രചന – ഭദ്ര രുദ്ര
ശ്രുതി നീയെനിക്കെപ്പോഴും ഒരു ചോദ്യ ചിഹ്നമായിരുന്നു . അയക്കാൻ ശ്രമിക്കുന്തോറും വീണ്ടും കെട്ടി കുടുങ്ങുന്ന ഒരു കടങ്കഥ പോലെയാണെന്ന് സാരം . പക്ഷേ ഇന്നല്ലെങ്കിൽ മറ്റൊരു നാൾ നീയെന്ന കടംകഥയെ ഞാൻ പൂർണമായി മനസ്സിലാക്കുക തന്നെ ചെയ്യും . നിന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എനിക്കറിയണം . ഇനി അതിനായി കാത്തിരിക്കാൻ ഞാൻ തയ്യാറല്ല . കണ്ടുപിടിക്കും ഞാൻ നിന്റെ എല്ലാ പ്രശ്നങ്ങളും . അത്രയും പറഞ്ഞ് ഒരു ദൃഢനിശ്ചയത്തോടെ ആർമി അവളുടെ റൂമിൽ നിന്നും ഇറങ്ങി പോയി . പിറ്റേദിവസം ബംഗ്ലാവിൽ നേരം പുലർന്നത് തന്നെ ഒരു അതിഥി യുടെ വരവോട് കൂടിയാണ് . രാവിലെ തന്നെ ബംഗ്ലാവിന്റെ കോളിംഗ് ബെല്ല് ശബ്ദിക്കാൻ തുടങ്ങി . പവിഴം ആണ് വാതിൽ തുറന്നത് , തനിക്കു മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും പവിഴം ആദ്യമൊന്നു ഞെട്ടിയെങ്കിലും ഒരു ചെറുപുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു കൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു .
അത് വേറെ ആരും ആയിരുന്നില്ല , ശങ്കുണ്ണി നായർ ആയിരുന്നു . ആർമിയുടെ കുടുംബ കാര്യസ്ഥൻ . അയാൾ അകത്തേക്ക് കയറിയ ഉടൻ പവിഴം രക്ഷപ്പെടാൻ എന്നോണം വേഗം അടുക്കളയിൽ കയറാൻ തുടങ്ങിയതും , ശങ്കുണ്ണിനായർ തടഞ്ഞു . ” പവിഴം ഒന്ന് നിന്നേ , ” ” എന്താ സാറേ ” ” ഞാൻ കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിരുന്നോ ? ” ” ആ ….. ” ” എന്താ പറഞ്ഞത് ? ” ” അത് …. അതുവന്ത് ” ” ഏതുവന്തു ? ” ” അഭി കുഞ്ഞിനി ഇവിടേക്ക് വന്നാൽ അവിടെയുള്ളവരെ വിളിച്ചറിയിക്കണം എന്ന് ” ” എന്നിട്ട് നിങ്ങൾ അതു പോലെ ചെയ്തോ ? ” ” ഇല്ല ” ” അതെന്തേ ? ” ” അങ്ങനെ പറഞ്ഞാൽ , അഭി സാർ ഇവിടെ നിന്ന് ഇറങ്ങി പോകുമെന്ന് കരുതിയിട്ടാണ് ഞങ്ങൾ ഒന്നും പറയാതിരുന്നത് ” ” അത് ശരി അങ്ങനെയാണോ , അപ്പോ ആ പെൺകുട്ടിയുടെ കാര്യമോ ? ”
” ഏതു പെൺകുട്ടി ? ” ” നിന്റെ അഭി സാറു ആരും അറിയാതെ ഇവിടെ കൊണ്ട് താമസിപ്പിച്ചിരിക്കുന്ന ആ പെൺകുട്ടി ” ” അതോ …. അവ വന്ത് ശ്രുതി ” ” അവനും അവളും തമ്മിൽ എന്താ ബന്ധം ” ” ഫ്രണ്ട്സ് ” ” മിണ്ടരുത് നിർത്തിക്കോ , വെറും ഫ്രണ്ട്സ് ആയിട്ടാണോ അവൻ അവളെ കൊണ്ടുവന്നത് , ഇപ്പോൾ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നത് ? ” ” അതൊരു പാവം കുട്ടിയാണ് ” ” വിശദീകരണം ഞാൻ ചോദിച്ചില്ല ” ” സാർ എങ്കിലും മനസ്സിലാക്കണം , അഭി സാറിന്റെ തറവാട്ടിൽ ഉള്ളവർ അറിഞ്ഞാൽ പ്രശ്നം ആകും എന്ന് കരുതിയാണ് ഞങ്ങൾ ഒന്നും പറയാതിരുന്നത് ” ” ഇപ്പൊ അവരറിഞ്ഞില്ലേ … അഭിയെ കൂട്ടിക്കൊണ്ടുപോകാൻ ആണ് ഞാൻ വന്നത് . അവൻ എവിടെ ? ” ” അമ്പലത്തിൽ പോയതാണ് ” എന്തോ അത്ഭുതം കേട്ടതുപോലെ വിശ്വസിക്കാനാവാതെ അയാൾ പവിഴ ത്തിന്റെ മുഖത്തേക്ക് നോക്കി .
” എന്ത് ????????? അമ്പലത്തിലോ ? ” ” അതെ , ശ്രുതി കുഞ്ഞിന്റെ കൂടെ അമ്പലത്തിൽ അതിരാവിലെ പോയതാണ് . ഏകദേശം ഇപ്പോൾ തിരിച്ചു വരാൻ സമയമായി ” ” അവന് ഇത്തരം മാറ്റങ്ങൾ അവൾ വന്നതിനുശേഷമാണോ ഉണ്ടായത് ? ” ” സത്യം പറഞ്ഞാൽ അത് തന്നെയാണ് ശരി . ശ്രുതി വന്നതിനുശേഷം ആണ് അഭി സാർ ശരിക്കും ചിരിച്ചു കണ്ടത് ” ” മം മതി മതി , എന്നാൽ ചിരിയൊക്കെ നിൽക്കാൻ പോവാ , അഭിയെ കൊണ്ടുപോകാനാണ് ഞാൻ വന്നത് . നീയും മുരുകനും ഇന്നലെ അവളെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാനത് അഭിയുടെ തറവാട്ടിൽ വിളിച്ചറിയിച്ചിരുന്നു . അവന്റെ വീട്ടുകാരാണ് അവനെ വേഗംകൂട്ടി ചെല്ലാൻ പറഞ്ഞത് ” ശങ്കുണ്ണിനായരിൽ നിന്നും അത്തരത്തിൽ ഒരു വാർത്ത കേട്ടപ്പോൾ പവിഴ ത്തിന് വല്ലാത്ത സങ്കടം തോന്നി . – –
അമ്പലത്തിൽ അധികം ആൾ തിരക്കൊന്നും ഉണ്ടായിരുന്നില്ല . ശരിക്കും കുന്നിൻമുകളിലുള്ള ഈ അമ്പലത്തിൽ ഇവിടത്തെ നാട്ടുകാരെ വരാറുള്ളൂ . ശരിക്കും അമ്പലം ഒരു ഗുഹാക്ഷേത്രം പോലെ തോന്നിക്കും . അമ്പലത്തിലെ പ്രവേശന കവാടത്തിനു മുന്നിൽ ഒരു വലിയ മണിനാദം കെട്ടി തൂക്കിയിട്ടുണ്ട് . ആ മണി നാദത്തിന്റെ ശബ്ദം അമ്പലത്തിൽ മൊത്തത്തിൽ പ്രകമ്പനം കൊള്ളുന്നു . സംഹാര രൂപിയായ കാട്ടമ്മയാണ് അവിടുത്തെ മൂർത്തി . എന്തു സങ്കടവും മനമുരുകി പറഞ്ഞാൽ തീർത്തു തരുന്ന നാട്ടുകാരുടെ പ്രിയ അമ്മ . അഭിയും ശ്രുതിയും അമ്പലത്തിലെ പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശ്രുതി അവിടെത്തന്നെ നിന്നത് . ” അഭിയേട്ടാ ” ” എന്താ ശ്രുതി ? ” ” ശരിക്കും ഈ കാട്ടമ്മയ്ക്ക് ശക്തി ഉണ്ടോ ? ” ” ഉണ്ട് , അത് പലരുടെ അനുഭവത്തിൽനിന്നും തെളിഞ്ഞതാണ് ” ” എനിക്ക് നേരിട്ട് ബോധ്യപ്പെട്ടാൽ മാത്രമേ ഞാൻ അത് വിശ്വസിക്കു ”
” എന്നാൽ നീ മനസ്സുരുകി എന്തെങ്കിലും പ്രാർത്ഥിക്ക് , നിന്റെ ഉള്ളിൽ കള്ളം ഇല്ലെങ്കിൽ , നീ പ്രാർത്ഥിക്കുന്നതു ആത്മാർത്ഥമായി ആണെങ്കിൽ കാട്ടമ്മ നിന്റെ പ്രാർത്ഥന കേൾക്കും ” ” അങ്ങനെയാണോ , എങ്കിൽ ഞാൻ പ്രാർത്ഥിക്കാം ” ശ്രുതിയും അഭിയും കാട്ടമ്മയുടെ വലിയ ശിലയ്ക്ക് മുന്നിലായി കൂപ്പുകൈകളോടെ നിന്നു . അവർ ഇരുവരും കണ്ണുകൾ അടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി . * ” എന്റെ ദേവി , എന്റെ അമ്മയുടെ മരണശേഷം ഒരു ലക്ഷ്യവുമായാണ് ഞാൻ ഈ നാട്ടിൽ വന്നത് . പക്ഷേ ഇന്നേവരെ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല . എന്റെ ലക്ഷ്യം നല്ലതാണ് , എന്നാൽ ലക്ഷ്യത്തിലേക്കുള്ള മാർഗം നീയാണ് കാണിക്കേണ്ടത് . ഞാനെന്റെ ലക്ഷ്യത്തിൽ എത്തുന്നത് വരെ എന്റെ മനസ്സ് പതറാതെ നോക്കണേ , എന്നെ എന്റെ ലക്ഷ്യത്തിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കണേ ” * ” കാട്ടമ്മേ , ശ്രുതി എന്താണോ പ്രാർത്ഥിക്കുന്നത് അത് നടത്തി കൊടുക്കണെ , ഞാൻ ഇപ്പോൾ ചോദിക്കാൻ പോകുന്നത് കുറച്ചു സെൽഫിഷ് ആണ് , എന്നാലും വളരെയധികം ആത്മാർത്ഥമായി തന്നെ ചോദിക്കുവാ , അവൾ എന്നും സന്തോഷവതിയായി എന്റെ കൂടെ തന്നെ ഉണ്ടാകണം .
ഞങ്ങളെ അകറ്റാൻ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാധിക്കരുത് . ” ഇരുവരും മനസ്സിൽ കാട്ടമ്മയെ പ്രാർത്ഥിച്ച തിനുശേഷം , അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി . ” ശ്രുതി , ഞാനൊരു കാര്യം ചോദിക്കട്ടെ ” ” എന്തിനാ ആർമി ഇത്തരം ഫോർമാലിറ്റീസ് , നേരിട്ട് ചോദിച്ചാൽ പോരേ ” ” എന്നാൽ ശരി നേരിട്ട് തന്നെ ചോദിക്കാം , നീയെന്താ കാട്ടമ്മയോട് ചോദിച്ചത് ? ” ” അതോ … അത് ഒരു സൂത്രം ചോദിച്ചതാ , അതെന്തായാലും ഇപ്പോൾ പറയില്ല ” ” ഹോ ആയിക്കോട്ടെ , ഞാനും ഒരുകാര്യം ചോദിച്ചിട്ടുണ്ട് , അതെന്താണെന്ന് ഞാനും പറയില്ല ” ” ആർമി , താനെന്തിനാ വീടുവിട്ടു വന്നത് ? ” ” അത് …… അത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ” ” അത് എന്താണെന്നാണ് ഞാൻ ചോദിച്ചത് ” ” പ്രശ്നം എന്താണെന്ന് പറഞ്ഞാൽ സോൾവ് ചെയ്യാൻ നീ കൂടെ നിൽക്കുമോ ? ” ” യെസ് ” ” ഉറപ്പാണോ ? ” ” ആടോ …. എനിക്ക് വേണ്ടി എന്തെല്ലാം ചെയ്തിരിക്കുന്നു താൻ , തനിക്ക് വേണ്ടി ഒരു ചെറിയ കാര്യം പോലും ഞാൻ ചെയ്യില്ല എന്നാണോ ? ” ” എന്നാൽ പറയാം , വേറൊന്നുമല്ല , എന്റെ അങ്കിളിന്റെ മകളുമായി എന്റെ വിവാഹം നടത്താൻ ഞങ്ങളുടെ വീട്ടുകാർ ചെറുതായി ഒന്നു പ്ലാൻ ചെയ്തു വന്നു . അപ്പോൾ തന്നെ ഞാൻ ആ പ്ലാൻ ഉടച്ച് കയ്യിൽ കൊടുത്തു . ”
” ആഹാ ബെസ്റ്റ് , അല്ല ഈ മുറപ്പെണ്ണിനെ കെട്ടുന്നതൊക്കെ കുറച്ചു പഴഞ്ചൻ ഏർപ്പാട് ആണല്ലോ ” ” അതേലോ , ഞങ്ങളുടെ തറവാട്ടിൽ വർഷങ്ങളായി കാരണവന്മാർ നടത്തിവരുന്ന ഒരു ആചാരമാണിത് , അവിടെ ജനിക്കുന്ന അടുത്ത തലമുറയെ ആ കുടുംബത്തിൽ ഉള്ളവരെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുക ” ” നല്ല ബുദ്ധിയുള്ള കാരണവന്മാർ ആണല്ലോ ” ” അതെന്താടോ താൻ അങ്ങനെ പറഞ്ഞത് ? ” ” ആർമിക്ക് ശരിക്കും മനസ്സിലായില്ലേ എന്തിനാണ് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് ? ” ” ഇല്ല …. എന്തിനാ ? ” ” പാരമ്പര്യമായി കൈവശം വെച്ചു വരുന്ന സ്വത്ത് കൈവിട്ടു പോകാതിരിക്കാൻ . അതായത് , യുഗയുഗാന്തരങ്ങളായി കാരണവന്മാർ കൈമാറിവരുന്ന അമൂല്യ വസ്തുക്കളും , തറവാട്ട് വക സ്വത്തുക്കളും മറ്റു വസ്തുവകകളും പുറത്തുള്ളവർ കൈക്കലാക്കാതിരിക്കാനും അവ കൈമോശം വരാതിരിക്കാനും , തറവാട്ടിൽ ഉള്ളവർ തമ്മിൽ വിവാഹം നടന്നാൽ സ്വത്തു പുറത്തുപോകില്ല എന്നതിനാലും ആണ് പണ്ടുള്ളവർ മുറ പെണ്ണിനെ കൊണ്ട് വിവാഹം നടത്തുന്നത് അഥവാ കുടുംബത്തിൽ നിന്നുതന്നെ പെണ്ണ് എടുക്കുന്നത് . ”
” ഞാൻ ഇത്രയൊന്നും ആലോചിച്ചിരുന്നില്ല , നീ ആള് കൊള്ളാമല്ലോ ശ്രുതി . വിദേശത്ത് ജനിച്ചു വളർന്ന നിനക്ക് ഇത്തരം നാട്ടറിവ് ഒക്കെ ഉണ്ടോ ? ” ” ഉണ്ട് . എന്റെ അമ്മ ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായ അന്തർജ്ജനം ആയിരുന്നു , അതുകൊണ്ടുതന്നെ ഇത്തരം ആചാരാനുഷ്ഠാനങ്ങൾ അമ്മയുടെ തറവാട്ടിലും ഉണ്ടായിരുന്നു . ഇതൊക്കെ എന്റെ അമ്മയുടെ ഡയറിയിൽ നിന്ന് ആണ് എനിക്ക് മനസ്സിലായത് ” ” ആഹാ , അപ്പോൾ തന്റെ അമ്മ കല്യാണം കഴിച്ചത് ഈ ആചാരപ്രകാരം ആണോ ? ” ” അല്ല ” ” പിന്നെ ? ” ” എന്റെ അമ്മയുടെ ലവ് മാരേജ് ആയിരുന്നു ” ” എന്നിട്ടാണോ നിനക്ക് നിന്റെ പപ്പയെ ഇഷ്ടമല്ലാത്തത് ” ആർമി അത് ചോദിച്ചതും ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി , അത് കണ്ട ഉടനെ ആർമി വേഗം വിഷയം മാറ്റി . ” അല്ല ശ്രുതി , എന്റെ പ്രശ്നം ഞാൻ മുഴുവൻ പറഞ്ഞില്ലല്ലോ . ഞാൻ പറയട്ടെ ” ” മ്മ് ” ” എന്റെ അങ്കിളിന്റെ മകളാണ് അഞ്ചു . അത്യാവശ്യം പൈസ ഉള്ള ടീം ആണ് . അതിന്റേതായ എല്ലാ അഹങ്കാരവും അവൾക്കുണ്ട് .
ഞങ്ങളുടെ ഫാമിലിയിൽ ഒരുപാട് കസിൻസ് ഉണ്ട് . കൂടുതൽ പെൺകുട്ടികളും എന്റെ അനിയത്തിമാരുടെ പ്രായമായിട്ടാണ് വരുക . പിന്നെയുള്ളത് അഞ്ജുവാണ് . അതുകൊണ്ടുതന്നെ , അവളുടെ പാരൻസ് ആണ് ഈ പ്രൊപ്പോസലുമായി ഞങ്ങളുടെ അടുത്തേക്ക് വന്നത് . തറവാട്ടിലെ മൂത്ത കാരണവർ മാർക്ക് എല്ലാം ഇതിൽ പൂർണ്ണസമ്മതം ആയിരുന്നു . അതുകൊണ്ടുതന്നെ എന്റെ അമ്മയ്ക്കും പപ്പയ്ക്കും അതിനു സമ്മതിക്കേണ്ടിവന്നു . പക്ഷേ ഞാൻ ഇപ്പോഴും അതിനെതിരാണ് . അതുകൊണ്ടാണ് ഞാൻ വീട് വിട്ടു ഇറങ്ങി വന്നത് . ഇനി താൻ പറ എന്താ തന്റെ അഭിപ്രായം ” ” ഞാൻ പറഞ്ഞാൽ അഭിയേട്ടൻ കേൾക്കുമോ ? ” ” ഏറെക്കുറെ 😉 … എന്താ നീ പറയാൻ പോകുന്നത് ? ദൈവത്തെ ഓർത്ത് അഞ്ജുവിനെ സ്വീകരിക്കാൻ പറയരുത് ” ” ഒരിക്കലുമില്ല . ജീവിതം ഒന്നേയുള്ളൂ , അതു നമ്മളെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ആൾക്കുവേണ്ടി വേണം ജീവിക്കാൻ . അല്ലാതെ കുടുംബക്കാരുടെ തൃപ്തിക്ക് വേണ്ടി അല്ല . അഭിയേട്ടൻ ലൈഫിൽ അങ്ങനെ ഒരാൾ വന്നിട്ടില്ലെങ്കിൽ അങ്ങനെ ഒരാൾ വരുന്നത് വരെ കാത്തു നിൽക്കണം . ”
” ഞാൻ എത്ര കാലം വേണമെങ്കിലും കാത്തുനിൽക്കാൻ തയ്യാറാണ് . പക്ഷേ എന്റെ വീട്ടുകാർ ആണ് പ്രശ്നം ” ” അവരെയൊക്കെ നമുക്ക് ഒതുക്കാം , എന്തിനും ഏതിനും ഞാൻ കൂടെയുണ്ടാകും നല്ല കട്ട സപ്പോർട്ട് മായി . ” ” ഉറപ്പാണോ ? ” ” ഞാനല്ലേ പറയുന്നത് 🙂 . ” ” എന്നാൽ ശരി വേഗം വാ വീട്ടിലെത്താൻ ആയി . അല്ല , ശ്രുതി ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ ? ” ” എന്താ അഭിയേട്ടാ ? ” ” നീ മുരുകണ്ണനോടും പവിഴത്തോടും എന്താ പറഞ്ഞത് ? ” ഞാൻ പെട്ടെന്ന് അവളുടെ മുഖത്തുനോക്കി അത് ചോദിച്ചപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി മുഖം തിരിച്ച് . വീണ്ടും ഞാൻ എന്റെ ചോദ്യം ആവർത്തിച്ചപ്പോൾ അവൾ എനിക്ക് നേരെ നിന്ന് ചിരിക്കാൻ തുടങ്ങി . ” അതോ ….. അത് അവർ എന്നോട് ചോദിച്ചു നമ്മൾ തമ്മിൽ എന്താണെന്ന് ? ” ” എന്നിട്ടും നീ എന്ത് മറുപടിയാണ് പറഞ്ഞത് എന്നാണ് എനിക്ക് അറിയേണ്ടത് ? ” ” ഞാൻ ഒന്നും പറഞ്ഞില്ല , അപ്പൊ പവിഴ വീണ്ടും എന്നോട് ഒരു കാര്യം കൂടി ചോദിച്ചു ” ” എന്തുകാര്യം ? ” ” നമ്മൾ തമ്മിൽ ലവ് ആണോന്ന് ? ” ” എന്നിട്ടോ , നീ എന്താ പറഞ്ഞേ ? ” ” ഞാൻ ഒന്നും പറഞ്ഞില്ല , പകരം അവളെ നോക്കി ചിരിച്ചിട്ട് നാണത്തോടെ മുഖം പൊത്തി ഓടി ”
” ബെസ്റ്റ് … ഇതിപ്പോ നീ അവളോട് മനപ്പൂർവ്വം പറയാതെ പറഞ്ഞതുപോലെ ആയില്ലേ ” ” ഏറെക്കുറെ …… എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റൂ 😁 . ” ” അപ്പൊ പവിഴവും മുരുകണ്ണനും വിചാരിച്ചിരിക്കുന്നത് നമ്മൾ തമ്മിൽ ലവ് ആണെന്നാണോ ? 🙄 ” ” ആണെന്ന് തോന്നുന്നു 😜 ” ” ഡീ കുരുപ്പേ , നിന്നെ ഞാൻ ഇന്ന് ശരിയാക്കും ” അതും പറഞ്ഞ് ആർമി എന്റെ പിറകെ ഓടാൻ തുടങ്ങി . ഞാൻ വേഗം ബംഗ്ലാവിലേക്ക് ഓടി കയറിയതും , ആർമി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു . ” അഭിയേട്ടാ കയ്യിൽ നിന്നു വിട് ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് ” ” വിട്ടിയില്ലെങ്കിലോ ??? ” ” ദേ മോശമാണ് ട്ടോ ആരെങ്കിലും കാണും ” ” ആരു വേണമെങ്കിലും കണ്ടോട്ടെ , ഇവിടെ എല്ലാവർക്കും അറിയാമല്ലോ നമ്മൾ തമ്മിലുള്ള റിലേഷൻ ” എന്റെ ഈശ്വരാ ഇങ്ങേര് ഇത് എന്തിനുള്ള പുറപ്പാടാണ് , പറഞ്ഞു കുടുങ്ങിയത് പോലെയായല്ലോ ഞാൻ . എന്റെ കയ്യിൽ ഉള്ള അഭിയേട്ടന്റെ പിടുത്തം അഴിക്കാൻ ശ്രമിക്കുംതോറും അത് കൂടുതൽ മുറുകി വന്നു . ഇതെല്ലാം കണ്ടുകൊണ്ട് ഡൈനിങ് ഹാളിൽ ഒരാൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു . ( തുടരും ) ……………

by