22/04/2026

ആത്മരാഗം : ഭാഗം 06

രചന – ഗൗരി ലക്ഷ്മി

അപ്പോഴേയ്ക്കും വാതിൽ തള്ളി തുറന്നു പോയിരുന്നു.

അവൾ അകത്തേയ്ക്ക്ക് അയറി..

പക്ഷെ കണ്മുന്പിൽ കണ്ട കാഴ്ചയിൽ അവൾ തകർന്നു പോയിരുന്നു.. നിയയുടെ കയ്യിലിരുന്ന ട്രേ അപ്പാടെ നിലത്തേയ്ക്ക് വീണു.. ട്രെയിലിരുന്ന ചായ ഗ്ലാസുകൾ നിലത്തേയ്ക്ക് വീണു തകർന്നു..

നോ..

അലറിക്കരഞ്ഞുകൊണ്ട് നിയ കണ്ണു പൊത്തി പൊട്ടിക്കരഞ്ഞു….

നിയ ഒന്നുകൂടി ആ കാഴ്ച കണ്ടു..

സ്ഥാനം തെറ്റിക്കിടക്കുന്ന സാരിയുടെ വിടവിലൂടെ അല്ലിയുടെ മാറിൽ തലചായ്ച്ച് അവളെ ചേർത്തുപിടിച്ചുറങ്ങുന്ന ആർധനഗ്നനായ ആദി..

അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

കരച്ചിൽ കേട്ടാണ് ആദി കണ്ണു തുറന്നത്.. പിന്നാലെ അല്ലിയും..

ആദി ഒരു പിടച്ചിലോടെ എഴുന്നേറ്റു. അവന്റെ കൈകൾ അല്ലിയുടെ നഗ്നമായ വയറിൽ ചുറ്റിപിടിച്ചിരിക്കുകയായിരുന്നു..അവൻ കരഞ്ഞുകൊണ്ട് നിൽക്കുന്ന നിയയെയും തനിക്കരികിൽ കിടക്കുന്ന അല്ലിയേയും മാറിമാറി നോക്കി..

അല്ലി ഞെട്ടലോടെ എഴുന്നേറ്റു.. തന്നിൽ നിന്നും തെന്നി മാറിയ സാരി അവൾ പിടച്ചിലോടെ പിടിച്ചിട്ടെഴുന്നേറ്റു..

അഴിഞ്ഞുലഞ്ഞ പോയിരുന്നു അവളുടെ സാരി..

നിയ വേഗം മുറിയ്ക്ക് പുറത്തേക്കിറങ്ങി വാതിൽ വലിച്ചടച്ചു കളഞ്ഞിരുന്നു..

വല്ലാത്ത മാനസികവസ്ഥയിലായിരുന്നു ആദിയും അല്ലിയും..

തങ്ങൾക്ക് ചുറ്റും എന്ത് സംഭവിച്ചു എന്നറിയാത്ത അവസ്ഥ..

താൻ താലി കെട്ടിയവളാണ് പുറത്തേയ്ക്ക് പോയത്.. അല്ലി നിറകണ്ണുകളോടെ ആദിയെ നോക്കി..

ആദീ..

എന്തോ ചതിയുണ്ട് അല്ലീ..

അവനത്ര മാത്രം പറഞ്ഞു.. അവൾ വെപ്രാളപ്പെട്ട് സാരി പിടിച്ചിട്ടു എങ്ങനെയോ കുത്തി വെച്ചു..

ആദി എഴുന്നേറ്റു..അഴിഞ്ഞുപോയ മുണ്ട് നേരെയുടുത്തവൻ വാതിലിന് നേർക്ക് നീങ്ങി….

എന്താ മോളെ..

റീന വാതിലിൽ ചാരി പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിൽക്കുന്ന നിയയോടയി ചോദിച്ചു.. അവൾ ഒന്ന് മിണ്ടാതെ ആ നെഞ്ചിലേക്ക് വീണു.. അവളുടെ നിലവിളി ശബ്ദം കേട്ട് വന്നവരൊക്കെയും ആ കാഴ്ച കണ്ട് ഒന്നും മനസ്സിലാകാതെ നിന്നു..

എന്താ.. എന്താ മോളെ..

ഡേവിഡ് ചോദിച്ചു..

ചതിച്ചു പപ്പാ എന്നെ..

അത്ര മാത്രം പറഞ്ഞുകൊണ്ട് നെഞ്ചിൽ കിടക്കുന്ന തലയിൽ മുറുകെ പിടിച്ചവൾ നിലത്തേയ്ക്ക് ഊർന്നിരുന്നു..

ഒന്നും മനസ്സിലാകാതെ നിൽക്കുന്നവർക്ക് മുന്പിലായി ആദി വാതിൽ വലിച്ചു തുറന്നു..

തൊട്ട് പിന്നാലെ ഇറങ്ങി വന്നു അല്ലിയേയും കാണേ എല്ലാവരുടെയും കണ്ണുകളിൽ ഞെട്ടൽ ഉണ്ടായി..

ആദിയും അല്ലിയും സ്തംഭിച്ചു നിൽക്കുകയായിരുന്നു..

നിയാ..

ആദി വിളിക്കാൻ തുടങ്ങിയതും അവന്റെ കവിളിലേയ്ക്ക് ഡേവിഡിന്റെ കൈകളാഞ്ഞു പതിച്ചു.

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ പിന്നിലേയ്ക്ക് വേച്ചു പോയിരുന്നു അവൻ..

അങ്കിൾ.. പ്ലീസ്..ഞാനൊന്ന് പറ..

പറഞ്ഞു തീരും മുൻപേ അവന്റെ കവിളിൽ അടുത്ത അടിയും വീണു..

ചതിച്ചല്ലേടാ എന്റെ മോളെ..

അയാളുടെ ശബ്ദത്തിൽ വല്ലാത്ത തീവ്രത..

അവിടെ ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു . അല്ലിയുടെ അമ്മയാണ്.. ഒരമ്മയും കാണാൻ ഒരിക്കലുമാഗ്രഹിക്കാത്ത രംഗം..

അവളുടെ അച്ഛൻ മുൻപോട്ട് വന്നവളെ പിടിച്ചു മുൻപോട്ട് നിർത്തി..

എന്താ ഇത്..

ആ ശബ്ദം അവിടെ പ്രകമ്പനം കൊണ്ടു..

മനസ്സിലായില്ലേ.. മോളുടെ അഴിഞ്ഞാട്ടം.. കണ്ടില്ലേ നിൽപ്പ്..

പ്രസീദ പല്ല് ഞെരിച്ചു..അല്ലി കാർത്തിയെ നിസ്സഹായമായി നോക്കി..

ചോദിച്ചത് കേട്ടില്ലേ..

അച്ഛാ ഞാൻ..

അടുത്ത അടി അവൾക്കായിരുന്നു.. ജീവിതത്തിൽ ആദ്യമായി അച്ഛനിൽ നിന്നും കിട്ടിയ ആ പ്രഹരത്തിൽ തെന്നി വീണവളുടെ നെറ്റി വാതിൽ പടിയിൽ ഇടിച്ചു മുറിഞ്ഞു..

അവൾ പൊട്ടിക്കരഞ്ഞു പോയി..

ചതിയാണ് അങ്കിൾ..ഞാൻ..

ആദി പറയാൻ ശ്രമിച്ചതും അയാളവന്റെ കഴുത്തിൽ അമർത്തി.പിടിച്ചു.. ആദി പിടഞ്ഞു പോയി. നിയയെ റീന എഴുന്നേൽപ്പിച്ചു..

മതിയായില്ലെടി.. ഹേ.. ഈ അലവലാതിയോടൊപ്പം നിന്നെ മിന്ന് കെട്ടിയതിന്റെ അന്ന് തന്നെ കിടന്ന ഇവന് വേണ്ടിയായിരുന്നോടി ഞങ്ങളെയും വെല്ലുവിളിച്ചു നീ ഇറങ്ങി പോന്നത്..

റീന അവളുടെ കരണത്തടിച്ചു ചോദിച്ചു.. അവൾ അവരുടെ നെഞ്ചിലേക്ക് വീണു നെഞ്ചുപൊട്ടിക്കരഞ്ഞു..

നിയാ..

ആദി അവളെ നിസ്സഹായമായി വിളിക്കാൻ ശ്രമിച്ചു.. അവനിൽ നിന്നും ശബ്ദം വരുന്നുണ്ടായിരുന്നില്ല..

മരിക്കണം നീ.. എന്റെ മോളെ ചതിച്ചു നീ.. ജീവിക്കാൻ നിനക്ക് യോഗ്യതയില്ല..

അതും പറഞ്ഞു ഡേവിഡ് അവനെ തല്ലി..

അല്ലി പൊട്ടിക്കരഞ്ഞു.. തളർന്നുപോയിരുന്നു അവൾ..

സത്യമായും ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല..

ആരെങ്കിലും ഒന്ന് വിശ്വസിക്ക്..

ആദി നിസ്സഹായമായി കേണു..

അവന്റെ അമ്മ ഭാമ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ അച്ഛന്റെ നെഞ്ചിലേയ്ക്ക് വീണു.. അയാൾ നിസ്സഹായമായി അവരെ ചേർത്തു പിടിച്ചു..

കാർത്തീ..

അല്ലി അവനെ നോക്കി..

കാർത്തിയും വിശ്വസിക്കുന്നുണ്ടോ ഇതൊക്കെ..

അതിന്റെ മറുപടി മുഖമടച്ചൊരു അടിയായിരുന്നു..

നാണം തോന്നുന്നില്ലേ അല്ലീ നിനക്ക്.. ഇവനുമൊത്ത് നീ അന്തിയുറങ്ങുന്നത് നേരിട്ട് കണ്ടിട്ടും ഞാൻ നിന്നെ വിശ്വസിക്കണം അല്ലെ..

എന്റെ അമ്മയെ പോലും നിനക്ക് വേണ്ടി ചോദ്യം ചെയ്തവനാണ് ഞാൻ.. എന്നിട്ടും.. ഇപ്പോ പുച്ഛം തോന്നുന്നു എനിക്കെന്നോടു തന്നെ. ഇത്രയും വൃത്തികെട്ട നിനക്ക് വേണ്ടി എന്റെ അമ്മയോട് വഴക്കിട്ടതിന്.. ഒരു വട്ടമെങ്കിലും ആഗ്രഹത്തോടെ നിന്നെ ചേർത്തുപിടിച്ചു പോയതിനെനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു..

ആ മറുപടിയോടെ അല്ലി മൗനിയായി.. അവൾ അവനെ ഒന്നു നോക്കി..

പുച്ഛത്തോടെ അറപ്പോടെ തന്നെ നോക്കുന്ന പ്രസീദയെയും..

അടുത്ത നിമിഷം… പ്രസാദ് അവളെ തനിക്ക് നേരെ നിർത്തി തലങ്ങും വിലങ്ങും അടിച്ചു.. നിലതെറ്റി പലപ്പോഴും നിലത്തു വീണിട്ടും അയാൾ മുടിക്ക് കുത്തിപ്പിടിച്ചു പൊക്കിയെടുത്തടിച്ചു..

മീന നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു.. ഒരുവട്ടം അയാളെ തടയാൻ ചെന്ന അവരെ അയാൾ പിടിച്ചു തള്ളി മാറ്റിയിരുന്നു.. ആ അടിയത്രയും ഏറ്റ് വാങ്ങിയിട്ടും അല്ലി കരഞ്ഞില്ല.. അടിക്കരുതെന്ന് അപേക്ഷിച്ചില്ല..

മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം.. കാശുണ്ടാക്കാൻ പറഞ്ഞു വിടുമ്പോ അവളേത് മർഗ്ഗത്തിലാ കാശുണ്ടാക്കുന്നത് എന്നു കൂടി നോക്കണം..

പ്രസീദയുടെ വാക്കുകളിൽ വെറുപ്പ് നിറഞ്ഞു..

ജിജോ മുൻപോട്ട് വന്ന് ആദിയെ പിടിച്ചു മാറ്റിയിരുന്നു..

ഡി.. പോയി ചാകെടി.. പോ.. ഇങ്ങനെ പെറ്റ് വളർത്തിയ കുറ്റത്തിന് അച്ഛനേം അമ്മയേം ക്രൂരമായി ശിക്ഷിച്ച നീ ഇനിയെന്തിനാടി ജീവിക്കുന്നെ..

മീന അവളെ പിടിച്ചുലച്ചു..

പ്രസാദ് വീണ്ടും അവളെ തല്ലാൻ തുടങ്ങിയതും ആദിയാ കൈകളിൽ പിടിച്ചു തടഞ്ഞു..

തൊടരുതവളെ..

നിയയുടെ കരച്ചിലിന്റെ ശബ്ദം വീണ്ടും ഉയർന്നു..

തൊടരുത്.. തൊട്ടാൽ അവനു നോവും. കണ്ടോ.. കണ്ടോടി.. ഇവൻ.. ഈ വൃത്തികെട്ടവന്റെ കൂടെയാണോ നിനക്ക് ജീവിക്കേണ്ടത്..

ദേ നോക്ക്.. നീ വേറെ കെട്ടിയിട്ടും നിനക്കൊരു നല്ല ജീവിതം ആശംസിക്കാൻ വേണ്ടി വേദനയോടെ എന്റെ കൂടെ വന്നവനാണ് ഇവൻ. ഇതാടി ഞാൻ കണ്ടെത്തിയവൻ..

ജിജോയെ ചൂണ്ടി ഡേവിഡ് പറഞ്ഞു.. ആ ശബ്ദത്തിൽ ഒരച്ഛന്റെ വേദന നിറഞ്ഞിരുന്നു..

ഇനിയും നിനക്കിവന്റെ കൂടെയാണ് ജീവിക്കേണ്ടതെങ്കിൽ പൊയ്ക്കോ. പക്ഷെ ഇനി നിനക്ക് അപ്പനും അമ്മയും ഉണ്ടാകുകേല.. നിന്റെ ഈ ജീവിതം കണ്ടു നീറി നീറി ഒടുങ്ങുന്നതിലും ഭേദം മരണമാണ്..

ഡേവിഡ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

മീന ഭിത്തിയിലേയ്ക്ക് തലയിടിപ്പിച്ചുകൊണ്ട് സ്വയം വേദനിപ്പിച്ചു.. അത് കാണേ ഭാമ അവരെ തന്റെ നെഞ്ചോട് ചേർത്തു..

ആദിയുടെ അച്ഛൻ മുരളിയും ടോമും ചേർന്ന് പ്രസാദിനെയും പിടിച്ചു മാറ്റി.. ആ മനസ്സും നോവുകയായിരുന്നു.. തന്റെ മകനെയാണവർ.. ഒന്ന് ചേർത്തു നിർത്താൻ കഴിയില്ല.. തെറ്റ് അവന്റെയാണ്.അയാൾ ഭാമയെ ചേർത്തു പിടിച്ചു..

നീയിനി എന്ത് കാണാൻ നിൽക്കുവാ.. വാ പോവാം..

അതും പറഞ്ഞു പ്രസീദ നടന്നു.. ഒരിക്കൽ കൂടി അല്ലിയെ ഒന്ന് നോക്കി കാർത്തിയും..

അപ്പോഴും അവന്റെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു..

അവളെന്ന നഷ്ടത്തെ ഉൾക്കൊള്ളാൻ കഴിയാതെ..

ആദി അല്ലിയെ ചേർത്തു പിടിച്ചു.. അവളുടെ നെറ്റിയിൽ നിന്നും ചോര കണ്പീലിയിൽ എത്തി ഒരു തുള്ളിയായി താഴേയ്ക്ക് വീഴാൻ വെമ്പി നിൽപ്പുണ്ടായിരുന്നു..

ആദിയ്ക്ക് വല്ലാത്ത വേദന തോന്നി..

തന്റെ കൈകൾക്കുള്ളിൽ നിൽക്കുന്ന അല്ലിയുടെ അവസ്ഥ അവന്റെ ഹൃദയം കീറി മുറിക്കുന്നുണ്ടായിരുന്നു..

ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കറിയാം അല്ലിയെ.. ഇവൾക്കെന്നെയും.. ഞാനും അവളും തമ്മിലുള്ള ബന്ധത്തിലെ വിശുദ്ധി എനിക്കാരെയും ബോധിപ്പിക്കേണ്ട. പിന്നെ ഇന്നലെ രാത്രി നിയയോടൊപ്പം മുകളിലെ മുറിയിൽ കിടന്ന ഞാൻ ഒരൊറ്റ രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ ഇവിടെ പ്രത്യക്ഷപ്പെട്ടതൊന്നും അല്ലെന്നെനിക്കറിയാം..

അതിനി ആരുടെ ചതിയായാലും ആദിയത് തെളിയിക്കും.. അതുവരെ പക്ഷെ ഇനി ഇവളെയൊന്ന് നുള്ളി നോവിക്കാൻ പോലും ആദി സമ്മതിക്കില്ല..

അവന്റെ വാക്കുകളിൽ വല്ലാത്ത ഉറപ്പുണ്ടായിരുന്നു..

അല്ലീ.. വാ.

അവൻ അവളെ ചേർത്തു പിടിച്ചു പുറത്തേയ്ക്ക് നടന്നു..

ആദീ.. ഒരു മിനിറ്റ്.

നിയയുടെ ശബ്ദം.. അവനവളെ അത്യധികം പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി..

അവൾ മുൻപോട്ട് വന്നു.. അവനു മുൻപിൽ നിന്നൊന്ന് ചിരിച്ചു..

ശേഷം അവൻ തലേന്ന് കെട്ടിയ മഞ്ഞച്ചരടും താലിയും വലിച്ചവൾ പൊട്ടിച്ചു..

ആദിയുടെ ഹൃദയം വിങ്ങി.. ക്രൂരമായി അവനു മുറിവേറ്റു.. അടിമുടി വേദനിച്ചു..

അവളാ താലി അവന്റെ മുഖത്തേയ്ക്ക് വെറുപ്പോടെ വലിച്ചെറിഞ്ഞു..

ഇനിയെന്റെ കണ്മുന്പിൽ നീ വരരുത്..

അത്ര മാത്രം പറഞ്ഞവൾ നെറ്റിയിലെ കുങ്കുമവും തുടച്ചു മാറ്റി തിരിഞ്ഞോടി ഡേവിഡിന്റെ നെഞ്ചിലേക്ക് വീണു..

എന്റീശ്വരാ..

ഭാമയുടെ നെഞ്ചു വിങ്ങി.. അവരുടെ കരച്ചിലുയർന്നു.. മീനയുടെയും.. പ്രസാദിന്റെയും മുരളിയുടെയും ഹൃദയത്തിൽ മുറിവേറ്റു.. വേദന നിറഞ്ഞു..

റീന കണ്ണുനീരൊപ്പി.. ഡേവിഡും.. ജിജോ ഒരു ചെറു പുഞ്ചിരി അവനായി നൽകി.. വിജയിയുടെ പുഞ്ചിരി..

അപ്പോഴും നിർവ്വികാരയായി ആദിയുടെ കൈകൾക്കുള്ളിൽ അല്ലിയുണ്ടായിരുന്നു..

അടുത്ത നിമിഷം അവൾ അവന്റെ കൈകളിൽ നിന്നൂർന്ന് നിലത്തേയ്ക്ക് വീണുപോയി..

ആദി താങ്ങും മുൻപേ ഒരിക്കൽ കൂടി ഒന്ന് ശ്വാസം വലിച്ചെടുത്തവൾ പിടഞ്ഞു..

ശേഷം പൂർണ്ണമായും അബോധവസ്ഥയിലേയ്ക്ക് വീണുപോയി..

അപ്പോഴും അവളുടെ മൂക്കിനുള്ളിൽ നിന്നും കൊഴുത്ത ചോര പുറത്തേയ്ക്കൊഴുകുന്നുണ്ടായിരുന്നു..

എല്ലാവരും ഞെട്ടലോടെ നിന്നു..

മോളെ..

പ്രസാദ് ഓടി വന്നതും ആദി അയാളെ തടഞ്ഞു..

തൊട്ടുപോകരുത് ഒരാളും..

അവന്റെ കണ്ണുകളിൽ അഗ്നി നിറഞ്ഞു..

വൈകീട്ടപ്പോഴോ ഡേവിഡിന്റെ കൂട്ടാളികളിലൊരുവൻ കൊണ്ടുവന്നിട്ട തന്റെ കാറിലേക്ക് ആദി ശ്രദ്ധയോടെ അല്ലിയെ ഇരുത്തി.. സീറ്റ് ബെൽറ്റ് ഇടുവിച്ച ശേഷം അവൻ അകത്തേയ്ക്കോടി..റൂമിൽ നിലത്തു കിടന്ന ഷർട്ട് എടുത്ത് തോളിലേയ്ക്കിട്ട് ഹാളിലെ ടിവിസ്റ്റാന്റിൽ നിന്നും കാറിന്റെ ചാവിയെടുത്തവൻ പുറത്തേക്കോടി..

മോളെ..

മീന നിലവിളിയോടെ ചെന്നെങ്കിലും ഒരു നോക്ക് അവരെ കാണിക്കാൻ പോലും കൂട്ടാക്കാതെ ആദി കാറെടുത്തു പോയിരുന്നു..

പൊട്ടിക്കരഞ്ഞുകൊണ്ട്‌ മീന നിലത്തേയ്ക്കൂർന്നിരുന്നു.. സർവ്വം തകർന്ന് നിൽക്കുന്ന പ്രസാദിനെ താങ്ങി പിടിച്ച് ടോമും മുരളിയും പുറത്തേയ്ക്ക് വന്നു… ഭാമ മീനയെ പിടിച്ചെഴുന്നേല്പിച്ചു..

ആരുമാരോടും ഒന്നും മിണ്ടാതെ കാറിൽ കയറി..

ടോം അപ്പോഴേയ്ക്കും ക്രിസ്റ്റി വഴി ശിവയെ കോണ്ടാക്റ്റ് ചെയ്തിരുന്നു…

അവിടെയുള്ള ആശുപത്രിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അയാൾ മുരളിക്ക് പറഞ്ഞുകൊടുത്തു..

അവരുടെ കാർ പോകുമ്പോഴും നെഞ്ചുപൊട്ടി നിലവിളിക്കുന്ന തന്റെ മകളെ ആശ്വസിപ്പിക്കാൻ പാട് പെടുകയായിരുന്നു റീന. മനസ്സറിഞ്ഞു അല്ലിയേയും ആദിയെയും ശപിച്ചുകൊണ്ട്…

*********************************

ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു ചെല്ലുമ്പോഴേ കണ്ടു ഐ സിയുവിന് മുൻപിൽ ഇട്ടിരിക്കുന്ന കസേരയിൽ തലയ്ക്ക് കൈകൊടുത്തു തളർന്നിരിക്കുന്ന ആദിയെ..

പ്രസാദിന് വേദന തോന്നി..

പാടില്ലായിരുന്നു..

തന്റെ മകളല്ലേ..അവൾ അങ്ങനെ ഒരു തെറ്റ് ചെയ്യുമോ..

ആ അച്ഛന്റെ ഹൃദയം നൊന്തു.. ആ അടി അതൊരു അച്ഛന്റെ സ്വാർത്ഥതയായിരുന്നു.. തനിക്കൊഴികെ മറ്റൊരാൾക്കും അവളെ ശിക്ഷിക്കാൻ അനുവാദം കൊടുക്കില്ല എന്ന ഒരച്ഛന്റെ വാശി.. പക്ഷെ..

ഡോക്ടർ എന്താ പറഞ്ഞത്..

ടോമാണ്..

ആദി എല്ലാവരെയും നോക്കി..

ഇതുവരെ ഒന്നും പറഞ്ഞില്ല..

അവൻ വല്ലാതെ തളർന്നു പോയി..

അയാൾ അവനരികിൽ ഇരുന്നു..

ഒന്നും സംഭവിക്കില്ല.. വിഷമിക്കല്ലേ..

അവനാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..

മുരളി ഭാമയെ നോക്കി.. അവർ മീനയെ പിടിച്ചു കസേരയിൽ ഇരുത്തി..

ആ അമ്മയുടെ മനസ്സും നീറുകയാകും.. പോയി മരിക്കാൻ പറഞ്ഞ മകളാണ് അകത്ത് മരണത്തോട് മല്ലിടിച്ചു കിടക്കുന്നത്.. ഏതൊരമ്മ സഹിക്കും..

ആദി മൗനം പാലിച്ചു. പ്രസാദിനെയും മുരളി അവിടെ ഇരുത്തി..

ആദീ.. ചോര..

പ്രസാദ് പറഞ്ഞു. അവൻ അയാളെ രൂക്ഷമായി നോക്കി..

നീ വാ.. നമുക്ക് ഡോക്ടറെ ഒന്ന് കണ്ടു ഇതൊക്കെ ഡ്രസ് ചെയ്തു വരാം..

ടോം പറഞ്ഞു..

വേണ്ട.. ആദി വാശിയോടെ പറഞ്ഞു..

ഭാമയുടെ കരച്ചിൽ..

അവൻ ദേഷ്യത്തോടെ അവരെ നോക്കി.. ശേഷം ദേഷ്യത്തോടെ എഴുന്നേറ്റു നടന്നു..

ആദീ..

കണ്ണടച്ചു കിടക്കുകയായിരുന്നു ആദി.. ഡ്രസ് ചെയ്ത ശേഷം ബിപി കൂടുതൽ ആയതുകൊണ്ട് ഡ്രിപ്പ് ഇട്ട് കിടത്തിയതായിരുന്നു അവനെ.. ടോം അവനരികിൽ ഇരുന്നു..

അല്ലിയ്ക്ക് കുഴപ്പമൊന്നുമില്ല…പിന്നെ ബ്ലീഡിങ് ഉണ്ടായതുകൊണ്ട് ഒന്നു സ്ക്യാൻ ചെയ്യണം.. ബ്ലീഡിങ് ഉണ്ടായത് മൂക്കിന്റെ ഉള്ളിൽ മുറിവോ മറ്റോ ഉണ്ടായത്കൊണ്ടാകാം.. അതല്ലെങ്കിൽ സൈനസിന്റെ ആകാം.. എന്തായാലും ബോധം വീണിട്ട് ഒന്ന് സ്‌ക്യാൻ ചെയ്യും.. 24 മണിക്കൂർ ഒബ്സർവേഷനിൽ ആണ്..

ടോം പറഞ്ഞു..

ആദി ഒന്നും മിണ്ടിയില്ല.

എന്താ ആദീ ഉണ്ടായത്..

അങ്കിൾ അറിഞ്ഞില്ലേ..

ഇന്നലെ രാത്രി എന്റെ കെട്ട് കഴിഞ്ഞ് ആദ്യരാത്രി ആയതുകൊണ്ട് എനിക്കല്ലിയോട് ഭയങ്കര പ്രേമം തോന്നി..

അവളുടെ കൂടെ ചെന്ന് കിടന്ന് ഉറങ്ങിപ്പോയി.. രാവിലെ എന്റെ കെട്ട്യോൾ വന്നപ്പോൾ ആ കാഴ്ചയാണ് കണ്ടത്..ഇപ്പോൾ നിലവിൽ ഇന്നലെ താലി കെട്ടി സ്വന്തമാക്കിയവൾ ആ താലി മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു തന്നിട്ടുണ്ട്..

അവൻ പുച്ഛത്തോടെ പറഞ്ഞു.. അയാൾ മിണ്ടിയില്ല. പകരം അവന്റെ നെറുകയിൽ വാത്സല്യത്തോടെ തഴുകി..

സാരമില്ല.. ഒരു തെറ്റിദ്ധാരണ.. അത് മാറുമ്പോൾ നിയ വരും. ഇങ്ങോട്ട് വരും.. എന്റെ ആദിയുടെ കാലു പിടിക്കാൻ..മാപ്പ് പറയാൻ..

അയാൾ പറഞ്ഞു..

ആദി പുച്ഛത്തോടെ ചിരിച്ചു..

കാർത്തിയും വരുവായിരിക്കും അല്ലെ.. എന്നിട്ട് അല്ലിയുടെ കാലിൽ വീഴുമായിരിക്കും അല്ലെ..

അവൻ പുച്ഛത്തോടെ ചിരിച്ചു..

ആരും.. ആരും വരേണ്ട.. പക്ഷെ എനിക്കെന്റെ അല്ലിയുടെ വിശുദ്ധി തെളിയിക്കണം അങ്കിൾ.. അത് മാത്രം മതി.. അതെനിക്ക് നിയയെ മടക്കികിട്ടാനോ കാർത്തിയ്ക്ക് വേണ്ടിയോ അല്ല. പക്ഷെ ഇന്ന് വരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല കുട്ടിയാണ് എന്റല്ലി.. അവളുടെ കണ്ണുനീർ എനിക്ക് സഹിക്കാൻ പറ്റില്ല..

അവന്റെ ശബ്ദമിടറി..

അയാൾ അവനെ ആശ്വസിപ്പിച്ചു..

അപ്പോഴും ഐസിയുവിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു അല്ലി.. ഒന്നുമറിയാതെ..

***********************

ഹൃദയം പൊട്ടി നിലവിളിക്കുന്ന തന്റെ മകളെ കാണേ റീനയുടെ നെഞ്ചു വിങ്ങി.. അവരും കരയുകയായിരുന്നു..

മോളെ. നീ ഇങ്ങനെ കരയല്ലേ.. എത്ര നേരമായി.. ഇത്തിരി വെള്ളമെങ്കിലും കുടിക്ക്..

അവർ കേണു..

അപ്പോഴും മറുപടിയില്ലാതെ നിയ പൊട്ടിക്കരയുകയായിരുന്നു..

അവളുടെ ഹൃദയം തകർന്നു..

എത്ര സന്തോഷവതിയായിരുന്നു താൻ..ഒരൊറ്റ രാത്രി കൊണ്ട് ഏറ്റവും സന്തോഷവതിയായതും അടുത്ത പകൽ കൊണ്ട് ഏറ്റവും ഭാഗ്യംകെട്ടവളായതും താൻ തന്നെ..

അവളുടെ കണ്ണുനീർ വീണ്ടും അവളുടെ ഹൃദയത്തിൽ നിന്നൊഴുകിയിറങ്ങി..

ഏത് പെണ്ണിന് സഹിക്കാൻ കഴിയും ഇന്ന് താൻ കണ്ട രംഗം..

ഒരു മുറിയിൽ നിന്നവർ ഇറങ്ങി വന്നിരുന്നെങ്കിൽ പോലും താൻ ആദിയെ വിശ്വസിച്ചേനെ.. പക്ഷെ ഇത്.. അല്ലിയോടൊപ്പം അവൻ..പച്ചയ്ക്ക് വഞ്ചിച്ചു തന്നെ..

നിയ വീണ്ടും കരഞ്ഞു.. അവളുടെ ഉള്ളിലെ നീറ്റൽ അൽപ്പം പോലും കുറഞ്ഞില്ല.. ഒരിക്കലും ഒരുപക്ഷേ ഇനിയീ ജീവിതത്തിൽ ഒരിക്കൽ പോലും ഇന്ന് തന്റെ കണ്ണിലും മനസ്സിലും പതിഞ്ഞുപോയ രംഗം മാഞ്ഞു പോകില്ല എന്നവൾക്ക് അത്രമേൽ ഉറപ്പായിരുന്നു..

അവളുടെ കണ്ണിൽ ആദി നിറഞ്ഞു..

അവനൊപ്പമുള്ള ഓരോ നിമിഷവും നിറഞ്ഞു..

സന്തോഷം നിറഞ്ഞു നിന്ന ദിവസങ്ങൾ അപ്പോൾ പോലും.. ഒരിക്കൽ പോലും തന്നോട് മോശമായി അവൻ പെരുമാറിയിരുന്നില്ല.. തന്നെ മറ്റൊരർത്ഥത്തിൽ അവനൊന്ന് സ്പർശിച്ചിട്ട് പോലുമില്ല.. ആദ്യരാത്രിയിൽ പോലും..

പലപ്പോഴും ആദിയും അല്ലിയും തമ്മിലുള്ള അടുപ്പം തന്നിൽ നേരിയ അസൂയ ഉണ്ടാക്കിയിട്ടുണ്ട്.. അവളെ തനിക്ക് മുൻപിൽ ചേർത്ത് പിടിച്ചു കൊണ്ടുവരുമ്പോൾ.. തന്നിലും കൂടുതൽ സ്വാതന്ത്ര്യത്തോടെ അവളോട് ഇടപെടുമ്പോൾ..

പക്ഷെ അതിലൊന്നും ഒരിക്കൽ പോലും താൻ പ്രണയം കണ്ടിരുന്നില്ല.. കുറുമ്പും കുസൃതിയും നിറഞ്ഞ സൗഹൃദം.. ഓരോ വട്ടം വിളിക്കുമ്പോഴും അടുത്തിരുന്നാദിയോട് സംസാരിക്കുമ്പോഴും നാഴികയ്ക്ക് നാൽപ്പത് വട്ടമെന്നോണം അവൻ അല്ലിയെപ്പറ്റി പറയുമ്പോൾ ഇടയ്ക്കൊക്കെ പിണങ്ങി മാറി ഇരിക്കാറുണ്ട് താൻ.. എങ്കിൽ പോലും അല്ലിയെപ്പറ്റി ഒരിക്കൽ പോലും അവൻ പരാതി പറഞ്ഞിട്ടില്ല… അവളോട് ഒന്ന് പിണങ്ങിയിട്ട് പോലുമില്ല..

അല്ലി കാർത്തിയുമായുള്ള വിവാഹത്തിന് സമ്മതിക്കും വരെയും അവൾക്ക് അവനോട് പ്രണയമാണോ എന്നുപോലും താൻ സംശയിച്ചിട്ടുണ്ട്.. അന്ന് അതങ്ങനെ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ പോലും ഇത്ര താൻ വേദനിക്കില്ലായിരുന്നു..പക്ഷെ ഇത്രവലിയൊരു ചതി..

നിയ മുഖം റീനയുടെ മടിയിലേയ്ക്ക് അമർത്തി വെച്ചു കരഞ്ഞു..

നിയാ..

ഡേവിഡിന്റെ ശബ്ദം..

അവൾ ഞെട്ടലോടെ എഴുന്നേറ്റു…

എന്താ നിന്റെ ഉദ്ദേശം..

അവളാ കണ്ണുകളിൽ നോക്കി.. അത്യധികം വേദന നിറഞ്ഞിരിക്കുന്നു.. പാവം.. തന്റെ മകളുടെ ജീവിതം ഇങ്ങനെ ആകുമെന്നൊരിക്കലും കരുതിയിട്ടുണ്ടാകില്ല..

അവൾ വേദനയോടെ അയാളെ നോക്കി..

അയാൾ അവർക്കരികിൽ ഇരുന്നു..

എന്താടാ.

ആ പഴയ വാത്സല്യം.. സ്നേഹം.. അവളാ നെഞ്ചിലേക്ക് വീണു..

സോറി പപ്പാ..

അവൾ കൈകൂപ്പി പറഞ്ഞു..

അയാളവളെ ചേർത്തുപിടിച്ചു. ആ കണ്ണും നിറഞ്ഞു..

സാരമില്ല മോളെ..കൊല്ലും പപ്പയവനെ. ഇഞ്ചിഞ്ചായി..

വേണ്ട പപ്പാ..

അവൾ പേടിയോടെ അയാളെ നോക്കി..

പിന്നെ ഇനിയും നീയവന്റെ കൂടെ പോവാണോ..

റീന ദേഷ്യത്തോടെ ചോദിച്ചു..

അങ്ങനെയല്ല മമ്മാ.. പപ്പാ പ്ലീസ്..ആദിയെ ഒന്നും ചെയ്യേണ്ട..

പിന്നെ നിന്നെ ചതിച്ച അവനെ ഞാൻ എന്ത് ചെയ്യണം.

വേണ്ട പപ്പ.. അവർക്ക് കൊടുക്കാനുള്ളത് കർത്താവ് കൊടുത്തോളും.. എന്റെ പപ്പ ഒന്നും ചെയ്യേണ്ട.. പ്ലീസ് പപ്പാ..

അവൾ കരഞ്ഞു..

വേണ്ട.. ഇനിയെന്റെ മോള് കരയേണ്ട.. പപ്പ ഒന്നും ചെയ്യില്ല.. വാക്ക്..

അയാൾ അവളെ ചേർത്തുപിടിച്ചു പറഞ്ഞു..

എന്റെ മോള് പോയി മുഖം കഴുകി വാ.. നമുക്ക് വല്ലോം കഴിക്കാം..

അയാൾ പറഞ്ഞു..

വേണ്ട പപ്പാ.. വിശപ്പില്ല..

അവൾ പറഞ്ഞു..

പറ്റില്ല…ഇന്ന് പുലർന്നെ പിന്നെ പച്ചവെള്ളം കുടിച്ചിട്ടില്ല നീ.. നീ മാത്രമല്ല.. ഈ മനുഷ്യനും..അറിയോ..

റീന കരഞ്ഞു..

നിയ ഡേവിഡിന്റെ നെഞ്ചിൽ കൊച്ചു കുഞ്ഞിനെപോലെ പതുങ്ങി..

മ്മ്.. മോള് കിടന്നോ..

അതും പറഞ്ഞു ഡേവിഡ് പുറത്തേയ്ക്ക് പോയി..

നിന്നെപോലെയല്ല നിയാ പപ്പ.. പ്രായമായ മനുഷ്യനാണ്.. ഷുഗറും പ്രഷറും.. ഒക്കെ നിയന്ത്രിച്ചു പോകാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ..

റീന പറഞ്ഞു.. നിയ കണ്ണുനീർ തുടച്ചു..

കൊച്ചമ്മേ.. ഓടിവായോ..

ശബ്ദം കേട്ട് നിയയും റീനയും ഓടി പുറത്തേയ്ക്ക് ചെന്നു.

നെഞ്ചു പൊത്തി നിലത്തു കിടക്കുന്ന ഡേവിഡിനെ കണ്ടതും അവരിരുവരും നിലവിളിയോടെ ഓടിയെത്തി..

തുടരും..