രചന – ഭദ്ര രുദ്ര
ദിനങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . അങ്ങനെയിരിക്കെ ഒരു പുലർകാല വേളയിൽ കൃഷ്ണദാസിന്റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്ന് ഇറങ്ങിയ ആൾ നേരെ ആ വീടിനുള്ളിലേക്ക് പ്രവേശിച്ചു . കൃഷ്ണദാസിന്റെ കുടുംബം വളരെ സന്തോഷത്തോടെ തന്നെ അവരുടെ അതിഥിയെ വരവേറ്റു . അത് മറ്റാരുമായിരുന്നില്ല ഹരിനാരായണൻ ആയിരുന്നു . ശ്രുതിയുടെ ഹരി മാമ . രാധാമണി ഹരിക്കുള്ള ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി . കൃഷ്ണദാസ് ചാരുപടിയിൽ വന്നിരുന്നു . ” എന്തൊക്കെയാ ഹരി വിശേഷങ്ങൾ ? ” ” എനിക്ക് പ്രത്യേകിച്ച് എന്ത് വിശേഷം ? എന്തൊക്കെയാ ഇവിടത്തെ വിശേഷങ്ങൾ , കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നു . ” ” ഹാ ഇവിടെയും എല്ലാവരും നന്നായിരിക്കുന്നു . ശ്രുതി മോളെ കുറിച്ച് വല്ല വിവരവും ” ” എനിക്ക് പ്രത്യേകിച്ച് ഒരു വിവരവും കിട്ടിയില്ല , നിങ്ങൾക്ക് അവളെ കുറിച്ച് വല്ലതും കിട്ടിയാൽ എന്നോട് പറയണേ ” ഹരി വളരെയധികം നിരാശയോടെ കൃഷ്ണദാസിന് മറുപടി നൽകി .
അപ്പോഴാണ് അവിടേക്ക് സ്വാതി വന്നത് . ഹരിയുടെ മുഖത്തുള്ള വിഷമം കണ്ടപ്പോൾ ശ്രുതി തന്നെ ഫോൺ ചെയ്ത് കാര്യം ഹരിയോട് പറയാൻ തന്നെ അവൾ തീരുമാനിച്ചു . ” ഹരി മാമ പേടിക്കേണ്ട , ശ്രുതിക്ക് ഒരു കുഴപ്പവുമില്ല . അവൾ സുഖമായി തന്നെ ഇരിക്കുന്നുണ്ട് . ” സ്വാതി അത്രയും പറഞ്ഞപ്പോഴേക്കും കൃഷ്ണദാസും ഹരിയും അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി . ” നിനക്കറിയോ ശ്രുതി എവിടെയാണെന്ന് ? ” ചാരുപടിയിൽ നിന്നെഴുന്നേറ്റ് കൊണ്ട് കൃഷ്ണദാസ് സ്വാതിയോട് ചോദിച്ചു . അവൾ തല കുനിച്ചു കൊണ്ട് അതേയെന്ന് മൂളി . ” എന്നിട്ടാണോ ഇത്രയും കാലം ഞങ്ങൾ ടെൻഷനടിച്ച് നടക്കുമ്പോൾ നീ ഒരക്ഷരം മിണ്ടാതിരുന്നത് ” ” അല്ല അച്ഛാ ഞാൻ ഈ അടുത്ത കാലത്താണ് ശ്രുതി എവിടെ ആണെന്ന് അറിഞ്ഞത് . ” സ്വാതിയുടെ സംസാരം കേട്ട് ഹരി വളരെ ശാന്തതയോടെ അവളോട് സംസാരിക്കാൻ തുടങ്ങി . ” കൃഷ്ണ , ഇനി അവളെ വഴക്കു പറയണ്ട , മോള് പറ ശ്രുതി എവിടെയാ ? ” ” അത് പിന്നെ ഹരി മാമേ , അവളുടെ ഏട്ടന്റെ വീട്ടിലാ ” ” ഏട്ടനോ ? ഏത് ഏട്ടൻ ? ” ” കിച്ചു ഏട്ടൻ . അവളുടെ അച്ഛന്റെ ജേഷ്ഠന്റെ മകൻ കാശിനാഥ് ” സ്വാതി പറഞ്ഞത് കേട്ടപ്പോൾ ഹരിയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി .
ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് അയാളുടെ മനസ്സിലേക്ക് കടന്നുവന്നു . അയാൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവിടെനിന്നും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി . കാർ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴും അയാളുടെ ചിന്ത മുഴുവൻ ‘ശ്രുതി എങ്ങനെ അവിടെ എത്തി ‘ എന്നതായിരുന്നു . ഉടനെതന്നെ ശ്രുതിയെ കണ്ട് സംസാരിക്കണം എന്നയാൾ മനസ്സുകൊണ്ട് ഉറപ്പിച്ചു കാറ്റിന്റെ വേഗത കൂട്ടി . ശ്രുതി ഇപ്പോൾ അവളുടെ അച്ഛന്റെ തറവാട്ടിൽ നിന്നാണ് കോളേജിൽ പോകാറ് . അവളിപ്പോൾ തേർഡ് ഇയർ ആണ് . കഴിഞ്ഞ എക്സാം എല്ലാം നല്ല മാർക്കോടെ തന്നെ അവൾ പാസ്സ് ആയതിനാൽ അച്ഛന്റെ വീട്ടുകാരെല്ലാം അവളെ ഡോക്ടറെ എന്നാണ് വിളിക്കാറ് . അതിരാവിലെ തന്നെ കിച്ചുവിന്റെ കൂടെയാണ് അവൾ കോളേജിലേക്ക് പോകാനായി ഇറങ്ങിയത് . കാറിൽ കയറിയതിനു ശേഷം അവൾ ചുമ്മാ പുറത്തേക്ക് നോക്കിയിരുന്നു . ഇടയ്ക്കിടയ്ക്ക് കിച്ചുവിന്റെ ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടപ്പോൾ അവൾ അവനെ ഒന്നു നോക്കി . അവന്റെ മുഖത്ത് ഒരു ചെറു മന്ദസ്മിതം വിരിയുന്നുണ്ടായിരുന്നു .
അപ്പോൾ അവൾക്ക് അഭിയെ ആണ് ഓർമ്മ വന്നത് . താൻ ഓരോ തവണ അവനോട് സംസാരിക്കുമ്പോഴും അവന്റെ മുഖത്ത് മിന്നി മറഞ്ഞിരുന്ന ഭാവങ്ങൾ അതുതന്നെയാണ് താൻ ഇപ്പോൾ കിച്ചുവിലും കണ്ടത് . അപ്പോൾ തന്നെ അവൾ അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് മിഴികൾ വീണ്ടും പുറത്തേക്ക് പായിച്ചു . പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് അമ്പലത്തിൽ നിന്നും തൊഴുത് ഇറങ്ങുന്ന ശ്രീലക്ഷ്മിയേയും ശ്രീനിവാസനെയും അവൾ കണ്ടത് . വഴിയിൽ പലയിടങ്ങളിൽ വച്ചായി ശ്രീമംഗലം തറവാട്ടുകാരെ കാണുന്നത് പതിവായിരുന്നു എങ്കിലും അന്നത്തെ ആ സംഭവത്തിനു ശേഷം അഭിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്ന് അവൾ ഓർത്തു . കോളേജിൽ എത്തിയതിനുശേഷം കിച്ചുനോട് യാത്ര പറഞ്ഞു അവൾ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് തനിക്കെതിരെ നടന്നുവരുന്ന പ്രിൻസിപ്പലെ അവൾ കണ്ടത് . ശ്രുതിയെ കണ്ടപ്പോൾ അഭിയുടെ അവൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു . അവിടെ വീട്ടിൽ നിന്നും വീട് മാറിയെങ്കിലും കോളേജിലെ പ്രിൻസിപ്പലിന് തന്നോടുള്ള മനോഭാവത്തിൽ ഒരു മാറ്റവും ഇല്ല എന്ന് അവൾ ഓർത്തു .
അന്നത്തെ ആ സംഭവത്തിനു ശേഷം പഠനത്തിലേക്ക് മാത്രമായി അവളുടെ ശ്രദ്ധ . പ്രാക്ടിക്കൽ ക്ലാസിൽ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അറ്റൻഡർ ലാബിലേക്ക് കയറിവന്നത് . ” ശ്രുതിക്കൊരു വിസിറ്റർ ഉണ്ട് ” തനിക്ക് ഇപ്പൊ ആരാണാവോ വിസിറ്റർ . ശ്രുതി സംശയത്തോടെ അയാളുടെ പിറകെ ചെന്നു . വിസിറ്റേഴ്സ് റൂമിന് പുറത്ത് ഫോണിലേക്ക് നോക്കി തനിക്ക് വേണ്ടി കാത്തു നിൽക്കുന്ന ആളെ കണ്ട മാത്രയിൽത്തന്നെ അവൾ വേഗം അയാളുടെ അടുത്തേക്ക് ചെന്നു . ” ഹരിമാമേ ” ” ആ അപ്പോൾ നിനക്ക് എന്നെ ഓർമ്മയുണ്ടോ ? ” ” അതെന്താ ഹരി മാമ അങ്ങനെ ചോദിച്ചത് ? ” ” ഞാൻ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് നിനക്ക് മനസ്സിലായില്ലേ ” ” ഉവ്വ് മനസ്സിലായി ” ” ശ്രുതി നിനക്ക് എല്ലാം കുട്ടിക്കളി ആണോ ? ” ” എന്താ ഇപ്പൊ ഹരി മാമയുടെ പ്രശ്നം ? ” ” നീ ഇത്രയും കാലം എവിടെയായിരുന്നു ? എന്തുകൊണ്ട് എന്നെ കോൺടാക്ട് ചെയ്തില്ല ? ” ” റിലാക്സ് ഹരി മാമ , ആരെയും കോൺടാക്ട് ചെയ്യാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ . ” ” ഓഹോ അതുകൊണ്ടാണോ നീ ഇപ്പോൾ നിന്റെ അച്ഛന്റെ തറവാട്ടിലേക്ക് പോയത് ” ” അതിനിപ്പോൾ എന്താ , സത്യം പറഞ്ഞാൽ ഞാൻ അവിടെത്തന്നെ വളരേണ്ട കുട്ടിയല്ലേ , ചില സാഹചര്യങ്ങൾ കാരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടപ്പെടേണ്ടി വന്നു എന്ന് മാത്രം ” ശ്രുതിയിൽ ഉണ്ടായ മാറ്റം അയാളെ തെല്ലൊന്ന് ഭയപ്പെടുത്തി .
” ശ്രുതി നീ എന്തൊക്കെയാ പറയുന്നത് , നീ ഇപ്പോൾ താമസിക്കുന്നത് നിന്റെ ശത്രുക്കളുടെ കൂടെയാണ് ” ” എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല ” ” ശ്രുതി അത് നിന്റെ അച്ഛന്റെ വീട്ടുകാരാണ് , നീ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന വിശ്വനാഥൻ വർമയുടെ വീട്ടുകാർ . ” ” ചെമ്പകശ്ശേരി എന്റെ തറവാടാണ് . അവിടെയുള്ളവർ എന്റെ രക്ത ബന്ധം തന്നെയാണ് . അവരൊക്കെ എന്റെ ശത്രുക്കളാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല . ഹരിമാമക്ക് വേറെ ഒന്നും പറയാനില്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടേ , എനിക്ക് ക്ലാസ്സ് ഉണ്ട് . ” ” ഓക്കേ ” ശ്രുതിയുടെ സംസാരം കേട്ട് അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു നിൽക്കുകയാണ് ഹരിനാരായണൻ . ഇത്രയും കാലം താൻ ബ്രെയിൻ വാഷ് ചെയ്തു വെച്ചിരുന്ന ശ്രുതി അല്ല ഇതെന്ന് അയാൾക്ക് തോന്നി . അവളുടെ സ്വഭാവം ആകെ മാറിയിരിക്കുന്നു . അവൾ ഒരിക്കലും അവളുടെ അച്ഛന്റെ കുടുംബവും ആയി ഒന്നിക്കാൻ പാടില്ല . അത് വിശ്വനാഥ് ലേക്കുള്ള അവളുടെ ദൂരം കുറയ്ക്കും . അതിനു ഞാൻ ഒരിക്കലും അനുവദിക്കില്ല . എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം . വരാന്തയിലൂടെ നടന്നകലുന്ന ശ്രുതിയെ നോക്കി അയാൾ നിഗൂഢമായി ചിരിച്ചു .
ദിനങ്ങൾ നീങ്ങുന്നത് അനുസരിച്ച് അഭിയുടെ മൗനവും നീണ്ടു പോയിരുന്നു . അവൻ പഴയപോലെ ആരോടും സംസാരിക്കാതെയായി എന്തെങ്കിലും ഒരു പ്രോഗ്രാം വരുമ്പോൾ എല്ലാവരും ഒത്തു കൂടുമ്പോൾ അവൻ മാത്രം അതിൽ നിന്നെല്ലാം ഒഴിഞ്ഞു പോകാൻ തുടങ്ങി. അഭിയുടെ ഇത്തരം മാറ്റങ്ങൾ എല്ലാവരെയും വളരെയധികം വിഷമിപ്പിച്ചു . അങ്ങനെയിരിക്കെയാണ് ശ്രീനിവാസിന്റെയും ശ്രീലക്ഷ്മിയുടെയും ഇരുപതാം വിവാഹ വാർഷികം കെങ്കേമം ആയി ആഘോഷിക്കാൻ അവിടെയുള്ളവർ തീരുമാനിച്ചത് . ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഒരു പാർട്ടി നടത്താനുള്ള പ്ലാനിങ്ങിൽ ആണ് ശ്രീമംഗലം തറവാട്ടുകാർ . എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുകയാണ് അഭി . മനസ്സ് നിയന്ത്രണം വിട്ടു പോകും എന്ന് തോന്നിയതിനാൽ അവൻ അവന്റെ ശ്രദ്ധ മുഴുവൻ ബിസിനസിലേക്ക് തിരിച്ചു . ഓഫീസ് വിട്ടാൽ വീട് വിട്ടാൽ ഓഫീസ് അത് മാത്രമായി ചുരുങ്ങി അവന്റെ ലോകം . മുത്തശ്ശൻ ഉൾപ്പെടെ എല്ലാവരുടെ മനസ്സിലും അഭി ഒരു നോവായി തന്നെ നിന്നു . അങ്ങനെ ശ്രീമംഗലം തറവാട്ടിൽ ആ സുദിനം വന്നെത്തി .
ഇന്നാണ് ആ ദിനം , ശ്രീനിവാസന്റെയും ശ്രീ ലക്ഷ്മിയുടെയും വിവാഹ വാർഷികം . ശ്രീ മംഗലത്ത് ഉള്ളവർ എല്ലാവരും ആഘോഷത്തിമിർപ്പിൽ ആയിരുന്നു . ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ അരവിന്ദും സുപ്രീയയും അഞ്ജലിയും ഉണ്ടായിരുന്നു . അവരെ കണ്ടതോടെ അഭിയുടെ മുഖത്ത് ദേഷ്യം വന്നു നിറഞ്ഞു . അവൻ കോപത്തോടെ അകത്തേക്ക് കയറിപ്പോയി . എന്നാൽ ഒരു കൂസലുമില്ലാതെ നിൽക്കുകയാണ് സുപ്രീയ . അപ്പോഴാണ് ജാനകിയുടെ ശബ്ദം അവിടെ മുഴങ്ങിയത് . ” ഹലോ എവെരി വൺ ഇന്നത്തെ ഈ ദിവസം നമ്മളെല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അവർക്കാണ് , അവരാണ് ഇന്നത്തെ ബ്രൈഡ് . ലെറ്റസ് വെൽക്കം ദി ലവ്ലി കപ്പിൾസ് മിസ്റ്റർ & മിസ്സിസ് ശ്രീനിവാസ് . ” ജാനകി പറഞ്ഞു നിർത്തിയപ്പോൾ കൈകൾ കോർത്ത് പിടിച്ചു കൊണ്ട് മുകളിൽ നിന്നും സ്റ്റേയർസ് ഇറങ്ങി വരുന്ന ശ്രീനിവാസന്നിലേക്കും ശ്രീലക്ഷ്മിലേക്കും എല്ലാവരുടെയും കണ്ണുകൾ നീങ്ങി .
അവർ എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരുമിച്ച് താഴേക്ക് വന്നു . അവിടെ മേശപ്പുറത്ത് അലങ്കരിച്ച വെച്ചിരിക്കുന്ന റെഡ് വെൽവെറ്റ് കേക്ക് അവരൊരുമിച്ച് കട്ട് ചെയ്ത് പരസ്പരം കൈമാറി . നിറഞ്ഞ കരഘോഷത്തോടെ തന്നെ എല്ലാവരും അവരെ സ്വീകരിച്ചു . സന്ധ്യ മയങ്ങിയതോടെ പാർട്ടി ഏകദേശം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഡാൻസിലും പാട്ടിലും മാത്രമായിരുന്നു . അപ്പോഴാണ് അവിടെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടി വന്നെത്തിയത് . ആ അതിഥി നേരെ പാർട്ടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചു . സന്തോഷത്തിൽ നിറത്തിൽ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ശ്രീ മംഗലത്തെ അംഗങ്ങളെ ഓരോരുത്തരെയായി ആ അതിഥി വീക്ഷിച്ചു കൊണ്ടിരുന്നു . അപ്പോഴാണ് ഫോൺ കോൾ വന്നു മുകളിലേക്ക് കയറിപ്പോകുന്ന രാജഗോപാലൻ അയാളുടെ ശ്രദ്ധയിൽ പെട്ടത് . ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അയാൾ രാജഗോപാലന് പിറകെ മുകളിലേക്ക് പോയി . ( തുടരും )……………

by