രചന – ഗൗരി ലക്ഷ്മി
കോൾ റിങ്ങ് ചെയ്യുന്നത് കേട്ടതും പേരറിയാത്ത എന്തോ ഒരനുഭൂതി ഉള്ളിൽ നിറയുന്നത് അവൾ തിരിച്ചറിഞ്ഞു..
ആദി..
ആ പേരിനൊപ്പം ഹൃദയത്തിൽ ഏതോ അറയിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ വീണ്ടും ഉയർന്നു വരുന്നത് പോലെ ..
നിയയുടെ കണ്ണുകൾ പെയ്തു..
ഹലോ..
എതിർവശത്തുനിന്നൊരു പെണ് സ്വരം..
അല്ലി..
നിയ മൗനമായി നിന്നു..
ഹലോ.. ആരാ..
വീണ്ടും ആ സ്വരം.. നിശബ്ദമായി അവൾ തേങ്ങി..
ആദി തന്റെയല്ല.. അല്ലിയുടെയാണ്.. ആ ഫോണിൽ തന്റെ നമ്പർ പോലുമില്ലേ.. അത്രയ്ക്ക്.. അത്രയ്ക്ക് അന്യായായോ താൻ..
നിയ മൗനമായി സ്വയം ചോദിച്ചു..
ഹലോ..
പെട്ടെന്നറിയാതെ നിയയുടെ ചുണ്ട് ചലിച്ചതും അല്ലി നിശബ്ദമായി..
നിയാ..
ഒട്ടൊരു നേരത്തെ മൗനത്തിന് ശേഷമാണ് ആ സ്വരം കാതിൽ എത്തിയത്..
അല്ലി.. ഞാൻ.. ആദി..
സുഖമാണോ.
അല്ലിയുടെ ചോദ്യം..
മ്മ്..
ആദി കുളിക്കുവാ.. ഞാൻ വിളിക്കാൻ പറയാം..
അല്ലി പറഞ്ഞു..
അല്ലി… ഞാൻ പെട്ടെന്ന്.. എനിക്ക്..
നിയ പറയാൻ ശ്രമിച്ചു. പക്ഷെ അതിനിടയിൽ ഫോൺ കട്ടായി കഴിഞ്ഞിരുന്നു..
നിയ തളർച്ചയോടെ കിടക്കയിൽ ഇരുന്നു..
ശേഷം അവൾ വേഗം വാട്ട്സ്ആപ്പ് എടുത്തു..
ഓഡിയോ മെസേജ് ആയി ഇതുവരെ നടന്നതൊക്കെയും അവൾ അയയ്ച്ചു.. ശേഷം അത് അല്ലിക്കും ഫോർവാർഡ് ചെയ്തു.. ശേഷം റിപ്ലൈ അയയ്ക്കരുത് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് പപ്പയ്ക്ക് കൊടുക്കണം എന്നും അയയ്ച്ചു രണ്ടു നമ്പറും അവൾ ബ്ലോക്ക് ചെയ്തു..
മുഖമൊന്ന് കഴുകി ഒന്നും സംഭവിക്കാത്തത് പോലെ താഴേയ്ക്ക് ഇറങ്ങു ചെല്ലുമ്പോൾ അതിലും നല്ല അഭിനയ ഭാവവും മുഖത്തണിഞ്ഞു ജിജോയും പപ്പയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു..
അവരോടൊപ്പം ഇരുന്ന് ആഹാരം കഴിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അവന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അപകടമാണ്..
എത്രയാണെങ്കിലും ഡാഡിയാണ്.. ജീവനായി കൊണ്ടുനടന്ന ഡാഡി..
ആ ഓർമ്മയിൽ കണ്ണൊന്ന് നിറയുമ്പോഴും മറുപുറത്ത് നിയായിൽ നിന്നറിഞ്ഞ കാര്യങ്ങളുടെ ഷോക്കിൽ ആയിരുന്നു ആദി..
തീർത്തും അസ്വസ്ഥമായി..
********************
ആദി..
അല്ലി അവന്റെ തോളിൽ ഒന്ന് തൊട്ടതും അവൻ അവളെ വേദനയോടെ നോക്കി..
നിയ.. നീ എന്ത് തീരുമാനിച്ചു..
ഞാൻ എന്ത് തീരുമാനിക്കാനാണ്.. അവൾ സ്വയം ഏറ്റെടുത്ത വിധിയല്ലേ..
അവൻ അങ്ങനെയാണ് പറഞ്ഞതെങ്കിലും അവന്റെ മനസ്സ് അവൾക്കൊപ്പമാണ് എന്നല്ലിക്ക് തോന്നി..
ആദി.. നമുക്ക് അവിടെവരെ ഒന്ന് പോയാലോ..
എന്തിന്…
ആദി ദേഷ്യത്തിൽ ചോദിച്ചു..
ആദി ഞാൻ..
ഒരിക്കൽ പോയതിന്റെ അനുഭവിച്ചു മതിയായോ നിനക്ക്.. ഒരിക്കൽ കാർത്തിയുമായുള്ള കല്യാണമുറപ്പിച്ചു നിൽക്കുമ്പോഴാ അത്രേം ഇഷ്യൂ ഉണ്ടായത്.. അതിന്റെ ബാക്കി മനുഷ്യൻ അനുഭവിച്ചു തീർന്നിട്ടില്ല.. ഒക്കെ ഒന്ന് ശാന്തമായി വരുന്നതേയുള്ളൂ.. അപ്പോഴാ അടുത്തത്..
അവൾക്ക് അവിടെ അവളുടെ ഡാഡിയും മമ്മിയും ബന്ധുക്കളും ഒക്കെയുണ്ട്.. ഇപ്പൊ അവളും അവളുടെ ഭർത്താവുമായിട്ടുള്ള പ്രശ്‌നത്തിൽ നമ്മൾ എന്ത് ഇടപെടാനാണ് അല്ലി..
ആദി ദേഷ്യത്തിൽ അവളെ നോക്കി..
അവൾക്ക് അവരോട് പറയാൻ പറ്റാത്തത് കൊണ്ടാകില്ലേ ഇങ്ങോട്ട് മെസേജ് ഇട്ടത്..
അല്ലി ചോദിച്ചു..
അവൾക്ക് നമ്മളാരാ..
ആദി അവൾക്ക് ആരുമല്ലേ..
ആരുമല്ല..
ആദി തീർത്ത് പറഞ്ഞു..
ആരുമല്ല..
അല്ലി വീണ്ടും ചോദിച്ചു..
ആയിരുന്നു.. ആദിക്ക് നിയ എല്ലാം ആയിരുന്നു.. പ്രണയമായിരുന്നു.. അത്രത്തോളം ഇഷ്ടമുണ്ടായിട്ട് തൻന്റൈൻ ജീവൻ പോലും പണയം വെച്ചു അവളെ താലികെട്ടിയത്.. എന്നിട്ടോ.. എന്നിട്ടെന്തുണ്ടായി.. എന്നെയൊന്ന് കേൾക്കാനോ മനസ്സിലാക്കാനോ കഴിയാതെ അവൾ പോയി.. ഞാൻ കെട്ടിയ താലി പോലും എന്റെ മുഖത്തേക്ക് എറിഞ്ഞു തന്നവൾ ഇറങ്ങിപ്പോയി…
ആ ദിവസങ്ങളിൽ ഞാനനുഭവിച്ച വേദന ആർക്കെങ്കിലും എപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടോ… സ്വന്തം ജീവിതം സ്വപ്നങ്ങൾ ആഗ്രഹങ്ങൾ ഒക്കെ ഒരൊറ്റ രാത്രി കൊണ്ട് തകർന്നുപോയ എന്നെ ആർക്ക് മനസ്സിലായി.. ആരെന്റെ വേദന അറിഞ്ഞു.. അതിന്റെ കൂടെ അന്നത്തെ നിന്റെ അവസ്ഥ.. എല്ലാവരുടെയും ഒളിഞ്ഞും മറഞ്ഞുമുള്ള കുറ്റപ്പെടുത്തൽ..
അവൻ കിതച്ചുപോയി..
ജീവിതം തന്നെ ഒരു ബാധ്യതയായി തോന്നിയ ആ ദിവസങ്ങളിലൊന്നും ആദിക്ക് നീയും നമ്മുടെ കുടുംബവും അല്ലാതെ ആരുമുണ്ടായിരുന്നില്ല സഹായത്തിന്.. നിയ.. അവൾ സ്വയം തിരഞ്ഞെടുത്ത ജീവിതമാണ് അത്.. പലവട്ടം അത് കഴിഞ്ഞും ശ്രമിച്ചിട്ടുണ്ട് അവളോട് പറയാൻ.. പക്ഷെ എന്റെ ആത്മാഭിമാനം സമ്മതിച്ചില്ല..
മനസ്സിലുള്ളതൊക്കെ അവൻ പറഞ്ഞു തീർക്കുകയാണ് എന്നവൾക്ക് തോന്നി..
പിന്നെ വിവാഹം. നമ്മുടെ ജീവിതം.. സത്യത്തിൽ അതിന് മുമ്പ് തന്നെ എല്ലാം അറിഞ്ഞതാണ് ഞാൻ.. കാർത്തിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അന്നവന്റെ ‘അമ്മ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കിയത്.. സത്യത്തിൽ ആ നിമിഷം അച്ഛനും അമ്മയും അങ്കിളും ആന്റിയും റോയിച്ചനുമൊക്കെ പറയുന്നതിനപ്പുറം ഒന്നും ചെയ്യാനില്ലായിരുന്നു എനിക്ക്.. നിന്റെ ലൈഫ് എങ്കിലും സേഫ് ആക്കണമായിരുന്നു എനിക്ക്..
ഇപ്പൊ എല്ലാം കഴിഞ്ഞു ഒരു കൊല്ലം അവന്റെ കൂടെ ജീവിച്ചു കഴിഞ്ഞപ്പോഴാണോ അവൾക്ക് വെളിവ് വീണത്.. ഓ ആകില്ല.. അന്ന് ഞാൻ എല്ലാം തെളിയിച്ചപ്പോൾ വെളിവ് വീണു കാണും.. അപ്പോഴും സത്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് ഒരു നിമിഷം മുൻപ് വരെയും കണ്ണും പൂട്ടി അവൾ അവനെയും ഡേവിഡിനെയും ന്യായീകരിച്ചേയുള്ളൂ.. അത് കഴിഞ്ഞവളയായി തിരഞ്ഞെടുത്ത അവളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഞാനെന്ത് പരിഹാരം കാണാനാണ്..
ആദി ചോദിച്ചു..
ഈ മെസേജ് പോലെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാലും നിനക്കൊന്നുമില്ല അല്ലെ..
ആദി മൗനം പാലിച്ചു..
അല്ലിയും തെല്ലിട നിശ്ശബ്ദതയ്ക്ക് വിട്ടു നൽകി..
ആദി..
അല്പം ശാന്തമായതും അവൾ ചെന്നവന്റെ അടുത്തിരുന്നു തോളിൽ കൈവെച്ചു വിളിച്ചു..
വേണ്ട അല്ലി.. ഒരിക്കൽ ഇഴതെറ്റിയതൊക്കെയും നേരെയായി വരുന്ന സമയമാണ്..
അങ്ങനെ നേരെയാകണമെങ്കിൽ അത് നിയയുടെ ജീവിതം കൂടിയാകണം ആദി.. നമ്മൾ തുടങ്ങിയത് അവിടെനിന്നല്ലേ..
അല്ലി പറഞ്ഞതും ആദി ദയനീയമായി അവളെ നോക്കി..
നിന്റെ മനസ്സെനിക്ക് കാണാം.. എത്ര തള്ളിപ്പറഞ്ഞാലും അവൾക്കൊരു മുള്ളു കൊള്ളുന്നത് നിനക്ക് സഹിക്കില്ല.. ആ ആദിയെ മറ്റാരേക്കാളും അല്ലിക്ക് അറിയാമെന്ന് കൂട്ടിക്കോ.. പ്ലീസ് ആദി.. നമുക്കിക്കാര്യത്തിൽ വാശി വേണ്ട..
ഇതിപ്പോ ഒരു മെസേജ്.. നാളെ അവൾക്ക് എന്തെങ്കിലും സമ്മതിച്ചാൽ പോലും ഈ മെസേജ് കണ്ട് അന്വേഷണം നമുക്ക് നേരെയും വരും.. ഒരു കുറ്റത്തിന് കൂട്ടു നിൽക്കുന്നത് പോലെ തന്നെയാണ് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നത്..
അതൊക്കെ പോട്ടെ.. നാളെ ഒരുദിവസം ഈ മെസേജ് പോലെ നിയയ്ക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ മനസ്സമാധാനം കിട്ടുമോ ആദി നമുക്കെപ്പോഴെങ്കിലും..
അല്ലി ചോദിച്ചതും ആദിയുടെ കണ്ണുകൾ നിറഞ്ഞു..
നിയ നമുക്കിന്ന് അന്യായായിരിക്കും.. ആ ചിന്ത തന്നെയാണ് നിന്നെ പിന്നോട്ട് വലിക്കുന്നതെന്ന് എനിക്കറിയാം.. പക്ഷെ അവളിനി എത്രമാത്രം നമ്മളിൽ നിന്നാകന്നാലും മറ്റാരുടെ കൂടെ ജീവിച്ചാലും ഒരിക്കൽ നമുക്കവൾ ആരായിരുന്നോ ആ സ്ഥാനം മാറാനൊന്നും പോകുന്നില്ലല്ലോ ആദി.. പ്രത്യേകിച്ചു നിനക്ക്.. അത് നീ പറയാതെ മനസ്സിലാക്കാൻ എനിക്ക് പറ്റും.. കാരണം അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാനും..
ആദി അവളെ നോക്കി.. കാർത്തിയുടെ കാര്യമാണ് അവൾ പറയുന്നതെന്നവന് മനസ്സിലായി..
ആദിക്ക് സ്വയം പുച്ഛം തോന്നി.. രണ്ടു ഘട്ടങ്ങളിലായി തന്റെ ജീവിതത്തിലേയ്ക്ക് തന്റെ താലി ഏറ്റുവാങ്ങിവന്ന രണ്ടു പെണ്കുട്ടികൾ.. ഇന്നവർക്കിരുവർക്കും മറ്റ് അവകാശികളുണ്ട്.. തനിക്കോ.. താൻ മാത്രം അന്യൻ.. താൻ മാത്രം ഏകൻ..
ആദി..
അല്ലിയുടെ വിളി കേട്ടതും അവൻ അവളെ നോക്കി..
ഒരിക്കൽകൂടി പോകാം ആദി നമുക്കാ ഗ്രാമത്തിലേക്ക്.. ഒരുവട്ടം കൂടി.. എന്നിട്ട് നമുക്ക് പോലീസിൽ അറിയിക്കാം.. അതാകുമ്പോ ബാക്കിയൊക്കെ നിയമപരമായി തന്നെ പൊയ്ക്കോളും..
അവൾ പറഞ്ഞു..
മ്മ്.. ഞാൻ പോകാം.. നീ വരേണ്ട..
ആദി പറഞ്ഞു..
നിന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല.. നമുക്ക് പോകാം.. ബാക്കി വരുന്നത് വരുന്നിടത്തുവെച്ചിട്ടു കാണാം..
അവൾ പറഞ്ഞതും അവനവൾക്കായി ഒരു പുഞ്ചിരി നൽകി.. ആ പുഞ്ചിരിയിലും അവൻ അവൾക്കായി കാത്തു വെച്ച സ്നേഹവും പ്രണയവും നിറഞ്ഞു നിന്നത് അവൻ പോലുമാറിഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം..
*******************
ഈ പോക്ക് വേണോ പിള്ളേരെ.. അതൊരു അടഞ്ഞ അധ്യായമല്ലേ..
റോയിച്ചൻ ഒക്കെയും കേട്ടുകഴിഞ്ഞതും ചോദിച്ചു..
അത് തന്നെയാണ് എനിക്കും പറയാനുള്ളത്.. അവരായി അവരുടെ കാര്യമായി.. നമ്മളെന്തിനാണ് ആദി അതിൽ കൂടുതൽ ഇടപെടുന്നത്..
ക്രിസ്റ്റി ചോദിച്ചു..
അങ്ങനെയല്ല ക്രിസ്റ്റി..
എങ്ങനെയല്ല.. ദേ അല്ലി.. നീയാണിവനെ കൂടിങ്ങനെ സപ്പോർട്ട് കൊടുത്തു കൊണ്ടോവാൻ നിൽക്കുന്നത്.. നിനക്കെന്തിന്റെ കേടാ.. ഒരിക്കൽ കിട്ടിയതൊന്നും കൊണ്ട് തികഞ്ഞില്ലേ നിനക്ക്..
ക്രിസ്റ്റി അല്ലിയോട് ചൂടായി..
ഇക്കാര്യത്തിൽ നീ പറയുന്നതിനപ്പുറം കുറച്ചു കാര്യങ്ങളുണ്ട് ക്രിസ്റ്റി.. ഒന്നാമത് ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും നിയ ഒരു പ്രശ്നമുണ്ടായപ്പോ ആദിയെ വിളിച്ചിപ്പോഴും ഇക്കാര്യം പറയണമെങ്കിൽ അവൾക്ക് ഇപ്പോഴും ഇവനെ അത്രയ്ക്ക് വിശ്വാസമുണ്ട് എന്നാണർത്ഥം..
പിന്നെ ജിജോ.. കല്യാണമാലോചിച്ച സമയം മുതൽ നിയ പറഞ്ഞറിയാം അവന്റെ സ്വഭാവം.. ഒരു വൃത്തികെട്ടവനാണ്.. നിയേടെ പപ്പേടെ സ്വത്ത് മാത്രമാണ് അവന്റെ നോട്ടം.. അതിനിടയ്ക്ക് കുറെ വഷളൻ സ്വഭാവവും.. അന്ന് ഞങ്ങളെ പോലും ഒന്നിച്ചു കിടത്തിയത് അവന്റെ പ്ലാൻ ആകും..
ആ അവനൊപ്പമുള്ള ജീവിതത്തിൽ അവളെന്തൊക്കെ സഹിച്ചിട്ടുണ്ടാകും.. ചിലപ്പോ സഹി കെട്ടിട്ടാകും ഇങ്ങനെ ഒന്ന് ആദിക്ക് അയയ്ച്ചത്.. നിയേടെ പപ്പേയും അവളെയും ആ ദുഷ്ടൻ കൊല്ലാനും മടിക്കില്ല.. ആ ഒരു സാഹചര്യത്തിൽ ആദിയോടവളൊരു സഹായം അഭ്യർത്ഥിക്കുമ്പോ മുഖം തിരിക്കുന്നത് തെറ്റല്ലേ ക്രിസ്റ്റി..
അതും അവളുടെ ജീവൻ പണയം വെച്ചുള്ള കളി.. നാളെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ഈ മെസേജ് വെച്ചിട്ട് ആദിക്ക് നേരെ കാര്യങ്ങൾ തിരിയാം..
അല്ലി വിശദീകരിച്ചു..
നീയെന്തൊക്കെ പറഞ്ഞാലും പിന്നേം ആ ഡേവിഡ് കുര്യന്റെ വായിൽ പോയി ചാടാൻ ഞാൻ വിടില്ല നിങ്ങളെ..
ക്രിസ്റ്റി തീർത്തു പറഞ്ഞു..
ക്രിസ്റ്റി പ്ലീസ്..നീ ഒന്ന് മനസ്സിലാക്ക്.. അവൾക്ക് നാളെ എന്തെങ്കിലും സംഭവിച്ചിട്ടു പിന്നെ പരിതപിച്ചിട്ടെന്താ കാര്യം… ഒരു ജീവനാണ്..
അല്ലി അവനോട് അപേക്ഷിച്ചു..
നിങ്ങൾ അവിടെ പോയി എന്തചെയ്യാൻ പോവാ..
റോയിച്ചൻ ചോദിച്ചു.
പോലീസ് സ്റ്റേഷനിൽ ചെന്നിക്കാര്യം പറയാമെന്നാണ് അല്ലി പറയുന്നത്..
ആദി പറഞ്ഞു..
ആ.. ബെസ്റ്റ്.. അവിടുത്തെ പോലീസിൽ ഭൂരിഭാഗവും നിയേടെ പപ്പേടെ ആളാണെന്ന് നീയല്ലേ മുൻപ് പറഞ്ഞത്.. എന്നിട്ട് അങ്ങേരോട് ചോദിക്കാതെ ഇക്കാര്യത്തിൽ അവർ പരാതി സ്വീകരിക്കുമോ.. അതും അങ്ങേര് ആ പെങ്കൊച്ചിനെ വിശ്വസിക്കാത്ത സമയത്ത്..
റോയിച്ചൻ ചോദിച്ചു.. ആദിയും അല്ലിയും പരസ്പരം നോക്കി..
ഒരു കാര്യം ചെയ്..
റോയ് ഫോണെടുത്തു..
ഞാൻ നിനക്ക് ഒരു നമ്പർ തരാം.. ഒരു വിക്രം തേജസ്വി.. ദക്ഷിണ കന്നഡ എസ് പി ആണ്.. ആളെ നീയൊന്ന് വിളിക്ക്.. അയാളോട് കാര്യങ്ങൾ പറഞ്ഞാൽ മതി.. ബാക്കി എന്ത് വേണമെന്ന് അയാൾ പറഞ്ഞു തരും..
പിന്നെ.. നിയമപരമായി നിനക്ക് എന്തും ചെയ്യാം.. പക്ഷെ അതിനപ്പുറത്തേയ്ക്ക് നിയ നിനക്കെന്നും അന്യയാണ്.. അതും മറ്റൊരുത്തന്റെ ഭാര്യ.. നിനക്കും ഒരു ഭാര്യയുണ്ട്.. അത് നീ മറക്കരുത്.. ഇല്ല എന്നെനിക്കറിയാം.. എന്നാലും ഒന്നൂടെ ഓര്മിപ്പിച്ചെന്നെയുള്ളൂ..
മ്മ്..
ആദി മൂളി..
അല്ലി അയാളെ പുഞ്ചിരിയോടെ നോക്കി..
ചിരിക്കേണ്ട.. ഇനിയും ഇമ്മാതിരി ഊരാകുടുക്ക് വല്ലോം തലേൽ എടുത്തു വെച്ചിട്ട് വാ നീ.. ഞാൻ ആ ഫോൺ എറിഞ്ഞു പൊട്ടിക്കും.. നോക്കിക്കോ..
സ്നേഹം കലർന്ന റോയിയുടെ ശാസന കേട്ട് അല്ലി ചിരിക്കുമ്പോഴും തെല്ല് പോലും തെളിച്ചമില്ലാത്ത മുഖവുമായി നിൽക്കുകയായിരുന്നു ക്രിസ്റ്റി..
പോയിട്ട് വരാടാ..
ആ രാത്രി വീണ്ടും നിയയുടെ നാട്ടിലേക്ക് പോകാൻ ഇറങ്ങവേ ആദി ക്രിസ്റ്റിയുടെ കൈപിടിച്ചു..
നിന്റെ കൂടെയാണ് ഇവൾ.. അത് മറക്കരുത്.. രണ്ടാളും സൂക്ഷിക്കണം.. എടുത്തുചാടി ഒന്നും ചെയ്യേണ്ട കേട്ടോ..
ക്രിസ്റ്റി പറഞ്ഞു. ആദി അവന്റെ കയ്യിൽ പിടിച്ചു..
അല്ലി പറഞ്ഞപോലെ ഒരിക്കൽ തെറ്റിയ വഴിയിലേക്ക് തന്നെ നിങ്ങൾ വീണ്ടും എത്തി. ഇനി ഒഴുക്ക് തീരുമാനിക്കേണ്ടത് നിങ്ങളാണ്.. വഴി കാട്ടാൻ മാത്രേ എനിക്കും കൂടെയുള്ളവർക്കും പറ്റൂ.. ഒന്നിച്ചൊഴുകണോ വേറായി പോകണോ എന്നു തീരുമാനിക്കാൻ ഞങ്ങൾക്ക് പറ്റില്ല..
നീ ശെരിക്ക് ആലോചിക്ക് ആദി.. വിട്ടുകൊടുക്കാൻ ഒരു വാക്കിന്റെ അവശ്യമേയുള്ളൂ.. പക്ഷെ അത് കഴിഞ്ഞുള്ള ജീവിതം ആ വാക്കിനോളം എളുപ്പമാകില്ല.. അതോണ്ട് ഒരിക്കൽ വേർപിരിഞ്ഞു പോയതിനെയൊക്കെ അതിന്റെ വഴിക്ക് വിട്ടിട്ട് വാ.. ആ പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കാം.. എല്ലാം ശെരിയാകുമായിരിക്കും..
ക്രിസ്റ്റി അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു..
ഉപദേശിച്ചു വഴിക്കാക്കാതെ ക്രിസ്റ്റി.. ഞങ്ങൾ പോയിട്ട് ദാന്നും പറഞ്ഞു മറ്റെന്നാ രാവിലെ ഇങ്ങെത്തില്ലേ…
അല്ലി വന്നതും പറഞ്ഞു ബാഗ് ക്രിസ്റ്റിയുടെ കയ്യിൽ നൽകി.. അവനത് സൂക്ഷ്മമായി ഡിക്കിയിൽ വെച്ചു.. ശേഷം അല്ലി കൊ ഡ്രൈവർ സീറ്റിൽ കയറി..പിന്നാലെ ഡ്രൈവിങ് സീറ്റിലേക്ക് ആദിയും..
എന്നാലും സൂക്ഷിക്കണം..
മ്മ്.. ഇനിയെന്ത് സൂക്ഷിക്കാൻ . ഒരിക്കൽ അവിടെ ചെന്നപ്പോ ഉണ്ടായതൊന്നും മറന്നിട്ടില്ല ഞാൻ.. താത്പര്യമുണ്ടായിട്ട് പോകുന്നതുമല്ല.. പിന്നെ ഒരു ജീവനല്ലേ..
പിന്നെ.. ഇനി അന്ന് നടന്നതിൽ കൂടുതലൊന്നും നടക്കാൻ ഇല്ല.. ഒന്നൂല്ലേലും ഇന്നെനിക്ക് ചോയ്ക്കാനും പറയാനും ഒരു കെട്ട്യോൻ ഇല്ലേ എന്റെ ക്രിസ്റ്റി.. അല്ലെ ആദി..
ആദി ഒന്ന് ചിരിച്ചു..
അപ്പൊ ശെരി.. ചെന്നിട്ട് വിളിക്കാം..
അതും പറഞ്ഞു നിറഞ്ഞ ചിരിയോടെ ആദിയോടൊപ്പം പോകുന്നവളെ നോക്കി നിൽക്കെ അവന്റെയുള്ളം പതിവില്ലാത്ത വിധം മിടിക്കുന്നുണ്ടായിരുന്നു..
ആശുഭകരമാം വിധം തന്നെ..
തുടരും..

by