16/04/2026

നിന്നോരം : ഭാഗം 34

രചന – ആതിര

“ഹലോ ചാരു..” യദു ചാരുവുമായി ഫോണിൽ സംസാരിക്കുകയാണ്..ശ്രീരാഗ് അവിടെ നിന്നും പോയിട്ടിപ്പോൾ ഒരുമാസം കഴിഞ്ഞു.. “നിൻ്റെ തീരുമാനം എന്താ..വരില്ലേ.??നിനക്ക് ഞാൻ അന്യനാണെന്ന് കരുതിക്കോളാം, നീ വരണ്ട ..” ശ്രീയേട്ടനെ ഓർത്താണ് നീ വരാതിരിക്കുന്നെങ്കിൽ പേടിക്കണ്ട.. ഏട്ടൻ്റെ ഭാഗത്ത് നിന്നും ഇനി ഒന്നും ഉണ്ടാകില്ലന്ന് ഞാൻ ഉറപ്പ് തരുന്നു.. ശ്രീയേട്ടൻ്റെ ഭാഗത്ത് നിന്ന് മാത്രമല്ല വേറെ ആരും നിന്നോട് ഇനി കഴിഞ്ഞുപോയതിനെ പറ്റി സംസാരിക്കില്ല..എൻ്റെ വാക്കാണ്…” അടുത്ത ദിവസം യദുവിൻ്റെയും ഭാഗിയുടെയും നിശ്ചയം ആണ്.. അതിന് ചാരുവിനെ വിളിച്ചെങ്കിലും അവൾ വരാൻ മടി കാണിക്കുന്നതിന് വഴക്ക് പറയുവാണ് യദു .. ” ഞാൻ വരാം യദുവേട്ടാ ” അവന്റെ സന്തോഷത്തിന് വേണ്ടിയവൾ പോകാൻ തീരുമാനിച്ചു.എങ്കിലും ശ്രീരാഗിനെ കാണുന്നതോർക്കെ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി..

ശ്രീരാഗ് അവിടെ നിന്നു പോയതിന്റെ അടുത്ത ദിവസങ്ങളിൽ ഗൗരിമോള് വല്ലാത്ത വാശിയിലായിരുന്നു.. ആഹാരം കഴിക്കാനൊക്കെ വല്ലാത്ത മടി കാണിച്ചു.. ശ്രീരാഗിനെ കാണാതെ രണ്ടു ദിവസം കരഞ്ഞു. ഇടയ്ക്കൊക്കെ ചുറ്റും നോക്കും.. അവൻ അവിടെയുണ്ടോന്ന്.. കുഞ്ഞിന്റെ മനസ്സിൽ ശ്രീരാഗ് എത്രത്തോളം സ്ഥാനമുറപ്പിച്ചെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത നാളുകളായിരുന്നു അവ.. 🌺🌺🌺 രണ്ട് ദിവസങ്ങൾക്കിപ്പുറം യദുവിന്റെ നിശ്ചയത്തിന് പോകുകയാണ് ചാരു ..ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ വിളിച്ച് ചാരൂ അങ്ങോട്ടേക്ക് ചെന്നു.. ഓട്ടോക്കാരന് പൈസ കൊടുത്ത് ബാഗും എടുത്ത് കുഞ്ഞിനെയും കൊണ്ടവൾ ഭാഗിയുടെ വീട്ടിലേയ്ക്ക് നടന്നു.. മുറ്റത്ത് ചെറിയൊരു പന്തൽ ഉയർന്നിട്ടുണ്ട്..കുറച്ച് ആൾക്കാർ അവിടെയുള്ള കസേരയിൽ ഇരുപ്പുണ്ട്.. രാധികയും മാലിനിയും അവിടെ വന്നവർക്കൊക്കെ ചായ കൊടുക്കുന്നു.. “മോളെ..” ചായ കൊടുത്ത് തിരിഞ്ഞതും ചാരുവിനെയും മോളെയും കണ്ട് രാധിക അവളുടെ അടുത്തേക്ക് സ്നേഹത്തോടെ ഓടിച്ചെന്നു.. അവളെ കണ്ട് മാലിനിയും ചായ ട്രെ അടുത്തുള്ള ആളുടെ കയ്യിൽ ഏൽപ്പിച്ച് അവളുടെ അടുത്തേക്ക് ചെന്നു..

രാധിക ചെന്നപാടെ ഗൗരിമോളെ കയ്യിൽ വാങ്ങി മുഖം മുഴുവൻ ഉമ്മ വെച്ചു.. “അച്ഛമ്മേടെ മോളെ എത്ര നാളായടാ കണ്ടിട്ട് ? ” “വാ മോളെ…” രാധിക ചാരുവിന്റെ കൈപിടിച്ചു .. “വന്നേ ഭാഗി നോക്കിയിരിക്കാൻ. തുടങ്ങിയിട്ട് കുറെ നേരമായി… വന്ന് കുളിച്ചിട്ട് വാ..അമ്മ കഴിക്കാൻ എടുക്കാം..” അവൾ തൻ്റെ വീട്ടിലേയ്ക്ക് വരില്ലെന്ന് രാധികയക്ക് അറിയാം.. അതുകൊണ്ട് രാധിക നിർബന്ധിക്കാനോ പറയാനോ പോയില്ല.. ചാരു മാലിനിയ്ക്കൊപ്പം അകത്തേയ്ക്ക് പോയി.. അകത്ത് ഭാഗിയുടെ മുറിയിലേയ്ക്ക് അവളോടൊപ്പം മാലിനിയും കയ്യിൽ കുഞ്ഞുമായി രാധികയും നടന്നു.. “ചേച്ചീ….!!” തൻ്റെ മുറിയിലേയ്ക്ക് വന്ന ചാരുവിനെ കണ്ട് ഭാഗി സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു.. രാധികയുടെ കയ്യിലിരിക്കുന്ന ഗൗരിയെ കണ്ടതും ഭാഗി ,മോളെ രാധികയുടെ കയ്യിൽ നിന്നും വാങ്ങിച്ചു..

“ചിറ്റേടെ സുന്ദരിക്കുട്ടി മറന്നോടാ ചിറ്റയെ…??” “ഭാഗീ…ചാരു ഫ്രഷ് ആയി കഴിഞ്ഞ് നീ അവളെയും കൂട്ടി വാ..കഴിക്കാൻ എടുത്ത് വെക്കാം ഞാൻ..” രാധിക ഗൗരിയെ ഒക്കത്തിരുത്തി വെളിയിൽ നടന്ന് കൊണ്ട് ചോറ് വാരിക്കൊടുക്കുകയാണ്… രാധിക കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്നതിനിടയിലാണ് ശ്രീരാഗ് അവിടെ കസേര നിർത്തിയിടാൻ മുറ്റത്തേക്ക് വന്നത്.. രണ്ടു വീടും അടുത്തടുത്ത് ആയതിനാൽ ഭാഗിയുടെ വീട്ടിൽ മാത്രമാണ് പന്തൽ ഇട്ടിരുന്നത്.. അവിടെ വെച്ചാണ് ചടങ്ങും.. അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടതും ശ്രീരാഗിന് സന്തോഷത്താൽ മതി മറന്ന് കുഞ്ഞിനെ നോക്കി. ഓടിയവളുടെ അടുത്തേയ്ക്ക് പോകാനാഞ്ഞതും ഓർമ്മകളുടെ കൂച്ച് വിലങ്ങ് അവന്റെ കാലുകളെ ബന്ധിച്ച് പുറകോട്ട് വലിച്ചു. ഗൗരിയും അവനെക്കണ്ട് ചിരിയ്ക്കുന്നുണ്ട്. തേടി നടന്ന ആളല്ലേ മുന്നിൽ നിൽക്കുന്നത്.. അവൾ സന്തോഷത്തോടെ എന്തൊക്കെയോ ഒച്ച ഉണ്ടാക്കുന്നുണ്ട്..കുഞ്ഞിനെയും കൊണ്ട് അടുത്തേക്ക് വരുന്ന രാധികയെ കണ്ടവൻ അവിടെ നിന്നും പോയി..കുഞ്ഞിനെ കണ്ടിട്ടും കാണാതെ പോകുന്നവനെ രാധിക സംശയത്തോടെ നോക്കി…

അവളെ എടുക്കാതെ പോയതിൻ്റെ പരിഭവമെന്നോണം ഗൗരിമോളും മുഖം വീർപ്പിച്ചു.. യദു ചാരുവിനെ കണ്ടതും അവളുടെ അടുത്തേക്ക് വന്ന് സംസാരിച്ചു.. യദു സംസാരിക്കുമ്പോഴും ശ്രീരാഗ് അവനോട് എന്തേലും പറഞ്ഞു കാണുമോയെന്ന് ചാരു ഭയപ്പെട്ടിരുന്നു..കാരണം വീണ്ടുമൊരു കുറ്റപ്പെടുത്തൽ കേൾക്കാൻ അവൾക്ക് വയ്യായിരുന്നു..എന്നാൽ ഇതുവരെ ശ്രീരാഗിനെ അഭിമുഖീരിക്കേണ്ടി വരികയോ ആരും ശ്രീരാഗിനേക്കുറിച്ച് ഇതുവരെ പറയുകയോ ചെയ്തിട്ടില്ല എന്നത് അവൾക്ക് ആശ്വാസം തന്നെയായിരുന്നു.. 🌺🌺🌺 വൈകിട്ടോട് കൂടി ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങി.. മുറ്റത്തെ പന്തലിലിൽ വീട്ടിൽ വന്ന ബന്ധുക്കൾക്ക് മാത്രം ഇലയിട്ട് വിളമ്പുന്നുണ്ട്.. ഭാഗിയും ചാരുവും അമ്മമാരും കൂഞ്ഞുമായി ഹാളിൽ ഇരിക്കുവാണ്..വരുന്ന സ്ത്രീകളോടൊക്കെ ചാരുവിനെയും കുഞ്ഞിനേയും പരിചയപ്പെടുത്തുന്നുണ്ട്.. “ദേ വരുന്നുണ്ട്..ആ അമ്മായിയും കാർന്നോരും..ഇനി ഓരോന്ന് കിള്ളിപ്പെറുക്കി ചോദിക്കും..” മുരളിയുടെ അകന്ന ബന്ധത്തിൽ പെട്ട അമ്മായിയും അമ്മാവനുമാണ് വരുന്നത്.അത് കണ്ട രാധിക മാലിനിയോട് പറഞ്ഞു.

“രാധികേ ,മാലിനി അങ്ങനെ നിങ്ങൾ ബന്ധുക്കൾ ആകാൻ പോവാണ് അല്ലേ.. എന്നാലും ശ്രീരാഗിന്റെ കല്യാണം കഴിഞ്ഞതും കുഞ്ഞുണ്ടായത്തും ഒന്നും അറിഞ്ഞില്ലല്ലോ..” അമ്മായി വന്നപാടെ പരാതിപറച്ചിൽ തുടങ്ങി.. “അറിയിച്ചില്ലെന്ന് പറയടി.. ഈ അടുത്ത ബന്ധുക്കളായാ നമ്മൾ പോലും വല്ലവരും പറഞ്ഞിട്ട് വേണായിരുന്നു അറിയാൻ..” ഭാര്യയ്ക്ക് പിന്തുണയുമായി ഭർത്താവ് അമ്മാവനും രംഗത്ത് വന്നു.. “ഈ ഇരിക്കുന്നതാണോ അവന്റെ പെണ്ണും കൊച്ചും..??” ചാരുവിനെ നോക്കിയവർ ചോദിച്ചു.. “അതേ..” ചാരുവും അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.. “ആ ഒരു ചന്തം ഒക്കെ ഒണ്ട്.. ആ ഇനി പറഞ്ഞിട്ട് എന്താ , ദേ ഒരു കൊച്ചിനെ പേറും കഴിഞ്ഞ് അത് നീന്താനും തുടങ്ങി..” “എന്നതാടി കൊച്ചേ നിന്റെ പേര് .. ?” അമ്മാവനാണ്.. ” സാരംഗി ” അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.. “വല്ല ഉള്ള കുടുംബത്തിലേം കൊച്ചാണോ..” അവർ ശബ്ദം ഇത്തിരി അടക്കി രാധികയോട് ചോദിച്ചു.. “എന്റെ ആങ്ങളേടെ മോളാ..” മാലിനി അവരോട് ചേതമില്ലാത്തൊരു കള്ളം പറഞ്ഞു… ചാരൂ അതിശയത്തോടെ മാലിനിയെ നോക്കി.. “ആ.. അത് പറ.. മുഖം കണ്ടാലേ ഈ കൊച്ച് നല്ല തറവാട്ടിലെയാണെന്ന് അറിയാം…”

“അതേ.. കൊച്ചേ ,എന്റെ പേര് നാരായണി.. ഇതെന്റെ കെട്ടിയോൻ ദാമോദരൻ, ഇവിടുത്തെ വേണ്ടപ്പെട്ടവരാ.. നിങ്ങടെ രഹസ്യക്കല്യാണം ആരുന്നല്ലോ.. അതുകൊണ്ട് ഞങ്ങളെയൊന്നും അറിയാൻ തരമില്ല. ഞങ്ങൾക്കിങ്ങനെ ഒളിച്ചോടി കെട്ടുന്നതിനോട് താൽപര്യവുമില്ല.. “അതേ അമ്മായി ഭദ്രൻ ജയിലീന്ന് ഇറങ്ങിയോ.. വാറ്റ് കച്ചോടം ഒക്കെ നിർത്തി മാന്യമായി ജീവിക്കാൻ പറ അവനോട്..” അവരുടെ മകനാണ് ഭദ്രൻ .. ചാരായം വറ്റിയതിനു പോലീസ് പിടിച്ചപ്പോൾ ജയിലിലാണ്… അവരുടെ സംസാരം കേട്ട് അങ്ങോട്ട് വന്ന മുരളി പറഞ്ഞു.. അല്ലമ്മാവാ., അവനൊപ്പം അമ്മാവനെയും പോലീസ്കാര് പിടിച്ചോണ്ട്‌ പോയി ഇടിച്ചെന്നാണല്ലോ കേൾക്കുന്നത്.. ഒള്ളതാണോ .. വിനയനും അവർക്കിട്ടൊരു താങ്ങ് താങ്ങി .. “ഏയ്യ്.. എന്നെയെങ്ങും കൊണ്ടുപോയില്ല അതൊക്കെ നാട്ടുകാര് പറഞ്ഞുണ്ടാക്കുന്നയല്ലേ.. എന്നാൽ ഞങ്ങൾ പോയി കഴിച്ചിട്ട് വരാം..” സംഗതി പന്തിയല്ലെന്ന് കണ്ടതും അവർ രണ്ടുപേരും പോയ വഴി അറിയാൻ പറ്റിയില്ല…രാധികയും മാലിനിയും അവരുടെ പോക്ക് കണ്ട് ചിരിച്ചു.. “മോളിതൊന്നും കേട്ട് വിഷമിക്കണ്ട.. എല്ലാടത്തും കാണും ചില പാഷാണത്തിൽ കൃമികൾ ” മുരളി ചാരൂനോട് പറഞ്ഞു.. നാളത്തേയ്ക്കുള്ള സാധനങ്ങൾ ഒക്കെ അകത്തേയ്ക്ക് എടുത്തവെയ്ക്കുന്ന തിരക്കിലാണ് ശ്രീരാഗ്.. ഹാളിൽ കൂടിയാണ് സാധങ്ങൾ ഓരോന്നും അകത്ത് കൊണ്ടുപോയി വെയക്കുന്നത്..

ചാരൂനെ അവിടെ കണ്ടവൻ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് അവിടെ അങ്ങനെ ഒരാളേയുണ്ടെന്ന് അവൻ ഭാവിച്ചില്ല..ചാരുവിന്റെ കയ്യിലിരിയ്ക്കുന്ന ഗൗരി അച്ഛനെ കണ്ട് തുള്ളിച്ചാടുന്നുണ്ട്.. അവൻ തന്നെ എടുക്കാനായി അവൾ ചാരുവിന്റെ കയ്യിൽ നിന്നും കുത്തറുന്നുണ്ട്.. എന്നാൽ ചാരുവിനെയോ കുഞ്ഞിനെയോ അവൻ നോക്കിയത് പോലും ഇല്ല.. അവന്റെ ഈ മാറ്റം,കുഞ്ഞിനെപോലും ശ്രദ്ധിക്കാതെ നടക്കുന്നത് എല്ലാവരും അതിശയത്തോടെ നോക്കിക്കണ്ടു.. ചാരുവിലും അതേ അവസ്ഥയായിരുന്നു.. ഇവിടെ വന്നാൽ കുഞ്ഞിനെ തന്റെ കയ്യിൽ താരാതെ ശ്രീരാഗ് എടുത്ത് കൊണ്ട് പോകുമോ എന്നായിരുന്നു അവളുടെ പേടി.. എന്നാൽ തന്റെ നേർക്ക് ഒരു നോട്ടം പോലും ഇതുവരെ ഉണ്ടായില്ല.. എന്തിന് കുഞ്ഞിനെ ഒരു നിമിഷം പോലും താഴെ വെയ്ക്കാതെ കൊണ്ട് നടന്നവനാണ് ഇന്ന് കുഞ്ഞിനെ തിരിഞ്ഞു നോക്കാത്തതെന്ന് ചാരൂന് വിശ്വസിക്കാനായില്ല.. 🌺🌺🌺 ഇന്ന് ഭാഗിയുടെയും യദുവിന്റെയും നിശ്ചയ ദിനം.. സെറ്റും മുണ്ടും അതിനോട് മാച്ചായ ഗോഡൻ ബീഡ്‌സ് എംബ്രോയ്ഡറി ചെയ്ത് പച്ചക്കളർബ്ലൗസും, അതായിരുന്നു ഭാഗിയുടെ വേഷം..നാഗപടമാലയും അതിന്റെ തന്നെ കമ്മലും അണിഞ്ഞിരിക്കുന്നു..ഇരു കയ്യിലും ഓരോ ലക്ഷ്മി വളകളും.. മുടിയിൽ മുല്ലപ്പൂവും ചൂടി കണ്ണെഴുതി പൊട്ടുതൊട്ട് അതിന് മാറ്റേകാനായി മഞ്ഞൾ കുറിയും.. അണിഞ്ഞൊരുങ്ങി വന്ന ഭാഗിയെ യദു കണ്ണെടുക്കാതെ നോക്കി നിന്നു..

അവനും പച്ച നിറത്തിലുള്ള ജുബ്ബയും കസവിന്റെ മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.. ഒരുപാട് കൊതിച്ച ദിവസം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഭാഗി.. ഗൗരി മോൾക്ക് പച്ചക്കളറിൽ സ്വർണപൊട്ടുകൾ ഉള്ള പട്ടുപാവാടയും ബ്ലൗസും ആണ്..ഇത്തിരിയുള്ള മുടിയിൽ കുറച്ചു പൂവും വെച്ച് ഒന്നുകൂടി സുന്ദരിയായിട്ടുണ്ട് കുഞ്ഞിപ്പെണ്ണ്.. മുഹൂർത്ത സമയത്ത് മുരളി യദുവിനും വിനയൻ ഭാഗിയ്ക്കും എടുത്തു കൊടുത്ത മോതിരം ആദ്യം ഭാഗിയും പിന്നീട് യദുവും പരസ്പരം വിരലിൽ അണിയിച്ചു.. യദു ഭാഗിയുടെ വിരലിൽ മോതിരം അണിയിക്കുന്നതിനൊപ്പം അവളുടെ നെറ്റിയിൽ ചുണ്ടുചേർത്തു..നിറഞ്ഞ ചിരിയോടെ ആ ചുംബനം അവൾ സ്വീകരിച്ചു..കല്യാണം രണ്ട് മാസം കഴിഞ്ഞ് നടത്താമെന്ന് തീരുമാനിച്ചു.. പിന്നീട് ഫോട്ടോ എടുപ്പായിരുന്നു.. അച്ഛനമ്മാരുടെ ഊഴം കഴിഞ്ഞപ്പോൾ ഗൗരിമോളെ കയ്യിൽ എടുത്ത് നിൽക്കുന്ന അവരുടെ ഫോട്ടോ എടുത്തു.. “ചേട്ടനും ചേട്ടത്തിയും കുഞ്ഞും നിൽക്ക്..” ആരോ പറഞ്ഞതും ശ്രീരാഗ് രംഗത്ത് പ്രത്യക്ഷപ്പെട്ടു..യദുവിനും ചാരുവിനും ഇരുവശത്തുമായി അവർ നിന്നു.. ഊണിനു ചാരു യദുവിനും ഭാഗിയ്ക്കും ഒപ്പം ഇരുന്നു.. ശ്രീരാഗിനെ നിർബന്ധിച്ചിട്ടും അവൻ ചെല്ലാതെ വിളമ്പാനായി നിന്നു.. ചാരുവിന്റെ ഇലയിൽ ചോറുടിമ്പോൾ അവൻ കുഞ്ഞിന്റെ മുഖത്ത് നോക്കാതിരിക്കാൻ പാട്പെടുന്നുണ്ടായിരുന്നു.. തുടിക്കുന്ന ഹൃദയത്തെയവൻ അടക്കി നിർത്തി.. അവനെ കാണുമ്പോഴൊക്കെ അവനിലേയ്ക്ക് ചായാൻ ഗൗരി മോൾ ആവുന്ന നോക്കുന്നുണ്ട്..

ഇതെല്ലാം യദുവും ഭാഗിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കുഞ്ഞിനെപ്പോലും അവഗണിക്കണമെങ്കിൽ അവന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം, അത്രയും വലുതായിരിക്കുമെന്നവർക്ക് മനസ്സിലായി.. സദ്യ കഴിഞ്ഞതോട് കൂടെ ഓരോരുത്തതാരായി പിരിഞ്ഞുപോകാൻ തുടങ്ങി.. ഭാഗി ഡ്രസ്സ്‌ മാറി കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്ത് നിൽക്കുന്ന ശ്രീരാഗിനെ കണ്ടത്.. അവൾ കുഞ്ഞിനേയും എടുത്ത് കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..അവനെ കണ്ടിട്ടാണ് ഭാഗി കുഞ്ഞിനെ കൊണ്ടുപോകുന്നതെന്ന് അറിയാമായിരുന്നിട്ടും ചാരൂ വിലക്കിയില്ല.. ഗൗരി മോളെയും കൊണ്ട് വരുന്ന ഭാഗിയെ കണ്ടതും അവൻ അവിടെ നിന്നും മാറാൻ ശ്രമിച്ചെങ്കിലും ഭാഗി അവനെ തടഞ്ഞു.. ശ്രീരാഗ് കുഞ്ഞിന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.. “ശ്രീയേട്ടാ.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് കേട്ടോ.. കുഞ്ഞിനെ കണ്ടിട്ടും കാണാതെ പോകുന്നപോലെ അഭിനയിക്കുന്നത് എന്തിനാ.. ശ്രീയേട്ടന്റെ കുഞ്ഞായിത്.. വന്നപ്പോൾ മുതൽ ശ്രീയേട്ടൻ എടുക്കാനായി ഇവൾ ഞെരിപിരി കൊള്ളുന്നത് അറിയാഞ്ഞിട്ടാണോ..,” “അത് തന്നാ എനിക്കും ചോദിക്കാനുള്ളത്.. കുഞ്ഞിനെ ശ്രീയേട്ടന് വേണ്ടന്നാണോ..? എന്താ ഏട്ടാ പറ്റിയത്.. കുഞ്ഞിനെ മനപ്പൂർവം അവോയ്ഡ് ചെയ്യുന്നപോലെ തോന്നുവാ..” അങ്ങോട്ട് വന്ന യദുവും ഭാഗിയുടെ വാക്കുകൾ ശരിവെയ്ക്കുന്ന പോലെ പറഞ്ഞു.. ഭാഗി കുഞ്ഞിനെ അവന്റെ കയ്യിലേയ്ക്ക് നീട്ടി.. ഗൗരി അച്ഛന്റെ മേലേയ്ക്ക് ചാടി..

അപ്പോഴും ഭാഗിയുടെ ഒരു കൈ കുഞ്ഞിനെ പിടിച്ചിട്ടുണ്ടായിരുന്നു.. അവൻ കുഞ്ഞിനെ എടുത്തില്ല.. യദുവും ഭാഗിയ്ക്കും നല്ലപോലെ ദേഷ്യം വരുന്നുണ്ടായിരുന്നു.. “ഭാഗി, നീ മോളെയും കൊണ്ട് എന്റെ മുന്നീന്ന് ഒന്ന് പോ.. ” “ശ്രീയേട്ടാ…” ഭാഗിയ്ക്ക് അവന്റെ മനസ്സിൽ എന്താന്ന് മനസ്സിലാകുന്നതേയില്ല.. ശ്രീരാഗിന് ചാരുവും കുഞ്ഞും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അവൾക്കറിയാം.. “പ്ലീസ് മോളെ.. ” ദയനീയമായി തന്നോട് പറയുന്ന ശ്രീരാഗിനെയവൾ നോക്കി.. രണ്ടും കണ്ണും നിറഞ്ഞിട്ടുണ്ട്..യദുവിനെ നോക്കിയപ്പോൾ അവനും ഭാഗിയോട് പൊയ്ക്കോ എന്ന് പറഞ്ഞു..അവൾ കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നും നടന്നു.. “ശ്രീയേട്ടാ.. എന്താ ഏട്ടാ പറ്റിയത്..??” “പിന്നെ ഞാൻ എന്ത്‌ വേണം യദു.. ചാരു എന്നെ ഒരിക്കലും അംഗീകരിക്കുകയോ സ്നേഹിക്കുകയോ ചെയ്യില്ലെന്നിപ്പോൾ എനിക്ക് ഉറപ്പായി കഴിഞ്ഞു.. അവൾ കൈനീട്ടി അടിച്ചപ്പോൾ മരവിച്ചു പോയതാണെന്റെ മനസ്സ്.. അനുവാദം ഇല്ലാതെ ശരീരത്തിൽ തൊട്ടതിനാണ്.. അത് ഞാൻ അർഹിക്കുന്നു.. പക്ഷേ അതിനുശേഷമുള്ള അവളുടെ വാക്കുകൾ.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചു കളഞ്ഞു.. ഞാനിപ്പോഴും അവളുടെ കണ്ണിൽ ഒരു പെണ്ണ് പിടിയനാണ്..” ശ്രീരാഗിന്റെ ചുണ്ടിൻകോണിൽ വേദനകലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു.. ” ഒരുപാട് സഹിച്ചാണ് അവൾ എന്റെ കുഞ്ഞിന് ജന്മം നൽകിയത്.ശരിയാ അവൾ പറഞ്ഞപോലെ അവളുടെ ആവശ്യ സമയത്തൊന്നും ഞാൻ ഉണ്ടായിരുന്നില്ല..

പക്ഷേ സമയത്തൊക്കെ ഞാൻ അവളെ അന്വേഷിച്ചു നടക്കുവായിരുന്നു.. അവളുടെ കല്യാണം കഴിഞ്ഞെന്നാണ് അവന്മാർ എന്നോട് പറഞ്ഞത്.. എങ്കിലും മറ്റൊരു പെണ്ണിനെ ജീവിതത്തിലോട്ട് കൂട്ടാൻ പറ്റാതായാത് കൊണ്ടാ അഹല്യയുമായുള്ള കല്യാണം ഞാൻ വേണ്ടന്ന് വെച്ചത്.. ചാരൂ അന്ന് എന്നോട് പറഞ്ഞതാ, കുഞ്ഞിനെ ഞാൻ അവളിൽ നിന്നും തട്ടിയെടുക്കാൻ വന്നതാണെന്ന്.. എന്റെ ചോരയല്ലേടാ.. എന്റെ മോളല്ലേ.. എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റുവോ..ചങ്ക് പൊടിയുന്ന വേദനയോടെ കൂടിയാണ് ഞാൻ അവിടെ നിന്നും തിരിച്ചു വന്നത്.. ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ഇനി വരില്ലെന്നും അവളുടെ മദറിന് ഉറപ്പ് കൊടിത്തിട്ടാ മടങ്ങിയത്.. ” “അതിന് കുഞ്ഞിനെയെന്തിനാ അവഗണിക്കുന്നത്…?” “കുഞ്ഞിനെ ഇനീം ഞാൻ ചേർത്ത് പിടിച്ചാൽ എനിക്ക് കുഞ്ഞിനെ വിട്ടുപോരാൻ പറ്റില്ല..അവൾ പറഞ്ഞപോലെ ഗൗരി അവളുടെ മാത്രം മോളാ.. ഞാൻ പേരിന് മാത്രം അച്ഛൻ.. ജനിപ്പിച്ചത് കൊണ്ട് മാത്രം ആ പേരിനു അർഹനായവൻ.. ഗൗരി മോൾക്കും എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞ നാളുകളായിരുന്നു അത്.. നിനക്കറിയുവോ യദു,ന്റെ കുഞ്ഞ് ഈ ഈ നെഞ്ചിൽ കിടന്നേ ഉറങ്ങൂള്ളായായിരുന്നു..എന്നെ കണ്ടാൽ ന്റെ മോൾടെ മുഖത്ത് ഉണ്ടാകുന്ന ഒരു ചിരിയുണ്ട്.. ഓർക്കുമ്പോൾ തന്നെ മനസ്സ് നിറയുവാ.. പക്ഷേ അതിന് പോലും എനിക്കിനി ഭാഗ്യം കാണില്ല..” “കുഞ്ഞിനെ എനിക്കൊരിക്കലും കിട്ടില്ല..

ചാരൂ എന്റെ ജീവിതത്തിലേക്ക് വരാൻ ഇഷ്ട്പ്പെടാത്തോളം കാലം മോളും എനിക്ക് കിട്ടാക്കനിയാണ്.. അവളെ ഇപ്പോൾ ഞാനെടുത്തു കൊഞ്ചിച്ചു കൊണ്ട് നടന്നാൽ പോകാൻ നേരം കുഞ്ഞ് ബഹളം ആയിരിക്കും.. ചാരൂന് അത് ബുദ്ധിമുട്ടാകും.. ഞാൻ ഗൗരിമോളെ ശ്രദ്ധിക്കാതിരുന്നാൽ അവളും എന്നെ ശ്രദ്ധിക്കില്ല..കുഞ്ഞുങ്ങളല്ലേ പെട്ടന്ന് മറന്നോളും.. ഇങ്ങനെയൊരച്ഛൻ അവൾക്ക് വേണ്ട..കാണാൻ ചെല്ലാൻ പോലും അവകാശം ഇല്ലെനിക്ക്.. വലുതാവുമ്പോൾ എന്റെ മോൾടെ മനസ്സിൽ അച്ഛനോട് വെറുപ്പില്ലെങ്കിൽ എന്നെ വന്ന് കണ്ടോളും.. ഇല്ലെങ്കിൽ ഭൂമിയിൽ വെറുക്കപ്പെട്ടുപോയ ജന്മങ്ങളിൽ ശ്രീരാഗിന്റെ പേരും കൂടി ചേരട്ടെ..” “ശ്രീയേട്ടാ… എന്തൊക്കെയാ ഈ പറയുന്നേ…?” “യദു.. നിന്നെ ഒരിക്കലും അവൾ ഗൗരിമോളെ കാണുന്നതിൽ നിന്നോ സ്നേഹിക്കുന്നതിൽ നിന്നോ തടയില്ല.. ഞാൻ തന്ന് വിടുന്ന കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ നീ എന്റെ മോൾക്ക് കൊടുക്കണം.. അച്ഛൻ തന്നതാന്ന് പറയണ്ട.. നീ കൊടുക്കുന്നത് തന്നെയാന്നിരുന്നോട്ടെ..എന്റെ കുഞ്ഞിനെ എനിക്കിനി നിന്നിലൂടെ അറിയാൻ പറ്റുള്ളൂ..ചാരുവിനോട് പറഞ്ഞേക്ക് ആ താലി അവൾക്ക് ബാധ്യതയാണെന്ന് എന്ന് തോന്നിയാലും തിരിച്ചു തരാന്ന്.. ജീവിതത്തിലേക്ക് ഇഷ്ടമുള്ള ആരെയേലും കണ്ടെത്തിയാൽ സ്വീകരിക്കാം.. പക്ഷേ എന്റെ കുഞ്ഞിനും അയാൾ നല്ല അച്ഛൻ ആവണെമെന്ന് മാത്രം.. അവളുടെ നല്ല ജീവിതത്തിനു ഞാൻ ഒരിക്കലും തടസമാകില്ല..

അവള് വിളിച്ചപോലെ നാണവും മാനവും ഇല്ലാത്തവൻ.. “ശ്രീ…” ബാക്കി പറയാൻ സമ്മതിക്കാതെ രാധിക അവനെ വിളിച്ചു.. യദുവും ആകെ വല്ലാതെ നിൽക്കുവാണ്.. ശ്രീരാഗ് മനസ്സുകൊണ്ട് ഇത്രത്തോളം തകർന്നെന്ന് അവൻ ചിന്തിച്ചിരുന്നില്ല.. അന്ന് വീട്ടിൽ മടങ്ങിയെത്തിയ ശേഷം കവിളിലെ പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം പറഞ്ഞതാണ്.. ശ്രീരാഗ് പിറ്റേന്ന് മുതൽ സ്കൂളിൽ പോയി തുടങ്ങിയിരുന്നു..ഒന്നും സംഭവിക്കാത്ത പോലെയായിരുന്നു പെരുമാറ്റവും.. “മോനെ…” രാധിക കരഞ്ഞുകൊണ്ട് ശ്രീരാഗിന്റെ നെഞ്ചിൽ ചായ്ഞ്ഞപ്പോഴാണ് യദു ചിന്തകളിൽ നിന്നും മുക്തനായത്.. “എന്തിനാടാ ഇത്രയും സങ്കടം സഹിക്കുന്നത്.. എന്റെ കുഞ്ഞ് നീറി നീറി ജീവിക്കുന്നത് കാണാൻ അമ്മയ്ക്ക് പറ്റുന്നില്ലെടാ.. ഞാൻ കാലു പിടിക്കാം ചാറരുവിന്റെ.. കുഞ്ഞുമായി ഇവിടെ നിൽക്കാൻ പറയാം..” രാധിക കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു.. “അമ്മേ, കണ്ണീര് തുടച്ചേ.. ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു…” രാധിക നേരിയത്തിന്റെ തുമ്പാൽ മുഖം തുടച്ചു.. “അമ്മേ.. ചാരൂനെ ഒന്നിന്റെപേരിലും പിടിച്ചു നിർത്തണ്ട.. അമ്മയല്ലേ എപ്പഴും പറയുന്നേ ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്ന്.. ഇതും അങ്ങനെയാണ്.. കൂട്ടിച്ചർക്കാൻ നോക്കിയാലും വിട്ടുപോകാതെയുള്ളൂ.. ഞാൻ കാരണം ഇനിയും അവൾ സങ്കടപെടണ്ട.. കുഞ്ഞിലും ഒരാവകാശവും പറഞ്ഞു ഞാൻ ചെല്ലില്ല.. അമ്മയ്ക്ക് മോളെ കാണണമെങ്കിൽ യദു കൊണ്ട് കാണിക്കും..

പക്ഷേ അമ്മ എന്നെക്കുറിച്ചൊന്നും മോളോട് പറയില്ലെങ്കിൽ മാത്രം.. വേണ്ടമ്മേ ന്റെ കുഞ്ഞിന്റെ ഏറ്റവും വലിയ കരുത്ത് തന്നെയാ ചാരൂ.. ഞാൻ ഇല്ലെങ്കിലും ന്റെ കുഞ്ഞ് ചാരൂനെ പോലെ മിടുക്കിയായി വളരും.. അമ്മയുടെയും മോളുടെയും ഇടയിൽ ഞാനെന്നും കരട് തന്നെയാണ്..ഉപ്പ് തിന്നവൻ ഞാനല്ലേ.. അതുകൊണ്ട് വെള്ളം കുടിക്കണ്ടവനും ഞാനാ.. ഇങ്ങനൊക്കെ അങ്ങ് ഞാൻ ജീവിച്ചോളാം.. ചാരുവും കുഞ്ഞും ഞാനില്ലാതെ ഹാപ്പി ആണെങ്കിൽ ഞാൻ എന്നെന്നേക്കുമായി ഒഴിഞ്ഞ് മാറി കൊടുക്കുന്നതല്ലേ നല്ലത്..യദു നീ അമ്മയെയും കൊണ്ട് അകത്തേയ്ക്ക് പൊക്കൂടെ.. എനിക്ക് കുറച്ചു ജോലിയുണ്ട്..” ഒരു ചുവരിനപ്പുറം ഇതെല്ലാം കേട്ടുകൊണ്ട് ചാരുവും. ഒരു കണ്ണീർക്കണം അവളുടെ കവിളുകളിലൂടെ ഊർന്ന് മണ്ണിൽ വീണു..അപ്പൊൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് ഒരച്ഛന്റെയും മോളുടെയും സ്നേഹ നിമിഷങ്ങൾ ആയിരുന്നു.. 🌺🌺🌺🌺 ഭാഗിയുടെ നിർബന്ധം മൂലം ഒരുദിവസം കൂടി കഴിഞ്ഞിട്ടാണ് ചാരുവും മോളും പോകുന്നത്.. ഉമ്മറത്ത് പായയിൽ ഇരിക്കുന്ന ചാരുവിന്റെയും കുഞ്ഞിന്റെയും അടുത്തേക്ക് രാധിക കയ്യിലൊരു കുഞ്ഞു പെട്ടിയുമായി വന്നു.. അതവർ തുറന്ന് ഒരുമാലയും രണ്ട് വളകളും ഒരു കുഞ്ഞിക്കമ്മലും എടുത്തു.. ചാരുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മോൾക്കത് ഇട്ടുകൊടുത്തു..

കാത് കുത്തിയില്ലാത്തത് കൊണ്ട് കമ്മൽ മാത്രം ബോക്സിലേയ്ക്ക് തിരിച്ചു വച്ചു.. “അയ്യോ.. ഇതൊന്നും വേണ്ടമ്മേ..” കുഞ്ഞിന്റെ കയ്യിലും കഴുത്തിലും കിടക്കുന്ന ആഭരണങ്ങൾ കണ്ട് ചാരൂ പറഞ്ഞു.. “പേടിക്കണ്ട മോളെ.. ഇത് മനസ്സറിഞ്ഞു തരുന്നതാണ്.. എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ന്റെ കുഞ്ഞിന്റെ ചോരേയല്ലേ.. വാത്സല്യം തോന്നിപോകും.. മോള് നാളെ കുഞ്ഞിനേയും കൊണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് വരില്ലെന്ന് അറിയാം.. വരും.. യദുവിന്റെ കല്യാണത്തിന്.. അത് കഴിഞ്ഞാൽ പിന്നെ നീ ഈ നാട്ടിലേയ്ക്ക് പോലും വരില്ലെന്ന് അമ്മയ്ക്കറിയാം.. എന്റെ മോനോട് ഒരിക്കലും ക്ഷമിക്കില്ലെന്നും.. ഇതൊക്കെ അവളുടെ അച്ഛമ്മ ഗൗരി മോൾക്ക് കൊടുക്കുന്നതാണ്..” അപ്പോഴേക്കും മാലിനിയും അങ്ങോട്ട്‌ വന്നു.. ഇന്നലെ ശ്രീരാഗ് പറഞ്ഞതെല്ലാം അപ്പോൾ തന്നെ ആത്മമിത്രത്തോട് രാധിക പറഞ്ഞു.. അതുകൊണ്ട് മാലിനിയും സങ്കടത്തിലാണ്..

ശ്രീരാഗിന്റെ തീരുമാനം അവരെല്ലാം ഇന്നലെക്കോണ്ടേ ശിരസാ വഹിച്ചു കഴിഞ്ഞിരുന്നു.. “ചാരൂ..നിന്നെയിനി ഒന്നിന്റെ പേരിലും ആരും തടയില്ല..നിന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിനക്ക് മാത്രേ ഉള്ളൂ.. അത് മറന്ന് ഞങ്ങൾ എല്ലാവരും ചേർന്ന് തന്നൊരു കുരുക്കുകയറാ മോൾടെ താലി.. അതിന്റെയും തീരുമാനം നിന്റെ തന്നാ.. ആരും തടയില്ല..” ഒന്നിനും മറുപടി പറയാതെ ചാരു കുഞ്ഞിനേയും നോക്കി ഇരുന്നു.. വിനയൻ വിളിച്ചിട്ട് അങ്ങോട്ടേയ്ക്ക് വന്നതാണ് ശ്രീരാഗ്.. ഉമ്മറത്ത് പായിൽ കളിയ്ക്കുന്ന കുഞ്ഞിനെ പാളി നോക്കി അവൻ അകത്തത്തേക്ക് നടന്നു.. ഗൗരി മോള് ശ്രീരാഗിനെ കണ്ട് സന്തഷത്തോടെ ശബ്ദം ഉണ്ടാക്കുന്നുണ്ട്.. അവൻ അത് ശ്രദ്ധിക്കാതെ അകത്തേയ്ക്ക് കയറിയതും കുഞ്ഞ് മുട്ടിലിഴഞ്ഞ് അവന്റെ പുറകെ പോയി.. ഗൗരി അവന്റെ പുറകെ പോകുന്നത് ചാരൂ സങ്കടത്തോടെ കണ്ടു.. ഗൗരിമോള് അവനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നവളോർത്ത് പോയി..

ഗൗരി ഈഴഞ്ഞ് ചെന്നവന്റെ മുണ്ടിൽ പിടിച്ചു പൊങ്ങി എഴുനേറ്റു.. ഇതെല്ലാം കണ്ടുകൊണ്ടു ഇരിക്കുവാണ് മറ്റുള്ളവർ.. ഒരു കയ്യ്കൊണ്ട് മുണ്ടിൽ മുറുക്കിപ്പിടിച്ച് മറു കൈ തന്റെ നേർക്ക് നീട്ടി എടുക്കാനവൾ പറയാതെ പറയുവാണ്.. എന്നാൽ ശ്രീരാഗ് കുഞ്ഞിനെ നോക്കാതെ മനസ്സിനെ കല്ലാക്കി വേറെയെങ്ങോ നോക്കി നിൽക്കുവാണ്.. “ച്ഛേ…” ഗൗരിമോളുടെ വിളിയിൽ ശ്രീരാഗിനെ പോലെ എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു..ചാരു പോലും..കുഞ്ഞു വല്ലപ്പോഴും അവ്യക്തമായി അമ്മേയെന്ന് വിളിക്കും.. എന്നാൽ ഇന്നാദ്യമായാണ് അച്ഛാ എന്നവൾ വിളിക്കുന്നത്.. ഭാഗിയുടെ ചുണ്ടിൽ മാത്രം ഗൂഢസ്മിതം വിരിഞ്ഞു.. കുഞ്ഞിനെ രണ്ടു ദിവസമായവൾ അച്ഛാ എന്ന് ആരുമറിയാതെ വിളിക്കാൻ പരിശ്ശീലിപ്പിച്ചിരുന്നു.. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗൗരിമോളെ തന്നിൽ നിന്നും മാറ്റി തറയിലേയ്ക്ക് ഇരുത്തിയവൻ തിടുക്കത്തിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു.. സങ്കടത്തെ അടക്കി നിർത്താവാവാതെ പോകുന്ന തന്റെ മോനെ കണ്ട് രാധികയുടെ ഉള്ളം പിടഞ്ഞു.കണ്ണീരിനെ തൂത്തുവിട്ടവർ.. അച്ഛനും മോളും തമ്മിലുള്ള സ്നേഹംരംഗം പ്രതീക്ഷകൾക്കപ്പുറം സ്വപ്നം മാത്രമായതറിഞ്ഞു എല്ലാവരും സങ്കടപ്പെട്ടു… ചാരൂ ദേഷ്യത്തോടെ കുഞ്ഞിനേയും എടുത്ത് കൊണ്ട് ശ്രീരാഗിന്റെ പുറകെ അവന്റെ വീട്ടിലേക്ക് നടന്നു.. (തുടരും…)