രചന – ഭദ്ര രുദ്ര
ജനവാതിലിൽ നിന്ന് കർട്ടൻ മാറ്റിയപ്പോൾ പൊൻപുലരിയെ വരവേറ്റ് വരുന്ന സൂര്യപ്രകാശം നേരെ ശ്രുതിയുടെ മുഖത്തേക്ക് അടിച്ചു . വളരെ ശാന്തമായി ഉറങ്ങുന്ന അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുണങ്ങിന് കൊണ്ട് ഒരു കൈ കൊണ്ട് മുഖം പൊത്തി കിടന്നു . (ബെസ്റ്റ് ഇതാ ഇപ്പോ നന്നായത് , ഇന്ന് കോളേജിൽ പോകുന്ന ദിവസം ആയതുകൊണ്ട് നേരത്തെ എഴുന്നേൽക്കണം അമ്പലത്തിൽ പോകണം എന്നൊക്കെ പറഞ്ഞ ആളാണ് ഈ ചുരുണ്ടുകൂടി കിടക്കുന്നത് . മുഖത്ത് വെളിച്ചം അടിച്ചാൽ എങ്കിലും എഴുന്നേൽക്കുമെന്ന് കരുതിയിട്ടാണ് കർട്ടൻ മാറ്റിയത് . അപ്പൊ അവൾ അതാ കൈകൊണ്ട് മുഖം പൊത്തി ഉറങ്ങുന്നു . ഇനിയും നോക്കി നിന്നിട്ട് കാര്യമില്ല , ആർമി ആരോടെന്നില്ലാതെ പറഞ്ഞു . ) ” ശ്രുതി , എണീക്കാൻ നോക്ക് സമയം ആറുമണി കഴിഞ്ഞു .
” അവൻ അവളെ അടുത്തു നിന്നു വിളിച്ചു നോക്കി . അപ്പോൾ അവൾ ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടു . അത് കണ്ടതോടെ അഭിക്ക് മതിയായി . ” ശ്രുതി …….. ഒന്ന് എഴുന്നേൽക്ക് ” അഭി അവളെയൊന്നു തട്ടിവിളിച്ചു . ” ഒരു അഞ്ചു മിനിറ്റു കൂടി , പ്ലീസ് … ” അതും അവൾ കണ്ണു തുറക്കാതെ ആണ് പറഞ്ഞത് . അവളുടെ നിഷ്കളങ്കമായ സംസാരം കേട്ടവന് ചിരി വന്നെങ്കിലും അവൻ അവളെ വീണ്ടും തട്ടിവിളിച്ചു . അവൾക്ക് എഴുന്നേൽക്കാൻ ഒരു ഉദ്ദേശവും ഇല്ല എന്ന് തോന്നുന്നു . ഇവളെ ഇങ്ങനെയൊന്നും വിളിച്ചിട്ട് കാര്യമില്ല . അഭി നേരെ ബാത്റൂമിൽ നിന്നും ഒരു മഗ് വെള്ളം കൊണ്ടുവന്നു എന്നിട്ട് ശ്രുതിയുടെ മുഖത്ത് കുടഞ്ഞു .
മുഖത്ത് വെള്ളം വീണപാടെ അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു എന്നിട്ടെന്നെ ദേഷ്യത്തോടെ നോക്കി . അവളുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ വെള്ളത്തിനുപകരം അവളുടെ മുഖത്ത് ആസിഡ് ആണ് ഒഴിച്ചതെന്ന് . അവളുടെ മുഖത്തെ ദേഷ്യഭാവത്തിന് മാറ്റമൊന്നില്ലെന്ന് കണ്ടപ്പോൾ അഭി ഒന്ന് ശ്രുതിയെ നോക്കി വെടിപ്പായി ചിരിച്ചു കൊടുത്തു . അത് കണ്ട പാടെ ശ്രുതി അഭികൊണ്ട് വെച്ചിരുന്ന ഒരു മഗ് വെള്ളം മുഴുവൻ അവന്റെ മുഖത്തേക്ക് ഒഴിച്ചു . അവളിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ചെയ്തെങ്കിലും പിന്നെ ആണ് അവൾക്ക് ചെയ്തത് കൂടിപ്പോയി എന്ന് തോന്നിയത് . അവൾ അഭിയെ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു . പക്ഷെ അപ്പോഴേക്കും അവൻ അവളുടെ നേരെ വന്നിരുന്നു , അവൻ ആ മുറി മുഴുവൻ അവളെ ഇട്ട് ഓടിച്ചു . എന്തുവന്നാലും പിടി കൊടുക്കില്ല എന്ന മട്ടിൽ ശ്രുതിയും ഓടാൻ തുടങ്ങി .
ഓട്ടത്തിനിടയിൽ തറയിൽ അവൾ തന്നെ ഒഴിച്ച വെള്ളം അവൾ കണ്ടില്ല , പെട്ടെന്നാണ് അവൾ കാൽ വഴുതി വീഴാൻ പോയത് . അവളുടെ പിറകെ വന്ന അഭിയും വെള്ളത്തിൽ വഴുക്കി വീഴാൻ പോയി . അവൻ വേഗം ശ്രുതിയെ ചേർത്തു പിടിച്ചു . അവർ ഒരുമിച്ച് കട്ടിലിലേക്ക് പതിച്ചു . ശ്രുതിയുടെ മേലെയ്ക്കാണ് അഭി വീണത് . അപ്രതീക്ഷിതമായ വീഴ്ച ആയതിനാൽ ശ്രുതി ഒരു ഞെട്ടലോടെ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കി . അവനും അവളുടെ കണ്ണിലേക്ക് നോക്കി നിന്നു . അൽപനേരം അവർ അങ്ങനെ തന്നെ തുടർന്നു . പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ശ്രുതി അഭിയോട് ഒറ്റ പുരികം ഉയർത്തി എന്താ എന്ന് ആംഗ്യം കാണിച്ചു . അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് കണ്ണൂകൊണ്ട് തിരിച്ചും കാണിച്ചു . ” പിന്നെ എന്തു നോക്കിനിൽക്കുവാ , എന്റെ മേൽനിന്ന് ഒന്ന് എഴുനേൽക്കാൻ നോക്ക് ” പെട്ടെന്ന് ശ്രുതി അങ്ങനെ പറഞ്ഞപ്പോഴാണ് അവൻ അവളുടെമേൽ ആണ് കിടക്കുന്നത് എന്ന ബോധം അവന് ഉണ്ടായത് .
അവൻ പെട്ടെന്ന് തന്നെ അവളുടെ ദേഹത്തു നിന്നും എഴുന്നേറ്റു . ” അത് … അത് പിന്നെ ശ്രുതി അയാം സോറി . ഞാൻ സ്ലിപ്പായി പോയതാണ് ” ” മ്മ് ഇറ്റ്‌സ് ഓക്കേ , ഞാൻ ഒരു പാവം ആയതുകൊണ്ട് ക്ഷമിച്ചു . എന്റെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിൽ ആർമി ഇപ്പോൾ പീഡനശ്രമത്തിന് അഴി എണ്ണിയേനെ ” ശ്രുതിയിൽ നിന്നു അത്തരത്തിൽ ഒരു മറുപടി അഭി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അതുകൊണ്ടുതന്നെ അവൻ വായും പൊളിച്ച് അവളെ തന്നെ നോക്കി നിൽക്കുകയാണ് . അവന്റ വായും പൊളിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ ശ്രുതി പൊട്ടിച്ചിരിക്കാൻ തുടങ്ങി . അവളുടെ ചിരി കണ്ടപ്പോൾ ആണ് അവന് സമാധാനമായത് . ” നിന്ന് കിണിക്കാതെ പോയി കുളിക്കെടി പിശാചേ , നിനക്ക് അമ്പലത്തിൽ പോണ്ടേ ” ” അയ്യോ സമയം കുറേ ആയോ ” ” ഏയ് ഇല്ല ഇപ്പോൾ സൂര്യൻ ഉദിച്ചതേ ഉള്ളൂ ” ” എന്താ അഭിയേട്ടാ ഇത് , എന്നെ ഒന്ന് നേരത്തെ വിളിക്കണ്ടേ ? ”
” ഡി കുരുപ്പേ , ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് , രാവിലെ മുതൽ മനുഷ്യൻ നിന്നെ വന്നു വിളിക്കുവാ … അവളാണെങ്കിൽ ഇന്നു ഒടുക്കത്തെ ഉറക്കവും ” ” ഓ ഛെ , ഞാൻ ഇന്നലെ ഉറങ്ങാൻ ഒരുപാട് നേരം വൈകിയിരുന്നു . അതാണ് എഴുന്നേൽക്കാനും ലേറ്റ് ആയത് . ” ” എടി ഇനി കൂടുതൽ ലേറ്റാക്കാതെ പോയി കുളിക്കാൻ നോക്ക് ” ” ഓക്കേ … ജസ്റ്റ് ഫൈവ് മിനുട്സ് ” എന്നും പറഞ്ഞ് ശ്രുതി ബാത്റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു . ഈ പെണ്ണിന്റെ ഒരു കാര്യം ഇപ്പോഴും കൊച്ചുകുട്ടി ആണെന്നാണ് വിചാരം . അൽപസമയത്തിനുശേഷം ശ്രുതി കുളിച്ച് പുറത്തേക്കിറങ്ങി വന്നു . വന്നപാടെ അവൾ അലമാര തുറന്ന് ഓരോ ഡ്രസ്സ്ലേക്ക് മാറി മാറി നോക്കി , പെട്ടെന്നാണ് അന്ന് വാങ്ങിയ ദാവണി കണ്ണിൽ പെട്ടത് . പിന്നെ ഒട്ടും സമയം കളയാതെ അവൾ ദാവണിയുടുത്ത് അണിഞ്ഞൊരുങ്ങി വന്നപ്പോൾ ശരിക്കും നാട്ടിൻപുറത്തുകാരി കുട്ടിയായിരുന്നു . അവൾ അവളുടെ റൂമിൽ നിന്നും അഭിയുടെ റൂമിലേക്ക് ഇറങ്ങിയപ്പോഴാണ് അവൻ മാറ്റി നിൽക്കുന്നത് കണ്ടത് .
അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് അഭിയും അവൾ ധരിച്ചിരുന്ന ദാവണിയുടെ അതേ കളർ ഷർട്ട് തന്നെയായിരുന്നു ഇട്ടിരുന്നത് . ഇതെങ്ങനെ സംഭവിച്ചു , ഞാൻ ഈ കളർ ഇടുമെന്ന് അഭിയോടോ അഭി എന്നോടോ പറഞ്ഞിരുന്നില്ല . എന്നിട്ടും ഞങ്ങൾ മാച്ചായി . ” അഭി ” അവൾ അവന്റെ അടുത്തേക്ക് നിന്ന് പതിയെ വിളിച്ചു . അവൻ പതിയെ അവളെ തിരിഞ്ഞുനോക്കിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി . ശരിക്കും ഒരു അപ്സരസ്സ് അവന്റെ മുന്നിൽ വന്നു നില്ക്കുന്ന പോലെ അവന് തോന്നി . അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു . പിങ്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ഉള്ള ആ ഡ്രസ്സ് കണ്ടപ്പോൾ തന്നെ അവന് ഓർമവന്നു , അന്ന് ഷോപ്പിങ് മാളിൽ വെച്ച് താൻ അവളെ മനസ്സിൽ കരുതി സെലക്ട് ചെയ്ത അതേ ഡ്രസ്സ് . തന്റെ ഊഹം തെറ്റിയില്ല , അവൾ ആ ഡ്രസ്സിൽ എത്ര സുന്ദരിയായിരിക്കുന്നു . അവൻ കണ്ണിമചിമ്മാതെ അവളെയൊന്ന് അടിമുടി നോക്കി .
നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടും , വാലിട്ടെഴുതിയ ഉണ്ടകണ്ണും , വെള്ള കല്ലുവെച്ച മൂക്കുത്തി അണിഞ്ഞ നീണ്ട മൂക്കും , ഞാവൽ പഴം പോലെ ചുവന്നു തുടുത്തിരിക്കുന്ന ചുണ്ടുകളും , പവിഴം പോലെ തിളങ്ങുന്ന അവളുടെ കിന്നരി പല്ലുകളും , കാതിൽ വെള്ള കല്ലുവെച്ച വലിയ ജിമിക്കിയും , രണ്ടു കൈകൾ നിറയെ കുപ്പിവളകളും , മൊത്തത്തിൽ ശരിക്കും അടിപൊളി ആയിരിക്കുന്നു . ഇപ്പോൾ ശരിക്കും അവളെ കണ്ടാൽ ഒരു നാട്ടുമ്പുറത്തുകാരി പെൺകുട്ടിയാണെന്നേ തോന്നു . അഭിയുടെ കണ്ണെടുക്കാതെ ഉള്ള നോട്ടം കണ്ട് ശ്രുതി അവന്റെ നേർക്കുനേർ നിന്നു കൊണ്ട് അവന് നേരെ വിരൽ ഞൊടിച്ചുകൊണ്ട് ‘ എന്തേ ‘ എന്ന് കൈകൊണ്ട് ചോദിച്ചു . അപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത് . അവളെ നോക്കി ഒന്ന് ചിരിച്ചതിനുശേഷം ഒന്നുമില്ലെന്ന് തലയാട്ടി അവൻ പുറത്തേക്കിറങ്ങി . അവന് പിറകെ അവളും . ഇതേസമയം കൊട്ടാരത്തിലെ ഹാളിൽ അവിടുത്തെ അംഗങ്ങളെല്ലാം വന്നിരുന്നു സംസാരിക്കുകയായിരുന്നു .
അപ്പോഴാണ് വളരെ സന്തോഷത്തോടെ താഴേക്കിറങ്ങി വരുന്ന അഭിയെയും അവന്റെ പിറകിലായി വരുന്ന ശ്രുതിയെയും അവർ കണ്ടത് . ഒരു നിമിഷം ആ വീട്ടിലുള്ളവരും ആ കാഴ്ച കണ്ടു ഇമചിമ്മാതെ അവരെ തന്നെ നോക്കി നിന്നു . അപ്പോഴാണ് , അഭിയുടെ ആന്റി ആയ ശ്രീലക്ഷ്മി പറഞ്ഞത് : ” ശരിക്കും അവർ തമ്മിൽ നല്ല മാച്ച് ആണല്ലേ , അവരുടെ വരവ് കാണാൻ തന്നെ ഒരു ഐശ്വര്യം ഉണ്ട് ” ബാക്കിയുള്ളവരും അതിനെ ശരിവെച്ചുകൊണ്ട് തലയാട്ടി ചിരിച്ചു . എന്നാൽ അഞ്ജലിയും അവളുടെ അമ്മയും ആ കാഴ്ച ദേഷ്യത്തോടെ നോക്കി നിന്നു . താഴേക്ക് വന്ന ഉടനെ ഇരുവരും അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു . എന്നിട്ട് അവിടെയുള്ള എല്ലാവരോടുമായി പറഞ്ഞു . ” ഞങ്ങളൊന്ന് അമ്പലത്തിൽ പോയി വരാം ” അവരും ശരി എന്ന രീതിയിൽ ചിരിച്ചുകൊണ്ട് തലയാട്ടി . അത് കണ്ട ഉടനെ അഞ്ജലി കുശുമ്പ് ഇളകികൊണ്ട് അവരുടെ അടുത്തേക്ക് വന്നു . ” നിങ്ങൾ അമ്പലത്തിൽ പോവുകയാണോ ? ” ചെറിയ ഒരു നീരസത്തോടെ അവൾ ചോദിച്ചു .
” അതല്ലേ ഞാൻ ഇപ്പോൾ പറഞ്ഞത് ” അഭി കുറച്ച് കനത്തിൽ തന്നെ മറുപടി കൊടുത്തു . ” എന്നാൽ ഞാനും വരാം നിങ്ങളുടെ കൂടെ ” ” അത് വേണ്ട … നിനക്ക് അമ്പലത്തിൽ പോകണമെന്നുണ്ടെങ്കിൽ നിനക്ക് തനിച്ച് പോകാം . ഞങ്ങളുടെ കൂടെ വരണ്ട ” അഭിയിൽ നിന്നും അത്തരത്തിൽ ഒരു മറുപടി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത് അവളുടെ മുഖത്തെ വാട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം . ” നിങ്ങൾ കാറിൽ അല്ലേ പോകുന്നത് ? ” വീണ്ടും അവളുടെ അടുത്ത ചോദ്യം വന്നു . ” അത് അറിഞ്ഞിട്ട് എന്തിനാണാവോ ? ” ” ഇവിടെ ഇപ്പോൾ ഒരു കാറു മാത്രമേയുള്ളൂ ബാക്കിയെല്ലാം സർവീസിന് കയറ്റിയിരിക്കുകയാണ് . ആ കാർ നിങ്ങൾ കൊണ്ടുപോയാൽ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ഇവിടെ ഉള്ളവർ എന്ത് ചെയ്യും ? ” ഇവർക്ക് ഇനിയും മതിയായില്ലേ , എന്തൊരു കുശുമ്പ് ആണ് മനസ്സുനിറയെ . കഷ്ടം തന്നെ . ” അതിന് ഞങ്ങൾ കാറിൽ ആണ് പോകുന്നതെന്ന് നിന്നോട് ആരു പറഞ്ഞു ? ” ” അപ്പോൾ കാറിൽ അല്ലേ നടന്നുപോകാൻ ആയിരിക്കും പരിപാടി ” അവൾ വീണ്ടും അഭിയേട്ടനെ ചൊറിയാൻ വന്നു .
” അല്ല ഞങ്ങൾ വണ്ടിയിൽ തന്നെയാണ് പോകുന്നത് ” എന്നുപറഞ്ഞുകൊണ്ട് അഭിയേട്ടൻ വീടിനു പുറകിലുള്ള പഴയ ഷെഡ്ലേക്ക് പോയി . അവിടെ ഇപ്പൊ എന്താ ഉള്ളത് എന്ന രീതിയിൽ എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിന്നു . പെട്ടെന്നാണ് അതിനുള്ളിൽ നിന്നും അഭിയേട്ടൻ തന്റെ പടക്കുതിര യുമായി കുതിച്ചു വന്നത് . അതാണ് അഭിയേട്ടന്റെ ബുള്ളറ്റ് . അതു കണ്ടപാടെ സീതമ്മ ചിരിക്കാൻ തുടങ്ങി . ബുള്ളറ്റ് പണ്ടുതൊട്ടേ ഇഷ്ടം ആയിരുന്നെങ്കിലും പെട്ടെന്ന് അതും കൊണ്ട് അഭിയേട്ടൻ വന്നപ്പോൾ കയറാൻ മനസ്സിൽ ഒരു ചെറിയ മടി . പക്ഷേ ബുള്ളറ്റും കൊണ്ടുള്ള അഭിയേട്ടന്റെ ആ വരവ് ശരിക്കും അഞ്ജലിക്ക് ഒരു അടി കിട്ടിയത് പോലെ തന്നെയായിരുന്നു . എന്റെ അടുത്ത് അഭിയേട്ടൻ ബുള്ളറ്റ് കൊണ്ടു നിർത്തിയ ഉടൻ ഞാൻ ആദ്യം കയറാൻ ഒന്ന് മടിച്ചു നിന്നപ്പോൾ ശ്രീലക്ഷ്മി ആന്റി എന്നോട് കയറാൻ പറഞ്ഞു . മടിച്ചുമടിച്ച് ഞാനങ്ങനെ അഭിയേട്ടന്റെ ബൈക്കിനു പിറകിൽ കയറി .
വണ്ടിയിൽ കയറിയ ഉടനെ ഞാൻ അഭിയേട്ടനിൽ നിന്നും ഒരല്പം ഗ്യാപ് ഇട്ടു ഇരുന്നു . ഞാൻ ഹാഫ് സാരീ ഉടുത്ത് ബൈക്കിൽ സൈഡ് ഇരിക്കുന്നത് ആദ്യമായാണ് . അതുകൊണ്ടുതന്നെ പേടിച്ചു വിറച്ചുകൊണ്ട് ഉള്ള എന്റെ ഇരുത്തം കണ്ട് അഭിയേട്ടൻ ബൈക്കിന്റെ മിററിലൂടെ എന്നെ നോക്കി ചിരിച്ചു . ശ്രീമംഗലം വീടിന്റെ മുറ്റത്തു നിന്ന് ഞങ്ങളുടെ ബുള്ളറ്റ് കുതിച്ചു കൊണ്ട് ഗേറ്റ് കടന്നു പുറത്തുപോയ ഉടൻതന്നെ രണ്ട് കാർ ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിച്ചു . കാറ്റിനെ വകഞ്ഞു മാറ്റി കൊണ്ട് ബുള്ളറ്റ് കുതിച്ചു പാഞ്ഞു . അതിരാവിലെ തന്നെ പോയതിനാൽ റോഡുകളെല്ലാം വിജനമായിരുന്നു . ഞങ്ങളുടെ ബുള്ളറ്റ് നേരെ ചെന്ന് നിന്നത് തൃക്കണ്ണൂർ ഉമാമഹേശ്വര ക്ഷേത്രത്തിനു മുന്നിലാണ് . നേരെ മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന കൽപ്പടവുകൾ അതിനു മുകളിലാണ് ഉമാമഹേശ്വര ക്ഷേത്രം . ഞാനും അഭിയേട്ടനും ചേർന്ന് പൂജയ്ക്കുള്ള സാധനങ്ങൾ വാങ്ങി നേരെ അമ്പലത്തിലേക്ക് നടന്നു .
അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു . ഞങ്ങളിരുവരും വഴിപാട് കൗണ്ടറിൽ ചെന്ന് എന്റെ പേരിൽ ശത്രുസംഹാര മുട്ടും വിദ്യാ മുട്ടും അഭിയേട്ടന്റെ പേരിൽ ശത്രുസംഹാരം മുട്ടും ദേഹ മുട്ടും പിന്നെ ശ്രീമംഗലം കുടുംബക്കാരുടെ പേരിൽ ശത്രുസംഹാര മുട്ടും പ്രത്യേകം പുഷ്പാഞ്ജലിയും കഴിപ്പിച്ചു . അമ്പലത്തിലെ പൂജാരി പൂജാതട്ടിൽ കുങ്കുമവും മുല്ലപ്പൂവും ഞങ്ങൾക്ക് തന്നതിനുശേഷം, കുങ്കുമം പരസ്പരം നെറ്റിയിൽ തൊട്ടു കൊടുക്കാനും മുല്ലപ്പൂവ് എന്നോട് തലയിൽ ചൂടാനും പറഞ്ഞു . അദ്ദേഹം പറഞ്ഞതുപോലെ തന്നെ ഞങ്ങളിരുവരും അനുസരിച്ചു . പ്രസാദവും വാങ്ങി അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങുമ്പോഴാണ് അമ്പലത്തിലെ കൽപ്പടവിൽ ഇരിക്കുന്ന കൈനോട്ടക്കാരി പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ ഇരുവരെയും മാടി വിളിച്ചത് . ഇതിപ്പോൾ എന്തിനാണാവോ എന്ന രീതിയിൽ ഞങ്ങളിരുവരും അവരുടെ അടുത്തേക്ക് നീങ്ങി .
” കൈ നോക്കി ലക്ഷണം സൊല്ലട്ടുമാ ” ഓ അപ്പോ ഇതിനായിരുന്നോ അവർ വിളിച്ചത് . അവരോട് സംസാരിച്ച് ആർമി ആയിരുന്നു . ഞാൻ അവരെ നോക്കി മൗനമായ് ഒന്നു ചിരിക്കുക മാത്രം ചെയ്തു . അപ്പോൾ അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചു നില്ക്കുകയായിരുന്നു . ” അയ്യോ എന്റെ പൊന്നു ചേച്ചി വേണ്ട ” ” അമ്മാ ഉങ്കളെ രണ്ടുപേരെയും പാക്കുമ്പോത് അപ്പടിയെ അന്ത ശിവപാർവതിയെ പാക്കും പോലിറുക്ക് . ” അവർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു . അഭിക്ക് പണ്ടുതൊട്ടേ തമിഴ് അലർജി ആയതിനാലും അവർ പറഞ്ഞത് മുഴുവനായി മനസ്സിലാവാത്തതിനാലും പാവം ആർമി അവരുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കുകയാണ് . ” ശ്രുതി ഇവരിത് എന്ത് തേങ്ങയാ പറയുന്നത് ? ” അഭി പതിയെ അവർ കേൾക്കാത്ത വിധം എന്റെ ചെവിയുടെ അടുത്തേക്ക് വന്നു ചോദിച്ചു .
” അവര് പറയുവാ , നമ്മളെ കാണുമ്പോൾ ശിവ പാർവ്വതിയെ പോലെ ഉണ്ടെന്ന് ” ” ആ എന്നിട്ട് ബാക്കി പറ ” അവരുടെ ഡയലോഗ് കേട്ടതോടെ നമ്മുടെ ആർമി ഫ്ലാറ്റ് ആയെന്ന് തോന്നുന്നു . അത് അവർക്കൊരു വളമായതുപോലെ അവർ ഒന്നുകൂടി ഉഷാറായി സംസാരിക്കാൻ തുടങ്ങി . എനിക്കതിലൊന്നും താൽപര്യമില്ലെന്ന മട്ടിൽ നിന്നപ്പോൾ അവരെന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി . ” മുഖം നോക്കി ലക്ഷണം പറയും , കൈരേഖ നോക്കി ഭാവി പറയും എല്ലാം പറയും വരൂ . അമ്മാ ഇതു വന്ത് അന്ത കടവുളുടെ അനുഗ്രഹം . മായമില്ല മന്ത്രമില്ല നേര് മാത്രം പറയൂ . ” അവരുടെ സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് അതിലൊന്നും വിശ്വാസം ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോകാൻ തുടങ്ങി : ” പേരിനും പ്രൗഢിയും ഉച്ചസ്ഥായിയിൽ ജനനം എന്നാൽ ഒരു പേരിനുപോലും ആരുമില്ലാതായി . നിന്നമ്മയുടെ സ്ഥാനം ശൂന്യമാണ് . അച്ഛനെന്നൊരാൾ പേരിനുമാത്രം . എവിടെ ചെന്നാലും ശത്രുവിനെ നേടിയെടുക്കും ” പെട്ടെന്ന് അവരങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ മുന്നോട്ടു ചലിച്ചിരുന്ന എന്റെ കാലുകളും അവിടെത്തന്നെ തറഞ്ഞു നിന്നു .
ഞാൻ പ്രതി അവർക്കുനേരെ മുന്നിലായിരുന്നു . ” എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ വളരേണ്ടി വന്നവൾ , താരാട്ടു പാടുവാൻ അമ്മയില്ല . നെഞ്ചോട് ചേർക്കുവാൻ ആരുമില്ല . അഗ്നി പോലൊരു ഭയം ഉള്ളിൽ ഉണ്ട് . ഉള്ളിലെ ദുഃഖവും ഭയവും കോപത്തിന്റെ രക്ഷാകവചമായി മാറ്റിയവൾ . ആരുമില്ലന്നൊരു ചിന്ത വേണ്ട , ചുറ്റുമുള്ളതെല്ലാം സ്വന്തം തന്നെ , കൂടി നിൽക്കുന്നവർ ബന്ധം തന്നെ , നിന്റെ രക്ഷകവചം നിന്നിൽ തന്നെയുണ്ട് . നിനക്കായിനിനക്കുള്ള സംരക്ഷണവുമായി നിൻ നേർപാതി നിനക്കരികിലുണ്ട് . നീ അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം ” അത്രയും പറഞ്ഞുകൊണ്ട് അവർ അഭിയെ നോക്കി. ” സീതയെപ്പോലെ നിന്നെ ഉപേക്ഷിക്കാൻ അവൻ രാമനല്ല , നിനക്കായി അന്ത്യംവരെ പോരാടുന്ന രാവണനാണ് . എന്നാലും , നീ അവനിൽ നിന്നും അകന്നിരിക്കും സതീ ശിവനിൽനിന്ന് അകന്നതുപോലെ കാരണക്കാരൻ നിന്റെ പിതാശ്രീയും . എന്നാൽ ആ അകൽച്ചയും മറികടന്നു നിങ്ങൾ വീണ്ടുമൊന്നിക്കും സാക്ഷാൽ പാർവതി ശിവനിൽ ലയിച്ചത് പോലെ .
നിങ്ങളുടെ സംഗമം തടയാൻ പ്രപഞ്ചത്തിൽ ഒരു ശക്തിക്കും കഴിയില്ല . ദൈവാനുഗ്രഹം വേണ്ടുവോളമുണ്ട് ഇരുവർക്കും . ” കണ്ണുകൾ അടച്ച് വീണ്ടും എന്തൊക്കെയോ പറയാൻ തുടങ്ങി . ” ശത്രുവാര് മിത്രം ആര് എന്ന് നീ തിരിച്ചറിയുന്നില്ല . ശത്രുവായി കണ്ടു നീ അകറ്റി നിർത്തിയവൻ നിൻ മിത്രം തന്നെ . മിത്രമായി നീ ചേർത്തുനിർത്തിയവൻ നിൻ ശത്രു തന്നെ . ഒരുനാൾ നീ എല്ലാം തിരിച്ചറിഞ്ഞിടും ” അത്രയും പറഞ്ഞ് ദക്ഷിണ പോലും വാങ്ങാതെ അവർ ദൂരേക്ക് നടന്നകന്നു . ഒരു പ്രതിമ കണക്കിന് ശ്രുതി അവരെ തന്നെ നോക്കി നിന്നു . ” മതിയെടോ അവരെ നോക്കി ലൈൻ അടിച്ചത് നമുക്ക് വീട്ടിൽ പോകണ്ടേ ” പെട്ടെന്നുള്ള അഭിയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത് . അങ്ങനെ ഞങ്ങൾ ഇരുവരും അമ്പലത്തിൽ നിന്നും വേഗത്തിൽ ഇറങ്ങി . അമ്പലത്തിൽ നിന്നും തിരികെ വരുമ്പോൾ ഞാൻ മൗനത്തിന്റെ ആവരണം അണിഞ്ഞിരുന്നു .
എന്റെ മൗനം കണ്ടിട്ടാവണം അവൻ പെട്ടെന്ന് ബൈക്കിന്റെ സ്പീഡ് കൂട്ടി , എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിലായിരുന്നു എന്റെ ഇരുത്തം . വീട്ടിലെത്തുന്നത് വരെ ഞാൻ അതെ ഇരുപ്പ് ഇരുന്നു . ഞങ്ങളുടെ ബുള്ളറ്റ് ഗേറ്റു കടന്നു ശ്രീമംഗലത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങൾ കണ്ടു ദൂരെ നിർത്തിയിട്ടിരിക്കുന്ന കാറുകൾ . ആ കാർ കണ്ട ഉടനെ അഭി ബൈക്ക് വേഗം സൈഡ് ഒതുക്കി എന്നെയും കൂട്ടി വീടിനുള്ളിലേക്ക് വേഗത്തിൽ കയറി . അകത്തു ഉണ്ടായിരുന്ന ആളുകൾ എന്റെയും അഭിയുടെയും വരവ് കണ്ടു ഇരിക്കുന്നിടത്ത് നിന്നെഴുന്നേറ്റു നിന്ന് ഞങ്ങളെ ഇതുവരെയും മാറിമാറി നോക്കി . ( തുടരും )…….

by