രചന – അഞ്ജു തങ്കച്ചൻ
വീട്ടിലേക്കുള്ള വഴിയിലൂടെ അമ്മു ഓടുകയായിരുന്നു . ദൂരെയായി തന്റെ വീട് കാണാം വഴിയിലൂടെ അതിവേഗം ഓടുന്ന അവളെ കണ്ട് ആളുകൾ നോക്കി . അവൾ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല .
എന്തിനാ മോള് ഇങ്ങനെ ഓടുന്നത് ? ഏതോ ഒരു ചേച്ചി അവളുടെ കൈകളിൽ പിടിച്ചു നിർത്തി . വിയർപ്പണിഞ്ഞ ,പേടിച്ചരണ്ട ആ മുഖഭാവം കണ്ടപ്പോൾ ചേച്ചിക്ക് അവളുടെ ഭയത്തിന്റെ കാരണം മനസിലായതുപോലെ പറഞ്ഞു, മോള് പേടിക്കണ്ട അടുത്ത വീട്ടിലെ ശരണ്യയുടെ അമ്മയാണ് മരിച്ചത് . പെട്ടന്നുള്ള മരണം . എന്നാലും കാലം ഇത്രയുമായില്ലേ വയ്യാതെ ആയിട്ട്
അമ്മുവിന് ചിരിക്കണോ കരയണോ എന്നറിയില്ലയിരുന്നു . പെട്ടന്ന് തന്റെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയോ എന്നു
ഭയന്ന് പോയി . ഇനിയും ആ ഹൃദയത്തിന് ഒരു വേദനയും താങ്ങാൻ കഴിയില്ല . അച്ഛനോ, അച്ഛമ്മയോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ, അമ്മക്ക് എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ മനസ്സിൽ തോന്നി.
അവളൾ വീട്ടിലേക്കു നടന്നു . വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .
ഡ്രസ് മാറ്റാൻ പോലും നിൽക്കാതെ അവൾ ശരണ്യ ചേച്ചിയുടെ വീട്ടിലേക്കു നടന്നു . മുറ്റത്തും വഴിയിലും ആളുകൾ കൂടി നിൽക്കുകയാണ് . അവൾ അകത്തേക്ക് ചെന്നു. ഹിമയുടെ തോളിൽ ചാരി ശരണ്യ ചേച്ചി കരഞ്ഞുകൊണ്ടിരുപ്പുണ്ട് .
ഹിമയുടെ മുഖ0 കണ്ടതും അമ്മുവിന് പോയതെന്തൊ തിരിച്ചു കിട്ടിയത് പോലെ ഒരു സന്തോഷം തോന്നി .
പക്ഷേ ശരണ്യ ചേച്ചിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വാടിത്തളർന്ന മുഖവും കണ്ടപ്പോൾ അവൾക്കും കരച്ചിലും വന്നു .
പിറ്റേന്ന് ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ ശരണ്യ ചേച്ചിയുടെ ബന്ധുക്കൾ എല്ലാം പോയി.
ഒറ്റക്കായ ഒരു പെണ്ണിന് കൂട്ട് നിൽക്കേണ്ടി വരുമോ എന്ന ചിന്തയാൽ ആകണം,തിടുക്കം കൂട്ടിഎല്ലാവരും മടങ്ങിയത്.
പെട്ടന്നൊരു ദിവസം തീർത്തും ഏകയായി പോയ ചേച്ചിയുടെ വിഷമം കണ്ടുനിൽക്കാൻ അമ്മുവിന് കഴിയുന്നില്ലായിരുന്നു.
വൈകുന്നേരം ഹിമയും, അമ്മുവും ശരണ്യയുടെ വീട്ടിൽ അവൾക്ക് കൂട്ടായി ചെന്നു.
കരയാൻ പോലും ശേഷി ഇല്ലാത്ത ശരണ്യ, എതോ ലോകത്തിൽ എന്ന പോലെ ഇരിക്കുന്നത് ഹിമയെയും വിഷമത്തിൽ ആക്കി.
ഹിമ നിർബന്ധിച്ചവളെ ഒരു ഗ്ലാസ്സ് വെള്ളം കുടിപ്പിച്ചു.
ഹിമ അവളുടെ അടുത്ത് ചെന്നിരുന്നു.
ബലമായി അവളെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി.
അത്രനേരം അടക്കി നിർത്തിയ കരച്ചിലിന്റെ ഒരു ചീള് സ്വയമറിയാതെ ശരണ്യയിൽ നിന്നും പുറത്ത് ചാടി.
തന്റെ മടിത്തട്ട് കണ്ണുനീരാൽ കുതിരുന്നത് ഹിമയറിഞ്ഞു.
കരയട്ടെ….. തെല്ല് സങ്കടമെങ്കിലും കുറയട്ടെ.
ഹിമ ശരണ്യയുടെ തലയിൽ തലോടി.
****************
ഹിമയും, അമ്മുവും ഇല്ലാത്ത വീട്ടിൽ ഷിജുവിന് ആകെ അസ്വസ്ഥത തോന്നി. ഒരു ദിവസം പോലും അവർ മാറി നിൽക്കുന്നത് തനിക്കിഷ്ട്ടമല്ല…
എല്ലാകാര്യങ്ങളും ഹിമ ചെയ്താലേ ശരിയാകൂ..
ഇപ്പോൾ എന്തോ വാശി പോലെ അവൾ തന്റെ ഡ്രസ്സ് ഒന്നും തേച്ച് മടക്കി വയ്ക്കാറില്ല.
തന്റെ ഇഷ്ടത്തിനുള്ള ഭക്ഷണം ഉണ്ടാക്കാറില്ല.
ഓഫീസിൽ മൂന്നാലുകൂട്ടം കറിയുമായി പൊയ്ക്കൊണ്ടിരുന്ന താനിപ്പോൾ ഒരു തോരനോ, അച്ചാറോ മാത്രമാണ് കൊണ്ടുപോകുന്നത്.
ഇവൾ ഇങ്ങനെ തുടങ്ങിയാൽ ശരിയാകില്ല..
ഇപ്പോൾ അമ്മുവുമായി ഒരുപാട് സമയം അവൾ സംസാരിക്കുകയും കളിക്കുകയും, ചിരിക്കുകയും ചെയ്യുന്നത് കാണാം.
ടൗണിൽ പോയപ്പോൾ കുറേ പേർ പറഞ്ഞു. നിന്റെ ഭാര്യ ഉണ്ടാക്കുന്ന ആഭരണങ്ങൾ ഒക്കെ നല്ല ഭംഗി ഉണ്ടല്ലോ, എന്റെ പുള്ളിക്കാരി എന്തൊക്കെയോ വാങ്ങി, കൊള്ളാം കേട്ടോ
ഒരു ഷോപ്പ് തുടങ്ങാൻ മേലാരുന്നോ എന്നൊക്കെ…
അത്യാവശ്യം വരുമാനമൊക്കെ ഹിമ നേടുന്നുമുണ്ട്. അതുകൊണ്ടാകും വീട്ടിലേക്ക് ഒന്നും വാങ്ങാൻ അവൾ പറയാറില്ല.
സ്വന്തമായി പോയി വാങ്ങും.
തനിക്ക് മുന്നിൽ കെഞ്ചിനിൽക്കുന്ന ഹിമയല്ല അവളിപ്പോൾ..
ഇന്നിപ്പോൾ ശരണ്യയുടെ വീട്ടിൽ അമ്മുവിനെയും കൂട്ടി അവൾ കൂട്ട് ഇരിക്കാൻ പോയി.
തന്നോട് പൊയ്ക്കോട്ടേ എന്ന് ചോദിച്ചത് പോലുമില്ല.
പണ്ടൊക്കെ തന്റെ സമ്മതമില്ലാതെ അവൾ ഒന്നും ചെയ്യുക പോലുമില്ലായിരുന്നു.
അയാൾ ആലോചനയോടെ മുറ്റത്തു കൂടെ നടന്നു.
****************
ശരണ്യയെ ഒറ്റക്കാക്കാൻ ഹിമയുടെ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ടാണ് ശരണ്യക്കുള്ള ഭക്ഷണവും എടുത്തുകൊണ്ട് വൈകുന്നേരം അമ്മുവിനെയും കൂട്ടി അങ്ങോട്ട് പോയത്.
ശരണ്യ ആകെ തകർന്നു പോയിരുന്നു.
ഒറ്റക്കാവുന്നതിന്റെ വേദന ഈ ഹിമയോളം ആർക്ക് മനസിലാകാനാണ്.ചുറ്റും ആളുകൾ ഉണ്ടായിട്ടും താനെന്നും തനിച്ചല്ലായിരുന്നോ.
ഹിമ ശരണ്യയുടെ അരികിൽ ഇരുന്നു..
അവളെ ആശ്വസിപ്പിക്കാൻ കുറേ നോക്കി.
ചിലപ്പോൾ ഒക്കെ പൊട്ടിക്കരഞ്ഞും, പഴയ കാര്യങ്ങൾ പറഞ്ഞും ഒക്കെ അവൾ ഹിമയുടെ തോളിൽ തളർന്നിരുന്നു.
ഹിമയുടെ നിർബന്ധത്തിൽ ശരണ്യ ഒരൽപ്പം ഭക്ഷണം കഴിച്ചു,
നിങ്ങൾ പൊയ്ക്കോ…. മോൾക്ക് പഠിക്കാൻ ഒക്കെ ഉള്ളതല്ലേ ശരണ്യ പറഞ്ഞു.
ഇല്ല ഇന്ന് ഞങ്ങൾ പോകുന്നില്ല.
അമ്മു കുറച്ചു കഴിഞ്ഞപ്പോ ഉറങ്ങിപ്പോയെങ്കിലും.
ഹിമ ശരണ്യക്കൊപ്പം ഇരുന്നു..
ഒരുപാട് എന്തൊക്കെയോ സംസാരിച്ചു.
പിറ്റേന്ന് കാലത്ത് വീട്ടിലേക്ക് മടങ്ങിയെങ്കിലും ഹിമ ഇടക്കൊക്കെ ശരണ്യയുടെ അടുത്ത് ചെല്ലും..
ശരണ്യ പതിയെ തന്റെ ഒറ്റപ്പെടലുമായി പൊരുത്തപ്പെട്ട് തുടങ്ങിയെങ്കിലും. ചിലപ്പോഴൊക്കെ സ്വയമറിയാതെ അവൾ തേങ്ങിപ്പോകും.
ദിവസങ്ങൾ കഴിയവേ ഹിമയുടെ നിർബന്ധത്തിൽ ശരണ്യ തയ്യൽക്കടയിലേക് പോയിത്തുടങ്ങി.
***************
ഹിമ,ഷിജു ഓഫീസിലേക്ക് പോകും മുൻപ് അയാളുടെ അരികിൽ എത്തി.
എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.
എന്താ…?
ഈ ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കാൻ എനിക്ക് തീരെ താല്പര്യമില്ല. എനിക്ക് ഡിവോഴ്സ് വേണം..
എന്താ നീ പറഞ്ഞത്? അയാൾ ഞെട്ടലോടെ ചോദിച്ചു.
എത്രയോ കാലങ്ങളായി, എല്ലാഅർത്ഥത്തിലും നമ്മൾ പിരിഞ്ഞാണ് കഴിയുന്നത്. പിന്നെന്തിന് രണ്ടാളും സ്വയം ഇങ്ങനെ ജീവിതം നശിപ്പിക്കണം?
നിന്റെ പെണ്ണുമ്പിള്ള വേറെ വല്ലവരെയും കണ്ടെത്തിക്കാണും. അങ്ങോട്ട് വന്ന ഷിജുവിന്റെ അമ്മ പറഞ്ഞു.
ദേ… തള്ളേ നിങ്ങടെ നശിച്ച നാവ് കൊണ്ട് ഇനി എന്തെങ്കിലും പറഞ്ഞാൽ തലമണ്ട തല്ലിപ്പൊളിക്കും ഞാൻ… അവരുടെ മുഖത്തിന് നേരെ കൈചൂണ്ടി ഹിമ അലറി. അവളുടെ കണ്ണുകളിൽ അഗ്നി എരിയുന്നുണ്ടെന്ന് അവർക്ക് തോന്നി.
ദേ… കേട്ടോടാ, ഇവൾ എന്നെ കൊല്ലാനും മടിക്കില്ല. അമ്മ മൂക്ക് പിഴിഞ്ഞു.
ഒന്ന് മിണ്ടാതെ അപ്പുറത്തെങ്ങാനും പോയിരിക്കാമോ, അയാൾ ദേഷ്യത്തോടെ പറഞ്ഞു.
അത് കേട്ടതും അവർ എന്തോ പിറുപിറുത്തുകൊണ്ട് അപ്പുറത്തേക്ക് പോയി.
അമ്മുവിനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. ഹിമ തുടർന്നു.
ഞാൻ ഇന്ന് തന്നെ ഇവിടുന്ന് താമസം മാറുകയാണ്.
എല്ലാം അങ്ങ് സ്വയം തീരുമാനിച്ചാൽ മതിയോ?
മതി. അവളുടെ സ്വരം ഉറച്ചതായിരുന്നു.
മോളെ ഞാൻ വിട്ടുതരില്ല.
അത് മോളുടെ ഇഷ്ട്ടം എന്താണോ അത് പോലെ ചെയ്യാനേ പറ്റൂ.
വളർന്നു വരുന്ന പെൺകുട്ടിയാണ്അവൾ.
അവൾക്ക് ഈ പ്രായത്തിൽ അമ്മയെയാണ്കൂടുതൽ ആവശ്യം.
ബാക്കി ഒക്കെ കോടതിയിൽ കാണാം.
ഇപ്പോൾ എന്തായാലും മോളെ ഞാൻ കൊണ്ടുപോകും.
അത് ഞാൻ സമ്മതിക്കില്ല.അയാൾ പറഞ്ഞു.
സ്വന്തം ഭാര്യയെ നന്നായി സംരക്ഷിക്കാൻ പോലും കഴിയാത്ത നിങ്ങൾക്ക് നല്ലൊരു അച്ഛനാകാനും ഒരിക്കലും കഴിയില്ല.
അവൾക്ക് ഒരച്ഛന്റെ കരുതലോ, സ്നേഹമോ എന്നെങ്കിലും നൽകിയിട്ടുണ്ടോ?
ഒരമ്മ നൽകേണ്ട പരിഗണന ഞാനും മോൾക്ക് നൽകിയില്ല. നിങ്ങളും നിങ്ങളുടെ അമ്മയും നൽകുന്ന മാനസിക മുറിവുകളിൽ
നീറി നീറി, മരിച്ച പോലെയാണ് ഇത്രകാലങ്ങൾ ഞാൻ തള്ളിനീക്കിയത്. ഒരേയൊരു മോളേ ഒന്ന് ചേർത്ത് പിടിക്കാൻ പോലും എനിക്കും കഴിഞ്ഞില്ല. പക്ഷെ ഇനി ഒന്നിന് വേണ്ടിയും, ഒരു കാലത്തും എനിക്കെന്റെ മോളെ ഒരു നുള്ളുപോലും വേദനിപ്പിക്കാൻ വയ്യ.
ഞാൻ എന്റെ മകളെ സ്നേഹിക്കുന്നില്ലെന്നാണോ നീയ് പറയുന്നത്?
മകൾക്ക് എന്തും കാശ് മുടക്കി വാങ്ങി കൊടുക്കുന്നതല്ല സ്നേഹം.
നമ്മൾ കൊടുത്തത് സ്നേഹം അല്ലായിരുന്നു ഷിജു… അവളുടെ ശബ്ദം ഇത്തവണ നേർത്തിരുന്നു.
നമ്മുടെ കുഞ്ഞിന് ആ സ്നേഹം തികഞ്ഞിരുന്നില്ല, അല്ലെങ്കിൽ തന്നെ അവളെ ഒന്ന് അടുത്തിരുത്തിയിട്ട്,ഒന്ന് ചുംബിച്ചിട്ട്, അവളോട് സംസാരിച്ചിട്ട്, അവൾക്ക് പറയാനുള്ളത് കേട്ടിട്ട്… ഒക്കെ എത്ര നാളുകൾ ആയെന്ന് ഷിജു ഒന്ന് ഓർത്ത് നോക്ക്.
അക്കാര്യത്തിൽ ഞാനും ഷിജുവും വലിയ പരാജയം ആയിരുന്നു.
ഇനിയെങ്കിലും എനിക്ക് തിരുത്തണം.
ഞാനിവിടെ ഇനി നിൽക്കില്ല ഷിജു..
എന്നെ അത്രയ്ക്ക് വെറുപ്പാണോ? ഷിജുവിന്റെ ശബ്‌ദം താഴ്ന്നിരുന്നു.
വെറുപ്പൊന്നും ഇല്ല ഷിജു. പക്ഷെ സ്നേഹമുണ്ടോ എന്ന് എനിക്കറിയത്തും ഇല്ല.
ഇനിയും ഇവിടെ തുടർന്നാൽ വെറുപ്പ് ഉണ്ടായെന്ന് വരാം. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇപ്പോൾ ഞാൻ പോകുന്നത്..
ഞാൻ ഒന്നും എടുക്കുന്നില്ല ഷിജു.
അച്ഛൻ വാങ്ങി തന്ന എന്റെ ആഭരണങ്ങളും ഇപ്പോൾ ഇട്ടിരിക്കുന്ന ഈ വസ്ത്രവും മാത്രമേ കൊണ്ടുപോകുന്നുള്ളൂ..
മോളുടെമേലുള്ള ഷിജുവിന്റ ഒരവകാശങ്ങളെയുംഞാൻ ഇല്ലാതാക്കില്ല.
അവൾക്ക് അച്ഛനും വേണം.
എപ്പോൾ വേണമെങ്കിലും മോളെ കൂടെ
കൂട്ടിക്കൊണ്ട് പോന്നോളൂ.ഒന്നിനും തടസം നിൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.പക്ഷെ, ഇപ്പോൾ ഞാൻ മോളെയും കൊണ്ട് പോകും.
സ്കൂൾ ബാഗും ഇട്ട് അമ്മു ഇറങ്ങി അവർക്കരികിലേക്ക് വന്നു.
***********
തുടരും

by