10/05/2026

ശ്രുതി : ഭാഗം 18

രചന – ഭദ്ര രുദ്ര

” ഹാ നീ ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ ? ”

മൗനത്തെ ഭേദിച്ച് കൊണ്ട് പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരിഞ്ഞു . ഞങ്ങൾക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ , ഞങ്ങൾ രണ്ടുപേരും ഇരിക്കുന്ന ഇടത്തു നിന്നും എണീറ്റു നിന്നു …..

അത് വേറെ ആരും ആയിരുന്നില്ല , സ്വാതി ആയിരുന്നു . അവൾ എന്നെയും തിരഞ്ഞു നടന്നു നടന്ന് അവസാനം അമ്പലക്കുളത്തിനടുത്തെത്തി . ഞാൻ അവളോട് ഒരു വാക്കുപോലും പറയാതെയാണ് പോന്നതെന്ന് എനിക്ക് അപ്പോഴാണ് ഓർമ്മവന്നത് .

” ഡി , ഞാൻ നിന്നോടാണ് ചോദിക്കുന്നത് , നീ ഇത്രയും നേരം എവിടെയായിരുന്നു ? എവിടേക്കെങ്കിലും പോകുമ്പോൾ ഒരു വാക്കു പറഞ്ഞൂടെ . നിന്നെ കാണാതായപ്പോൾ ഞാനാകെ ടെൻഷനായി , നിനക്ക് ഇവിടെ ഒട്ടും പരിചയമില്ലാത്തതല്ലേ . ഇവിടുത്തെ വഴികൾ പോലും നിനക്ക് ശരിക്കും അറിയില്ലല്ലോ , അഥവാ , നീ ആൾക്കൂട്ടത്തിനിടയിൽ പെട്ടു പോയിരുന്നെങ്കിലോ ? നിനക്ക് വഴിതെറ്റിയിരുന്നെങ്കിലോ ? ”

അവൾ ശരിക്കും പിടിച്ചിട്ടുണ്ടെന്ന് അവളുടെ ആ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം .

” കൂൾ സ്വാതി , നീ വെറുതെ ടെൻഷനടിക്കേണ്ട , അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ . ”

ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു . പെട്ടെന്ന് അവളുടെ കണ്ണുകൾ അഭിയേട്ടൻ മേലെ പതിച്ചു .

” ഇതാരാ ? ”

” ഇത് , ഇത് എൻറെ ഫ്രണ്ട് ആണ് . ”

” നിനക്ക് ഈ നാട്ടിൽ ഫ്രണ്ടോ ?
നിങ്ങൾ രണ്ടുപേരും ഒരു കോളേജിൽ പഠിച്ചതാണോ ? ”

ഇത്തവണ ആർമിയോട് ആയിരുന്നു അവളുടെ ചോദ്യം .

” അല്ല , ഞങ്ങൾ ഒരുമിച്ച് പഠിച്ചതല്ല . പക്ഷേ എനിക്ക് ശ്രുതിയെ അറിയാം . ഒരുപക്ഷേ എന്റെ ഏറ്റവും നല്ല ഒരു പിടി സുഹൃത്തുക്കളിൽ ഒരാളാണ് ഇന്ന് ശ്രുതി . ”

അഭിയേട്ടൻ എന്റെ കണ്ണിൽനോക്കി കൊണ്ടാണ് അവളോട് അത് പറഞ്ഞത് . അപ്പോൾ അവൾ ഒരു സംശയ ഭാവത്തിൽ എന്നെ തന്നെ നോക്കി .

” ശ്രുതി , നമുക്ക് പോവാം ? ”

” ഹാ പോവാം ”

ഞാൻ അഭിയേട്ടനെ ഒന്നുനോക്കി .

” എന്നാൽ ശരി രണ്ടുപേരും പൊയ്ക്കോളു ”

അഭിയേട്ടനോട് ബൈ പറഞ്ഞു തിരിഞ്ഞു നടന്ന എന്നെ അഭിയേട്ടൻ തിരിച്ചുവിളിച്ചു .

” ശ്രുതി , ഒന്ന് നിന്നേ ”

” എന്താ അഭിയേട്ടാ ? ”

” അത് , ഈവനിംഗ് താൻ അമ്പലത്തിൽ വരുമോ ? ”

അഭിയേട്ടന്റെ ചോദ്യത്തിന് ഞാൻ ഒരു ചെറുപുഞ്ചിരി മാത്രം നൽകി . പിന്നെ സ്വാതിയുടെ കൈയുംപിടിച്ച് തിരിഞ്ഞുനടന്നു . പോകുന്ന വഴിയിൽ ഞാൻ വെറുതെ ചിരിച്ചു കൊണ്ടിരുന്നു . എൻറെ ഭാവങ്ങൾ എല്ലാം വളരെയധികം സൂക്ഷ്മതയോടെ നിരീക്ഷിക്കുകയായിരുന്നു സ്വാതി . ഞങ്ങള് നടന്നു നടന്ന് വേഗം വീട്ടിലെത്തി . ഉമ്മറത്ത് തന്നെ ചാരുപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു മുത്തശ്ശി .

” എന്താ കുട്ടികളെ നിങ്ങൾ ഇത്രയും വൈകിയത് ? ”

” അത് മുത്തശ്ശി ശ്രുതി അമ്പല ഒക്കെ ഒന്ന് കാണുകയായിരുന്നു . പിന്നെ ഞങ്ങള് സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഇരുന്നു ”

ഇതെപ്പോ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി . അപ്പോൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു .

” ആഹാ , അതെന്തായാലും നന്നായി മക്കളെ , ഇന്നത്തെ കുട്ടികൾക്ക് ഒന്നും സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഒക്കെ എവിടെയാ നേരം ഏത് സമയം ഫോണിൽ കുത്തി കൊണ്ടല്ലേ . നിങ്ങൾ ചെയ്ത വളരെ നല്ലൊരു കാര്യമാണ് . എങ്ങനെയുണ്ടായിരുന്നു സ്വാമിജിയുടെ പ്രഭാഷണം ”

” നല്ല അസ്സല് പ്രഭാഷണമായിരുന്നു മുത്തശ്ശി . ഞാനെന്ത് ജീവിതത്തിൽ ഇത്രയും നല്ലൊരു പ്രഭാഷണം മുമ്പ് കേട്ടിട്ടേയില്ല . ശരിക്കും അടിപൊളിയായിരുന്നു . സ്വാമിജി പറയുന്ന ഓരോ കാര്യങ്ങളും നമ്മൾ അങ്ങനെ കേട്ടിരുന്നു പോകും ”

എൻറെ കൃഷ്ണാ ഇവൾ എന്തൊരു കല്ലുവെച്ച നുണയാ പറയുന്നത് . ഇങ്ങനെ കൊള്ളാം പറയുന്നതിനും വേണം ഒരു കഴിവ് . അപാരം തന്നെ .

” ഉത്സവം കഴിയുന്നതിനുമുമ്പ് ഞാനും വരണ്ട് ഒരു ദിവസം സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ , എല്ലാദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ സ്വാമിയുടെ പ്രഭാഷണം ഉണ്ടാവാറുണ്ട് . സ്വാമിജിയുടെ പ്രഭാഷണം മനസ്സിനൊരു പ്രത്യേകതരം സുഖം കിട്ടും . മനസ്സ് പൂർണമായും ശാന്തമായിരിക്കും . ശിവ ശിവ , നീയേ തുണ . ”

മുത്തശ്ശി അതും പറഞ്ഞ് ഓല വിശറികൊണ്ട് വീശാൻ തുടങ്ങി . ഞാനും സ്വാതിയും വേഗം അകത്തേക്കു കയറിപ്പോയി . ഞങ്ങൾ ചെല്ലുമ്പോഴേക്കും അടുക്കളയിൽ നല്ല എണ്ണപ്പലഹാരങ്ങൾ മണം അടിക്കാൻ തുടങ്ങി . അടുക്കളയിൽ അമ്മായിമാരും ചെറിയമ്മയും കൂടി ഒത്തിരി പലഹാരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് .

അച്ചപ്പം , കുഴലപ്പം , ഉണ്ണിയപ്പം , നെയ്യപ്പം , ഉള്ളിവട പരിപ്പുവട , ബജി , നെയ് വട അങ്ങനെ അങ്ങനെ ഒത്തിരി പലഹാരങ്ങൾ . അതൊക്കെ കണ്ടപ്പോഴേ എൻറെ നാവിൽനിന്നും കപ്പലോടിക്കാനുള്ള വെള്ളം വന്നു . ഞാനും സ്വാമി ഓടിച്ചെന്ന് എല്ലാ പലഹാര ത്തിൽ നിന്നും ഓരോന്ന് എടുത്ത് രുചിച്ചു നോക്കി . ശരിക്ക് അടിപൊളിയായിട്ടുണ്ട് . അതൊക്കെ ഉണ്ടാക്കിയ കൈകൾക്ക് ഒരു മുത്തം കൊടുക്കാൻ തോന്നും .

പലഹാര തീറ്റ ഒക്കെ കഴിഞ്ഞ് ഞാൻ തൊടിയിലെ മാവിൽ കെട്ടിയ വലിയ ഊഞ്ഞാലിൽ പോയിരുന്നു . എന്തുകൊണ്ടോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി . ഞാൻ ഒറ്റയ്ക്കിരുന്ന് ചിരിച്ച് ഊഞ്ഞാലാടുമ്പോൾ സ്വാതി എന്റെ അടുത്തേക്ക് വന്നു . അവള് എന്നെ തന്നെ നോക്കി നിൽക്കുകയാണ് .

” എന്താടി , നീ എന്നെ ആദ്യമായി കാണുന്ന പോലെ നോക്കി നിൽക്കുന്നെ ? ”

” ഈ ശ്രുതിയെ ഞാൻ ആദ്യമായി കാണുകയാണ് ”

” എന്ത് ”

” നിന്നെ ഞാൻ ഇതിനുമുമ്പ് ഒരിക്കലും ഇത്രയും സന്തോഷവതിയായി കണ്ടിട്ടില്ല , എന്താ നിൻറെ സന്തോഷത്തിന് കാരണം ? ”

ഞാൻ അതിനു മറുപടി പറയാതെ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു . അവൾ വീണ്ടും സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി . അപ്പോൾ ഞാൻ ആൾക്കുള്ള മറുപടി കൊടുത്തു :

” എൻറെ സന്തോഷത്തിന് കാരണം എന്തെന്ന് എനിക്ക് പോലും അറിയില്ല , പക്ഷെ നീ പറഞ്ഞത് ശരിയാണ് ഞാൻ ഇന്ന് ഒത്തിരി സന്തോഷവതിയാണ് . മനസ്സറിഞ്ഞ് ഞാനിപ്പോൾ സന്തോഷിക്കുന്നു ”

” ദേ ശ്രുതി കളിക്കാതെ കാര്യം പറ ? ”

” ഇപ്പൊ നമ്മുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു സാധനം അത് നമ്മുടെ കയ്യിലുള്ളപ്പോൾ അതിൻറെ മൂല്യമെന്തെന്ന് അറിയില്ല . എന്നാൽ അത് പെട്ടെന്നൊരു ദിവസം നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നു , അപ്പോൾ നമ്മൾ മുതൽ നമ്മൾ അതിൻറെ വില അറിയും . നഷ്ടപ്പെട്ട സാധനം പിന്നൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് നമ്മൾ വിചാരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി അത് നമ്മുടെ കയ്യിൽ തന്നെ തിരിച്ചെത്തുന്നു . അപ്പോൾ നമുക്ക് ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ , അത് ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല . ഇപ്പം അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ . ”

” നിന്റെ സാഹിത്യമൊന്നും മതിയാക്കി , മനുഷ്യനു മനസ്സിലാവുന്ന ഭാഷയിൽ പറ ”

” ഇപ്പോൾ എനിക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയു , ഇതിൽ കൂടുതൽ ഞാൻ എന്തു പറയാനാ ”

” എന്നാൽ ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ ? ”

” എന്താണാവോ ? ”

” ഇന്ന് അമ്പലത്തിൽ വച്ച് കണ്ട ആളില്ലേ , അത് ശരിക്കും നിൻറെ ആരാ ? ”

” നല്ല ചോദ്യം , അതിനുള്ള ഉത്തരം ഞാൻ കള്ളം പറയണോ അതോ സത്യം പറയാണോ ? ”

ഒരു കുസൃതിച്ചിരിയോടെ ഞാനവളോട് ചോദിച്ചു.

” പറയുന്നുണ്ടെങ്കിൽ സത്യം മാത്രം പറഞ്ഞാൽ മതി ”

അവൾ ഒരല്പം ഗൗരവത്തിലാണ് . അതവളുടെ സംസാരത്തിൽ നിന്നു തന്നെ വ്യക്തമാണ് .

” സത്യം പറഞ്ഞാൽ അതെന്റെ ആരുമല്ല , എന്നാൽ മനസ്സുകൊണ്ട് ആരൊക്കെയോ ആണ് . ഞങ്ങൾ തമ്മിൽ പ്രത്യേകിച്ച് ഒരു ബന്ധവുമില്ല , എന്നാൽ ഞങ്ങളെ തമ്മിൽ ചേർത്തുനിർത്തുന്ന ഒരു ഇൻവിസിബ്ൾ റിലേഷൻ ഞങ്ങൾക്കിടയിലുണ്ട് . ഞാൻ ഒരുപക്ഷേ എൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുപ്പിച്ചതും എന്നിൽ നിന്നും അകറ്റി നിർത്തിയതും അവനെയാണ് . പക്ഷേ , അവൻ പോയതിനേക്കാൾ നൂറിരട്ടി ശക്തിയോടെ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നു . ”

പെട്ടെന്നാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത് . ഞാൻ എന്തൊക്കെയാണ് ഈ പറയുന്നത് , അതും സ്വാതിയോട് . ഞാനൊന്ന് പതിയെ മുഖമുയർത്തി അവളെ നോക്കി , അവൾ എൻറെ സാഹിത്യം കേട്ട് കിളിപോയി നിൽക്കുകയാണ് .

” ശ്രുതി നീ ഇപ്പോ എന്നോട് എന്തൊക്കെയാ പറഞ്ഞത് ? ”

” അത് അതൊന്നും ഇല്ലല്ലോ , ഞാൻ നിന്നെ ചുമ്മാ വട്ടാക്കാൻ പറഞ്ഞതല്ലേ . വാ നമുക്ക് അങ്ങോട്ട് പോകാം അവിടെ ആരെങ്കിലും നമ്മളെ അന്വേഷിക്കുന്നുണ്ടാവും . ”

അതും പറഞ്ഞ് തിരിഞ്ഞുനടക്കാൻ തുടങ്ങിയ എൻറെ കയ്യിൽ അവൾ പിടിമുറുക്കി .

” ശ്രുതി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയോ ? ”

” എന്താടി , നമുക്കിടയിൽ ഈ മുഖവുരയുടെ ആവശ്യമുണ്ടോ ? ”

” ടു യു ലവ് ഹിം ? ”

പെട്ടന്നുള്ള അവളുടെ ആ ചോദ്യം എന്റെ നെഞ്ചിലേക്ക് പാറ കല്ലെറിഞ്ഞത് പോലെയായിരുന്നു . ഒരു നിമിഷം എനിക്ക് ശ്വാസം നിന്നു പോയ പോലെ തോന്നി . ഞാനൊന്നും പറയാതെ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു .

” നോ , വീ ആർ ജസ്റ്റ് ഫ്രണ്ട്സ് . അത്രേയുള്ളൂ , നീ വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട . ”

” ഇത് ഞാൻ ചിന്തിച്ചു കൂട്ടിയത് അല്ല , നീ പോലുമറിയാതെ നിൻറെ മനസ്സ് എന്നോട് പറഞ്ഞതാണ് . ”

” സ്വാതി നോക്ക് , എനിക്ക് പ്രേമിക്കാനൊന്നും സമയമില്ല . ഞാനീ നാട്ടിൽ വന്നതിന് പിന്നിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട് . എൻറെ ലക്ഷ്യങ്ങൾ ഒക്കെ നേടിക്കഴിഞ്ഞാൽ ഞാൻ തിരിച്ചു പോകും . പിന്നെ ഒരു പക്ഷേ ഈ നാട്ടിലേക്ക് ഒരു മടങ്ങി വരവ് പോലും ഉണ്ടാവില്ല . ”

ഞാനത് കുറച്ചു ഗൗരവത്തോടെ തന്നെയാണ് പറഞ്ഞത് . ഞാൻ അത്രയും പറഞ്ഞ് സ്വാതിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു .

” എന്താ , എന്തു പറ്റി സ്വാതി ? നീ എന്തിനാണ് കരയുന്നത് ”

” നീ എങ്ങോട്ടും പോണ്ട , നിന്നൊരു കൂട്ടുകാരി ആയിട്ടല്ല സ്വന്തം കൂടപ്പിറപ്പായി തന്നെയാണ് കണ്ടത് . പെട്ടെന്ന് ഞങ്ങളെയൊക്കെ വിട്ടുപോകുമെന്ന് കേട്ടപ്പോൾ എന്തോ സഹിക്കാൻ കഴിഞ്ഞില്ല . ശ്രുതി പ്ലീസ് , ഇനി ഞാൻ നിൻറെ ഒരുകാര്യത്തിലും ഇടപെടില്ല . നീ എന്നോട് പിണങ്ങിയിട്ട് ഇവിടെനിന്ന് എങ്ങോട്ടും പോകരുത് . ”

” ഡാ നീ എന്തൊക്കെയാ ഈ പറയുന്നത് , ഞാൻ ഒരു തമാശ പറഞ്ഞതല്ലേ , ഞാൻ നിങ്ങളെ ഒന്നും വിട്ട് എങ്ങോട്ടും പോവില്ല . ”

ഞാനത് പറഞ്ഞപ്പോഴേക്കും അവളെന്നെ കെട്ടിപ്പിടിച്ചു കരയുവായിരുന്നു . എൻറെ ഭഗവാനെ , ഈ പെണ്ണ് ഇത്രയ്ക്കും പാവമായിരുന്നോ . എന്തുകൊണ്ടോ അവളുടെ കരച്ചിൽ കണ്ടപ്പോൾ എൻറെ കണ്ണുകൾ അറിയാതെ നിറഞ്ഞു .

” തമാശയ്ക്ക് ആണെങ്കിൽ കൂടി നീ ഇനി എന്നോട് ഇങ്ങനെ ഒന്നും പറയരുത് . ”

അവൾ നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ചുകൊണ്ട് അതു പറഞ്ഞപ്പോൾ ഞാൻ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു .

” എനിക്ക് ദൈവത്തിനോടും ഹരിമാമയോടും ഒത്തിരി നന്ദിയുണ്ട് . അവർ രണ്ടുപേരും കാരണമാണ് എനിക്ക് നിങ്ങളെയൊക്കെ കിട്ടിയത് . ഇത്രയും സ്നേഹമുള്ള ഒരു കുടുംബത്തെ കിട്ടിയത് . നിങ്ങളെപ്പോലെ സ്നേഹം നിറഞ്ഞ കൂടെപിറപ്പുകളെ കിട്ടിയത് . ”

അതും പറഞ്ഞ് ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ച് കരഞ്ഞു . അപ്പോഴാണ് ചെറിയമ്മ അങ്ങോട്ട് വന്നത് .

” ഇതെന്തുപറ്റി കുട്ടികളെ , എന്തിനാ നിങ്ങൾ കരയുന്നത് ? ”

അപ്പോൾ ഞങ്ങൾ രണ്ടുപേരും കണ്ണുകൾ തുടച്ചു .

” ഒന്നുല്ല ചെറിയമ്മയെ , സ്വാതി വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ സെന്റി അടിപ്പിച്ചതാണ് . ”

” രണ്ടുപേർക്കും നല്ല തല്ലിന്റെ കുറവുണ്ട് , കരഞ്ഞുകൊണ്ടിരിക്കുന്ന് രണ്ടും കൂടി . വന്ന് ഭക്ഷണം കഴിക്കാൻ നോക്ക് ”

” ചെറിയമ്മ പൊയ്ക്കോളു , ഞങ്ങൾ രണ്ടുപേരും വന്നോളാം . ”

ചെറിയമ്മ പോയപ്പോൾ സ്വാതി എൻറെ മുഖത്തേക്ക് ഒന്ന് നോക്കി . പാവം കരഞ്ഞിട്ട് കണ്ണൊക്കെ ചുവന്നിട്ടുണ്ട് .

” വാ നമുക്കു പോയി ഭക്ഷണം കഴിക്കാം ”

അവൾ എൻറെ കയ്യിൽ പിടിച്ചുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു . ഞാൻ എതിർപ്പൊന്നും പറയാതെ അവളുടെ കൂടെ പോയി . എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത് . കഴിച്ചു കഴിഞ്ഞപ്പോൾ സ്വാതി റൂമിലേക്ക് പോയി . അവൾ പിന്നെ എന്നോട് അധികമൊന്നും സംസാരിച്ചില്ല .

കത്തികൊണ്ട് കുത്തുന്നതിനെക്കാൾ വേദന നൽകാൻ മൗനത്തിന് കഴിയുമെന്നത് കൊണ്ടാണോന്ന് അറിയില്ല അവളെന്നോട് മൗനം പാലിച്ചത് . പക്ഷേ മൗനം എന്നെ ഒത്തിരി നൊമ്പരപ്പെടുത്തി . ആരും എൻറെ പഴയകാലം അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചതാണ് , പക്ഷേ ഇപ്പോൾ അത് അറിയാൻ വേണ്ടിയാണ് അവൾ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് തോന്നുന്നു .

മനസ്സില് ഓരോന്നു ചിന്തിച്ചു കൂട്ടി ഞാനൊരു തീരുമാനമെടുത്തു . സ്വാതിയുടെ കയ്യിൽ പിടിച്ച് ഞാനവളെ പുറത്തേക്ക് കൊണ്ടുവന്നു . എന്നിട്ട് അവളെ പാടത്തിനു നടുവിലുള്ള മൺ കുടിലിലേക്ക് കൊണ്ടുപോയി .

” ഇതെന്തിനാ ഇവിടെ വന്നത് ? ”

അവൾ എൻറെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി . ആദ്യമൊന്നും മൗനമായി നിന്നെങ്കിലും ഞാൻ അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു :

” സ്വാതി നിനക്ക് എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെന്നുണ്ടോ ? ഉണ്ടെങ്കിൽ ചോദിച്ചോളൂ , ഞാൻ എല്ലാം പറയാം ”

” എനിക്കൊന്നും അറിയണ്ട ”

” നീ എന്നോട് പിണക്കത്തിലാണോ ? ”

” ഒരിക്കലും അല്ല . എനിക്ക് നിന്നോട് പിണങ്ങാൻ കഴിയില്ല . പിന്നെ ഞാൻ അറിയേണ്ട എന്ന് പറയാൻ കാരണം വേറൊന്നുമല്ല , നിൻറെ പാസ്റ്റ് നീ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്ന് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ആ പാസ്റ്റ് ഓർത്ത് നീ ഒരിക്കലും വിഷമിക്കുന്നത് എനിക്കിഷ്ടമല്ല . അതുകൊണ്ട് നിനക്ക് പറയാൻ ഇഷ്ടമില്ലാത്തതൊന്നും നീ ഓർക്കാനിഷ്ടപ്പെടാത്ത ഒന്നും എനിക്കറിയണ്ട . ”

അവളത് പറഞ്ഞപ്പോൾ , എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി ഒപ്പം ആളുടെ ഒരു പ്രത്യേക സ്നേഹവും . ഒരു പക്ഷേ എന്നെ മനസ്സിലാക്കുന്ന നല്ലൊരു കൂട്ടുകാരി ആയിമാറുകയാണ് അവൾ .

” സ്വാതി , നീ അറിയണം ഞാനാരാണെന്നും എന്തായിരുന്നു എന്നും . എങ്ങനെയാണ് ഞാൻ നിൻറെ വീട്ടിലെത്തിയത് എന്നും . ”

ഞാനവളോട് ഈ നാട്ടിലെത്തിയതിന് ശേഷം ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു . ആർമിയെ പരിചയപ്പെട്ടതും , കോളജിലുണ്ടായ പ്രശ്നങ്ങളും അങ്ങനെയെല്ലാം . എല്ലാം കേട്ടുകഴിഞ്ഞ അവൾ അന്തംവിട്ട് എന്നെയൊരു നോട്ടം നോക്കി . അവിടെ ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ അവളെ ഒന്ന് തട്ടിവിളിച്ചു .

” ഡീ നിനക്ക് അപ്പോൾ കരാട്ടെ ഒക്കെ അറിയോ ?
നീ ആണുങ്ങളെ തല്ലിട്ടുണ്ടോ ?
അതിൻറെ പേരിലാണോ നീ പഴയ കോളേജിൽ നിന്ന് ടിസി വാങ്ങി വന്നത് ? ”

അവളുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ അതെയെന്ന നിഷ്കളങ്കമായി ഒന്ന് തലയാട്ടി കൊടുത്തു . അപ്പോൾ അവൾ എൻറെ കയ്യിൽ മുറുക്കി പിടിച്ചിട്ട് എന്നോട് ചോദിച്ചു :

” എന്നിട്ടാണോ നീ നമ്മുടെ സീനിയേഴ്സിന് വെറുതെവിട്ടത് ? അവർക്ക് ഇട്ടു നല്ലോണം കൊടുത്തുകൂടായിരുന്നോ അന്ന് , ച്ചെ , നല്ലൊരു ചാൻസ് മിസ്സ് ആക്കി . നിനക്ക് കാരാട്ട അറിയുമെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കിൽ എത്ര പൂവാലന്മാരെ നമുക്ക് അടിച്ചു ശരിയാക്കായിരുന്നു . ”

ഈശ്വരാ , ഞാൻ ഇതൊക്കെ പറയുമ്പോൾ അവൻ പേടിക്കും എന്നാണ് ഞാൻ കരുതിയത് . ഇതിപ്പോ അവളുടെ സ്വഭാവം കാരണം എനിക്ക് ആണ് പേടിയാവുന്നത് . ഇങ്ങനെയാണെങ്കിൽ അവൾ വീണ്ടും എന്നെ പഴയ ശ്രുതിയാക്കി മാറ്റും . ശരിക്കും വട്ട് കേസ് പെണ്ണ് തന്നെയാണ്‌ ഇത് . അതും പറഞ്ഞു ഞാൻ ചിരിക്കാൻ തുടങ്ങി .

” നോക്ക് ശ്രുതി , ഇനി നമ്മളോട് ഇങ്ങോട്ട് വഴക്കിന് വരുന്ന ആരെയും നമുക്ക് വെറുതെ വിടണ്ട കേട്ടോ ”

അടിപൊളി . ഇവൾ എനിക്ക് പറ്റിയ കൂട്ട് തന്നെ . വല്ലാത്ത ഒരു പെണ്ണ് തന്നെ . അതും പറഞ്ഞു ഞാൻ അവളെ ഒന്നു ചേർത്തുപിടിച്ചു . പെട്ടെന്നാണ് അപ്രതീക്ഷിതമായി വേറൊരു ചോദ്യം എന്നോട് ചോദിച്ചത് :

” ശ്രുതി , നമുക്ക് ഇന്ന് വൈകുന്നേരം ആർമിയെ കാണാൻ പോകണ്ടേ ? ”

ഞാനവളുടെ മുഖത്തേക്ക് തന്നെ ഒന്ന് തറപ്പിച്ചു നോക്കി . അവൾ എന്നെനോക്കി കണ്ണിറുക്കി കൊണ്ട് ഒരു കുസൃതിച്ചിരി ചിരിക്കുകയാണ് .

” അമ്പലത്തിൽ പോണമെങ്കിൽ പോകാം , പക്ഷേ അത് ദൈവത്തെ കാണാൻ ആയിരിക്കണം . അല്ലാതെ ദൈവസന്നിധിയിൽ പോയി കണ്ടവൻമാരുടെ വായിൽ നോക്കരുത് . ”

” ഓ എങ്ങനെ , മോള് ഇന്ന് അമ്പലത്തിൽ പോയിട്ട് എന്താ ചെയ്തത് ? എത്രനേരം ദൈവത്തിന്റെ അടുത്തിരുന്നു ? ”

അവളത് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് . എന്നാൽ ആ ചിരി ഒളിപ്പിച്ച് ഞാൻ കുറച്ച് ഗൗരവത്തിൽ തന്നെ നിന്നു .

” പരിചയമുള്ളവരെ കാണുമ്പോൾ , സംസാരിക്കുന്നത് തെറ്റാണോ ? ”

ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ അവളോട് ചോദിച്ചു .

“ഏയ്‌ എന്ത് തെറ്റ് , ഒരു തെറ്റുമില്ല . അത് മാത്രമല്ല ഇന്ന് നിൻറെ കൂടെ ഞാനും അമ്പലത്തിൽ വരുന്നുണ്ട് . എനിക്കും പരിചയപ്പെടണം നിന്റെ ആർമിയെ ”

” എൻറെ ആർമിയോ , അവൻ എൻറെ ജസ്റ്റ് ഒരു ഫ്രണ്ട് ആണ് . ”

” ഓ സോറി , എന്നാൽ നിൻറെ ഫ്രണ്ടിനെ എനിക്ക് ഒന്ന് പരിചയപ്പെടുത്തിതാ . ആർമി കാണാൻ ഒരു ലുക്കാൻ ഒക്കെ തന്നെയാണ് . ആർമിക്ക് ഗേൾ – ഫ്രണ്ട്സ് വല്ലതുമുണ്ടോ ? ”

” അത് അറിഞ്ഞിട്ട് നിനക്കെന്തിനാ ? ”

” ചുമ്മാ ഒന്ന് അറിയാൻ , അഥവാ ആരുമില്ലെങ്കിലോ , കോൾ അടിച്ചില്ലേ ”

” എന്ത് കോൾ ? ആർക്ക് അടിച്ചെന്നാ ? ”

” എനിക്ക് തന്നെ … ഒരു യുവ സുന്ദരനോട്‌ മറ്റൊരു യുവ സുന്ദരിക്ക് വല്ലതും തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ലല്ലോ ”

എൻറെ കർത്താവേ ഇവൾ ഇതെന്തൊക്കെയാ പറയുന്നെ , ഞാൻ അവളെ തന്നെ അന്തം വിട്ടു നോക്കി നിന്നു . അപ്പോൾ അവൾ എന്നെ നോക്കി ഒരു കള്ള ചിരി പാസ്സാക്കി . ആ ചിരിയുടെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല .

” വാ നമുക്ക് വീട്ടിലേക്ക് പോകാം , വൈകുന്നേരം ആർമിയെ കാണാൻ പോകാനുള്ളതല്ലേ ? ”

അതും പറഞ്ഞ് അവൾ ചിരിച്ചുകൊണ്ട് തുള്ളികളിച്ചു പാട്ട് പാടി വീട്ടിലേക്ക് നടക്കാൻ തുടങ്ങി . ഇവൾ എനിക്ക് ലാസ്റ്റ് ഒരു പാരാ ആവോ ? ഏയ്‌ , എന്നാലും ഇവൾ എന്തിനാ ആർമിയെ കാണാൻ പോകുന്നതിൽ ഇത്രക്ക് സന്തോഷിക്കുന്നെ ? ഞാനവളെ സംശയത്തോടെ നോക്കി അവളുടെ പിറകെ തന്നെ നടന്നു . അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി .

പെട്ടെന്ന് മനസ്സിലേക്ക് ഒരു നൂറ് കൂട്ടം ചോദ്യങ്ങൾ കടന്നുവന്നു . അപ്പോൾതന്നെ ഞാൻ അവളെ ഒന്നു നോക്കി , അവൾ ഫുൾ ഹാപ്പി ആയിരുന്നു . അതുകണ്ടപ്പോ പെട്ടെന്ന് ഞാനൊന്ന് ഡൗണായി .

വൈകുന്നേരമായപ്പോൾ അവൾ എൻറെ അടുത്തേക്ക് ഓടിവന്നു . രണ്ടു കൈയ്യിലും ഓരോ ഡ്രസ്സ് പിടിച്ചുകൊണ്ട് .

” ഡാ , ഇന്ന് ആർമിയെ കാണാൻ പോകുമ്പോൾ ഞാൻ ഇതിലേത് ഡ്രസ്സ് ആണ് ഇടേണ്ടത് ? ”

ഞാൻ അവളെ തന്നെ തറപ്പിച്ചുനോക്കി . ഇവൾ ഇതെന്തു ഭാവിച്ചാ , കുറെനേരം എന്നോട് ചോദിച്ചിട്ടും മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ ആൾ ചെറിയമ്മയുടെ അടുത്തുപോയി ചോദിച്ചു .

” അമ്മേ , ഞാൻ ഇതിൽ ഏത് ഡ്രസ്സാണ് ഇടേണ്ടത് ? ”

” നീ അതിനിപ്പോ എവിടെ പോവാ ? ”

” ഞാൻ അമ്പലത്തിൽ പോകുവാ ”

” അമ്പലത്തിലേക്ക് ആണോ ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് . ഇതിലേതെങ്കിലും എടുത്തിട്ട് പൊയ്ക്കോ ”

” ഈ അമ്മയോട് ചോദിച്ച് എന്നെ വേണം തല്ലാൻ . ”

അതും പറഞ്ഞു അവൾ രണ്ട് ഡ്രസ്സും കണ്ണാടിക്കുമുന്നിൽ നിന്ന് അവൾക്ക് വെച്ച് നോക്കി . എന്നിട്ടവസാനം അതിൽനിന്ന് ഒരെണ്ണം എടുത്തിട്ടു . കണ്ണാടിക്കു മുന്നിൽ നിന്ന് അണിഞ്ഞൊരുങ്ങാൻ തുടങ്ങി . ഞാൻ അവളെ തന്നെ കണ്ണും മിഴിച്ചു നോക്കി നിന്നു .

” ശ്രുതി നീ എന്നെ തന്നെ നോക്കി നിൽക്കാതെ വേഗം പോയി ഒരുങ്ങാൻ നോക്ക് , നമുക്ക് അമ്പലത്തിൽ പോണ്ടേ ? ”

അവളുടെ ഈ ഭാവമാറ്റം കണ്ട് അതിശയിച്ചു നിന്ന എന്നെ അവൾ അപ്പുറത്തെ റൂമിൽ ആക്കി . ഞാൻ വേഗം പോയി മാറ്റി വന്നിട്ടും അവളുടെ ഒരുക്കം കഴിഞ്ഞിട്ടില്ലായിരുന്നു . അവൾ കണ്ണാടിക്കുമുന്നിൽ നിന്ന് എന്തൊക്കെയോ ഗോഷ്ഠി കാണിക്കുന്നുണ്ടായിരുന്നു . ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നു .

” ശ്രുതി , ഞാനിപ്പോൾ സുന്ദരി ആയിട്ടില്ലേ ? ”

” ഏ , എന്ത് ? ”

” ഞാനിപ്പോൾ സുന്ദരി ആയിട്ടില്ലേന്ന് ? ”

” ആ ………. ”

ചെറിയമ്മയോട് പോവാണ് എന്ന് പറഞ്ഞ് അവൾ മുന്നിൽ ഇറങ്ങി നടക്കാൻ തുടങ്ങി . ഞാൻ അവളുടെ കൂടെ നടന്നു . പോവുന്ന വഴിയിലൊക്കെ ഒരു മൂളിപ്പാട്ടും പാടി കൊണ്ടാണ് പോയത് .

അമ്പലത്തിൽ എത്തിയിട്ട് അവൾ തൊഴാൻ നിൽക്കാതെ കാര്യമായി ആരേയോ തിരയുകയാണ് .

” നീ ആരെയാണ് ഇങ്ങനെ തിരയുന്നത് ? ”

” നമ്മുടെ ആർമിയെ കാണാനില്ലല്ലോ ”

അവളത് പറഞ്ഞപ്പോൾ ഞാൻ കണ്ണും മിഴിച്ച് അവളെ തന്നെ നോക്കി . അവൾ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും തിരഞ്ഞുകൊണ്ടിരിക്കുന്നു . എൻറെ ഭഗവാനെ ഇവൾ ഇതെന്ത് ഭാവിച്ച് ആണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് .

” ഹായ് ആർമി ”

അവൾ പറഞ്ഞപ്പോൾ ഞാനും നേരെ നോക്കി , ആർമി മുണ്ട് ഷർട്ട് ഒക്കെ ഇട്ട് ഒരു നാടൻ ലുക്കിലാണ് വരുന്നത് . ഞാൻ ആർമിയെ നോക്കി ഒന്ന് ചിരിച്ചു , അവനും എനിക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു . അതുകഴിഞ്ഞ് ഞാനെൻറെ വലതുഭാഗത്ത് നിന്നിരുന്ന സ്വാതിയെ നോക്കിയപ്പോൾ അവളെ അവിടെ എങ്ങും കാണാനില്ല . ഞാൻ വീണ്ടും ആർമിയെ നോക്കിയപ്പോൾ അവൾ അതാ ആർമിയുടെ അടുത്ത് .

ആൺകുട്ടികളോട് പൊതുവേ , സംസാരിക്കാത്തയാളാണ് ആർമിയെ കണ്ട പാടെ അവൻറെ അടുത്തേക്ക് ഓടി പോയത് . അവളിൽ ഉണ്ടായിരിക്കുന്ന ഈ മാറ്റം എനിക്ക് അവിശ്വസനീയമായിരുന്നു . ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു . അവൾ ആർമിയോട് എന്തൊക്കെയോ പറഞ്ഞു കത്തിവെച്ച് കൊണ്ടിരിക്കുകയാണ് . അവളുടെ സംസാരിക്കുന്നുണ്ടെങ്കിലും ആർമി ഇടയ്ക്കിടയ്ക്ക് എന്റെ മുഖത്തേക്കാണ് നോക്കിക്കൊണ്ടിരുന്നത് .

” അല്ല ആർമിയുടെ ശരിക്കുള്ള പേര് എന്താ ? , ആർമി എന്നുള്ള പേര് മാത്രമേ എനിക്ക് അറിയൂ , അതും ഇവൾ പറഞ്ഞുള്ള അറിവാണ് . ”

” അഭിരാം ”

” നല്ല പേര് , എന്നാൽ റാം ചേട്ടൻ വരു , നമുക്ക് പോയി തൊഴാം ”

റാം ചേട്ടനോ , ഞാൻ ഒരൽപം അസൂയയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി . അവൾ അതൊന്നും ശ്രദ്ധിക്കാതെ അഭിയേട്ടനെ വിളിച്ച് അമ്പലത്തിലേക്ക് പോവുകയാണ് . ഇങ്ങനെപോയാൽ ഇവൾ എൻറെ കയ്യിൽ നിന്നും വാങ്ങിക്കും . ഞാനൊരു അല്പം രോഷത്തോടെ അവരുടെ കൂടെ പോയി .

അവളുടെ ഓരോ പ്രവർത്തിയും , എന്നിൽ ചെറിയതോതിൽ കുശുമ്പ് കേറ്റികൊണ്ടിരുന്നു . എൻറെ മുഖ ഭാവം കണ്ടിട്ടാണൊ എന്നറിയില്ല ആർമി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ഒന്നു ചിരിക്കുന്നുണ്ട് . എനിക്ക് ആകെ മൊത്തത്തിൽ ദേഷ്യം വരാൻ തുടങ്ങി . ഞാൻ അവരെ രണ്ടുപേരെയും തറപ്പിച്ചു ഒന്ന് നോക്കി . സ്വാതി അതൊന്നും ശ്രദ്ധിക്കു പോലും ചെയ്യുന്നില്ല . എന്നാൽ ആർമി ഇതൊക്കെ കണ്ടിട്ട് ഒരു കള്ളച്ചിരി ചിരിച്ച് അവളോട് സംസാരിച്ചു നടക്കുകയാണ് .

അവർ രണ്ടുപേരും നല്ല കമ്പനിയായി , ഞാനിപ്പോ ഔട്ടായി . പിന്നെ ഞാൻ അവർക്കിടയിൽ നിന്നില്ല , അവരോട് ഒന്നും പറയാതെ പതിയെ അവർക്കിടയിൽ നിന്ന് ഒന്ന് മാറിനിന്ന് കൊടുത്തു . അമ്പലക്കുളത്തിലെ പടവുകളിൽ പോയിരുന്നു .

പെട്ടെന്ന് ഞാൻ കുളത്തിലെ ഓളങ്ങളിൽ എൻറെ പ്രതിരൂപം കണ്ടു . അതെന്നോട് സംസാരിക്കാൻ തുടങ്ങി .

എന്താ ശ്രുതി താൻ ഇങ്ങനെ , ഒരുമാതിരി ടിപ്പിക്കൽ പെൺകുട്ടികളെപ്പോലെ . സ്വാതി ആർമി യോട് സംസാരിച്ചാല് നിനക്കെന്താ ? സ്വാതി നിൻറെ വെറുമൊരു കൂട്ടുകാരി മാത്രമല്ലല്ലോ , നിൻറെ കൂടെപിറപ്പ് കൂടിയല്ലേ . പിന്നെ നീയെന്തിനാ ആർക്കുവേണ്ടി സ്വാതിയോട് വെറുതെ കുശുമ്പ് ഉണ്ടാക്കുന്നത് . ഒരുപക്ഷേ ആർമിയെ നിനക്ക് നല്ലപോലെ അറിയില്ലായിരിക്കും , പക്ഷേ നിൻറെ സ്വാതിയെ നിനക്കറിയില്ലേ , അവളൊരു പാവം അല്ലെ . വെറുതെ നിസ്സാരകാര്യത്തിന് നീ അവളെ വേദനിപ്പിക്കുകയോ സംശയിക്കുകയോ ചെയ്യരുത് .

പെട്ടെന്ന് അമ്പലക്കുളത്തിലെ എൻറെ പ്രതിബിംബത്തിനു അടുത്തായി ഞാൻ മറ്റൊരു രൂപം കൂടി കണ്ടു . ആ രൂപം പടവുകളിറങ്ങി പതിയെ എൻറെ അടുത്ത് വന്നിരുന്നു ……….

( തുടരും ) …………………….. .