രചന – ഭദ്ര രുദ്ര
എല്ലാവർക്കും ഉള്ള ചായ മേശപ്പുറത്തു വച്ചതിനു ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് . അടുക്കള പുറത്തു നിന്ന് ഒരാർപ്പ് കേട്ടത് . കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി . പുറത്തേക്ക് ചെല്ലുമ്പോഴാണ് ഞങ്ങൾ കണ്ടത് ചപല കൂട്ടിയിട്ട് കത്തിച്ചു കൊണ്ടിരുന്ന സീതമ്മയുടെ സാരിക്ക് തീ പിടിച്ചിരിക്കുന്നു . അവർ തീകെടുത്താൻ കഴിയാതെ ഉറക്കെ നിലവിളിക്കുകയാണ് . അത് കണ്ടപാടെ ഞാനും ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു . “അമ്മേ ……… ” എന്നു വിളിച്ചുകൊണ്ട് ഞാനും താഴേക്ക് നിലംപതിച്ചിരുന്നു . ആളിക്കത്തുന്ന അഗ്നി കണ്ടതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറി . എന്റെ കണ്ണുകൾ അബോധാവസ്ഥയിലേക്ക് വഴി മാറുമ്പോൾ ഞാൻ കണ്ടു ആരൊക്കെയോ ചേർന്ന് അവരുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുന്നത് ………. ബോധം തെളിഞ്ഞ് കണ്ണുതുറക്കുമ്പോൾ ഞാൻ ആർമിയുടെ മുറിയിലായിരുന്നു .
ഉണർന്ന പാടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തലക്ക് ശക്തമായ ഭാരം അനുഭവപ്പെട്ടതിനാൽ അവിടെ തന്നെ ഇരുന്നു . അപ്പോഴാണ് ആർമി റൂമിലേക്ക് കയറി വന്നത് . ” ഹാ , താൻ എഴുന്നേറ്റോ ? ഇപ്പൊ എങ്ങനെയുണ്ട് ശ്രുതി ? ” ” എനിക്ക് കുഴപ്പമൊന്നുമില്ല ” തലയിൽ കൈവെച്ചു കൊണ്ട് ഞാൻ പതിയെ പറഞ്ഞു . ഞാൻ സീതമ്മയുടെ കാര്യം ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ആർമി സംസാരിക്കാൻ തുടങ്ങി . ” ഞാനാകെ ടെൻഷനായി . ഡോക്ടർ പറഞ്ഞത് പെട്ടെന്നുണ്ടായ ഷോക്ക് കൊണ്ടാണ് താൻ തലകറങ്ങി വീണത് എന്നാണ് ” ” സീതമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് ? നല്ലോണം പൊള്ളിയോ ? ” ” ഏയ് ഇല്ലെടോ അതിനു മാത്രം ഒന്നും പറ്റിയിട്ടില്ല . സാരി കത്തി കയ്യിലേക്ക് ആണ് വീണത് . അതുകൊണ്ട് വലതു കൈക്ക് കുറച്ചു കൂടുതൽ പൊള്ളൽ ഉണ്ട് . വേറെ എവിടെയും കാര്യമായിട്ട് പൊള്ളിയില്ല എന്ന് തോന്നുന്നു ” ” അഭിയേട്ടാ എനിക്ക് സീതമ്മയെ ഒന്ന് കാണണം ”
” ശ്രുതി അവര് ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് . വന്ന ഉടനെ പോയി കാണാം . താൻ ഇപ്പോൾ കുറച്ചു നേരം റസ്റ്റ് എടുക്കു ” ” എനിക്ക് അതിനുമാത്രം കുഴപ്പമൊന്നുമില്ല . ഞാൻ താഴേക്ക് പോവുകയാണ് ” അത്രയും പറഞ്ഞു കൊണ്ട് ഞാൻ വേഗം കട്ടിലിൽ നിന്ന് ചാടിയിറങ്ങി നേരെ ഹാളിലേക്ക് പോയി . ഹോളിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ . ആരെയും കാണാഞ്ഞപ്പോൾ ഞാൻ നിരാശയോടെ ഹോളി ലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു . അതു കണ്ടപ്പോൾ ആർമി വേഗം എന്റെ അടുത്തേക്ക് വന്നു . ” എന്റെ പൊന്നു ശ്രുതി , നീ ഇതാരെ നോക്കി നിൽക്കുവാ ? ” ” അത് ഞാൻ …. അവരെന്താ ഹോസ്പിറ്റലിൽ പോയി വരാൻ ഇത്രയും വൈകുന്നത് ? ” ” ആ ഇതാ പോ നന്നായത് , അവര് പിക്നിക്കിനു പോയതല്ല ഹോസ്പിറ്റലിൽ പോയതാണ് . വരാൻ അല്പം വൈകും ” അപ്പോഴാണ് ഒരു കാർ മുറ്റത്ത് വന്ന് നിന്നത് . അതിൽ നിന്നും ഇറങ്ങുന്ന സീതമ്മയെ കണ്ടപ്പോൾ പെട്ടെന്ന് എന്തോ ഒരു സന്തോഷം തോന്നി . ഞാൻ വേഗം ഓടി പോയവരെ കെട്ടിപ്പിടിച്ചു . അവരും എന്നെ ഇടത് കൈ കൊണ്ട് ചേർത്തുപിടിച്ചു .
പാവം വലതു കൈ നന്നായി പൊള്ളിയിരിക്കുന്നു . അതുകണ്ടപ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞുകൊണ്ടിരുന്നു . ഞാൻ അവരെയും കൂട്ടി പതിയെ ഹാളിലേക്ക് നടന്നു . അവിടെ എല്ലാവരും നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ സീതമ്മയെ സോഫയിൽ ഇരുത്തിയതിനുശേഷം അവർക്ക് കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി . അഞ്ജലിയും സുപ്രിയ ആന്റിയും അടക്കം ആ കുടുംബത്തിലെ എല്ലാവരും അപ്പോഴേക്കും ഹോളിലേക്ക് വന്നിരുന്നു . ” ഇപ്പോൾ എങ്ങനെയുണ്ട് സീതേ ? ” മുത്തശ്ശൻ ആണ് സീതമ്മയോട് ചോദിച്ചത് . മുത്തശ്ശന്റെ കൂടെ മുത്തശ്ശിയുണ്ടായിരുന്നു . ” കയ്യിമേല് നല്ല പുകച്ചിൽ ഉണ്ട് ” സീതമ്മ അവരുടെ കയ്യിലേക്ക് നോക്കി വേദനയോടെ പറഞ്ഞു . ” വേദനയുണ്ടെങ്കിൽ കണക്കായിപ്പോയി ” പെട്ടെന്ന് എല്ലാവരെയും ചൊടിപ്പിച്ചുകൊണ്ട് അഞ്ജലിയുടെ സ്വരം അവിടെ മുഴുവൻ പ്രകമ്പനം കൊണ്ടു .
അവളുടെ അമ്മ ഒഴികെ ബാക്കിയെല്ലാവരും അവളെ അല്പം നീരസത്തോടെ ആണ് നോക്കുന്നത് . താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് മറ്റുള്ളവരെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയ അഞ്ജലി പെട്ടെന്ന് മുത്തശ്ശന്റെ അടുത്തേക്ക് വന്ന് മയത്തിൽ സംസാരിക്കാൻ തുടങ്ങി . ” അല്ലാതെ ഞാനെന്തു പറയാനാ മുത്തച്ചാ , ഈ സീതമ്മ തന്നെയാണ് ശ്രുതിക്ക് അഭിയുടെ റൂമിൽ കഴിയാനുള്ള സൗകര്യം ഒരുക്കി കൊടുത്തത് . അവർ രണ്ടുപേരും ഒരു റൂമിൽ കഴിയാൻ കാരണവും ഇവർ തന്നെയാണ് . ഇവിടെന്താ മറ്റു റൂം ഒന്നും ഇല്ലാത്തതു കൊണ്ടാണോ ? ” ഇതെല്ലാം കേട്ടുകൊണ്ട് ശ്രുതിയും അഭിയും അടുക്കളയിൽ നിന്നും ഹാളിലേക്ക് കടക്കുന്ന വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു . അഞ്ജലി പറഞ്ഞത് കേട്ട് അഭിയുടെ അമ്മയുടെയും ചെറിയമ്മയുടെയും മനസ്സ് അൽപം വേദനിച്ചു എന്ന് പെട്ടെന്നുള്ള അവരുടെ ഭാവമാറ്റത്തിന് നിന്ന് മനസ്സിലാക്കാം . അല്ലെങ്കിൽ ഈ അഞ്ജലിക്ക് എന്താ ഒട്ടും വിവരമില്ലേ , ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആണോ ഇതൊക്കെ പറയേണ്ടത് ? ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
” എന്താ സീതേ അഞ്ജലി പറഞ്ഞത് ശരിയാണോ ? ” മുത്തശ്ശൻ സീതമ്മയോട് ചോദിച്ചു . ” അല്ല തമ്പുരാനേ , അഞ്ജലി കുഞ്ഞ് പറഞ്ഞത് മുഴുവൻ ശരിയല്ല ” സീതയും അഞ്ജലി പറഞ്ഞതിനെ എതിർത്ത് കൊണ്ടാണ് സംസാരിച്ചത് . ” മുത്തശ്ശ , ഇവൾ കള്ളം പറയുകയാണ് ? ” അഞ്ജലി കോപത്തോടെ സീതയുടെ നേരെ അലറി . ” അല്ല തമ്പുരാനെ ഞാൻ സത്യമാണ് പറഞ്ഞത് . അഭിയും കുഞ്ഞും ശ്രുതി മോളും ഒരു റൂമിലാണ് കിടക്കുന്നത് എന്നാണ് പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് തോന്നുക . എന്നാൽ അവർ ഇരുവരും രണ്ടു റൂമിലാണ് കിടക്കാറ് ” ” ഇന്നലെ കയറിവന്നവൾക്ക് വേണ്ടി നീ മുത്തശ്ശനോട് കള്ളം പറയുന്നോ ? ” എന്നും പറഞ്ഞുകൊണ്ട് അഞ്ജലി സീതയുടെ പ്രായം പോലും നോക്കാതെ അവരുടെ മുഖത്തിനു നേരെ കൈ ഓങ്ങി .
എല്ലാവരും അഞ്ജലിയുടെ ആ പ്രവർത്തിയിൽ ഞെട്ടലോടെ നിൽക്കുകയാണ് . എന്നാൽ അഞ്ജലിയുടെ കൈ സീതയുടെ മുഖത്ത് പതിക്കുന്നതിനു മുമ്പ് ഒരാൾ അവളുടെ കയ്യിൽ ബലമായി തടഞ്ഞു . അതുകണ്ടപ്പോൾ മുത്തശ്ശൻ ആശ്വാസത്തോടെ അഞ്ജലിയെ തടഞ്ഞ ആ കയ്യിന്റെ ഉടമയെ നോക്കി . “” ശ്രുതി “”” അവിടെ കൂടി നിന്നവരുടെ എല്ലാവരുടെ നാവും ഒരുപോലെ ആ പേര് പറഞ്ഞു . അതു കണ്ടതോടെ അഞ്ജലി കോപത്തോടെ ശ്രുതിക്ക് നേരെ ചീറ്റാൻ തുടങ്ങി . ” എന്റെ കയ്യിൽ കയറി പിടിക്കാൻ മാത്രം നിനക്കെന്ത് ധൈര്യം ആടി ” ” ഒരു തെറ്റും ചെയ്യാത്ത സീതമ്മക്ക് നേരെ അവരുടെ പ്രായം പോലും നോക്കാതെ കൈ ഉയർത്താൻ നീ കാണിച്ച അതേ ധൈര്യം തന്നെയാണിത് ” ശ്രുതിയും കോപത്തോടെ തന്നെയാണ് അഞ്ജലിയോട് അത് പറഞ്ഞത് . അത് കണ്ടപ്പോൾ ആർമിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു . അഞ്ജലി ഇന്ന് ശ്രുതിയുടെ കയ്യിൽ നിന്നും കണക്കിന് വാരിക്കൂട്ടുമെന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു .
” ഡീ … നീ ആരാണെന്നാണ് നിന്റെ വിചാരം ? എന്നെ സംബന്ധിച്ചിടത്തോളം നീയുമീ അടുക്കളക്കാരിയും ഒക്കെ ഒരുപോലെയാണ് ” ചീറി വന്ന അഞ്ജലിയുടെ വാക്കുകൾ അവിടെയുള്ള എല്ലാവരെയും ചൊടിപ്പിച്ചു കൊണ്ടിരുന്നു . എന്നാൽ ഞാൻ അതൊന്നും വകവെക്കാതെ സീതയ്ക്ക് എന്റെ കയ്യിലുണ്ടായിരുന്ന ഒരു ക്ലാസ്സ് വെള്ളം കുടിക്കാനായി കൊടുത്തു . അവൾക്ക് മറുപടിയൊന്നും കൊടുക്കാതിരിക്കുന്ന എന്നെ കണ്ടപ്പോൾ അത് അവളെ കൂടുതൽ ചൊടിപ്പിച്ചു . അവൾ പാഞ്ഞുവന്നു സീതമ്മ കുടിച്ചുകൊണ്ടിരുന്ന ക്ലാസിലെ വെള്ളം തട്ടിത്തെറിപ്പിച്ചു . അത് കണ്ടതും എന്റെ കൺട്രോൾ മുഴുവൻ പോയി . അവളുടെ കരണം അടിച്ചു ഞാൻ ഒന്ന് പൊട്ടിച്ചു . വേദന കൊണ്ട് അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി . ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാവും അവൾക്ക് ഇങ്ങനെ ഒരു അടി കിട്ടുന്നത് . അതിന്റെ ഒരു കുറവും അവൾക്കുണ്ടായിരുന്നു . ” ഡീ നീയെന്നെ തല്ലിയല്ലേ ? ”
” ആ തല്ലി , എന്തേ തമ്പുരാട്ടിക്ക് നൊന്തോ ? ” ” ഡീ ” എന്ന് അലറി കൊണ്ട് അവൾ എന്റെ കഴുത്തിന് നേരെ പിടിമുറുക്കാൻ ആയി വന്നു . അവളുടെ ആ മൂവ്മെന്റ് മനസ്സിലാക്കിയ ഉടനെ തന്നെ ഞാൻ അവളുടെ ഇരു കൈകളും പിറകിലേക്ക് ബ്ലോക്ക് ചെയ്തു . ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ കെട്ടിയിട്ട ഒരു നായക്കുട്ടിയെ പോലെ എനിക്ക് നേരെ കടിച്ചുകീറാൻ ആയി ചാടിക്കളിക്കുന്നുണ്ട് . അപ്പോൾ അത് കണ്ടതോടെ അവളുടെ തള്ളയും എനിക്ക് നേരെ വന്നു . ഞാൻ വിചാരിക്കുവായിരുന്നു ഇതുവരെ ഇവരെന്താ അനങ്ങാതെ നിന്നത് എന്ന് ? ” എടീ … നിനക്കെത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ മക്കളുടെ മേൽ കൈവെച്ചത് ” അവർ അതും പറഞ്ഞ് എന്റെ നേരെ അടുത്തു വന്നപ്പോൾ . അഭി അവരെ തടഞ്ഞു . ” ആന്റി ഇത് എങ്ങോട്ടാ പോകുന്നത് , അത് അവർ തമ്മിലുള്ള പ്രശ്നം അല്ലേ , അത് അവർ തന്നെ തീർത്തോളും ” അഭി അവരെ പിടിച്ചു നിർത്തിയപ്പോൾ അവർ ദേഷ്യത്തോടെ അവനെയും എന്നെയും മാറിമാറി നോക്കി . അഞ്ചലി എനിക്ക് നേരെ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഞാൻ അവളുടെ മുട്ടുകാലിന് പിറകിൽ ഒരു ചവിട്ടു കൊടുത്തു .
ചവിട്ടു കിട്ടിയതും അവൾ താഴേക്ക് മുട്ടുകുത്തി ഇരുന്നുപോയി . എന്നോട് ബലം പിടിച്ച് ഒരു കാര്യം ഇല്ല എന്ന് മനസ്സിലായപ്പോൾ അവൾ തന്നെ സ്വയം കണ്ട്രോൾ ചെയ്തു താഴെ നല്ല കുട്ടിയായിരുന്നു . അപ്പോഴും ആ വീട്ടിലുള്ളവർ മൗനമായി ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു . ” എന്താ അങ്കിൾ ഇത് ? എന്റെ മകളെ എവിടെനിന്നോ വന്ന ഒരു പെണ്ണ് തല്ലുന്നത് കണ്ടിട്ടും നിങ്ങളൊക്കെ മൗനമായി നിൽക്കുകയാണോ ? ” സുപ്രിയ ദേഷ്യത്തോടെ മുത്തശ്ശന് നേരെ പാഞ്ഞടുത്തു . അതുകേട്ടപ്പോൾ മുത്തശ്ശൻ ശ്രുതിയോട് സംസാരിക്കാൻ തുടങ്ങി . ” കുട്ടി , അഞ്ജലിയെ വിടു ” പ്രൗഢഗംഭീരമായ ആ മുഖത്തു നിന്നും വളരെ സൗമ്യമായ ആ വാക്കുകൾ വന്നപ്പോൾ ശ്രുതി അറിയാതെ തന്നെ അഞ്ജലിയുടെ മേലുള്ള അവളുടെ പിടുത്തം അ ഴിഞ്ഞിരുന്നു . ശ്രുതി അപ്പോഴും മുത്തച്ഛന്റെ മുഖത്തേക്ക് നോക്കി നിൽക്കായിരുന്നു .
” മുത്തശ്ശാ അവളെന്നെ ….. ” അഞ്ജലി എന്തോ പറയാൻ തുടങ്ങിയെങ്കിലും , മുത്തശ്ശൻ അവളെ പറഞ്ഞു മുഴുവനാക്കാൻ അനുവദിച്ചില്ല . ” മതി അഞ്ജലി . നീ ഇപ്പൊ എന്തൊക്കെ ഇവിടെ കാട്ടിക്കൂട്ടിയത് ? സാഹചര്യവും സന്ദർഭവും നോക്കാതെ നീ പെരുമാറരുത് ” മുത്തശ്ശൻ അല്പം ദേഷ്യത്തോടെ തന്നെ അവളെ ശാസിച്ചു . അത് അവളിൽ ഒന്നുകൂടെ ദേഷ്യം ഉണർത്തി . ” ഇപ്പൊ നമ്മൾ സീതയ്ക്ക് വേണ്ടി ഇനി എന്ത് ചെയ്യാൻ പറ്റും എന്നാണ് നോക്കേണ്ടത് ? ” മുത്തശ്ശിയുടെ ശബ്ദം അപ്പോഴാണ് ഉയർന്നുകേട്ടത് . അതും സീതമ്മയ്ക്ക് വേണ്ടി . ശ്രുതിയും മറ്റുള്ളവരും അത് ശരിവെച്ചു തലയാട്ടി . ” ഇവൾക്കുവേണ്ടി ഇനി എന്ത് ചെയ്യാനാ ? ഇവളെ വേഗം തന്നെ ഇവിടെ നിന്ന് പറഞ്ഞു അത്രതന്നെ ” അഞ്ജലി വീണ്ടും അവളുടെ തിരുവാ തുറന്നു . അത് ഞാൻ ഉൾപ്പെടെ മറ്റുള്ളവരെയും രോഷാകുലരാക്കി . മുത്തശ്ശിയുടെ ഭാഗത്തും ദേഷ്യം വരുന്നത് കണ്ടാ അഞ്ജലി വേഗം മയത്തിൽ സംസാരിക്കാൻ തുടങ്ങി . ” അത് … അത് പിന്നെ … ഞാൻ വേറൊന്നും അല്ല ഉദ്ദേശിച്ചത് … ഇവർക്ക് ഇനി പണിക്ക് വരാൻ കഴിയില്ലല്ലോ … അതുകൊണ്ട് അസുഖമൊക്കെ മാറുന്നതുവരെ ഇവർ ഇവരുടെ വീട്ടിൽ പോയി നിന്നോട്ടെ ” അവൾ അങ്ങനെ പറഞ്ഞതും സീതമ്മയുടെ മുഖമൊന്ന് വാടി . അത് കണ്ടപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു .
അത് പറ്റില്ല എന്ന് പറഞ്ഞാലോ , അല്ലെങ്കിൽ തന്നെ അതൊക്കെ പറയാൻ തനിക്ക് ഈ കുടുംബത്തിൽ എന്ത് സ്ഥാനമാണുള്ളത് എന്ന് സ്വയം ചിന്തിച്ചപ്പോൾ മൗനം ആയിരിക്കാൻ തോന്നി . എന്റെ മനസ്സിനുള്ളിലെ ദുഃഖം മനസ്സിലാക്കിയെന്നോണം അഭി സംസാരിക്കാൻ തുടങ്ങി . ” ഇത് ഇപ്പോൾ അഞ്ജലിയുടെ മാത്രം അഭിപ്രായമല്ലെ , ഈ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒന്നും പറയാനില്ലോ ? ” അഭി മറ്റുള്ള അംഗങ്ങളെ നോക്കിയാണ് അങ്ങനെ ചോദിച്ചത് . അപ്പോൾ ചെറിയമ്മയുടെ ഭാഗത്തുനിന്നും മറുപടി വന്നു . ” സീതയുടെ വീട്ടിൽ അതിന് ആരാ ഉള്ളത് ഇവരെ നോക്കാനായി ? അവിടെ ചെന്നാൽ ഇവർ തീർത്തും ഒറ്റപ്പെട്ടു പോകില്ലേ , ഇവിടെ ആകുമ്പോൾ ഇവർക്ക് നമ്മളൊക്കെ ഇല്ലേ ? ” ” ഓ പിന്നെ ഇവരെ നോക്കി നിൽക്കുകയല്ലേ ഇവിടെ ഉള്ളവർക്കെല്ലാം പണി ” അഞ്ജലിയുടെ ക്രൂരമായ വാക്കുകൾ അതിര് വിട്ടിരിക്കുന്നു . അത് സീതയെ ഒന്നുകൂടെ വിഷമിപ്പിച്ചു എന്നു തോന്നുന്നു . അവരുടെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ് .
ഇതെല്ലാം മൗനമായി തന്നെ നോക്കി നിന്നു കൊണ്ടിരുന്ന ശ്രുതിയുടെ ഉള്ളൊന്ന് പിടച്ചു . ഇനിയും മൗനമായി നോക്കി നിന്നുകൂടാ … ” ഇവരെ എവിടേക്കാണ് അഞ്ജലി പറഞ്ഞു അയക്കേണ്ടത് ? ” ” അവരുടെ വീട്ടിലേക്ക് … അല്ല ഇതൊക്കെ ചോദിക്കാൻ നീ ആരാടീ ” ” ഞാനാരാണെന്ന് ഇതിനു മുമ്പ് ഒരിക്കൽ നീ അറിഞ്ഞത് അല്ലേ , നിനക്ക് വീണ്ടും അറിയണോ ? ” ” നീ എന്നോട് പറയുന്ന ഓരോ വാക്കിനും നീ അനുഭവിക്കും . നിന്നെ ഞാൻ അനുഭവിപ്പിക്കും . ഇവർ നിന്റെ അനുയായി ആയതുകൊണ്ടാണോ നീ ഇവരെ സപ്പോർട്ട് ചെയ്യുന്നത് ” അഞ്ജലി തെല്ലൊരു ഈർഷ്യയോടെ തന്നെ എന്നോട് ചോദിച്ചു . ” ആരും എന്റെ അനുയായി അല്ല . എനിക്ക് അങ്ങനെ ഒരു അനുയായിയുടെ ആവശ്യവുമില്ല . എന്നും ഒറ്റയ്ക്ക് നിന്നും പൊരുതി നേടാൻ തന്നെയാണ് എനിക്കിഷ്ടം ” ” എന്താടീ നീ എന്നോട് പൊരുതാൻ പോവുകയാണോ ? ” ” ഞാൻ നിന്നോട് പൊരുതാൻ വന്നതല്ല .
സീതമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം വേണം ” ” എന്റെ തീരുമാനം ഞാൻ പറഞ്ഞുകഴിഞ്ഞു . ആ തീരുമാനമേ ഇവിടെ നടക്കു ” ” അതിനു നിന്റെ തീരുമാനം ആർക്കുവേണം , ഞാൻ ഈ കുടുംബത്തിലെ കാരണവരായ മുത്തശ്ശന്റെ തീരുമാനം അറിയാൻ ആണ് വന്നത് . ” ” ശ്രുതി , നീയായിട്ട് ഇപ്പോൾ മനപ്പൂർവം എന്റെ വഴിയിൽ വന്നു നില്ക്കുകയാണ് . നിന്നെ ഞാൻ വെറുതെ വിടില്ല . ഈ വേലക്കാരിക്ക് വേണ്ടി വക്കാലത്തുമായി വരാൻ നിനക്ക് എങ്ങനെ ധൈര്യം വന്നെടി ” ” അഞ്ജലി നിനക്ക് ശരിക്കും നാണമില്ലേ , ഒന്നുമില്ലെങ്കിലും നിന്റെ അമ്മയേക്കാൾ പ്രായമില്ല ഇവർക്ക് , ആ ഒരു പ്രായത്തെ എങ്കിലും നിനക്ക് ബഹുമാനിച്ചുകൂടെ ” ” ആര് ബഹുമാനിക്കണം എന്നൊക്കെ നീയെന്നെ പഠിപ്പിക്കേണ്ട . മനസ്സിലായോടി ” ” അറിയാത്ത കാര്യങ്ങൾ പഠിക്കുക തന്നെ വേണം . നിന്റെ അച്ഛനോ അമ്മയോ നിനക്ക് നല്ല വാക്ക് പറഞ്ഞു പഠിപ്പിച്ചിരുന്നെങ്കിൽ എനിക്ക് നിന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു , പിന്നെ ഒരു കാര്യം നീ ഓർത്താൽ നന്ന് .
നീ ഒരു ദയയും കാണിക്കാതെ ഈ സീതമ്മയെ ഇവിടെനിന്ന് പറഞ്ഞുവിടാൻ നോക്കുന്നില്ലേ … ഈ പാവം പിടിച്ച സ്ത്രീയാണ് നിനക്കും ഈ വീട്ടിൽ ഉള്ളവർക്കും കഴിഞ്ഞ 15 വർഷങ്ങളായി നാലുനേരം ഭക്ഷണം വെച്ചു വിളമ്പുന്നത് . നിന്റെയൊക്കെ വസ്ത്രങ്ങൾ അലക്കുന്നത് ഇവർ തന്നെയാണ് . എന്തിനേറെ പറയുന്നു നിന്റെയൊക്കെ ഒരുവിധം എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഈ പാവം സ്ത്രീ തന്നെയാണ് . എന്നിട്ടിപ്പോൾ അവർക്ക് ഒരു അപകടം പറ്റിയപ്പോൾ നാണമില്ലേ നിനക്ക് ഇങ്ങനെ സംസാരിക്കാൻ ? ” ദേഷ്യത്തോടെ ഉള്ള എന്റെ അത്തരം വാക്കുകൾ അവളെ നന്നായി തന്നെ രോഷാകുലയാക്കി എന്ന് എനിക്ക് തോന്നി . പെട്ടെന്ന് വന്ന ദേഷ്യം കൊണ്ട് അവളുടെ പല്ലു കടിച്ചു പൊട്ടിക്കാൻ തുടങ്ങി . അത് കണ്ടു ഞാൻ അവളെ ഒരു പുച്ഛം ഭാവത്തോടെ നോക്കിയതും അവൾ വീണ്ടും എനിക്ക് നേരെ കൈ ഉയർത്താനുള്ള സാഹസം കാണിച്ചു .
എനിക്ക് അവളുടെ മറുകവിളിൽ കൂടി കൈ വയ്ക്കേണ്ടി വന്നു . ” ഡീ … നീ എന്നെ തല്ലി അല്ലേ … ഇതിനു നീ കരയും നിന്നെ ഞാൻ കരയിപ്പിക്കും … ഇന്ന് കൂടെ നിൽക്കുന്നവർ എല്ലാം നിന്നെ നാളെ തള്ളിപ്പറയും … നിന്നെ ഒറ്റയ്ക്ക് ആക്കും ഞാൻ … ഓർത്തോ ഈ അഞ്ജലി ആണ് പറയുന്നത് ” അത്രയും പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി അവൾ അകത്തേക്ക് കയറിപ്പോയി . അപ്പോൾ തന്നെ മുത്തശ്ശൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി : ” ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട . സീത നമ്മുടെ ഔട്ടോസിൽ തന്നെ താമസിക്കും . ഇതാണ് എന്റെ തീരുമാനം ” മുത്തശ്ശൻ പറഞ്ഞു നിർത്തിയതും അഞ്ജലിയുടെ അമ്മ പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് എനിക്ക് നേരെ തിരിഞ്ഞു . മകളുടെ ഊഴം കഴിഞ്ഞപ്പോൾ അടുത്തത് ഇതാ അവളുടെ അമ്മ വന്നിരിക്കുന്നു . ഇവരും കൂടെ വായ തുറക്കാൻ തുടങ്ങിയാൽ ദൈവത്തിനാണ് സത്യം ഇവരുടെ പ്രായം പോലും നോക്കാതെ ഞാൻ ഇവരുടെ കരണത്ത് കൈ വെക്കേണ്ടി വരും .
” ഇന്നലെ കയറിവന്ന ഈ നശിച്ച പെണ്ണ് എന്റെ മകളെ പട്ടിയെ പോലെ തല്ലിയിട്ടും ഇവിടെ എല്ലാവരും മൗനമായി നിന്നു അല്ലേ … എത്ര ധൈര്യം ഉണ്ടായിട്ടാണ് ഇവൾ എന്റെ മകളുടെ മേൽ കൈ വച്ചത് … ” അവർ അതും പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി എനിക്ക് നേരെ പാഞ്ഞടുത്തു . അവരുടെ ആ വരവ് കണ്ടാൽ തന്നെ അറിയാം ഇപ്പൊ എന്നെ തുമ്പിക്കൈകൊണ്ട് എടുത്തെറിയുമെന്ന് . ഈശ്വരാ എന്നെക്കൊണ്ട് ഈ തടിച്ചിയെ കൂടി തല്ലിപ്പിക്കല്ലേ . അവർക്ക് തല്ലുകൊള്ളാൻ ആണ് വിധിയെങ്കിൽ കൊള്ളുക തന്നെ വേണം . അല്ല പിന്നെ , ചോദിച്ചുവാങ്ങാൻ വന്നിട്ടില്ലേ എന്ന പാട്ട് ഞാൻ ഒരു കൂസലുമില്ലാതെ അവിടെ തന്നെ നിന്നു . പക്ഷേ അപ്പോഴേക്കും ഒരു രക്ഷാകവചം കണക്കെ അഭി എനിക്കുമുന്നിൽ വന്ന് നിന്നിരുന്നു . ” തൊട്ടുപോകരുത് ഇവളെ ” ” ഓ എത്തിയല്ലോ രക്ഷകൻ . എന്റെ മകളെ അതായത് നിന്റെ മുറപ്പെണ്ണിനെ നിന്റെ മുന്നിൽ ഇട്ടിവൾ തല്ലിയിട്ടും നീ അനങ്ങിയില്ല .
ഇപ്പോൾ ഇവൾക്ക് രക്ഷകനായി വന്നു നിൽക്കുന്നു . ” ” ആന്റിയുടെ മകളെ ശ്രുതി തല്ലിയിട്ട് ഉണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട് . ഒരാളോട് എങ്ങനെ പെരുമാറണമെന്ന് ആന്റി ഒരിക്കലും അഞ്ജലിയെ പഠിപ്പിച്ചിട്ടില്ല . അതുമാത്രമല്ല , ഈ വീട്ടിൽ ഇത്രയും കാലം ഒരംഗത്തെ പോലെ ഉണ്ടായിരുന്ന സീതമ്മയെ അവൾ എന്തൊക്കെയാണ് പറഞ്ഞത് ? എന്നാൽ ഇന്നലെ വന്ന ശ്രുതിയാണ് സീതമ്മയെ സപ്പോർട്ട് ചെയ്ത സംസാരിച്ചത് . അതുമാത്രമല്ല ഒരൊറ്റ കാര്യം ചിന്തിച്ചാൽ മതി , ഒരിക്കൽ ആന്റിയുടെ മകൾ ശ്രുതിയെ ഇവിടെ ഇട്ട് കൊല്ലാൻ നോക്കിയതാണ് , അപ്പോൾ പോലും അവളെ ഒന്നും ചെയ്യാതിരുന്നവളാണ് ശ്രുതി . ” അതു കേട്ടതും എല്ലാവരും ഒരു ഞെട്ടലോടെ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു . മുത്തശ്ശനും ചെറിയമ്മയും ചെറിയച്ഛനും അഭിയുടെ അച്ഛനും അമ്മയും ശരിക്കും ഞെട്ടി ഇരിക്കുന്നു . അതോടെ സുപ്രിയ അവിടെനിന്ന് വിയർക്കാൻ തുടങ്ങി . പക്ഷേ , അവർ തോറ്റു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു .
അവർ വീണ്ടും അവന് നേരെ കുതിര കേറാൻ തുടങ്ങി . ” നീ മിണ്ടരുത് … ഇന്നലെ വന്നവളുടെ പിറകെ നടക്കുന്ന പെൺകോന്തൻ അല്ല ടാ നീ … നിനക്ക് നാണമില്ലേ എവിടെ നിന്നോ കയറി വന്ന ഒരുത്തിയുടെ പുറകെ നടക്കാൻ . ” അഭിയെ എന്റെ പേരും പറഞ്ഞ് എല്ലാവരുടെയും മുന്നിൽ നാണം കെടുത്താൻ ആണ് ആന്റി ശ്രമിച്ചത് . ആർമിയെ എന്റെ മുന്നിലിട്ടു നാണം കെടുത്തുന്നത് കണ്ട് നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല . ” ആന്റി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം ” ” ആരാടി നിന്റെ ആന്റി ? പിന്നെ ഇവനെ പറഞ്ഞപ്പോഴേക്കും നിനക്ക് കൊണ്ടോ ” ” ആ കൊണ്ടു . നിങ്ങൾ പറയുന്ന തോന്ന്യാസം കേട്ടിരിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല . അതുകൊണ്ട് മാന്യമായി സംസാരിക്കണം ” ” മാന്യമായി സംസാരിക്കാൻ പറ്റിയ സാധനം , അതിനു മാന്യത ഉള്ളവരോട് അല്ലെ മാന്യമായി സംസാരിക്കാൻ പറ്റു ” ” എന്തായാലും നിങ്ങളെക്കാളും നിങ്ങളുടെ മകളെ കാളും എന്തുകൊണ്ടും ഞങ്ങൾക്ക് യോഗ്യതയുണ്ട് ” ” എന്ത് യോഗ്യതയാടി നിനക്കുള്ളത് , പറയെടി . ഒരു ബന്ധവുമില്ലാതെ ഇവന്റെ കൂടെ ഈ വീട്ടിലേക്ക് വലിഞ്ഞു കയറി വന്നു എന്നതാണോ നിന്റെ യോഗ്യത ? അതോ , ഒരു ബന്ധവുമില്ലാത്ത ഇവന്റെ കൂടെ ഇത്രയും നാൾ ഒരു മുറിയിൽ കിടക്ക പങ്കിട്ടു എന്നതാണോ നിന്റെ യോഗ്യത ? ” ഒരു വിജയത്തിനുവേണ്ടി അവർ പറഞ്ഞ വാക്കുകൾ ശ്രുതിയുടെ നെഞ്ചിലേക്ക് തുളഞ്ഞുകയറി .
എത്ര ചങ്കൂറ്റമുള്ളവൾ ആണെങ്കിലും അവളുടെ ആത്മാഭിമാനത്തെ ക്ഷതം ഏൽപ്പിക്കാൻ ഇത്തരത്തിലുള്ള വാക്കുകൾ തന്നെ ധാരാളം . ഒരു നിമിഷം അവർ പറഞ്ഞതിനൊരു മറുപടി തിരിച്ചു പറയാൻ കഴിയാതെ ശ്രുതി തരിച്ചിരുന്നു . അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി . അതു കണ്ടതോടെ അഭി അവിടെ ഒരു സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചു . അപ്പോഴേക്കും സുപ്രിയയുടെ കരണം പുകച്ചു കൊണ്ട് അരവിന്ദൻ മേനോൻ പ്രത്യക്ഷപ്പെട്ടിരുന്നു . തന്റെ ഭർത്താവിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത അടി ആയതിനാൽ സുപ്രിയ കോപത്താൽ വീണ്ടും ഓരോന്ന് വിളിച്ചു കൂവാൻ തുടങ്ങി . ” ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് , അല്ലെങ്കിൽ ഇവൾ തന്നെ പറയട്ടെ ഇവർ തമ്മിൽ എന്ത് ബന്ധം ആണെന്ന് ? കണ്ടോ കണ്ടോ ഇവളുടെ വായ് അടഞ്ഞത് . ” മൗനമായി നിലത്തിരുന്ന് കണ്ണീർ പൊഴിക്കുന്ന ശ്രുതിയെ നോക്കി അവർ വീണ്ടും കുത്തുവാക്കുകൾ പറയാൻ തുടങ്ങി . അതുകണ്ട് അവിടെ കൂടി നിന്നവർക്കേല്ലാം വിഷമം തോന്നിയെങ്കിലും അവർ സുപ്രിയയുടെ നാവിനെ അടക്കാൻ ശ്രമിച്ചില്ല . അതൊരു ശരവർഷം പോലെ അവളുടെ മനസിനെ കുത്തി നോവിച്ചു .
അതു കണ്ട് നിൽക്കാൻ കഴിയാതെ അഭി പൂജാമുറിയിലേക്ക് നടന്നു . പൂജാ മുറിയിൽ നിന്നും ശരവേഗത്തിൽ ശ്രുതിയുടെ അടുത്തേക്ക് പാഞ്ഞു വരുന്ന അഭിയുടെ മേൽ അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും ദൃഷ്ടി പതിച്ചു . അഭി നിലത്തിരുന്ന് കരയുന്ന ശ്രുതിയുടെ അടുത്തേക്ക് ചേർന്ന് മുട്ടുകുത്തി നിലത്തിരുന്നു . അപ്പോഴാണ് അവരെല്ലാവരും അവന്റെ കയ്യിൽ ഉണ്ടായിരുന്ന ചെപ്പ് ശ്രദ്ധിച്ചത് . അവനാ ചെപ്പു തുറന്നു ഒരു നുള്ളു കുങ്കുമം അവളുടെ നെറുകയിലേയ്ക്ക് ഇട്ടുകൊടുത്തു . ആ കുങ്കുമത്തിൽ നിന്നും അല്പം അവളുടെ മുഖത്ത് കൊഴിഞ്ഞപ്പോഴാണ് അവൾ മുഖമുയർത്തി നോക്കിയത് . എല്ലാവരും ഒരു ഞെട്ടലോടെ അവരെ തന്നെ നോക്കി നിൽക്കുകയാണ് . അപ്പോൾ ശ്രുതി അവളുടെ നെറുകയിൽ വിരൽ കൊണ്ട് പതിയെ തൊട്ടു നോക്കിയപ്പോൾ സുമംഗലികൾ മാത്രം ഇടുന്ന ചുവന്ന സുന്ദരം അവളുടെ വിരലുകളിൽ ആയി . നിറഞ്ഞുതുളുമ്പിയ അവളുടെ കണ്ണുകളിലേക്ക് പതിയെ ഇരുട്ടുകയറി . അവളുടെ ശരീരത്തിന് ഭാരം കുറയുന്നതായി അവളറിഞ്ഞു , പെട്ടെന്ന് അവൾ താഴേക്ക് പതിച്ചു . ( തുടരും ) ………….

by