19/04/2026

അരികിലായ് : ഭാഗം 09

രചന – കാർത്തിക ശ്രീ

തനു ജോലിയിൽ ആയതുകൊണ്ട് ഋതു റൂമിൽ നിന്നു മെല്ലെ താഴെക്കിറങ്ങി..

“മമ്മ… മാളൂട്ടി എവിടെ??”

“അവൾ പപ്പയുടെ കൂടെ ടൗണിൽ പോയല്ലോ മോളേ..??നിങ്ങൾ രണ്ടാളും ജോലിയിലായതുകൊണ്ടാണ് അവിടേക്ക് പറയാൻ വരാഞ്ഞേ..അല്ല തനു എവിടെ??”

“അവൾ റൂമിലുണ്ട് മമ്മ…കുറച്ചുകഴിഞ്ഞു താഴേക്ക് വരും.. അല്ല റിച്ചു എവിടെ.???”

“അവൻ ലിനുന്റെ മുറിയിലുണ്ട്…”

“അപ്പോൾ വിക്കി വീട്ടിൽ പോയോ???. ”

“പോയല്ലോ അവർ ഒന്നിച്ചാണ് ഇറങ്ങിയത്…നാളെ തിരിച്ചെത്തും എന്ന് പറഞ്ഞു ഇറങ്ങുമ്പോൾ ”

“മ്മ്… ഞാൻ വെറുതെ പറമ്പിലൂടെ നടന്നിട്ട് വരാട്ടേ മമ്മ ”

“ഒറ്റക്കോ??? ആരും ഇല്ലാതെ പോകണ്ട മോളേ..”

“വേഗം വരാം മമ്മ.. അധികം ദൂരം പോകില്ല…”

“മ്മ്മ്.. ശരി.. നോക്കിട്ട് പോകാണേട്ടോ… വേഗം വരണം..”

ഋതു മെല്ലെ പറമ്പിലേക്ക് നടന്നു… അവിടെയുള്ള വലിയ മാവിൻ ചുവട്ടിൽ ഇരുന്നു… വല്ലാത്ത ഒരു ശാന്തത തോന്നി അവൾക്ക്… കണ്ണുകളടച്ചു അവിടെ ചാരി ഇരിക്കുമ്പോൾ അവളുടെ മനസിലേക്ക് ആദ്യം വന്നത് തിരുമേനി പറഞ്ഞ വാക്കുകളായിരുന്നു….

(പാസ്റ്റ് ആണേ )
🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

“ഒത്തിരി വേദനിച്ചല്ലേ?? നേരിടാൻ ഇനിയും പ്രതിസന്ധികൾ ഉണ്ട് … തളരരുത് എന്തിനും നിനക്ക് കൂട്ടിനു ആളുണ്ടാകും… ശേഷം പുതിയ വഴിത്തിരിവിലേക്കാണ് നിന്റെ യാത്ര… ഒരിക്കൽ കൂടി നീ ഇവിടേക്ക് വരേണ്ടതായി കാണുന്നു… ഭഗവാൻ അനുഗ്രഹിക്കട്ടെ.. ”

അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോഴും മനസ് മുഴുവൻ ആ വാക്കുകൾ തന്നെയായിരുന്നു… അതിനാൽ തനുവിന്റെ അടുത്തെത്താനായി റോഡ് മുറിച്ചു കടക്കുമ്പോൾ എതിരെ വരുന്ന കാർ ഋതു കണ്ടില്ല…

സ്പീഡിൽ വരുന്ന കാറും എവിടെയോ ആലോചിച്ചു നടക്കുന്ന ഋതുവിനെയുമാണ് തിരിഞ്ഞു നോക്കുമ്പോൾ തനു കാണുന്നത്…

“ഋതു….”

ഉറക്കെ വിളിച്ചു തനു അവളുടെ അടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും ആ കാർ അവളെ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ നിർത്തിയിരുന്നു…

തനു വന്നു കൈയിൽ പിടിച്ചപ്പോഴാണ് ഋതു ഞെട്ടിയത്… ചുറ്റും നോക്കിയപ്പോൾ എല്ലാരുടെയും ശ്രദ്ധ തന്റെ നേർക്കാണെന്ന് അവൾക്കു മനസിലായി… പിന്നെയാണ് തന്റെ തൊട്ടടുത്തുള്ള കാർ കാണുന്നത്…അപ്പോഴേക്കും പേടി കൊണ്ട് വിറക്കാൻ തുടങ്ങിയിരുന്നു ഋതു..

“ഋതു നീ എന്ത് പണിയാണ് കാണിച്ചേ?? വല്ലതും പറ്റിയിരുന്നെങ്കിലോ???”

“സത്യമായിട്ടും… തനു ഞ..ൻ കണ്ടില്ല….”

ആ സമയം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരനിറങ്ങി..
ചീത്ത പറയാനുള്ള വരവാണെന്നു മനസിലാക്കി ഋതു കണ്ണുകൾ ഇറുക്കെ അടച്ചു..

“ഒന്നും പറ്റിയില്ലല്ലോ??”

കണ്ണുകൾ അടച്ചു നിൽക്കുന്ന ഋതുവിന്റെ വിറക്കുന്ന കൈകളിൽ തനു പിടിച്ചു…

“ഇല്ല.. സോറി… ഇവൾ അറിയാതെ പറ്റിയതാ… ”

“അതു സാരില്ല.. വല്ലതും പറ്റിയോ എന്ന് പേടിച്ചു.. പിന്നെ സത്യത്തിൽ വഴക്ക് പറയാൻ വന്നതാണ്.. പക്ഷേ ഈ ആളുടെ നിൽപ്പ് കണ്ടിട്ട് ഒന്നും പറയാൻ തോന്നുന്നില്ല…”

“അവൾ വല്ലാതെ പേടിച്ചു… അതാണ്… നമ്മൾ കാരണം ഉണ്ടായ ബുദ്ധിമുട്ടിനു ഒരിക്കൽ കൂടി സോറി…”

“ഇട്സ് ഓക്കേ.. ടേക്ക്കെയർ..”
കൂടുതൽ സംസാരത്തിനു നിൽക്കാതെ അവൻ തിരിഞ്ഞു നടന്നപ്പോൾ തനു ഋതുവുമായി സൈഡിലേക്ക് നടന്നു.. ആ സമയം കാറിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തിയെ അവർ രണ്ടുപേരും കണ്ടില്ല..

വീട്ടിൽ എത്തിയപ്പോഴും ഋതുവിന്റെ വിറയൽ മാറിയില്ല.. അവളെ ചേർത്തുപിടിച്ചു റൂമിൽ കൊണ്ട് കിടത്തുമ്പോഴേക്കും മേരിയമ്മ അവിടേക്ക് വന്നു…

“എന്താ… എന്തുപറ്റി.. ഋതുമോളെ…”

“അമ്മ അവൾ കിടന്നോട്ടെ… പേടിക്കാനൊന്നും ഇല്ല..”

താഴെ എത്തിയ തനു സംഭവിച്ചത് അമ്മയോട് പറഞ്ഞു…

“എന്റെ കർത്താവേ… നീ കാത്തു…”

ദിവസങ്ങൾ ഓടി മറഞ്ഞു .. ഋതു പഴയ പോലെ ആയി… ഇതിനിടയിൽ അവളുടെ ജീവിതത്തിലെ കാര്യങ്ങൾ തനുവും ഡേവിഡും മേരിയും അറിഞ്ഞിരുന്നു…

ഒരു വർഷം മാത്രം പഠിച്ചു മുടങ്ങിയ ഋതുവിന്റെ ഡിഗ്രി പഠനം തനുവിന്റെ കൂടെ പൂർത്തിയാക്കാൻ ഡേവിഡ് മുൻകൈ എടുത്തു.. ഋതുവിന് ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയതുകൊണ്ട് തനുവിന്റെ ടി സി വാങ്ങി രണ്ടുപേരെയും ഡേവിഡ് എറണാകുളത്തുള്ള കോളേജിൽ ചേർത്തു… ഒരുപാട് എതിർത്ത ഋതു ഒടുവിൽ സമ്മതിച്ചു…

ഇത്രയും തന്നെ സഹായിച്ച ആ കുടുംബത്തെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു… അതുകൊണ്ട് തന്നെ ഡേവിഡിനെ പറഞ്ഞു മനസിലാക്കി അവൾ പാർടൈം ജോലി ചെയ്യാനുള്ള സമ്മതം വാങ്ങി… തനുവും കൂടെ കൂടി…

ഇന്നാണ് അവർ എറണാകുളത്തേക്ക് പോകുന്നത്…

“മേരിയമ്മേ.. ഞങ്ങൾ പോയി വരാട്ടോ..”

കണ്ണുകൾ നിറഞ്ഞെങ്കിലും സാരി തലപ്പാൽ തുടച്ചു മേരിയമ്മ

“രണ്ടുപേരും നന്നായി ശ്രദ്ധിക്കണേ… ലീവ് കിട്ടുമ്പോൾ ഇങ്ങോട്ട് വരണം… അമ്മ കാത്തിരിക്കും..”

“വരും അമ്മ… സങ്കടപ്പെടല്ലേ..”

ഋതുവും തനുവും മേരിയമ്മയെ കെട്ടിപ്പിടിച്ചു… അപ്പോഴേക്കും ഋതുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ആരും കാണാതെ അവൾ അതു തുടച്ചുമാറ്റി… കണ്ടനാൾ മുതൽ സ്വന്തം മോളെപ്പോലെ മാത്രേ തന്നെ കണ്ടിട്ടുള്ളു.. . ഇതുവരെ കിട്ടാത്ത ഒരു അമ്മയുടെ സ്നേഹം തനിക്കു തന്നു മേരിയമ്മ…

കൂടുതൽ സംസാരിക്കാതെ അവർ കാറിൽ കയറി…

“അതേ അമ്മ…ഞാൻ വരുന്നതുവരെ രണ്ടുപേരും നല്ല കുട്ടികളായി ഇരിക്കണം….ഇടയ്ക്ക് എന്നെ വിളിച്ചു ബുദ്ധിമുട്ടിക്കരുത്… ഒരുപാട് പഠിക്കാനുള്ളതാ… എന്നാ ഞങ്ങൾ പോയി വരവേ…”

അതിനൊന്നു ചിരിച്ചു അവർക്കുനേരെ കൈവീശി ടാറ്റപറഞ്ഞു മേരി…

ഉച്ചയോടെ അവർ എറണാകുളത്തെത്തി… നേരെ പോയത് ഹോസ്റ്റലിലേക്കായിരുന്നു.. കാര്യങ്ങൾ സംസാരിച്ചു ബാഗ് റൂമിൽ വെച്ചു രണ്ടുപേരും പപ്പയുടെ കൂടെ എറണാകുളം ഒന്ന് കറങ്ങി… വൈകുന്നേരത്തോടെ തിരിച്ചു ഹോസ്റ്റലിൽ എത്തി…

“എന്നാ പപ്പ പോയിട്ട് വരാം… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം..”

“ശരി പപ്പ..”

“മോളേ ഋതു.. രണ്ടു മാസത്തെ ഹോസ്റ്റൽ ഫീസും കോളേജ് ഫീസും പപ്പ അടിച്ചിട്ടുണ്ട്… അതു പപ്പയുടെ അവകാശമാണെന്ന് കൂട്ടിക്കോ..”

“പപ്പ.. വേണ്ടായിരുന്നു… ഞാൻ..”

“ഒന്നും പറയണ്ട… നീ എന്നെ അന്യനായിട്ടാണോ കാണുന്നത്??”

അതു കേട്ടതും ഋതു ഡേവിഡിനെ കെട്ടിപ്പിടിച്ചു..

“എന്താ പപ്പ ഈ പറയുന്നേ… അങ്ങനെ പറ്റുമോ എനിക്ക്..??? ഇപ്പോൾ തന്നെ പപ്പ എനിക്കുവേണ്ടി എന്തൊക്കെ ചെയ്തു… അതുകൊണ്ട്…. ഞാൻ പപ്പയെ ഒന്ന് സഹായിക്കാൻ തീരുമാനിച്ചെന്ന് കൂട്ടിയാൽ മതി…”

മറുപടിയെന്നോണം ഡേവിഡ് അവളുടെ തലയിൽ ഒന്ന് തലോടി… ശേഷം ഇതു നോക്കി നിൽക്കുന്ന തനുവിനോടായി പറഞ്ഞു..

“കണ്ടു പഠിക്കെടി എന്റെ മോളേ… പപ്പയെ സഹായിക്കാൻ ശ്രമിക്കുന്നത് കണ്ടോ???”

“ഓ.. പപ്പയും മോളും ഒന്ന്… ഞാൻ വേറെ.. എന്ന് പറഞ്ഞ് ഒന്ന് ചുണ്ട് കോട്ടി.. എങ്കിലും ചെറിയ ഒരു ചിരി അവളിൽ ഉണ്ടായിരുന്നു… അതു ഡേവിഡ് കാണുകയും ചെയ്തു…

താൻ ആദ്യം കണ്ട ഋതുവിൽ നിന്നു അവൾ ഒരുപാട് മാറിയിരിക്കുന്നു… സ്നേഹം അവളെ മാറ്റി എന്ന് വേണം പറയാൻ.. സ്വന്തമായി തീരുമാനങ്ങൾ എടുത്ത് തുടങ്ങി… കൂടെ ഒരാൾ വേണമെന്ന് മാത്രം.. മാറാത്തതായി ഒന്ന് മാത്രം അവളുടെ പേടി… ഡേവിഡ് ഓർത്തു..

രണ്ടുപേരോടും യാത്ര പറഞ്ഞ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു…

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

കോളേജിലെ ആദ്യ ദിനമായതുകൊണ്ട് തന്നെ അവർ നേരത്തെ എഴുന്നേറ്റ് കുളിച്ചു റെഡിയായി…രണ്ടാം വർഷമാണെങ്കിലും പുതിയ കോളേജ് ആയതുകൊണ്ട് രണ്ടു പേർക്കും പേടി ഉണ്ടായിരുന്നു..നടന്നു പോകേണ്ട ദൂരമേ ഹോസ്റ്റലിൽ നിന്നും കോളേജിലേക്കുള്ളു…. കോളേജ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയപ്പോൾ ഋതുവിന്റെ കൈ തനുവിന്റെ കൈയിൽ അമർന്നു…

“എന്റെ പെണ്ണെ ഇങ്ങനെ പേടിക്കാതെ… ഇവിടെ റാഗിംഗ് ഒന്നും ഇല്ല.. പിന്നെ നമ്മൾ രണ്ടാം വർഷമല്ലേ.. വാ…”

എന്ത് പറഞ്ഞിട്ടും ഋതു പിടി വിട്ടിരുന്നില്ല… ചുറ്റും നോക്കാതെ കണ്ണുകൾ ഇറുക്കെ അടച്ചു നിന്നു….

രണ്ടു കൈകളും കൂട്ടിപ്പിടിച്ചു തനു അവളുടെ അരികിലേക്ക് നിന്നു..

“ഋതു… ഇങ്ങനെ പേടിക്കല്ലേ… എന്റെ ഋതു സ്ട്രോങ്ങ്‌ അല്ലേ… ഒന്ന് ശ്വാസമെടുത്തു വിട്ടു കൂടുതൽ ഒന്നും ചിന്തിക്കാതെ ഫ്രീ ആയി കണ്ണു തുറന്നെ… നമുക്ക് സ്വപ്നങ്ങൾ നേടേണ്ട??? കൂടെ ഞാൻ ഉണ്ട്… ”

ഋതു കണ്ണു തുറന്നു തനുവിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു… അവൾ ഓക്കേ ആണെന്ന് മനസിലാക്കി രണ്ടുപേരും ക്ലാസ്സിലേക്ക് നടന്നു…

ഈ സംഭവങ്ങൾ എല്ലാം കണ്ടുകൊണ്ട് അവിടെ നിൽക്കുന്നവരെ ഋതുവും തനുവും കണ്ടില്ല…

അതേ സമയം പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും അവൻ ഇറങ്ങി… ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ തന്റെ കാറിലേക്ക് കയറി….

തുടരും…