The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗൗരി ലക്ഷ്മി
സിംപിൾ.. ഇഷ്ടമില്ലാത്ത ഒരു ജീവിതം ആജീവനാന്തം ജീവിച്ചു തീർക്കേണ്ട കാര്യം നമുക്കില്ല.. എന്നെങ്കിലും ഈ ജീവിതത്തിൽ നിന്നൊരു മാറ്റം വേണമെന്ന് തോന്നിയാൽ ഒരു ഡിവോഴ്‌സ് പെറ്റിഷൻ സൈൻ ചെയ്യുന്നത്ര എളുപ്പമാണ് കാര്യങ്ങൾ.. അങ്ങനെ നമ്മളിൽ ഒരാൾക്ക് തോന്നും വരെ നമുക്കിങ്ങനെ ജോളിയായി ഇവിടെ കൂടാടാ..
അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞതും അവളും ചിരിക്കാൻ ശ്രമിച്ചു..
അവനും..
ഒരു നൂറു വേദനകൾ ഉള്ളിലൊതുക്കിയുള്ള ആ പുഞ്ചിരിയ്ക്ക് അവരുടെ ജീവിതത്തോളം അവരുടെ സൗഹൃദത്തോളം ഭംഗിയുണ്ടായിരുന്നു..
കിടക്കാം ആദി..
അവൾ പറഞ്ഞു..
താൻ കിടന്നോ.. ഞാനൊരു കോൾ ചെയ്തിട്ട് വരാം..
അവൾ അവനൊരു പുഞ്ചിരി നൽകി അകത്തേയ്ക്ക് പോയി..
സാമാന്യം സൗകര്യങ്ങൾ എല്ലാമുള്ള ഒരു ഫ്ലാറ്റ് ആയിരുന്നു അത്.. രണ്ടു മുറിയും ഹാളും ഡൈനിങ് ഏരിയയും കിച്ചനും കിച്ചന് സൈഡിലായി ഒരു ചെറിയ സ്റ്റോർ ഏരിയയും ഉള്ള ഒരു ഫ്ലാറ്റ്..ഒരു മുറിയിൽ അറ്റാച്ഡ് ബാത് റൂം ഉണ്ട്.. മറ്റൊന്ന് കോമൺ ആണ്.. ഒരു ബെഡ് റൂമിനോട് ചേർന്നാണ് ബാൽക്കണി..
അവൾ ഓരോ മുറിയിലും വെറുതെ ഒന്ന് നടന്നു..
ദിവസങ്ങൾക്ക് മുൻപ് ആദിയുമായി ചേർന്ന് ഈ ഫ്ലാറ്റ് വൃത്തിയാക്കിയത് അവൾ ഓർത്തു..
നിയയെ സ്വീകരിക്കാൻ ആ വീടിനെ ഒരുക്കിയവളാണ് താൻ.. അവൾ ഡൈനിങ് ഏരിയയിലെ വാർഡ്രോബ് തുറന്ന് നോക്കി..
അവളുടെ കണ്ണു നിറഞ്ഞു..
ആദിയ്ക്കും നിയയ്ക്കും മണിയറ ഒരുക്കുവാൻ വേണ്ട സാധനങ്ങൾ അവൻ പോലുമറിയാതെ കൊണ്ടു വെച്ചതാണ് അവിടെ..
അവൾ കണ്ണു തുടച്ചു..
നിയയുമൊത്ത് സന്തോഷമായി ഈ ഫ്ലാറ്റിൽ കഴിയേണ്ടവനായിരുന്നു അവൻ.. അവരുടെ കളിച്ചിരികൾ മുഴങ്ങേണ്ടിയിരുന്നിടം.. അവരുടെ ചെറു പരാതികളും പരിഭവങ്ങളും നിറയേണ്ടിയിരുന്നിടം.. പിണക്കാതിനോടുക്കമുള്ള ഇണക്കങ്ങളുടെ സൗന്ദര്യം നിറയേണ്ടിയിരുന്നിടം..
അവൾക്ക് വേദന തോന്നി..
തന്റെ ഭാഗത്താണ് തെറ്റ്.. ആ ദിവസം ശിവയോടൊപ്പം മടങ്ങിയിരുന്നെങ്കിൽ..
ആദിയുടെ സ്വപ്നങ്ങൾ ഒരിക്കലും നഷ്ടപ്പെടുമായിരുന്നില്ല..
അവൾ വേദനയോടെ ഓർത്തു..
അവളുടെ മനസ്സിൽ കാർത്തിയുടെ ഓർമ്മ നിറഞ്ഞു..
സങ്കടം തോന്നി അവൾക്ക്.. ദേഷ്യം തോന്നി..
തന്നോട് തന്നെ..
അവനെ എത്രത്തോളം സ്നേഹിച്ചവളാണ് താൻ.. നിയയെ കുറ്റപ്പെടുത്താൻ അത്രയ്ക്ക് കഴിയില്ല.. അവൾ ആദിയുടെ ഭാര്യയായിരുന്നു.. ആദ്യരാത്രിയ്ക്കിപ്പുറം ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് അവൾ കണ്ടത്.. മനസ്സ് പതറി പോകാം..
പക്ഷെ എല്ലാവരെയും രാവിലെ വിളിച്ചു വരുത്തി ഇത്രയും കാണിച്ചപ്പോൾ ഒന്ന് ചിന്തിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ലേ.. അല്ലിയെ അത്രയ്ക്കെ അയാൾ മനസ്സിലാക്കിയിരുന്നുള്ളോ..
അവൾക്ക് മനസ്സ് നീറും പോലെ തോന്നി..
എല്ലാം കഴിഞ്ഞ് ഒരിക്കലെങ്കിലും തന്നോട് ഒന്ന് സംസാരിക്കാൻ അവനു തോന്നിയില്ലല്ലോ..
അവൾ പോയി മുഖം കഴുകി.. ശേഷം അടുക്കളയിൽ പോയി അൽപ്പം വെള്ളമെടുത്തു കുടിച്ച ശേഷം ബെഡ് റൂമിലേയ്ക്ക് പോയി..
വീണ്ടും ഓർമ്മകൾ കുത്തി നോവിക്കുന്നു..
പക്ഷെ വിഷമമാണ്..
ആദി..
അവൻ തനിക്ക് എത്ര പ്രിയപ്പെട്ടവനാണ്..
അവന്റെ വേദനകൾ..
ഈ മുറി കാണുമ്പോൾ അവന്റെ ഹൃദയം പിടയുന്നുണ്ടാകില്ലേ..
ഈ മുറിയിൽ അവന്റെ പ്രണയത്തോടൊപ്പം ജീവിതം.തുടങ്ങുന്നത് സ്വപ്നം കണ്ടു നടന്നവനാണ് അവൻ..
അവൾ തളർച്ചയോടെ കിടക്കയിൽ ഇരുന്നു..
പിന്നെ മെല്ലെയാ കിടക്കയിൽ ചാഞ്ഞു കിടന്നു..
താൻ മാറിയേ തീരൂ.. ഉള്ള വേദനകൾക്കൊപ്പം തന്റെ കണ്ണുനീർ കൂടി ആദിക്കൊരു വേദനയകരുത്..
അവൾ മനസ്സിലോർത്തു.. ശേഷം മെല്ലെ കണ്ണുകൾ അടച്ചു കിടന്നു..
ഇപ്പോഴും മനസ്സ് കരയുന്നുണ്ട്.. പക്ഷെ അവൾ കണ്ണുകളെ ശാസിച്ചു നിർത്തി..
അവൻ വാതിൽ അടച്ച ശേഷം റൂമിലേയ്ക്ക് ചെന്നു..
അല്ലി ഉറങ്ങി കിഴിഞ്ഞു എന്നവന് തോന്നി..
അവൾക്കരികിലായി കിടക്കുമ്പോഴും അവന്റെ മനസ്സിൽ വല്ലാത്തൊരു വേദനയായിരുന്നു..
ഈ മുറി..
നിയയെ താലി കെട്ടിയ നിമിഷം അവന്റെ മനസ്സിൽ നിറഞ്ഞു..
അവളോടൊപ്പം ഈ മുറിയിലൊരു ജീവിതം തുടങ്ങാൻ തീരുമാനിച്ചവനാണ് താൻ..
അടുത്തു കിടക്കുന്ന അല്ലിയെ അവൻ അനുതാപതോടെ നോക്കി..
താനൊരാൾ കാരണം അവളുടെ ജീവിതം കൂടെ കൈവിട്ടു പോയതിന്റെ വേദന അവന്റെയുള്ളിൽ നിറഞ്ഞു…വേണ്ടിയിരുന്നില്ല ഒന്നും.. അച്ഛന്റെയും അമ്മയുടെയും പഴയ ആദിയായി.. അല്ലിയുടെയും ക്രിസ്റ്റിയുടെയും പ്രിയപ്പെട്ട സുഹൃത്തായി.. റോയിച്ചന്റെയും ജോളിമ്മയുടെയും മകനായി.. അതൊക്കെ മതിയായിരുന്നു..
പറഞ്ഞിട്ട് കാര്യമില്ല… കഴിഞ്ഞ കാലം മായ്ച്ചു കളയാൻ കഴിയുമായിരുന്നെങ്കിൽ..അതല്ലെങ്കിൽ കഴിഞ്ഞതൊക്കെ ഒരു സ്വപ്നമാണെന്ന ഓർമ്മയിൽ ഞെട്ടി ഉണരാൻ കഴിയുമായിരുന്നെങ്കിൽ..
അവൻ പുച്ഛത്തോടെ ചിരിച്ചു..
ഇല്ല.. അതിന് കഴിയില്ല..
ഒരിക്കലും..
ആ ഓർമ്മയിൽ അവൻ കിടക്കയിലേക്ക് വീണു..
ആ ദിവസവും ആർക്കും വേണ്ടി കാത്തു നിൽക്കാതെ പൊഴിഞ്ഞു മാറി..
*************************
ഗുഡ് മോർണിംഗ്..
കാലത്തെ ആദി കണ്ണുതുറന്ന് നോക്കുമ്പോൾ അല്ലി അടുത്തെങ്ങും ഉണ്ടായിരുന്നില്ല.. അവൻ അടുക്കളയിലേക്ക് ചെന്നതും അല്ലി കാര്യമായ പാചകത്തിലാണ്..അവനെ കണ്ടതും അവൾ പുഞ്ചിരിച്ചുകൊണ്ട് വിഷ് ചെയ്തു..
അവനും ചിരിച്ചു..
ഉറങ്ങിപ്പോയി..
അവൻ ചമ്മലോടെ പറഞ്ഞു..
എന്ത് കഷ്ടമാ ആദി.. കല്യാണം കഴിഞ്ഞാൽ ഇങ്ങനാണോ.. അതിരാവിലെ എണീറ്റ് ഭാര്യേടെ കാലൊക്കെ തൊട്ട് വന്ദിച്ച് അടുക്കളയിൽ കേറി ഭാര്യയ്ക്ക് ഒരു ചായ ഒക്കെയിട്ട് വിളിച്ചുണർത്തേണ്ട ആളല്ലേ..ച്ഛെ മോശം…ഭയങ്കര മോശം..
അവൾ ചിരി കടിച്ചമർത്തി പറഞ്ഞതും ആദി ചിരിച്ചുപോയി..
അച്ചോടാ.. നാളെ മുതൽ ആട്ടെ.. ഒക്കെ ശെരിയാക്കാം..
അവൻ കണ്ണുചിമ്മി പറഞ്ഞു..
പോയി പല്ല് തേയ്ക്ക് ആദി.. നമുക്ക് ഇന്ന് മുതൽ ഓഫീസിൽ പോണം.. എന്റെ വർക്ക് ഒക്കെ മൊത്തം പെൻഡിങ് ആണെന്ന് ക്രിസ്റ്റി ഇന്നലെ പറഞ്ഞു..
അത് സത്യമാ.. താൻ എന്നാൽ റെഡി ആയിക്കോ.. ഇനി പാചകത്തിനൊന്നും നിൽക്കേണ്ട.. നമുക്ക് വാങ്ങാം..
ഓ വേണ്ട.. ഞാൻ ദേ ഗോതമ്പ് ദോശയും സാമ്പാറും വെച്ചു.. ഉച്ചയ്ക്കത്തേക്കിന് സാമ്പാറും പയറ് തോരനും അച്ചാറും ഉണ്ട്.. നിങ്ങൾക്ക് രണ്ടാൾക്കും മുട്ട പൊരിച്ച് കൂടി എടുക്കാം.. ഏതായാലും ആദി വേഗം പോയി ഫ്രഷായി വാ..
അവൾ പറഞ്ഞതും അവൻ അകത്തേയ്ക്ക് പോയി.. ഒരുങ്ങി വന്നപ്പോഴേയ്ക്കും അവളും ഒരുങ്ങി ഇറങ്ങിയിരുന്നു..
കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും അണിഞ്ഞു നിൽക്കുന്ന തന്റെ പ്രതിബിംബത്തെ അവളൊന്ന് നോക്കി..
ഓഫീസ്..
അവിടെയുള്ളവർ… തങ്ങളുടെ സൗഹൃദത്തെ അസൂയയോടെ നോക്കിയിരുന്ന പല മുഖങ്ങളും അവളുടെ ഓർമ്മയിൽ നിറഞ്ഞു..
ഇനി അവയിലൊക്കെയും പുച്ഛം കാണാം..
അല്ലി..
ആദിയുടെ വിളി വന്നതും അവൾ വേഗം ഇറങ്ങി.. അപ്പോഴും മനസ്സ് നിറയെ പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു..
*************************
വെൽക്കം ബാക്ക് അല്ലി..
പ്രൊജക്ക്റ്റ് കോർഡിനേറ്റർ പ്രകാശ് ജോർജ് പുഞ്ചിരിയോടെ പറഞ്ഞതും അല്ലി അയാൾക്ക് ഹൃദ്യമായ ഒരു പുഞ്ചിരി നൽകി..
ആദിയും അയാൾക്ക് പുഞ്ചിരി നൽകി..
എന്തായി ഇവിടുത്തെ കാര്യം..
അല്ലി അകത്തേയ്ക്ക് നടന്നതും ആദി ചോദിച്ചു..
ഇവിടെ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.. ഇവിടാരും അല്ലിയോട് ഒന്നും ചോദിക്കില്ല ആദി..
അയാൾ പറഞ്ഞു..
താങ്ക്സ്..
അവൻ പറഞ്ഞതും അയാൾ പുഞ്ചിരിച്ചു..
അവൻ ക്യാബിനിൽ ചെന്നപ്പോൾ അല്ലി എന്തോ ആലോചനയിൽ ഇരിക്കുകയായിരുന്നു…
എന്താടോ..
അവൻ ചോദിച്ചു..
ഞാനോർക്കുവായിരുന്നു.. നമ്മുടെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞിട്ടും ആരും ഒന്നും ചോദിച്ചില്ല.. ആരും അങ്ങനെ ഒന്ന് നടന്നതായി പോലും ഭാവിക്കുന്നില്ല..
അവൾ പറഞ്ഞു..
റോയിച്ചൻ അതൊക്കെ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്.. അതാ..
അവൻ അതും പറഞ്ഞിരുന്നു..
പിന്നെ ഒരുപാട് പെൻഡിങ് വർക്ക്‌സ് ഉണ്ട്.. സോ ഈ ചിന്തകൾ ഒക്കെ മാറ്റി വെച്ച് താൻ വർക്കിൽ ശ്രദ്ധിക്കൂ..
അവൻ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു..
ഞാൻ ക്യാബിനിലേയ്ക്ക് പോവാ.. അവിടെയും.ഉണ്ട് കുറെ പെൻഡിങ് വർക്ക്‌സ്..
ഓകെ ആദി..
അവൾ പറഞ്ഞതും അവൻ പോയി..
തനിക്ക് ചുറ്റും കരുതലോടെ സ്നേഹത്തോടെ പൊതിഞ്ഞു പിടിക്കുന്ന കരങ്ങളെ ഓർത്ത് സന്തോഷിക്കുകയായിരുന്നു അല്ലി അപ്പോഴും..
***********************
സീ.. ഈ പ്രോജക്റ്റ് നമുക്ക് ക്രൂഷ്വൽ ആണ്.. നമുക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും നല്ല പ്രോജക്റ്റുകളിൽ ഒന്ന്.. അതുപോലെ തന്നെ ഈ പ്രോജക്റ്റ് ചലഞ്ചിങ്ങും ആണ്.
അതിനുള്ള മെയിൻ കാരണം നമുക്കറിയാവുന്നത് പോലെ സമയ പരിമിതി തന്നെയാണ്.. ഇപ്പോൾ നമ്മുടെ കമ്പനിയിൽ ഉള്ളതിൽ വച്ചൊരു നല്ല ടീമിനെ ആണ് ഈ പ്രോജക്റ്റിൽ ഇട്ടിരിക്കുന്നത്.. എങ്കിലും സമയപരിമിതിയും പ്രോജക്റ്റിന്റെ പുതുമയും ഒക്കെ ചലഞ്ചസ് തന്നെയാണ്..
ആദി പറഞ്ഞു..
അതേ.. ഫ്രണ്ട് എൻഡ് കുഴപ്പമില്ല… പക്ഷെ ബാക്ക് എൻഡിൽ കൂടുതൽ ശ്രദ്ധിക്കണം..
അല്ലിയും പറഞ്ഞു..
മ്മ്.. എന്തായാലും പറഞ്ഞ സമയത്തിനുള്ളിൽ നമ്മൾ പ്രോജക്റ്റ് കംപ്ലീറ്റ് ചെയ്തു കൊടുത്താൽ ഇപ്പൊ ബാംഗ്ലൂരിൽ ഉള്ള കമ്പനികൾക്ക് മുകളിലായി നമുക്കൊരു പ്ലസ് പോയിന്റ് ആകും ഇത്..
ക്രിസ്റ്റി പറഞ്ഞു..
അതേ.. ഇത്ര വലിയൊരു പ്രോജക്റ്റ് നമ്മളെ അവർ വിശ്വസിച്ച് ഏല്പിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ ക്രെഡിബിലിറ്റി ആണ് കാണിക്കുന്നത്. സോ എന്ത് സംഭവിച്ചാലും നമുക്കീ പ്രോജക്റ്റ് മാക്സിമം നന്നായി തന്നെ കംപ്ലീറ്റ് ചെയ്യണം..
അല്ലി പുഞ്ചിരിയോടെ പറഞ്ഞു..
ഒത്തുപിടിച്ചാൽ എന്തും നടക്കും എന്നല്ലേ.. നമുക്ക് ശ്രമിക്കാം.. എന്താ റോയിച്ചാ..
ആദിയും പറഞ്ഞതോടെ അത്രനേരവും മിണ്ടാതിരുന്ന റോയ് പുഞ്ചിരിച്ചു…
ഒന്നും ഇല്ലാതെ ബാധ്യതകളുടെ മുകളിൽ കിടന്ന ഈ കമ്പനി ഈ നിലയിലെത്തിച്ചത് നിങ്ങളാണ്.. നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെയുണ്ടാകും.. അതിപ്പോ വിജയിക്കാൻ ആന്നേലും പരാജയപ്പെടാൻ ആന്നേലും..
റോയിച്ചൻ പറഞ്ഞു..
എങ്കിൽ നമുക്ക് ജെയിംസ് സാറിനോട് സംസാരിക്കാം.. എഗ്രിമെന്റ് സൈൻ ചെയ്യാം..
അല്ലി പറഞ്ഞു..
അതൊക്കെ നിങ്ങൾ പറഞ്ഞാൽ മതി.. എങ്ങോട്ടാ ഒപ്പിടേണ്ടേ എന്നൊന്ന് കാണിച്ചു തന്നാൽ ഞാനതങ്ങു ചെയ്തേക്കാം..
റോയിച്ചൻ പറഞ്ഞു..
അങ്ങനെ ചുമ്മാ ഒപ്പിടേണ്ടേ… എഗ്രിമെന്റ് റെഡിയാക്കി വായിച്ചു നോക്കി തിരുത്തിയ ശേഷം ഒപ്പിടണം…
അല്ലി പറഞ്ഞു .
ഓ.. ഇതൊക്കെ എഴുതിയെടുക്കാനാന്നേൽ അങ്ങോട്ട് എഴുതി എടുക്കെന്റെ മക്കളെ .
അയാൾ ചിരിച്ചു..
അങ്ങനെ അല്ല റോയിച്ചാ.. എല്ലാ കാര്യത്തിലും റോയിച്ചന്റെ ഒരു ശ്രദ്ധ വേണം.. ഞങ്ങൾക്ക് റോയിച്ചന്റെ അത്രയും ജീവിതപരിചയം ഇല്ല.. അതുമല്ല ഞങ്ങളീ പ്രഷറിന് മുകളിൽ നിൽക്കുമ്പോൾ ഒരുപാട് ആലോചനകൾക് മുകളിൽ നിന്ന് ചിന്തിക്കുന്ന പോലെ അല്ല റോയിച്ചൻ ചിന്തിക്കുമ്പോൾ.. വരും വരായ്കകൾ നല്ലോണം മനസ്സിലാക്കാൻ റോയിച്ചനേ പറ്റൂ..
അല്ലി പറഞ്ഞു..
അയാൾ ചിരിച്ചു..
എന്നായാലും എല്ലാം കൂടെ ഇന്നങ്ങ് വീട്ടിലോട്ട് വന്നേക്കണം.. അവിടെ ഒരാള് രണ്ടുമൂന്ന് ദിവസമായി നിങ്ങളെ കാണുന്നില്ല എന്നും പറഞ്ഞിരിപ്പുണ്ട്..
തിരക്ക് കൊണ്ടാ റോയിച്ചാ.. ഞങ്ങൾ ഇന്ന് രാത്രി അവിടെ ഉണ്ടാവും.. ഞാൻ ഇന്നലേ പറഞ്ഞു..
അല്ലി അയാൾക്ക് മറുപടി നൽകി..
അയാൾ ചിരിച്ചു..
ഈ പ്രോജക്റ്റ് തീർത്തിട്ട് ഒന്ന് മനസമാധാനത്തോടെ എന്റെ കൊച്ചിനെ കൂടെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരണം.. ഇവന്റെ പെണ്ണായിട്ട്.. പിന്നെ നിങ്ങളേം നോക്കി . നിങ്ങളുടെ മക്കളേം കളിപ്പിച്ചങ്ങ് നടക്കണം..എനിക്കും എന്റെ ജോളിമ്മയ്ക്കും അത്രയ്ക്കത്ര ആഗ്രഹങ്ങളേ ഉള്ളു..
റോയിച്ചൻ പറഞ്ഞു..
ആദി അല്ലിയെ നോക്കി.. അവൾ ചെറു ചിരിയോടെ നിലക്കുകയാണ്..അവനും ചിരിച്ചു…
************************
ജോയിച്ചാ..
വീട്ടിലേയ്ക്ക് കയറിയതും സോഫയിൽ ഇരിക്കുന്ന ജോയിയെ കണ്ട് അല്ലി ഓടിവന്ന് അയാളുടെ അരികിൽ നിന്നു..
ആഹാ.. എത്തിയോ ചട്ടമ്പി..
അയാൾ പുഞ്ചിരിച്ചു..
ചട്ടമ്പിയോ ഈ പാവം ഞാനോ..
അല്ലി ചുണ്ട് കൂർപ്പിച്ചു നോക്കി..
അപ്പോഴേയ്ക്കും ഒരു പ്ളേറ്റിൽ പരിപ്പുവടയുമായി സ്റ്റെഫിയും വന്നു..
ആന്റി.. എന്താണ് എന്റെ സ്റ്റെഫി കുട്ടിയുടെ മുഖത്തൊരു വാട്ടം..
അവൾ അവരുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു..
ഒന്നുമില്ലെന്റെ പെണ്ണേ.. യാത്രാ ക്ഷീണമാ.. എനിക്കിപ്പോ പഴയപോലെ ഓടിനടക്കാൻ വയ്യ..
അവർ പറഞ്ഞുകൊണ്ട് ആദിയെയും ക്രിസ്റ്റിയെയും നോക്കി..
എന്നാടാ പിള്ളേരെ വന്ന കാലിൽ നിൽക്കുന്നത്.. വാ.. ദാണ്ടേ നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്..
അവർ സ്നേഹത്തോടെ വിളിച്ചു..
ആദിയും ക്രിസ്റ്റിയും അവർക്കരികിൽ വന്നു..
റോയിച്ചൻ പറഞ്ഞേയില്ല നിങ്ങൾ വരുന്നുണ്ടെന്ന്..
ആദി ജോയിയുടെ അടുത്തിരുന്നുകൊണ്ട് പറഞ്ഞു..
ഓ.. ഞാനും അറിഞ്ഞില്ലെടാ.. ദേ ജോയിച്ചാ കട്ലറ്റ്..
റോയ് കയ്യിലിരുന്ന പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു..
ഞാനും ഇന്നിങ്ങോട്ട് വരണം എന്നു കരുതിയതല്ലെന്നെ.. അതിനിടയ്ക്ക് ആ സൈമൺ എന്നെ കാണാൻ വന്നതായിരുന്നു..
അവന്റെ ആ ചെക്കനില്ലേ നിധിൻ.. അവനൊരു ജോലിയുടെ കാര്യത്തിന്..
കഴിഞ്ഞയിടയ്ക്ക് ഒരീസം എന്നോട് പറഞ്ഞതാ.. അന്ന് ഞാൻ അങ്ങു വിട്ടുപോയി.. ഇന്ന് പിന്നേം പറഞ്ഞു..
അപ്പൊ ഞാനോർത്തു എന്നായാലും പിള്ളേരെ കണ്ടിട്ട് കുറെ ആയില്ലേ എന്നാൽ ഇങ്ങോട്ട് വന്നേക്കാം എന്നു .
ജോയ് പറയുന്നതിനിടയിൽ തന്നെ ജോളിമ്മ വന്നു ആദിക്കും അല്ലിയ്ക്കും ക്രിസ്റ്റിയ്ക്കും കട്ലറ്റ് കൊണ്ടുവന്ന് കൊടുത്തിരുന്നു..
ഞാൻ സോസ് എടുത്തിട്ട് വരാം..
അതും പറഞ്ഞ് അല്ലി അകത്തേയ്ക്ക് നടന്നു..
അതിപ്പോ അവനെന്നതാ ജോയിച്ചാ പഠിച്ചത്..
കമ്പ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞതാ റോയ്.. ഒരു വിധം നല്ല മാർക്കും ഉണ്ട്.. അത് കഴിഞ്ഞ് കൊച്ചീലെ ഒരു കമ്പനിയിലും ഇവിടെ ഒരിടത്തും വർക്ക് ചെയ്തിട്ടുണ്ട്.. ഇപ്പൊ അവനവിടെ വല്യ സാലറി ഒന്നുമില്ല.. അതോണ്ടാ ഇങ്ങോട്ട് പറഞ്ഞത്…
എന്നതാ ആദി നിന്റെ അഭിപ്രായം..
ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ ഒരാളെ കൂടെ എടുക്കുന്നതിൽ തെറ്റില്ല..
ആദി പറഞ്ഞു..
അതേ.. നമ്മുടെ പുതിയ പ്രോജക്റ്റിൽ എന്തായാലും ആളെ വേണമല്ലോ..
അത് വേണ്ട ക്രിസ്റ്റി..
അല്ലി അതും പറഞ്ഞു വന്നു..
എല്ലാവരും അവളെ നോക്കി..
പുതിയ പ്രോജക്റ്റിൽ ആദ്യം എടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഒന്നാമത് ഇപ്പോഴുള്ള പ്രോജക്റ്റ് അത്രയും ഇമ്പോർട്ടൻറ് ആണ്.. അതുപോലെ ചലഞ്ചിങ്ങും.. അതിലോട്ട് എടുക്കാനാണെകിൽ എക്സിസ്റ്റിങ് എംപ്ലോയീസിന് മുൻഗണന നൽകണം.. പുതിയ ആളെ എടുക്കുമ്പോൾ നിലവിലുള്ളത്തിൽ ചെറിയ പ്രോജക്റ്റിൽ എടുക്കാം..
എക്സ്പീരിയൻസ് ആകും പോലെ നമുക്ക് മാറ്റി കൊടുക്കാമല്ലോ..
അല്ലി പറഞ്ഞു..
അത് നല്ല അഭിപ്രായമാണ്.. എന്താ റോയിച്ചാ..
ക്രിസ്റ്റി റോയിയെ നോക്കി.
അവനെ എടുക്കുന്നതിൽ തെറ്റില്ല.. പക്ഷെ അല്ലിമോള് പറഞ്ഞപോലെ ആദ്യം പുതിയ പ്രോജക്റ്റിൽ കൊടുക്കേണ്ട..
റോയ് ആലോചനയോടെ പറഞ്ഞു..
എന്തായാലും അവനോട് അടുത്ത 14ന് ഓഫീസിലോട്ട് വരാൻ പറയ്.. നമുക്കൊരു ഇന്റർവ്യൂ നോക്കാം.. പിള്ളേര് ആദ്യം അവനെ ഒന്ന് ടെസ്റ്റ് ചെയ്യട്ടെ എന്നാ ജോയിച്ചാ..
അത് മതി റോയ്.. ബന്ധുക്കൾ ഓഫീസിൽ കേറി ഇറങ്ങുന്നതിനോട് എനിക്കും വല്യ താല്പര്യം ഇല്ല.. എന്നാലും പറയുമ്പോ എന്നാ പറയ . അതാ ഞാൻ ഇങ്ങോട്ട് വന്നത്..
ജോയ് പറഞ്ഞു..
വരുന്നതൊക്കെ കൊള്ളാം വരുമ്പോഴേ പറഞ്ഞേക്കണം ഓഫീസിൽ ചെന്നേച്ച് പിള്ളേരോട് അവന്റെ അപ്പന്റെ സ്വഭാവം കാണിക്കരുത് എന്നു.. പണ്ടേ എനിക്കങ്ങേരെ കണ്ടൂടാ..
റോയ് പറഞ്ഞു..
എല്ലാവരും പുഞ്ചിരിച്ചു..
എങ്കിലും ജോളിമ്മയുടെ മുഖത്ത് മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ല.. അവരുടെ മനസ്സിൽ എന്തോ ഒരു കരട് വീണിരുന്നു..
അരുതാത്തതെന്തോ നടക്കാൻ പോകുന്നെന്ന പോലെ..
തുടരും..