രചന – ഗൗരി ലക്ഷ്മി
വരുന്നതൊക്കെ കൊള്ളാം വരുമ്പോഴേ പറഞ്ഞേക്കണം ഓഫീസിൽ ചെന്നേച്ച് പിള്ളേരോട് അവന്റെ അപ്പന്റെ സ്വഭാവം കാണിക്കരുത് എന്നു.. പണ്ടേ എനിക്കങ്ങേരെ കണ്ടൂടാ..
റോയ് പറഞ്ഞു..
എല്ലാവരും പുഞ്ചിരിച്ചു..
എങ്കിലും ജോളിമ്മയുടെ മുഖത്ത് മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ല.. അവരുടെ മനസ്സിൽ എന്തോ ഒരു കരട് വീണിരുന്നു..
അരുതാത്തതെന്തോ നടക്കാൻ പോകുന്നെന്ന പോലെ..
എന്താണ് എൻ്റെ ജോളിമ്മയുടെ മുഖത്തൊരു വാട്ടം..
അടുക്കളയിൽ നിൽക്കുമ്പോഴാണ് അല്ലി പിന്നിലൂടെ അവരെ ചുറ്റിപ്പിടിച്ചത് ചോദിച്ചത്..
എന്തിനാ അവനെ എടുക്കാമെന്ന് പറഞ്ഞത്..
ജോളിമ്മ ആംഗ്യം കാട്ടി ചോദിച്ചു..
അതിപ്പോ റോയിച്ചനും ജോയിച്ചനും അത്ര വേണ്ടപ്പെട്ട ആളുടെ കാര്യമല്ലേ ജോളിമ്മേ..
എന്നാലും..
എന്താണ് എന്റെ ജോളിമ്മയുടെ മനസ്സിൽ..
അവൾ അവരെ ചുറ്റിപ്പിടിച്ചു..
അവൻ ശെരിയല്ല..
ആര്.. നിധിനോ..
അല്ല അവന്റെ അപ്പൻ…
അല്ലി ചിരിച്ചു..
അവന്റെ അപ്പനല്ലേ.. അവനെങ്ങനെയുണ്ടെന്നു നോക്കാം.. അവനും അതുപോലെയാണെങ്കിൽ അപ്പോഴേ പറഞ്ഞു വിടാം.. എന്നാ.
അല്ലി ചോദിച്ചതും അവർ പുഞ്ചിരിച്ചു..
സൂക്ഷിക്കണം..
ഓകെ.. സൂക്ഷിക്കാം.. പോരെ.. ഇനിയെന്റെ ജോളിമ്മയുടെ മുഖമൊന്ന് വിടർത്തിക്കേ..
അവൾ കവിളിൽ പിടിച്ചു വലിച്ചതും അവർ പുഞ്ചിരിച്ചു..
ആ പുഞ്ചിരി നോക്കി നിൽക്കുമ്പോഴും അവർ പകർന്നു നൽകിയ ആധി അവളുടെയുള്ളിലും നിറയുന്നുണ്ടായിരുന്നു..
***********************
കഴിക്കുന്നില്ലേ..
ആദിയുടെ ചോദ്യത്തിനവളൊന്ന് തിരിഞ്ഞു നോക്കി..
എന്തേ.. മുഖം വല്ലാതെ…
ആദി അവൾക്കരികിൽ ചെന്നു ബാൽക്കണി റെയ്‌ലിൽ പിടിച്ചു നിന്നുകൊണ്ട് ചോദിച്ചു..
നാളെ.. നാളെയാണോ അയാൾ വരുന്നത്..
ആര്..
ആ നിധിൻ..
മ്മ്.. നീയല്ലേ അവനോട് വരാൻ പറയാൻ പറഞ്ഞത്..
ആദി അവളെ നോക്കി..
മ്മ്.. പക്ഷെ എന്തോ.. ജോളിമ്മ പറഞ്ഞപോലെ ഒരു നെഗറ്റിവ് ഫീലിംഗ്..
അവൾ ആലോചനയോടെ പറഞ്ഞു..
എന്തേ ഇപ്പൊ അങ്ങനെ ഒരു തോന്നൽ..
അറിയില്ല..
എങ്കിൽ അവനോട് വരേണ്ട എന്നു പറഞ്ഞാലോ..
ആദി അവളെ നോക്കി..
അത് വേണ്ട..
അല്ലി പെട്ടെന്ന് പറഞ്ഞു..
റോയിച്ചനും ജോയിച്ചനും അത്രേം വേണ്ടപ്പെട്ട ആളല്ലേ.. അവരുടെ ബന്ധുക്കൾ.. നമ്മളെങ്ങനെയാണ് അവരോട് പറ്റില്ലെന്ന് പറയുന്നത്..
എല്ലാം താൻ തന്നെയല്ലേ പറയുന്നത്..
ആദി ചെറു ചിരിയോടെ ചോദിച്ചു..
അല്ലേലും ഇപ്പൊ എനിക്കങ്ങനെയാണ് ആദി.. ഏത് നല്ലകാര്യം ചെയ്യാൻ പോകുമ്പോഴും പേടിയാണ്.. നല്ലത് നടക്കാൻ ഞാൻ ആഗ്രഹിക്കുമ്പോഴൊക്കെ അതിനെതിരാണ് നടക്കുന്നത്..
അല്ലി നിറകണ്ണോടെ പറഞ്ഞതും ആദിയും പെട്ടെന്ന് വല്ലാണ്ടായി..
ആദി.. സോറി ഞാൻ..
അവന്റെ ഭാവം മാറിയതും അല്ലി പെട്ടെന്ന് പറഞ്ഞു..
ഹേയ്.. നീ പറഞ്ഞത് സത്യമാണ്.. നമ്മൾ വിചാരിക്കുന്നതൊക്കെ നടന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ..
അതും പറഞ്ഞു തലകുനിച്ചവൻ നടന്നു പോകുന്നത് കണ്ടതും അല്ലിക്ക് വല്ലാത്ത സങ്കടവും വാശിയും തോന്നി..
ഒരു കാര്യവുമില്ലാതെ ആദിയെ കൂടെ വേദനിപ്പിച്ചതോർക്കവേ അവളുടെ മനസ്സിൽ വല്ലാത്ത വേദന തോന്നി..
എല്ലാമൊന്ന് പഴയത് പോലെ ആയിരുന്നെങ്കിൽ എന്നവളാ നിമിഷം വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും മനസ്സത് ഉൾക്കൊള്ളാൻ മടിക്കും പോലെ..
ബെഡ് റൂമിലേയ്ക്ക് ചെല്ലവേ ഡ്രസിങ് ടേബിളിലെ മിററിൽ കണ്ട തന്റെ രൂപത്തെ അവളൊന്നു സൂക്ഷ്മമായി നോക്കി..
ചുരിദാറിന് മുകളിലായി കഴുത്തിലേയ്ക്ക് പറ്റിച്ചേർന്നു കിടക്കുന്ന താലി തന്നെ പൊള്ളിക്കും പോലെ അവൾക്ക് തോന്നി..
ഒക്കെയും ഒരു ദുസ്വപ്നമായിരുന്നെങ്കിൽ..
അവളോർത്തു..
പെട്ടെന്ന് മനസ്സിൽ വന്നത് മറ്റൊരു രൂപമാണ്..
ബംഗളുരുവിലെ തണുപ്പുള്ള പ്രഭാതത്തിൽ തന്നെ ചേർത്തുപിടിച്ചു ചുംബിച്ചവന്റെ രൂപം..
അവളൊന്നു പൊള്ളി പിടഞ്ഞു .
അവന്റെ ഭാര്യയായി അവന്റെ താലി ഏറ്റുവാങ്ങി അവനോടൊപ്പം ജീവിക്കാൻ എത്രമാത്രം സ്വപ്നം കണ്ടവളാണ് താൻ.. അത് നടന്നിരുന്നെങ്കിൽ..
അത് നടന്നിരുന്നെങ്കിൽ ചിലപ്പോൾ തന്റെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നെന്നേക്കുമായി അവസാനിച്ചു പോയേനെ എന്നവൾ വിറയലോടെ ഓർത്തു..
വിശ്വാസമില്ലാത്ത ഒരുവനൊപ്പമുള്ള ജീവിതം.. കല്യാണം കഴിഞ്ഞ് ആദിയുമായും ക്രിസ്റ്റിയുമായും ഒക്കെ അടുത്തിടപഴുകുമ്പോഴും ആ സ്ത്രീ തന്നെ മോശക്കാരിയാക്കി പറഞ്ഞു കൊടുക്കില്ലേ. അപ്പോഴും അയാൾ സംശയിച്ചേനെ..
നന്നായി..
അത്രമാത്രം മനസ്സിൽ തോന്നി..
എങ്കിലുമൊരു നീറ്റൽ.. സ്വപ്നങ്ങളും പ്രണയവും അങ്ങനെയാണ്… എത്ര മാറ്റി നിർത്തിയാലും മുറിവേല്പിച്ചുകൊണ്ടിരിക്കും.. കാലങ്ങളോളം..
കിടക്കുന്നില്ലേ നീ..
ആദിയുടെ ശബ്ദം..
അവളൊന്നു പുഞ്ചിരിച്ചു..
മ്മ്. കഴിച്ചിട്ട് കിടക്കാം.. വാ..
ആ വിളിയിൽ അതുവരെയുള്ള ചിന്തകളെ താഴിട്ടുപൂട്ടി അവനൊപ്പം നടക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു..
ജീവിതം തന്നെകൊണ്ടെത്തിക്കുന്ന വഴികളിൽ പരിഭ്രമിച്ചു നിൽക്കുന്ന ഒരു കുട്ടിയുടെ അസ്വസ്ഥത..
*******************
നിയാ.. നിയാ..
ജിജോയുടെ നീട്ടിയുള്ള വിളി കേട്ടതും നിയ കിടക്കയിൽ നിന്നെഴുന്നേറ്റു..
നിയ..
നീട്ടി വിളിച്ചുകൊണ്ടവൻ ബെഡ്റൂമിനു മുൻപിലേക്ക് വന്നപ്പോഴേയ്ക്കും അവളും പുറത്തേയ്ക്കിറങ്ങിയിരുന്നു..
എന്താ നിയാ ഇത്.. എത്രനേരമായി വിളിക്കുന്നു നിന്നെ.. താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട് നിന്നെ..
അവൻ ഈർഷ്യയോടെ പറഞ്ഞു..
ചിരിച്ചഭിനയിച്ചു ഞാൻ മടുത്തു ജിജോ..
അവളുടെ ശബ്ദം ശാന്തമായിരുന്നു..
അവന് ദേഷ്യം വന്നു..
അഭിനയിക്കാൻ ഞാൻ പറഞ്ഞില്ല.. പിന്നെ ഞാൻ മിന്ന് കെട്ടിയ പെണ്ണിനെ കാണാൻ വരുന്നവർക്ക് മുൻപിൽ വേറെ ആരേം കാണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ.. അതോ ഈ മിന്നും അഭിനയമായിട്ടാണോ നീ കാണുന്നത്..
ചതിച്ചു നേടുന്നത് ശാശ്വതമാകില്ല..
അവൾ അവനെ നോക്കി പറഞ്ഞു..
ശാശ്വതമാകാതെ പിന്നെ.. നീയെന്താ ഈ മിന്നിന് അത്രേ വിലയേ കല്പിക്കുന്നുള്ളോ..
ഇതിന് മുൻപ് മറ്റൊരാളുടെ താലി ഞാൻ ഏറ്റുവാങ്ങിയിരുന്നു ജിജോ.. ഓർക്കുന്നുണ്ടോ.. എല്ലാവരും ചേർന്ന് ചതിച്ചും വഞ്ചിച്ചും അതെന്നിൽ നിന്ന് നഷ്ടപ്പെടുത്തി..
അവൾ വേദനയോടെ അവനെ നോക്കി..
ഞാനാണോ ആ താലി പൊട്ടിച്ചവന്റെ മുഖത്തെറിഞ്ഞത്..
ജിജോ പുച്ഛത്തോടെ ചോദിച്ചു..
നീ കാരണമാണ്..
അവൾ ദേഷ്യത്തോടെ നോക്കി..
ഞാൻ പറഞ്ഞാൽ നീയത് ചെയ്യുമായിരുന്നോ.. കൊള്ളാല്ലോ. അപ്പൊ നിന്റെ മമ്മയും അങ്ങനെയാണോ.. ആരേലും വന്നു പറഞ്ഞാൽ അപ്പൊ താലി പൊട്ടിച്ചു നിന്റെ ഡാഡിയുടെ മുഖത്തെറിഞ്ഞു പോരുമോ..
അവന്റെ വാചകങ്ങളിൽ പുച്ഛം മാത്രമായിരുന്നു…
ആ ചോദ്യത്തിൽ അവൾക്ക് ഉത്തരം മുട്ടി..
അല്ലി… അവൾ ആദിയുടെ താലി നിന്റെയൊപ്പം അവനെ കണ്ടാൽ പൊട്ടിച്ചെറിയുമോ..
ആ നിമിഷം നിയയ്ക്ക് അല്ലിയെ ഓര്മവന്നു.. ആദിയുടെ താലി അണിഞ്ഞു നിൽക്കുന്നവൾ… ആ താലി അവൾക്ക് പതിവിലേറെ സൗന്ദര്യം നൽകിയിരുന്നു.. താൻ അവൾക്കും മുൻപേ വലിച്ചെറിഞ്ഞു കളഞ്ഞതും ആ സൗഭാഗ്യമാണ്..
എന്തേ ഉത്തരമില്ലേ..
അവൻ വീണ്ടും പുച്ഛിച്ചു..
എന്റെ തെറ്റാ.. എല്ലാം.. പപ്പയെ നിന്നെ ഒക്കെ വിശ്വസിച്ചു..
അവൾ പരിതപിച്ചു..
നിനക്കവനെ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നുള്ളൂ.. അത് തെളിയിക്കാൻ വേണ്ടിയാണ് അന്നങ്ങനെ ഒരു സീൻ ഉണ്ടാക്കിയത് പോലും..
പച്ചക്കള്ളം..
നിയ എതിർത്തു..
അന്ന് നീ ആദിയെ തള്ളിപ്പറയാതെ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഞങ്ങൾ തോറ്റ് പോയേനെ.. അവൻ നിന്നെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയേനെ.. നീയത് ചെയ്തോ . പകരം അവൻ കെട്ടിയ താലി അഴിച്ചെറിഞ്ഞു എനിക്ക് മുൻപിൽ തലകുനിച്ചു തന്നു..
അപ്പോഴും ഞാൻ ചോദിച്ചതാണ് നിനക്ക് സമയം വേണോ എന്ന്.. കല്യാണത്തിന്റെ അന്ന് വരെ സമയം നീ ചോദിച്ചു ഞാൻ തന്നു..അത് കഴിയുമ്പോ നീ എന്റേതാകും എന്നു നീ എന്നെ വിശ്വസിപ്പിച്ചു.. എന്നിട്ടിപ്പൊ നീയെന്നെ ചതിയനെന്നു വിളിക്കുന്നു.. ശെരിക്കും എന്നെ പറഞ്ഞു ചതിച്ചത് നീയാണ്..
ഞാൻ ആഗ്രഹിച്ച ജീവിതം തരാമെന്നു പറഞ്ഞു വഞ്ചിച്ചത് നീയാണ്.. ഇപ്പൊ ഒരു ഭർത്തവെന്ന പരിഗണന ഇല്ല.. നിനക്ക് എന്നോട് പുച്ഛം.. കണ്ടവന്റെ കൂടെ ഒളിച്ചോടിപോയി കല്യാണം കഴിച്ചു അവന്റെ കൂടെ ഒരു രാത്രി അന്തിയുറങ്ങിയ നിന്നെ കല്യാണം കഴിച്ച പേരിൽ ബന്ധുക്കൾക്ക് പോലും എന്നോട് പുച്ഛം.. എല്ലാവർക്കും മുൻപിൽ ഞാനാരാ.. ഇപ്പൊ നീ എന്നെ അന്തസ്സായി മാറ്റി നിർത്തുന്നു.. ഒരു ഭർത്തവെന്ന നിലയിലുള്ള എല്ലാ അവകാശത്തെയും നീ മാറ്റി നിർത്തുന്നു..
അവനവളെ നോക്കി..
നീയാണ് നിയാ എല്ലാത്തിനും കാരണം.. ഞങ്ങളാരുമല്ല.. ഇപ്പൊ എന്റെ ജീവിതവും നീ തകർക്കുകയാണ്.. എന്നെയും നശിപ്പിക്കുകയാണ് നീ..
അവൾ ഞെട്ടി അവനെ നോക്കി..
അതേ എല്ലാത്തിനും കാരണം താനാണ്.. താൻ മാത്രം..
അവൾ മിഴി തുടച്ചവനെ നോക്കി..
ഞാൻ വരാം..
അതും പറഞ്ഞു അവൾ മുൻപോട്ട് നടന്നു..
ഒരു പുഞ്ചിരിയോടെ പിന്നാലെ അവനും..
ജീവിതത്തിലണിഞ്ഞ പുതിയ വേഷം എങ്ങനെ ആടി തീർക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അപ്പോഴും നിയ..
വേദനയുടെ ആഴക്കയത്തിൽ മുങ്ങിത്താഴുമ്പോഴും ഒരു നേർത്ത പുഞ്ചിരി അവളിലുണ്ടായിരുന്നു..
ആർക്കോ വേണ്ടി..
*****************
ഓ.. ഇതാണോ അന്നമ്മോ നീ പറഞ്ഞ മാലാഖ..
ആരുടെയോ പുച്ഛം നിറഞ്ഞ ശബ്ദം..
അവളൊന്ന് മിഴിയുയർത്തി നോക്കി..
ജിജോയുടെ കുറച്ചധികം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്..
അവളൊന്നും മിണ്ടാതെ നിന്നു..
നീ പറഞ്ഞ മാലാഖയെ കണ്ടിട്ട് എൻ്റെ വീട്ടിൽ പണിക്ക് നിൽക്കുന്ന പെങ്കൊച്ചിൻ്റെ ഐശ്വര്യം പോലുമില്ലല്ലോ അന്നമ്മോ..
എന്നതാ ത്രേസ്യ ചേടത്തി.. ഈ നാട്ടിലെ ഏറ്റവും മുന്തിയ കുടുംബത്തിലെ പെങ്കൊച്ചിനെയാണോ പണിക്ക് നിൽക്കുന്ന പെണ്ണിനെ വെച്ച് താരതമ്യപ്പെടുത്തുന്നത്..
ആരുടെയോ ശബ്ദം.. മനസ്സ് കീറിമുറിയുന്നു.. നിയ കണ്ണുകൾ ഇറുക്കി അടച്ചു..
ഈ വേദന താൻ അർഹിക്കുന്നു..
അവളുടെയുള്ളം വിളിച്ചു പറഞ്ഞു . മൗനമായി അവളത് കേട്ടു..
ഉവ്വുവ്വേ.. അതുകൊണ്ടാണല്ലോ മനസ്സമ്മതത്തിൻ്റെയന്ന് കണ്ടവൻ്റെ കൂടെ ഒളിച്ചോടിപോയത്.. ഒടുവിലവന് കാര്യം സാധിച്ച് മതിയായപ്പോ അവൻ വഴീലു കളഞ്ഞു . അതും പെറക്കിയെടുത്ത് വരാൻ ഇവിടെയൊരുത്തനും..
അന്നമ്മാമ്മയുടെ ശബ്ദം..
മെഴുകുതിരി നൽകി തന്നെ അകത്തേയ്ക്ക് ക്ഷണിച്ചപ്പോൾ പോലും തെളിയാതിരുന്ന ആ മുഖം അവളൊന്നു മനസ്സിൽ ഓർത്തു…
അവരെങ്ങനെ സന്തോഷിക്കും.. സ്വന്തം മകൻ്റെ ജീവിതമാണ്.. ഏതമ്മയും സ്വർഥയാകും..
അവള് പറഞ്ഞു പഠിച്ചു..
ആദ്യമായി തന്നെ പെണ്ണുകാണാൻ വന്നപ്പോൾ ചേർത്തുപിടിച്ച് ചുംബിച്ചു സന്തോഷമായി പോയ ആയമ്മയെ അവളോർത്തു .
എങ്കിലും വലിയ വേദന തോന്നിയില്ല..
എല്ലാം നഷ്ടപ്പെട്ടവർക്ക് എന്ത് വേദന..
അവള് ഓർത്തു..
ഓ എന്ത് ചെയ്യാനാ ചേച്ചി.. ജിജോയുടെ വാശിയല്ലെ.. ഇനിയിപ്പോ സൂക്ഷിച്ചോ.. ഒളിച്ചോടിയാൽ നഷ്ടം കുടുംബത്തിന് മൊത്തമാണെ..
അവള് വേദനയും അപമാനവും കൊണ്ട് തലകുനിച്ചു..
മോളെ..
പരിചിതമായ ആ ശബ്ദം.. അവളൊന്നു ഞെട്ടി നോക്കി..
മമ്മ..
റീനയെ നോക്കി അവള് ചുണ്ടുകൾ മെല്ലെ ചലിപ്പിക്കുംബോൾ മാത്രമാണ് അവളിൽ ജീവൻ്റെ കണികയുണ്ടെന്നു അവർക്ക് ബോധ്യപ്പെട്ടത്..
അവരവളെ ചേർത്തുപിടിച്ചു..
നിങ്ങൾ അകത്തേയ്ക്ക് ചെല്ല്..
ജിജോയുടെ പപ്പയാണ്..
അവർ അവളെയും വിളിച്ചു മുകളിലേയ്ക്ക് നടന്നു..
മനസ്സിനേറ്റ വേദനയും അപമാനവും തളർത്തിയ അവളുടെ ശരീരം വല്ലാതെ ചൂടായിരുന്നു.. അവൾ ഏതാണ്ട് പൂർണ്ണമായും തകർന്നുപോയിരുന്നു.. അത് മറ്റാരേക്കാളും റീനയ്ക്ക് മനസ്സിലായിരുന്നു..
പെറ്റ വയറോളം ഒരു കുഞ്ഞിനെ മറ്റാർക്ക് മനസ്സിലാകാൻ.. അവരവളെ തൻ്റെ ചൂടിലേക്ക് ഒതുക്കിപ്പിടിച്ചു നടന്നു.. താഴെ നിന്നും കേട്ട വാക്കുകൾ അവരെയും വല്ലാതെ നോവിച്ചിരുന്നു.. മകളുടെ ഭാവി ഓർത്തുള്ള വേദന അവരിലും നിറഞ്ഞു….
മുറിയിലെത്തിയതും രീനായിൽ നിന്ന് അകന്നുമാറിയവൾ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു.. അത്രനേരം മനസ്സിൽ സ്വരുകൂട്ടിയ ധൈര്യമൊക്കെയും തന്നിൽ നിന്ന് ചോർന്നുപോയത് അവളറിഞ്ഞിരുന്നു..
റീനയും അവളെ തടഞ്ഞില്ല.. കരഞ്ഞു തീർക്കട്ടേയെന്ന് കരുതുമ്പോഴും അവരുടെ അമ്മമനസ് കെഴുകയായിരുന്നു.. ആദ്യമായും അവസാനമായും തന്നെ അമ്മെയെന്നു വിളിച്ചവളാണ്.. കുറുമ്പും കുസൃതിയുമായി തന്റെ വാല് പോലെ നടന്നു വളർന്നവളാണ്..
ഒരു കൂട്ടുകാരിയെപോലെ തന്നോടൊട്ടി വളർന്നവൾ.. കണ്ണിലെ കൃഷ്ണമണി പോലെ താൻ കൊണ്ടുനടന്നവൾ.. അവളാണിന്നു ജീവിതം തകർന്ന് നിലവിളിക്കുന്നത്.. ആരും ആശ്രയത്തിനില്ലാതെ ഇങ്ങനെ നീറുന്നത്..
ആ നിമിഷം അവരുടെ കണ്ണിൽ മറ്റൊരു പെണ്ണിന്റെ രൂപം നിറഞ്ഞു.. മനസ്സാ വാചാ അറിയാത്ത കുറ്റത്തിന് എല്ലാവർക്കും മുൻപിൽ അപമാനിതയായി ജീവിതം തകർന്നു നിന്ന ഒരുവളുടെ..
അവളുടെ ശാപമാണോ തന്റെ മകളുടെ ജീവിതം ഇങ്ങനെ ആകാൻ കാരണം എന്ന് പോലുമൊരുവേള അവർ വൃഥാ ചിന്തിച്ചുപോയി..
മോളെ..
അവളൽപ്പമൊന്നു ശന്തമായതും അവർ വിളിച്ചു..
ജീവിതമാണ്.. ഒരിക്കൽ നീ ആശിച്ച് നേടിയതോക്കെ കൈവിട്ട് പോയി.. അതോർത്ത് ഇനി കരഞ്ഞിട്ട് കാര്യമില്ല.. കിട്ടിയ ജീവിതം ഇനിയെങ്കിലും കൈവിട്ട് കളയാതെ ശ്രദ്ധിക്കണം.. ജിജോ നിൻ്റെ പപ്പയോടൊപ്പം ചേർന്ന് പലതും ചെയ്തിട്ടുണ്ട്.. നേരാ.. എന്നാലും ഇപ്പൊ അവൻ നിൻ്റെ കെട്യോനാണ്.. അവൻ കൂടെ ഉപേക്ഷിച്ചാൽ നിനക്കിനി നല്ലൊരു ജീവിതം കിട്ടില്ല..
ആദിയെ ഓർത്തിനി നീ കരയരുത്.. അവനു എന്തുകൊണ്ടും ചേർന്ന ഒരു പെണ്ണിനെ തന്നെ കിട്ടി.. അല്ലേൽ തന്നെ നീയൊന്നു തള്ളിപ്പറഞ്ഞപ്പോൾ അവളെ കെട്ടിയ അവൻ എത്ര പുണ്യാളനാണെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കത്തില്ല..
അവളവരെ ദയനീയമായി നോക്കി..
എല്ലാം കള്ളമാണ് എന്നറിഞ്ഞിട്ടും വൃഥാ തന്നെ ന്യായീകരിക്കാൻ ശ്രമിക്കുന്ന അവരെ കാണെ അവൾക്ക് പുച്ഛം തോന്നി..
കഴിയുമോ തനിക്കതിന്.. എല്ലാം മറന്നു ജിജോയ്ക്കൊപ്പം.. തന്റെ ആദിയെ ചതിച്ചവനൊപ്പം സന്തോഷമായി ജീവിക്കാൻ കഴിയുമോ തനിക്ക്..
അവൾ സ്വയം ചോദിച്ചു..
അവനവളെ ഇഷ്ടമായിരുന്നു.. അല്ലായിരുന്നേൽ കെട്ടുമോ.. അതുകൊണ്ട് ഇപ്പൊ കിട്ടിയ നിൻ്റെ ജീവിതം അതൊക്കെ മറന്നെൻ്റെ കുഞ്ഞു ചേർത്തുപിടിക്കണം.. നമ്മുടെ നിലയ്ക്കും വിലയ്ക്കും പറ്റിയ ബന്ധമാണ്.. അന്നാമ്മച്ചിക്ക് ദേഷ്യമോക്കെ കാണും.. അതൊക്കെ പയ്യെ മാറും.. മോള് മാറ്റണം.. ജിജോയോടും ദേഷ്യമൊന്നും കാണിക്കരുത് . കുറെയൊക്കെ വിട്ടുവീഴ്ച നമ്മള് പെണ്ണുങ്ങള് ചെയ്താലേ ജീവിതം നന്നായി പോകൂ..
മോൾക്ക് മമ്മ പറയുന്നത് മനസ്സിലാകുന്നുണ്ടോ..
മ്മ്..
അവൾ എന്തിനുവേണ്ടിയോ ഒന്ന് മൂളി..
ജിജോ പാവമാണ്.. അവനു വല്യ ഇഷ്ടമാണ് നിന്നെ.. കഴിഞ്ഞതൊക്കെ മറന്നു അവൻ്റെയോപ്പം സന്തോഷമായി ജീവിക്കണം നീ. അത് കാണാതെ മമ്മയ്ക്ക് ഒരു സമാധാനവും കിട്ടത്തില്ല..കേട്ടല്ലോ..
റീന അവളെ നോക്കി..
പപ്പാ.. പപ്പയ്ക്ക് സന്തോഷമായോ മമ്മി..
എന്തുകൊണ്ടോ അപ്പോൾ അങ്ങനെ ചോദിക്കാനാണ് അവൾക്ക് തോന്നിയത്..
അവർ മുഖം താഴ്ത്തി..
നിങ്ങളുടെയൊക്കെ സമാധാനത്തിന് ഞാൻ ഇത്രേം ചെയ്താൽ മതിയോ..
അവൾ വീണ്ടും ചോദിച്ചു..
ഞാൻ ഒരു മനുഷ്യജീവി ആണെന്നും എനിക്കും ഒരു മനസ്സുണ്ടെന്നും നിങ്ങൾ ആരെങ്കിലും ഒരിക്കലെങ്കിലും ചിന്തിക്കുമോ…
ഇല്ല അല്ലെ.. അല്ലേൽ തന്നെ എന്ത് മനസ്സ്..
ഈ ഗതികെട്ട ജീവിതം എനിക്ക് കിട്ടിയ ശിക്ഷയാണ്.. എന്റെ ആദിയെ ഒരു നിമിഷമെങ്കിലും അവിശ്വസിച്ചതിന്.. അവന്റെ സ്നേഹം കണ്ടില്ലെന്നു വെച്ചതിന്.. ആ പാവം പെണ്ണിനെ മാനം കെടുത്തിയതിനു.. അനുഭവിച്ചു തീർത്തോളാം ഞാൻ.. പക്ഷെ അത് കാണാനും ഈ വക ഉപദേശങ്ങൾ തരാനും എനിക്കിനി ആരുടേം ആവശ്യമില്ല..
അവൾ പറഞ്ഞു.. റീനയ്ക്ക് വല്ലാത്ത വേദന തോന്നി..
എനിക്കൊന്ന് കിടക്കണം..
ഇറങ്ങിപ്പോകാനവൾ പറയാതെ പറഞ്ഞത് കേട്ടു വേദനയോടെ അവർ എഴുന്നേറ്റു.. ശേഷം അവളെ ഒന്നു നോക്കി പുറത്തേക്കിറങ്ങി..
അപ്പോഴാണ് ജിജോ അവിടേയ്ക്ക് വന്നത്..
സോറി ആൻ്റി.. മമ്മി അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ്.. പ്രായമായവരല്ലേ.. ഈ നാവേയുള്ളൂ പാവമാണ്.. മമ്മിക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുവാ..
അവൻ പറഞ്ഞു..
എൻ്റെ കുഞ്ഞൊരു പാവമാണ്.. നോവിക്കരുത്..
അത്രമാത്രം പറഞ്ഞവർ ഇറങ്ങി നടക്കുമ്പോൾ ആ അമ്മ മനസ്സ് നീറിപ്പുകയുന്നുണ്ടയിരുന്നു തൻ്റെ മകളെയോർത്തുള്ള അവളുടെ ജീവിതമോർത്തുള്ള ആധിയിൽ..
അപ്പോഴും ആ നാലു ചുവരിനുള്ളിൽ കഴിഞ്ഞുപോയതും നിലവിൽ ഉള്ളതുമായ തന്റെ ജീവിതത്തെയോർത്തു വേദനിച്ചു നീറി നീറി ഉരുകുന്ന ഒരു പെണ്ണിന്റെ ഹൃദയം മാത്രം ആരും കണ്ടില്ല..
ആ വേദന ഏറ്റുവാങ്ങാൻ ഉണ്ടായിരുന്നവനും കാതങ്ങൾക്കകലെ നീറുന്നുണ്ടായിരുന്നു.. നഷ്ടമായിപോയ പ്രണയമോർത്തുള്ള വേദനയിൽ.
തുടരും..

by