The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
“തനിക്കു പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മാർക്ക് ഉണ്ടല്ലോ പക്ഷേ ഇവിടെ ചേർന്നതിൽ പിന്നെ കുറയാൻ തുടങ്ങി.അവസാനം നടത്തിയ പരീക്ഷകളിൽ ഭേദപ്പെട്ട മാർക്ക് ഉണ്ടെങ്കിലും ഇങ്ങനെ അല്ല വേണ്ടത്.പഠിക്കുവാൻ കഴിവുണ്ടായിട്ടും ഉപയോഗിക്കുന്നില്ല എന്നല്ലേ അതിനർത്ഥം???എന്തൊക്കെയോ പറയുന്നു. ഒന്നും മനസിലാകാതെ അതേപടി നിന്നു.”തന്റെ ഈ ശ്രദ്ധയില്ലായ്മയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ???”
കണ്ണുകളിൽ പതിവിലുപരി തീക്ഷ്ണതയോടുള്ള നോട്ടം തന്റെ ഹൃദയത്തെ തുളച്ചു കയറും പോലെ തോന്നി….നെറ്റിത്തടത്തിൽ നിന്നും വിയർപ്പുകണങ്ങൾ പൊടിഞ്ഞു തുടങ്ങി……..
ഒരു നേരിയ ചൂട് ശരീരത്തിൽ പടരുന്നു. ഹൃദയത്തിന്റെ കോണിൽ ഒളിപ്പിച്ചു സൂക്ഷിച്ചതെല്ലാം പതിയെ അധരങ്ങളിലൂടെ വെളിവാകുമോയെന്ന ഭയത്തിൽ ദുപ്പട്ടയുടെ ഞൊറികളിൽ കൈവിരലുകൾ ആശ്രയത്തിനായി കൊരുത്തു……..പക്ഷേ മൗനം മാത്രം വെടിഞ്ഞില്ല…… അത്രമേൽ അശക്തയായിരിക്കുന്നു…..”ഇതു നോക്കു…
ഇവിടെത്തെ പഠനം കഴിഞ്ഞു വെറുതേ ഇരിക്കാനാണെങ്കിൽ ഈ കോഴ്സ് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ടോ???വെറുതേ പാസ്സ് ആയാൽ അത് ഒരു കഷ്ണം കടലാസിൽ ഒതുങ്ങും.
അല്ലാതെ മറ്റൊന്നുമുണ്ടാകില്ല.ഈ പ്രായത്തിൽ തന്റെ ലോകം ഒരു മായാലോകമാണ്.യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അന്തരമുള്ളൊരു മായാലോകം.
അതിനകത്തിരുന്നു സ്വപ്നങ്ങൾ കാണാൻ എളുപ്പമാണ്. സ്വപ്നം നെയ്തു കൂട്ടിക്കഴിഞ്ഞ് ഒരു ദിവസം ആ മരീചിക മായുമ്പോൾ യഥാർത്ഥ ജീവിതത്തിൽ നീ സ്വയം തോറ്റു പോകും……പഠിക്കുവാൻ ഉള്ള പ്രായത്തിൽ അതു ആത്മാർത്ഥമായി ചെയ്യാതെ പലതിലേയ്ക്കും ശ്രദ്ധ പതിപ്പിച്ചാൽ പിന്നീടൊരിക്കൽ പശ്ചാത്തപിക്കേണ്ടിവരും ഓർത്തോളൂ…..നീയിപ്പൊ ചിന്തിച്ചു കൂട്ടുന്നതും ആഗ്രഹിക്കുന്നതും അല്ല ജീവിതം. ഇതിനേക്കാൾ ഒരുപാട് വലുതാണ്…..
അവിടെ സ്വന്തം സ്ഥാനം അടയാളപ്പെടുത്താൻ കഴിയണമെങ്കിൽ സ്വന്തം കാലിൽ നിൽക്കണം. അതിനു അന്തസ്സുള്ള ജോലി വേണം .
നിനക്ക് കഴിവുകളുണ്ട് പക്ഷേ നീയത് ഉപയോഗിക്കുന്നില്ല. പകരം മറ്റെവിടെയൊക്കെയോ ചിന്തകൾ…പറയുന്നത് മനസ്സിലാക്കൂ അത് നിനക്ക് ഗുണം ചെയ്യില്ല. ഇപ്പോ തോന്നുന്നത് ഒക്കെ വെറുതേയാണ്. വെറുമൊരു പകൽക്കിനാവ്…
സ്പന്ദനാ തനിക്കു ഞാൻ പറഞ്ഞതു മനസിലാവുന്നുണ്ടല്ലോ അല്ലേ??”ആളത്രയും പറഞ്ഞത് പതിവിൽ നിന്നും വ്യത്യസ്തമായി വളരെ പതുക്കെയാണ്. അതുപോലെ തന്നെ സമാധാനപൂർവ്വം ഒരു കൊച്ചു കുഞ്ഞിനോടെന്ന പോൽ….
അവൾക്കു യാതൊന്നും തിരിച്ചു മറുപടി പറയുവാൻ ഉണ്ടായിരുന്നില്ല ഇമയനക്കാതെ ഇളകാതെ അങ്ങനെ സാറിനെ നോക്കി തറഞ്ഞു നിന്നു പോയ്….കാലുകൾ തറയിൽ വേരുറപ്പിച്ചതു പോലെ….അവയ്ക്ക് ചലിക്കുവാൻ വയ്യാത്ത പോലെ….മിഴികൾ എന്തുകൊണ്ടോ അനുസരണക്കേടു കാട്ടിയില്ല. അത്രയും ആശ്വാസം….ഒന്നും പറയാതെ തരിച്ചുള്ള നിൽപ്പു കണ്ടിട്ടാകണം ആൾ ചെയറിൽ ഇരുന്നു വീണ്ടും പറയാൻ തുടങ്ങി.
“സ്പന്ദനാ….ഞാൻ നിങ്ങളുടെ ട്യൂട്ടർ ആണ്.
അധ്യാപകൻ… മറ്റാരേക്കാളും നിങ്ങളെ എല്ലാവരെയും നല്ല രീതിയിൽ പഠിപ്പിച്ചു ഭാവി ശോഭനമാക്കാൻ അധികാരപ്പെട്ടയാൾ…അപ്പോ ആ രീതിയിൽ നിങ്ങൾ എന്നെ കാണണം പറയുന്നതു അനുസരിക്കണം. എനിക്കു എന്റെ വിദ്യാർത്ഥികൾ നല്ല നിലയിൽ എത്തണം എന്ന് ആഗ്രഹം ഉണ്ട്…
കഴിവുണ്ടായിട്ടും തന്റെ ഈ അശ്രദ്ധയ്ക്കും സ്വപ്നലോകത്തിനും കാരണം എന്തുതന്നെയായാലും അതു ശരിയായ വഴിയല്ല….നീ ചിന്തിക്കുന്നതു തെറ്റാണെന്നു മനസിലാക്കുക.
വിദ്യാർത്ഥിയാണെന്നും പഠനമാണ് പ്രധാനമെന്നും മനസിലാക്കുക.ഒരിക്കൽ കൂടി ഞാൻ പറയാം ഞാൻ നിങ്ങളുടെ അധ്യാപകനാണ്. നിങ്ങളുടെ മനസ്സിൽ പിറവിയെടുക്കുന്ന ഓരോ ചിന്തകളേയും മനസിലാക്കാൻ കഴിവുള്ളയാൾ….
തെറ്റായതിനെ പറഞ്ഞു തരേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്.
ഞാൻ വീണ്ടും ആവർത്തിക്കുന്നു സ്പന്ദനാ നിന്റെ ചിന്തകൾ വെറും മരീചികയാണ്. അത് ഒരിക്കലും ശരിയല്ല. അത് മനസ്സിൽ നിന്നും അകറ്റി യാൾ മാത്രമേ ഭാവിയിൽ നിനക്കു ദുഃഖിക്കാതെ ഇരിയ്ക്കാൻ കഴിയൂ……ദാ നിന്റെ ഗ്രേഡ് കാർഡ്….ഇന്നൊരു ദിവസം നീയിതു വീട്ടിൽ കൊണ്ടു പോയി നന്നായി നോക്കൂ….
എന്നിട്ടു ആലോചിക്ക്. വളരണോ വളയണോ എന്ന്….”അത്രയും ഒരുമിച്ചു പറഞ്ഞു തീർത്തു സാർ ആ കാർഡ് തന്റെ നേരെ നീട്ടിയിരിക്കുന്നു….
കൈകൾ ചലിക്കുന്നു പോലും ഇല്ല. പിന്നെ എങ്ങനെ വാങ്ങാൻ ആണ്???
താൻ ഒരടി ചലിക്കുന്നില്ല എന്നു കണ്ട് സാർ കൈവിരൽ ഞൊടിച്ചു. പെട്ടന്നുണ്ടായ ഞെട്ടലോടെ ഗ്രേഡ് കാർഡ് കയ്യിൽ വാങ്ങി.
തലതാഴ്ത്തി നിന്നു.”ഞാൻ പറഞ്ഞതൊക്കെ മനസിലാക്കാൻ തനിക്ക് കഴിയും എന്നു തന്നെയാണ് കരുതുന്നത്.പ്രൊജക്ട് നാളെ ബാക്കിയുള്ളവർക്കും കാട്ടിക്കൊടുക്കൂ….”അത്രയും പറഞ്ഞു തന്നെ മറികടന്നു ആൾ ഇറങ്ങി.താൻ ഇറങ്ങുന്നില്ലേ എനിക്ക് സ്റ്റാഫ് റൂം തൽക്കാലം ഒന്നു അടയ്ക്കണമായിരുന്നു….”ഏതോ ഒരു പ്രേരണയിൽ ഗ്രേഡ് കാർഡും മുറുകെപ്പിടിച്ചു ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കാൻ പോയില്ല.
ഉയരുന്ന ഗദ്ഗദം ചുണ്ടുകൾക്കിടയിൽ അമർത്തിപ്പിടിച്ചു. ക്യാമ്പസ് ഏകദേശം ആളൊഴിഞ്ഞിരുന്നു. പ്രൊജക്ട് ബാഗിലിട്ടു. ഗ്രേഡ് കാർഡ് കയ്യിൽ തന്നെ പിടിച്ചു. നെഞ്ചോടു ചേർത്തു പിടിച്ചു നടന്നു.നെഞ്ചിൽ നനവു തട്ടിയപ്പോഴാണ് കണ്ണുകൾ ചോരുന്നത് അറിഞ്ഞത്. ഇടതടവില്ലാതെ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നു.പിന്നെ ആലോചിച്ചപ്പോൾ കരയണം എന്നു തോന്നി. എന്തിനാണ് ഉള്ളിൽ അടക്കിപ്പിടിക്കുന്നത്. കരഞ്ഞു തീരട്ടെ….ആ ടാറിട്ട പാതയിലൂടെ കുന്നിൻപുറം ഇറങ്ങി നടന്നു. കാറ്റ് എപ്പോഴും വീശുന്ന ഇടമാണ്. ഇന്നാ കാറ്റിന് സാന്ത്വനത്തിന്റെ ഭാവം. അമ്മയെവിടെയോ നിൽക്കുന്നതു പോലെ തോന്നി…….
തെറ്റ് തന്റേതു മാത്രമാണ്. ആരേയും പഴിചാരാൻ പറ്റില്ല.പകൽക്കിനാവുകൾ കണ്ടുനടന്നവൾ…..
അർഹിക്കാത്തതൊക്കെയും ആഗ്രഹിച്ചവൾ…..
കയ്യിലിരിക്കുന്ന നീലക്കടലാസുകൾ അവളെ പരിഹസിച്ചു ചിരിക്കുന്നതായ് തോന്നി.
സാർ പറഞ്ഞതിന്റെ അർത്ഥം തെളിനീരു പോലെ വ്യക്തമാണ്. തന്റെ മനസ്സിലെന്താണെന്ന് ആൾക്ക് സൂചന കിട്ടിയിരിക്കുന്നു.അത് മനസ്സിലായപ്പോൾ തന്നെ മുളയിലേ നുള്ളുവാനാണ് അത്രയും പറഞ്ഞത് അല്ലാതെ…എങ്കിലും കുറ്റം പറയാനൊക്കില്ല ഭേദപ്പെട്ടതെന്ന് താൻ കരുതിയ മാർക്കുകൾ വളരെ തുച്ഛമായിരുന്നു.അന്നു വീട്ടിലെത്താൻ പതിവിലും വൈകിയിരുന്നു. പാറു പോകുന്ന ബസ്സ് കിട്ടിയതും ഇല്ല.ഒറ്റയ്ക്കു നടന്നു. വയൽ വരമ്പിനപ്പുറം സൂര്യന്റെ കുങ്കുമച്ചുവപ്പ്…പുല്ലു തിന്നുന്ന പൈക്കൾക്കു ചുറ്റിനും പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന വെള്ളക്കൊറ്റികൾ….
പയ്യുകൾ അതു ശ്രദ്ധിക്കുന്നു പോലും ഇല്ല പുല്ലു തിന്നുന്നു. ഒരിടത്തു സ്വസ്ഥമായിരുന്നു അയവിറക്കുന്നു. കൊറ്റികൾ എന്തിനാണ് പിന്നെയും അവിടിവിടെയായി ചുറ്റിത്തിരിയുന്നത്???നേരം സന്ധ്യയായതു കൊണ്ടു വീട്ടിൽ പോയി കുളിച്ചു വന്നിട്ടു നന്ദിനിയേയും നന്ദയേയും അഴിച്ചു കൊണ്ടുപോരാനുള്ള നേരമില്ല. അതുകൊണ്ട് വരും വഴി അവരെ കെട്ടിയ ഭാഗത്തേയ്ക്കു നടന്നു…..
കെട്ടഴിച്ചു രണ്ടിനേയും നടത്തിച്ചു….നന്ദ മുൻപേ ഓടി.അവൾക്കു പിറകേ വേഗത്തിൽ നടന്നു.
വീട്ടിൽ കയറും മുന്നേ കയ്യിലുള്ള കുപ്പിവെള്ളത്തിൽ മുഖം കഴുകി.കരച്ചിൽ തീർന്ന നീർച്ചാലുകളുടെ നേരിയ അടയാളവും മുഖത്തു തെളിയുന്ന നേരിയ മങ്ങലും കൂടെ അത്രമേൽ സ്നേഹിക്കുന്ന ആർക്കും മനസിലാക്കാവുന്നതേയൂള്ളൂ…..അതിനിട വരുത്തേണ്ട….സ്വപനങ്ങളും മോഹങ്ങളും ചേർത്തു നെയ്തെടുത്ത ചീട്ടുകൊട്ടാരം എന്റെ മാത്രം മായക്കാഴ്ചയാവട്ടെ…പ്രണയം അവിടെ എരിഞ്ഞു തുടങ്ങട്ടെ…..ബാഗ് തിണ്ണയിൽ വച്ചു ഇലഞ്ഞിമരച്ചുവടോരം നടന്നു. അതിനു ചുവടെയുള്ള ഒതുക്കുകല്ലിലിരുന്നു മരത്തിൽ ചാരി അസ്മയ സന്ധ്യയുടെ ചായക്കൂട്ടുകളെ നിർവികാരതയോടെ നോക്കി…..
ഒരിക്കൽ മനസ്സും ഇതു പോലെയായിരുന്നു….
ഒരുപാട് വർണ്ണങ്ങൾ ചാലിച്ചു മനോഹരമാക്കിയ ചായക്കൂട്ട്….സാർ ഇന്ന് തന്നതൊരു താക്കീതു കൂടെ ആയിരുന്നു. തന്റെ ഓർമ്മകളിലേയ്ക്ക് അരുതാത്ത വാദം ആളെ വലിച്ചിടരുതെന്ന ശക്തമായ താക്കീത്…..മനസ്സിൽ ഒത്തിരി ആശകൾ നെയ്തെടുത്തിരുന്നു. പക്ഷേ….ആരുടേയും അനിഷ്ടം സമ്പാദിച്ചു ഒന്നും വേണ്ട…
ഒന്നും പിടിച്ചടക്കാനും പാടില്ല….ഇഷ്ടമില്ലാത്തവരുടെ സ്നേഹം കിട്ടണമെന്നു ശഠിക്കുന്നതേ തെറ്റ്…
ഇല്ല ഇനിയൊരു വട്ടം ആൾ താൻ കാരണം വിഷമിക്കരുത് അസ്വസ്ഥനാകരുത്….വിട്ടു കൊടുക്കുന്നതു തിരിച്ചു തന്നിൽത്തന്നെ എത്തുകയാണെങ്കിൽ മാത്രം അതു തനിക്കു വിധിച്ചതെന്നു കരുതണം.
അല്ലാതെ ഒരു നോക്കാലോ വാക്കാലോ അത്രമേൽ ഇഷ്ടമുള്ള ആളെ വിഷമിപ്പിക്കരുത് സ്പന്ദേ നീ…..
അവൾ ഉള്ളിൽ മനസ്സിനു താക്കീതോടെ പറഞ്ഞു പഠിപ്പിച്ചു”കുഞ്ഞോളേ അവിടെത്തന്നെ ഇരിക്കുവാണോ നീ….ഇന്നെന്തേ വൈകീത്??
ഞാൻ നോക്കീർന്നു നിന്നെ.കുളിച്ചില്ല്യാലോ നീയ്യ് വന്നിട്ട്? വേഗം ചെന്നു കുളി കഴിച്ചു വാ ഞാൻ നല്ല കാരോലപ്പം ണ്ടാക്കണുണ്ട്….
വേണമെങ്കിൽ ആദ്യം പോയി കുളിക്കണം.”
പാറു ഇറയത്തു വന്നു വിളിച്ചപ്പോൾ ഇരുന്നിടത്തു നിന്നും പിടഞ്ഞെണീറ്റു നടന്നു.കുളിമുറിയിലേക്കു കയറി പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനു പകരം കിണറ്റിൽ നിന്നും തെളിനീരു കോരിയെടുത്ത് അതേപടി തലവഴി ഒഴിച്ചു….തണുപ്പിന്റെ നൂലുകൾ ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്നു. ദുഃഖങ്ങളും അതിൽ അലിഞ്ഞു തീരട്ടെ…ആ തണുപ്പിൽ അവളിരുന്നു.
കുളിച്ചിറങ്ങിയപ്പോഴേയ്ക്കും കൈവിരലുകൾ വിറങ്ങലിച്ചു ചുളുങ്ങിയിരുന്നു. നേരിയ തണുപ്പും. കണ്ണുകളിൽ പക്ഷേ ചൂടാണ്. ഒത്തിരി കരഞ്ഞപ്പോൾ കിട്ടിയ സമ്മാനംചായയെടുത്തു തരുമ്പോൾ പാറു സുഖമില്ലേയെന്നു ചോദിച്ചു. പ്രൊജക്ട് ചെയ്തു തീർത്ത ക്ഷീണം ആണെന്നു പറഞ്ഞതു കൊണ്ട് പിന്നീട് ചോദ്യം ഉണ്ടായില്ല.അല്ലെങ്കിലും താൻ പറയുന്നത് അവൾക്കു വിശ്വാസമാണ്….ചായ കുടിച്ചെന്നു വരുത്തി ധൃതി പിടിച്ചു റൂമിലേയ്ക്ക് നടന്നു പുസ്തകങ്ങൾക്കിടയിൽ നിധി പോലെ സൂക്ഷിച്ചു വച്ചിരുന്ന ആ ചിത്രങ്ങൾ വരച്ച വർണ്ണങ്ങളാൽ ആളെ പകർത്തിയെടുത്ത പുസ്തകം വലിച്ചെടുത്തു.തുറന്നു നോക്കാൻ പോയില്ല ഒരു പക്ഷെ അതു തുറന്നു നോക്കി ആളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടാൽ മനസ്സ് വീണ്ടും പിടിവിട്ടു വിധിക്കപ്പെടാത്ത മോഹങ്ങൾക്കു പിറകേ പോകും.
അതു പാടില്ല.
ചെമ്പരത്തി വേലിക്കപ്പുറത്തേയ്ക്കു നടന്നു. അതിരിൽ ഇരുന്നു. ആ പുസ്തകം മണ്ണിന്റെ നനവിലേയ്ക്കു വച്ചു. പാവാടത്തുമ്പിൽ രഹസ്യമായ് കരുതിവച്ച തീപ്പെട്ടി പതിയ എടുത്തു കൈവെള്ളയിൽ വച്ചു നോക്കി….ഒരിക്കൽ കൂടി ആ പുസ്തകത്തെ തൊട്ടു. തീപ്പൊള്ളും പോലെ……!ഒട്ടും അമാന്തിക്കാതെ തീപ്പെട്ടിയുരച്ചു കത്തിച്ചു. എരിയുന്ന അഗ്നിക്കു അവൾ പുസ്തകത്താളിലേയ്ക്കു വഴി കാട്ടി.ആദ്യമൊന്നു അഗനിനാളം പുസ്തകത്താളിനോടു വിമുഖത കാട്ടിയെങ്കിലും പതിയെ പതിയെ അതിനെ സ്വീകരിക്കാൻ പ്രാപ്തമായി.
ഓരോരോ താളുകളെയായി അഗ്നി ചുംബിച്ചു തന്നിലേക്കാവാഹിക്കാൻ തുടങ്ങി.നീലനിറമുള്ള നാവുകൾ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞവെളിച്ചത്തിലേക്കു പരിണമിച്ചു ആ വെളുത്തതാളുകളെ അഗ്നി അതിന്റെ മായക്കാഴ്ചയിൽ മയക്കിയെടുത്തു തന്നിലേയ്ക്കു സ്വന്തമാക്കിക്കൊണ്ടിരുന്നു………..
അവളതു നിർന്നിമേഷയായ് നോക്കിയിരുന്നു. അവളുടെ ചായക്കൂട്ടുകളും ഹൃദയവും അഗ്നി കാർന്നു തിന്നുന്നതു കണ്ണിമ ചിമ്മാതെ നോക്കി യാഥാർത്ഥ്യത്തെ മനസ്സിലേയ്ക്കു കൊണ്ടു വരാൻ ശ്രമിച്ചു….കണ്ണുകളിൽ ഇപ്പോൾ കണ്ണുനീരില്ല. വിരലുകൾ വിറങ്ങലിച്ചതും തീ കാഞ്ഞു മാറി….
സന്ധ്യ അതിന്റെ അവസാനത്തെ പകുതിയിൽ എത്തിയിരിക്കുന്നു. കടലാസുകളെ സ്വന്തമാക്കിയ അഗ്നിയും അന്ത്യശ്വാസം വലിക്കാനൊരുങ്ങുകയാണ്.
എരിയട്ടെ മനസ്സിലും പ്രണയത്തിന്റെ അവസാന കനലും കെട്ടടങ്ങട്ടെ…ഇതു ചിതയാണ് പ്രണയം മരിച്ചന്നു കൂട്ടിയ ചിത. ചാരം മണ്ണിൽ ഇഴുകിച്ചേരും പോലെ പ്രണയത്തിന്റെ ഓർമ്മകൾ പോലും ജീർണ്ണിക്കട്ടെ ഇല്ലാതെയാകട്ടെ…….കണ്ണുനീർ തുളുമ്പാതെ വരണ്ട കണ്ണുകളോടെ അവൾ എഴുന്നേറ്റു. ഒരടി പോലും പതറാതെ മുന്നോട്ട് നടന്നു. ഒരു മാറ്റത്തിന്റെ അനിവാര്യതയെന്നോണം….
………തുടരും…………………….
❤️❤️❤️രചനയെപ്പറ്റി രണ്ടു വരി എനിക്കായും കുറിക്കൂട്ടോ ❤️❤️❤️
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)