രചന – ഭദ്ര രുദ്ര
പെട്ടെന്ന് ശ്രുതി ഇതൊക്കെ പറഞ്ഞു ബഹളം വെക്കാൻ തുടങ്ങി . അതോടെ ആർമിക്ക് അവളെ കണ്ട്രോൾ ചെയ്യാൻ കഴിയാതെയായി . അവൻ കട്ടിലിലേക്ക് കയറി ബഹളം വെച്ചുകൊണ്ടിരിക്കുന്ന ശ്രുതിയെ ചേർത്തു പിടിച്ചു . ആദ്യം അവൾ അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും . അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ അവൾ ഒന്നു ശാന്തമായി വന്നു . അവൻ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു . ആ പാതിമയക്കത്തിലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു . അമ്മ … അമ്മ … എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോണം … അത്രയും പറഞ്ഞ് അവൾ അവനിലേക്ക് തളർന്നു കിടന്നു . അൽപ്പസമയത്തിനകം തന്നെ അവൾ നല്ല മയക്കത്തിലേക്കു വഴുതിവീണു . ആർമി അവളുടെ അടുത്തു നിന്നും മാറി കിടക്കാൻ തുടങ്ങിയപ്പോൾ , ഒരു ഞെരുക്കത്തോടെ അവൾ അവന്റെ കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചു .
അപ്പോൾ അവൻ അവളുടെ അടുത്ത് തന്നെ ഇരുന്നു കൊണ്ട് ഒരു കൈകൊണ്ട് അവളുടെ കൈകൾ കോർത്തു പിടിച്ചു . മറുകൈ കൊണ്ട് അവളുടെ തലയിൽ തലോടി കൊടുത്തു . ശ്രുതി ഇപ്പോൾ നല്ല ഉറക്കത്തിലാണ് . എന്നാൽ ആർമിയുടെ മനസ്സു മുഴുവൻ അസ്വസ്ഥമായിരുന്നു . ശ്രുതി എന്തൊക്കെയാണ് ഉറക്കത്തിൽ പറഞ്ഞത് ? അതിൽ വല്ല സത്യവും ഉണ്ടോ ? അവളുടെ അമ്മ എങ്ങനെയാണ് മരിച്ചത് ? അവൾ ആരെയെങ്കിലും ഭയക്കുന്നുണ്ടോ ? അവളുടെ ജീവിതത്തിൽ ശരിക്കും എന്താണ് സംഭവിച്ചത് ? നാളെ നേരം വെളുക്കട്ടെ അവളോട് തന്നെ ചോദിക്കാം . രാവിലെ ആർമി എഴുന്നേൽക്കുമ്പോഴും ശ്രുതി ഉണർന്നിട്ടുണ്ടായിരുന്നില്ല . അവൻ പതിയെ അവന്റെ കൈ അവളുടെ കയ്യിൽ നിന്നും മോചിപ്പിച്ചതിന് ശേഷം എണീറ്റു . ഉറക്കത്തിൽ പോലും നിനക്ക് എന്തൊരു സൗന്ദര്യമാണ് പെണ്ണെ … അവൻ കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു . പുതപ്പിനുള്ളിലേക്ക് താഴ്ന്നിറങ്ങി കിടക്കുന്ന അവളുടെ കുഞ്ഞു മുഖം മാത്രം പുറത്തു കാണാം . എന്തുവാടെ ഉറക്കത്തിന് പോലും വല്ലാത്തൊരു ക്യൂട്ട്നസ് ഉണ്ടായിരുന്നു .
ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതച്ചുറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു . അവൻ റൂമിന് പുറത്തിറങ്ങിയപ്പോൾ അടുക്കളയിൽ ആളനക്കം കേൾക്കുന്നുണ്ട് . ഞാൻ പതിയെ അടുക്കളയിലേക്ക് ചലിച്ചു . അവിടെ പവിഴം കാപ്പിയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു . പവിഴം ആ ബംഗ്ലാവിലെ വേലക്കാരിയാണ് . തമിഴത്തി ആണെങ്കിലും അവൾക്ക് നന്നായി മലയാളം അറിയാം . മലയാളം കേട്ടാൽ മനസ്സിലാകും , ഇടയ്ക്കൊക്കെ മലയാളത്തിൽ സംസാരിക്കുകയും ചെയ്യും . ” ആരിത് പവിഴമോ , കിച്ചണിൽ നിന്നും നല്ല കാപ്പിപ്പൊടി യുടെ മണം വന്നപ്പോഴേ ഞാൻ ഊഹിച്ചു പവിഴം കിച്ചണിൽ ഹാജർ ആയിട്ടുണ്ടാകും എന്ന് . ” മറുപടിക്ക് പകരം അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു . ” ഇന്നെന്താ പവിഴം ചായയ്ക്ക് സ്പെഷ്യൽ ? ” ” ദോസ ചമ്മന്തി ” ” ദോസ ചമ്മന്തി അല്ല പവിഴം ദോശയും ചമ്മന്തിയും ” അപ്പോഴും അവളുടെ മറുപടി ഒരു ചെറുപുഞ്ചിരി ആയിരുന്നു . ” നിന്റെ മക്കൾ എവിടെ പവിഴം ? ” ” അവങ്കെ വന്ദ് ബോർഡിംഗിൽ ഇറുക്കെൻ വെക്കേഷന്ക്ക് വന്ദിടുവേൻ ” ” എന്റെ പൊന്നു പവിഴം , നീ ദൈവത്തെ ഓർത്ത് മലയാളവും തമിഴും കൂട്ടിക്കലർത്തി പറയരുത് .
പിന്നെ , എന്റെ കൂടെ ഒരാൾ കൂടിയുണ്ട് അയാളുടെ അടുത്ത നീ നിന്റെ തമിഴ് കൊണ്ടുപോകരുത് . മലയാളത്തിൽ പറഞ്ഞാൽ മതി ” ” സരി … ആമാ യാരത് ? ഉങ്കളുടെ നൻപനാ ? ” ” അവയാര്ന്ന് കേട്ടാ എപ്പടി സ്വല്ലണം എന്ന് എനക്ക് തെരിയാത് ” ” അത് യാര് ? പൊമ്പിളയാ ആമ്പിളയാ ? ” ” പൊണ്ണ് … അവ വന്ദ് എന്നുടെ ഫ്രണ്ട് ” അപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ എന്നോട് മറുചോദ്യം ചോദിച്ചു . ” വെറും ഫ്രണ്ട് താനാ ? ” അവളുടെ ആ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല . പകരം 32 പല്ലും പുറത്ത് കാണത്തക്കവിധത്തിൽ ഒന്നു ചിരിച്ചുകൊണ്ട് ഒരു കപ്പ് കാപ്പിയും എടുത്തു പുറത്തേക്കിറങ്ങി . മുറ്റത്ത് മുരുകണ്ണൻ ചെടികൾ നനക്കുന്നുണ്ടായിരുന്നു . മുരുകണ്ണൻ പവിഴ ത്തിന്റെ ഭർത്താവാണ് . ഇവർക്ക് മൂന്നു കുട്ടികളുമുണ്ട് . അവ ബോഡിംഗ് സ്കൂളിലാണ് പഠിക്കുന്നത് . വെക്കേഷൻ ആകുമ്പോൾ മാത്രമേ അവരെ ഇവിടെ കാണൂ . എന്നെ കണ്ട പാട് മുരുകണ്ണൻ എന്റെ അടുത്തേക്ക് വന്നു . ” ഇന്നലെ രാത്രി സാർ വന്നത് ഞാൻ കണ്ടിരുന്നു . സാറിന്റെ കൂടെ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് തന്നെ തിരിച്ചുപോന്നു .
” അത് ആരാണെന്ന് മുരുകണ്ണന് എന്നോട് ചോദിക്കണമെന്നുണ്ട് എന്ന് ആമുഖത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം . പക്ഷേ , ഇവിടത്തെ വെറുമൊരു ജോലിക്കാരനായ മുരുകണ്ണൻ എങ്ങനെ ഇവിടത്തെ യജമാനനായ എന്നെ ചോദ്യം ചെയ്യും എന്ന അപകർഷതാബോധം ആണ് മുരുകണ്ണന്റെ വായി അടപ്പിച്ചത് . പക്ഷേ , ഞാൻ മുരുകണ്ണനെയും പവിഴ ത്തെയും വെറും വേലക്കാരായല്ല കാണുന്നത് . അതുകൊണ്ടുതന്നെ ഒരു ചോദ്യത്തിന് കാത്തുനിൽക്കാതെ ഞാൻ അങ്ങോട്ട് പറഞ്ഞു . ” മുരുകണ്ണൻ ഇന്നലെ എന്റെ കൂടെ കണ്ട കുട്ടി ആണ് ശ്രുതി . എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് . അവൾ നമ്മുടെ നാടൊക്കെ കാണാനെത്തിയതാണ് . ” ” ആ അതൊരു നല്ല കാര്യമാണ് . എന്നിട്ട് ആ കുട്ടി എവിടെ ? ” ” അവൾ എണീറ്റിട്ടില്ല . ചിലപ്പോൾ നല്ല യാത്ര ക്ഷീണം ഉണ്ടാകും ” ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പവിഴം ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത് .
” ആ കുട്ടിക്ക് പനിക്കുന്നുണ്ട് . അവ ഉടമ്പ് വന്ദു സുട്ടു പൊള്ളുത് ” അതു കേൾക്കേണ്ട താമസം ഞാൻ വേഗം റൂമിലേക്ക് ഓടി . കാര്യമറിയാതെ അവർ എന്റെ പിറകെ ഓടി വന്നു . ഞാൻ റൂമിൽ എത്തുമ്പോൾ ശ്രുതി കിടന്നു വിറയ്ക്കുകയായിരുന്നു . അവൾക്ക് നല്ല ചുട്ടുപൊള്ളുന്ന പനി ഉണ്ട് . ഒരുപക്ഷേ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം ആയിരിക്കാം ഇതിനു കാരണം . ഞാൻ അവളെ തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല എന്നു മാത്രമല്ല , അവളിൽ നിന്ന് ആകെ ഞെരുക്കം മാത്രമേ പുറത്തു വന്നിരുന്നുള്ളൂ . അതെന്നെ കൂടുതൽ ഭയപ്പെടുത്തി . ഞാൻ അവളെ എടുത്ത് മടിയിലേക്ക് കിടത്തി അവളുടെ മുഖത്ത് തട്ടി വിളിച്ചുനോക്കി . അവളുടെ കൈയും കാലും തടവി നോക്കി . ശരീരത്തിലാകെ തണുപ്പ് പടർന്നു പിടിക്കുന്നു .
” ശ്രുതി …… കണ്ണു തുറക്കൂ …… എന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്ക് ” എന്നാൽ അവൾ എനിക്ക് ഒരു മറുപടിയും തന്നില്ല . അതെന്നെ കൂടുതൽ വിഷമിപ്പിച്ചു . അപ്പോഴുണ്ടായ എന്റെ വേദനനിറഞ്ഞ പെരുമാറ്റം കണ്ടിട്ടാവും മുരുകണ്ണനും പവിഴവും എന്നെ തന്നെ നോക്കി . ഞാൻ ശ്രുതിയെ കൈകളിലെടുത്ത് വണ്ടിയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു . ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കാണുന്നത് വരെ എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല . ” ഡോക്ടർ ഹൗ ഈസ് ഷീ ? ” ” ഷീ ഈസ് ഓക്കേ , ഡോണ്ട് വറി . ചെറിയ പനി ഉണ്ട് . ” ” പെട്ടെന്ന് പനി വരാൻ മാത്രം മഴയോ മഞ്ഞോ കൊണ്ടിരുന്നോ ? ” ” യെസ് ഡോക്ടർ . ഞങ്ങൾ ഇന്നലെ രാത്രിയാണ് ഇവിടെ എത്തിയത് . അപ്പോൾ തൊട്ടു നല്ല വിറയൽ ഉണ്ടായിരുന്നു ” ” സാരമില്ല , പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റത്തിന്റെ പ്രശ്നമാകും . ഈ ട്രിപ്പ് കഴിഞ്ഞാലുടൻ വീട്ടിൽ പോകാം ” ” താങ്ക്യൂ ഡോക്ടർ ” ഡോക്ടറുടെ വായിൽ നിന്നും ശ്രുതിക്ക് ഒരു കുഴപ്പവുമില്ല എന്ന് കേൾക്കുന്നത് എനിക്കൊരു സമാധാനം ഉണ്ടായിരുന്നില്ല . സത്യം പറഞ്ഞാൽ ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് . ഞാൻ ശ്രുതി ഉണരുന്നതും കാത്ത് അവളുടെ അടുത്ത് ത്തന്നെയിരുന്നു .
അല്പസമയത്തിനു ശേഷം അവൾ പതിയെ കണ്ണുകൾ തുറന്നു . പെട്ടെന്ന് താൻ ഇതെവിടെയാണെന്ന് മനസ്സിലാക്കാൻ കഴിയാതെ അവൾ ഒന്നു ടെൻഷനായി ചുറ്റും നോക്കാൻ തുടങ്ങി . തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത് . ” ശ്രുതി ഇപ്പൊ എങ്ങനെയുണ്ട് ? ആർ യു ഓക്കേ ? ” ” ഫീൽ ബെറ്റർ ” ” ഈ ട്രിപ്പ് കഴിഞ്ഞ് നമുക്ക് വീട്ടിൽ പോകാം ” ശരിയെന്ന് അവൾ തലയാട്ടി . അല്പസമയത്തിനുശേഷം ഞങ്ങളിരുവരും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി . അവൾക്ക് നല്ല ക്ഷീണം ബാധിച്ചിരുന്നു . അവളുടെ അവസ്ഥ കണ്ട് അവൾ താഴെ വീണു പോകുമോ എന്ന ഭയത്താൽ ഞാൻ ഓരോ ചുവടും അവളെ ചേർത്തുപിടിച്ച് ആണ് നടന്നത് . ബംഗ്ലാവിൽ എത്തിയതിനുശേഷം ഞാൻ അവളെ കാറിൽ നിന്ന് പതിയെ ഇറങ്ങാൻ സഹായിച്ചു . അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് കയറി പോകുമ്പോഴും മുരുകണ്ണനും പവിഴവും വായും പൊളിച്ച് ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു .
ശ്രുതിയെ മുകളിലെ മുറിയിൽ കൊണ്ടുപോയി കിടത്തിയതിനുശേഷം ഞാൻ വേഗം കിച്ചണിൽ ചെന്ന് അവൾക്ക് ഒരല്പം കഞ്ഞി എടുത്ത് തിരിച്ചു റൂമിലേക്ക് തന്നെ പോകുന്നതും നോക്കി നിൽക്കുകയാണ് പവിഴം . ഞാൻ ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് അറിയാൻ പവിഴം എന്റെ പിറകെ വന്നു . അപ്പോൾ അവൾ കണ്ടത് ശ്രുതിക്ക് കഞ്ഞി കോരി കൊടുക്കുന്ന എന്നെയാണ് . അവൾ അന്തം വിട്ട് വായും പൊത്തി അവിടെത്തന്നെ നിന്നു . എന്നാൽ ഇതൊന്നും അറിയാതെ ശ്രുതിയെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു ഞാൻ . വെള്ള മുണ്ടിലെ ഒരറ്റം കീറി നനച്ച് ഞാനവളുടെ നെറ്റിയില് ഇട്ട് കൊടുത്തു . അതിനു ശേഷം അവൾക്ക് കഴിക്കാനായി മെഡിസിൻസ് എടുത്ത് കൊടുത്തപ്പോൾ അനുസരണയുള്ള ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അതെല്ലാം എന്റെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു . ” ശ്രുതി , ഇനി നീ കുറച്ചുനേരം കിടന്നോളൂ . നിനക്ക് നല്ല ക്ഷീണമുണ്ട് .
ഒന്ന് ഉറങ്ങി എണീറ്റാൽ തീരാവുന്നതേയുള്ളൂ നിന്റെ എല്ലാ അസുഖങ്ങളും ” ഞാനത് പറഞ്ഞപ്പോൾ ഒരു മറുപടി എന്നോണം അവൾ എന്നെ നോക്കി വശ്യമായി ഒന്നു പുഞ്ചിരിച്ചു . എന്നെ നോക്കി നിൽക്കുന്നതിനിടയിൽ തന്നെ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു . ഒരുപക്ഷേ മെഡിസിന് സൈഡ് എഫക്റ്റ് ആകാം . എന്തായാലും നന്നായി ഉറങ്ങിക്കോട്ടെ , ഇന്നലെ അവൾക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല . ഇന്നലെ അവൾ ഉറക്കത്തിൽ കണ്ടതെല്ലാം അവളെ ഒരുപാട് വേദനിപ്പിക്കുന്നുവയാണ് . അതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും ഞാനായിട്ട് ഒരിക്കലും അവളോട് ചോദിക്കാൻ പാടില്ല . അവൾ ആയിട്ട് എന്നെങ്കിലും അവളുടെ ജീവിതത്തിൽ നടന്നതെല്ലാം എന്നോട് പറയും എന്ന് എന്റെ മനസ്സ് പറയുന്നു . ഇല്ല ശ്രുതി , നീ തനിച്ചല്ല . നിന്റെ കൂടെ എന്നും ഈ ഞാൻ ഉണ്ടാവും , നിനക്കെന്നും ഒരു കാവലായി .
എന്നെങ്കിലും നിനക്ക് നിന്നെ കുറിച്ച് എന്നോട് പറയണം എന്ന് തോന്നുകയാണെങ്കിൽ മാത്രം എനിക്ക് നിന്റെ പാസ്ററ് അറിഞ്ഞാൽ മതി . കാരണം , ഞാൻ അതൊന്നും അറിയാതെയാണ് നിന്നെ സ്നേഹിച്ചത് . ഇപ്പോഴും സ്നേഹിക്കുന്നതും അങ്ങനെ തന്നെയാണ് . എന്നെ സംബന്ധിച്ചിടത്തോളം , നിന്നെ വേട്ടയാടുന്ന നിന്റെ ഭൂതകാലത്തിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് . ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കില്ല . ഇത് ഈ ആർമി ശ്രുതിക്ക് തരുന്ന വാക്കാണ് … ( തുടരും )

by