടാണ് ഈ അധികാരം കാണിക്കുന്നതെങ്കിൽ അത് വേണ്ട . പിന്നെ , ഞാൻ പഠിച്ച കളളിയാണ് . വളരെ നന്നായി തന്നെ അഭിനയിക്കാനും അറിയാം . പിന്നെ നിന്നെ ഏട്ടാ എന്ന് വിളിച്ച് നിന്റ പിറകെ കൂടിയത് എന്റെ അച്ഛന്റെ പ്ലാനുകൾ ഒക്കെ നടപ്പിലാക്കാൻ വേണ്ടി തന്നെയാണ് . പിന്നെ എനിക്ക് നിങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ഒരു അർഹതയുമില്ലല്ലോ . ബിക്കോസ് ഐആം എ ലയർ .
തെരുവിൽ ജീവിക്കുന്ന സ്ത്രീകൾക്കു കൂടി എന്നെക്കൾ അന്തസ്സുണ്ടാവും അല്ലെ ? ” അവൾ നിറകണ്ണുകളോടെ കിച്ചുവിനെ നോക്കി . അവൻ ഒരു അപരാധിയെ പോലെ അവൾക്കു മുന്നിൽ തല കുനിച്ചു നിന്നു . അന്ന് അവളോടുള്ള തെറ്റിദ്ധാരണകൾ കൊണ്ട് ദേഷ്യം തോന്നിയപ്പോൾ അറിയാതെ നാവിൽ നിന്നും വീണു പോയ വാക്കുകളാണിവ . എന്നാൽ , ഇത് അവളുടെ മനസ്സിൽ ഇത്രയും വലിയ മുറിവ് ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല . എത്രയൊക്കെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് അവളോട് എന്ത് പറഞ്ഞാലും ഇതിനുള്ള ന്യായീകരണം ആകില്ല . എങ്കിലും അവളെ ഇവിടെ പിടിച്ചു നിർത്തേണ്ടത് തന്റെ ആവശ്യമാണ് , ഇവിടെ എല്ലാവരും കൊതിക്കുന്നത് അവളെ കാണാനാണ് . ” ശ്രുതി പ്ലീസ് , ഇത് നിന്റെ അച്ഛന്റെ വീടാണ് . ഇവിടെ ഉള്ളവർ എല്ലാം നിന്നെ ഒരു നോക്കു കാണാൻ കൊതിക്കുന്നവരാണ് ” അഭി വളരെ സൗമ്യമായി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കാറിൽ നിന്നും ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി . ” അതിനു ഞാനെന്തു വേണം ? ഇത്രയും കാലം എവിടെയായിരുന്നു എന്നെ ഒരു നോക്കു കാണാൻ കൊതിച്ചവരൊക്കെ ? ഇത്രയും കാലം ഒരു അനാഥയെ പോലെ തന്നെയാണ് ജീവിച്ചത് , അപ്പോ ഈ കുടുംബക്കാർ എല്ലാം എവിടെയായിരുന്നു ? ” ശ്രുതിയുടെ വാക്കുകൾക്കു മുന്നിൽ അവനൊന്നു പതറിപ്പോയി .
തിരിച്ച് അവൾക്ക് ഒരു മറുപടി കൊടുക്കാൻ കഴിയാതെ തലകുനിച്ചു നിൽക്കുന്ന അവനോട് അവൾ പിന്നെ ഒന്നും പറയാൻ നിന്നില്ല . അപ്പോഴാണ് അവർക്കിടയിലേക്ക് ഒരാൾ കയറി വന്നത് . ” മോള് പറഞ്ഞതെല്ലാം വളരെയധികം ശരിയാണ് ” ” അച്ഛാ ….. ” അകത്തുനിന്ന് ഇറങ്ങിവരുന്ന കാശിനാഥനെ കണ്ടപ്പോൾ കിച്ചുവിന്റെ ചുണ്ടുകൾ അറിയാതെ ചലിച്ചു . അപ്പോഴും ശ്രുതി അയാളെ നോക്കി സംശയത്തോടെ നിൽക്കുകയായിരുന്നു . ” മോൾ അകത്തേക്ക് വാ , അകത്തുനിന്ന് സംസാരിക്കാം ” അയാൾ അവളെ ചേർത്തു പിടിച്ച് അകത്തേക്ക് കൊണ്ടുപോയി . അവൾക്ക് എന്തുകൊണ്ടോ അയാളെ നിൽക്കാൻ തോന്നിയില്ല . അവൾ അയാൾക്കൊപ്പം അകത്തേക്ക് പ്രവേശിക്കുമ്പോൾ , അവരെ കാത്തു ഒരു പട തന്നെയുണ്ടായിരുന്നു . അയാൾ അവർക്കെല്ലാം ശ്രുതിയെ പരിചയപ്പെടുത്താൻ തുടങ്ങി . ” ഇതാണ് ശ്രുതി , ശ്രുതി വിശ്വനാഥ് ” ആ പേരു കേട്ടപ്പോൾ ശ്രുതി കണ്ണുകൾ ഇറുക്കിയടച്ചു .
ഒരിക്കൽ പോലും തന്റെ പേരിനോട് ചേർത്ത് പറയാൻ താൻ ആഗ്രഹിക്കാത്ത പേര് . അയാൾ അങ്ങനെ പറഞ്ഞപ്പോഴേക്കും താൻ ഇതുവരെ കാണാത്ത ഒരുപാട് ബന്ധുക്കൾ തന്നെ വന്നു പൊതിഞ്ഞു . അവരുടെ എല്ലാം സ്നേഹം നിറഞ്ഞ പ്രവർത്തിയും വാക്കുകളും താനും അറിയാതെ തന്നെ ആസ്വദിച്ചിരുന്നു . അതിനിടയിൽ പലരും പറയുന്നുണ്ടായിരുന്നു അമ്മയെ പോലെ തന്നെയാണ് കാണാൻ എന്ന് . അതെന്തുകൊണ്ടോ സന്തോഷവും സങ്കടവും ഒരുപോലെതന്നെ ശ്രുതിയുടെ മനസ്സിൽ ഉണർത്തി . ” മതി മതി എല്ലാവരും കൂടി അവളെ സ്നേഹിച്ചത് … ഇനിയൊരു അൽപനേരം കുട്ടി വിശ്രമിക്കട്ടെ ” വല്യച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും തന്നെ ഒരു റൂമിൽ ആക്കി പുറത്തേക്കിറങ്ങി തന്നു . അവരെല്ലാവരും ഇറങ്ങിയ ഉടൻ തന്നെ ഞാൻ വേഗം ആ റൂമിലേ കട്ടിലിലേക്ക് ചാഞ്ഞു . ഇന്ന് നടന്ന സംഭവങ്ങളെല്ലാം മനസ്സിലേക്ക് ഓടി വന്നപ്പോൾ കണ്ണുകളടച്ചു കിടന്നു . അപ്പോഴാണ് തനിക്ക് അരികിൽ ഒരു കാൽപെരുമാറ്റം അവൾ ശ്രദ്ധിച്ചത് . പതിയെ കണ്ണുതുറന്നു നോക്കിയപ്പോൾ അവൾക്കു മുന്നിൽ നിൽക്കുന്ന കിച്ചുവിനെ ആണവൾ കണ്ടത് .
അവനെ കണ്ട പാടെ ശ്രുതി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു . ” ശ്രുതി … ഞാൻ … ” കിച്ചു എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവൾ അവനെ തടഞ്ഞു . ” വേണ്ട എനിക്കൊന്നും കേൾക്കണ്ട , എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളിൽ നിന്ന് ഒളിച്ചോടാൻ വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത് . അതുകൊണ്ട് ദൈവത്തെ ഓർത്ത് എന്നെ ശല്യം ചെയ്യരുത് . ” അത്രയും പറഞ്ഞ് അവൾ അവനിൽ നിന്നും മുഖം തിരിച്ചിരുന്നു . അവൾക്ക് കാര്യമായി മറ്റെന്തൊക്കെയോ പ്രശ്നമുണ്ടെന്ന് അവനു തോന്നി എങ്കിലും , തിരിച്ചൊന്നും പറയാതെ അവൻ റൂമിൽ നിന്നും ഇറങ്ങിപ്പോയി .
രാത്രി പത്തു മണി കഴിഞ്ഞിട്ടും അഭി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അവിടെ എല്ലാവരും വല്ലാത്തൊരു മനോവിഷമത്തിൽ ആയിരുന്നു . അവന്റെ ഫ്രൻസിനെ എല്ലാവരെയും വിളിച്ചു നോക്കിയെങ്കിലും അവരാരും അവനെ കണ്ടില്ല എന്നാണ് പറഞ്ഞത് . അവസാനം പോലീസിൽ കംപ്ലയിന്റ് ചെയ്യാമെന്ന് കരുതി ലക്ഷ്മൺ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നത് . അയാളുടെ കാലുകൾ ഒരിടത്ത് ഉറച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കണ്ടിട്ട് മദ്യപിച്ചത് പോലെയുണ്ട് . ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നപ്പോഴാണ് അയാളുടെ മുഖം എല്ലാവരും ശ്രദ്ധിച്ചത് . വെളിച്ചത്തിൽ ആ മുഖത്തിന്റെ ഉടമയെ മനസ്സിലായപ്പോൾ ആരുടെയൊക്കെയോ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു . ” അഭീ ……….. ” അപ്പോഴേക്കും ആടിയുലഞ്ഞ് അവൻ വീട്ടുപടിക്കൽ എത്തിയിരുന്നു .
അകത്തേക്കുള്ള പടികൾ കയറുമ്പോൾ അവൻ കാലിടറി വീഴാൻ പോയപ്പോൾ ഗൗരി അവനെ പിടിച്ചു . അപ്പോൾ തന്നെ അവൻ കൈ കുണ്ടഞ്ഞെഴുന്നേറ്റു . ” തൊട്ടു പോകരുത് എന്നെ , എനിക്ക് ആരുടെയും സഹായം വേണ്ട ” ” മോനെ അഭി ” ” മോനോ , ആരുടെ മോൻ ? ” ” അഭീ അമ്മ പറയുന്നതൊന്നു മോൻ കേൾക്ക് ” ” എന്തിന് അതിന്റെ ആവശ്യമില്ല , ഞാൻ പറഞ്ഞതൊന്നും ഇവിടെ ആരും കേട്ടില്ലല്ലോ , എന്റെ മനസ്സ് എല്ലാവരോടും പറഞ്ഞിട്ടും ആരും കണ്ടില്ലല്ലോ , ഇറക്കിവിട്ടില്ലേ അവളെ ഇവിടെ നിന്നും ” ” മോനെ അവൾ ആയിട്ട് പോയതാണ് ” ” എന്നിട്ട് ആരെങ്കിലും തടഞ്ഞോ അവളെ , ഇല്ല . എന്തുകൊണ്ടാ , കുടുംബത്തിന്റെ അഭിമാനം . അതല്ലേ കാരണം . ” ” അഭി അങ്ങനെയൊന്നുമല്ല കാര്യങ്ങൾ ” ലക്ഷ്മണൻ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു . ” വേണ്ട ചെറിയച്ചാ ഒന്നും പറയണ്ട , എല്ലാം ഞാൻ ചെറിയച്ഛനോട് പറഞ്ഞതല്ലേ , എന്നിട്ടും എന്റെ കൂടെ നിന്നില്ല . ” ” മോനെ ….. ” ” തോറ്റുപോയി ചെറിയച്ചാ , ഞാൻ തോറ്റുപോയി . അവളെ ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുമ്പോൾ അവൾക്ക് ഞാൻ ഒരു വാക്കു കൊടുത്തിരുന്നു , അവളെ പൊന്നുപോലെ നോക്കുന്ന ഒരു നല്ല ഫാമിലിയെ അവൾക്ക് കൊടുക്കാം എന്ന് . പക്ഷേ എനിക്ക് എന്റെ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല . തോറ്റു പോയി ഞാൻ …… ” അതും പറഞ്ഞു കൊണ്ട് അഭി നേരെ അവന്റെ റൂമിലേക്ക് ചെന്നു . അവിടെ എവിടെ നോക്കിയാലും ശ്രുതിയുടെ ഓർമ്മകൾ മാത്രമാണ് ഉള്ളത് എന്ന് അവന് തോന്നി .
ചുമരിൽ മുഴുവൻ അവൾ വരച്ച ചിത്രങ്ങളായിരുന്നു , ക്യാൻവാസിൽ അവൾ വാരിവിതറിയ നിറങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട് . അവളുടെ ഓർമ്മകൾ അവന്റെ മനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു . ” ശ്രുതി ……… എന്തിനാ നീ എന്നെ വിട്ടു പോയത് ? എന്തിനാ നീ എന്റെ ജീവിതത്തിലേക്ക് വന്നത് ? എന്തിനാ നീ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ തന്നത് ? എന്തിനാ ………. ? ” ഒരു കണ്ണീരോടെ അവന്റെ നിലവിളി ആ റൂമിൽ മാത്രം ഒതുങ്ങി . അവളെക്കുറിച്ച് ഓർക്കുന്തോറും തനിക്ക് ചുറ്റുമുള്ള ചുമരുകളും കർട്ടനും എല്ലാം തന്നിൽ നിന്നും ഓടി അകലുന്നതായി അവനു തോന്നി . തലക്കുള്ളിൽ ശക്തമായ വേദന അനുഭവപ്പെട്ടപ്പോൾ അവൻ ഇരുകൈകൾ കൊണ്ട് തല അമർത്തിപ്പിടിച്ച് കട്ടിലിലേക്ക് വീണു . അവന്റെ കണ്ണിൽ കാണുന്നതെല്ലാം അവനു ചുറ്റും കറങ്ങുന്നതായി അവനു തോന്നി . ഒരു ചുഴിയിൽ അകപ്പെട്ടത് പോലെ അവൻ എന്തിനോ വേണ്ടി പിടഞ്ഞു …
ആകാശം നോക്കി ഇരിക്കുകയാണ് ശ്രുതി , നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് അങ്ങിങ്ങ് കുറച്ച് നക്ഷത്രങ്ങൾ കാണാം . എന്തുകൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . അഭിയും അവന്റെ ഓർമ്മകളും അവളിലും ഒരു നോവായി പടർന്നു കിടക്കുന്നത് അവൾക്ക് അപ്പോഴാണ് മനസ്സിലായത് . അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല . ഏറ്റവും വിലപിടിപ്പുള്ള എന്തോ നഷ്ടപ്പെട്ട ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങുകയാണ് അവളുടെ മനസ്സ് . ഇതെല്ലാം ദൂരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കിച്ചു . ശ്രുതി ഇവിടെ വന്നപ്പോൾ തൊട്ട് അവൾ ആരോടും കാര്യമായി മിണ്ടിയിട്ടില്ല . എന്തിനേറെ പറയുന്നു മനസ്സുതുറന്നു ഒന്ന് ചിരിച്ചിട്ട് പോലുമില്ല . അതിനും മാത്രം അവൾക്ക് എന്താണ് സംഭവിച്ചത് ? എന്താവും അവളുടെ മനസ്സിൽ ? ഇനി ഒരു പക്ഷേ അവൾക്ക് അഭിയോട് വല്ലതും , ഏയ് ഒരിക്കലും അങ്ങനെ ഉണ്ടാകാൻ ചാൻസ് ഇല്ല . എന്നാലും അവളുടെ ദുഃഖത്തിനു കാരണം എന്തെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം . കിച്ചു രണ്ടും കൽപ്പിച്ച് അവളുടെ അടുത്തേക്ക് ചെന്നു . ” ശ്രുതി ” ” എനിക്ക് അൽപനേരം ഒറ്റയ്ക്ക് നിൽക്കണം .
പ്ലീസ് ലീവ് മി അലോൺ ” ” ഇത്രയും നേരം നീ ഒറ്റയ്ക്കല്ലേ നിന്നത് , ഇനി അതു മതി ” ” കിച്ചു ഏട്ടന് ഇപ്പോൾ എന്താ വേണ്ടത് ? ” ” എനിക്കൊന്നും വേണ്ട , നിനക്ക് എന്നോടുള്ള ദേഷ്യം മാറിയില്ലേ ” ” എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല ” ” എങ്കിൽ എന്നോട് പറ , എന്താ നിന്റെ മനസ്സിൽ ” ” ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ” ” ഒന്നും ഇല്ലേ ? എന്തോ എനിക്കങ്ങനെ തോന്നുന്നില്ല ” ” പിന്നെ എന്താണാവോ തോന്നുന്നത് ? ” ” നിന്റെ ഉള്ളിൽ എന്തോ വലിയ പിരിമുറുക്കം ഉള്ളതുപോലെ , നീ നിന്നോട് തന്നെ എന്തൊക്കെ ഒളിപ്പിക്കുന്നത് പോലെ , എന്താ നിന്റെ പ്രശ്നം ? ” ” എന്തു പ്രശ്നം ? എനിക്കൊരു പ്രശ്നവുമില്ല . ഐആം ഹാപ്പി ” ” അങ്ങനെയാണോ ? പക്ഷേ നിന്റെ മനസ്സ് എന്നോട് അങ്ങനെയല്ല പറയുന്നത് ” ” അതൊക്കെ കിച്ചു ഏട്ടന്റെ വെറും തോന്നലാ ” എന്നും പറഞ്ഞ് അവൾ അവനിൽ നിന്നും മുഖം തിരിച്ചിരുന്നു . ” ശ്രുതി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ? ” ” എനിക്ക് ചേട്ടനോട് കള്ളം പറയേണ്ട ആവശ്യമില്ല . എന്താ കാര്യം ? ” ” നിനക്ക് അവനെ ഇഷ്ടമാണോ ? അഭിയെ ? … ” പെട്ടെന്നുള്ള കിച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി . അവൻ സസൂക്ഷ്മം അവളുടെ ഒരു ഓരോ ഭാവങ്ങളും നിരീക്ഷിക്കുകയായിരുന്നു .
പെട്ടെന്ന് എന്തോ കള്ളത്തരം പിടിക്കപ്പെട്ടവളെപ്പോലെ അവൾ അവനു മുന്നിൽ നിന്നും പരുങ്ങി . ” ഏയ് …. ഇല്ലല്ലോ …. എന്ന് ആരാ പറഞ്ഞത് ? ” ” എന്തോ എനിക്ക് അങ്ങനെ തോന്നി , സോറി ” ” അതൊക്കെ വെറും തോന്നലാണ് ” അപ്പോഴാണ് കിച്ചുവിന്റെ ഫോൺ റിംഗ് ചെയ്തത് . ശ്രുതിയോട് ഒരു മിനിറ്റ് എന്ന് പറഞ്ഞവൻ കോൾ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തേക്ക് പോയി . മനസ്സിനു ഒരു സമാധാനവും കിട്ടാതെ ശ്രുതി ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടന്നു . ആരോടെങ്കിലും ഒക്കെ ഒന്ന് സംസാരിച്ചാൽ നന്നായിരിക്കും എന്ന് അവൾക്ക് തോന്നി . അപ്പോഴാണ് കിച്ചു അവളുടെ അടുത്തേക്ക് തന്നെ വന്നത് . ” ശ്രുതി , ദാ നിനക്കാ ഫോൺ ” എന്ന് പറഞ്ഞുകൊണ്ട് കിച്ചു അവൾക്ക് നേരെ നീട്ടി . ഇതിപ്പോ ആരാണാവോ എന്നരീതിയിൽ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയതിനുശേഷം ഫോൺ വാങ്ങി കാതോട് അടുപ്പിച്ചു . എന്നിട്ട് അവൾ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു . ” ഹലോ …… ” മറുതലയ്ക്കൽ നിന്നും മൗനം ആയതിനാൽ അവൾ വീണ്ടും അതുതന്നെ ആവർത്തിച്ചു . ” ശ്രുതി …. ” പെട്ടെന്ന് തന്നെ മറുതലക്കൽ നിന്നും കേട്ട ശബ്ദത്തിനുടമയായ ശ്രുതി തിരിച്ചറിഞ്ഞിരുന്നു . ( തുടരും )

by