രചന – ഗൗരി ലക്ഷ്മി
ഒരക്ഷരം മിണ്ടാതെ ആരെയും നോക്കാതെ അവൾ തപ്പിത്തടഞ്ഞെഴുന്നേറ്റു.. മുൻപോട്ട് നടക്കാൻ ശ്രമിക്കവേ ചുറ്റുമുള്ളിടമൊക്കെ തനിക്ക് മുൻപിൽ ഭ്രമണം ചെയ്യുന്നതായി അവൾക്ക് തോന്നി..
ശരീരം തളരുന്നു.. ബലമില്ലാതെയാകുന്നു..
അവൾ മേശയിൽ പിടിക്കാൻ ശ്രമിച്ചു.. പക്ഷെ അതിനു മുൻപേ അവൾ നിലത്തേയ്ക്ക് വീണുപോയിരുന്നു..
മോളെ..
ബോധം മറയുമ്പോഴും റീനയുടെ നിലവിളി അവൾ കേട്ടിരുന്നു.. ഒരു പ്രകമ്പനം പോലെ..
************************
നിയ കണ്ണുതുറക്കുമ്പോൾ റീനയും ഡേവിഡും അവളുടെ തൊട്ടരികിൽ തന്നെ ഉണ്ടായിരുന്നു..
അവളൊന്ന് ഞരങ്ങി..
ഉണർന്നോ നീയ്..
ഡേവിഡ് സ്നേഹത്തോടെ ചോദിച്ചു..
പപ്പാ.. ഞാൻ.. എനിക്ക്..
ഒന്നുമില്ലെടാ.. ബിപി കൂടിയതാണ്..
ഡേവിഡ് പറഞ്ഞു..
നിയ കഴിഞ്ഞതൊക്കെ ഓർക്കാൻ ശ്രമിച്ചു..
ആദിയുടെ വിവാഹം..
ആ ഓർമയിൽ അവളൊന്ന് പിടഞ്ഞുപോയി..
തന്റെ ആദി.. തന്റേത് എന്നു പറഞ്ഞു പഠിച്ചതാണ്.. ആ അവനാണ് അല്ലിയുടേത് മാത്രമാകുന്നത്..
അവൾക്ക് നെഞ്ചു നീറി..
കണ്ണിൽ വീണ്ടും കണ്ണുനീർ ഉരുണ്ടുകൂടി..
ഇനിയും അതൊക്കെ ഓർത്തു കിടക്കേണ്ട മോളെ.. അറിയാമല്ലോ.. ഇനി കല്യാണത്തിന് അധിക ദിവസങ്ങളില്ല..
റീന ഓർമിപ്പിച്ചു..
അതേ.. അതൊക്കെ പോട്ടെ.. മോളിപ്പോ റെസ്റ്റെടുക്ക്.. നാളെ മുതലിനി കല്യാണത്തിന്റെ ഒരുക്കങ്ങളാണ്.. മോള് വരുന്നില്ലെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങൾ നാളെപോയി ഡ്രെസ്സും ഓർണമെന്റ്സും എടുക്കാമെന്ന് കരുതി..
അത് വേണ്ട പപ്പാ..
ഡേവിഡ് ചോദ്യഭാവത്തിൽ അവളെന്റെ നോക്കി..
ഞാനും വരുന്നു. എന്റെ കല്യാണമല്ലേ.. എനിക്ക് തന്നെ എല്ലാം സെലക്റ്റ് ചെയ്യണം..
നിയ തറപ്പിച്ചു പറഞ്ഞു..
മോളെ.. നിന്റെ മാനസികാവസ്ഥ പപ്പയ്ക്കും മമ്മയ്ക്കും മനസ്സിലാകും..
എന്ത് മാനസികാവസ്ഥ.. എനിക്കൊരു കുഴപ്പവുമില്ല പപ്പേ.. ഞാൻ വരുന്നു.. ഇത് എന്റെ തീരുമാനമാണ്..
നിയ അവരെ ഒന്നുകൂടി നോക്കി കിടക്കയിലേക്ക് കിടന്നു.. റീനയും ഡേവിഡും പരസ്പരം വേദനയോടെ നോക്കിയിരുന്നതെയുള്ളൂ..
****************************
അല്ലിമോളെ…
പ്രസാദ് വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.. അത്രനേരവും വിദൂരതയിലേക്ക് നോക്കിനിൽക്കുകയായിരുന്നു അവൾ..
എന്താ അച്ഛാ..
നാളെ കല്യാണത്തിനുള്ള ഡ്രസ്സും ഓർണമെന്റ്സും എടുക്കാൻ പോവാ..
മ്മ്..
അല്ലി മൂളി..
നീ വരുന്നില്ലേ..
അവൾ അയാളെ ഒന്ന് നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്നോണം കൂടുതലൊന്നും അയാൾ ചോദിച്ചുമില്ല..
അല്ലി.. കല്യാണം ഒരിക്കലേയുള്ളൂ ലൈഫിൽ.. നീയങ്ങനെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നാൽ കണ്ടുനിൽക്കുന്നവർക്കും സങ്കടമാകുകയെയുള്ളൂ..
മീന അകത്തേയ്ക്ക് വന്നു പറഞ്ഞു..
എല്ലാവരും കൂടെയാണ് പോകുന്നത്..നീയും വരണം..
ഞാൻ വരുന്നില്ല..
വരണം..
മീന തീർത്തും പറഞ്ഞു..
അവളെ നിർബന്ധിക്കേണ്ട മീനേ..
ഇത് എന്റെ നിർബന്ധമാണ്.. ഈ വിഷമമൊക്കെ താൽക്കാലികമാണ് പ്രസാദേട്ടാ.. നാളെ ഇതൊക്കെ മറികഴിയുമ്പോ വീണ്ടും കെട്ടാനൊന്നും പറ്റില്ലല്ലോ.. നീ വരണം.. രാവിലെ ഒരുങ്ങി നിന്നാൽ മതി..
അതും പറഞ്ഞവർ പുറത്തേയ്ക്ക് പോയതും അല്ലി തളർച്ചയോടെ കിടക്കയിൽ ഇരുന്നു..
മോളെ..
എന്തിനാടാ അച്ഛാ എന്നോടിങ്ങനെ.. എന്ത് തെറ്റ് ചെയ്തിട്ടാ..
അവളുടെ ശബ്ദമിടറി..
അയാൾ അവൾക്കരികിൽ ഇരുന്നു..
മോളെ.. അച്ഛനറിയാം.. ആദിയും അല്ലിയും തമ്മിലുള്ള ബന്ധം.. ആദിയും മോളുടെ അതേ മാനസികാവസ്ഥയിലാണ്.. അതല്ലെങ്കിൽ കുറച്ചുകൂടെ കൂടുതൽ വേദനയിലാണ്..
നിനക്കറിയാമോ നിങ്ങളുടെ കല്യാണത്തിന്റെ അന്ന് തന്നെയാണ് നിയയുടെ കല്യാണവും..
അല്ലി ഞെട്ടി അയാളെ നോക്കി..
ആ വേദന നമുക്ക് ഊഹിക്കാൻ കഴിയില്ല.. ഒക്കെ മറന്നിട്ടൊന്നുമല്ല പക്ഷെ നിന്റെ ജീവിതം സേഫാക്കാൻ വേണ്ടിയാണ് അവനിപ്പോ ഈ കല്യാണത്തിന് സമ്മതിച്ചത്..
നീ അവനെ ഈ സമയത്ത് സപ്പോർട്ട് ചെയ്യുകയാ മോളെ വേണ്ടത്.. നീ ഓകെ ആണെന്ന് തോന്നിയാൽ അവനും കുറച്ചു സമാധാനമാകും.. ആർക്ക് വേണ്ടിയാ കുട്ടികളെ നിങ്ങളിങ്ങനെ നീറുന്നത്.. നിങ്ങളെ വേണ്ടാന്ന് വെച്ചവർക്ക് നിങ്ങളിൽ അത്രയേ വിശ്വാസമുണ്ടായിരുന്നുള്ളൂ എന്നതല്ലേ സത്യം..അവർക്ക് വേണ്ടി എന്തിനാ ഇങ്ങനെ സ്വയം നീറി നിങ്ങൾ നിൽക്കുന്നത്..
മോള് ആലോചിക്ക്.. അച്ഛൻ പുറത്തുണ്ടാകും..
അയാൾ അതും പറഞ്ഞു പുറത്തേയ്ക്കിറങ്ങിയതും അല്ലി തളർച്ചയോടെ കിടക്കയിലേക്ക് വീണു…
നിയ…
അവളുടെ മനസ്സിൽ ആദ്യം ഓർമ്മ വന്നത് ആദിയുടെ താലി കഴുത്തിലിട്ട് പുഞ്ചിരിയോടെ നിൽക്കുന്ന ഒരുവളുടെ മുഖമാണ്..
ആദിയെ കുറിച്ചോർക്കെ അവളുടെ ഹൃദയം വിങ്ങി.. വേദന നിറഞ്ഞു..
എന്തിനാണ് മനുഷ്യർക്കിത്രമേൽ വേദന നൽകുന്നത്..
അവൾ നീറ്റലോടെ ഓർത്തു.. അപ്പോഴും ആ ചോദ്യത്തിനുള്ള ഉത്തരം അവളുടെ പക്കൽ ഉണ്ടായിരുന്നില്ല..
***************************
നോട്ട് ദിസ്.. ആ തേർഡ് വൺ.. ആ സെന്ററിൽ ഗ്രീൻ കല്ലുള്ളത്..
ഉത്സാഹത്തോടെ ഓരോ മാലയും വളയും കമ്മലുമൊക്കെ എടുത്ത് ഭംഗി നോക്കുന്ന നിയയെ അത്ഭുതത്തോടെ ജിജോയും ഡേവിഡും റീനയും നോക്കി..
പപ്പാ. ഇതെങ്ങനെയുണ്ട്..
കൊള്ളാം.. മോൾക്ക് അസ്സലായി ചേരുന്നുണ്ട്..
ഡേവിഡ് പറഞ്ഞു..
ആണോ മമ്മേ.. ജിജോ നോക്കിയേ..
കൊള്ളാടോ..
അവനും പറഞ്ഞു..
ഇതിന് എത്രയാകും.
മേഡം ഇത് ഡയമണ്ട് ആണ്.. ഏകദേശം 10 ലാക്കിന് മേലെ വരും..
ഇറ്റ്‌സ് ഓകെ..
ഡേവിഡ് പറഞ്ഞു..
ഇത് ഒന്ന് മതിയാകില്ലേ ജിജോ.. അതോ ചെറിയൊരു ലൈറ്റ് ചെയ്‌നും കൂടെ വേണോ..
മേഡം ഇതിന്റെ കൂടെ ഈ ലോങ് നെക്ക്ലേസ് കൂടിയാണ് കോമ്പോ….
എങ്ങനുണ്ട്..
രണ്ടും കൂടി വെച്ചു നിയ ജിജോയോട് ചോദിച്ചു..
തനിക്ക് എന്തും ചേരും..
ജിജോ ചിരിയോടെ അവളെ ഒന്നുഴിഞ്ഞു നോക്കി പറഞ്ഞു..
ഇത് എനിക്കൊരു സെറ്റ് ആക്കി തരാമോ.. ഇത്തിരി വലിയ കമ്മൽ..ഈ ലോക്കറ്റിന്റെ ഡിസൈൻ.. അതല്ലെങ്കിൽ ജിമിക്കി ആയാലും മതി.. മുകളിൽ എമറാൾഡ് സ്റ്റോൺ വെച്ച സ്റ്റഡും വലിയ ജിമിക്കിയും.. പിന്നെ ഗ്രീൻ ആൻഡ് വൈറ്റ് സ്റ്റോൺ വെച്ച വളകളും.. ടോട്ടൽ 4 എണ്ണം മതി.. രണ്ടു കയ്യിലും രണ്ടെണ്ണം വീതം.. പോരെ മമ്മേ..
റീന തലയാട്ടി.. സന്തോഷത്തോടെ..
എല്ലാം കൂടെ കുറച്ചേറെ എമൗണ്ട് ആകും മേഡം…
താനിതൊക്കെ വിൽക്കാനല്ലേ നിൽക്കുന്നത്.. എന്റെ മോൾക്ക് എന്ത് വേണോ അത് എടുത്തു കൊടുക്കണം.. എന്റെ മോള് ആവശ്യപ്പെട്ടാൽ ഈ ജുവല്ലറി പോലും ഞാൻ വാങ്ങും.. അതും ചോദിക്കുന്നതിന് കൂടുതൽ കൊടുത്ത്..
സോറി സർ..
അയാൾ ക്ഷമ പറഞ്ഞു പോയി..
താങ്ക്സ് പപ്പാ..
നിയ ഡേവിഡിനെ ചേർത്തുപിടിച്ചു പറഞ്ഞതും അയാൾ സന്തോഷത്തോടെ അവളെ തഴുകി..
***************************
ഇതിൽ ഏതാ അല്ലിമോൾക്ക് കൂടുതൽ ചേരുന്നത്..
ഭാമ ഒരു ചോരച്ചുവപ്പ് നിറമുള്ള സാരിയും പീച്ച് നിറമുള്ള സാരിയും എടുത്തു കയ്യിൽ പിടിച്ചു പ്രസാദിനോട് ചോദിച്ചു..
പ്രസാദ് അവർക്കരികിൽ പ്രതിമ പോലെ ഇരിക്കുന്ന മകളെ നോക്കി അയാൾ ഒന്ന് പുഞ്ചിരിച്ചു..
ഇതിൽ പീച്ച് ആണ് മോൾക്ക് ചേരുന്നത്.. അല്ല . ഇത് രണ്ടുമാണോ എടുക്കുന്നത് . മന്ത്രകോടിയും വേണമല്ലോ..
മുരളി ചോദിച്ചു..
അല്ലി ചുറ്റും നോക്കി.. മനസ്സ് ചുട്ടുപൊള്ളുന്നുണ്ട്.. അപ്പോഴും അവളുടെ കണ്ണുകൾ തിരഞ്ഞത് ആദിയെയായിരുന്നു..
ഇത് മണ്ഡപത്തിൽ കേറുമ്പോൾ ഉടുക്കാം.. മന്ത്രകോടി ആദി സെലക്റ്റ് ചെയ്യട്ടെ..
മീന പറഞ്ഞു..
അതേ.. അതവന് വിട്ടുകൊടുക്കാം.. ഇനി നമുക്ക് ബാക്കിയുള്ളവർക്കുള്ള ഡ്രസ് എടുക്കാം.
ഭാമയും പറഞ്ഞു..
അല്ലി അൽപ്പം ആശ്വാസമയെന്നോണം മാറിപ്പോയി സോഫയിൽ ഇരുന്നു..
അല്ലിക്കൊച്ചേ..
ദിവസങ്ങൾക്ക് ശേഷം കുറുമ്പോടെയുള്ള ആദിയുടെ വിളി കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു..
അവൾ തിരിഞ്ഞു നോക്കിയതും ബാക്കിൽ ചിരിയോടെ ആദി.. ഒരുനിമിഷം അത് സ്വപ്നമാണോ എന്നുപോലും തോന്നിപ്പോയി..
അവൻ കയ്യിലിരുന്നൊരു സാരി അവൾക്ക് നീട്ടി..
എങ്ങനുണ്ട്..
അനിയൻ പിങ്ക് നിറത്തിൽ വളരെ ചെറിയ ഗോൾഡൻ വർക്കുകൾ ഉള്ള ഒരു സാരി..
റെയർ ആണ്.. പൊതുവേ കല്യാണ സാരിക്ക് ഈ കളർ അങ്ങനെ കിട്ടാറില്ല.. കണ്ടപ്പോ ഇഷ്ടമായി.. കൊള്ളാമോ..
അവൾ അവനെ നോക്കി യാന്ത്രികമായി തലയാട്ടി..
തനിക്കീ കളർ നന്നായി ചേരും..
അവൻ അതവളുടെ ദേഹത്ത് ചേർത്തുവെച്ചു പറഞ്ഞു..
ആദീ..
അല്ലിയെ അവൻ നോക്കി..
അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു..
റിലാക്സ് ആദീ.. ഞാൻ ഓകെ ആടോ…
അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി.. ആ മുഖത്തെ ആശ്വാസം കണ്ടതും അവനും അൽപ്പം ആശ്വാസമായി എന്നു തോന്നി..
വാ..
അല്ലി അവനെ പിടിച്ചടുത്തിരുത്തി.. പിന്നെ അവന്റെ തോളിലേയ്ക്ക് ചാഞ്ഞു കിടന്നു..
ആദി അവളെ ചേർത്തുപിടിച്ചു . കരുതലോടെ.. സ്നേഹത്തോടെ..
വേദനിക്കുന്നുണ്ടോ ആദി.. നിയ..
കഴിഞ്ഞുപോയ ഓർമകളാണ് അല്ലി അതൊക്കെ.. ഇനിയത് ഓർക്കേണ്ട..
ആ സംസാരം അവിടംകൊണ്ട് അവൻ അവസാനിപ്പിച്ചിരുന്നു..
മറ്റുള്ളവരൊക്കെയും എന്തിനൊക്കെയോ ഓടി നടക്കുമ്പോഴും ആ രണ്ടുമനസ്സുകളിൽ നിറയെ വേദനയായിരുന്നു.. സ്നേഹം കൊണ്ട് മുറിവേറ്റവരുടെ വേദന..
***************************
ഠോ..
ആ വിളിയിൽ അല്ലി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റിരുന്നു..
എ.. എന്താ..
അല്ലി വിറവലോടെ ചോദിച്ചതും പിന്നിൽ നിന്നൊരു കൈ അവളുടെ കണ്ണുകൾ മൃദുവായി പൊതിഞ്ഞു കഴിഞ്ഞിരുന്നു..
അവൾ പതർച്ചയോടെ ആ കൈകളിൽ തൊട്ട് നോക്കി..
മിത്രാ..
അല്ലി അത്ഭുതത്തോടെ വിളിച്ചതും അവളാ കൈകൾ കണ്ണിൽ നിന്നെടുത്ത് തോളിലേയ്ക്ക് വെച്ചു..
അല്ലിയുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു.. അവൾ മിത്രയുടെ കൈപിടിച്ചു വലിച്ചു മുൻപിലേക്ക് കൊണ്ടുവന്നു..
എപ്പോ എത്തി നീ.. ഞാൻ അറിഞ്ഞേയില്ല..
അതെങ്ങനെയാ.. ഇങ്ങനെ നട്ടുച്ചയ്ക്ക് കിടന്നുറങ്ങിയാൽ ആര് വന്നാലും പോയാലുമൊക്കെ എങ്ങനെ അറിയും..
കടേലൊക്കെ പോയി വന്നപ്പോ തലവേദനിച്ചു.. അതാ കിടന്നത്..മയങ്ങിപ്പോയി.. പറയ്.. എപ്പോ വന്നു നീയ്. കഴിച്ചോ വല്ലോം..എന്നാ പറയുന്നു ഗ്രേസി സിസ്റ്റർ ഒക്കെ..
എല്ലാം കൂടെ ഒന്നിച്ച് ചോദിക്കാതെ പെണ്ണേ… ഞാനിങ്ങോട്ട് വന്നേയുള്ളൂ.. ഇച്ചായൻ കൊണ്ടുവിട്ടു..
ക്രിസ്റ്റിയും വന്നോ.. എന്നിട്ടെന്തിയെ..
ആദിയുടെ വീട്ടിൽ പോയി..
അവൾ പറഞ്ഞു..
വന്നു കേറി ഒരു ചായ കുടിച്ചു.. ഇനി കുളിക്കണം.. എന്നിട്ട് നിന്നെ കെട്ടിപ്പിടിച്ചൊരു ഉറക്കോം പാസാക്കണം..
മിത്ര അല്ലിയെ കെട്ടിപ്പിടിച്ചു പറഞ്ഞു..
നിനക്ക് വിശക്കില്ലേ..
പിന്നില്ലേ.. ഇന്നെന്റെ മീനാമ്മേടെ കയ്യോണ്ടുണ്ടാക്കിയ അസ്സൽ ഫുഡ് വയറു നിറയെ തട്ടണം..
വല്ലപ്പോഴും കിട്ടുന്ന അവസരമല്ലേ..
അത് പറഞ്ഞതും മിത്രയുടെ മുഖം വാടി..
നിന്നോട് ഞങ്ങൾ പറഞ്ഞതല്ലേ ഇവിടെ നിൽക്കാൻ.. എന്നിട്ട് അതും കേൾക്കില്ല.. ഇവിടെ അച്ഛനും അമ്മയുമല്ലേയുള്ളൂ..
ഹേയ്.. അത് വേണ്ട.. എനിക്കിങ്ങനെ ഇടയ്ക്കിടെ ഓടി വരാൻ പറ്റുന്നുണ്ടല്ലോ.. അതുമതി.. ചെ.. സെന്റി.. ഞാൻ പോയി കുളിക്കട്ടെ.. പിന്നെ ബാഗിൽ ലഡ്ഡു.ഉണ്ട്.. അവിടെ മഠത്തിൽ ഉണ്ടാക്കിയതാണ്.. ഞങ്ങളിപ്പോ അല്ലറച്ചില്ലറ ബേക്കറി സാധനമൊക്കെ ഉണ്ടാക്കി വിൽക്കുന്നുണ്ട്..കഴിച്ചു നോക്ക്.. ഞാനിപ്പോ വരാം.
അതും പറഞ്ഞു മിത്ര വേഗം മറ്റാനുള്ളതും എടുത്ത് വാഷ്‌റൂമിലേയ്ക്ക് പോയി..
അല്ലി മറ്റെല്ലാം മറന്ന് ബാഗ് എടുത്ത് അതിൽ നിന്നും ലഡ്ഡു എടുത്ത് കഴിച്ചു.. സ്നേഹത്തിന്റെ രുചി.. അപ്പോഴാണ് ആ ബോക്സിന് താഴെ തുണിക്ക് മുകളിലായി വെച്ചിരുന്ന പഴയ ആൽബം കണ്ടത്..
അവളത് എടുത്തു തുറന്നു..
അച്ഛനും അമ്മയും മിത്രയും..
പഴയൊരു ചിത്രം..
അല്ലിക്ക് വേദന തോന്നി..
മിത്ര..
ഒരുപാട് സൗഭാഗ്യങ്ങൾക്കിടയിൽ നിന്നും പെട്ടൊന്നൊരുനാൾ അനാഥത്വത്തിന്റെ ദാരിദ്ര്യത്തിന്റെ കയത്തിലേയ്ക്ക് വീണുപോയവൾ..
അവൾ അന്നുമിന്നും എല്ലാം നേരിട്ടിട്ടേയുള്ളൂ. എപ്പോഴുമുള്ള അവളുടെ ചിരി തന്നെ ഒരു അത്ഭുതമാണ്.. മറ്റാർക്കും സാധിക്കാത്ത ഒരു മാജിക്ക്…
അല്ലി ആൽബം തിരിച്ചുവെച്ച് കിടക്കയിൽ ഇരുന്നു.
അവൾക്ക് സ്വയം പുച്ഛം തോന്നി..
സത്യമാണ് അച്ഛൻ ചോദിച്ചത്.. ആർക്ക് വേണ്ടിയാണ് ഈ വേദനിക്കുന്നത്..
അവൾ ആലോചനയോടെ ഇരുന്നു..
പിന്നെ എപ്പോഴോ നിറഞ്ഞു വന്ന കണ്ണുകളെ വാശിയിൽ തുടച്ചുമാറ്റി എഴുന്നേറ്റ് പുറത്തെ ബഹളങ്ങൾക്കിടയിലേയ്ക്കിറങ്ങി.. മറ്റൊന്നിലും ശ്രദ്ധിക്കാതിരിക്കാൻ എന്നോണം..
***************************
നിയ മോളെ.. കഴിഞ്ഞില്ലേ ഒരുക്കം..
ഡേവിഡ് വന്ന് ചോദിച്ചു..
കഴിഞ്ഞു പപ്പേ.. മമ്മി ദേ ഈ ഗൗണിന്റെ ബാക്ക് ഒന്ന് വലിച്ചേ.
നിയ എഴുന്നേറ്റ് നിന്ന് സ്വയം സൗന്ദര്യം നോക്കുന്നതിനിടയ്ക്ക് പറഞ്ഞു..
എങ്ങനുണ്ട് മമ്മേ..
റീന അവളുടെ ഗൗണ് നേരെയാക്കി നിവർന്നതും അവൾ ചോദിച്ചു..
എന്റെ പൊന്നുമോള് സുന്ദരിയല്ലേ..
റീന പറഞ്ഞുകൊണ്ട് അവൾക്കൊരു മുത്തം നൽകി..
ഇറങ്ങാറായി..
ഡേവിഡ് പറഞ്ഞതും അവൾ രണ്ടാൾക്കും പുഞ്ചിരി നൽകി..
വെളുത്ത ഗൗണിൽ നിയ അതിസുന്ദരിയായിരുന്നു..
ഒരു മാലാഖയെ പോലെ അവൾ അണിഞ്ഞൊരുങ്ങി..
ഫോട്ടോഗ്രാഫർമാർ പറഞ്ഞതിനൊപ്പം ആഘോഷപൂർവ്വം ഫോട്ടോ എടുക്കുന്നവളെ നോക്കി റീന നിന്നു..
അവരുടെ കണ്ണിൽ മനസമ്മതത്തിന്റെ ഓർമ്മയായിരുന്നു..
അതുകൊണ്ടുതന്നെ ഇടം വലം വിടാതെ അവർ അവൾക്കൊപ്പംതന്നെ നിന്നു..
പള്ളിയിലേക്ക് ഇറങ്ങുമ്പോഴും ഡേവിഡും റീനയും നിയയും അതീവ സന്തോഷത്തിലായിരുന്നു..
മാതാവിന്റെ മുൻപിൽ തൊഴുതു നിൽക്കുമ്പോൾ മാത്രം നിയയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞുവീണു..
എന്തിനായിരുന്നു മാതാവേ ഇങ്ങനൊരു പരീക്ഷണം..
അവൾ അത്രമാത്രം ചോദിച്ചു..
കുര്ബാനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ജിജോയുടെ മിന്ന് അവളുടെ കഴുത്തിലേയ്ക്ക് ചാർത്തപ്പെടുമ്പോൾ നിറഞ്ഞ സന്തോഷത്തിലായിരുന്നു കൂടിനിന്നവരെല്ലാം..
ഒരാളൊഴികെ..
എത്ര ഒഴിവാക്കിയാലും അവനവൾക്ക് അത്രമേൽ പ്രിയങ്കരനായിരുന്നുവല്ലോ.. ഹൃദയത്തിന്റെ അടിത്തട്ടിൽ പതിഞ്ഞുപോയ ആ രൂപം അവളിൽ വേദന നിറച്ചു.. ജിജോയുടെ മിന്ന് കഴുത്തിൽ ചേരുമ്പോൾ ആദി ആദ്യമായി ചാർത്തിയ മിന്നിന്റെ തണുപ്പ് ഇന്നവളെ പൊള്ളിക്കും പോലെ അവൾക്ക് തോന്നി..
അവൾ മൗനമായി അലറിക്കരഞ്ഞു.. ഹൃദയം പൊട്ടിനിലവിളിച്ചു..
ഒരിറ്റ് കണ്ണുനീർ ഇല്ലാതെ.. നിറഞ്ഞ പുഞ്ചിരിയോടെ..
************************
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ക്ഷണിക്കപ്പെട്ട വേദിയായിരുന്നു ആദിയുടെയും അല്ലിയുടെയും വിവാഹവേദി..
റോയ്‌യും ജോളിമ്മയും മീനയ്ക്കും പ്രസാദിനും ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു..
ടോം മുരളിയ്ക്കൊപ്പം ഉണ്ടായിരുന്നു..
പീച്ച് നിറമുള്ള വിവാഹസാരിയും പേരിന് മാത്രം അണിഞ്ഞ ആഭരണങ്ങളും.. അത്രയുമായിരുന്നു അല്ലിയുടെ ഒരുക്കം..അധികം മേക്കപ്പൊ വിലകൂടിയ ആഭരണങ്ങളോ ഒന്നും അല്ലിയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല..
മിത്ര എന്തിനുമേതിനും അല്ലിയോടൊപ്പം നിന്നപ്പോൾ ഹൃദയം പിടയുന്ന വേദനയിൽ ആദിക്ക് കൈതാങ്ങായത് ക്രിസ്റ്റിയായിരുന്നു..
അമ്പലനടയിൽ തീർത്ത ചെറിയൊരു പന്തൽ.. ക്ഷേത്രത്തിൽ തൊഴുതു പ്രദക്ഷിണം വെച്ചു വന്ന് ആദി പന്തലിൽ ഇരുന്നു..
താലപ്പൊലിയോടെ അല്ലിയെ സ്വീകരിച്ചുകൊണ്ടിരുത്തി..
ഒരുക്കമൊന്നുമില്ലെങ്കിലും ചന്ദനത്തിന്റെ നിറമായിരുന്നു അവൾക്ക്.. ആ സൗന്ദര്യം പലരും നോക്കി നിന്നപ്പോൾ മറ്റുചിലർ വർഷങ്ങളായുള്ള സൗഹൃദം പ്രണയമായിരുന്നു എന്ന നിഗമനം പങ്കുവെയ്ക്കുന്ന തിരക്കിലായിരുന്നു..
അല്ലിയെ ആദിയുടെ അരികിൽ കൊണ്ടിരുത്തി.. അവസാനം ദക്ഷിണ നല്കാനുള്ളവർക്ക് പന്തലിൽ വെച്ചു ദക്ഷിണ കൈമാറി..
താലികെട്ടിനുള്ള വാദ്യമേളം മുഴങ്ങുന്നതിനൊപ്പം ആദിയുടെയും അല്ലിയുടെയും ഹൃദയമിടിപ്പിന്റെ വേഗതയും കൂടി..
മുരളി എടുത്തു നൽകിയ താലി വിറയലോടെ ആദി അല്ലിയുടെ കഴുത്തിലേയ്ക്ക് ചേർത്തുവെച്ചു..
അല്ലിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞുപോയി..
ആ കണ്ണുകളിൽ നിന്നോരിറ്റ് കണ്ണുനീർ അവന്റെ കയ്യിലേക്ക് വീണു..
അവനൊന്ന് പിടഞ്ഞുപോയി..
അവനാ മഞ്ഞ ചരട് മൂന്നുവട്ടം കെട്ടി.. മിത്ര പെങ്ങളുടെ സ്ഥാനത്ത് നിന്ന് അവളുടെ മുടി ഉയർത്തിക്കൊടുത്തു..
അവന്റെ ഹൃദയം പിടഞ്ഞു..
ഒരാഴ്ച മുൻപൊരു ദിവസം താൻ അത്രമേൽ കൊതിച്ചൊരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടിയത് അവനോർമ്മ വന്നു..
അവൻ തന്റെ നിറഞ്ഞുവന്ന കണ്ണുകളെ തടഞ്ഞുനിർത്തി..
തന്റെ കയ്യാലെ അവളുടെ സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം ചാർത്തി..
പരസ്പരം ഹാരം ചാർത്തി താലിമാലയും ചാർത്തിയതോടെ അല്ലിയെ ആരൊക്കെയോ ചേർന്ന് എഴുന്നേൽപ്പിച്ചു..
ആദിയുടെ കയ്യാലെ അവൻ തിരഞ്ഞെടുത്ത മന്ത്രകോടി അവൾക്ക് നൽകി..
അവളത് നിറഞ്ഞ കണ്ണുകളോടെ വാങ്ങി..
പ്രസാദ് ആദിയുടെ കയ്യിലേക്ക് അല്ലിയുടെ കൈകൾ ചേർത്തു വെയ്ക്കുമ്പോഴും രണ്ടാളും വേദനയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു..
മണ്ഡപതിന് പ്രദക്ഷിണം വെച്ചു ചടങ്ങുകൾ പൂർത്തിയാക്കുമ്പോഴും ആ രണ്ടുഹൃദയങ്ങളിൽ മാത്രം അത്രമാത്രം വേദന നിറഞ്ഞ നിന്നു..
തീവ്രമായ വേദന.
ആദിയുടെ കയ്യാലെ അവൻ തിരഞ്ഞെടുത്ത മന്ത്രകോടി അവൾക്ക് നൽകി..
അവളത് നിറഞ്ഞ കണ്ണുകളോടെ വാങ്ങി..
പ്രസാദ് ആദിയുടെ കയ്യിലേക്ക് അല്ലിയുടെ കൈകൾ ചേർത്തു വെയ്ക്കുമ്പോഴും രണ്ടാളും വേദനയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു..
മണ്ഡപതിന് പ്രദക്ഷിണം വെച്ചു ചടങ്ങുകൾ പൂർത്തിയക്കുമ്പോഴും ആ രണ്ടുഹൃദയങ്ങളിൽ മാത്രം അത്രമാത്രം വേദന നിറഞ്ഞ നിന്നു..
തീവ്രമായ വേദന..
അല്ലി ആദിയെ ഒന്ന് പാളി നോക്കി..
അവന്റെയുള്ളം അലറികരയുന്നുണ്ടെന്ന് അവൾക്ക് തോന്നിയതും അവളുടെ കൈകൾ അവന്റെ കൈകളിൽ ഒരു ബലമായി മുറുകി..
ഒരേ സമയം.. ഒരേ മുഹൂർത്തം.. രണ്ടു കല്യാണം..
പരസ്പരം സ്നേഹിച്ച രണ്ടു പേർ.. അത്രമാത്രം ഒരു ജീവിതം കൊതിച്ച രണ്ടുപേർ.. പരസ്പരം മാലയണിഞ്ഞൊരു പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്തു വെച്ചവർ.. ആദ്യ പടിയിൽ തന്നെ കാലിടറി വീണുപോയവർ.. അവരിന്ന് വിവാഹിതരാണ്..
ഒരിക്കലും കൂടെ ജീവിക്കണമെന്ന് അവരാഗ്രഹിക്കാത്ത രണ്ടുപേർ..
ഡ്രെസ്സ് മാറി ഫോട്ടോസെക്‌ഷനിൽ എല്ലാവർക്കും മുൻപിൽ നിൽക്കുമ്പോഴും ആദി എല്ലാവർക്കും മുന്പിലണിഞ്ഞിരിക്കുന്ന പുഞ്ചിരിയുടെ ആവരണം അല്ലിയെ നോവിക്കുന്നുണ്ടായിരുന്നു..
ആഹാരം കഴിക്കാൻ ഇരിക്കുമ്പോഴും അധികം അവർക്ക് ശല്യങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു..
ഇറങ്ങാൻ നേരം പതിവ് കരച്ചിലൊന്നുമില്ലാതെ യാന്ത്രികമായി കാറിൽ കയറി പോകുന്ന അല്ലിയെ നോക്കി നിൽക്കേ മീനയുടെയും പ്രസാദിന്റെയും ഉള്ളം സന്തോഷിക്കുകയായിരുന്നു.. ഒരു കയ്യകലത്തിൽ ഒന്ന് വിളിച്ചാൽ ഓടി വരുന്ന ദൂരത്തിൽ തന്റെ മകൾ സുമംഗലിയായി ഉണ്ടാകുമെന്ന ഓർമ്മ ആ അച്ഛനിലും അമ്മയിലും സന്തോഷം നിറയ്ക്കുമ്പോഴും അവരുടെ ജീവിതം എന്താകും എന്ന ആധിയും അവരിൽ നിറയുന്നുണ്ടായിരുന്നു.
**************************
ഭാമ നൽകിയ നിലവിളക്കും കയ്യിൽ വാങ്ങി ആ പടി കയറുമ്പോൾ അല്ലിയുടെ മനസ്സൊന്ന് ഇടറി.. അതിന്റെ ഫലമായി അവളുടെ കാലും..
ആദി പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു.. ആ കൈപ്പിടിച്ചു തന്നെ അവൾ അകത്തേയ്ക്ക് കയറി..
അധികം ബന്ധുക്കളൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ അല്ലിയ്ക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു..
അധികനേരം അവളെ ബുദ്ധിമുട്ടിക്കാതെ തന്നെ ഭാമയും മിത്രയും അവളെ ആദിയുടെ മുറിയിൽ ആക്കിയിരുന്നു..
ആ പകൽ മുഴുവൻ ആദി അമ്മയുടെ മുറിയിലായിരുന്നു.. അവനും വല്ലാത്ത ക്ഷീണമുണ്ടായിരുന്നു.. മിത്ര എല്ലായ്പ്പോഴും അല്ലിയ്ക്ക് കൂട്ടായി അല്ലിയോടൊപ്പം നിന്നു..
രാത്രി അല്ലി കുളി കഴിഞ്ഞിറങ്ങിയപ്പോഴാണ് മിത്ര ഒരു പുതിയ സാരി അവൾക്ക് നൽകിയത്..
അവൾ സംശയത്തോടെ മിത്രയെ നോക്കി..
ഇതും ഒരാചാരമല്ലേ.. അവൾ പുഞ്ചിരിച്ചു.
അല്ലിയും മടക്കി നൽകി അത്രമേൽ വേദന നിറഞ്ഞൊരു പുഞ്ചിരി..
മിത്ര അവളെ മനോഹരമായി സാരി ഞൊറിഞ്ഞുടുപ്പിച്ചു..
അവളെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് നൽകുമ്പോൾ മിത്രയുടെയും ഭാമയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..
അവളെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതും മിത്രയാണ്..
ആദി..
വരും.. ആന്റിയുടെ റൂമിലാണ്.. അവനെന്തോ ആകെ ടയേഡ് ആണ്..
മിത്ര പറഞ്ഞു..
അല്ലി മൗനമായിരുന്നു.. നീ ചെല്ല്.. ആകെ വയ്യാതിരിക്കുകയല്ലേ..
മിത്ര അവളെ തഴുകി..
അല്ലി ഒന്ന് പുഞ്ചിരിച്ചു..
അവൾ അകത്തേയ്ക്ക് പോകുന്നതും നോക്കി മിത്ര നിന്നു..
എത്ര വേഗമാണ് ഓരോ ജീവിതങ്ങളും മാറി മറിയുന്നത്..
അവളോർത്തു..
തന്റെ ജീവിതവും ഇങ്ങനെയായിരുന്നു.. ഒരൊറ്റ ദിവസം കൊണ്ട് താൻ അനാഥയായി.. ആശ്രിതയായി..
അവളുടെ നെഞ്ചോന്ന് പിടഞ്ഞു.. അവൾ താഴെയിറങ്ങി സിറ്റൗട്ടിലേയ്ക്ക് ചെന്നു..
അവിടെ നിന്നാൽ നിശാന്ധമായ നിശയെ കാണാം.. സുന്ദരിയാണ് രാത്രി.. നിലാവും നക്ഷത്രങ്ങളുമില്ലാത്ത രാത്രി..
ചെറിയ മഴക്കോളുണ്ട്..
താൻ ഒറ്റപ്പെടുന്നതിന് മുൻപുള്ള രാത്രിയും ഇങ്ങനെ ആയിരുന്നല്ലോ..
അവളുടെ ഹൃദയമിടിപ്പുയർന്നു.. ഓർമകൾ അവളുടെ നെറ്റിയിലെ വിയർപ്പ് കണങ്ങളായി പൊടിഞ്ഞു..
പെട്ടെന്ന് മിത്രയെ പിന്നിൽ നിന്നാരോ വലിച്ചു നെഞ്ചിലേയ്‌ക്കിട്ടിരുന്നു..
അവളൊന്ന് ഞെട്ടി… പക്ഷെ അടുത്ത നിമിഷം അവളുടെ ചുണ്ടിൽ മൃദുലമായ ഒരു പുഞ്ചിരി വിരിഞ്ഞു.. ആ നെഞ്ചിലേക്ക് മുഖമമർത്തി തന്നെ അവൾ പുഞ്ചിരിച്ചു..
ഇച്ചായാ..
സാന്ദ്രമായ ആ വിളിയിൽ അവന്റെ ചുണ്ടിലും അതുപോലെ ഹൃദ്യമായി ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..
പറ പെണ്ണേ.. എന്തായിരുന്നു ആലോചന..
അവൾ മിണ്ടിയില്ല.. പക്ഷെ ആ മൗനം അവനോട് വാചാലമായി.. ആ പെണ്ണിന്റെ ഹൃദയത്തിലെ വേദന സ്വീകരിച്ചെന്നോണം അവൻ കൈകളാൽ അവളെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു..
വേണ്ട മിത്രാ.. ഇപ്പൊ ഓർക്കേണ്ട ഒന്നും..
മ്മ്..
അവനൊന്നാ നെറ്റിയിൽ മുത്തി..
ആദി..
ഞാൻ മുറിയിലേയ്ക്ക് പറഞ്ഞുവിട്ടു..
പാവങ്ങൾ.. അവരെയും ദൈവം നോവിച്ചു..അല്ലെങ്കിലും ദൈവത്തിന് അത്രമാത്രം ഇഷ്ടമുള്ളവരെ ദൈവം കരയിക്കും..
മിത്ര പറഞ്ഞു..
അവനൊന്ന് ചിരിച്ചു..
അധികം വൈകാതെ ഞാനും പപ്പയും മഠത്തിൽ വരുന്നുണ്ട്.. എനിക്കിനി ഒറ്റയ്ക്ക് വയ്യ.. നീ കൂടെ ഉള്ളപ്പോ എന്തോ ഒരു ബലമാണ്.. വല്ലാത്ത ബലം..
അതിനും അവളൊന്നും മിണ്ടിയില്ല..
പക്ഷെ അവൾക്ക് അതേറെ സമ്മതമാണെന്ന് അവനുറപ്പായിരുന്നു..
മതി.. പോയി കിടന്നോ..
ക്രിസ്റ്റി അവളെ ഒന്നുകൂടി മുത്തി പറഞ്ഞു..
അവൾ അവന്റെ കവിളിൽ ഒന്ന് തഴുകി..
ഗുഡ് നൈറ്റ് ഇച്ചായാ..
മ്മ്..ഗുഡ് നൈറ്റ്..
അവൻ അത് പറഞ്ഞതും അവൾ പുഞ്ചിരിയോടെ അകത്തേയ്ക്ക് പോയി. ആ പോക്ക് നോക്കി പുഞ്ചിരിയോടെ നിന്നപ്പോഴും ക്രിസ്റ്റിയുടെ മനസ്സിൽ പഴയതൊക്കെയും നിറയുകയായിരുന്നു..
*************************
ആദി മുറിയിലേയ്ക്ക് വരുമ്പോൾ അല്ലി ആലോചനയോടെ കട്ടിലിൽ ഇരിക്കുകയായിരുന്നു . അവൻ കതകടച്ചു തിരിഞ്ഞപ്പോഴും അവളതേ ഇരിപ്പ് തന്നെയായിരുന്നു..
അല്ലി..
അവൻ വിളിച്ചതും അവൾ മിഴിയുയർത്തി അവനെ നോക്കി.. പിന്നെ ഒന്ന് ചിരിച്ചു. ആ ചിരിക്കപ്പുറവും അവളുടെ ചുവന്ന കണ്ണും കവിളിലെ കണ്ണുനീരും അവനെ നോവിച്ചിരുന്നു..
അവൻ അവൾക്കരികിൽ ചെന്നിരുന്നു..
കിടന്നില്ലേ താൻ..
ആദി വന്നില്ലല്ലോ…
അവൾ അവനെ നോക്കി.. അവനൊന്ന് പുഞ്ചിരിച്ചു പിന്നെ അവളുടെ തോളിൽ ചാഞ്ഞു കിടന്നു..
അവൾ അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു..
കരഞ്ഞോ ആദീ.. എന്നാലും നീയങ്ങനെ സ്വയം നീറല്ലേ..
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു..
അവൻ ഒന്നും മിണ്ടിയില്ല.. എങ്കിലും അവന്റെ ചൂട് കണ്ണുനീർ തന്റെ ഷോള്ഡറിലേയ്ക്ക് വീഴുന്നതും തന്റെ ശരീരവും മനസ്സും ആ ചൂടിൽ പൊള്ളുന്നതും അവൾ അറിയുന്നുണ്ടായിരുന്നു..
അവർ പരസ്പരം ഒന്നും മിണ്ടിയില്ല..
കിടക്കേണ്ടേ അല്ലി..
മ്മ്..
അവൾ ഒന്ന് മൂളി..
താൻ കിടന്നോ..
ആദി എവിടെ പോവാ..
അവനൊന്നും മിണ്ടിയില്ല..
എന്തിനാ ആദീ നമുക്കിടയിൽ ഈ ഫോർമാലിറ്റി.. ഒന്നുമില്ലേലും വീട്ടുകാരൊക്കെ അറിഞ്ഞും പിടിച്ചും അവിഹിതം നടത്തിയവരല്ലേ നമ്മൾ..
അവളുടെ വാക്കുകളിലെ പുച്ഛം അവനു മനസ്സിലാകുന്നുണ്ടായിരുന്നു. അവനും ഒന്ന് ചിരിച്ചു..
ഞാൻ വേറെങ്ങും പോവല്ല.. പുറത്തുണ്ടാകും.. ഒരു കോൾ ചെയ്തിട്ട് വരാം.. താൻ ഉറങ്ങിക്കോ..
അവൻ അതും പറഞ്ഞു പുറത്തേയ്ക്ക് നടന്നു..
അവൾ ആശ്വാസമുള്ള ഒരു പുഞ്ചിരിയോടെ കിടന്നു.. മെല്ലെ മെല്ലെ ആ പുഞ്ചിരി ഒരു പൊട്ടിക്കരച്ചിലായി പരിണമിക്കുമ്പോൾ ആ നാലു ചുവരുകൾക്കപ്പുറം അവനും നെഞ്ചുപൊട്ടി കരയുകയായിരുന്നു.. വേദനയോടെ.
**********************
രാവിലെ അല്ലി ഉണരുമ്പോൾ ആദി അരികിൽ തന്നെയുണ്ടായിരുന്നു.. അവളവനെ ഒന്ന് നോക്കി.. പാവം അവനാകെ തകർന്നിട്ടുണ്ട്..
അവളവന്റെ നെറ്റിയിൽ മെല്ലെയൊന്ന് തഴുകി.. വാത്സല്യത്തോടെ..
എല്ലാം ഒന്നൊതുങ്ങിയിരിക്കുന്നു..
അവളൊന്ന് കണ്ണടച്ചു.. എല്ലാം ഒന്നുകൂടി ഓർത്തെടുത്തു.. മനസ്സൊന്ന് പിടഞ്ഞു.. എങ്കിലും അവളതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചു..
ഒന്നൊഴികെ.. കഴുത്തിൽ മിന്നുന്ന താലി ഒഴികെ..
അവൾ കുളിച്ചു ചെല്ലുമ്പോൾ ഭാമ ചായ തിളപ്പിക്കുകയായിരുന്നു..
മോളെഴുന്നേറ്റോ..
അവൾ ചെന്ന് ഭാമയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു കുറച്ചുനേരം നിന്നു..അവരും ഒന്നും മിണ്ടിയില്ല.. ചലിച്ചുമില്ല..
വിഷമിക്കേണ്ട മോളെ.. എല്ലാം ശെരിയാകും…
മ്മ്..
അല്ലി മൂളി..
ദാ.. ഈ ചായ കുടിക്ക്..
ഭാമ അവൾക്ക് ചായ നൽകി..
ആദിയ്ക്കുള്ള ചായ ഞാൻ കൊടുക്കാം ആന്റി..
അവനിങ്ങ് വന്ന് കുടിക്കാറാ പതിവ്… എണീറ്റിട്ടുണ്ടാകില്ല.. മോള് റൂമിലോട്ട് പോവാണേൽ കൊടുത്താൽ മതി. അല്ലേൽ എണീക്കുമ്പോ ഇങ്ങോട്ട് വന്നോളും..
ഭാമ പറഞ്ഞു..
ഞാനങ്ങോട്ട് പോവാ ആന്റി..
അവൾ പറഞ്ഞു..
അപ്പോഴേയ്ക്കും അവൾ ചായയുമായി നടന്നിരുന്നു..
ആ പോക്ക് നോക്കി നിൽക്കുമ്പോഴും ആ ‘അമ്മ മനസ്സ് നിറയെ തന്റെ മക്കൾക്കായുള്ള പ്രാർത്ഥനയായിരുന്നു..
എഴുന്നേറ്റയിരുന്നോ..
അല്ലി മുറിയിലേയ്ക്ക് വരുമ്പോൾ വാഷ് റൂമിൽ നിന്ന് ഇറങ്ങുകയായിരുന്നു.. അവനൊന്ന് ചിരിച്ചു ശേഷം അവൾ നീട്ടിയ ചായക്കപ്പ് വാങ്ങി..
അല്ലീ.. നമുക്കിന്നൊരിടം വരെ പോകാനുണ്ട്.. അവിടുന്ന് ഞാൻ ബാംഗ്ളൂർക്ക് മടങ്ങുകയാണ്.. താൻ എങ്ങനെയാ.. ഇവിടെ നിൽക്കുന്നോ അതോ ബാംഗ്ളൂർക്ക് വരുന്നോ..
ആദി അവളെ നോക്കി..
ഞാനും വരുവാ ആദീ…
മ്മ്.. എന്നാൽ പാക്ക് ചെയ്‌തോടൊ..
അവൻ പറഞ്ഞു..
വീട്ടിൽ നിന്ന് കുറച്ചു സാധനം എടുക്കാനുണ്ട്..
മ്മ്.
ആദി മൂളിയതേയുള്ളൂ..
******************
വൈകുന്നേരത്തോടെയാണ് ആദിയും അല്ലിയും ഇറങ്ങിയത്.. അല്ലിയുടെ വീട്ടിൽ നിന്ന് അന്ന് ഊണ് കഴിക്കണം എന്ന് മുരളിക്ക് നിർബന്ധമായിരുന്നു..
ക്രിസ്റ്റിയും മിത്രയും അവരോടൊപ്പം ഇറങ്ങിയിരുന്നു.. ജോളിമ്മയുടെ ചെക്കപ്പ് ഡേറ്റ് ആയതുകൊണ്ട് കല്യാണം കഴിഞ്ഞയുടൻ തന്നെ അവർ രണ്ടാളും തിരികെ പോയിരുന്നു..
അവിടുന്ന് യാത്ര പറഞ്ഞു പോകുമ്പോൾ പതിവില്ലാത്തപോലെ ആദിയ്ക്കും അല്ലിയ്ക്കും വല്ലാത്തൊരു ആശ്വാസമായിരുന്നു തോന്നിയത്..
എങ്ങോട്ടാ ആദീ നമ്മൾ പോകുന്നത്..
പരിചയമില്ലാത്ത വഴിയേ കാർ പോകുന്നത് കണ്ട് അല്ലി ചോദിച്ചു..
ഒരു സർപ്രൈസ്..
ക്രിസ്റ്റി പതിവ് കുസൃതി ചിരിയോടെ പറഞ്ഞു..
അല്ലി ഒന്നും മിണ്ടാതെ മിത്രയുടെ തോളിലേയ്ക്ക് ചാഞ്ഞു കിടന്നിരുന്നു..
അവൾക്കെന്തോ ഒന്നുറങ്ങണമെന്ന് തോന്നി..
മിത്ര മെല്ലെ അവളെ ചേർത്തുപിടിച്ചു പുറത്തു മെല്ലെ തട്ടിക്കൊടുത്തു..
അല്ലീ..
മിത്ര വിളിച്ചപ്പോഴാണ് അല്ലി കണ്ണു തുറന്നത്.
കാർ വന്നു നിന്നു സ്ഥലം കണ്ടതും അല്ലി ഒരു പിടച്ചിലോടെ ചുറ്റും നോക്കി..
ഇറങ്ങ്…
ആദി അതും പറഞ്ഞിറങ്ങി.. പിന്നാലെ ക്രിസ്റ്റിയും.. അല്ലിയും മിത്രയും ശേഷമാണ് ഇറങ്ങിയത്..
വണ്ടി വന്നു നിന്നു ശബ്ദം കേട്ട് ഇറങ്ങി വന്ന നിയ സ്തബ്ധയായി നിന്നുപോയി..
അവളുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് ആദിയുടെ താലിയും കഴുത്തിലണിഞ്ഞ് നെറ്റിയിൽ കുങ്കുമക്കുറിയും ചാർത്തി അവനരികിൽ നിൽക്കുന്ന അല്ലിയിലാണ്.. അവളുടെ നെഞ്ചോന്ന് പിടഞ്ഞു..
ആദിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..
ആരിത്… ആദികേശവ് സാറോ.. എന്താ ഇവിടെ..
ഡേവിഡ് പകയോടെ ചിരിച്ചുകൊണ്ടിറങ്ങി വന്നു..
ഇനിയും എന്റെ മോളെ നോവിക്കാനാണോ ഈ അസത്തിനെയും കൂട്ടി ഇങ്ങോട്ട് വന്നത്..
റീന അല്ലിയെ നോക്കി ചോദിച്ചു..
മറ്റൊരുത്തന്റെ മിന്നും അണിഞ്ഞ് എന്റെ മുൻപിൽ നിൽക്കുന്ന ആന്റിയുടെ ഈ മോൾക്കാണോ എന്നെ കാണുമ്പോ വേദന..
ആദി തെല്ല് പരിഹാസത്തോടെയാണ് ചോദിച്ചത്..
നിയയുടെ മനസ്സൊന്നു പിടഞ്ഞു..
അപ്പോഴേയ്ക്കും ജിജോയും ഇറങ്ങി വന്നിരുന്നു..
എന്താ.. വീണ്ടും പ്രശ്‌നത്തിന് വന്നതാണോ താൻ..
എന്തിന്..
ആദി അവനോട് മറു ചോദ്യം ചോദിച്ചു..
ഞാനിപ്പോൾ വന്നത് പ്രശ്നമുണ്ടാക്കാനല്ല..മറിച്ച് ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാനാണ്..
ആദി സൗമ്യമായി പറഞ്ഞു.. അപ്പോഴേയ്ക്കും മിത്ര വന്ന് അല്ലിയെ ചേർത്തു പിടിച്ചു..
എന്ത് പരിഹാരം.. ഇവിടെയിപ്പോ എന്റെ മോളുടെ വിവാഹം കഴിഞ്ഞു ചെറുക്കന്റെ വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങുവാ.. ഇവിടെ നിന്നൊരു ഷോ ഉണ്ടാക്കാതെ താൻ പോ ആദി..
ഡേവിഡ് സൗമ്യനായി പറഞ്ഞു..
നിങ്ങൾക്ക് ഇന്നുവരെ തരേണ്ട എല്ലാ ബഹുമാനവും തന്ന ഒരു വ്യക്തിയാണ് ഞാൻ… ആ ബഹുമാനത്തോടെ തന്നെ പറയുവാ.. എനിക്ക് സംസാരിക്കാനുള്ളത് അന്ന്.. അന്നെന്നു പറഞ്ഞാൽ നിയയുടെ കഴുത്തിൽ ഞാൻ മിന്ന് കെട്ടിയ ദിവസം രാത്രിയിലെ കാര്യമാണ്..
എന്ത് കാര്യം..
ചോദ്യം നിയയുടെ വകയായിരുന്നു.. അവൾ ദേഷ്യത്തോടെ മുൻപോട്ട് വന്നു..
ചോദിച്ചത് കേട്ടില്ലേ.. എന്ത് കാര്യം.. അന്നിവളോടൊപ്പം നിങ്ങൾ കാണിച്ചു കൂട്ടിയതൊക്കെയും ഞാൻ കണ്ടതാണ്.. ഇനി അതിന്റെ ഒരു വിശദീകരണവും എനിക്ക് കേൾക്കേണ്ട… ഇനി അതിന് മാപ്പ് പറയാനാണ് വന്നതെങ്കിൽ അതും വേണ്ട… ജീവിതത്തിൽ ഒരിക്കലും നിങ്ങളെ കാണരുതെന്ന് മാത്രേയുള്ളൂ എന്റെ ആഗ്രഹം..
അല്ലിയെയും കൂടി നോക്കിയാണ് അവളത് പറഞ്ഞത്..
അല്ലി നിറഞ്ഞു വന്ന കണ്ണുകൾ താഴ്ത്തി മെല്ലെ മുഖം കുനിച്ചു..
സോറി നിയാ… നിനക്ക് കേൾക്കണോ വേണ്ടയോ.. അതൊന്നും എനിക്കറിയേണ്ട കാര്യമില്ല.. ഇപ്പോൾ അതെന്നെ ബാധിക്കുന്ന കാര്യവുമല്ല..
പക്ഷെ അന്ന് നടന്ന കാര്യങ്ങൾ കൊണ്ട് ജീവിതം തകർന്ന ഒരു പെണ്ണുണ്ട്. ഒരിക്കലും ആഗ്രഹിക്കാതെ ഇന്നെന്റെ കൈപിടിച്ചവൾ.. എല്ലാത്തിനും കാരണമായവരെയൊക്കെ മറന്ന് സുഖമായി ജീവിക്കാൻ തൽക്കാലം എനിക്ക് പറ്റില്ല..
അപ്പോഴേയ്ക്കും ഒരു കാറിൽ ശിവ വന്നിരുന്നു..ശിവയ്ക്കൊപ്പം കല്യാണത്തിന് ഒപ്പിടുവാൻ വന്നിരുന്ന രണ്ട് ഫ്രണ്ട്സും..
അവർ ബലമായി പിടിച്ചിറക്കിയ ആളെ കണ്ട് നിയ ഞെട്ടിപ്പോയി..
അച്ചാമ്മ..
നിയയ്ക്കൊപ്പം കൂടി നിന്ന എല്ലാവരിലും അവരുടെ വരവൊരു ഞെട്ടലുണ്ടാക്കി..
അവർ കരഞ്ഞുകൊണ്ട് ഇറങ്ങി വന്നു..
ദേ.. കണ്ടല്ലോ.. ഇവിടെ എല്ലാവരും ഉണ്ട്. സത്യങ്ങൾ മര്യാദയ്ക്ക് തുറന്നു പറഞ്ഞോ.. ഇല്ലെങ്കിൽ പുന്നാര മോനെ ഈ ജന്മം ആരും കാണില്ല..
ശിവ പറഞ്ഞത് കേട്ട് അവരൊന്ന് കണ്ണു തുടച്ചു.. ശേഷം നിയയ്ക്കരികിൽ ചെന്നു..
മോളെ.. ഈ അച്ചാമ്മയോട് ക്ഷമിക്ക് മോളെ..
എ.. എന്താ അച്ചാമ്മേ..
നിയയുടെ മനസ്സിൽ അപകടസൂചന നിറഞ്ഞു.. ഹൃദയമിടിപ്പ് വർധിച്ചു..
എന്താ ഇവിടെ നടക്കുന്നത്.. ഇവരെ എന്തിനാ പിടിച്ചുകൊണ്ട് വന്നത്.. ചുമ്മാ ഞങ്ങളുടെ ആൾക്കാരെ ഉപദ്രവിച്ചാൽ.. സഹിക്കില്ല ഞാൻ..
ഡേവിഡ് പെട്ടെന്ന് പറഞ്ഞു..
ഡേവിഡ് സർ ഇപ്പോൾ സഹിച്ചേ പറ്റൂ.. ഈ നിൽക്കുന്ന സ്ത്രീയ്ക്ക് ചിലത് പറയാനുണ്ട്.. അത് കഴിഞ്ഞ് ഞങ്ങൾക്കും.. എന്നിട്ടെ ഞങ്ങൾ പോകൂ..
ആദി കനപ്പിച്ചു പറഞ്ഞു..
ഡേവിഡ് ജിജോയെ ഒന്ന് നോക്കി. അവന്റെ മുഖത്തെ മുറുക്കം അയാളിൽ ഒരു ഭയം നിറച്ചു..
പറയാൻ..
ശിവ അച്ചാമ്മയെ നോക്കി ശബ്ദം ഉയർത്തി..
അന്ന്.. അന്ന് ഈ മോനെ രാത്രി ആ പെങ്കൊച്ചിന്റെ മുറീല് കൊണ്ടു കിടത്തിയത് ജിജോ കുഞ്ഞും ഡേവിഡ് സാറും കൂടെയാ.. അതിനായിട്ട് അത്താഴത്തിൽ മയക്കുമരുന്ന് ചേർത്തിരുന്നു ഞാൻ.. എന്നോട് ക്ഷമിക്ക് മോളെ..
അച്ചാമ്മ കരഞ്ഞുകൊണ്ട് പറഞ്ഞതും റീന ഞെട്ടലോടെ ഡേവിഡിനെ നോക്കി..
നിയ ഒരക്ഷരം മിണ്ടിയില്ല.. ചലിച്ചുമില്ല..
അല്ലി വല്ലാത്ത ഞെട്ടലിലായിരുന്നു.. അവൾ മിത്രയുടെ കയ്യിൽ പിടിമുറുക്കി..
അവളുടെ മനസ്സറിഞ്ഞെന്നോണം ക്രിസ്റ്റിയും അവൾക്കൊപ്പം നിന്ന് അവളെ ചേർത്തു പിടിച്ചിരുന്നു.. ഒരാങ്ങളയുടെ കരുതൽ പോലെ..
അവൾക്കത് വല്ലാത്ത ആത്മവിശ്വാസം തന്നെയായിരുന്നു..
കള്ളം.. ചുമ്മാ അനാവശ്യം പറയരുത് അച്ചാമ്മേ..
ഡേവിഡ് ചീറി..
വേണ്ട സാറേ.. ഞങ്ങളൊക്കെ പാവങ്ങളാണ്.. പക്ഷെ സ്വന്തം മോളുടെ താലി അറക്കുന്ന പോലെ ഒരു പ്രവർത്തി ഈ ജന്മം ഞങ്ങളാരും ചിന്തിക്കത്തില്ല…
അന്ന് ഈ പെങ്കൊച്ച് നെഞ്ചുപൊട്ടി നിലവിളിക്കുന്നത് കണ്ടപ്പോഴേ എല്ലാം പറയാൻ ഞാൻ തുടങ്ങിയതാണ്.. പക്ഷെ എല്ലാം കൈവിട്ടു പോയി കഴിഞ്ഞിരുന്നു.. പിന്നെ നിയമോളെ നോവിക്കാൻ തോന്നിയില്ല.. ഇവരും ഇവരുടെ വഴിക്ക് പോയി..
എന്തിന്റെ പേരിലാണെങ്കിലും ഈ കൊച്ചൻ കെട്ടിയ താലിയല്ലേ നിയമോള് പൊട്ടിച്ചെറിഞ്ഞത്..
നിയ തളർച്ചയോടെ ആദിയെ നോക്കി..
പക്ഷെ ആ കണ്ണുകൾ അലിവോടെ മറ്റൊരു പെണ്ണിലായിരുന്നു..
തന്റെ പ്രണയത്താൽ മുറിവേറ്റ മറ്റൊരു പെണ്ണിൽ.. അവന്റെ മാത്രം അല്ലിയിൽ..
തുടരും.

by