രചന – ഭദ്ര രുദ്ര
ഐസിയുവിന് മുന്നിൽ തലകുനിച്ച് ഇരിക്കുകയാണ് അഭി . അന് അരികിലായി കൈലാസും ലക്ഷ്മണും ചേർന്ന് അവനെ സമാധാനിപ്പിക്കുകയാണ് . ജാനകി കണ്ണുകൾ ഇറുക്കിയടച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുകയാണ് . ഗൗരി ചെറിയ മയക്കത്തിലാണെന്ന് തോന്നുന്നു , കണ്ണുകളടച്ച് കസേരയിൽ ചാരി ഇരിക്കുന്നുണ്ട് . ഒരു സൂചി വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദമാണ് അവിടെ ഇപ്പോൾ . പെട്ടെന്ന് ഐ സി യു വിന്റെ ഡോർ തുറന്ന് ഒരു നഴ്സ് അതിനുള്ളിൽ നിന്നും പുറത്തേക്കു വന്നു . അവരുടെ കാലൊച്ച കേട്ടപോൾ എല്ലാവരുടെയും ശ്രദ്ധ അവർക്ക് മേലെ പതിച്ചു . എല്ലാവരുടെയും പ്രതീക്ഷയോടെ ഉള്ള തനിക്കു നേരെയുള്ള നോട്ടം കണ്ടപ്പോൾ നഴ്സ് ചെറുപുഞ്ചിരിയോടെ പറഞ്ഞു ” ശ്രുതിക്കു ബോധം തെളിഞ്ഞിട്ടുണ്ട് ” ” എനിക്കൊന്നും കാണാൻ പറ്റുമോ ? ” അഭി അടങ്ങാനാവാതെ ആവേശത്തോടെ നേഴ്സിനോട് ചോദിച്ചു .
” ഇപ്പോൾ പറ്റില്ല , ഡോക്ടർ വന്നു കണ്ടതിനുശേഷം നോക്കാം ” നേഴ്സ് വേഗം ഡോക്ടറെ വിളിക്കാനായി പ്പോയി . അഭി ഐ സി യു എന്നെഴുതിയ ഗ്ലാസിലൂടെ ശ്രുതിയെ ഒന്നു നോക്കി . അവൾ കണ്ണുകൾ അടച്ച് ശാന്തമായി കിടക്കുകയാണ് . അപ്പോഴേക്കും നഴ്സിന്റെ കൂടെ ഡോക്ടറും അവിടെക്ക് വന്നിരുന്നു . അൽപ്പനേരത്തെ പരിശോധനയ്ക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു . ഡോക്ടറേ കണ്ടപാടെ ലക്ഷ്മൻ അദ്ദേഹത്തോട് ചോദിച്ചു ” ഡോക്ടർ അവൾക്കിപ്പോൾ ? ” ” കുഴപ്പമൊന്നുമില്ല . ഷീ ഈസ് ഓൾ റൈറ്റ് നൗ . പെട്ടെന്നുണ്ടായ ഷോക്ക് അത്രയേ ഉള്ളൂ . നന്നായി പേടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു , വേറെ കുഴപ്പമൊന്നും ഇല്ല ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യാം . നല്ല റെസ്റ്റ് വേണം , പിന്നെ ഇതിനോട് സമാനമായ അനുഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം . ഒരുപക്ഷേ അത് ആ കുട്ടിയുടെ മാനസിക അവസ്ഥയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ട് . പണ്ടേപ്പോഴെങ്കിലും ഇത്തരത്തിലുള്ള ഇൻസിഡൻസ് ഉണ്ടായിട്ടുണ്ടോ ? ” ഡോക്ടർ ലക്ഷ്മണനെയും ജാനകിയെയും നോക്കി ചോദിച്ചു . അവർ പരസ്പരം മുഖത്തോട് നോക്കി എന്തു പറയണമെന്നറിയാതെ നിന്നു .
പെട്ടെന്നാണ് പതിഞ്ഞസ്വരത്തിൽ അഭിയുടെ മറുപടി വന്നത് . ” ഉണ്ട് സാർ. ” ” എന്താണ് ഉണ്ടായത് ? ” ഡോക്ടർ വളരെ ആകാംഷയോടെ അവനോട് ചോദിച്ചു . അവൻ പറയുന്നത് കേൾക്കാനായി മറ്റുള്ളവരും അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു . ” അവൾക്ക് നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോൾ അവളുടെ കണ്മുന്നിൽ വച്ചാണ് അവളുടെ അമ്മ ……. ഒരു ഫയർ ആക്‌സിഡന്റ് ആയിരുന്നു . അതിനുശേഷം അവൾക്ക് തീ എന്ന് കേൾക്കുന്നത് തന്നെ പേടിയാണ് ” അവൻ പറഞ്ഞത് കേട്ട് ലക്ഷ്മണനും ജാനകിയും കൈലാസും ഗൗരിയും ഒരുപോലെ തരിച്ചുനിന്നു . ” ഓ ഐ സീ , അപ്പോൾ ചെറുപ്പത്തിൽ സംഭവിച്ച ഒരു ഷോക്ക് തന്നെയാണ് വീണ്ടും ഇവിടെ ആവർത്തിച്ചത് . ശ്രുതി വല്ലാതെ പേടിച്ചു പോയിരിക്കുന്നു . വേറെ കുഴപ്പമൊന്നുമില്ല , നല്ല കെയർ കൊടുക്കണം . ” അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ അവിടെ അടുത്ത പേഷ്യന്റിനെ വിസിറ്റ് ചെയ്യാനായി പ്പോയി .
അവർക്കെല്ലാം അവളെക്കുറിച്ച് അഭിയോട് കൂടുതൽ സംസാരിക്കണം എന്നുണ്ടായിരുന്നു , എന്നാൽ അവന്റെ മാനസികവസ്ഥ ഇപ്പോൾ ഒട്ടും ശരിയല്ല എന്ന് തോന്നിയതിനാൽ അവരാരും കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല . മയക്കത്തിൽ നിന്നുണർന്ന ശ്രുതി താൻ എവിടെയാണെന്ന് ആദ്യം മനസ്സിലാവാതെ ഒന്ന് അമ്പരന്നെങ്കിലും തന്റെ അടുത്തുള്ള നേഴ്സിനെ കണ്ടപ്പോൾ ഒന്ന് ശാന്തയായി . അവളുടെ കയ്യിൽ ഇട്ടിരിക്കുന്ന ട്രിപ്പ് ഊരി കൊണ്ടു നഴ്സ് അവളെ നോക്കി പുഞ്ചിരിച്ചു . ” ഇപ്പൊ എങ്ങനെയുണ്ട് ? ” ” കുഴപ്പമൊന്നുമില്ല , ഞാനിവിടെ , എന്നെ ആരാ ഇങ്ങോട്ട് കൊണ്ടുവന്നത് ? ” ” കുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ ” ” വാട്ട് ???????????? ” ശ്രുതി അമ്പരപ്പോടെ നഴ്സിനെ നോക്കി . ” എന്റെ ഭർത്താവോ , അതാരാ ? ” ” അഭിറാം മേനോൻ ” ” വാട്ട് തെ ഹെൽ , എന്റെ ഭർത്താവാണെന്ന് അവൻ പറഞ്ഞോ ? ” ശ്രുതി ഒരു അല്പം ദേഷ്യത്തോടെ തന്നെയാണ് നഴ്സിനോട് അതു ചോദിച്ചത് .
” അങ്ങനെ പറഞ്ഞില്ല , പക്ഷേ റിലേറ്റീവ്സിനുള്ള പേപ്പറിൽ ഹസ്ബൻഡ് എന്ന സ്ഥാനത്താണ് അദ്ദേഹം സൈൻ ചെയ്തത് ” എന്ന് പറഞ്ഞുകൊണ്ട് അവർ അഭി സൈൻ ചെയ്ത എന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് എനിക്ക് നേരെ കാണിച്ചു തന്നു . അതെ ഇത് അഭിയുടെ സൈൻ തന്നെയാണ് . പക്ഷേ എന്തിനായിരിക്കും അവൻ അങ്ങനെ ചെയ്തത് , വീണ്ടും വീട്ടുകാരുടെ മുന്നിൽ ഡ്രാമ കളിക്കുകയാണോ ? എന്തായാലും അത് ചോദിച്ചിട്ട് തന്നെ കാര്യം . ശ്രുതിയെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയ ഉടനെ അവൾ കണ്ണുകൾ അടച്ച് കിടന്നു , അത് അഭിയെ മനപൂർവ്വം അവോയ്ഡ് ചെയ്യാനാണെന്ന് അവന് അറിയില്ലായിരുന്നു . ശ്രുതിയെ റൂമിലേക്ക് മാറ്റി എന്ന് അറിഞ്ഞ ഉടൻ തന്നെ അവൻ വേഗം ഓടി അവളുടെ അടുത്തെത്തി . പതിഞ്ഞ സ്വരത്തിൽ അവനവളെ ഒന്നു വിളിച്ചെങ്കിലും അവൾ അനക്കമില്ലാതെ കിടന്നു . അപ്പോഴാണ് അഭിക്ക് പിറകിലായി അവന്റെ ചെറിയച്ഛനും ചെറിയമ്മയും അച്ഛനും അമ്മയും റൂമിലേക്ക് കയറിയത് . അവരും ശ്രുതിയെ ഒന്നു വിളിച്ചു നോക്കിയെങ്കിലും അവൾ കണ്ണ് തുറന്നില്ല .
” വിളിക്കണ്ട , ചിലപ്പോൾ ക്ഷീണം കാണും . ഈ കുട്ടി ഉണർന്നാൽ ഉടനെ തന്നെ നിങ്ങൾക്ക് പോകാം ” അത്ര പറഞ്ഞുകൊണ്ട് നേഴ്സ് പുറത്തേക്ക് പോയി. അവർ പോയെന്ന് ഉറപ്പായപ്പോൾ ഗൗരി അഭിയുടെ അടുത്തേക്ക് ചെന്നു . ” മോനെ അമ്മ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ? ” ഗൗരി വളരെ ശാന്തമായ് അവനോട് ചോദിച്ചു . ” എന്താ ? ” ” ശരിക്കും നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ? ” ” എന്ന് അമ്മയോട് ആരാ പറഞ്ഞത് , ഒരു ബന്ധവും ഇല്ലാതെ ഇവൾ എന്റെ കൂടെ നമ്മുടെ വീട്ടിൽ വന്ന് നിൽക്കില്ലല്ലോ ” ” അതൊക്കെ നിന്റെ നാടകം അല്ലേ , ഇവിടെ ഇപ്പോൾ ഞങ്ങൾ മാത്രമേയുള്ളൂ സത്യം പറ . നീയും ഇവളും കൂടി ചേർന്ന് നടത്തിയ നാടകം അല്ലായിരുന്നോ അതൊക്കെ ? സത്യം പറഞ്ഞ നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ? ഇവൾ നിന്റ നല്ല ഫ്രണ്ട് മാത്രമല്ലേ ? ” ” അല്ല ” ” അഭി നീ എന്തിനാണ് വീണ്ടും കള്ളം പറയുന്നത് , അഞ്ജലി മായുള്ള നിന്റെ വിവാഹം നടക്കാതിരിക്കാൻ വേണ്ടിയാണെങ്കിൽ , അത് ഒരിക്കലും നടക്കില്ല അമ്മ നിനക്ക് വാക്ക് തരാം . അഞ്ജലിയെ നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട , നമുക്ക് നിന്റെ മനസ്സിന് ഇഷ്ടപ്പെടുന്ന വേറെ നല്ല കുട്ടികളെ നോക്കാം . ” ” എങ്കിൽ എന്റെ മനസ്സിന് ഇഷ്ടം ശ്രുതിയെയാണ് , എനിക്ക് അവളെ വിവാഹം കഴിച്ചു തരണം . എന്താ പറ്റ്വോ ? ” അവന്റെ ചോദ്യം കേട്ട് ശ്രുതി ഒന്ന് ഞെട്ടിയെങ്കിലും അവൾ കണ്ണുതുറക്കാതെ കിടന്നു .
” അഭി മതി നിന്റെ നാടകമൊക്കെ , ശ്രുതി തന്നെ എന്നോട് തുറന്നു സമ്മതിച്ചിരുന്നു നിങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് . എല്ലാം നിന്റെ നാടകമാണെന്ന് ” ഗൗരി അഭിയുടെ മുഖത്തു നോക്കി അത് പറയുമ്പോൾ ലക്ഷ്മണനും ജാനകിയും അമ്പരപ്പോടെ അവരെ ഇരുവരെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു . ” ഓഹോ അതിനിടയിൽ അമ്മ അവളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചോ ? ” ” ഞാനായിട്ട് ഒന്നും പറയിപ്പിച്ചതല്ല , അവൾ തന്നെ എന്നോട് പറഞ്ഞതാണ് ” ” എങ്കിൽ അത് ശരിയാണ് . അവൾക്ക് എന്നോട് ഒരു ഫീലിംഗ്സ് ഇല്ലായിരിക്കാം . എന്നാൽ ഈ അഭിറാം ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത് അവൾ ആയിരിക്കും , ശ്രുതി . ” ” അഭി …… ” ” ശബ്ദമുയർത്തണ്ട , അവൾ ഉണരും . ” ” മോനെ നിനക്ക് എന്താ പറ്റിയത് ? ” കൈലാസ് വളരെ ശാന്തമായി അഭിയോട് ചോദിച്ചു .
” അച്ഛാ , ഞാൻ ഇതുവരെ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല . എന്നാൽ , ഇന്ന് ഞാൻ ചോദിക്കുകയാണ് . എനിക്ക് ഇവളെ വേണം . ശ്രുതി ആർക്കെങ്കിലും സ്വന്തമാകുന്നുണ്ടെങ്കിൽ അത് എന്റെ ആവണം എന്നാണ് എന്റെ ആഗ്രഹം . ആഗ്രഹിച്ചത് എന്തും ഇന്നേവരെ ഈ അഭി നേടിയിട്ടുള്ളൂ … സോ , ഐ വാണ്ട് ഹേർ ” അത്രയും പറഞ്ഞ് ദേഷ്യത്തിൽ അവൻ ആ റൂമിൽ നിന്നും പുറത്തു പോയി . ഹോസ്പിറ്റൽ ബില്ല് പേയ് ചെയ്ത ശേഷം അവളുടെ ഡിസ്ചാർജ് ചാർട്ടുമായി അവൻ വീണ്ടും അവളുടെ റൂമിലേക്ക് തന്നെ വന്നു . അപ്പോഴേക്കും അവൾ ആരോടും മിണ്ടാതെ കട്ടിലിൽ ഇരിക്കുകയായിരുന്നു . വീട് എത്തുന്നതു വരെയും അവൾ ആ മൗനം തന്നെ പാലിച്ചു . പലപ്പോഴും അവരെല്ലാവരും അവളോട് സംസാരിച്ചെങ്കിലും അവൾ അവർക്ക് മറുപടി ഒന്നും നൽകിയില്ല .
” നിന്റെ വീട് എവിടെയാണ് ? ” ” ചെമ്പകശ്ശേരി ” കിച്ചുവിന്റെ മറുപടി മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പടെ ഉള്ള എല്ലാവരിലും ഒരു ഞെട്ടൽ ഉളവാക്കി . ” ചെമ്പകശ്ശേരിയിൽ ആരുടെ മകനാണ് ? ” ” കാശിനാഥ് വർമ്മയുടെ ” പെട്ടെന്ന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്ത് പലതരം ഭാവങ്ങൾ വന്നു നിറഞ്ഞു . അപ്പോഴാണ് വീടിനു മുന്നിലായി രണ്ടു കാറുകൾ വന്നത് . അതിൽ നിന്നും ഇറങ്ങി വരുന്ന ശ്രുതിയെ കണ്ടപ്പോൾ കിച്ചുവിന് ആശ്വാസമായി . ശ്രുതിയെ ജാനകി ചേർത്തു പിടിച്ചിരുന്നു . ഉള്ളിലേക്ക് ആദ്യം കയറിയ ഉടനെ അഭിയുടെ ദൃഷ്ടി പതിച്ചത് കിച്ചുവിന്റെ മേലായിരുന്നു . ” ഇവൻ എന്താ ഇവിടെ ? ” അഭിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അഞ്ജലി വേഗം അവന്റെ അടുത്തേക്ക് വന്നു . ” ഇവൻ ശ്രുതിക്ക് അപകടം സംഭവിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു .
എനിക്കെന്തോ ഇവൻ ആണോ അവളെ അപായപ്പെടുത്തിയതെന്ന് സംശയമുണ്ട് . ” അഞ്ജലി പറഞ്ഞു നിർത്തിയതും അഭി കിച്ചുവിന്റെ കോളറിൽ പിടിച്ചു . ” ഡാ ….. നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാണ് ഇവിടെ കയറിവന്ന് ശ്രുതിയെ അപായപ്പെടുത്താൻ നോക്കിയത് , അന്ന് നീ ശ്രുതിക്കു നേരെ കയ്യോങ്ങിയപ്പോഴേ ഞാൻ നിന്നെ നോക്കി വെച്ചതാ ” അതും പറഞ്ഞ് അഭി കിച്ചുവിനെ തല്ലാൻ തുടങ്ങിയതും കിച്ചു അവന്റെ കൈ തടഞ്ഞതും ഒരുമിച്ചായിരുന്നു . ” ഇതൊക്കെ പറയാൻ നീയാരാടാ ? ” കിച്ചുവിന്റെ ചോദ്യം അഭിയേ തെല്ലൊന്ന് ചൊടിപ്പിച്ചു . അവൻ വീണ്ടും കിച്ചുവിന് നേരെ കൈ ഉയർത്താൻ ശ്രമിച്ചപ്പോൾ അവിടെ ശ്രുതിയുടെ ശബ്ദം ഉയർന്നു . ” തൊട്ട് പോകരുത് എന്റെ കിച്ചുവേട്ടനെ ” ” ശ്രുതി ” അഭി അവിശ്വസനീയതയോടെ അവളുടെ മുഖത്തേക്ക് നോക്കി .
എന്നാൽ അവളുടെ സ്വരം പോലെ തന്നെ അവളുടെ മുഖവും കടുത്തിരുന്നു . ” കിച്ചു ഏട്ടൻ എന്താ ഇവിടെ ? ” ” ഞാൻ നിന്നെ കാണാൻ വന്നതാണ് . അപ്പോഴാണ് നീ ഇവിടെ സുരക്ഷിതയല്ലെന്ന് എനിക്ക് മനസ്സിലായത് . ” ” ശ്രുതി ഇവൻ കള്ളം പറയുകയാണ് ” അഭി കിച്ചുവിനെ ദേഷ്യത്തോടെ ചാടി . ” ഒന്ന് നിർത്തുന്നുണ്ടോ , അഭി ഇതെന്റെ ഏട്ടനാണ് . സോ കീപ് യുവർ വേർഡ്‌സ് ” ” എനിക്ക് സൗകര്യമില്ല , ഇത്രയും കാലം ഇവൻ എവിടെയായിരുന്നു ? ” ശ്രുതി കിച്ചുവിനെ സപ്പോർട്ട് ചെയ്യുന്നത് ഇഷ്ടപ്പെടാതെ അഭി അവളോടും ചൂടായി . ” നൺ ഓഫ് യുവർ ബിസിനസ് ” പെട്ടെന്ന് ശ്രുതിയിൽ നിന്നും അത്തരത്തിലൊരു മറുപടി അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വിളറി വെളുത്ത അവന്റെ മുഖം വിളിച്ചോതി . ” ശ്രുതി വെയിറ്റ് , ഇവൻ മാത്രമല്ല ഈ കുടുംബത്തിലുള്ള എല്ലാവരും എന്നെ ഇപ്പോൾ തെറ്റുകാരൻ ആയാണ് കാണുന്നത് . എന്റെ ഭാഗത്ത് ഒരു മിസ്റ്റേക്ക് ഇല്ലെന്ന് എനിക്ക് തെളിയിക്കണം . ” ” അതിന്റെ ഒന്നും ആവശ്യമില്ല കിച്ചു വേട്ട , ” ” ആവശ്യമുണ്ട് …. എന്റെ നിരപരാധിത്വം തെളിയിക്കാൻ എന്റെ കയ്യിൽ തെളിവുണ്ട് ” അത്രയും പറഞ്ഞുകൊണ്ട് കിച്ചുവിന്റെ ഫോൺ അവൻ അവിടെയുണ്ടായിരുന്ന എൽ ഇ ഡി ടി വി യുടെ ബ്ലുടുത്തുമായി കണക്ട് ചെയ്തു .
എന്നിട്ടു ശ്രുതി ദീപം തെളിയിക്കുന്ന വീഡിയോ പ്ലേ ചെയ്തു . അത് കണ്ടതോടെ അഞ്ജലി നിന്ന് വിയർക്കാൻ തുടങ്ങി . ” എല്ലാവരും ശരിക്ക് കണ്ടോ , ഈ വീഡിയോ എടുത്തത് ഞാനാണ് . ശ്രുതിക്ക് അപകടം പറ്റുമ്പോൾ അവളുടെ പരിസരത്ത് പോലും ഞാൻ ഉണ്ടായിരുന്നില്ല . ഈ നിൽക്കുന്ന പെണ്ണ് ആണ് ഉണ്ടായിരുന്നത് ” അവൻ അഞ്ജലിക്ക് നേരെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു . എല്ലാവരും അഞ്ജലിയെ ഒന്നു നോക്കിയ ശേഷം വീണ്ടും ആ വീഡിയോയിൽ തന്നെ ഫോക്കസ് ചെയ്തു . അതിൽ അഞ്ജലി സുധിയുടെ സാരിയിൽ തീ വെക്കുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു . അതുകണ്ടതും എല്ലാവരും ഒരു ഞെട്ടലോടെ അഞ്ജലിയെ തന്നെ നോക്കി . കിച്ചുവും അപ്പോഴാണ് അത് ശ്രദ്ധിച്ചത് . അപ്പോഴേക്കും അഞ്ജലിയുടെ കരണം അടക്കം അഭി ഒന്നും പൊട്ടിച്ചിരുന്നു . അടികൊണ്ട ഇടത്തെ കവിളു കൈ കൊണ്ട് പൊത്തി നിലത്ത് കിടക്കുകയാണ് അഞ്ജലി . സുപ്രിയ വേഗം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു .
അപ്പോഴേക്കും അവളുടെ വലതുകരണം കിച്ചുവും അടിച്ചു പൊളിച്ചു . എന്നാൽ , ദേഷ്യം തീരാതെ അഭി അവളുടെ കഴുത്തിനു പിടിച്ച് ചുമരിലേക്ക് ആഞ്ഞടിച്ചു . അതു കണ്ടതോടെ സുപ്രിയ കിടന്നു നിലവിളിക്കാൻ തുടങ്ങി . എല്ലാവരും അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടപ്പോൾ എല്ലാവരും ഭയന്നു പിന്മാറി . എന്നിട്ടും ദേഷ്യം മാറാതെ , അവനവളെ തലങ്ങും വിലങ്ങും തല്ലി . തല്ലുകൊണ്ട് നിലത്തുവീണ അവളെ ചവിട്ടാനായി കാൽ ഓങ്ങിയപ്പോൾ കിച്ചു അവനെ പിടിച്ചു മാറ്റി . ” നീ ആരാടാ എന്നെ തടുക്കാൻ ” എന്ന് പറഞ്ഞ് അഭി ദേഷ്യത്തോടെ കിച്ചുവിന് നേരെ കൈ വീശിയപ്പോൾ അവനു മുന്നിൽ വന്ന് നിന്ന ശ്രുതിക്കാണ് അടി കിട്ടിയത് . അവന്റെ അടിയിൽ നിലം പതിച്ചു കിടക്കുന്ന ശ്രുതിയെ കണ്ടപ്പോൾ കിച്ചുവിന്റെ സകല കണ്ട്രോളും പോയി . ” ഡാ നീ എന്റെ പെങ്ങളെ ” എന്നു പറഞ്ഞുകൊണ്ട് അവൻ അഭിയേ കയറി തല്ലി .
അതോടെ അവിടെ ഒരു സംഘർഷാവസ്ഥയായി . അതു കണ്ടതോടെ രാജഗോപാലൻ ( മുത്തശ്ശൻ ) ഇടപെട്ടു . ” ഏട്ടനും അനിയത്തിയും രണ്ടും ഇറങ്ങിക്കോണം ഇപ്പോൾ ഇവിടെ നിന്ന് ” കടുത്ത ശബ്ദത്തിലുള്ള മുത്തശ്ശന്റെ ആജ്ഞ കേട്ട് കിച്ചു ശ്രുതിയുടെ കൈയും പിടിച്ച് അവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞു . “ഇവളെ ഇവിടെനിന്ന് കൊണ്ടുപോകാൻ മാത്രം നിനക്ക് ധൈര്യമുണ്ടോ ? ” അഭിയുടെ ശബ്ദം ഉയർന്നു . എന്നാൽ അവനുള്ള മറുപടി കൊടുത്തത് ശ്രുതി ആയിരുന്നു . ” എന്നെ കൊണ്ടുപോകുന്നത് എന്റെ ഏട്ടൻ ആണ് , അത് തടയാൻ നീയാരാ ? അതിനും മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് ? ” ശ്രുതിയുടെ വാക്കുകൾക്ക് അവന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിഞ്ഞു . അഭി അവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല . കിച്ചുവിന്റെ കൈയും പിടിച്ച് ആ പടി ഇറങ്ങി പോകുന്ന ശ്രുതിയെ അവൻ നിറ കണ്ണുകളോടെ നോക്കി നിന്നു … ( തുടരും )

by