രചന – നന്ദ നന്ദിത
“ഗൗരിയും, ബാലേട്ടനും എപ്പോഴാ വരാ…??” “വൈകിട്ട്… അവര് കോളേജിൽ പോയേക്കുവല്ലേ…?? ന്തേ ഏട്ടാ…?” “ഏയ്യ് ഒന്നൂല്യ… വെറുതെ ചോയ്ച്ചേ.. ഞാൻ ഗൗരിനെ കണ്ടിട്ടില്ലാലോ… അതോണ്ട്…” “മ്മ്… ഏട്ടൻ വേഗം പോയി കുളിക്ക്… ഞൻ കഴിക്കാൻ എടുക്കാം..” “മ്മ്…” ദേവു പോയതും… ഉണ്ണി കട്ടിലിലേക്ക് ഇരുന്നു… ബാഗിൽ നിന്ന്…കൊണ്ടു വന്ന സാധങ്ങൾ എല്ലാം പുറത്തേക്ക് എടുത്തു.. ദേവുനായി വാങ്ങിയ ഡ്രെസ്സുകൾ ക്കിടയിൽ നിന്ന്… ഇളം പിങ്ക് നിറത്തിലെ സാരീ കയ്യിൽ എടുത്തു… അറിയാതെ ഉണ്ണിയുടെ ചുണ്ടകളിൽ പുഞ്ചിരി, വിരിഞ്ഞു… അവൻ ആ സാരീയിലൂടെ വിരലുകൾ ഓടിച്ചു… തന്റെ നെഞ്ചോട് ചേർത്തു… “ടാ… ഉണ്ണി എന്തെടുക്കുവാ നീയ്…” വസുന്ധരയുടെ വിളി കേട്ടതും, ഉണ്ണി വേഗം തോർത്തും സോപ്പും എടുത്ത്…കുളത്തിലേക്ക് നടന്നു. * “ആഹാ… നീ എപ്പഴാ എത്തിയേ…?? ബാലൻ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ… ഉണ്ണി മാഷിനൊപ്പം പാടുത്തുന്നു വരുന്നുണ്ടായിരുന്നു..
“ഞാൻ ഉച്ചക്ക് എത്തി ബാലേട്ടാ…” “ടോ…ഗൗരി ഇതാട്ടോ… ഉണ്ണി…” ബാലൻ പറഞ്ഞത് കേട്ടതും… ഗൗരി ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു. “ഇതാ… ആളല്ലേ…?? അമ്മ പറഞ്ഞു കേട്ട്… ഗൗരിയെ നല്ല പരിചയാ… കണ്ടിട്ടില്ലെന്നേ ഒള്ളൂ… ഈ മുഖവും പേരും അത്രേം സുപരിചിതായി…” ഉണ്ണി പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ബാലാനേ നോക്കി… “ന്നാ രണ്ടാളും ചെല്ല്… നമുക്ക് വിശദയിട്ട് പിന്നെ പരിചയ പ്പെടാം…” ,”പിന്നെ… ബാലേട്ടാ… എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്…” “ന്താടാ…?” ബാലൻ സംശയത്തോടെ ഉണ്ണിയെ നോക്കി… “ഏയ്യ്… ഒന്നൂല്യ… ഞൻ പറയാം… ആദ്യം ബാലേട്ടൻ പോയി ഡ്രസ്സ് ഒക്കെ മാറു…” അത് കേട്ടതും ബാലൻ മൂളിക്കൊണ്ട് അകത്തേക്ക് നടന്നു… ഒപ്പം ഗൗരിയും…. * “ഉണ്ണി കൂടെ എത്തിയ സ്ഥിതിക്ക്…ഇനി എല്ലാം വേഗത്തിൽ ആക്കണം… കല്യാണത്തിന് ഇനി കഷ്ടിച്ച് 3 മാസേ ഒള്ളൂ…” “ഏട്ടൻ അതോർത്തു…ആധി കയറേണ്ട… കുട്ട്യോൾ വേണ്ടതൊക്കെ ചെയ്തോളും…അല്ലേ അംബികേട്ടത്തി…?” “അതെന്നെ… ദേവൂന്റെ കല്യാണം ഉറപ്പിച്ചോ തൊട്ട്… ഈ മാഷിന് ആവിശ്ശില്യാത്ത ടെൻഷൻ ആ…!!എന്നും രാത്രീല് അവൾ ഇവിടുന്ന് പോകുവാണല്ലോ എന്ന് പറഞ്ഞു വിഷമാ…” “ന്റെ ഏട്ടന്… ദേവു സ്വന്തം മോളെ പോലെ അല്ലേ ഏട്ടത്തി…ന്റെ കുഞ്ഞിന് അവള്ടെ അച്ഛനെ കണ്ട ഓർമ പോലുല്ലല്ലോ… വളർന്നത് ഈ ഏട്ടന്റെ നെഞ്ചിലെ ചൂട് പറ്റിയല്ലേ…?? അമ്മാവൻ ആയിട്ടല്ലല്ലോ… ന്റെ ഉണ്ണിയേയും… ദേവുനേം ഏട്ടൻ വളർത്തിത്…” വസുന്ദര നേര്യത് കൊണ്ട് കണ്ണുനീർ തുടച്ചു.
“ആഹാ… ന്താ ഇവിടൊരു ചർച്ച…??” ഉണ്ണി ഒരു വലിയ കവർ ആയിട്ട്, അവിടേക്ക് വന്നു. “ന്തേ ബാലേട്ടനും, ഗൗരി യും.. ദേവുവും ഒക്കെ…??” അവൻ ചുറ്റും കണ്ണോടിച്ചു. “ഡി.. ദേവു… ദേവു…” “ആ… ന്താ ഏട്ടാ കിടന്നു വിളിച്ചു കൂവുന്നേ…ഞാൻ എങ്ങിടും പോയിട്ടില്ല.. ഇവിടെ തന്നേ ഇണ്ട്…” “ഉവ്വോ…?” “ഉവ്വ്…!!ഹും..!! അല്ല ന്തിനാപ്പൊ വിളിച്ചു കൂവിയെ…??” “നീ ബാലേട്ടനേം ഗൗരിനേം വിളിച്ചേ… ഇങ്ങട്..” “ന്തിനാ…?” “അതിപ്പോ നീ അറിയണ എന്തിനാ…?” “ഓഹോ… എങ്കിലേ തന്നേ അങ്ങോട്ട് വിളിച്ചേച്ച മതി…” “ഓഹ്… ഒന്ന് നിർത്തുന്നുണ്ടോ നീയ്…?? പോത്തു പോലെ വളർന്നു… ന്നിട്ടും കുട്യോളെ പോലെ തല്ലു കൂടാൻ നാണം ഇല്ലേ…??” “ന്താ അപ്പച്ചി..? ആരാ വഴക്കൂടിയെ…??” ഗോവണിപടികൾ ഇറങ്ങികൊണ്ട് ബാലൻ ചോദിച്ചു “നിന്റെ അനിയനും, അനിയത്തിം തന്നെ.. അല്ലാണ്ട് ആര്…? നിന്നേം ഗൗരിയെയും ഒന്ന് വിളിക്കാൻ പറഞ്ഞേനെ… ഈ അങ്കം…!!” വസുന്ദരയുടെ സംസാരം കേട്ട് എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു…
“ന്താടാ എല്ലാരേം തിടുക്കപ്പെട്ട് അന്വേക്ഷിക്കണേ..?” “അതൊക്കെ ഉണ്ട്.. അതിനു മുന്നേ ദാ എല്ലാർക്കും ഞൻ കുറച്ചു സാധനങ്ങൾ കൊണ്ടു വന്നിട്ടുണ്ട്… എല്ലാ പ്രാവിശ്യത്തെ പോലെയും ന്റെ പങ്ക്…” ഉണ്ണി വേഗം കയ്യിൽ. ഇരുന്ന കവറുകൾ… ഓരോരുത്തർക്കായി നൽകി… “ദാ… ഇതിവിടുത്തെ പുതുമുഖത്തിന്… ന്റെ ഗൗരി ഏട്ടത്തിക്ക്… ഇഷ്ടകുവോന്ന് അറിയില്ല…!!” ഗൗരി പുഞ്ചിരിയോടെ ഉണ്ണി നീട്ടിയ കവർ വാങ്ങി… “ബാലേട്ടാ… ഇനി നമുക്ക് കല്യാണത്തിന്റെ കാര്യം ഒക്കെ തീരുമാനിക്കണ്ടേ…?” “അതിനിപ്പോ ഇനി പ്രത്യേകിച്ചു തീരുമാനിക്കാൻ ന്താ ഉണ്ണി….?? എല്ലാം നേരത്തെ തീരുമാനിച്ചതല്ലേ…?” ബാലൻ ഉണ്ണിക്ക് അരികിലായി ഉമ്മറത്തെ സോപനത്തിലേക്ക് ഇരുന്നു… “അത് ദേവൂന്റെ അല്ലേ…?? ഞാൻ പറഞ്ഞത് ബാലേട്ടന്റേം, ഗൗരി ടേം കല്യാണത്തിന്റെ കാര്യവാ…” അത് കേട്ടതും എല്ലാവരുടെയും മുഖം ഒന്നുടെ പ്രസന്നമായി.. “അത് ശരിയാ… ഇനിം ആ ചടങ്ങിനും വെച്ചു താമസിപ്പിക്കേണ്ടെന്ന ന്റേം തീരുമാനം…!!” മാഷും ഉണ്ണിയുടെ കൂടെ കൂടി.. “നമുക്ക് ഈ രണ്ട് കല്യാണോം… ഒരുമിച്ച് നടത്താലോ മാഷേ… ഒരേ ദിവസം… ഒരേ പന്തലിൽ… ദേവിടെ മുന്നിൽ വെച്ചു താലി കെട്ട് നടത്താനുള്ള ന്റെ ആഗ്രഹോം നടക്കും…!!”
“ആദ്യം ദേവൂന്റെ കല്യാണം…!!അത് നടക്കട്ടെ അമ്മേ…” ബാലൻ അംബികമയുടെ ഇടക്ക് കേറി “ഇനിം വെച്ചു താമസിപ്പിക്കേണ്ട ബാല…!!അതും നടത്താം നമുക്ക്…!! “നിക്ക് ഒരു ആഗ്രഹണ്ട്… നടത്തി തരുവോ…??” ദേവൂന്റെ ചോദ്യം കേട്ട് എല്ലാരും അവളെ നോക്കി “ആദ്യം ബാലേട്ടന്റേം ഗൗരി ഏട്ടത്തിടേം കല്യാണം നടത്തണം…ന്റെ കല്യാണത്തിന് ന്റെ ബാലേട്ടന്റെ കയ്പിടിച്ചു ഗൗരി ഏട്ടത്തീം ഇണ്ടാവണം ന്നെ അനുഗ്രഹിക്കാൻ…എന്റെ ഈ ആഗ്രഹം നടത്തി തരുവോ ബാലേട്ടാ…??” ദേവൂന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾക്ക് മുന്നിൽ ബാലൻ മൗനം പാലിച്ചു… “നമുക്ക് ഇതങ്ങു നടത്താം ബാലേട്ടാ… ഇനിയും ഗൗരിയെ ഇങ്ങനെ ഇവിടെ നിർത്തണത് ശരിയല്ലല്ലോ…?? അത് മാത്രല്ല… എല്ലാരുടേം കണ്ണിൽ ബാലേട്ടന്റെ ഭാര്യ ആണു ഗൗരി ഇപ്പൊ… നാട്ടുകാരുടേം… ന്തിന് സഞ്ജുന്റെ വീട്ടുകാർ പോലും അങ്ങനല്ലേ കരുതുന്നെ…?? അപ്പൊ അതങ്ങിനെ അല്ലെന്ന് അറിഞ്ഞാൽ…?? ഗൗരിക്ക് തന്നെയാ ചീത്തപേര്…” അതോണ്ട്… ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നേ.. നമുക്ക് ആ ചടങ്ങ് എല്ലാരേം വിളിച്ചു അങ്ങ് നടത്താം…എന്തേ അമ്മാവാ..?? അതല്ലേ നല്ലത്…?? ”
“അതെ ഉണ്ണി… ബാല നീ ഇനി സമ്മതിച്ചാലും ഇല്ലെങ്കിലും ഞങൾ അത് അങ്ങട് തീരുമാനിച്ചു…” “നാളെ തന്നെ ഒരു നല്ല മുഹൂർത്തം കുറുപ്പിക്കാം… അല്ലേ മാഷേ…? ദേവൂന്റെ ആഗ്രഹം പോലെ അവള്ടെ കല്യാണത്തിന് മുന്നേ നമുക്ക് അത് നടത്താം…എല്ലാരേം ക്ഷണിക്കണ്ടേ…?? സമയം കിട്ടുവോ…എല്ലാത്തിനും..?” “അതോർത്തു അപ്പച്ചി വിഷമിക്കണ്ട.. അതിനല്ലേ ഞാൻ.. എല്ലാരേം വിളിച്ചു നാട് അറിയിച്ചു വേണം… കല്യാണം…” ” വേണ്ട… അത് വേണ്ട ഉണ്ണി… ന്റെ ദേവൂന്റെ കല്യാണം എല്ലാരേം വിളിക്കണം… ഈ നാടറിഞ്ഞു… ഒത്തിരി കെങ്കേമം ആക്കണം…അതെന്റേം അച്ഛന്റേം ഒക്കെ ആഗ്രഹാ… അവള്ടെ വിവാഹം നടന്നു കാണാൻ ആ ഞൻ ആഗ്രഹിച്ചേ..അവളുടെ അങ്ങിനെ നടത്താം… പിന്നെ ന്റേം ഗൗരിടേം… എല്ലാവരുടേം ആഗ്രഹം അതാണെങ്കിൽ അങ്ങിനെ നടക്കട്ടെ… പക്ഷെ വല്യ ആർഭാടം ഒന്നും വേണ്ട ഉണ്ണ്യേ… നമ്മൾ മാത്രം മതി… ഒരു ചെറിയ ചടങ്ങ്… ല്ലാരും പറഞ്ഞ പോലെ… ഗൗരി ന്റെ ഭാര്യ അല്ലെന്ന് നമുക്ക് മാത്രല്ലേ അറിയൂ…ബാക്കി ല്ലവരുടേം കണ്ണിൽ ഇവളിപ്പോൾ ന്റെ ഭാര്യ തന്നേ ആണു… അതോണ്ട്… ഒരു ചെറിയ ചടങ്ങിൽ അത് നടത്താം… നാടറിയിച്ചു ന്റെ ദേവൂന്റേം… ”
“അങ്ങിനെ ങ്കിൽ അങ്ങിനെ… എന്തായാലും സമ്മതിച്ചുലോ… അത് മതി…അപ്പഴേ… ഗൗരി ഏട്ടത്തി അത്താഴം എടുത്തോളൂ… നിക്കേ വിശക്കുന്നു…” ഉണ്ണി ഗൗരിയെ നോക്കി ചിരിയോടെ പറഞ്ഞു… അത് കേട്ടതും എല്ലാവരും ഉമ്മറത്ത് നിന്നും എഴുന്നേറ്റു… അകത്തേക്ക് നടന്നു. “ബാലേട്ടാ…” “ന്താടാ..??” “നിക്ക് ഏട്ടനോട്… ഒരു കാര്യം പറയാനിണ്ട്… ഒന്ന് വരുവോ..??” ഉണ്ണിയുടെ സംസാരം കേട്ട്… ബാലൻ അവന്റെ അരികിലേക്ക് വന്നു… അവർ രണ്ടു പേരും മുറ്റത്തേക്ക് ഇറങ്ങി… കുളപ്പടവിലേക്ക് നടന്നു. “ന്താ ഉണ്ണി…?? ന്താ പറയാനുണ്ടെന്ന് പറഞ്ഞത്…??” “ബാലേട്ടാ… അത്…” “ന്താണേലും പറയ് ഉണ്ണി…” “ബാലേട്ടാ… നിക്ക്… നിക്ക് ഒരു കുട്ട്യേ ഇഷ്ടാ…വർഷേന്ന പേര്… ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ…ഇപ്പോ അവള്ടെ വീട്ടിൽ കല്യാണലോചന ഒക്കെ നോക്കണിണ്ട്… ഒരു ആലോചന ഏതാണ്ട് ഉറപ്പിച്ച പോലെയാന്ന അവള് പറഞ്ഞെ… നിക്ക് അവളേം… അവൾക്ക് ന്നേം ഒത്തിരി ഇഷ്ടാ… നിക്ക് അവളെ വിട്ട് കളയാൻ പറ്റില്ല ബാലേട്ടാ… ന്നെ സഹായിക്കണം…!!” “ഉണ്ണി…” “പ്ലീസ് ബാലേട്ടാ… ന്നെ സഹായിക്കണം… പറ്റില്ലെന്ന് പറയരുത്… വേറൊരു കല്യാണത്തിന് അവൾ സമ്മതിക്കില്യ… എനിക്കും അവളെ നഷ്ടപ്പെടുത്താൻ കഴിയില്യ… ബാലേട്ടനെ ന്നെ സഹായിക്കാൻ പറ്റു…” ഉണ്ണി ബാലന് മുന്നിൽ കൈകൂപ്പി..
“ഛെ… എന്താടാ ഇത്…??നിന്റെ ആഗ്രഹത്തിന് നിന്റെ ബാലേട്ടൻ എതിര് നിൽക്കുമെന്ന് തോന്നണുണ്ടോ നിനക്ക്…?? നമുക്ക് നാളെ തന്നേ ആ കുട്ടീടെ വീട്ടിൽ പോകാം… കാര്യങ്ങൾ ഒക്കെ അവിടെ ചെന്നു പറയാം… അവർക്ക് സമ്മതം ആണോന്ന് ആദ്യം നോക്കാം… അതല്ല സമ്മതം അല്ലെങ്കിലും… വേണ്ടത് എന്താന്ന് വെച്ചാൽ നമുക്ക് തീരുമാനിക്കാം…നീ വിഷമിക്കണ്ടട്ടോ… നിന്റെ കൂടെ ഞാൻ ഉണ്ട്… നീ വാ…അതോർത്തു ഒരു ടെൻഷനും വേണ്ട.. ഭക്ഷണം കഴിക്കാം.. വിശക്കുന്നുന്നു പറഞ്ഞിട്ട്… വന്നേ ഇങ്ങട്…” ബാലൻ ഉണ്ണിയെ ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടന്നു… * “നിന്റെ മനസ്സിൽ ഇങ്ങനൊരു ഇഷ്ടമുള്ള കാര്യം ഞങളാരും അറിഞ്ഞില്ലല്ലോ ഉണ്ണ്യേ…!!” “എല്ലാം സമയാകുമ്പോൾ അറിയിക്കാം ന്നാ കരുതിയെ…നിക്ക് ജോലി ഒക്കെ ആയതല്ലേ ഒള്ളൂ… ദേവൂന്റേം ബാലേട്ടന്റേം വിവാഹം കഴിഞ്ഞു…ഞാനും ഒന്ന് സെറ്റിൽ ആയിട്ട് മതിന്നായിരുന്നു… പക്ഷെ… ഇത്രപെട്ടന്ന് ഇങ്ങനെ ഉണ്ടാവും എന്ന് കരുതിലാ… പിന്നെ ഏട്ടനോടെ പറയാൻ ഒരു ധൈര്യ കുറവും ഇണ്ടായിരുന്നു… വല്യ തറവാട്ട്കാര…ഏട്ടൻ കേട്ടു കാണും ചിറക്കൽ ഫിനാൻസ് ഒക്കെ…?? രണ്ട് പെൺ കുട്ട്യോളാ അതിൽ മൂത്തവളാ വർഷ…. ഞാൻ 2 nd ഇയർ, കോളേജിൽ പഠിക്കുമ്പോഴാ…വർഷേ പരിചയപ്പെടണേ… നിക്ക് നല്ല ടെൻഷൻ ഇണ്ട്… അവളുടെ വീട്ടിൽ സമ്മതിച്ചില്ലെങ്കിലോ…?”
“ഞാനുള്ളപ്പോ നീയെന്തിനാ ഉണ്ണ്യേ പേടിക്കണേ…? അവൾക്ക് നിന്നെ ഇഷ്ടാണെങ്കിൽ നമ്മൾ കൊണ്ട് വരും നമ്മുടെ വീട്ടിലെ മരുമോൾ ആയിട്ടല്ല മോളായിട്ട്…” “ഇത് തന്നല്ലേ വഴി… നീയാ മാപ്പിൽ നോക്ക്യേ…?” “അരക്കിലോമീറ്റർ കൂടെ കഴിഞ്ഞിട്ട് ലെഫ്റ്റ്…. അവിടെ തന്നെയാ വീട് വലതു സൈഡിലെ ആദ്യത്തെ വീട്…” ചിറക്കൽ തറവാട് എന്ന് എഴുതിയ വീടിന്റെ മുറ്റത്തേക്ക് ബാലന്റെ സ്വിഫ്റ്റ് കാർ കയറി. ചെടികൾ നിറയെ പൂത്ത് നിക്കുന്ന വലിയ മുറ്റം…ഇരു നിലകൾ ഉള്ള… ആ വലിയ വീടിന്റെ പടികൾ കയറുമ്പോൾ… ഉണ്ണിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ബാലൻ പതിയെ കാളിങ് ബെലിൽ വിരലുകൾ അമർത്തി… നിമിഷങ്ങൾക്കകം,വാതിൽ തുറന്ന് വാസുദേവൻ വെളിയിലേക്ക് വന്നു… “ആരാ മനസിലായില്ലല്ലോ..?” ബാലന്റെ മുഖത്ത് നോക്കി അയാൾ ചോദിച്ചു…. “നമസ്കാരം…ഞാൻ ബാലചന്ദ്രൻ…” “വാസുദേവൻ സാറല്ലേ…? ” “അതെ… ഞാനാണ്…” “സാറിനെ കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്…” “വരൂ അകത്തിരുന്നു സംസാരിക്കാം..” വാസു അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. “ഇരിക്കൂട്ടോ….” സെറ്റിയിലേക്ക് ബാലനും ഉണ്ണിയും ഇരുന്നു. “മീരേ…ഇവർക്ക് കുടിക്കാൻ എടുക്കൂട്ടോ…”
“വന്ന കാര്യം പറഞ്ഞില്ലല്ലോ…?” ബാലനെ നോക്കി വാസുദേവൻ പറഞ്ഞു. സാർ എന്റെ പേര് ബാലചന്ദ്രൻ, ഇതെന്റെ അനിയൻ ഉണ്ണികൃഷ്ണൻ… ഞങ്ങൾ വന്നത്….ഒരു വിവാഹലോചനയും ആയിട്ടാണ്… ഇവിടുത്തെ മൂത്ത കുട്ടി വർഷ…!! “അതിനു അവളുടെ വിവാഹം ഏകദേശം ഉറപ്പിച്ചല്ലോ… ബാലചന്ദ്രാ…” “അറിയാം… പക്ഷെ… ന്റെ അനിയൻ ഉണ്ണിയും… ഇവിടുത്തെ കുട്ടിയും ആയിട്ട് വർഷങ്ങൾ ആയിട്ടുള്ള അടുപ്പത്തിൽ ആണു… ഇവന്റെ ഇഷ്ടം വീട്ടിൽ അറിയിച്ചപ്പോൾ…ഒന്ന് സംസാരിക്കാം എന്ന് കരുതി… അതാ… ഇത്രെടം വരെ വന്നത്…” അലപ്പനേരം, വാസുദേവൻ ഒന്നും മിണ്ടാത്തെ ഇരുന്നു… “നോക്ക്… ബാലചന്ദ്രാ…ന്റെ മോളുടെ വിവാഹം ഏകദേശം ഉറപ്പിച്ചിരിക്കുവാണ്… ഈ സമയത്ത് നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ…??” “സർ… ആ കുട്ടിക്ക്…ഉണ്ണിയെ ആണു ഇഷ്ടം എങ്കിൽ… അവൾക്ക് ഇഷ്ട്ടില്ലാത്തൊരു വിവാഹം നിർബന്ധിച്ചു സമ്മതിപ്പിക്കണോ…?? വർഷ തന്നെയാണ് ഇവനെ വിളിച്ചു എല്ലാം അറിയിച്ചത്…അത് കൊണ്ടാണ് പെട്ടന്ന് ഞങ്ങൾക് ഇങ്ങട് വരേണ്ടി വന്നത്… പ്രായപൂർത്തിയായ രണ്ടു പേരാണ് അവർ…അവർ ഒരു മിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ… നമ്മൾ എതിർത്തിട്ട് എന്താ കാര്യാ ഉള്ളത് സർ…?? പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ അവരെന്തേലും ചെയ്താൽ… നമ്മുടെ രണ്ട് കുടുംബത്തിനും ഒരേ പോലെ വിഷമവും, നാണക്കേടും ഒക്കെ ഇണ്ടാവും…ഇപ്പോ എതിർത്താലും… ഒരു നാൾ നമുക്കവരെ അംഗീകരിക്കേണ്ടി വരും… അപ്പൊ അത്രേം നാൾ കാറ്റിയ വഴക്കും പിണക്കോം… വാശിയും ദേഷ്യവും ഒക്കെ വെറുതെയാവും… അതിലും നല്ലതല്ലേ… ഇഷ്ടം അറിഞ്ഞത് നടത്തി കൊടുക്കുന്നത്…??” ബാലന്റെ സംസാരം കേട്ടു വാസുദേവൻ ഒന്നും മിണ്ടാത്തെ ഇരുന്നു…
അപ്പോഴേക്കും മീര അവർക്കുള്ള ചായയും ആയി വന്നു. “നീ മോളെ ഒന്ന് വിളിക്ക്…” വാസുദേവൻ പറയുന്ന കേട്ട്.. അവർ വർഷയെ വിളിച്ചു. അവൾ മുറിയിൽ നിന്ന് ഇറങ്ങി… ഹാളിലേക്ക് വന്നു… മുന്നിൽ ഇരിക്കുന്ന ബാലനെയും, ഉണ്ണിയേയും കണ്ട് അവളുടെ കണ്ണുകൾ വിടർന്നു… ഒപ്പം അച്ഛന്റെ നോട്ടം നേരിടാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി.. മീരയുടെ പിന്നിൽ ആയി നിന്നു. “നീ അറിയുവോ ഇവരെ…??” വാസുദേവൻ എഴുന്നേറ്റ് … വർഷയുടെ അരികിലേക്ക് ചെന്നു. “ചോദിച്ചത് കേട്ടില്ലേ…?? അറിയുവോ ഇവരെ..?” അച്ഛന്റെ ശബ്ദം ഉയർന്നതും… അവൾ കരഞ്ഞു കൊണ്ട്.. അറിയും എന്ന് തലയാട്ടി… “നീയും ഇവനും തമ്മിൽ ഇഷ്ടത്തിലാണോ…??” അവൾ ഒന്നും മിണ്ടാത്തെ തല കുനിച്ചു നിന്നു. “പറയടി…” “അതെ..” വർഷയുടെ വാക്കുകൾ കേട്ടതും… വാസുദേവൻ ഒന്ന് ഞെട്ടി… “മ്മ്… നീ അകത്തേക്ക് പോ…” “അച്ഛാ… ഞൻ…!!” “പോകാൻ അല്ലേ പറഞ്ഞത്…!!” പിന്നീട് ഒന്നും പറയാതെ… ഉണ്ണിയെ ഒന്ന് നോക്കി… വർഷാ അകത്തേക്കു നടന്നു വാസുദേവാൻ തിരികെ വന്നിരുന്നു. “ന്റെ മക്കൾ ആണു…എനിക്ക് എല്ലാം… എന്റെ ഇഷ്ടങ്ങൾ ആണു…അവരുടെ ഇഷ്ടം എന്ന് ഞാൻ കരുതി…ഇന്ന് ന്റെ മോള്.. ഈ അച്ഛനെ തോൽപ്പിച്ചു കളഞ്ഞു…”
“സർ… ഞൻ വർഷയെ സ്നേഹിച്ചത്.. ആത്മാർത്ഥമായിട്ടാണ്… അവളെ സ്വന്തം ആക്കണം എന്ന് തന്നെയാണ് ന്റെ ആഗ്രഹം.. പക്ഷെ അതൊരിക്കലും നിങ്ങളെ വേദനിപ്പിച്ചക്കാരുതെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ആഗ്രഹം ഉണ്ട്…ഞാൻ ഒരിക്കലും അച്ഛനേം അമ്മയെയും വേദനിപ്പിച്ചു ന്റെ കൂടെ വാ.. എന്ന് അവളോട് പറയില്ല… അത് പോലെ… ഈ അച്ഛനേം അമ്മേം വിഷമിപ്പിച്ചു അവൾ വരികയും ഇല്യ… അതോണ്ട്…ഞൻ സർന്റെ കാലുപിടിക്കാം…നിക്ക് അവളെ തന്നുടെ… ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം…” ഉണ്ണിയുടെ വാക്കുകൾ കേട്ട്… വാസുദേവൻ പതിയെ പുഞ്ചിരിച്ചു. ആരെ കാളും നിക്ക് ന്റെ മോൾടെ ഇഷ്ടാ വലുത്.. അവള്ടെ ആഗ്രഹം ഇതാച്ചാ അത് നടക്കട്ടെ… ” അത് കേട്ടതും ഉണ്ണിയുടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞു. “ന്താ ഉണ്ണി ചെയ്യുന്നേ…?? ന്താ ജോലി…?” ഉണ്ണിയെ നോക്കി വാസുദേവൻ ചോദിച്ചു. “മർച്ചന്റ് നേവിയിലാണ്… ” “ബാലാനോ…? ” “ഞാൻ പ്രൊഫസർ ആണ്… ” പെട്ടെന്നാണ് ബാലന്റെ കണ്ണിൽ ഭിത്തിയിലെ വലിയ ഫോട്ടോയിൽ കണ്ണുടക്കിയത്… ഒരു ഞെട്ടലോലെടെ ബാലൻ വാസുദേവനെ നോക്കി. “ഞാൻ ബാലനെ എവിടെയോ കണ്ടിട്ടുണ്ട്… ഓർമ കിട്ടുന്നില്ല…!!” വാസുദേവൻ… ബാലനെ സൂക്ഷിച്ചു നോക്കി… തടിയിൽ വിരൽ വെച്ചു
“സാർ..അത് സാന്ദ്രയല്ലേ…?” “അതെ…എന്റെ ഇളയ മകളാണ്….” “ന്റെ സ്റ്റുഡന്റണ്…” “ആഹാ…നമ്മൾ എത്രയോ തവണ കോളേജിൽ വച്ചു സംസാരിച്ചിട്ടുണ്ട്. നിങ്ങളെ കണ്ടപ്പോ മുതൽ ഞാൻ തിരയുകയായിരുന്നു…” ബാലൻ വാസുദേവനെ നോക്കി ചിരിച്ചു. “മീരേ…വർഷേ..വിളിക്കൂട്ടോ… ഇത് നമ്മുടെ സാന്ദ്ര മോൾടെ സർ ആ… അവള് മിക്കപ്പോഴും പറയാറുണ്ട് ബാലൻ സർന്റെ കാര്യം…!! “എല്ലാരുടേയും സമ്മതമുണ്ടെൽ ഈ വിവാഹം നടത്തി കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കാമായിരുന്നു…” ബാലൻ പറയുന്ന കേട്ട് വാസുദേവൻ ഗൗരവത്തോടെ കേട്ടു. “ആഹാ ഇതിപ്പോ എല്ലാം ഉറപ്പിച്ചു സംസാരിക്കുന്ന പോലാണല്ലോ ബാലൻ മാഷേ…?” “ഒക്കെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ വേണ്ടിയാ ഇങ്ങട് വന്നത്…” “ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി എല്ലാം ആതാത് ചടങ്ങുപോലെ നടക്കട്ടേ…” വാസുദേവൻ പറഞ്ഞുകൊണ്ട് മീരയെ നോക്കി… അവർക്കും സമ്മതമാണെന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചു. നിമിഷങ്ങൾക്കുള്ളിൽ വർഷയും താഴേക്ക് വന്നു…. അവളുടെ മുഖത്തും സന്തോഷം നിറഞ്ഞു നിന്നു. “കാര്യങ്ങൾ ഇത്ര വേഗം ഇങ്ങനൊക്കെ ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലട്ടൊ…!!” ബാലൻ സന്തോഷത്തോടെ എല്ലാവരോടുമായി പറഞ്ഞു..
“മോൾക്ക് ഇങ്ങനൊരു ഇഷ്ടമുള്ളതൊന്നും ഞങ്ങളിന്നുവരെ അറിഞ്ഞിട്ടുപോലുമില്ല… ന്റെ മക്കളെ ഞാൻ അത്രയ്ക്ക് നന്നായിട്ട വളർത്തിയേക്കണേ…” സാന്ദ്രയുടെ കാര്യം പറഞ്ഞാലും, കോളേജിലെ ഏറ്റവും മിടുക്കി കുട്ട്യാ അവള്. ഇപ്പൊ എന്തോ ഇച്ചിരി ഉഴപ്പ് ഉണ്ടെങ്കിലും അവളെ കഴിഞ്ഞേ മറ്റ് കുട്ട്യോൾ അവിടുള്ളു…” “അവള് വളരെ നല്ല കുട്ടിയല്ലേ…? ന്റെ സ്റ്റുഡന്റല്ലേ… നിക്ക് അവളെ നന്നായി അറിയാലോ. ശരിക്കും സാന്ദ്രയുടെ ചേച്ചിയാണ് വർഷയെന്ന് നിക്ക് ഇവിടെ വരുംവരെ അറിയില്ലായിരുന്നു… സാന്ദ്രയുടെ വീട്ടിലേക്കാണ് വരുന്നതെന്നും അറിഞ്ഞില്ല. ഇവിടെ വന്നപ്പോഴല്ലേ… ഒക്കെ മനസിലാവണേ…?” ബാലൻ ചിരിയോടെ പറഞ്ഞു. “ഇനിയിപ്പോ ബന്ധുക്കൾ ആവാൻ പോവല്ലേ ബാലാ…?” “ബന്ധുക്കൾ ആയിന്ന് തന്നെ കൂട്ടിക്കോളു…” “നമ്മൾ ഇവിടെ സംസാരിച്ചുകൊണ്ടിരിക്കയല്ലേ…? രണ്ടുപേര് ഒക്കെ കേട്ട് നിക്കണതല്ലാണ്ട് ഒന്നും മിണ്ടുന്നില്ല…!! കുട്ട്യോൾക്ക് സംസാരിക്കണേൽ സംസാരിച്ചോളൂട്ടോ… ഇനി ഞങ്ങൾ പറയാൻ വേണ്ടി കാത്തിരിക്കണമെന്നില്ല…” മീര പറയുന്ന കേട്ട് എല്ലാരും ചിരിച്ചു. “ബാക്കി കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ട് അറിയിക്കാം….” വാസുദേവൻ പറഞ്ഞു. “അനിയത്തീടെ വിവാഹാ…അതിനു വേണ്ടിയാ ഇപ്പോ ഇവൻ വന്നേ… ഇനി അടുത്ത ലീവിന് വരുമ്പോ കല്യാണം ഫിക്സ് ചെയ്യാം…അതിനു മുൻപേ ഒരു ദിവസം വീട്ടുകാരെ കൂട്ടി ഞങ്ങൾ വരാം…!! ഇറങ്ങട്ടെ… ” യാത്ര പറഞ്ഞു ബാലനും ഉണ്ണിയും അവിടുന്ന് ഇറങ്ങി… *
“മോളെ വർഷേ നീ സാന്ദ്രേ വിളിചാരുന്നോ…” “ഇല്ലമ്മ… അവളിപ്പോ ഹോസ്റ്റലിൽ എത്തി കാണൂലെ..ഉള്ളു..” “ന്ത് മഴയാ ഇത്… ഇടിയും മിന്നലും മാറീട്ട് വിളിച്ചാ മതീട്ടോ…!” “മ്മ് ഞാൻ പിന്നെ വിളിച്ചോളാം..” “ന്റെ ഫോൺ മോളിലിരിക്കയാ.. ഞാൻ എടുത്തിട്ട് വരാട്ടോ…” വർഷ കിച്ചൻ സ്ലാബിൽ നിന്നുമെഴുന്നേറ്റ് മോളിലത്തെ മുറിയിലേക്ക് നടന്നു. “അവൾക്കെന്തായാലും സന്തോഷാകും കോളേജിലെ കാര്യം പറയുമ്പോ തന്നെ ബാലൻ സർ ആ അവളുടെ നാവിൽ. സാറിവിടെ വന്നുന്നറിഞ്ഞ അവൾക്ക് സന്തോഷാകും….!!!” “ഈ മഴ ഇപ്പോഴെങ്ങും തോരുന്ന ലക്ഷണമില്ലല്ലോ…?” “ന്തായാലും വിളിക്ക്യ തന്നെ…” കട്ടിലിൽ കിടന്ന ഫോൺ എടുത്ത് സാന്ദ്രയുടെ നമ്പർ ഡയൽ ചെയ്തു കാൾ ബട്ടണിൽ അമർത്തി. * ദേ നിന്റെ ഫോൺ റിങ് ചെയ്യുന്നെടി… രമ്യ ഫോൺ എടുത്തുകൊണ്ടു സാന്ദ്രയുടെ അടുത്തേക്ക് നടന്നു. “ആരാണെന്ന് നോക്ക്യേ…” “വർഷേച്ചിയാടാ…” “ഉം താ….” ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു… “ആ ഹലോ പറയെടി… ” സാന്ദ്ര ഫോണിലൂടെ വർഷയോട് പറഞ്ഞു. “ന്റെ സാന്ദ്രേ…. നീയൊന്ന് ഞെട്ടാൻ തയ്യാറായ്‌ക്കോ….” “ന്താടി ചേച്ചി…? നീ ചുമ്മാ സസ്പെൻസ് ഇടാണ്ട് കാര്യം പറ….” ആകാംഷയോടെ സാന്ദ്ര മറുപടി പറഞ്ഞു… അത് പിന്നെ നിന്റെ ബാലൻ മാഷുണ്ടല്ലോ ഇന്നിവിടെ വന്നിരുന്നു…!!
“എന്തിന്…? ഒരു ഞെട്ടലോടെ സാന്ദ്ര നിന്നു. സാന്ദ്രയുടെ കണ്ണുകൾ അതി വേഗം വിടർന്നു… സന്തോഷം കൊണ്ടവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… “എന്തിനെന്നു ചോയ്ച്ച ഒരു കല്യാണലോചന….” “ഈശ്വരാ ഞാൻ കേൾക്കുന്ന സത്യാണോ…!!! സാന്ദ്രക്ക് വിശ്യാസിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു വർഷ പറഞ്ഞത്… “എന്നിട്ട് എന്നിട്ടെന്തായി…. നീ വേഗം പറഞ്ഞെ…” സാന്ദ്ര ദൃതി കാട്ടി…. “ഹലോ…. ഹലോ…. ടീ കേൾക്കുന്നില്ലേ… ഹലോ…” “ശോ കട്ടായല്ലോ… സാന്ദ്ര തിരിച്ചു വിളിച്ചെങ്കിലും ഫോൺ പരുതിക്ക് പുറത്തെന്നാണ് മറുപടി കിട്ടിയത്… “ന്റെ രമ്മുസേ…!!! സാന്ദ്ര അടുത്ത് നിന്ന രമ്യയെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു…. “ന്താടി എന്ത് പറ്റി നിനക്ക്…? ന്തേ ഇത്ര സന്തോഷിക്കാൻ… ന്താ ചേച്ചി പറഞ്ഞെ….??” രമ്യ കൗതുകത്തോടെ സാന്ദ്രയെ നോക്കി ചോദിച്ചു. “ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട നീ ഞെട്ടുട്ടൊ…” “ആഹാ അപ്പൊ കാര്യായിട്ട് ന്തോ ഉണ്ടല്ലോ…?” രമ്യ പറഞ്ഞു….
“ഉം ഉണ്ടെന്നേ…” “ന്റെ ബാലൻ മാഷ് വീട്ടിൽ ചെന്നെടി.. നിക്ക് വേണ്ടി പെണ്ണു ചോയ്ച്ചോണ്ട്…!!” സാന്ദ്ര പറയുന്ന കേട്ട് രമ്യ ഞെട്ടലോടെ അമ്പരന്ന് നിന്നു… “ബാലൻ സർ നു ഈ മരം ചുറ്റി പ്രേമം ഒന്നും ഇഷ്ടല്ലായിരിക്കും….!!” “അതോണ്ടല്ലേ ന്നോട് പോലും ഒരു വാക്ക് പറയാണ്ട് വീട് തേടി പിടിച്ചു ചെന്നത്….!!” “നീ ശരിക്കും കേട്ടോ പെണ്ണെ… സത്യാണോ ഒക്കെ…?” രമ്യ വീണ്ടും ചോദിച്ചു…. “അതേടി… ബാലൻ സാറിന് പുറമെ കാണുന്ന സ്നേഹം ഒന്നുമല്ല… ഉള്ളിലാ…!! അതോണ്ടാവും നേരത്തെയൊക്കെ ഞാൻ ബാലൻ മാഷിനെ ഇഷ്ടത്തിന്റെ പേരും പറഞ്ഞ് ശല്യം ചെയ്തപ്പോ ആട്ടി പായിച്ചത്…. ” “നിക്ക് കാണാൻ തോനുന്നെടി…സാർനെ… ” “നീയിപ്പോ വിളിക്കുവൊന്നും വേണ്ട സാർ വിളിക്കട്ടെ…!!! ആലോചനയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി നിന്റെ പിറകെ വരട്ടെ…” രമ്യ സാന്ദ്രയോട് പറഞ്ഞു… “എന്നാലും… എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല… സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ പറ്റുന്നില്ലടി…” സാന്ദ്ര രമ്യയുടെ കയ്യിൽ പിടിച്ചു വട്ടം കറക്കി. (തുടരും )

by