19/04/2026

ശ്രുതി : ഭാഗം 57

രചന – ഭദ്ര രുദ്ര

മുകളിലെ വരാന്തയിലൂടെ നടക്കുമ്പോൾ തനിക്ക് പിറകിലായി ആരോ നടന്നടുക്കുന്ന കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയ രാജഗോപാൽ തനിക്ക് പിറകിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരന്നു . ” നീ ……….. ” ” ഹരി , ഹരിനാരായണൻ ” ” ഹാ മനസ്സിലായി . നീ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ ” ” ഇല്ല വരേണ്ടിവന്നു . ഞാൻ കരുതി അങ്ങേയ്ക്ക് എന്നെ മനസ്സിലായി കാണില്ലെന്ന് ” ” വാർദ്ധക്യം ബാധിച്ചത് ശരീരത്തെ മാത്രമാണ് മനസ്സിനെ അല്ല ” ” ശരീരത്തിലും അത്രയ്ക്ക് അങ്ങോട്ട് വാർദ്ധക്യം ബാധിച്ചിട്ടില്ല ” ” വളരെ നല്ല കാര്യം . പ്രത്യേകിച്ച് ഇപ്പോൾ എന്താണാവോ നാട്ടിലേക്ക് വരാൻ കാരണം ? വിദേശവാസം മടുത്തോ ? ” ” ഒരിക്കലുമില്ല . ചില സത്യങ്ങൾ എല്ലാം തുറന്നു പറയണം എന്നു തോന്നി ” ” എന്ത് സത്യങ്ങൾ ? ” രാജഗോപാലൻ നെറ്റി ചുളിച്ചു കൊണ്ട് ഹരിയെ നോക്കി . എല്ലാ പ്രോഗ്രാമിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന അഭി മുകളിൽ നിന്നും പരിപാടികളെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുത്തശ്ശന്റെ റൂമിൽ വെളിച്ചം കണ്ടത് .

എല്ലാവരും ആഘോഷത്തിമർപ്പിൽ നിറഞ്ഞാടുമ്പോൾ മുത്തശ്ശൻ മാത്രം എന്താ ഇവിടെ , അവൻ സംശയത്തോടെ പതിയെ ആ റൂമിലേക്ക് കടക്കാൻ നോക്കുമ്പോഴാണ് അതിനുള്ളിൽ നിന്നും അപരിചിതമായ ഒരു ശബ്ദം കേട്ടത് . അപ്പോൾ തന്നെ അവൻ പതിയെ റൂമിനടുത്തുള്ള ജനവാതിലിന്റെ അരികിലേക്ക് നിന്നു . പകുതി തുറന്നുകിടക്കുന്ന വാതിലിലൂടെ അവൻ കണ്ടു മുത്തശ്ശന് അരികിൽ നിൽകുന്ന ആ വ്യക്തിയേ . അയാളുടെ മുഖം എവിടെയോ നല്ല കണ്ടു പരിചയം ഉള്ളതായി അവനു തോന്നി . ” എന്താ ഹരി നിനക്ക് പറയാനുള്ളത് ? ” അവർക്കുള്ളിലെ മൗനം ഭേദിച്ചു കൊണ്ട് രാജഗോപാലൻ ചോദിച്ചു . ” എനിക്ക് പറയാനുള്ളത് അങ്ങയുടെ മകളെ കുറിച്ചാണ് ” രാജഗോപാലൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി . ” സംശയിക്കേണ്ട , എനിക്ക് പറയാനുള്ളത് കണിമംഗലം തറവാട്ടിലെ ഇളയ സന്തതിയായ ശ്രീദേവിയെ കുറിച്ചാണ് ” “ശ്രീദേവി ………. ” അയാളുടെ ചുണ്ടുകൾ അറിയാതെ ആ പേര് മന്ത്രിച്ചു , ഒരു നിമിഷം അനേകം ഭാവങ്ങൾ ആ മുഖത്ത് വന്നു നിറഞ്ഞു .

” അതെ ശ്രീദേവി , പേരുകേട്ട കണിമംഗലം അതായത് ഇപ്പോഴത്തെ ശ്രീമംഗലം തറവാട്ടിലെ രാജഗോപാലിന്റെയും രാജലക്ഷ്മിയുടെയും ഇളയ മകൾ , ചെമ്പകശ്ശേരി തറവാട്ടിലെ വിശ്വനാഥൻ വർമ്മയുടെ ഭാര്യ , എന്താ എല്ലാം മറന്നോ ? ” ” അങ്ങനെ മറക്കാൻ കഴിയുമോ ഹരി എനിക്ക് എന്റെ കുട്ടിയെ , അവൾ … അവൾ , സുഖമായിരിക്കുന്നോ ? ” ഇടറിയ സ്വരത്തോടെ രാജഗോപാലൻ ഹരിയോട് ചോദിച്ചു . ” ശ്രീദേവി മരിച്ചുപോയി ” ഒരു നിമിഷം ഹരി പറഞ്ഞതെന്താണെന്ന് കേൾക്കാൻ കഴിയാത്ത വിധം ഒരു ഗോര ഇടിനാദം തന്റെ കാതുകളിൽ പതിച്ചതുപോലെ രാജഗോപാലിന് തോന്നി . ഞാൻ കേട്ടത് വ്യക്തമാകാത്ത പോലെ അയാൾ വീണ്ടും വീണ്ടും ആവർത്തിച്ചു . ” എന്ത് …..??? എന്താ നീ പറഞ്ഞത് ??? ” ” നിങ്ങളുടെ മകൾ ശ്രീദേവി മരിച്ചിരിക്കുന്നു . ” കേട്ടതത്രയും വിശ്വസിക്കാൻ കഴിയാതെ രാജഗോപാലൻ കാലിടറി വീഴാൻ പോയി . ഒരു കൈ നെഞ്ചിലേക്ക് വെച്ച് അയാൾ കട്ടിലിലേക്ക് ഇരുന്നു . എന്തിനെന്നില്ലാതെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു . ” ഹരി…… അവൾ ….. ദേവീ….. എന്റെ…… മോള്…… ” ” അവൾ മരിച്ചിട്ട് ഇപ്പോൾ 15 വർഷം കഴിഞ്ഞിരിക്കുന്നു ” ” എന്നിട്ട് എന്തുകൊണ്ട് എന്നെ ഒന്ന് അറിയിച്ചില്ല ? ” അത്രയും നേരം ശാന്തനായി കരഞ്ഞുകൊണ്ടിരുന്നു രാജഗോപാലിന്റെ ശബ്ദം പതിയെ ഉയരാൻ തുടങ്ങി .

” എന്തു പറഞ്ഞറിയിക്കണം ? എങ്ങനെ അറിയിക്കണം ? ശ്രീദേവിയെ തന്റെ പ്രാണനേക്കാള് അവൾ സ്നേഹിച്ച വിശ്വനാഥൻ പച്ചക്ക് കത്തിച്ച് ചാമ്പലാക്കി എന്നാണോ ഞാൻ അറിയിക്കേണ്ടത് ” ഹരിനാരായണൻ പറഞ്ഞു നിർത്തിയപ്പോൾ ദേഷ്യവും ദുഃഖവും ഒരുമിച്ച് രാജഗോപാലിന്റെ മുഖത്ത് തെളിഞ്ഞു . പക എരിയുന്ന കണ്ണുകളുമായി അയാൾ ഹരിക്ക് നേരെ അടുത്തു . ” നീ എന്താ പറഞ്ഞത് …. പറയാൻ….. നീ ഇപ്പോൾ എന്താ പറഞ്ഞതെന്ന് ? ” പെട്ടെന്നുണ്ടായ രാജഗോപാലിന്റെ മാറ്റം ഹരിയെ വല്ലാതെ ഭയപ്പെടുത്തി . അയാൾ വിറച്ചുകൊണ്ട് , ദുഃഖം കലർന്ന സ്വരത്തിൽ സംസാരിക്കാൻ തുടങ്ങി . ” ഞാൻ പറഞ്ഞത് സത്യമാണ് , ശ്രീദേവി മരിച്ചതല്ല കൊന്നതാണ് . വിശ്വനാഥന്റെ പേരിൽ കേസ് ഉണ്ടായിരുന്നു , എന്നാൽ അവന്റെ പണത്തിനും പ്രൗഡിക്കും മുന്നിൽ നിയമം വരെ മുട്ടുമടക്കി . ” ” ഒരു നിയമത്തിനും കോടതിക്കും ഞാനവനെ വിട്ടുകൊടുക്കില്ല , എന്റെ മകളെ സ്നേഹിച്ച് ചതിച്ചതിന് , അവളെ ഞങ്ങളിൽ നിന്ന് എല്ലാം അകറ്റിയതിന് , അവളെ ഒരു ദയയും കൂടാതെ കൊന്നുകളഞ്ഞതിന് , നീ മാപ്പർഹിക്കുന്നില്ല വിശ്വനാഥ് .

നിന്റെ അന്ത്യം എന്റെ കൈകൊണ്ട് ആയിരിക്കും ” അത്രയും പറഞ്ഞ് ഷെൽഫിൽ എടുത്തു വച്ചിരുന്ന പിസ്റ്റൻ രാജഗോപാൽ പുറത്തെടുത്തു . അത് കണ്ടതോടെ ഹരിയുടെ മനസ്സിൽ വർഷങ്ങളായി ആളിക്കത്തുന്ന പക ഉയർന്നു . ഉള്ളിൽ ചിരിച്ചുകൊണ്ട് അവൻ പുറമേ കണ്ണുനീർ പൊഴിച്ചു . വിശ്വനാഥ് നിന്റെ മരണം സുനിശ്ചിതം തന്നെയാണ് . അത് എന്റെ ഈ കൈകൾ കൊണ്ട് തന്നെ ഞാൻ നടപ്പിലാക്കും . എന്നാൽ , നിന്നെ ഞാൻ അത്ര പെട്ടെന്ന് മരിക്കാൻ അനുവദിക്കില്ല . നീ ഇഞ്ചിഞ്ചായി മരിക്കുന്നത് എനിക്ക് കാണണം . ” ഞാൻ വന്നത് ഈ സത്യങ്ങൾ എല്ലാം പറഞ്ഞു അങ്ങയുടെ ഉള്ളിൽ പക വളർത്താനല്ല , പകരം നിങ്ങൾക്കെല്ലാം അവകാശപ്പെട്ട ഒന്ന് നിങ്ങൾക്ക് തിരികെ നൽകാനാണ് ” ആളി കത്തി നിൽക്കുന്ന രാജഗോപാലനെ ശാന്തൻ ആക്കാനായി ഹരി സംസാരിച്ചു തുടങ്ങി . ഹരി എന്തിനെ കുറിച്ചാണ് പറയുന്നത് മനസ്സിലാക്കാൻ ആവാതെ അയാൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . ” ഞാൻ പറയുന്നത് , ശ്രീദേവിയുടെ ഒരേയൊരു മകളെ കുറിച്ചാണ് ” ” മകളോ ” അത്രയും നേരം ദേഷ്യം നിറഞ്ഞുനിന്നിരുന്ന രാജഗോപാലിന്റെ മുഖം പതിയെ ശാന്തമായി .

” അതെ , ശ്രീദേവിക്ക് ഒരു മകളുണ്ടായിരുന്നു . അവളെ നിങ്ങളിൽ നിന്ന് എല്ലാം ഇത്രയും കാലം അകറ്റി നിർത്തിയത് വിശ്വനാഥന്റെ തന്ത്രമായിരുന്നു . ഒരിക്കലും , നിങ്ങൾ അവളെ കാണരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു . പക്ഷേ വിധി അവളെ നിങ്ങൾക്ക് മുന്നിൽ എത്തിച്ചു . ” ” ആരാണവൾ , എന്റെ പേരകുട്ടി , എനിക്കവളെ കാണണം ” ” അവളുടെ പേര് ശ്രുതി , ശുദ്ധി വിശ്വനാഥ് വർമ്മ ” ഹരിയുടെ നാവിൽ നിന്ന് ഉയർന്ന പേരുകേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് അഭിയായിരുന്നു . ” ഞാൻ ഇപ്പോൾ ഇതെല്ലാം വന്നു പറയാൻ ഒരു കാരണമുണ്ട് . അവളുടെ അമ്മയുടെ അവസാനത്തെ ആഗ്രഹം ശ്രുതിയേ നിങ്ങളുടെ കയ്യിൽ ഏൽപ്പിക്കണമെന്ന് ആയിരുന്നു . എന്നാൽ അവൾ ഇപ്പോൾ അവളുടെ അച്ഛന്റെ വീട്ടുകാരുടെ കയ്യിലാണ് . അതുകൊണ്ട് , ഇനി നിങ്ങൾ വേണം അവളെ അവിടെ നിന്ന് രക്ഷിക്കാൻ . നിങ്ങളുടെ മകൾക്ക് ഉണ്ടായ ഗതി ഒരിക്കലും അവൾക്ക് ഉണ്ടാവരുത് . ” അത്രയും പറഞ്ഞ് മനസ്സിൽ ഗൂഡമായി ചിരിച്ചു കൊണ്ട് ഹരിനാരായണൻ പുറമേ കണ്ണീർ പൊഴിച്ച് തന്റെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു ആൽബം രാജഗോപാലിന്റെ കയ്യിൽ ഏൽപ്പിച്ചത് .

” ഇത് ശ്രീദേവിയുടെ ആൽബം ആയിരുന്നു . ഇതിൽ ഉണ്ട് നിങ്ങളുടെ പേരക്കുട്ടി . എന്റെ ദൗത്യം കഴിഞ്ഞു , ശ്രീദേവിയുടെ മകളെ നിങ്ങളെ ഏല്പിച്ച സന്തോഷത്തോടെ ഞാൻ പോവുകയാണ് ” അത്രയും പറഞ്ഞ് അയാൾ ആ വീടിന്റെ പടിയിറങ്ങി . വീടിനു പുറത്തു കടന്നതും ഒരു ഭ്രാന്തനെ പോലെ അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി . ” ഇല്ല വിശ്വനാഥ് , ഒന്നും അവസാനിച്ചിട്ടില്ല . എല്ലാം തുടങ്ങാൻ പോകുന്നതേയുള്ളൂ . ” ഹരി നൽകിയ ആൽബം നെഞ്ചോട് ചേർത്തു പിടിച്ചു നിൽക്കുകയാണ് രാജഗോപാലൻ . പതി വിറയ്ക്കുന്ന കൈകളാൽ അയാൾ അത് തുറന്നു . എന്നിട്ട് അതിലെ ഓരോ ഏടുകൾ മറയിക്കുമ്പോഴും അയാൾ കണ്ടു തന്റെ പൊന്നുമോളെ , അവളുടെ ചിത്രങ്ങൾ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു . അപ്പോഴാണ് നിറവയറുമായി നിൽക്കുന്ന ശ്രീദേവിയുടെ മറ്റൊരു ചിത്രമായാൾ കണ്ടത് . അയാൾ ആകാംക്ഷയോടെ വീണ്ടും പേജുകൾ മറിച്ച് നോക്കി , അതിൽ പിന്നീട് ശ്രീദേവിയും കുഞ്ഞും വിശ്വനാഥനും നിൽക്കുന്ന ഫോട്ടോസ് ഉണ്ടായിരുന്നു . അതിനു ശേഷം കുഞ്ഞിന്റെ ഓരോ വളർച്ചയും . ഏറ്റവും അവസാനം കുഞ്ഞിന്റെ ബാല്യകാലം കടന്ന് കൗമാര ഫോട്ടോയും . ഫോട്ടോയിൽ ഉള്ള തന്റെ പേരകുട്ടിയെ കണ്ട രാജഗോപാലൻ ശരിക്കും ഞെട്ടി .

” ശ്രുതി ……. അഭിയുടെ കൂടെ ഇത്രയും കാലം നീ ഇവിടെ ഉണ്ടായിട്ടും നിന്നെ ഈ മുത്തശ്ശന് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ . ഞാൻ തന്നെ എന്റെ കുട്ടിയെ ഇവിടെ നിന്നും ഇറക്കിവിട്ടല്ലോ . ഈശ്വരാ ഈ പാപം ഞാൻ എവിടെ കൊണ്ടുപോയി തീർക്കും ” കയ്യിലുള്ള ആൽബം പിടിച്ചു പൊട്ടി കരയുന്ന രാജഗോപാലിന്റെ തോളിൽ ഒരു കൈ വന്നു പതിച്ചപ്പോഴാണ് അയാൾ മുഖമുയർത്തി നോക്കിയത് . തനിക്ക് അരികിൽ നിൽക്കുന്ന അഭിയെ കണ്ടപ്പോൾ അയാൾ സകല നിയന്ത്രണവും വിട്ടു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു . മുത്തശ്ശന് ഇങ്ങനെ ഒരു അവസ്ഥയിൽ താൻ ആദ്യമായാണ് കാണുന്നതെന്ന് അവൻ ഓർത്തു . ” ഈ മുത്തശ്ശന്നോട് ക്ഷമിക്കു മോനേ , എനിക്ക് നിന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ല . ” ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് രാജഗോപാലൻ അവന്റെ മുന്നിൽ കൈകൂപ്പി നിന്നു . അഭി മുത്തശ്ശന്റെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ ആക്കി പൊതിഞ്ഞു . എന്നിട്ട് ആ കൈകളിൽ ഒന്ന് അമർത്തി ചുംബിച്ചു . ” ഇല്ല മുത്തശ്ശ , എനിക്ക് മുത്തശ്ശനോട് ഒരു ദേഷ്യവും ഇല്ല . വിഷമം മാത്രമേ ഉള്ളൂ , എന്റെ അമ്മ പോലും എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന വിഷമം ” അത്രയും പറഞ്ഞ് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി . താൻ ചെയ്ത പാപഭാരത്താൽ തലകുനിച്ച് ഇരിക്കുകയായിരുന്നു രാജഗോപാൽ . ഇതൊന്നും അറിയാതെ പുറത്ത് പാർട്ടിയുടെ ഉന്മാദത്തിൽ ആയിരുന്നു മറ്റു കുടുംബാംഗങ്ങൾ .

കിച്ചു പുറത്തു പോയി വരാം എന്ന് പറഞ്ഞു കൊണ്ട് നേരെ പോയത് ഫ്ലാറ്റിലേക്ക് ആയിരുന്നു . അവിടെ ശരിക്കും ബോറടിച്ച് ഇരിക്കുകയായിരുന്നു വിശ്വനാഥൻ . ബിജുവിനെ കണ്ടപ്പോൾ അയാൾക്ക് അല്പം ആശ്വാസം തോന്നി . ” എന്താ ചെറിയച്ഛ വല്ലാതെ ബോറടിച്ചോ ? ” ” ആ ചെറിയ തോതിൽ , ആട്ടെ എന്തൊക്കെയാണ് അവിടുത്തെ വിശേഷങ്ങൾ ? എന്തുപറയുന്നു കുറുമ്പി പെണ്ണ് ” ” ചെറിയച്ഛന്റെ മോൾക്ക് ഇപ്പോൾ പണ്ടത്തെ കുറുമ്പും കുസൃതിയും ഒന്നുമില്ല , എന്നോട് തന്നെ വല്ലപ്പോഴും മിണ്ടിയാൽ ആയി ” ” അതെന്താടോ അങ്ങനെ ” ” അവൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് . എല്ലാത്തിനും കാരണം ആ ശ്രീമംഗലം തറവാടാണ് . ” ” ശ്രീമംഗലം തറവാടോ ? ” ” അതേ ചെറിയച്ചാ , ശ്രുതിയുടെ ഫ്രണ്ട് അഭിയുടെ തറവാട് . പക്ഷേ അതിനെ പണ്ടൊക്കെ പേര് കണിമംഗലം എന്നാണ് . ” ” കണിമംഗലമോ , ശ്രുതി എങ്ങനെ അവിടെ എത്തി ? ”

രാത്രി 11 മണിയോടെ പരിപാടികളെല്ലാം കഴിഞ്ഞ് എല്ലാവരും വീടിനുള്ളിലേക്ക് കയറുമ്പോൾ ആണ് അഭിയെയും മുത്തശ്ശനെയും ശ്രദ്ധിച്ചത് . മേശയുടെ മുകളിൽ കൈ കുത്തി തലകുനിച്ച് ഇരിക്കുന്ന അവരെ കണ്ടപ്പോൾ ആ കുടുംബത്തിലെ എല്ലാവരും അവർക്കരികിലേക്ക് വന്നു കാര്യം തിരക്കി . അതിനു നിറഞ്ഞൊഴുകുന്ന മുത്തച്ഛന്റെ കണ്ണുകളായിരുന്നു മറുപടി . കാര്യം എന്തെന്നറിയാതെ മുത്തശ്ശിയും ആ കുടുംബത്തിലുള്ള മറ്റുള്ളവരും കുഴങ്ങി . ” എന്താ പ്രശ്നം , എന്താണെങ്കിലും പറയൂ ” മുത്തശ്ശി മുത്തശ്ശനെ കുലുക്കി വിളിച്ചു ചോദിച്ചിട്ടും മറുപടി ഒന്നും ലഭിച്ചില്ല . അപ്പോഴാണ് എല്ലാവരും മുത്തശ്ശന്റെ കയ്യിൽ നിന്നും താഴെ വീണ ആൽബം ശ്രദ്ധിച്ചത് . കൈലാസ് വേഗം തന്നെ ആ ആൽബം എടുത്തു നോക്കി . അതിൽ ഉള്ള ചിത്രങ്ങൾ കണ്ട് കൈലാസ് ഒരു ഞെട്ടലോടെ എല്ലാവരുടെ മുഖത്തേക്ക് നോക്കി . അതോടെ അവിടെ കൂടെ നിന്ന് എല്ലാ ബന്ധുക്കളും ആൽബം വന്നു പൊതിഞ്ഞു . ആൽബത്തിൽ ഉള്ള ശ്രീദേവിയെ കണ്ടതോടെ എല്ലാവരുടെ മുഖത്തും ഒരു സന്തോഷം തിളങ്ങി . ” ഇത് നമ്മുടെ …… ” വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ മുത്തശ്ശി മുത്തശ്ശന് അരികിലേക്ക് ഇരുന്നു . ” സംശയിക്കേണ്ട നമ്മുടെ മകൾ തന്നെ . ” മുത്തശ്ശന്റെ മറുപടി കേട്ട് അവിടെ കൂടെ നിന്ന് എല്ലാവരുടെ മുഖത്തും സന്തോഷം വന്നു .

എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല . ” എനിക്ക് എന്റെ കുട്ടിയെ കാണണം , എത്ര വർഷമായി ഞാൻ അവളെ കണ്ടിട്ടു . പത്തിരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . അവളെ ഓർക്കാത്ത ഒരു ദിനം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ” നിറഞ്ഞു തുളുമ്പിയ കണ്ണുകൾ സാരി തുമ്പിനാൽ ഒപ്പി കൊണ്ടാണ് മുത്തശ്ശി അതു പറഞ്ഞത് . ” ഇനി നമുക്ക് അവളെ കാണാൻ കഴിയില്ല ” ” എന്തുകൊണ്ട് കഴിയില്ല , അവൾ ഇപ്പോഴും നമ്മളോട് പിണക്കത്തിലാണോ , എങ്കിൽ നമുക്ക് എല്ലാവർക്കും നേരിട്ട് ചെന്ന് അവളെ വിളിക്കാം . എനിക്കുറപ്പുണ്ട് എന്റെ കുട്ടിക്ക് അങ്ങനെയൊന്നും നമ്മളോട് പിണങ്ങാൻ കഴിയില്ല ” ” ഇല്ല … ഇനി ഒരിക്കലും നമുക്ക് അവളെ കാണാൻ കഴിയില്ല … അവൾ നമ്മളെയൊക്കെ വിട്ട് ദൂരേക്ക് പോയി ” ” അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് ” സംസാരത്തിനിടയിൽ വിതുമ്പി കൊണ്ടിരിക്കുന്ന രാജഗോപാലിനെ നോക്കി ശ്രീലക്ഷ്മി ചോദിച്ചു .

” പതിനഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ഫയർ ആക്സിഡന്റിൽ അവൾ മരിച്ചുപോയി ” രാജഗോപാലൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവിടെ കൂടി നിന്നവരെല്ലാം തരിച്ചുപോയി . എല്ലാവരും മൗനമായി കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു . എന്നാൽ രാജലക്ഷ്മി മാത്രം മകളെ ഓർത്ത് നിലവിളിച്ചു കരഞ്ഞു . ” അവൾ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു , നമ്മളെല്ലാം ഇപ്പോഴാണ് ഇത് അറിയുന്നത് . എന്നാൽ അവൾ മരിക്കുന്നതിനു മുമ്പ് ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു . നമ്മുടെ പേരക്കുട്ടി ” കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു മാനസികാവസ്ഥയിലാണ് രാജഗോപാൽ അത് പറഞ്ഞത് . ” നിനക്ക് നമ്മുടെ ശ്രീദേവിയുടെ മകളെ കാണണ്ടേ ? ” മുത്തശ്ശൻ മുത്തശ്ശിയെ നോക്കിയാണ് അങ്ങനെ ചോദിച്ചത് അപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും ആകാംക്ഷയോടെ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി . തന്റെ കയ്യിലിരുന്ന ആൽബത്തിലെ അവസാന പേജിൽ ഉണ്ടായിരുന്ന ശ്രുതിയുടെ ഫോട്ടോ അവർക്ക് നേരെ ഉയർത്തി കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു . ” ഇതാണ് നമ്മളുടെ കൊച്ചുമകൾ . ശ്രീദേവിയുടെ ഒരേയൊരു മകൾ , ശ്രുതി വിശ്വനാഥ് വർമ്മ ” രാജഗോപാലിന്റെ കയ്യിലുള്ള ഫോട്ടോ കണ്ടതും എല്ലാവരും ഒരുപോലെ ഞെട്ടി .

ഏറ്റവുമധികം ഞെട്ടിയത് അഞ്ജലിയും സുപ്രീയയും ആയിരുന്നു . ” ആരും ഞെട്ടണ്ട , ഇത്രയും കാലം അഭിയുടെ കൂട്ടുകാരിയായി ഇവിടെ കഴിഞ്ഞിരുന്ന അതേ ശ്രുതി തന്നെയാണിത് . സ്വന്തം ചോരയാണെന്ന് അറിയാതെ ഞാൻ എന്റെ കുട്ടിയെ ഇവിടെ നിന്നും ഇറക്കി വിട്ടതല്ലേ ” എന്നും പറഞ്ഞുകൊണ്ട് രാജഗോപാലൻ പൊട്ടിക്കരയാൻ തുടങ്ങി . എന്തു പറയണമെന്നറിയാതെ ഗൗരിയും മുത്തശ്ശിയുടെ കൂടെ ഇരുന്നു . എല്ലാവരും വിഷമത്തിലാണ് എന്ന് മനസ്സിലാക്കിയ ഗൗരി വീടിന്റെ ചുമതല ഒറ്റയ്ക്ക് ഏറ്റെടുത് ചെയ്യാൻ തുടങ്ങി . എന്നാൽ മുത്തശ്ശനും മുത്തശ്ശിയും മക്കളും നഷ്ടപ്പെട്ട ദുഃഖത്തിൽ ആയിരുന്നു . ശ്രുതിയെ വീട്ടിൽ നിന്നും ഇറക്കി വിട്ടതിൽ എല്ലാവർക്കും വിഷമമുണ്ടെന്ന് ഗൗരിക്ക് തോന്നി . ആ രാത്രി ശ്രീമംഗലം വീട്ടുകാർ ഉറങ്ങിയില്ല , ആകെ മനസ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു . അത് കണ്ടതോടെ ഗൗരിയും ആകെ അസ്വസ്ഥതയായി , ഇതിനിടയിൽ അഭിയുടെ മൗനവും അവളെ ആകെ തളർത്തി . എന്ത് ചെയ്യണമെന്നറിയാതെ ആരാത്രി തലങ്ങും വിലങ്ങും നടന്നു കൊണ്ടിരുന്ന ഗൗരിയെ കണ്ടപ്പോൾ ജാനകി അവളുടെ അടുത്തേക്ക് ചെന്നു .

” എന്താ ചേച്ചി ? എന്തുപറ്റി ? ” ” ജാനകി ഞാൻ കാരണം ആണ് എല്ലാവരും വിഷമിക്കുന്നത് ” ” എന്ന് ചേച്ചിയോട് ആരാ പറഞ്ഞത് ? ” ” അഭിക്ക് ശ്രുതി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എങ്കിലും ഞാൻ അവന്റെ ഇഷ്ടത്തിൽ കൂട്ടു നിൽക്കണമായിരുന്നു . എന്നാൽ ഞാൻ കുടുംബത്തിന്റെ അന്തസ്സ് ഓർത്ത് അവളെ പടിയിറക്കി വിടുകയാണ് ചെയ്തത് . ഇനി നമ്മൾ അവളെ തിരിച്ച് വിളിച്ചാൽ അവൾ ഇങ്ങോട്ട് വരുമോ ? അവൾക്കിപ്പോൾ നമ്മളോട് നല്ല ദേഷ്യം ഉണ്ടാവില്ലേ ? ” ഒരു ഭ്രാന്തിയെപ്പോലെ പിറുപിറുക്കുന്ന ഗൗരിയെ കണ്ടപ്പോൾ ജാനകിക്ക് വല്ലാത്ത ഭയം തോന്നി . ഗൗരിയോട് എന്തുപറയണമെന്നറിയാതെ ജാനകി ആകെ കുഴങ്ങി . ” ചേച്ചി വേറെ ഒന്നുകൊണ്ടും പേടിക്കേണ്ട , ശ്രുതിയെ ഞാൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാം ” പെട്ടെന്ന് അവർക്കിടയിലേക്ക് കടന്നു വന്ന ശബ്ദത്തിന്റെ ഉറവിടം എവിടെയാണെന്ന് അവരിരുവരും ഒരുമിച്ചു നോക്കി . ( തുടരും )