16/04/2026

നിഴലായ് : ഭാഗം 46

രചന – ശരണ്യ

എന്താ ആനീ…?? നിനക്ക് എന്ത് പറ്റി..?? ദാ ഫോൺ പിടിക്ക്… ആനിയുടെ കണ്ണ് പോകുന്ന ഭാഗത്തേക്ക് ആതിര നോക്കി.. ഓഹ് എന്റെ ആനീ..ഇത് കണ്ടിട്ട് ആണോ നീ ഇങ്ങനെ ഓവർ റിയാക്റ്റ് ചെയ്തത്…? ബാംഗ്ലൂർ ആണ് മോളെ…ഇതൊക്കെ ഇവിടെ സാധാരണമാണ്…അവർ ആരെയും ശല്ല്യം ചെയ്യുന്നില്ലല്ലോ.. അവരുടെ കാര്യം നോക്കി ഒരു കോർണറിൽ ഇരിക്കുന്നു…ഇത് കണ്ടിട്ട് ഇങ്ങനെ ആണെങ്കിൽ ആ ലാൽ ബാഗിൽ എങ്ങാനും പോയാൽ മോൾ എന്ത് ചെയ്തേനെ…ദാ കോൾ കട്ട് ആയിട്ടില്ല…നീ ഫോൺ പിടിക്ക്… ആതിര ആനിയുടെ കൈയ്യിലേക്ക് ഫോൺ വയ്ച്ചു കൊടുത്തു…പക്ഷേ അപ്പോഴും ആനിയുടെ നോട്ടം മാറിയിരുന്നില്ല..

ഇവൾ ഇത് എന്ത് നോക്കി നിൽക്കുവാ…? ആനി നീ ആരെയാ ഈ നോക്കുന്നത്…?? മരത്തിന് പിന്നിൽ ഇരിക്കുന്ന ലവേഴ്സിനെ കണ്ടിട്ട് ആയിരുന്നില്ല ആനിയുടെ കൈയ്യിൽ നിന്ന് ഫോൺ താഴെ പോയതും അവൾ ഞെട്ടിത്തരിച്ച് നിന്നതും… അവരുടെ അടുത്തേക്ക് നടന്ന് വരുന്ന മനുഷ്യനെ കണ്ട് ആനിയുടെ മുഖം മാറുന്നത് ആതിര ശ്രദ്ധിച്ചു….ആനി നോക്കി നിന്നത് അയാളെയാണെന്ന് അവൾക്ക് മനസിലായി.. മോളെ… ആന്റണി വളരെ ആർദ്രമായി അവളെ വിളിച്ചു..അയാളുടെ വിളി കേട്ട് ആനി പെട്ടെന്ന് മുഖം തിരിച്ചു… ആനി മോളെ… മോളോ..ആരുടെ മോൾ…?? ഞാൻ ആരുടേയും മകൾ അല്ല..എനിക്ക് ആകെ എന്റെ അമ്മ മാത്രമേ ഉള്ളു…

മോളെ ഞാൻ…. വേണ്ട…എന്തിനാ ഇപ്പോൾ ഇവിടേയ്ക്ക് വന്നത്…?? ഞാൻ സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലേ..?? എന്റെ സമാധാനം നശിപ്പിക്കാൻ വന്നത് ആണോ…??? മോളെ… ഞാൻ ദേവിയോടും നിന്നോടും ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റ് ആണെന്ന് എനിക്ക് അറിയാം..അതിനൊക്കെ ഇപ്പോൾ നിന്നോട് വന്ന് ക്ഷമ ചോദിക്കുന്നത് കൊണ്ട് ഒരു അർത്ഥവുമില്ല… എങ്കിലും മോളെ…ഞാൻ… വർഷങ്ങളായി ഉള്ളിൽ കൊണ്ട് നടന്നത് എല്ലാം ഇന്ന് എല്ലാവരും അറിഞ്ഞു..എബി എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞപ്പോൾ നെഞ്ചിൽ നിന്ന് എന്തോ വലിയൊരു ഭാരം ഇറക്കി വയ്ച്ച പോലെയാണ് തോന്നിയത്..

ഞാൻ നിന്റെ അപ്പൻ അല്ലേ മോളെ… നിന്നോട് എങ്കിലും എനിക്ക് മാപ്പ് ചോദിക്കണം…. ഇല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല.. അപ്പനോ…?? നിങ്ങളോ…?? എന്ന് മുതലാണ് അങ്ങനെ ഒരു ചിന്ത നിങ്ങൾക്ക് ഉണ്ടായത്…??? ഒരിക്കലും നിങ്ങൾ എന്റെ അമ്മയെ ഭാര്യയായി അംഗീകരിച്ചിട്ടില്ല.. എന്നെ മകളായും അംഗീകരിച്ചിട്ടില്ല.. പിന്നെ ഇപ്പോൾ എവിടെന്ന് വന്നു മകൾ ആണെന്ന ഈ ചിന്ത..? നിങ്ങളുടെ വീട്ടിൽ നിന്ന് എന്നെയും അമ്മയെയും ഇറക്കി വിട്ടപ്പോൾ നിങ്ങൾ വെറുതെ നോക്കി നിന്നില്ലേ..അന്ന് അച്ഛനെന്ന് വിളിച്ച് അടുത്തേക്ക് വന്ന എന്നെ നിങ്ങൾ ഒന്ന് തിരിഞ്ഞു നോക്കിയോ..? ഇല്ല.. അന്ന് എവിടെ പോയി അപ്പൻ എന്നുള്ള ചിന്ത..?? നിങ്ങൾക്ക് അറിയോ ഞാനും എന്റെ അമ്മയും എന്ത് മാത്രം സങ്കടം അനുഭവിച്ചിട്ടുണ്ടെന്ന്…

നിങ്ങൾ ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും എന്റെ കുഞ്ഞ് മനസ്സ് എന്ത് മാത്രം സന്തോഷിച്ചിരുന്നുവെന്നോ…എല്ലാ കുട്ടികളെയും പോലെ അമ്മയുടെയും അച്ഛന്റെയും ഒപ്പമുള്ള ജീവിതം ഞാനും ആഗ്രഹിച്ചിരുന്നു..പക്ഷേ എന്റെ കൺമുന്നിൽ ഇട്ട് എന്റെ അമ്മയെ വേദനിപ്പിക്കുന്ന ഒരു മനുഷ്യൻ മാത്രമായിരുന്നു നിങ്ങൾ..പുറകെ കരഞ്ഞുകൊണ്ട് ഓടി വരുന്ന എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിങ്ങൾ പോകുമായിരുന്നു…ആദ്യമായി നിങ്ങളെ കണ്ടപ്പോൾ എന്റെ കണ്ണിൽ ഉണ്ടായ കൗതുകം പതിയെ പതിയെ നിങ്ങളോടുള്ള പേടിയായി മാറി.. അവസാനം നിങ്ങൾ വീട്ടിലേക്ക് വന്ന ദിവസം ഓർക്കുന്നുണ്ടോ..?? അന്ന് എന്റെ അമ്മയെ നിങ്ങൾ ഒരുപാട് തല്ലി…എന്റെ കണ്ണീര് പോലും നിങ്ങൾ വക വയ്ച്ചില്ല..

ഒടുവിൽ എന്റെ അമ്മയെ കൊന്ന് എന്നെ നിങ്ങൾ അനാഥയാക്കി… ഇല്ല മോളെ…ഞാൻ അല്ല ദേവിയെ.. എന്നെ കൊണ്ട് അവളെ…കഴിയില്ല എനിക്ക്…ഞാൻ അല്ല മോളെ… നിങ്ങൾ അറിയാതെ ചെയ്ത് പോയ തെറ്റ് എന്നാണോ പറയാൻ പോകുന്നത്…ശരി.. സമ്മതിച്ചു…എന്റെ അമ്മയ്ക്ക് അത്രയെ ആയുസ്സ് ഉള്ളൂ എന്ന് കരുതി സമാധാനിച്ചോളാം ഞാൻ…പക്ഷെ അതിന് ശേഷമോ…നിങ്ങളിലെ അപ്പൻ എവിടെ പോയി..?? മകളെ കൂടെ കൊണ്ട് പോകാമായിരുന്നില്ലേ…ഫാദർ പോൾ എന്നോട് കാണിച്ച കരുണയും സ്നേഹവും പോലും നിങ്ങൾക്ക് എന്നോട് തോന്നിയില്ല…അന്ന് നിങ്ങൾ എന്നെ മകളായി സ്വീകരിച്ചിരുന്നെങ്കിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു രാത്രി എന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല…

ഇങ്ങനെ ഒന്നും സംഭവിക്കുമായിരുന്നില്ല… തെറ്റ് തിരുത്താൻ കർത്താവ് നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടും നിങ്ങൾ സ്വന്തം തെറ്റ് തിരുത്താൻ നോക്കിയോ…?? ഇല്ല..എന്നിട്ട് ഇപ്പോൾ അപ്പൻ ആണെന്ന് പറഞ്ഞ് വന്നേക്കുന്നു…ഹമ്… ആനിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ആന്റണിക്ക് മറുപടി ഇല്ലായിരുന്നു.. എന്നെങ്കിലും ഒരിക്കൽ ഇത് പോലെ നിങ്ങളെ നേർക്ക് നേർ കാണേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു… അത് കൊണ്ട് മാത്രമാണ് ഇച്ചായനോട് തോന്നിയ ഇഷ്ടം പോലും മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ ഞാൻ ശ്രമിച്ചത്… ഇപ്പോൾ ഞാൻ ഈ ബാംഗ്ലൂർ എത്തി നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ…?? ഞാൻ കാരണം ഒരുപാട് പേർ വിഷമിക്കേണ്ടി വന്നു..

എന്റെ ബാല്യം കൗമാരം എല്ലാം നശിച്ചു… എല്ലാത്തിനും കാരണക്കാരൻ നിങ്ങൾ ഒരാൾ മാത്രമാണ്…എനിക്കും എന്റെ അമ്മയ്ക്കും സങ്കടം മാത്രം തന്ന നിങ്ങളെ ഞാൻ അപ്പനായി അംഗീകരിക്കണോ…?? പറയ്.. മോളെ…എല്ലാം എന്റെ തെറ്റാണ്…സ്വന്തം മനസാക്ഷി പോലും എന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് നാളുകളായി.. നിന്നെ കണ്ട് ക്ഷമ ചോദിക്കണമെന്ന് തോന്നി…നീ എന്നോട് ക്ഷമിക്കുമെന്നുള്ള പ്രതീക്ഷയോടെ അല്ല ഞാൻ ഇവിടേക്ക് വന്നത്…എന്നോട് ക്ഷമിക്കണമെന്ന് പറയാൻ പോലും എനിക്ക് അർഹതയില്ല.. നിന്നിൽ നിന്ന് ഇതൊക്കെ കേൾക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഇവിടേക്ക് വന്നത്..എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറുവാണ് മോളെ…

ഹാ ഇപ്പോൾ കുറ്റബോധം തോന്നിയിട്ട് എന്ത് പ്രയോജനം..അല്ലേ…ക്ഷമ എന്ന വാക്ക് കൊണ്ട് മാറുന്ന തെറ്റ് അല്ലല്ലോ ഞാൻ ചെയതത്.. ഹമ്..നിങ്ങൾ കാരണം ഒരുപാട് വേദനിക്കുന്ന ഒരാൾ ഉണ്ട്…നിങ്ങളുടെ ഭാര്യ…മേഴ്സിയമ്മ…അവരോട് നിങ്ങൾ മാപ്പ് ചോദിക്ക്..അവരോട് എങ്കിലും എല്ലാം നിങ്ങൾക്ക് തുറന്ന് പറയാമായിരുന്നു… നിങ്ങൾ എന്റെ മുന്നിൽ ഇങ്ങനെ തല കുനിച്ച് നിൽക്കല്ലേ…പ്ലീസ്..എന്നോട് ക്ഷമ ചോദിച്ച് സ്വയം ചെറുതാവല്ലേ… നീ എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്…നീ എന്റെ മുഖത്ത് ആട്ടിയാലും നിന്നെ ഞാൻ കുറ്റം പറയില്ല മോളെ…നീ എന്നെ തല്ലിയാൽ പോലും ഞാൻ സന്തോഷത്തോടെ കൊള്ളും..

കാരണം അത്ര മാത്രം എന്നോട് വെറുപ്പ് ഉണ്ടെന്ന് എനിക്ക് അറിയാം…അതിൽ എനിക്ക് പരാതിയില്ല. മേഴ്സിയോട് ഒപ്പം സന്തോഷത്തോടെ ഒരു ജീവിതം ഇനി എനിക്ക് സാധ്യമല്ല മോളെ… വെറുതെ ഞാൻ ചെയ്ത തെറ്റുകളുടെ ഫലം അവൾ കൂടി അനുഭവിക്കണ്ട… അവൾ സമാധാനത്തോടെ ജീവിച്ചോട്ടെ…ഞാൻ പോകുവാ… എങ്ങോട്ടേക്ക് എന്ന് അറിയില്ല…മരണം വരെ എങ്ങനെയെങ്കിലും ജീവിക്കണം.. നിന്നെ കണ്ട് ക്ഷമ ചോദിക്കണമെന്ന് ഉണ്ടായിരുന്നു…അതിന് സാധിച്ചല്ലോ.. മതി..മേഴ്സിയോട് ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ടായിരുന്നു.. പോട്ടെ മോളെ… ആന്റണി തിരിഞ്ഞ് നടന്നു… മോളെ…ഒരു കാര്യം…നിനക്ക് എന്നെ ഒരിക്കലും അപ്പനായി കാണാൻ കഴിയില്ല എന്ന് എനിക്ക് അറിയാം..അതിന് ഞാൻ നിന്നെ ഒരിക്കലും നിർബന്ധിക്കുകയും ഇല്ല…

പക്ഷെ എന്റെ മേഴ്സി..ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ ഇന്നും ഒരുപാട് വിഷമിക്കുന്നുണ്ട്..അവളെ നീ അമ്മയെ പോലെ കണ്ട് സ്നേഹിക്കണേ…ഞാൻ അവൾക്ക് നൽകിയ വേദനകൾക്ക് പകരം ഒരിത്തിരി സ്നേഹം നീ അവൾക്ക് കൊടുക്കണേ… ഇത് എന്റെ ഒരു അപേക്ഷയാണ്…. നിറഞ്ഞു വന്ന കണ്ണ് തുടയ്ച്ചു കൊണ്ട് ആന്റണി തിരിഞ്ഞ് നടന്നു…അയാൾ പോയതും ആനി ആതിരയെ നോക്കി… ആനിയുടെയും ആന്റണിയെയും സംസാരം നോക്കി നിൽക്കുവായിരുന്നു ആതിര…. ആനീ…നീ ഇവിടെ ഇരിക്ക്… ആനി ബെഞ്ചിൽ ഇരുന്നുകൊണ്ട് ആതിരയുടെ തോളിൽ തല ചായ്ച്ചു..ആനിയുടെ കണ്ണ് കലങ്ങിയിരുന്നു…എന്ത് പറയണമെന്ന് അറിയാതെ ആതിര ആനിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു….

ഒരുപക്ഷെ ആനിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിലും ഇങ്ങനെയെ റിയാക്റ്റ് ചെയ്യുമായിരുന്നുള്ളൂ എന്ന് അവൾക്ക് തോന്നി.. പോട്ടെ…നീ വിഷമിക്കാതെ… അവൾ ആനിയെ സമാധാനിപ്പിക്കാൻ നോക്കി…ഇത്ര നാളും തന്റെ ഉള്ളിൽ ഒതുക്കി വയ്ച്ചിരുന്ന ആന്റണിയോടുള്ള ദേഷ്യവും വെറുപ്പുമായിരുന്നു അവളുടെ വാക്കുകളിലൂടെ പുറത്ത് വന്നത്… ആതീ…. അയാൾ എവിടെ…..?? എങ്ങോട്ട് പോയി…?? എന്താ…എന്താ ആനി..? അയാൾ എങ്ങോട്ടാ പോയത്…? നീ കണ്ടോ… ദേ അങ്ങോട്ട് ആണ്..എന്താ കാര്യം…? നീ വാ.. അവൾ ബാഗും എടുത്ത് ആന്റണി പോയ ഭാഗത്തേക്ക് ഓടി… ശോ…ഇത് എങ്ങോട്ട് പോയി… എന്താ ആനി…?? നീ കാര്യം പറ… എനിക്ക് അയാളെ കാണണം.. എന്തിന് ??? അതൊക്കെ പറയാം… ആനീ..നീ ആ കാറിലേക്ക് നോക്കിയേ.. അത്…അത് നിന്റെ അപ്പൻ അല്ലേ… അവർ വേഗം കാറിനടുത്തേക്ക് പോയി…

കാറിനുള്ളിൽ ആന്റണി തന്നെയായിരുന്നു…സീറ്റിൽ ചാരി കണ്ണ് അടയ്ച്ചിരിക്കുവായിരുന്നു ആന്റണി.. ആനിയെ അവിടെ കണ്ടതും അയാൾ കണ്ണ് തുടയ്ച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി… എന്താ മോളെ…?? അത്… ഇനി എങ്ങോട്ട് പോകുവാ…? അറിയില്ല.. അപ്പോൾ മേഴ്സിയമ്മ…?? ആന്റണി തല താഴ്ത്തി നിന്നു… എന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചില്ലേ…അത് പോലെ മേഴ്സിയമ്മയെ കൂടി വിഷമിപ്പിക്കാൻ പോകുവാണോ..?? കുറെ കാലമായി മനസ്സിൽ കൊണ്ട് നടന്നത് എല്ലാം കൂടി ഒരുമിച്ച് പുറത്ത് വന്നു…അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്…ഞാൻ ക്ഷമിച്ചാൽ മാത്രം ഇനി പാറക്കുന്നേൽ തറവാട്ടിലേക്ക് ചെന്നാൽ മതിയെന്ന് അല്ലേ അവിടെ ഉള്ളവർ പറഞ്ഞത്..ഞാൻ എങ്ങനെയാണ് നിങ്ങളോട് ക്ഷമിക്കേണ്ടത്…

ഒന്നുമില്ലെങ്കിലും നിങ്ങളുടെ ചോരയല്ലേ…അപ്പൻ മോളോട് ക്ഷമ ചോദിക്കുന്നത് ശരിയാണോ…? ഞാൻ അല്ല എന്റെ അമ്മയാണ് നിങ്ങളോട് ക്ഷമിക്കേണ്ടത്…ഇപ്പോൾ അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും അമ്മ നിങ്ങളോട് ക്ഷമിച്ചേനെ…കാരണം നിങ്ങളെ എന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്‌മായിരുന്നു… ഒരിക്കൽ പോലും നിങ്ങളെ കുറിച്ച് അമ്മ എന്നോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല.. എല്ലാം നിങ്ങളുടെ സാഹചര്യം കൊണ്ടാണ് എന്നെങ്കിലും നിങ്ങൾ ഞങ്ങളുടെ അടുത്തേക്ക് വരും അമ്മയെയും എന്നെയും സ്നേഹം കൊണ്ട് മൂടും എന്നൊക്കെ അമ്മ എന്നോട് പറയുമായിരുന്നു… മോളെ…ഞാൻ… അത് കൊണ്ട് മേഴ്സിയമ്മയുടെ അടുത്തേക്ക് തിരിച്ചു പോകണം… ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്ക് ഇടയിൽ ഉള്ളൂ…പിന്നെ പെട്ടെന്ന് ഒരു ദിവസം നിങ്ങൾ വന്ന് ഞാൻ നിന്നെ എന്റെ മകളായി അംഗീകരിച്ചു നീയും എന്നെ അപ്പനായി കാണണമെന്ന് പറഞ്ഞാൽ എല്ലാം മറന്ന് നിങ്ങളെ അപ്പൻ എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല..

വർഷങ്ങൾക്ക് മുന്നേ മനസ്സിൽ പതിഞ്ഞ നിങ്ങളുടെ ഒരു ചിത്രമുണ്ട്….. അത് ഇനി എത്ര തേയ്ച്ചാലും മായ്ച്ചാലും പോകില്ല…ഇനിയുള്ള കാലം പരിചിതരായ അപരിചിതരായി നമുക്ക് ജീവിക്കാം… ഇച്ചായനെ പോലെ ഇനി മുതൽ എനിക്കും നിങ്ങൾ അന്റോച്ചൻ ആണ്.. മേഴ്സിയമ്മയുടെ ഭർത്താവ്… മേഴ്സിയമ്മയോട് ഞാൻ വിളിച്ചു പറയും… വേഗം വീട്ടിൽ എത്തിയേക്കണം…നാട് വിട്ട് ഒന്നും പോയേക്കരുത്… ആന്റണിയുടെ കണ്ണ് നിറഞ്ഞൊഴുകി… ദേവി വളർത്തിയ തന്റെ മകൾ മനസ്സിലെ നന്മ കൊണ്ട് തന്നെക്കാൾ വളരെ വളരെ ഉയരത്തിലാണെന്ന് അയാൾക്ക് തോന്നി…

ആനിയും ആതിരയും തിരികെ വന്ന് പാർക്കിലെ ബെഞ്ചിൽ ഇരുന്നു..ആതിര ആനിയെ തന്നെ നോക്കിയിരിക്കുവായിരുന്നു… എന്താ ആതീ…?? എന്തേ നീ എന്നെ ഇങ്ങനെ നോക്കുന്നത്….?? ഒന്നുമില്ല.. കുറച്ചു മുൻപ് ആ മനുഷ്യനോട് കിടന്ന് ചാടി കടിച്ച പെണ്ണാണ്…ഇപ്പോൾ പുറകെ പോയി അയാളോട് ക്ഷമിച്ചു… വീട്ടിലേക്ക് പോകണം എന്ന് ഒക്കെ പറഞ്ഞിട്ട് വന്നത്…ഇത്ര വേഗം അയാളോട് ക്ഷമിക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു ആനീ..? നിന്നോടും അമ്മയോടും അയാൾ ചെയ്തത് എല്ലാം നിനക്ക് ക്ഷമിക്കാൻ കഴിഞ്ഞോ..? അതോ വെറുതെ നീ അങ്ങനെ പറഞ്ഞത് ആണോ..??? ക്ഷമ…ആ വാക്കിന്റെ അർത്ഥം എന്താണ്…?? ബൈബിളിൽ ഒരു വചനമുണ്ട്.. “നിന്നോട് തെറ്റ് ചെയ്തവരോട് നീ ക്ഷമിക്കുവിൻ…നിന്റെ തെറ്റുകൾ കർത്താവും ക്ഷമിക്കും..”

ഒരിക്കലും ആ മനുഷ്യന്റെ മുന്നിൽ പോകരുത് എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..മറ്റ് ഒന്നും കൊണ്ട് അല്ല..പരിസരം മറന്ന് ഞാൻ പൊട്ടിത്തെറിച്ച് പോകും.. കരുണാലയത്തിൽ എത്തിയ ശേഷം ഒരിക്കൽ അവിടെ വയ്ച്ച് ഞങ്ങൾ തമ്മിൽ കണ്ടിരുന്നു..അതായിരുന്നു അവസാന കൂടിക്കാഴ്ച്ച…എനിക്ക് അമ്മ മാത്രമേ ഉള്ളു…ഒരിക്കലും ഒരു അവകാശവും ചോദിച്ച് ഞാൻ അയാളുടെ അടുത്തേക്ക് വരില്ലാ എന്ന് ഒക്കെ അന്ന് ഞാൻ പറഞ്ഞിരുന്നു…ഞാൻ അയാളോട് പറഞ്ഞത് എല്ലാം നീയും കേട്ടത് അല്ലേ. എല്ലാം മറന്ന് പെട്ടെന്ന് ഒരു ദിവസം അയാളെ അപ്പച്ചനായി കാണാൻ ഒന്നും എനിക്ക് പറ്റില്ല…എല്ലാം മറന്നെന്ന് ഞാൻ പറഞ്ഞാൽ തന്നെ ജീവിതാവസാനം വരെ ഞാൻ അങ്ങനെ അഭിനയിക്കേണ്ടി വരും… പിന്നെ നീ എന്തിനാണ്…?? മേഴ്സിയമ്മയ്ക്ക് വേണ്ടി..അയാളെ ഓർത്ത് എന്റെ അമ്മ ഒത്തിരി വിഷമിച്ചു..

അത് പോലെ അവരും വിഷമിക്കണോ..? എന്തിനാ വെറുതെ ഞങ്ങൾക്ക് ഇടയിൽ കിടന്ന് ആ പാവം സ്ത്രീ വെറുതെ വിഷമിക്കുന്നത്… സഹോദരനും സഹോദരന്റെ മകനും അങ്ങനെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരാൾക്ക് പകരമാകാൻ മറ്റ് ആർക്കും കഴിയില്ല..സ്വന്തമെന്ന് പറയാൻ അവർക്ക് ഒരു കുഞ്ഞ് പോലും ഇല്ല… എനിക്ക് ഇപ്പോൾ എല്ലാവരും ഇല്ലേ..എന്റെ ഇച്ചായൻ ഇല്ലേ…അവർക്ക് സ്നേഹിക്കാനും അവരെ സ്നേഹിക്കാനും ആകെ ഉള്ളത് ഈ മനുഷ്യനാണ്…ഞാൻ ക്ഷമിച്ചു എന്ന ഒറ്റ വാക്ക് കൊണ്ട് അവരുടെ രണ്ടുപേരുടെയും സന്തോഷം തിരികെ വരുവാണെങ്കിൽ അതിലും വലുത് എന്താണ് ഉള്ളത്…?? അത് മാത്രമല്ല അസ്വസ്ഥമായി കിടക്കുന്ന പാറക്കുന്നേൽ തറവാട്ടിലെ അന്തരീക്ഷവും ശാന്തമാകും.

ആ കണ്ണ് നിറഞ്ഞത് നീ കണ്ടില്ലേ…അതിൽ സത്യമുണ്ടെന്ന് എനിക്ക് തോന്നി..മകളുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥ കർത്താവ് അയാൾക്ക് നൽകിയില്ലേ…ഒരൊറ്റ നിമിഷം കൊണ്ട് എല്ലാ ബന്ധങ്ങളും ഇല്ലാണ്ടായില്ലേ..ഭാര്യ പോലും തള്ളി പറഞ്ഞില്ലേ..ഇതിൽ കൂടുതൽ ഇനി എന്ത് ശിക്ഷ ലഭിക്കാനാണ്… എന്റെ മനസ്സിൽ അച്ഛൻ എന്ന സ്ഥാനം ഒരു കാലത്തും അയാൾക്ക് ഉണ്ടാവില്ല… അച്ഛനെ പോലെ ഞാൻ കണ്ടത് ഒരാളെ മാത്രമാണ്…വിച്ചേട്ടന്റെ അച്ഛനെ…അത് എന്നും അങ്ങനെ തന്നെയായിരിക്കും… ഇനി ഇപ്പോൾ എന്താ…?? ഈ മനുഷ്യൻ അന്റോച്ചൻ ആണെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.. ഇച്ചായന്റെ ആന്റിയുടെ ഭർത്താവ്…ആ ഒരു ബന്ധം മാത്രമേ ഉള്ളൂ..

എന്തോ ഇപ്പോൾ മനസ്സിന് ഒരു ആശ്വാസം കൈ വന്ന പോലെ..കുറെ വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നത് എല്ലാം അയാളുടെ മുഖത്തു നോക്കി ചോദിച്ചപ്പോൾ വല്ലാത്ത ഒരു സമാധാനം…..ഇനി എനിക്ക് നാട്ടിലേക്ക് പോകാം..ഇയാൾ എങ്ങാനും മുന്നിൽ വന്നാൽ എങ്ങനെ ഫേസ് ചെയ്യും എന്നൊരു ചിന്ത ഉണ്ടായിരുന്നു..അത് മാറി..മേഴ്സിയമ്മയെ ഒന്ന് വിളിക്കണം.. ആ പാവം എന്ത് പിഴച്ചു..?? ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞാൽ അവർക്ക് സന്തോഷമാകും… ആനീ….നീ ശരിക്കും വെറും പാവം പെണ്ണാ.. എബി ചേട്ടായിക്ക് നിന്നോട് ഇഷ്ടം തോന്നിയതിൽ അങ്ങേരെ എങ്ങനെ കുറ്റം പറയും..ചേട്ടായി നിന്റെ പുറകെ നടന്നില്ലെങ്കിലെ അത്ഭുതമുള്ളൂ..

ആതിര ആനിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വയ്ച്ചു… നീ വേഗം വിളിക്ക്…ഇരുട്ടി തുടങ്ങി…നമുക്ക് പോകണ്ടേ.. മേഴ്സിയെ വിളിക്കാനായി ഫോൺ എടുത്തപ്പോഴാണ് എബിയുടെ കോൾ ഇതുവരെ കട്ട് ആയില്ലെന്ന കാര്യം ആനി അറിയുന്നത്…ആന്റണിയെ കണ്ട ഷോക്കിൽ അവൾ ഫോൺ ശ്രദ്ധിച്ചതെ ഇല്ല…ആനി വേഗം ഫോൺ എടുത്ത് ചെവിയോട് ചേർത്തു… ഹലോ..ഇച്ചായാ… മ്മ്….എല്ലാം ഞാൻ കേട്ടു…..നീ ക്ഷമിച്ചു എന്ന് പറഞ്ഞത് തന്നെയാണ് നീ അന്റോച്ചന് വിധിച്ച ഏറ്റവും വലിയ ശിക്ഷ…എനിക്ക് സന്തോഷമായി ആനീ… നിന്റെ തീരുമാനം തന്നെയാണ് ശരി… ഇപ്പോൾ എന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ…നിന്നെ എടുത്ത് പൊക്കി വട്ടം കറക്കിയേനെ ഞാൻ….

ഐ ലവ് യൂ ആനീ… ആനി ഒന്നും മിണ്ടിയില്ല.. എന്താടി ഒന്നും മിണ്ടാത്തത്… ഹലോ… പറഞ്ഞോ ഇച്ചായാ…ഞാൻ കേൾക്കുന്നുണ്ട്… കരയുവാണോ നീ… മ്മ്… എല്ലാ സങ്കടങ്ങളും അവസാനിച്ചില്ലേ… ഇനി എന്തിനാ നീ കരയുന്നത്…?? നമുക്ക് ഇടയിൽ ഉണ്ടായിരുന്ന അവസാനത്തെ കാർമേഘവും നീങ്ങി…ഇനി വെയിൽ വരട്ടെ ആനി മോളെ..സന്തോഷത്തിന്റെ ഇള വെയിൽ… എബി പറഞ്ഞത് കേട്ട് ആനി ചിരിച്ചു… ആനിയുടെ മുഖത്തെ സന്തോഷം പതിയെ പതിയെ ആതിരയുടെ മുഖത്തേക്കും പടർന്നു.. തുടരും….