27/04/2026

ശ്രുതി : ഭാഗം 14

രചന – ഭദ്ര രുദ്ര

ഞങ്ങൾ ജൂനിയേഴ്സ് എല്ലാവരും ആ അവതാരത്തെ തന്നെ നോക്കി നിന്നു .

” ഡി നീ എന്താ പറഞ്ഞെ , എൻറെ കർത്താവേന്നോ , എൻറെ കൃഷ്ണാന്ന് വിളിക്കെഡി ”

സ്വാതി അത് എന്നോട് പറഞ്ഞപ്പോൾ അവൾക്കതിനുള്ള ചുട്ട മറുപടിയും കൊടുത്തു :

” ഓ പിന്നെ , രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിട്ട് എൻറെ പടച്ചോനെ നട അടച്ചോ എന്ന് ചോദിക്കുന്നവരാ കേരളത്തിലെ പിള്ളേര് . അതോണ്ട് ഞാൻ പടച്ചോനെ വിളിച്ചാലും കർത്താവിനെ വിളിച്ചാലും കൃഷ്ണനെ വിളിച്ചാലും അത് ദൈവങ്ങൾക്ക് ഒരു പ്രശ്നമേയല്ല ”

” ഓ എൻറെ പൊന്നു മോളെ നമിച്ചു നിന്നെ ”

അവസാനം അവൾ ആയുധം വച്ച് കീഴടങ്ങി . നമ്മളോടാ അവളുടെ ഒരു കളി 😏.

അപ്പോഴാണ് ക്ലാസ്സിൽ കയറാനുള്ള ലോങ്ങ് ബെൽ അടിച്ചത് . ബെല്ലടിച്ചതും ആട്ടിൻകൂട്ടത്തെ പോലെ ഞങ്ങൾ ക്ലാസിലേക്ക് പാഞ്ഞുകയറി .

ക്ലാസ്സ് മുഴുവൻ ബഹളമയമായിരുന്നു . ഗേൾസ് എല്ലാവരും ഇന്ന് ബുള്ളറ്റിൽ വന്നിറങ്ങിയ അവതാരത്തെക്കുറിച്ച് പറഞ്ഞിരിക്കുകയായിരുന്നു . ബോയ്സ് ആണെങ്കിൽ പുതുതായി ഇറങ്ങിയ ഫിലിം വിശേഷങ്ങളും , സ്പോർട്സ് കാര്യങ്ങളും , ഒപ്പം ക്ലാസുകളിലെ സ്ഥിരം കലാപരിപാടിയായ ഡെസ്കിൽ കൊട്ടി പാട്ടും ഉണ്ടായിരുന്നു .

” ഇന്ന് ബുള്ളറ്റിൽ വന്നിറങ്ങിയ ആ ചെങ്ങായി നെ കാണാൻ ഓംകാർ ഒബ്റോയിയെ പോലെ തന്നെയുണ്ട് . ”

ക്ലാസ് ക്ലാസിലെ മൊഞ്ചത്തി ഫർസാനയുടെ തായിരുന്നു ആ കണ്ടെത്തൽ .

” അതാരാ ? ”

സ്വാതി വളരെ ആശ്ചര്യത്തോടെ ഫർസാനയുടെ മുഖത്തുനോക്കി ചോദിച്ചു . അത് കേട്ടപാടെ ഫർസാന സ്വാതിയുടെ മുഖത്തേക്ക് പന്തം കണ്ട പെരുച്ചാഴി നോക്കുന്ന പോലെ നോക്കി നിന്നു .

” നിനക്ക് നമ്മുടെ ഓംകാർ ഒബ്റോയിയെ അറിയില്ലേ ? ”

ഫർസാനയുടെ പകച്ചു കൊണ്ടുള്ള ചോദ്യം കേട്ട് സ്വാതി തെല്ലൊരു ഭയത്തോടെ ഇല്ലെന്ന് തലയാട്ടി .

” നമ്മുടെ ഏഷ്യാനെറ്റ് പ്ലസിലെ പ്രിയമാനസം എന്ന സീരിയലിൽ ഉള്ള ഹീറോയാണ് ഓംകാർ ഒബ്റോയ് . ഓംകാർ ചേട്ടന്റെയും ഗൗരി ചേച്ചിയുടെയും റൊമാൻസ് ഒന്ന് കാണേണ്ടത് തന്നെയാണ് ”

” ഓ തുടങ്ങി സീരിയൽ അമ്മായി വാ തുറക്കാൻ ”

ക്ലാസ്സ് ലീഡർ അർച്ചനയുടെതായിരുന്നു ആ കമൻറ് .

” അയ്യേ സീരിയൽ ആയിരുന്നോ ? ”

സ്വാതി ഒരു പുച്ഛഭാവത്തിൽ ഫർസാനയോട് ചോദിച്ചു .

” എന്തേ അനക്ക് ദഹിച്ചില്ലേ ? , എപ്പോഴും ഈ പുസ്തകപ്പുഴു ആവാതെ വല്ലപ്പോഴും ഇതൊക്കെ കണ്ടു നോക്ക് . ”

” ഓ ഉത്തരവ് പോലെ ”

സ്വാതി അതും പറഞ്ഞ് എൻറെ അടുത്തേക്ക് തിരിഞ്ഞിരുന്നു . അപ്പോഴാണ് ക്ലാസ്സിലേക്ക് ഒരാൾ കയറിവന്നത് . അയാളുടെ വരവോടെ ബഹളമയമായിരുന്നു ക്ലാസ്സ് പെട്ടെന്നുതന്നെ നിശബ്ദമായി . ആ നിശബ്ദത കൊണ്ട് ഞങ്ങൾ എല്ലാവരും ക്ലാസ്സിലെ ഡോറിലേക്ക് നോക്കി .

അതാ നിൽക്കുന്നു ഇന്ന് ബുള്ളറ്റിൽ വന്ന അവതാരം . ഞങ്ങൾ students എല്ലാവരും എണീറ്റ് നിന്ന് അയാൾക്ക് ഗുഡ്മോണിംഗ് സാർ എന്ന് പറഞ്ഞു . അയാൾ ക്ലാസിലേക്ക് കയറിവന്നു .

” ഗുഡ്മോർണിംഗ് കൊച്ചുങ്ങളെ , എല്ലാരും ഇരുന്നാട്ടെ , ഇത് ഫസ്റ്റ് ഇയർ ക്ലാസ്സ് ആണല്ലേ ? ”

” അതെ സർ ”

” എന്നതാ വിളിച്ചേ സാറേന്നോ , എന്നെ നിങ്ങള് അച്ചായാ എന്ന് വിളിച്ചാൽ മതി ”

അത് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു . പെട്ടെന്ന് അയാൾ എൻറെ അടുത്ത് വന്നിരുന്നു . സ്വാതി പകച്ചു കൊണ്ട് അയാളെ തന്നെ നോക്കി നിന്നു . അപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായത് , അയാളും ഞങ്ങളെപ്പോലെ തന്നെ സ്റ്റുഡൻറ് ആണെന്ന് .

” എന്നതാ കൊച്ചിന്റെ പേര് ? ”

” കൊച്ചോ , ആരുടെ കൊച്ച് ? ”

” പെൺ കൊച്ചുങ്ങളെ പിന്നെ കൊച്ച് എന്നല്ലാതെ കൊച്ചൻ എന്നു വിളിക്കണോ ? ”

” ഡോ എന്നെ കൊച്ച് എന്നൊന്നും വിളിക്കേണ്ട . എനിക്കൊരു നല്ല പേരുണ്ട് അത് വിളിച്ചാൽ മതി ”

” ആ പേരല്ലേ കൊച്ചേ ഞാൻ നേരത്തെ ചോദിച്ചത് ? ”

” ഓ ….. എൻറെ പേര് ശ്രുതി , അവളുടെ പേര് സ്വാതി ”

” ആഹാ നല്ല പേരാണല്ലോ , എന്നിട്ടാണോ ഞാൻ ആദ്യം പേര് ചോദിച്ചപ്പോൾ പറയാതിരുന്നെ , ഞാൻ കരുതി വല്ല ലോക്കൽ പേര് ആയതുകൊണ്ട് പറയാനുള്ള മടികൊണ്ട് പറയാത്തതാണെന്ന്. ”

” പേര് കിട്ടിയില്ലേ ഇനി ഇയാൾക്ക് എന്താ അറിയേണ്ടത് ? ”

” അല്ല , നിങ്ങളുടെ കല്യാണം കഴിഞ്ഞതാണോ ”

” ഇല്ല എന്താ കെട്ടാൻ വല്ല ഉദ്ദേശം ഉണ്ടോ ? ”

” കുട്ടിക്ക് ഇൻട്രസ്റ്റ് ഉണ്ടെങ്കിൽ ഞാൻ വീട്ടിൽ വന്നു ചോദിക്കാം ”

” ഡോ താനൊന്ന് എണീറ്റ് പോയേ ”

” ഓ നമ്മൾ പോയേക്കാമേ ”

” ഹോ ശല്യം പോയി , അയാൾ കണ്ടാലറിയാം ആളൊരു അസ്സൽ കോഴി ആണെന്ന് ”

പെട്ടെന്നായിരുന്നു ക്ലാസിലേക്ക് സീനിയേഴ്സ് എല്ലാവരും കയറി വന്നത് . അവരുടെ കൈയിൽ വലിയൊരു ബോക്സ് ഉണ്ടായിരുന്നു .

“”””””””””””””””” അച്ചായാ “”””””””””””””

വന്നപാടെ അവരെല്ലാവരും അയാളെ പോയി പൊതിഞ്ഞു . പിന്നെ അയാള് എടുത്ത് തോളിൽ തൂക്കി ടീച്ചേർസ് സ്റ്റാൻഡിൽ കൊണ്ടുപോയി നിർത്തി . പിന്നെ ഞങ്ങളുടെ സീനിയേഴ്സിന്റെ വക അയാളെക്കുറിച്ചുള്ള നീണ്ട പ്രസംഗമായിരുന്നു.

” ഇത് നമ്മുടെ സ്വന്തം അച്ചായൻ , പുള്ളിയാണ് നമ്മുടെ മൊത്തത്തിലുള്ള ഗ്യാങ് ലീഡർ . ഈ കോളേജും പരിസരവും മൊത്തത്തിലുള്ള ഏരിയ ഫുള്ള് നമ്മുടെ ഈ അച്ചായന്റെതാണ് . നമ്മുടെ എല്ലാമെല്ലാമായ അച്ചായനെ നിങ്ങളുടെ രണ്ടു വാക്ക് സംസാരിക്കാൻ ഞാൻ ഇങ്ങോട്ട് ക്ഷണിക്കുകയാണ് . ”

” നമസ്കാരം ണ്ട്ട്ടോ , ന്റെ പേര് സണ്ണിച്ഛൻ കുര്യാക്കോസ് പുലിക്കാട്ടിൽ . സ്നേഹമുള്ളവർ എന്നെ അച്ചായാ എന്നു വിളിക്കും . നിങ്ങൾക്കും എന്നെ അങ്ങനെ തന്നെ വിളിക്കാവുന്നതാണ് . പിന്നെ പിള്ളേർ എന്നെകുറിച്ച് പറഞ്ഞതുകൊണ്ട് ഞാൻ കൂടുതലായി എന്നെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ , ന്നാൽ നമുക്ക് നമ്മുടെ സ്ഥിരം കലാപരിപാടിലേക്ക് കടക്കാം അല്ലേ പിള്ളേരെ ”

” എന്നാ നമുക്ക് ഒരു ഗെയിം കളിച്ചാലോ ”

സീനിയേഴ്സിൽ ഒരു ചേച്ചി ആണ് അത് ഞങ്ങളോട് ചോദിച്ചത് . കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ചാടിക്കേറി യെസ് പറഞ്ഞു . അപ്പോൾ സീനിയേഴ്സിൽ ഒരാൾ മുന്നോട്ടുവന്നു . എന്നിട്ട് അവർ ഗെയിമിന്റെ ഇൻസ്ട്രുക്ഷൻസ് പറയാൻ തുടങ്ങി :

* ഇത് വെറുമൊരു ഗെയിമു മാത്രമാണ് , ഒരിക്കലും ഇതിനെ റാഗിങ്ങ് ആയി വ്യാഖ്യാനിക്കരുത് .

* എല്ലാ വിദ്യാർത്ഥികളും പൂർണമനസോടെ ഇതിനോട് സഹകരിക്കേണ്ടതാണ് .

* ഈ ഗെയിമുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഉടൻതന്നെ അച്ചായനെ അറിയിക്കേണ്ടതാണ് .

* ഗെയിമിലെ നിയമാവലികൾ എല്ലാവർക്കും ഒരുപോലെയാണ് , ആയതിനാൽ ആർക്കുവേണ്ടിയും നിയമാവലി മാറ്റിമറിക്കുന്നതല്ല.

* നിങ്ങളിൽ നിന്ന് ഓരോരുത്തരായി വന്ന് ആദ്യം നിങ്ങളെ പരിചയപ്പെടുത്തുക .

* ശേഷം , സീനിയേഴ്സ് നിങ്ങളോട് ചോദിക്കുന്ന കുസൃതി ചോദ്യങ്ങൾക്ക് ( കടങ്കഥ / പഴഞ്ചൊല്ല് ) നിങ്ങൾ ഉത്തരം പറഞ്ഞില്ലെങ്കിലോ , അഥവാ തെറ്റുത്തരം പറയുകയോ ചെയ്താൽ നിങ്ങൾക്ക് പണിഷ്മെൻറ് കിട്ടുന്നതാണ് .

* പണിഷ്മെന്റിനു അർഹരായ വിദ്യാർത്ഥി / വിദ്യാർത്ഥിനികൾ പണിഷ്മെൻറ് ബോക്സിൽ നിന്നും ഒരു പണിഷ്മെന്റ് സെലക്ട് ചെയ്യേണ്ടതാണ് .

* നിങ്ങളായിട്ട് പണിഷ്മെൻറ് സെലക്ട് ചെയ്യാത്തപക്ഷം , ഞങ്ങൾ നിങ്ങൾക്ക് ഒരു പണിഷ്മെൻറ് എടുത്തു തരുന്നതാണ് . അത് നിങ്ങൾ നിർബന്ധമായും ചെയ്യേണ്ടി വരുന്നതാണ് .

” അപ്പോൾ എല്ലാവർക്കും ഗെയിമിന്റെ നിയമാവലികള് മനസ്സിലായല്ലോ അല്ലേ , എന്നാൽ നമുക്ക് തുടങ്ങല്ലേ ? ”

അങ്ങനെ സീനിയേഴ്സിന്റെ ഗെയിം തുടങ്ങി . അവർ കടങ്കഥ യേക്കാൾ കൂടുതൽ പഴഞ്ചൊല്ലാണ് ചോദിച്ചിരുന്നത് . പഴഞ്ചൊല്ലിൽ പതിരില്ല , അതിനാൽ ആർക്കും അതിന് ഉത്തരം പറയാൻ കഴിയുന്നില്ല . അതുകൊണ്ടുതന്നെ എല്ലാവർക്കും പണിഷ്മെൻറ് കിട്ടിക്കൊണ്ടിരുന്നു . അവരുടെ പണിഷ്മെൻറ് ബോക്സിൽ ഉണ്ടായിരുന്ന പണിഷ്മെൻറ്കൾ :::

# ഒരുപിടി പൂഴി എടുത്തിട്ട് അതിൽ എത്ര മണൽത്തരികൾ ഉണ്ടെന്ന് എണ്ണുക .

# പട്ടി വിരാനി എങ്ങനെയുണ്ടാക്കാമെന്നു പറയുക .

# വായുവിൽ നിന്ന് ചപ്പാത്തി പരത്തുക .

# മരം കയറുന്നതായി അഭിനയിക്കുക .

# പാലും ആദ്യരാത്രിയും തമ്മിലുള്ള ബന്ധം വിശദമാക്കുക .

# ആദ്യ പ്രണയത്തെ കുറിച്ച് പറയുക .

# ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ തേപ്പ് – പ്രസംഗം നടത്തുക .

# സീനിയേഴ്സിൽ ഒരാളെ പ്രപ്പോസ് ചെയ്യുക .

# ഫെമിനിസത്തെ കുറിച്ച് രണ്ടു വാക്ക് പറയുക .

# ലവ് മേരേജ് അറേഞ്ച്ഡ് മാര്യേജ് – സംവാദം നടത്തുക .

# പാട്ടുപാടുക .

# സീനിയേഴ്സിൽ ഒരാളുടെ കൂടെ നൃത്തം ചെയ്യുക .

# ലേറ്റസ്റ്റ് തെറികളെ കുറിച്ച് പറയുക .

# സാമ്പാർ എങ്ങനെ ഉണ്ടാക്കാം – വായുവിൽ ഉണ്ടാക്കി കാണിക്കുക .

# ഒരിക്കലും മറക്കാത്ത ഒരു അനുഭവം പറയുക .

# സാരി ഉടുക്കുന്നതായി അഭിനയിക്കുക .

# സീനിയേഴ്സ് ഇട്ടുതരുന്ന സോങ്ങ് അനുസരിച്ച് ചുവടുവയ്ക്കുക .

# പറയുന്ന സിനിമ ഭാഗം അഭിനയിച്ചു കാണിക്കുക .

etc ……………. etc ………………. etc ………………..

ഇതൊക്കെയായിരുന്നു സീനിയേഴ്സ് എല്ലാവർക്കും കൊടുത്തു കൊണ്ടിരുന്ന പണികൾ . സ്വാതി കിട്ടിയിരുന്നത് സാമ്പാർ ഉണ്ടാക്കാൻ ആയിരുന്നു . അവളതു കൂളായിട്ട് ചെയ്തു കാണിച്ചു . ഇനിയെൻറെ ഊഴമാണ് . ഞാനും ആ ബോക്സിൽ പോയി കയ്യിട്ട് ഒരു പേപ്പർ എടുത്തു . അത് തുറന്നു വായിച്ചു :

” സീനിയേഴ്സിൽ ആരുടെയെങ്കിലും കൂടെ ഡ്യൂയറ്റ് ചെയ്യുക ”

അടിപൊളി , എൻറെ പട്ടി ചെയ്യും . എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അവിടെനിന്നും പോകാനായി തിരിഞ്ഞപ്പോൾ സീനിയേഴ്സിൽ ഒരു ചേച്ചി എന്റെ കയ്യിൽ കയറി പിടിച്ചു .

” അങ്ങനെയങ്ങു പോയാലോ മോളെ , നീ ഇത് ചെയ്തിട്ടേ പോവു ”

” എനിക്ക് അതിൽ ഒട്ടും ഇന്ട്രസ്റ്റ് ഇല്ല്യ , വെറുതെ തന്നെ ഫോഴ്സ് ചെയ്യരുത് ”

” നിന്നെപ്പോലെ തന്നെയല്ലേ മറ്റു കുട്ടികളും , അവരൊക്കെ ചെയ്തല്ലോ പിന്നെ നിനക്ക് മാത്രം എന്താ 2 കൊമ്പുണ്ടോ ? ”

അവൾക്ക് എൻറെ കയ്യിൽ നിന്നും വിടാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല . ദേഷ്യം കൊണ്ട് എൻറെ കണ്ണ് ചുവക്കാൻ തുടങ്ങി . 2 darshan മുഴുവൻ ഞാൻ പല്ലുകടിച്ച് അമർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു .

ഞാനവളെ തല്ലുമെന്ന് അവസ്ഥയായപ്പോൾ എൻറെ തോളിൽ ഒരു കൈ വന്നു പതിച്ചു . ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഭയത്തോടെ അവരെ തന്നെ നോക്കിനിൽക്കുന്ന സ്വാമിയെയാണ് കാണ്ടത് .

അവൾ വല്ലാതെ പിടിച്ചിട്ടുണ്ടെന്ന് അവളുടെ കണ്ണ് കണ്ടാലറിയാം . പെട്ടെന്ന് എനിക്ക് അഞ്ജലിയെ ആണ് ഓർമ്മ വന്നത് . എന്റെ വാശി കരണം ബലിയാടായ ഒരു പാവം പെൺകുട്ടി . പെട്ടെന്ന് , എനിക്ക് വല്ലാതെ സങ്കടം ആയി . സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കണ്ടപ്പോൾ ഞാൻ വേഗം കണ്ണടച്ചു .

അന്ന് എന്നെ രക്ഷിക്കാൻ വന്ന അഞ്ജലി കാറിടിച്ച് തെറിച്ചുവീഴുന്ന ദൃശ്യം എൻറെ കൺമുന്നിലേക്ക് പെട്ടെന്ന് വന്നു . അഞ്ജലിയെ പോലെ തന്നെ , ഒരുപക്ഷേ അഞ്ജലിയെക്കാൾ പാവമായിരുന്നു സ്വാതി . അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ട് അറിയാതെ അവളെ വേദനിപ്പിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു .

എൻറെ തോളിൽ കൈവെച്ചു ഭയത്തോടെ നിൽക്കുന്ന സ്വാതി യോട് ആയി പിന്നെ സീനിയേഴ്സിന്റെ ചോദ്യം :

” എന്താ ഇവൾക്ക് പകരം നീ ചെയ്യോ ? ”

അതും പറഞ്ഞ് സീനിയേഴ്സ് അവളുടെ അടുത്തേക്ക് വന്നു . അവൾ ഓരോ സ്റ്റെപ്പും പിന്നോട്ട് വയ്ക്കുമ്പോഴും അവർ മുന്നോട്ടു വന്നു കൊണ്ടിരുന്നു . അവർ അവൾക്ക് അടുത്തെത്തിയപ്പോൾ ഞാൻ കൈകൊണ്ട് അവരെ തടഞ്ഞു .

” വേണ്ട ഞാൻ ചെയ്തോളാം ”

മനസ്സില്ലാമനസ്സോടെ , സീനിയേഴ്സ് തന്ന ടാസ്ക് ചെയ്യാനായി ഞാൻ മുന്നോട്ടു വന്നു . ഇതെല്ലാം താടിക്ക് കയ്യും വെച്ച് ഒരാൾ സൂക്ഷ്മതയോടെ നോക്കി കാണുന്നുണ്ടായിരുന്നു . പെട്ടെന്ന് സീനിയേഴ്സിൽ ഒരാൾ , എൻറെ അടുത്തേക്ക് വന്നു .

മ്യൂസിക് സ്റ്റാർട്ട് ചെയ്തു . ഡാൻസിന്റെ സ്റ്റെപ്പെന്നോണം അവൻ എൻറെ കയ്യിൽ പിടിക്കാൻ അടുത്തേക്ക് വന്നു . അടക്കാൻ കഴിയാത്ത ദേഷ്യം കാരണം ഞാൻ എൻറെ രണ്ടു കണ്ണുകളും അടച്ചു . ഒരു ശവം പോലെ അവർക്കു മുന്നിൽ നിൽക്കുന്ന എൻറെ ദയനീയാവസ്ഥ മനസ്സിലാക്കിയിട്ട് എന്നോണം ഒരാൾ ഞങ്ങൾക്കിടയിൽ കയറി നിന്നു . എല്ലാവരും അത്ഭുതത്തോടെ എനിക്കു മുന്നിൽ സുരക്ഷാ കവചം പോലെ കയറിനിന്ന ആ ആളെ തന്നെ നോക്കി നിന്നു…

( തുടരും )………………………