രചന – ജിഫ്ന നിസാർ
വീട്ടിൽ നിന്നിറങ്ങി റബ്ബർ തോട്ടത്തിലേക്ക് കയറിയിട്ടും പാത്തുവിന്റെ വിറയലൊതുങ്ങിയില്ല.. ഹൃദയമിടിപ്പ് നേരെയായില്ല.
അറക്കലിൽ ആർക്കും നേരം വെളുത്തിട്ടില്ല. സഫിയാത്തയും മഞ്ജു ചേച്ചിയും വരാനുള്ള ടൈം ആകുന്നുള്ളു.
അടുക്കള വാതിൽ ചേർത്ത് ചാരി ഇറങ്ങുമ്പോഴും.. പിന്നിലാരോ തുറിച്ചു നോക്കുന്നത് പോലെയൊരു ഫീൽ.
ഒരായിരം വട്ടം പിന്നിലേക്ക് നോക്കി കാണും ഇന്നേരം വരെയും.
അരണ്ട വെളിച്ചമാണുള്ളത്.
കയ്യിലെ മൊബൈൽ ഫോണിൽ ഫ്ലാഷ് തെളിയിക്കാം. പക്ഷേ അത് കണ്ടിട്ടാരെങ്കിലും വന്നാൽ….
അത് കൊണ്ട് തന്നെ തപ്പി തടഞ്ഞു ഇച്ചിരി ബുദ്ധിമുട്ടിയാണ് നടക്കുന്നതെങ്കിലും വെളിച്ചം ഉപേക്ഷിച്ചു.
പിടിക്കപ്പെടാനുള്ള ഒരു അവസരം പോലും കൊടുക്കരുത്.
പിന്നിലേക്ക് നോക്കി നടക്കുന്നതിനിടെ പാത്തുവിന്റെ ചിന്തകളിൽ മുഴുവനും അതായിരുന്നു.
തമ്മിലൊന്നു കാണാൻ കടലോളം ആശയുണ്ടായിട്ടും അടക്കി പിടിച്ചു നടക്കുന്നത് അതോർത്തു കൊണ്ടാണ്. ഇനിയൊരു നഷ്ടപെടലിനെ കൂടി അതിജീവിക്കാൻ ആവില്ലെന്നത് ഉറപ്പാണ്.
താൻ ഷാഹിദിന്റെ കൈ പിടിയിലാണ് എന്നതാണ് ഇച്ഛന്റെ ഭയമെങ്കിൽ.. തനിക്ക് ഇച്ഛയേ ഓർത്താണ് ഭയം.
തന്നെ കൊണ്ട് ജീവനോടെ എന്തോ നേടാനുള്ളവൻ എന്തായാലും തന്റെ ജീവനൊടുക്കില്ല. പക്ഷേ.. പക്ഷേ തന്റെ ജീവനിപ്പൊ ക്രിസ്റ്റി ഫിലിപ്പെന്ന ആ ഒരുവനിലാണെന്ന് ഷാഹിദ് അറിയുന്ന നിമിഷം..
അതാണവളെ ഏറെ ഭയപ്പെടുത്തിയത്.
തമ്മോളൊരുമിക്കുന്ന നാളുകൾ ഉണ്ടാവുമോ എന്ന് പോലുമറിയാതെ കാത്തിരുന്നവൻ.. ഇനിയൊരു മടങ്ങി പോക്ക് അസാധ്യമെന്നത് പോലെ ഹൃദയം കൊണ്ട് പിടിച്ചു കെട്ടിയിരിക്കുന്നു.
അവന്റെ ഓർമയിൽ തന്നെ അവളൊന്നാകെ കുളിർന്നു പോയിരുന്നു.
കുത്തനെയുള്ള ആ ഇറക്കം വളരെ സൂക്ഷിച്ചു കൊണ്ടാണ് അവൾ ഇറങ്ങുന്നത്.
എങ്ങാനും വീണു പോയാൽ…അതോർക്കുമ്പോൾ ഉള്ളം കാലിനൊരു പുളിപ്പ്.
ഈ വലിയൊരു കുന്നണല്ലോ തലയിലുള്ള ആ ടോർച്ചിന്റെ ഇച്ചിരി വെട്ടത്തിൽ അവനൊന്നും കയറി ഇറങ്ങുന്നതെന്നോർക്കേ അവൾക്കുള്ളം വേദനിക്കാൻ തുടങ്ങിയിരുന്നു.
എന്തൊക്കെയോ പ്രശ്നങ്ങൾക്കിടയിൽ ഒറ്റയ്ക്ക് പൊരുതുവാണെന്ന് തോന്നുന്നു.
കൂടുതലൊന്നും ചോദിക്കാനോ പറയാനോ അവസരം കിട്ടിയിട്ടില്ല.
ഷാഹിദിനെ ഭയന്നിട്ട് ഏറെ നേരം അവനൊപ്പം നിൽക്കാനും ആവുന്നില്ല.
ഫോൺ വിളിക്കാൻ കൂടി ഭയമാണ്. അത് പോലും കേട്ടിട്ട് അതിനറ്റം പിടിച്ചു തന്റെ പ്രണയത്തിനടുത്തേക്ക് ഷാഹിദ് എത്തരുത് എന്നാ വാശി.
കയ്യിലുള്ള ഫോൺ ബെല്ലടിച്ചതും.. പാത്തു ധൃതിയിൽ ചുറ്റും നോക്കിയിട്ട് അതെടുത്തു.
“പുറത്ത് ചാടിയില്ലേ പാത്തോ?”
ക്രിസ്റ്റിയുടെ പതിഞ്ഞ ചിരി കേൾക്കുന്നുണ്ട്.
“പിന്നല്ലാതെ. ഞാനിവിടെ ഈ ഇറക്കം ഇറങ്ങി തുടങ്ങി ഇച്ഛാ ”
അവനിവിടെ അരികിലെവിടെയോ ഉണ്ടെന്നുള്ള ചിന്തയിൽ അവളിൽ സന്തോഷം നിറഞ്ഞു.
അതാ വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു.
“നോക്കിയിട്ട് ഇറങ്ങണേ.. നിറയെ വേരുണ്ടാവും. തടഞ്ഞു വീണാൽ പണിയാകുവേ ”
ക്രിസ്റ്റി ഓർമ്മിപ്പിച്ചു.
“ആഹ്.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് ”
“ഞാനങ്ങോട്ട് വരണോ?”
“വേണ്ട.. ഞാനിതേ.. താഴെയെത്തി..”
അവൻ വെട്ട് കഴിഞ്ഞു ക്ഷീണിച്ചു കാണുമെന്നു അറിയാവുന്നത് കൊണ്ട് പാത്തു പറഞ്ഞു.റബ്ബർ മതങ്ങളിലെ കെട്ടി വെച്ച ചിരട്ടകളിലേക്ക് പാലിറ്റി വീഴുന്നത് അവളും കണ്ടിരുന്നു.
“ഓകെ.. എങ്കിൽ നേരെ വലതു വശത്തേക്കൊരു നടപ്പ് വഴി കാണുന്നില്ലേ. അതിലെ വാ. ചെറിയൊരു ഇറക്കമുണ്ട്.. സൂക്ഷിച്ചു വാ ”
ഇരിക്കുന്നിടത്തു നിന്നും ക്രിസ്റ്റി എഴുന്നേറ്റു.
ഫോൺ കട്ട് ചെയ്തു കൊണ്ടവൻ പോക്കറ്റിലേക്ക് വെച്ചിട്ട് തോട്ടിലേക്കിറങ്ങി വരുന്ന വഴിയിലേക്ക് കണ്ണും നട്ടു നിന്നു.
നിമിഷങ്ങൾക്ക് പോലും വല്ലാത്ത ധൈർഘ്യമുള്ളത് പോലെ!
ഏതു നിമിഷവും അവളരികിൽ എത്തുമെന്ന് ഹൃദയം dj കളിച്ചു കൊണ്ട് തന്നെ അറിയിക്കുന്നുണ്ട്.
കൈകൾ കൂട്ടി തിരുമ്പി അവൻ ആർത്തിയോടെ നോക്കി നിൽക്കുന്നതിനിടയിൽ… പാത്തു ഇടം വലം നോക്കി കൊണ്ട് ആ ഇറക്കമിറങ്ങി വരുന്നത് കാണെ ഒരു നിമിഷം ഹൃദയം നിലച്ചു പോയി.
വീർപ്പു മുട്ടലോടെ തന്നെ നോക്കി നിൽക്കുന്നവനെ കാണെ..പാത്തുവിന്റെയും കാലുകൾ വേഗത കുറച്ചിരുന്നു.
ഹൃദയമാകെയൊരു നിർവൃതി പൊതിയുന്നു.
കണ്ണിൽ നോക്കി തനിക്കരികിൽ നിൽക്കുന്നവൾക്ക് നേരെ നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി വലതു കൈ നീട്ടി പിടിച്ചു.
ഇളം ചൂടുള്ള അവന്റെ കൈകളിലേക്ക് തണുത്ത തന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പാത്തു അവനരികിലേക്കിറങ്ങി.
ഉള്ളിലെ പിടച്ചിൽ കൊണ്ടായിരിക്കാം.. ശ്വാസം മുട്ടുന്നുണ്ട് രണ്ടു പേർക്കും.
“ആരും കണ്ടില്ലല്ലോ.. വന്നത്?”
കണ്ണിലേക്കു തന്നെ നോക്കി ക്രിസ്റ്റി ആദ്യം ചോദിച്ചത് അതാണ്.
“മ്മ്ഹ്ഹ്…”
ആ നോട്ടം നേരിടാൻ വയ്യാതെ പാത്തു തല കുനിച്ചു.
“ഇവിടിരിക്ക്..”
തടിച്ച വേരുകളൊന്നിലേക്ക് അവളെ പിടിച്ചിരുത്തി കൊണ്ട് ക്രിസ്റ്റിയും അവളുടെ അരികിലേക്കിരുന്നു.
അവനവളെ തന്നെ സൂക്ഷിച്ചു നോക്കുകയാണ്.
ഇമ വെട്ടാതെ അവളെ ഹൃദയത്തിലെകാവാഹിക്കും പോലെ.
ഇടയ്ക്കിടെ കള്ളിയെ പോലെയുള്ള പാത്തുവിന്റെ നോട്ടവും.. തന്റെ നോട്ടമിടയുമ്പോൾ ഉദയ സൂര്യനെ അനുകരിക്കുന്നത് പോലെയുള്ള അവളുടെ ചുവക്കുന്ന കവിളുകളും അവൻ കൗതുകത്തോടെ.. പ്രണയത്തോടെ നോക്കിയിരുന്നു.
“കാണാൻ കൊതി തോന്നുന്നു എന്ന് പറഞ്ഞു വന്നതല്ലേ പാത്തോ നീ?”
തനിക്കു നേരെ നോക്കാൻ മടിച്ചിരിക്കുന്നവളെ നോക്കി നേർത്തൊരു ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.
“മ്മ് ”
തല ഉയർത്തി നോക്കാതെ തന്നെ അവളൊന്നു മൂളി.
“എന്നിട്ടിങ്ങനെ മുഖം കുനിച്ചിരുന്നാ എങ്ങനാ എന്നെ കാണുന്നെ…?”
ചിരി കലർന്ന അവന്റെ ചോദ്യം..
“ഒന്നെന്നെ നോക്കെന്റെ പാത്തോ നീ. നിനക്കെന്നേ കാണേണ്ടയെങ്കിലും എനിക്കുള്ളം നിറച്ചും കാണണം ”
അവൻ വീണ്ടും ആവിശ്യപ്പെട്ടതോടെ അവന് നേരെ ആ മിഴികളുയർന്നു.
തനിക്ക് വേണ്ടിയൊരു പ്രണയത്തിന്റെ കടലൊതുക്കി പിടിച്ച ആ മിഴിയാഴങ്ങളിലേക്ക് ക്രിസ്ടിയും സ്വയം മറന്ന് കൊണ്ട് നോക്കിയിരുന്നു പോയി.
“ഇന്നത്തെ ജോലി… തീർന്നോ?”
ഇച്ചിരി നേരം കഴിഞ്ഞു പാത്തു ചോദിച്ചു.
“വെട്ടിയിട്ട് കഴിഞ്ഞു. ഇനി പാലെടുത്തു ഷീറ്റ് ആക്കാനുണ്ട് ”
ക്രിസ്റ്റി കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ച് കൊണ്ട് വേരിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.
“അതിനി എപ്പഴാ?”
താടിക്ക് കൈ കൊടുത്തു അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് പാത്തു വീണ്ടും ചോദിച്ചു.
തുടക്കത്തിൽ ഉണ്ടായിരുന്ന ആ ഒരു… ഒരു… തടസ്സം അവർക്കിടയിൽ നിന്നും ഓടി ഒളിച്ചിരുന്നു അന്നേരം കൊണ്ട്.
“വെട്ട് കഴിഞ്ഞു പാലെല്ലാം.. റബ്ബർ മരത്തിനു കീഴെ കെട്ടിയിട്ട ചിരട്ട കണ്ടില്ലേ നീ.. അതിലേക്ക് ഒഴുകി എത്താനുള്ള ടൈം കൊടുക്കണം.”
ക്രിസ്റ്റി അവൾക്ക് മനസ്സിലാവുന്നത് പോലെ പറഞ്ഞു കൊടുത്തു.
“ഇതൊക്കെ ചെയ്യാൻ ആരെയെങ്കിലും ഏല്പിച്ചൂടെ ഇച്ഛാ. എല്ലാം കൂടി ബുദ്ധിമുട്ടല്ലേ.?”
പാത്തു അവനെ ജിക്ഞ്ഞസയോടെ നോക്കി.
“അത് ശെരി.. അപ്പൊ എന്റെ കഞ്ഞി കുടി മുട്ടിക്കാണ് മോൾടെ പ്ലാൻ. അല്ലേ?”
അവൻ കണ്ണുരുട്ടി.
“അതെന്താ അങ്ങനെ പറഞ്ഞത്? ഇതെല്ലാം ഇച്ഛയുടേതല്ലേ..? ഒരു ജോലികാരനെ വെച്ച് അയാൾക്കുള്ള ശമ്പളം കൊടുത്താ ഇച്ഛക്ക് ഈ ഭാരം കുറയല്ലേ..? കോളേജിൽ നന്നായി ശ്രദ്ധിക്കാൻ പറ്റില്ലേ?”
തീരാത്ത സംശയങ്ങളോടെ പാത്തു അവനെ നോക്കി കണ്ണ് ചുരുക്കി.
“അതൊന്നും ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന കാര്യങ്ങളല്ലെന്റെ പാത്തോ ”
“എങ്കിൽ കൊറേ വാക്കിൽ പറ.. ഞാൻ കേൾക്കാലോ ”
പാത്തു വിടാനുള്ള ഭാവമില്ലായിരുന്നു.
“ആഹാ.. പഴയ കുറുമ്പുകാരി ലഹളക്കൊരുങ്ങുന്നുണ്ടോ?”
ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.
“കാണാനും മിണ്ടാനും ഏറെ കൊതിച്ചു വന്നവരല്ലേ നമ്മൾ. അതൊരു ഗദന ഗദ കേട്ട് വെറുതെ സങ്കടപ്പെടണോ പെണ്ണേ?”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ അവളെ നോക്കി.
“പറയാം.. നിനക്കറിയേണ്ടതെല്ലാം ഞാൻ പറഞ്ഞു തരാം ഇപ്പോഴല്ല. പിന്നെയൊരിക്കൽ സൗകര്യപൂർവ്വം. നീ അറിയേണ്ട കഥ തന്നെയാണ്.ഒന്നറിയുക.. ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ കിടന്നു തുഴഞ്ഞു കൊണ്ടിരിക്കുന്നവനാണ് നിന്റെ ഇച്ഛാ.. പക്ഷേ ഒരിക്കലും തോറ്റു പോവില്ലെന്നുള്ള വാശിയുണ്ട് ”
ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.
“ഇങ്ങള് തോൽക്കൂല ഇച്ഛാ ”
അവൻ പറഞ്ഞത് തന്നെ ഉറപ്പിച് വീണ്ടും പറഞ്ഞിട്ട് പാത്തു അവനെ നോക്കി.
“കാരണം.. മറ്റുള്ളവരുടെ നോവിനെ തൊട്ടറിയാനുള്ള ഒരു മനസ്സുണ്ട്.. ദൈവത്തെ പോലെ.. ഇങ്ങക്ക് ”
വീണ്ടും പാത്തുവിന്റെ കണ്ണിൽ അവനോടുള്ള പ്രണയമാളി.
ക്രിസ്റ്റി അതിൽ ലയിച്ചത് പോലെ അവളെ തന്നെ നോക്കിയിരുന്നു.
സൂര്യൻ ഉദിച്ചു തുടങ്ങിയിരിക്കുന്നു.
തമ്മിലലിഞ്ഞിരിക്കുന്നത് കൊണ്ട് സമയത്തെ കുറിച്ച് രണ്ടാള്ക്കും വല്ല്യ ധാരണയുണ്ടായിരുന്നില്ല.ഇതിനിടെ പാത്തു എഴുന്നേറ്റു വെള്ളത്തിലിറങ്ങി.
തെളിഞ്ഞ വെള്ളത്തിൽ നല്ല കുളിര്യണ്ടായിരുന്നു.
മുഖം കഴുകേണ്ട.. മലയിൽ നിന്നിറങ്ങി വരുന്ന വെള്ളമാണ്. ചിലപ്പോൾ നിനക്ക് ജലദോഷം വരും.. ”
ക്രിസ്റ്റി ഓർമ്മിപ്പിച്ചു.
തിരിച്ചു പോവണ്ടേ… ”
വെള്ളത്തിലറങ്ങി നിൽക്കുന്നവളോട് ഇത്തിരി നേരം കഴിഞ്ഞതും ക്രിസ്റ്റി ചോദിച്ചു.
“എനിക്കങ്ങോട്ട് പോണത് ഓർക്കാൻ കൂടി വയ്യ ഇച്ചേ.. ഒരുമാതിരി അവാർഡ് സിനിമ പോലെ. ഒറ്റയൊന്നും ഇന്നോട് മിണ്ടൂല..”
പാത്തു ചുണ്ട് വീർപ്പിച്ചു കൊണ്ട് അവനെ നോക്കി.
“എങ്കിൽ എന്റെ കൂടെ പോരുന്നോ?”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ അവളെ നോക്കി.
“പൊന്നാലോ..?”
“പോന്നാ…. ആ ഷാഹിദ് നമ്മടെ തലയെടുക്കും. അത്ര തന്നെ ”
അതും പറഞ്ഞു ചിരിച്ചു കൊണ്ട് ക്രിസ്റ്റി എഴുന്നേറ്റു.
“അപ്പൊ.. അപ്പൊ നമ്മളെങ്ങനെ ”
അത് വരെയും ചിരിച്ചു നിന്നവളുടെ മുഖം വാടി.
“അഹ്.. ഇനി അതോർത്തു വെറുതെ ടെൻഷനാവേണ്ട പാത്തോ നീ.ഞാനൊരു തമാശ പറഞ്ഞതല്ലേ..?അറക്കൽ ഷാഹിദല്ല.. ഓന്റെ ബാപ്പ വന്നാലും നീ എന്റെ പെണ്ണാ.. ക്രിസ്റ്റി മിന്നു കെട്ടി സ്വന്തമാക്കാൻ കാത്തിരിക്കുന്ന എന്റെ സ്വന്തം..അത് പോരെ.”
ക്രിസ്റ്റി അത് പറഞ്ഞതും വീണ്ടും ആ മുഖം തെളിഞ്ഞു.
“അത് മതി..”
അവളും അവനെ നോക്കി ചിരിച്ചു.
“പക്ഷേ ക്ഷമയോടെ കാത്തിരിക്കണം. ഇച്ഛക്ക് ഇത്തിരി സാവകാശം വേണം. നിന്നെയെന്റെ കൂടെ കൂട്ടാൻ. അത് വരെയും ഉള്ളിലുള്ള ഇഷ്ടത്തെയും ആഗ്രഹത്തെയും അടക്കി പിടിക്കണം.കാണാനും മിണ്ടാനുമൊക്കെ നിറയെ കൊതിയുണ്ടാവും. എനിക്കറിയാം. പ്രണയത്തിന്റെ മാജിക് ആണത്രേ അത്. നമ്മളേത്ര ശ്രദ്ധിച്ചാലും നമ്മടെ കണ്ണുകളും ഭാവങ്ങളും ഒറ്റുകാരാവുന്ന മാജിക്. ഇത് പോലുള്ള വീണു കിട്ടുന്ന ഇടവേളകളിൽ നമ്മൾ തമ്മിൽ കണ്ടിരിക്കും.. ഒക്കെയല്ലേ?”
വെള്ളത്തിൽ നിൽക്കുന്ന അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
തലയാട്ടി സമ്മതിച്ചു കൊണ്ടവൾ അവന്റെ കൈ പിടിച്ചിട്ട് വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി.
“പോയിക്കോയിനി.. ഇച്ഛാ വിളിക്കാം..”
മുടിയിൽ നിന്നൂർന്നു വീണ അവളുടെ തട്ടം തലയിലേക്ക് പിടിച്ചിട്ട് കൊടുത്തു കൊണ്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.
തിരിച്ചു പോവാനൊട്ടും ആഗ്രഹമില്ലെന്ന് അവളുടെ കണ്ണുകൾ നിലവിളിക്കുന്നുണ്ട്.
അവന്റെ കയ്യിലുള്ള അവളുടെ ഫോൺ അവൾക്ക് നേരെ നീട്ടി ക്രിസ്ടിയും അവൾക്കൊപ്പം മുകളിലേക്ക് കയറി.
“ഞാൻ പോയിക്കൊള്ളാം. ഇച്ഛക്ക് ഇനിം ജോലി ഉള്ളതല്ലേ? അത് കഴിഞ്ഞു വേണ്ടേ കോളേജിൽ പോവാനും ”
തനിക്കൊപ്പം മുകളിലേക്ക് നടക്കാനൊരുങ്ങുന്നവനെ തടഞ്ഞു കൊണ്ട് പാത്തു പറഞ്ഞു.
“സൂക്ഷിച്ചു പോ..”
അവളെ നോക്കി ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.
ഒരിക്കൽ കൂടി… കണ്ണിലേക്കു നോക്കി നിന്നിട്ട് പാത്തു പതിയെ തിരിഞ്ഞു നടന്നു.
മുകളിലെത്തി മറയുവോളം അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു..
❣️❣️
തിരക്കിട്ട് ഒരുങ്ങി ക്രിസ്റ്റി റൂമിൽ നിന്ന് പുറത്ത് വരുന്നത് നോക്കി അവളുടെ മുറിയുടെ വാതിൽക്കൽ ദിൽന നിൽപ്പുണ്ടായിരുന്നു.
വല്ലാത്ത ധൃതിയിലാണ് ക്രിസ്റ്റി.
പതിവിലേറെ വൈകിയിട്ടാണ് പാലെടുക്കലും ഷീറ്റിന് അത് കൂട്ടി വെക്കലുമെല്ലാം തീർന്നത്.
അത് കഴിഞ്ഞു വന്നിട്ടാദ്യം നോക്കിയത് പോകുമ്പോൾ ഫൈസിക്കിട്ട മെസ്സേജിന്റെ റിപ്ലൈ വന്നിട്ടുണ്ടോ എന്നായിരുന്നു.
അവൻ പ്രതീക്ഷിച്ച മറുപടി തന്നെ ആയിരുന്നത് കൊണ്ട് ആ മുഖം ഒന്നൂടെ തിളങ്ങി.
ചെയ്യുന്ന ജോലികൾക്ക് വീണ്ടും സ്പീഡ് കൂടി.
എന്തൊക്കെയോ മനസ്സ് കൊണ്ടവൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാമായിരുന്നു.
പത്തു മിനിറ്റ് കൊണ്ട് കുളിയും ഒരുക്കവുമെല്ലാം കഴിഞ്ഞു.
വാച് കെട്ടി ധൃതിയിൽ നടക്കുന്നതിനിടെ മുഖം ഉയർത്തി നോക്കിയത് ദിൽനയുടെ നേരെയാണ്.
“ആഹാ.. എണീറ്റോ..?”
താഴെക്കിറങ്ങാതെ.. വാച്ചിലേക്ക് ഒന്ന് കൂടി നോക്കി കൊണ്ട് ക്രിസ്റ്റി ചിരിയോടെ അവൾക് നേരെ ചെന്നു.
അപ്പോഴും അവനെ നോക്കാനൊരു പ്രയാസമുണ്ടായിരുന്നു ദിൽനക്ക്.
“ചായ കുടിച്ചായിരുന്നോ?”
പക്ഷേ യാതൊന്നും മനസ്സിലില്ലെന്നത് പോലെ സ്വാഭാവികമായിട്ടാണ് ക്രിസ്റ്റി ചോദിച്ചത്.
“ഇല്ല..”
പതിയെ ആണവൾ പറയുന്നത്.
“പിന്നെന്തേ താഴേക്ക് പോവാഞ്ഞേ..”
ചോദിക്കുന്നതിനൊപ്പം അവൻ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി.
“പനിയൊക്കെ പോയി മിടുക്കി കുട്ടി ആയല്ലോ ”
അവൻ അവളുടെ കവിളിൽ തട്ടി.
“സോറി..”
അവനൊട്ടും പ്രതീക്ഷിക്കാതെ ആ കൈകൾ പിടിച്ചു കൊണ്ടവൾ നിറഞ്ഞ കണ്ണോടെ ദിൽന പറഞ്ഞതും ക്രിസ്റ്റിയുടെ ചിരി മാഞ്ഞു.
“എന്നാത്തിനാ മോളെ.. ഇപ്പൊ ഒരു സോറി.?ചേട്ടായി പറഞ്ഞതല്ലേ.. കഴിഞ്ഞതോന്നും ഓർക്കേണ്ട.. അതെല്ലാം വിട്ട് കളഞ്ഞേക്കെന്ന് ”
അവനും അവളെ ചേർത്ത് പിടിച്ചു.
“എനിക്കിപ്പോ എന്തോരും സന്തോഷമാണെന്നോ..? എന്റെ.. എന്റെയാ പഴയ അനിയത്തി കുട്ടിയെ എനിക്ക് തിരി കിട്ടിയത് പോലെ. ചേട്ടായിക്കിപ്പോ ഒറ്റക്കല്ല എന്നൊക്കെ തോന്നുവാ..ഈ സ്നേഹം എന്നും ഉണ്ടായാ മതി.. കാരണമില്ലാതെ ദേഷ്യം കാണിക്കാഞ്ഞ മതി.. നീ ഒറ്റക്കാണെന്ന് തോന്നുന്ന നിമിഷം… ആരില്ലേലും എനിക്കെന്റെ ചേട്ടായി ഉണ്ടാകുമെന്നോർത്താൽ മതി.. അത്രേം മതിയല്ലോ..?”
ക്രിസ്റ്റി ചിരിയോടെ തന്നെ അവളെ നോക്കി.
ദിൽനയ്ക്ക് അവന്റെ പറച്ചിൽ കേട്ടിട്ട് വീണ്ടും കരച്ചിൽ വരുന്നുണ്ടായിരുന്നു.
ഇത്രേം ഒള്ളായിരുന്നോ ഈ മനുഷ്യൻ..?
ഇത്രേം മതിയായിരുന്നുവോ ഈ ഉള്ളം നിറയ്ക്കാൻ?
അറിഞ്ഞില്ലല്ലോ..
അല്ല.. അങ്ങനല്ല.. അറിയാൻ ശ്രമിച്ചില്ലല്ലോ..?
വീണ്ടും അവൾക്കുള്ളം നോവ് കൊണ്ട് നീറി.
“പറഞ്ഞില്ലേ ഞാൻ.. എല്ലാം നിന്റെ കുറുമ്പ് ആയിട്ടേ ഞാൻ എടുത്തിട്ടുള്ളു. എനിക്കിപ്പോ ഈ കുറുമ്പി പെണ്ണിനോട് നിറയെ ഇഷ്ടം മാത്രമേ ഒള്ളു ”
അവനൊന്നു കൂടി അവളെ ഇറുക്കി പിടിച്ചു.
ദിൽനയും അവനിലേക്ക് പതുങ്ങി ചേർന്നു.
“ചേട്ടായി അത്യാവശ്യമായിട്ട് ഒരാളെ കാണാൻ പോകുവാ.. അപ്പോയിൻമെന്റ് എടുത്തിട്ട് ഒരുത്തൻ എന്നെ കാത്തിരിപ്പുണ്ട്. ഇപ്പൊ പോയിട്ട് ഞാൻ പെട്ടന്നിങ്ങു വരാം. വരുമ്പോൾ.. നിന്നോട് പറയാൻ.. നീ ഏറെ കൊതിക്കുന്നൊരു കാര്യമുണ്ടാവുമെനിക്ക് . താഴെക്കിറങ്ങി ചായയൊക്കെ കുറിച്ചേച്ചും റെഡിയായിട്ടിരിക്കണം.. ഒക്കെ ”
വീണ്ടും വാച്ചിലേക്ക് നോക്കിയിട്ട് അവളോടത് പറഞ്ഞു കൊണ്ടവൻ തിരികെ സ്റ്റെപ്പുകൾ ഓടിയിറങ്ങി.
അപ്പോഴവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവനുടനെ വന്നെങ്കിലെന്നു മോഹിച്ചു കൊണ്ടാണ് ദിൽന അവിടെ നിന്നും മുറിയിലേക്ക് കയറി പോയത്.
അവളിലെ പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം അവനൊറ്റയൊരാളിലേക്ക് ചുരുങ്ങി പോയത് പോലെ…
ബൈക്ക് സ്റ്റാർട് ചെയ്യുമ്പോഴും പിറകെ വന്നിട്ട് മറിയാമ്മച്ചി ചീത്ത പറയുന്നുണ്ട്.
കഴിക്കാൻ നേരമില്ലെന്ന് പറഞ്ഞതിനുള്ളതാണത് .
“ഞാനിപ്പോ വരും. വരുമ്പോൾ നല്ല കനത്തിൽ എന്തെങ്കിലുമൊക്കെ വേണ്ടി വരും. ഇപ്പോഴുള്ളത് കൂട്ടി കഴിച്ചേക്കാം..”
തിരിഞ്ഞു നോക്കി അത് മാത്രം പറഞ്ഞിട്ട് അവൻ വണ്ടി മുന്നോട്ടെടുത്തു.
തുടരും..
“കുടുംബക്കാര് മുഴുവനും സ്നേഹിച്ചു നടന്നപ്പോ ഇപ്പൊ നമ്മളെയൊന്നും കണ്ടാൽ മിണ്ടൂലെ മോളെ?”
അങ്ങേയറ്റം സങ്കടം നിറഞ്ഞൊരു ചോദ്യം അരികിൽ നിന്നും കേട്ടാപ്പോഴാണ് പാത്തു ക്രിസ്റ്റിയുടെ ഓർമകളിൽ നിന്നും പുറത്ത് ചാടിയത്.
സഫിയാത്തയാണ്.
തനിത്ര വേഗം നടന്നു അടുക്കള വശത്തെത്തിയോ?
അവൾക്ക് തന്നെ ആശ്ചര്യം തോന്നി.
അവനരികിൽ നിന്ന് പോന്നത് മുതൽ ഒരു സ്വപ്നത്തിലെന്നത് പോലെയാണ് നടന്നത് മുഴുവനും.
“ശ്രദ്ധിക്കണം.. നമ്മളറിയാതെ തന്നെ നമ്മുടെ കണ്ണുകളും ഭാവങ്ങളും നമ്മളെ ഒറ്റു കൊടുക്കും. പ്രണയത്തിന്റെ മാജിക് ആണത്രേ അത്.”
കാതിൽ ഇത്തിരി മുന്നേ കൂടി ക്രിസ്റ്റി ഓർമ്മിപ്പിച്ചതാണ്.
എന്നിട്ടും മറന്നു..
ഓർമകൾ അവനിൽ നിന്നും തിരികെ പോരുന്നില്ലെന്ന് വാശിയുള്ളത് പോലെ.
സ്വന്തം തലക്കൊരു കൊട്ട് കൊടുത്തു കൊണ്ടവൾ സഫിയാത്തയേ നോക്കി.
“അങ്ങനെ പാത്തു ചെയ്യുവോ സഫിയാത്ത? അങ്ങനാണോ ഇങ്ങളിന്നെ കരുതിയേക്കുന്നത്?”
നിറഞ്ഞ ചിരിയോടെ അവൾ അവരുടെ കൈ പിടിച്ചു.
സഫിയത്ത പക്ഷേ വെപ്രാളത്തോടെ ചുറ്റും നോക്കുകയാണ് ചെയ്തത്.
എന്നിട്ടാ കൈകൾ പതിയെ എടുത്തു മാറ്റുമ്പോഴും അവരുടെ കണ്ണുകൾ വീടിന്റെ മുകളിലെ നിലയിലേക്കാണ്.
ഒരായിരം കണ്ണുകളോടെ ഇവിടെയെവിയോ അവനൊരുവൻ പതിയിരിക്കുന്നുണ്ടാവും.
ഇവിടെ നടക്കുന്ന ഓരോന്നും അവൻ രേഖപെടുത്തുന്നുമുണ്ട്.
“ഇവിടുള്ളോർക്ക് എന്നെകൊണ്ടുള്ള ആവിശ്യം തീരുവോളം കാണിക്കുന്ന ഈ കള്ളസ്നേഹം പോലെയാണോ ഇങ്ങള്.. അല്ല. എനിക്കറിയാം സഫിയാത്ത.. ശെരിക്കും അറിയാം..ഇങ്ങള് കാണിക്കുന്ന സ്നേഹവും ഇവിടുള്ളോരുടെ അഭിനയവും ”
പാത്തു പറഞ്ഞത് കേൾക്കെ സഫിയാത്തയുടെ കണ്ണുകളിൽ ഒരു വെട്ടം മിന്നി മാഞ്ഞുവെങ്കിലും.. ഞൊടിയിട കൊണ്ട് വീണ്ടും അവർ ചുറ്റും പരതി.
“അതവിടെ നിക്കട്ടെ.. ഇയ്യ് എവിടെ പോയതാ പെണ്ണേ ഈ വെളുപ്പിനെ. ഈ പിരാന്ത് ഇനിം പോയില്ലേ അനക്?”
മുകളിൽ നിന്നുമിറങ്ങി വരുന്നത് കണ്ടിട്ട് തന്നെയാണ് സഫിയാത്ത അത് ചോദിച്ചതെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.
“ഈ പിരാന്ത് അങ്ങനൊന്നും കുറയൂല.. കൂടിയാലൊള്ളൂ ”
കള്ളച്ചിരിയോടെ അത് പറയുമ്പോൾ ആ മനസ്സിൽ മഴവില്ലഴകോടെ അവളുടെ പ്രിയപ്പെട്ടവന്റെ മുഖമുണ്ടായിരുന്നു.
അവനോടൊപ്പം തീർത്ത ഇത്തിരി നല്ല നിമിഷങ്ങളുണ്ടായിരുന്നു.
“ഇറങ്ങി നടക്കുന്നതൊക്കെ സൂക്ഷിച്ചു ചെയ്യണേ മോളെ..”
അത്രമാത്രം പറഞ്ഞിട്ട് സഫിയാത്ത ധൃതിയിൽ മുകളിലേക്കൊന്ന് നോക്കിയിട്ട് അടുക്കള വാതിൽ കടന്ന് കയറി പോയിരുന്നു.
അവരുടെ ആ പകപ്പും മാറ്റവുമൊന്നും പാത്തുവിന് മനസിലായില്ല.
അല്ലെങ്കിൽ അവളത് മനസ്സിലാക്കാൻ വേണ്ടിയിട്ട് അവരുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുമില്ല.
മനസ്സെതോ സുഖമുള്ള ലഹരിയുടെ നിർവൃതിയും പേറി ഉള്ളിലിരുന്നു വീർപ്പു മുട്ടുന്നത് മാത്രം അവളറിയുന്നുണ്ട്.
പക്ഷേ അകത്തേക്ക് കയറി പോയിട്ടും സഫിയാത്തയുടെ മുഖത്തെ പരിഭ്രമം മാഞ്ഞിട്ടില്ല.
“നിങ്ങള് ഇവിടുത്തെ അടുക്കളക്കാരിയാണ്. ആ ജോലി മാത്രം ചെയ്യുക. ഇനി അത് മര്യാദക്ക് ചെയ്യാൻ വയ്യെങ്കിൽ ഇത് നിർത്തിയിട്ടു പോകുക. അറക്കൽ തറവാട്ടിൽ പുതിയ ഒരാളെ കിട്ടാൻ വല്ല്യ പ്രയാസമുണ്ടാവില്ല.”
തൊട്ട് മുന്നിൽ വന്നിട്ട്.. കണ്ണിലേക്കു മാത്രം നോക്കി പറയുന്നൊരുവൻ.
അവനങ്ങനെ പറയാനുള്ള കാരണമെന്തെന്ന് പോലും അപ്പോഴവർക്ക് അറിയില്ലായിരുന്നു.
“ഫാത്തിമ.. ഷാഹിദ് കെട്ടാനുറച്ച പെണ്ണാണ്. അവളോട് നിങ്ങൾ കൊഞ്ചുന്നതും കുഴയുന്നതും പിന്നെ നിങ്ങളുടെ തൊലിഞ്ഞ ഉപദേശവും.. ഒന്നും എനിക്കത്ര പിടിക്കുന്നില്ല. എനിക്കത് പിടിക്കുന്നില്ല എന്ന് പറയുമ്പോൾ.. ഇനി നിങ്ങളത് ആവർത്തിക്കരുത് എന്ന് തന്നെയാണ്.മനസ്സിലാവുന്നുണ്ടോ?”
യാതൊരു കരുണയും തൊട്ട് തീണ്ടാത്ത അവന്റെ മുഖത്തേക്ക് ഭയത്തോടെയാണ് അന്ന് നോക്കിയത്.
“ഇനി ഇത് പറയാൻ നിങ്ങളെ എനിക്ക് വിളിപ്പിക്കേണ്ടി വരരുത്.”
അത് പറഞ്ഞിട്ടവൻ തിരിഞ്ഞു നടക്കുമ്പോൾ ഓർത്തത് ആ പാവം പെണ്ണിനെയായിരുന്നു.
തനിക്കാവളോടുള്ള വാത്സല്യം ആരോ ഇവിടെ അവന് ചോർത്തി കൊടുത്തത് കൊണ്ടാണ്.. ഈ വിളിപ്പിക്കലും വിരട്ടലും.
അറക്കലെ എല്ലാവരും ഒരുതരം ആത്മ നിർവൃതിയോടെ നോക്കി നിൽക്കുന്നിടത്ത് നിന്നും തിരിഞ്ഞു നടക്കുമ്പോൾ.. മനസ്സ് കൊണ്ടന്ന് ഒരുപാട് പ്രാർത്ഥന നടത്തിയത് മുഴുവനും പാത്തുവിന് വേണ്ടിയായിരുന്നു.
ആരുമില്ല പടച്ചോനെ അയിന്.. അയിനെ കാത്ത് സൂക്ഷിച്ചു കൊണ്ട് നടക്കാൻ കഴിവുള്ള ഒരുത്തനുമായി അവളെ നീ കൂട്ടി വെച്ചേക്കണേ ന്ന്..
തിരികെ മഞ്ജുവിന്റെ അരികിലെത്തി ജോലികളിലേക്ക് തിരിയുമ്പോഴും അത് തന്നെ… ആ പ്രാർത്ഥന തന്നെയായിരുന്നു സഫിയാത്തയുടെ മനസ്സ് നിറയെ..
❣️❣️❣️❣️
“എവിടെ..”
അത് ചോദിക്കുമ്പോൾ പോലും ക്രിസ്റ്റിയുടെ സ്വരം പരുക്കനായി പോയിരുന്നു.
“അകത്തുണ്ട്…”
ഫൈസി അകത്തേക്കു കണ്ണ് കാണിച്ചു.
“തിരക്കുണ്ടോ അകത്ത് ?”
ബൈക്കിൽ നിന്നും ഇറങ്ങവേ ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ഇല്ല.. ഏറെക്കുറെ എല്ലാവരും മടങ്ങി.. ഇനി ഇവനെ പോലെ ജോലിയും കൂലിയുമൊന്നുമില്ലാത്ത അഞ്ചോ ആറോ പേര് മാത്രം ”
റോയ്സ് സ്ഥിരമായി പോകുന്ന ജിമ്മിന്റെ മുന്നിലായിരുന്നു അവർ.
അവിടുത്തെ സ്ഥിതിഗതികൾ അന്വേഷിച്ചു നോക്കാൻ ഫൈസിയെ ഏർപ്പാട് ചെയ്തിരുന്നു.
ഡൗണിൽ നിന്നും അൽപ്പം ഉള്ളിലോട്ടാണ്.
അതിന് മുന്നിലുള്ളത് ഒരു പോക്കറ്റ് റോഡാണ്.
വലിയ തിരക്കൊന്നും ഇല്ലാത്ത ഒരു ഏരിയ.
വീടുകളും അധികമൊന്നുമില്ല.
ഫൈസി ഓരോന്നു വിശദീകരണം തന്നപ്പോൾ തന്നെ ഇവിടെ ഇട്ട് അവനെ പൊക്കാം എന്ന് തീരുമാനിച്ചുറപ്പിച്ചതാണ്.
മരണകുരുക്കിൽ നിന്നും ദിൽനയേ ജീവിതത്തിലേക്ക് തന്നെ തിരികെ കൈ പിടിച്ചിറക്കിയ ആ നിമിഷം ഉറപ്പിച്ചതാണ് .. ഇനിയീ ശുഭ കാര്യത്തിന് ഒട്ടും വൈകിക്കാൻ പാടില്ലയെന്നത്.
അവൾക്ക് മുന്നിലേക്ക് ജീവിക്കാൻ ഒരു കാരണം ഇട്ട് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ആദ്യം വേണ്ടത്… ഇല്ലാതെയാക്കേണ്ടത് റോയ്സിന്റെയും അവന്റെ അമ്മയുടെയും ചുണ്ടിലെ വിജയചിരിയാണ്.
തുടക്കം അവിടെ നിന്നുമാവട്ടെ.
വീട്ടിൽ കയറി ആ പരട്ട തള്ളയുടെ മുന്നിലിട്ടാണ് ഇവനെ പോലുള്ള വീരന്മാരുടെ എല്ലൊടിക്കേണ്ടത്.
പക്ഷേ അത്.. അതിന്റെ പ്രത്യഘാതം താൻ ഊഹിക്കുന്നതിനും മുകളിലാവും. അല്ലെങ്കിലങ്ങനെ ആക്കും സൂസമ്മയും വർക്കിയും കൂടി.
അത് പാടില്ല..
താനിപ്പോൾ വേണ്ടത് ദിൽനയുടെ കൂടെയാണ്..
“റഷീദ് അങ്കിൾ ”
അകത്തേക്ക് കയറ്റും മുന്നേ… ക്രിസ്റ്റി ഫൈസിയെ നോക്കി ചോദിച്ചു.
“റഷീദ്ധിക്ക വരും. നമ്മളോട് തുടങ്ങി വെക്കാൻ പറഞ്ഞിട്ടുണ്ട്.”
ഫൈസി ചിരിയോടെ പറഞ്ഞു.
“കാറേടുത്തില്ലേ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ആര്യനുണ്ട് ”
റോഡിൽ കുറച്ചു മാറി നിർത്തിയിട്ട കാറിന്റെ നേരെ ഫൈസി കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
അവർ നോക്കുന്നത് കണ്ടതും അങ്ങോട്ട് തന്നെ നോക്കി ഇരിക്കുകയായിരുന്ന ആര്യൻ കൈ പൊക്കി കാണിച്ചു.
ക്രിസ്റ്റിയും അവന്റ നേരെ കൈ പൊക്കി കാണിച്ചു.
“വാ ”
അകത്തേക്ക് കയറി കൊണ്ട് ക്രിസ്റ്റി ഫൈസിയെ വിളിച്ചു.
പുറത്ത് നിന്നും കാണുന്നത് പോലെയല്ല. അകത്തു കയറി നോക്കുമ്പോൾ കുറച്ചു കൂടി വിശാലതയുണ്ട്.
നിരത്തിയിട്ട വർക്ക്ഔട്ട് യന്ത്രങൾ.
ഒട്ടുമുക്കാലും ഒഴിഞ്ഞു കിടക്കുന്നുണ്ട്.
ഫൈസി പറഞ്ഞത് പോലെ.. അഞ്ചോ ആറോ പേരുണ്ട്.. മരിച്ചാലും വേണ്ടില്ല ആരോഗ്യം മതിയെന്ന് വാശിയുള്ളത് പോലെ.. അവിടെ കിടന്നു സാഹസം കാണിക്കുന്നു… അവിടുള്ളവരെല്ലാം.
ചുറ്റും കണ്ണോടിച്ചു നോക്കിയ ക്രിസ്റ്റിയുടെ കണ്ണുകൾ റോയ്‌സിൽ പതിയാൻ വല്ല്യ താമസമൊന്നും ഉണ്ടായില്ല.
അവൻ മുഖം തിരിച്ചു നോക്കിയ ആ നിമിഷം തന്നെ ഫൈസിയും അവനെ നോക്കി.
രണ്ടാളും തമ്മിലൊന്ന് നോക്കി ചിരിച്ചിട്ട് അവന് നേരെ നടന്നു.
“ക്ഷീണിച്ചോടാ മക്കളെ?”
കിതപ്പോടെ നടുവിൽ കൈ കുത്തി നിൽക്കുന്ന റോയ്സിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി.
കുതറി മാറും മുന്നേ.. അപ്പുറം ഫൈസിയും ചേർന്നു നിന്നു.
റോയ്‌സിന്റെ മുഖം വിളറി വെളുത്തു പോയിരുന്നു.
ഭയം കാരണം അവന്റെ ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
“മക്കള് പേടിച്ചോടാ?”
ക്രിസ്റ്റി വീണ്ടും ക്രൂരത നിറഞ്ഞ ചിരിയോടെ അവന്റെ നേരെ നോക്കി.
“നിനക്കെന്താടാ ഇവിടെ കാര്യം?”
അവിടെ നിൽക്കുന്ന ആരെങ്കിലും ശ്രദ്ധിക്കണേ എന്ന് പ്രാർത്ഥനയോടെയാണ് അൽപ്പം ഉറക്കെ.. ഉള്ളിലെ ഭയം മറച്ചു പിടിച്ചു കൊണ്ട് റോയ്സ് അങ്ങനെ ചോദിച്ചത്.
“ഞങ്ങൾ ഒന്നര കിലോ പിണ്ണാക്ക് വാങ്ങാൻ വന്നതാടാ മോനെ. അത് ഇവിടല്ല്യോ കിട്ടുന്നത്?”
ക്രിസ്റ്റി ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഗുണ്ടായിസം കാണിക്കാനാണ് വന്നതെങ്കിൽ… നിനക്ക് തെറ്റിയെടാ. ഇത് എന്റെ ഏരിയ ആണ്.ഇവരെല്ലാം എന്റെ ആളുകളും.”
അവിടെ ഉള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതും ഒന്ന് കുതറി കൊണ്ട് റോയ്സ് അൽപ്പം വീറോടെ പറഞ്ഞു.
“ഓഹോ.. അങ്ങനെയാണോ?”
ഇല്ലാത്ത മസിലും പൊലിപ്പിച്ചു നിൽക്കുന്നവരെയും നോക്കി ക്രിസ്റ്റി വീണ്ടും ചിരിച്ചു.
“എന്താണ് ബ്രോ സീനാണോ?”
അവരിലൊരുത്തൻ വിളിച്ചു ചോദിച്ചതും റോയ്സ് വിജയചിരിയോടെ ക്രിസ്റ്റിയെ നോക്കി.
“വിട്ടെടാ എന്നെ ”
അത് പറഞ്ഞിട്ടവൻ കുതറി മാറിയിരുന്നു.
“എന്താ പ്രശ്നം.. കൂട്ടത്തിൽ ഇച്ചിരി മൂപ്പ് ഉള്ളവൻ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.
ടോയ്‌സ് അവനെയൊന്ന് നോക്കിയിട്ട് ക്രിസ്റ്റിയെ പുച്ഛത്തോടെ നോക്കി.
“നിങ്ങളെ പോലെയുള്ള ഊതി വീർപ്പിച്ച ഇമ്മാതിരി മസിലൊന്നും കാണുകേല. എന്നാലും പറയുവാ.. ഞങ്ങൾ വന്നത് ഇവനെ പൊക്കാനാ. പൊക്കാൻ വന്നതാണെങ്കിൽ അത് ചെയ്തിട്ട് തന്നെ പോകും. അതിലാർക്കും സംശയങ്ങളൊന്നും വേണ്ട ”
ക്രിസ്റ്റിയുടെ മുഴക്കമുള്ള സ്വരം അവിടെ മുഴങ്ങി.
“പിന്നെ പറയാനുള്ളത്. പൊക്കി കൊണ്ട് പോണത് നന്നായിട്ട് ഒന്ന് പെരുമാറി വിടാൻ തന്നെയാണ്. അതെന്തിനാണെന്ന് ചോദിച്ചാ.. വീട്ടിൽ കേറി കളിച്ച റോഡിലിട്ട് പൊട്ടിക്കും എന്നത് എന്റെയൊരു പോളിസി ആയി പോയി..അനിയമാ.. രേ .”
ക്രിസ്റ്റി വീണ്ടും അവരെ നോക്കി.
“പിന്നെ… ഞാനിവനെ കൊണ്ട് പോകുമെന്ന് പറഞ്ഞ കൊണ്ട് പോവും. അതിനിടയിൽ കയറി വന്നു തല്ല് മേടിക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം എനിക്ക് നേരെ വരിക. ഇല്ലെങ്ങി നിങ്ങൾ ഇവിടെ എന്നാത്തിനാണോ വന്നത് അതും ചെയ്തിട്ട് മിണ്ടാതെ ഒതുങ്ങിയിരിക്കുക. എന്നാ വേണമെങ്കിലും നിങ്ങൾക്ക് തീരുമാനിക്കാം ഞാനൊരു പത്തു സെക്കന്റ് തരാം ആലോചിച്ചു നോക്കാൻ.ഒന്നും തോന്നരുത്. എനിക്ക് പോയിട്ട് ഒത്തിരി ചെയ്തു തീർക്കാ നുണ്ട്.. അതാണ് ടൈം വെട്ടി ചുരുക്കിയത്. സമയത്തിനൊക്കെ ഇപ്പൊ എന്നാ ടൈമിംങാ.. ”
അവൻ മുന്നിലേക്ക് വന്ന ബാക്കിയുള്ളവരെ കൂടി നോക്കി കണ്ണ് ചിമ്മി കാണിച്ചിട്ട് ക്രിസ്റ്റി പറഞ്ഞു.
ഭയം ലവലേശമില്ലാത്ത അവന്റെയാ ഭാവം.
അവരെല്ലാം പരസ്പരം ഒന്ന് നോക്കിയിട്ട് പതിയെ തിരിഞ്ഞു നടന്നതോടെ.. റോയ്സ് കാറ്റ് പോയ ബലൂൺ പോലെ ചൂളി ചുരുങ്ങി പോയിരുന്നു.
“ഇനി ആരെങ്കിലും വരാനുണ്ടോ ടാ?”
ഫൈസി അവനെ നോക്കി കൊണ്ട് ചിരിയോടെ ചോദിച്ചു.
“അപ്പൊ നമ്മക്ക് പോയാലോ?”
ക്രൂരമായൊരു ചിരിയോടെ ക്രിസ്റ്റി വീണ്ടും അവന്റെ നേരെ ചെന്നു.
റോയ്‌സിന് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നേ തന്നെ ക്രിസ്ടിയും ഫൈസിയും അവനെ ലോക്കിട്ട് പിടിച്ചു പുറത്തേക്ക് നടത്തിയിരുന്നു.
അവർ ചെല്ലുന്നതും നോക്കി ഗേറ്റിനോരം കാർ അടുപ്പിച്ചു നിർത്തി… ആര്യൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
❣️❣️❣️
“ഉമ്മാക്ക് ഇനി മതിയെടാ മോനെ.. അല്ലേൽ തന്നെ ഇതിങ്ങനെ നേരത്ത് കുടിക്കാ എന്നല്ലാതെ വല്ല മാറ്റാവുമുണ്ടോ ഈ അസുഖത്തിന്?”
ഷാനവാസ് ആസിയയുടെ മുഖത്തേക്ക് നോക്കി.
അസുഖം കാരണം വെളുത്തു തുടുത്തിരുന്ന ആ മുഖം കരുവാളിച്ചു പോയിരുന്നു.
“അതൊക്കെ മാറും ഉമ്മാ. ഇങ്ങള് ഇതങ്ങോട്ട് കുടിച്ചേ..”
അയാൾ വീണ്ടും കയ്യിലുള്ള മരുന്ന് അവർക്ക് നേരെ നീട്ടി.
അവരൊന്നും മിണ്ടാതെ മകനെ ഒന്ന് നോക്കിയിട്ട് ആ കയ്യിലുള്ള ഗുളികക്കായി വാ തുറന്നു കാണിച്ചു.
ശ്രദ്ധയോടെ അതെല്ലാം അവരെ കഴിപ്പിച്ചിട്ട് നേരെ പിടിച്ചു കിടത്തി.. പുതപ്പിച്ചു കൊടുത്തിട്ടാണ് അയാൾ നിവർന്നത്.
“കടേക്ക് പോണില്ലേ ഇയ്യ്?”
ആസിയഉമ്മ ഷാനവാസിനെ നോക്കി ചോദിച്ചു.
“പിന്നെ… പോണുണ്ട് മ്മാ. ഞാൻ പോയി കുളിച്ചു റെഡിയാവട്ടെ ”
ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“ഞാൻ പറഞ്ഞീനുള്ള ഉത്തരത്തിന് വല്ല മാറ്റാവുമുണ്ടോ ഷാനോ.. അനക് പറയാൻ..?”
അവശതയിലും ആ ചോദ്യം കടുത്തു പോയിരുന്നു അവരിൽ.
“ഈ.. മ്മാ പിന്നേം തൊടങ്ങി ”
അയാൾ നടുവിന് കൈ കൊടുത്തു നിന്ന് കൊടുത്തു മുഖം ചുളിച്ചു.
“ഞാനില്ലാണ്ടായി പോയ ഇയ്യ് ഒറ്റക്കായി പോകും പഹയാ… ഖബറിൽ കിടക്കാനും ഇനിക്കൊരു സമാധാനം ണ്ടാവൂല ഷാനുഓ ”
ഒരമ്മയുടെ മനസ്സിലെ മുഴുവൻ ആധിയുമുണ്ടായിരുന്നു അപ്പോഴവരുടെ വാക്കിൽ..
ഷാനവാസ് അതിനുത്തരമൊന്നും പറയാതെ തിരിഞ്ഞു നടന്നു..ആ വാക്കുകൾ എപ്പോഴത്തെയും പോലെ അയാളെയും നോവിച്ചിരുന്നു..
❣️❣️❣️
“ഇനിയെന്നെ ഒന്നും ചെയ്യല്ലേ.. പ്ലീസ് ”
ക്രിസ്റ്റിയുടെ ചവിട്ട് കൊണ്ട് താഴെ കിടക്കുന്നതിനിടയിലും റോയ്സ് അവന്റെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അടി കൊണ്ടിട്ട് അവനാകെ വശം കെട്ട് പോയിരുന്നു.
ആളൊഴിഞ്ഞ ഒരു വീടിനുള്ളിലേക്കാണ് അവരവനെ കൊണ്ട് പോയത്.
ആര്യന്റെ ബന്ധത്തിലുള്ള ആരുടെയോ വീടാണ്.
അങ്ങോട്ട് മതിയെന്ന് അവനാണ് പറഞ്ഞതും.
റോയ്‌സിനെ ഓരോ പ്രാവശ്യവും വലിച്ചു പൊക്കി വീണ്ടും അടിച്ചു വീഴ്ത്തുമ്പോഴും.. മരണകുരുക്കിലേക്ക് തലയിടാൻ ആഞ്ഞു നിൽക്കുന്ന ദിൽനയുടെ രൂപമായിരുന്നു ക്രിസ്റ്റിക്ക് ഉള്ളിൽ.
അത് കൊണ്ട് തന്നെ ഉള്ളിലെ രോഷത്തിന്റെ വല്ലാത്ത ഭാരമുണ്ടായിരുന്നു റോയ്‌സിന് കിട്ടിയ ഓരോ പ്രഹരത്തിനുള്ളിലും.
ഫൈസിയും ആര്യനും കാഴ്ചക്കാരായിരുന്നു.
റോയ്സ് കൊഞ്ചി പറയുന്നത് കേട്ടിട്ടും അവരൊന്നും മിണ്ടിയത് കൂടിയില്ല.
“ഇനി ഒരു പെണ്ണിനെ കാണുമ്പോഴും ഈ അടി നീ ഓർക്കണം ”
മുഖം പൊളിഞ്ഞു പോകും വിധം അവനെ ആഞ്ഞടിച്ചു കൊണ്ട് ക്രിസ്റ്റി പല്ല് കടിച്ചു.
“കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന് നിന്റെ മ്യാമന്റെ പോലെ വാഴപിണ്ടി അല്ലേടാ മോനെ നട്ടെല്ലിന്റെ സ്ഥാനത്തുള്ളത്. നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ.. നിനക്കുള്ളത് ഞാൻ കാത്ത് വെച്ചിട്ടുണ്ടെന്ന്…”
പുച്ഛത്തോടെ ക്രിസ്റ്റി അവനെ നോക്കി.
അവനരികിലേക്ക് താഴെ ഇരുന്നു കൊണ്ടാണ് ക്രിസ്റ്റി പറയുന്നത്.
“നിനക്കും നിന്റെ അമ്മയ്ക്കുമുള്ള ആ ഓഞ്ഞ ചിരിയില്ലേ.. അതിനുള്ള ഉത്തരം കൂടിയാണ് ഇത് ”
സൂസനെ ഓർത്തതും ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ഞു.
“നിനക്കിത് വീട്ടിൽ പറയണ്ടേ..?”
ക്രിസ്റ്റി അവശതയോടെ കിടക്കുന്ന റോയ്‌സിനെ നോക്കി ചോദിച്ചു.
“വേണ്ട… വേണ്ട.. ഞാൻ.. ഞാനാരോടും പറയില്ല. ദയവ് ചെയ്തു ഇനിയെന്നെ തല്ലരുത്. എനിക്ക് വയ്യ..”
റോയ്സ് കിതച്ചു കൊണ്ട് കൈ കൂപ്പി.
“നിനക്കെന്റെ പെങ്ങളെ കെട്ടണ്ടേ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“വേണ്ട.. വേണ്ട.. ഞാനിനി അവളുടെ പരിസരത്ത് പോലും വരില്ല ”
“നീ നിന്റെ വീട്ടിൽ എന്ത് പറയും..?”
“അത്.. അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം ”
റോയ്സ് ധൃതിയിലാണ് പറയുന്നത്. ഉത്തരം വൈകിയാൽ ഇനിയും തല്ല് കിട്ടുവോ എന്നവൻ ഭയക്കുന്നുണ്ട്.
“എന്നാ കേട്ടോ… നിന്നെ ഈ കോലത്തിൽ തല്ലി ചതച്ചത് കുന്നേൽ ക്രിസ്റ്റി ഫിലിപ്പ് ആണെന്ന് നീ നിന്റെയാ പരട്ട തള്ളയോട് പോയി പറയണം. അത് ചോദിക്കാൻ അവരെയും കൂട്ടി നീ എന്റെ വീട്ടിലോട്ട് വരികേം വേണം.. അപ്പഴേ ബാക്കി കാര്യങ്ങൾ കൂടി എനിക്ക് വെടിപ്പായി ചെയ്യാനൊക്കൂ..”
റോയ്‌സിനെ നോക്കി.. പുച്ഛത്തോടെ പറഞ്ഞിട്ട് ക്രിസ്റ്റി എഴുന്നേറ്റു..

തുടരും..

by