19/04/2026

ആത്മരാഗം : ഭാഗം 27

രചന – ഗൗരി ലക്ഷ്മി

പ്രണയം മരണത്തെക്കാൾ തണുപ്പേറിയതാണ്..

മനസ്സിൽ ഒരുവനോടുള്ള പ്രണയം നിറഞ്ഞു നിൽക്കുമ്പോൾ മറ്റൊരുവന് മുൻപിൽ അവന്റെ കാമം തീർക്കാൻ കിടക്കേണ്ടി വരിക..

കണ്ണുകൾ വലിച്ചുതുറന്നു ജിജോ കിടക്കയുടെ സൈഡിലേയ്ക്ക് നോക്കുമ്പോഴും വാരിചുറ്റിയ സാരിയുടുത്തു ഹെഡ് റെസ്റ്റിൽ ചാരി ഏതോ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന നിയയെയാണ് കണ്ടത്..

മുഖം കരഞ്ഞു ചുവന്നിരിക്കുന്നു..

തലേ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലെന്നത് വ്യക്തം..

മുടിയൊക്കെ പാറിപറന്നൊരു ഭ്രാന്തിയെ പോലെയുള്ള ഇരിപ്പ്..

ജിജോ ആദ്യമൊന്ന് പകച്ചെങ്കിലും തലേ രാത്രി മനസ്സിലേക്ക് വന്നതും തെല്ല് പുച്ഛത്തോടെ അവളെ നോക്കി..

മെല്ലെ എഴുന്നേറ്റിരുന്നവളെ നോക്കി..

അവൾ മറ്റേതോ ലോകതാണെന്നു ബോധ്യമായതും കാലിൽ പിടിച്ചു വലിച്ചു..

ഇരുന്നിരുന്നവൾ നീണ്ടു കട്ടിലിലേക്ക് കടന്നുപോയി..

ഞെട്ടലോടെ അവൾ അവനെ നോക്കിയതും അവനവളുടെ കഴുത്തിലേയ്ക്ക് മുഖം പൂഴ്ത്തിയിരുന്നു..

അവന്റെ കൈകൾ ശരീരത്തിൽ അലഞ്ഞു തുടങ്ങിയതും അവളൊന്ന് പിടഞ്ഞു.. പ്രതിഷേധപൂർവ്വം തടയാൻ ശ്രമിച്ചു..

ഒന്നടങ്ങു.. നിന്റെ ആദിയെ പോലെയല്ല.. ഞാൻ കാണാത്ത ഒന്നും ഈ ദേഹത്തില്ല..

വഷളൻ ചിരിയോടെ അതും പറഞ്ഞു തന്നിലേയ്ക്ക് അമരുന്നവനെ നിർജ്ജീവമായി അവൾ നോക്കികിടന്നു..

പൊയ്ക്കോ.. പോയി ഫ്രഷായി ഇച്ചായനൊരു ചായ ഇട്ടേച്ചു വാ..

ഏറെ നേരത്തിന് ശേഷമവൻ അകന്നുമാറി പറഞ്ഞതും നിയ എഴുന്നേറ്റു..

നിന്നെ ഇങ്ങനെ കാണുന്നതിലും ഭംഗി മുൻപ് കണ്ടപോലെ കാണാനായിരുന്നു..

കുളിച്ചുവന്നു മുടി കോതി നിന്നവളുടെ ഇടുപ്പിലേയ്ക്ക് കൈകളമർത്തി പിൻകഴുത്തിലേയ്ക്ക് ചേർന്നവൻ പറഞ്ഞതും നിയ കണ്ണുകൾ ഇറുകെ പൂട്ടി..

പിന്നെ അവനു മുൻപിൽ നിന്നുകൊടുത്തു..

അവളുടെ പ്രതികരണമില്ലായ്മ തെല്ല് കുഴപ്പിച്ചതുകൊണ്ടു തന്നെ അവൻ അവളിൽ നിന്നകന്നു മാറി..

അവനെ ഒന്ന് നോക്കാൻ പോലും നിൽക്കാതെ നിയ റൂം തുറന്നു പോകുമ്പോൾ തന്റെ ലക്ഷ്യം സാക്ഷാത്കരിച്ച സന്തോഷത്തിൽ നിൽക്കുകയായിരുന്നു ജിജോ.. ഒരു വിജയിയുടെ ആഹ്ലാദത്തോടെ..

******************

പറഞ്ഞാൽ ഒരു വക കേൾക്കില്ലല്ലോ.. ഇങ്ങനെ തണുത്ത വെള്ളം കോരി കുടിക്കരുതെന്നു പറഞ്ഞാൽ കേൾക്കണം..

അല്ലി ശാസനയോടെ ആദിയെ നോക്കി..

കളവു കണ്ടുപിടിക്കപ്പെട്ട കുട്ടിയെ പോലെ മുഖം താഴ്ത്തി കുസൃതി ചിരിയോടെ നിൽക്കുകയാണ് അവൻ..

ജോളിമ്മ ചിരിയോടെ അടുത്തുണ്ട്..

മിണ്ടാതെ നിന്നാൽ മതി.. ക്ലൈമറ്റ് ഒന്ന് മാറിയാൽ ടോൺസിലൈറ്റിസ് ആകും.. എല്ലാം അറിയാമെങ്കിലും ഒന്നും ശ്രദ്ധിക്കില്ല.. ചൂട് ടൈമിൽ നീ തണുത്ത വെള്ളം കുടിച്ചോ.. ഈ തണുപ്പുള്ള ടൈമിലും തണുത്തതേ കുടിക്കൂന്നുള്ള വാശി..

ഇപ്പൊ കണ്ടോ പനി പിടിച്ചത്.. എത്ര പറഞ്ഞാലും കേൾക്കില്ല.. ഇനി ആ ഫ്രിഡ്ജ് തുറക്കുന്നത് കാണട്ടെ ഞാൻ.. ആ കൈ വെട്ടും ഞാൻ..

അവനു ചിരി വരുന്നുണ്ടായിരുന്നു.. ഇടം കണ്ണിട്ട് ജോളിമ്മയെ നോക്കിയപ്പോൾ അവിടെയും അതേ ഭാവം..

രാത്രി കിടക്കാൻ നേരം കുറച്ചേറെ തണുത്ത വെള്ളം കുടിച്ചിരുന്നു.. രാവിലെ തൊണ്ട അടഞ്ഞു ഒച്ചയും അടഞ്ഞു പനിയും ജലദോഷവും തുടങ്ങി..

അതറിഞ്ഞപ്പോൾ മുതലുള്ള ദേഷ്യമാണ് അല്ലിക്ക്..

അവനവളെ നോക്കി..

ഒന്നാമത് സ്റ്റെഫി ആന്റിയെ ഇങ്ങോട്ട് കൊണ്ടുവന്നതെയുള്ളൂ.. ആന്റിക്ക് ഇൻഫെക്ഷൻ ആകാൻ എളുപ്പമാണ്.. ആശുപത്രിയിൽ നിന്ന് ഷിഫ്റ്റ് ചെയ്യുമ്പോഴേ ഡോക്ടർ പ്രത്യേകം പറഞ്ഞു പുറത്തൂന്നു വിസിറ്റേഴ്‌സ് ഒന്നും പാടില്ലാനൊക്കെ.. അതിന്റെ കൂടെയാ ഇങ്ങനെ ഓരോന്ന് ഒപ്പിച്ചു വെയ്ക്കുന്നത്..

അല്ലി പരിഭവത്തോടെ അവനെ നോക്കി..

അവൾ ഒളികണ്ണിട്ടു തിരിച്ചും..

കള്ള നോട്ടം കണ്ടില്ലേ.. മര്യാദയ്ക്ക് പോയി റൂമിൽ ഇരുന്നോണം.. പുറത്തിറങ്ങേണ്ട.. ഫുഡ് അങ്ങോട്ട് തരാം..

ആദി സങ്കട ഭാവത്തിൽ അവളെ നോക്കി..

ഇവിടെ സ്റ്റെഫി ആന്റിക്ക് ഇൻഫെക്ഷൻ ആകാൻ എളുപ്പമാണ് ആദി.. ഇവിടെല്ലാരും ആന്റിയുമായി ഡയറക്റ്റ് കൊണ്ടാക്റ്റിൽ വരുന്നതാ.. ആർക്കേലും പനി വന്നാലോ..

റോയിച്ചനോ ക്രിസ്റ്റിയോ ഉണ്ടായിരുന്നേൽ തൽക്കാലത്തേക്ക് ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്യാമായിരുന്നു നമുക്ക്.. ഇതിപ്പോ ആരുമില്ലാതെ അതും നടക്കില്ല.. നോക്കട്ടെ.. ഉച്ച കഴിഞ്ഞു ഞാൻ നേരത്തെ വരാം.. നമുക്ക് ആ ജോജി ഡോക്ടറെ പോയി കണ്ട് മെഡിസിൻ വാങ്ങാം..

അമോക്സിലിൻ വാങ്ങിയാൽ മതി..

അടഞ്ഞ ശബ്ദത്തിൽ ആദി പറഞ്ഞൊപ്പിച്ചു..

സ്വയം ചികിത്സയൊന്നും വേണ്ട.. മര്യാദയ്ക്ക് പറയുന്നത് കേട്ടാൽ മതി..

അല്ലി അവനെ കൂർപ്പിച്ചു നോക്കി..

ഇവിടെ നിന്ന് താളം ചവിട്ടേണ്ട.. ജോളിമ്മയ്ക്ക് ആന്റീടെ അടുത്തു പോകേണ്ടതാ..വാ..

അതും പറഞ്ഞവന്റെ കയ്യിൽ പിടിച്ചുകൊണ്ടവൾ റൂമിലേയ്ക്ക് പോയി..

ഇവിടെ അടങ്ങി കിടക്കണം.. പനി ഉണ്ടോ ഇപ്പൊ..

അതും ചോദിച്ചവന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ചവൾ തൊട്ടു നോക്കി..

ചെറു ചൂടേയുള്ളൂ.. ഞാൻ ചക്കരകാപ്പി ഫ്ലാസ്കിൽ ഇട്ടു വെയ്ക്കാം.. അതെടുത്തു ഇടയ്ക്ക് കുടിക്കണം..

ആദി തലയാട്ടി..

ജോളിമ്മയോടും ഇങ്ങോട്ട് കയറേണ്ട എന്നു പറയും ഞാൻ.. ഞാൻ ഓഫീസിൽ പോയിട്ട് ഉച്ചയ്ക്ക് വരാം.. എന്നിട്ട് നമുക്ക് ആശുപത്രിയിൽ പോകാം..

അത്രയ്ക്കൊന്നുമില്ല..

എന്നാലും ഡോക്ടറെ കാണാം.. നീ ഇപ്പൊ കിടന്നോ..

അല്ലി അവനോട് പറഞ്ഞു..

ബാം ബാഗിൽ നിന്നെടുത്തു അവന്റെ നെറ്റിയിൽ പുരട്ടികൊടുത്ത ശേഷം കൈകഴുകി അടുക്കളയിലേക്ക് പോയി അവൾ..

ജോളിമ്മയുടെ തോട്ടത്തിൽ ഇറങ്ങി പനിക്കൂർക്കയും തുളസിയിലയും നുള്ളി അകത്തേയ്ക്ക് നടന്നു..

സോസ് പാനിൽ വെള്ളം വെച്ചു കഴുകിയ ഇലകൾ അതിലേയ്ക്കിട്ടു..

കൂടെ ജീരകവും മല്ലിയും ചക്കരയും കുരുമുളകും കൂടെ അതിലേയ്ക്കിട്ടു സ്റ്റൗ ഓണാക്കി വെച്ചു..

അത് തിളച്ചുതുടങ്ങിയതും ഇടയ്ക്കിടെ ഒന്നിളക്കി കൊടുത്തു.. നല്ലതുപോലെ തിള വന്നതും ഫ്ലെയിം കുറച്ചു വെച്ചു കുറച്ചുനേരം കൂടി തിളപ്പിച്ച ശേഷം അത് അരിച്ചു ഫ്ലാസ്കിലാക്കി ആദിയുടെ റൂമിലേയ്ക്ക് നടന്നു..

ദേ കാപ്പിയാണ്.. ഇടയ്ക്ക് കുടിച്ചോണം..

മ്മ്..

തിരിച്ചുപോയി ബാക്കി കാപ്പി രണ്ടു കപ്പിലേക്ക് ഒഴിച്ചു ഒരു കപ്പ് ജോളിമ്മയ്ക്കും നൽകി ആദിയുടെ റൂമിലേയ്ക്ക് പോകേണ്ട എന്നും പറഞ്ഞേൽപ്പിച്ചു..

ആദിയ്ക്കുള്ള ഇഡലിയും എടുത്തു ചമ്മന്തിയുമൊഴിച്ചു കാപ്പിയുമായി ചെന്നു..

ഇത് കഴിക്ക്..

അവിടെ വെച്ചേയ്ക്കെടാ.. ഞാനിത്തിരി കഴിഞ്ഞിട്ട്..

ഇത്തിരി കഴിയേണ്ട.. കഴിച്ചിട്ട് തൽക്കാലം ഒരു പാരസെറ്റമോൾ കഴിച്ചു കിടന്നോ.. ഞാനിടയ്ക്ക് വിളിക്കാം.. പോയി കൈ കഴുകി വാ..

അവൻ മടിയോടെ എഴുന്നേറ്റതും ഇഡലി മുറിച്ചു ചട്ണിയിൽ മുക്കി അവൾ അവനു നേർക്ക് നീട്ടിയിരുന്നു..

ചെറു ചിരിയോടെ അവനത് കഴിക്കുന്നതിനിടയിലും നിർബന്ധപൂർവ്വം കാപ്പിയും കുടിപ്പിച്ചു..

തനിക്ക് മരുന്നും നൽകി ദൃതിയിൽ ഭക്ഷണവും കഴിച്ചു ജോളിമ്മയോട് യാത്ര പറഞ്ഞു കാറിലേക്ക് കയറി അവൾ പോകുന്നതും നോക്കി തന്റെ റൂമിലെ ജനാലയ്ക്കരികിൽ അവൻ നിൽക്കുമ്പോൾ മനസ്സ് നിറയെ വല്ലാത്തൊരനുഭൂതി നിറയുന്നത് അവനറിയുന്നുണ്ടായിരുന്നു..

ഒരു തരം പ്രത്യേക സുഖമുള്ള അനുഭൂതി..

ആ സുഖത്തിനപ്പോൾ പ്രണയത്തിന്റെ സുഗന്ധമായിരുന്നു..

*********************

ഫോൺ തുടർച്ചയായി റിങ് ചെയ്യുന്നത് കേട്ടതും അല്ലി കാറൊന്നൊതുക്കി ദൃതിയിൽ ഫോണെടുത്തു..

ഇപ്പൊ എന്തോ മനസ്സിൽ വല്ലാത്ത പേടിയാണ്.. സ്റ്റെഫി ആന്റിയുടെ കാര്യം അങ്ങനെ നിൽക്കുന്നു.. റോയിച്ചനും ക്രിസ്റ്റിയും ഡൽഹിയിൽ.. ജോളിമ്മയ്ക്കും ജോയിച്ചനും സുഖമില്ല.. ഇപ്പോൾ ആദിക്കും..

ആലോചനയോടെ തെല്ല് ഭീതിയോടെ സ്ക്രീനിൽ നോക്കിയതും അതിൽ തെളിഞ്ഞിരിക്കുന്ന അൺനോൺ നമ്പർ കണ്ട് അവൾക്ക് സംശയം തോന്നി..

ഹലോ…

കോൾ അറ്റൻഡ് ചെയ്ത് കാതിലേയ്ക്ക് ചേർത്തു അവൾ..

അല്ലി..

ഒരു നേർത്ത മൗനത്തിന് ശേഷമാ പരിചിതമായ സ്വരം തന്റെ കാതിൽ ഒഴുകിയെത്തിയതും അല്ലി ഒരു നിമിഷം പകച്ചിരുന്നുപോയി..

മനസ്സിലായോ..

വീണ്ടും നേർത്ത സ്വരം.. ഇത്തവണ അതിൽ കൂടുതൽ ഇടർച്ച..

മ്മ്.. എന്താ കാർത്തി..

ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഇടർച്ചയോടെ അവൾ ചോദിച്ചു..

സുഖമാണോ.

മ്മ്..

അവളൊന്ന് മൂളി..

വീണ്ടും മൗനത്തിന്റെ മൂടുപടം നിറഞ്ഞു..

അല്ലി..

മ്മ്.. പറയൂ..

എനിക്കൊന്ന് കാണണം..

എന്തിന്..

അല്ലിയുടെ മറുചോദ്യത്തിൽ വല്ലാത്ത ദൃഢതയുണ്ടായിരുന്നു..

നേരിൽ പറയാനുള്ള കാര്യമാണ്.. പ്ലീസ്.. എതിർപ്പ് പറയരുത്.. ഒരൊറ്റ വട്ടം മതി..

അപേക്ഷ നിറഞ്ഞിരുന്നു കാർത്തിയുടെ സ്വരത്തിൽ.. ഉള്ളിലെവിടെയോ ഉറങ്ങി കിടന്ന ഓർമ്മകൾ ഉയർത്തെഴുന്നേൽക്കും പോലെ തോന്നി ആ പെണ്ണിന്..

ആദ്യ പ്രണയം.. ഹൃദയത്തിൽ നിന്നൊരു ഗദ്ഗദം തൊണ്ടക്കുഴിയോളമെത്തി നിൽപ്പുണ്ട്.. നെഞ്ചാകെ വിങ്ങുന്ന പോലെ..

വരില്ലേ അല്ലി..

വീണ്ടും അപേക്ഷ നിറഞ്ഞ കാർത്തിയുടെ സ്വരം..

ഓർമകൾ വീണ്ടും പഴയൊരു വീടിന്റെ മുറിവാതിലിൽ എത്തി നിന്നു..

അവൾ കണ്ണൊന്നിറുക്കി പൂട്ടി..

അല്ലി..

എപ്പോഴാണ്..

ഇന്ന് വൈകീട്ട്.. ഒരു മൂന്ന് മണിയൊക്കെ ആകുമ്പോൾ.. പ്രിയദർശിനിയിൽ വന്നാൽ മതി.. പഴയപോലെ.

കാർത്തി ആവേശത്തിൽ പറഞ്ഞു..

സോറി കാർത്തി.. വൈകീട്ട് എനിക്ക് ഒരു ഹോസ്പിറ്റൽ എമർജൻസി ഉണ്ട്..

എന്തുപറ്റി നിനക്ക്..

വേവലാതി നിറഞ്ഞിരുന്നു അവന്റെ സ്വരത്തിൽ… അല്ലിയ്ക്കത് പെട്ടെന്ന് മനസ്സിലാകുകയും ചെയ്തു..

എനിക്കൊന്നുമില്ല.. ആദിയ്ക്ക് ചെറിയ കോൾഡ്.. എനിക്കവനുമായി ഹോസ്പിറ്റലിൽ പോകണം..

അല്ലി പറഞ്ഞുനിർത്തി..

അല്ലി.. ആദി.. അവനൊറ്റയ്ക്ക് പോകില്ലേ.. ഒരു ടാക്‌സി അറേഞ്ച് ചെയ്താൽ പോരെ.. ഞാൻ മാനേജ് ചെയ്യാം..

പോര..

അല്ലി താത്പര്യമില്ലായ്മ പ്രകടിപ്പിച്ചതും കാർത്തി മൗനം പാലിച്ചു..

അല്ലി. ഞാൻ നിന്നെ കാണാൻ ഒന്ന് സംസാരിക്കാൻ മാത്രമായി ഇത്രയും ദൂരെ നിന്ന് വന്നതാണ്.. പ്ലീസ്..

കാർത്തി.. ഞാൻ കാര്യം പറഞ്ഞു.. എനിക്ക് എന്റേതായ ചില റെസ്പോൺസിബിലിറ്റിസ് ഉണ്ട്.. അത് മറ്റൊന്നിന് വേണ്ടിയും മാറ്റിവെക്കാൻ എനിക്ക് കഴിയില്ല..

അല്ലിയുടെ ശബ്ദത്തിൽ നിറഞ്ഞിരിക്കുന്ന നീരസം കാർത്തിയ്ക്ക് വ്യക്തമായി..

ഓകെ.. ഉച്ചയ്ക്ക് മുൻപ്.. നീ ടൈം പറയൂ.. ഞാൻ വരാം..

ഇപ്പൊ എനിക്ക് ഓഫീസിൽ പോകണം.. ഞാൻ വഴിയിലാണ്..

അല്ലി പ്ലീസ്.. എനിക്ക് ഇന്ന് രാത്രിയിലാണ് ഫ്‌ളൈറ്റ്..

അവൻ പറഞ്ഞു..

ഓകെ.. ഇന്നുച്ചയ്ക്ക് ഒരു 12 മണിക്ക്.. ആ ടൈം പറ്റുമോ..

എനിക്ക്..

അല്ലി.. പ്ലീസ്.. ഇറ്റ്‌സ് എ റിക്വസ്റ്റ്..

അല്ലി മൗനം പാലിച്ചു..

താൻ ആലോചിച്ചു പറയൂ.. ഞാൻ കാത്തിരിക്കാം.. നിനക്ക് വേണ്ടിയല്ലേ..

ആ ശബ്ദത്തിൽ നിറയുന്ന വികാരം അല്ലിയെ നോവിക്കുന്നുണ്ടായിരുന്നു..

അല്ലി പ്ലീസ്.. ഞാൻ കോൾ ചെയ്യുമ്പോൾ അവോയ്ഡ് ചെയ്യരുത്.. ഞാൻ നിനക്കൊരു ശല്യമാകില്ല.. അത് മുൻപും അങ്ങനെ ആയിരുന്നു.. സോ പ്ലീസ്..

മ്മ്.. ഞാൻ.. ഞാൻ പറയാം..

എന്തോ കൂടുതൽ സംസാരിക്കാൻ തോന്നാഞ്ഞത് കൊണ്ട് അല്ലി ഫോൺ കട്ട് ചെയ്തു..

മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് അവളറിഞ്ഞു..

കാർത്തി..

ആ മുഖം മനസ്സിൽ നിറയവേ അവളിൽ പോയ കാല ഓർമ്മകൾ നിറഞ്ഞു..

തീർത്തും വീട്ടുകാർ വഴി വന്ന ഒരു അറേഞ്ച് മാര്യേജ് പ്രപ്പോസൽ.. എതിർക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായില്ല. അതുകൊണ്ട് തന്നെ അവർ വന്നു പോകട്ടെ എന്ന അച്ഛൻ്റെ വാക്കിന് മുൻപിൽ സമ്മതം മൂളാൻ അധികം ആലോചിക്കേണ്ടി വന്നതുമില്ല.. പക്ഷേ നേരിയ വെപ്രാളത്തോടെ കാത്തിരുന്ന ദിവസം ആകെ വന്നത് പ്രസീദാൻ്റിയും ഫ്രണ്ടും..

അച്ഛൻ നഷ്ടപെട്ട ഒരാൾ.. അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മകൻ.. നല്ല കുടുംബം.. നല്ല ജോലി.. പറയത്തക്ക ദുസ്വഭാവങ്ങൾ ഒന്നുമില്ല.. അന്വേഷണത്തിൽ എല്ലാവർക്കും തൃപ്തി വന്ന ബന്ധം… അന്നും അമ്മയ്ക്ക് എന്തോ താൽപര്യമില്ലായിരുന്നു.. പ്രസീദാൻ്റിയെ അത്രകണ്ട് ഇഷ്ടമായതുമില്ല..

പിന്നെ.. പിന്നെ എന്തായിരുന്നു.. ചിലപ്പോൾ ആദി… അവനെ അമ്മ ആഗ്രഹിച്ചിരുന്നിരിക്കാം.. അച്ഛന് ആദ്യം താൽപര്യം തീരെ ഉണ്ടായിരുന്നില്ല.. എങ്കിലും അന്വേഷിച്ചു നല്ല ബന്ധമാണെന്ന് ബോധ്യം വന്നപ്പോൾ തന്നോട് അഭിപ്രായം ചോദിച്ചു..

നേരിൽ കാണാതെ എന്ത് പറയാൻ എന്ന് തോന്നി.. ആ ചോദ്യം അച്ഛൻ വായിച്ചെടുത്തിരിക്കണം.. അതുകൊണ്ടാകാം പ്രസീദാൻ്റിയോട് അക്കാര്യം പറഞ്ഞതും..

ആദ്യ കൂടികാഴ്ച്ച.. അതും ഒരു റെസ്റ്റോറൻ്റിൽ വെച്ചായിരുന്നു.. അന്ന് തനിക്ക് കൂട്ടുവന്നത് ആദിയായിരുന്നു.. സിറ്റിയിലെ ഫൈവ് സ്റ്റാർ റെസ്റ്റോറൻ്റിലെ ടേബിളിനിരുവശവും ഇരിക്കുമ്പോഴാണ് ആദ്യമായി അവനോട് സംസാരിക്കുന്നത്..

അന്ന് തുറന്നു പറഞ്ഞു.. എല്ലാം..

അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളും.. കുഞ്ഞുന്നാളിൽ അനുഭവിച്ച ഏകാന്തതയും.. അച്ഛനോടൊപ്പമുള്ള ജീവിതവും.. അച്ഛൻ്റെ മരണശേഷം അമ്മയോടൊത്തുള്ള ജീവിതവും.. എല്ലാം..

കേട്ടറിഞ്ഞതൊന്നുമായിരുന്നില്ല അവൻ്റെ ജീവിതം എന്നുള്ള തിരിച്ചറിവിനും അപ്പുറം ജീവിതത്തിൽ ആദ്യമായി ഒരിഷ്ടം തോന്നുകയായിരുന്നു.. വിവാഹ ശേഷം തന്നെ ഇതൊന്നും ബാധിക്കാതെ ഇരിക്കാൻ ആദ്യമേ തുറന്നു പറഞ്ഞ മനസ്സിനോടുള്ള അടുപ്പം..

തൻ്റെ സമ്മതത്തോടെ വീട്ടിൽ ആലോചന മുൻപോട്ട് കൊണ്ടുപോകാനുള്ള തീരുമാനമായി.. പതിയെ ഫോണിലൂടെയുള്ള വിളിയും ചാറ്റിങ്ങും പതിവായി.. ദേഷ്യം സങ്കടം സന്തോഷം.. എല്ലാം അമിതമായി പ്രകടിപ്പിക്കുന്ന സ്വഭാവം.. എങ്കിലും പാവമായിരുന്നു.. ആദിയോടടക്കമുള്ളവരോട് ചെറിയ കുശുമ്പുണ്ടായിരുന്നു ആൾക്ക്.. പിന്നെ യാത്രകളോട് വല്ലാത്ത ഭ്രമവും..

പ്രണയം മനോഹരമാണ്.. പ്രണയകാലവും..

ജീവിതത്തിലെ ഏറ്റവും മനോഹരമായ തൻ്റെ പ്രണയകാലം പകുത്തു നൽകിയവനാണ്..

അല്ലിയുടെ കണ്ണുനിറഞ്ഞു..

ഏതോ വണ്ടിയുടെ നീട്ടിയുള്ള ഹോൺ കേട്ടാണ് അവള് ബോധമണ്ഡലത്തിലേയ്ക്ക് വന്നത്.. കാർ ശ്രദ്ധയോടെ മുൻപോട്ടെടുക്കുമ്പോൾ അവളുടെയുള്ളം കാർത്തിയുടെ അപേക്ഷയിൽ കുരുങ്ങി കിടക്കുകയായിരുന്നു .

ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ ഉഴറുകയായിരുന്നു..

*****************

പ്രിയദർശിനി റെസ്റ്റോറൻ്റിന് മുൻപിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ അല്ലിയുടെ ഉള്ളം പിടയ്ക്കുകയായിരുന്നു..

എന്താകും കാർത്തിയ്ക്ക് പറയാനുണ്ടാവുക..

ആ ചോദ്യം അവളുടെ ഉള്ളിൽ നിറഞ്ഞു..

അവൾ വാച്ചിലെയ്ക്ക് നോക്കി.

12.10 ആകാറായി.. മൂന്നുമണിക്കാണ് ഹോസ്പിറ്റലിൽ ആദിയുടെ അപ്പോയിൻ്റ്മെൻ്റ്..

അവൾ മെല്ലെ അകത്തേയ്ക്ക് നടന്നു..

ഭൂതകാല സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന ഇടങ്ങളിലൊന്ന് ഇവിടമാണെന്നു മനസ്സ് അവളോട് മന്ത്രിച്ചു..

കാർത്തിയുമായി മിക്കപ്പോഴും വന്നിരുന്നയിടം..

വാച്ചിലെയ്ക്കും പുറത്തെ എൻട്രൻസ് ഡോറിലെയ്ക്കും മാറി മാറി നോക്കിയിരുന്ന കാർത്തിയുടെ മുഖം പെട്ടെന്ന് വിടർന്നു..

ബ്ലൂ ആങ്കിൾ ലെങ്ത്ത് ജീൻസും സ്ട്രാപ്പ്ഡ് ബ്ലൂ കുർത്തിയുമാണ് വേഷം.. മുടി ഭംഗിയായി ഫ്രഞ്ച് ബ്രെയ്ഡ് ചെയ്തു വെച്ചിട്ടുണ്ട്. മുഖത്ത് അധികം ചമയങ്ങളൊന്നുമില്ല… എങ്കിലും സാധാരണയായി കാണുന്ന പോലെയുള്ള പുഞ്ചിരി ഇല്ല.. പകരം ഒരു സങ്കോചം നിറഞ്ഞു നിൽക്കുന്നുണ്ട്.. കഴുത്തിലെ സിമ്പിൾ ചെയ്ൻ ടോപ്പിനുള്ളിലെയ്ക്ക് ഇട്ടിരിക്കുകയാണ്..

അവൻ്റെ കണ്ണുകൾ അവളുടെ നെറുകയിൽ പതിഞ്ഞു..

അവിടെ ശൂന്യമായ സീമന്തരേഖ കണ്ടതും അവനിൽ ആശ്വാസത്തിൻ്റെ ഒരു പുഞ്ചിരി വിരിഞ്ഞു… ആ നിമിഷം അവളും കണ്ടിരുന്നു തന്നെ നോക്കിയിരിക്കുന്ന കാർത്തിയെ..

ഇരിക്ക്..

തനിക്കരികിലേയ്ക്ക് വന്നവളെ നോക്കി എതിർ ഭാഗത്തെ ചെയർ ചൂണ്ടികാണിക്കുമ്പോൾ അവനിൽ വല്ലാത്ത സന്തോഷം നിറഞ്ഞിരുന്നു..

എന്താ ഓർഡർ ചെയ്യേണ്ടത്..

എനിക്ക് ഒന്നും വേണമെന്നില്ല കാർത്തി.. എന്തിനാണ് വരണമെന്ന് പറഞ്ഞത്..

അല്ലി മുഖവുരയില്ലാതെ ചോദിച്ച ശേഷം അവനെ നോക്കി..

അവനൊന്നു പുഞ്ചിരിച്ചു…

സുഖമല്ലേ..

മ്മ്..

മൂളിയതേയുള്ളൂ അവൾ..

എന്നോടൊന്നും ചോദിക്കാനില്ലേ..

അല്ലി ഒന്നും മിണ്ടിയില്ല.. ചോദ്യങ്ങളൊരുപാട് മനസ്സിലുണ്ട്.. പക്ഷെ..

സുഖമാണോ..

ആ ചോദ്യം ചോദിക്കുമ്പോൾ അല്ലിയുടെ മിഴികൾ പിടഞ്ഞിരുന്നു.. കാർത്തിയുടെ നെറ്റിയിൽ കണ്ട മുറിപ്പാടും ക്ഷീണിച്ച മുഖവും ശരീരവുമൊക്കെയും അവളിൽ നോവുണർത്തിയിരുന്നു..

മ്മ്..

അവനൊന്നു മൂളി.. അതിനിടയിൽ വെയിറ്റർ വന്നതും രണ്ടാൾക്കും ഓരോ ബട്ടർസ്‌കോച്ച് ഷേക്ക് ഓർഡർ ചെയ്തിരുന്നു.. ആ നിമിഷം അതിനോടൊരു താത്പര്യവുമില്ലാഞ്ഞിട്ടും അല്ലി അതെതിർത്തില്ല..

കാർത്തി.. പ്ലീസ്.. ആം ഇൻ എ ഹറി.. കാര്യം പറയൂ..

അല്ലി ടെൻഷനോടെ പറഞ്ഞു നിർത്തിയതും ആദിയുടെ കോൾ വന്നിരുന്നു.. അവൾ അതിദ്രുതം അത് കട്ട് ചെയ്തു..

കാർത്തി ചിരിച്ചു..

ആദിയാകും അല്ലെ..

അല്ലി ഒന്നും മിണ്ടിയില്ല..

കാർത്തിയ്ക്ക് എന്താ പറയാനുള്ളത്..

അല്ലി ഗൗരവത്തോടെ അവനെ നോക്കി..

അല്ലി..ഞാൻ.. ആം.. ആം സോറി..

അവൾ സംശയത്തോടെ നോക്കി..

അന്ന്.. ആ ദിവസം ഞാനൊന്ന് തന്നെ കേൾക്കാൻ പോലും നിന്നില്ല.. എനിക്കറിയാം അതിൽ തനിക്കൊരുപാട്..

കാർത്തി പ്ലീസ്..

അല്ലി അവനെ തടഞ്ഞു..

മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഓര്മിപ്പിക്കാനാണോ കാർത്തി എന്നെ വിളിച്ചു വരുത്തിയത്..

അല്ല.. പക്ഷെ അവിടെ നിന്നായിരുന്നു അല്ലി എല്ലാത്തിന്റെയും തുടക്കം..

അവൾ അവനെ നോക്കിയിരുന്നു..

ആ സംഭവത്തിന് ശേഷം ഞാൻ വല്ലാതെ അപ്സെറ്റ് ആയിരുന്നു..

അന്ന് തന്നോട് അങ്ങനെയൊക്കെ പറഞ്ഞു പോയതിൽ എനിക്ക് സങ്കടം തോന്നി.. അത് തെറ്റാണെന്ന് തോന്നി ഞാൻ മാപ്പ് ചോദിക്കാൻ നിന്നെ വിളിച്ചിരുന്നു.. കോളെടുത്തില്ല നീ..

അല്ലി മിണ്ടിയില്ല..

പിന്നെ അന്വേഷിച്ചറിഞ്ഞു നീ ആശുപത്രിയിലാണെന്നു.. അവിടേക്കും ഓടി എത്തിയതാണ് ഞാൻ.. പക്ഷെ അപ്പോഴേയ്ക്കും നീ നാട്ടിലേക്ക് പോന്നിരുന്നു..

അവിടെ നിന്ന് നേരെ ഞാൻ പോയത് ആ നിയയുടെ നാട്ടിലേക്ക് ആയിരുന്നു.. സത്യങ്ങൾ അന്വേഷിച്ചു കണ്ടെത്തി നിനക്ക് മുൻപിൽ തന്നെ തെളിയിക്കാൻ തോന്നി..

അല്ലി ഞെട്ടലോടെ അവനെ നോക്കിയിരുന്നു..

ആ സമയത്താണ് ആദി അമ്മയെ വിളിച്ചത്.. അന്നത്തെ ദേഷ്യത്തിൽ അമ്മയുമെന്തൊക്കെയോ പറഞ്ഞു..

അവനൊന്നു നിർത്തി അവളെ നോക്കി..

അല്ല.. അന്നത്തെ ദേഷ്യത്തിൽ അല്ല.. നാളുകൾ കൂടി അമ്മയ്ക്ക് കിട്ടിയ എന്റെ സ്നേഹം നിന്നിലേക്ക് എത്തുമോ എന്നുള്ള പേടിയിൽ നിന്നിരുന്ന അമ്മയ്ക്ക് കിട്ടിയ കച്ചിതുരുമ്പായിരുന്നു ആ ഇഷ്യൂ.. അത് മനസ്സിൽ വെച്ചിട്ടാണ് ‘അമ്മ അന്ന് നിങ്ങളുടെ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കിയത്..

അല്ലിയുടെ കണ്ണു നിറഞ്ഞു..

അപമാനിക്കപ്പെട്ട ഓരോ നിമിഷവും അവളുടെ കണ്ണിൽ നോരഞ്ഞു..

അപ്പോഴേയ്ക്കും ഓർഡർ ചെയ്ത ഷേക്ക് എത്തിയിരുന്നു.. കാർത്തി ഒന്ന് അല്ലിക്ക് നേരെ നീക്കിവെച്ച മറ്റൊന്ന് സിപ്പ് ചെയ്തു..

സത്യങ്ങൾ തിരിച്ചറിഞ്ഞു വന്നപ്പോഴേയ്ക്കും അവിടെ ആ പെണ്ണിന്റെ മാര്യേജ് ഉറപ്പിച്ചിരുന്നു.. അവിടെ നിന്ന് നാട്ടിലേക്ക് നിന്റെ അരികിലേക്ക് വരും വഴി എനിക്കൊരു ആക്സിഡന്റ് പറ്റി..

അല്ലി ഞെട്ടി അവനെ നോക്കി.

മൈനർ ആക്സിഡന്റ് ആയിരുന്നു.. എങ്കിലും ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു.. എന്നിട്ടും നിയയുടെ കല്യാണത്തിന് മുൻപ് ആദിയെ കാര്യങ്ങൾ മനസ്സിലാക്കിക്കാൻ അവിടെനിന്ന് വാശിപിടിച്ചിറങ്ങി വന്ന ഞാൻ അറിഞ്ഞത് നിങ്ങളുടെ കല്യാണ കാര്യമാണ്..

ഓടിപിടിച്ചു മണ്ഡപത്തിൽ എത്തിയപ്പോഴേയ്ക്കും നിങ്ങളുടെ മാര്യേജ് കഴിഞ്ഞിരുന്നു..

അല്ലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

കാർത്തിയും കണ്ണു തുടച്ചു..

തകർന്നു പോയി അല്ലി ഞാൻ.. നിനക്കറിയോ.. ഞാനേറ്റവും ആഗ്രഹിച്ച ഒന്ന്.. നമ്മുടെ കല്യാണം.. എന്റെ ജീവിതത്തിലെ ബാക്കിയുള്ള ആകെ സ്വപ്നം..ആ കല്യാണം നേരിൽ കണ്ട നിമിഷം തകർന്നുപോയത് എന്റെ ജീവിതം തന്നെയാണ് അല്ലി.. അതെന്റെ മുൻപിൽ..

അവൻ കണ്ണുകൾ ഇറുക്കി അടച്ചു..

അമ്മയായിരുന്നു എല്ലാത്തിന്റെയും പിന്നിൽ.. അവിടെ അത്രേം ദിവസം എന്നെ ഹോസ്പിറ്റലിൽ പിടിച്ചിട്ടത് പോലും നിങ്ങളുടെ കല്യാണം നടക്കാൻ വേണ്ടിയാണ്..

എല്ലാം അറിഞ്ഞപ്പോൾ അമ്മയോട് പോലും പിണങ്ങി ഞാൻ ഇങ്ങോട്ട് പോന്നു.. സത്യത്തിൽ ദേഷ്യമായിരുന്നു.. എല്ലാവരോടും.. അതിന് പകരമായി ഒരു ഒളിവ് ജീവിതം.. പിന്നെ തോന്നി ഒക്കെ നിന്നോട് പറയണമെന്ന്..

എനിക്ക്.. എനിക്ക് പറ്റില്ലല്ലീ നീയല്ലാതെ..

ആ നിമിഷം കാർത്തിയുടെ കൈകൾ അല്ലിയുടെ കയ്യിൽ അമർന്നു..

അവൾ ഞെട്ടി നോക്കുന്നതിടയിൽ അവളുടെ കൈകൾ അവൻ പൊതിഞ്ഞു പിടിച്ചു..

പ്ലീസ് അല്ലി.. എനിക്കൊട്ടും പറ്റാഞ്ഞിട്ടാ.. കഴിഞ്ഞതൊക്കെ നീ മറക്കണം.. എന്നിട്ട് വാ.. നമുക്കീ നാട്ടിൽ നിന്ന് പോകാം.. എവിടെയെങ്കിലും.. പ്ലീസ്..

അവന്റെ ആ ഭാവമാറ്റം അല്ലിയെ തീർത്തും ഞെട്ടിച്ചു കളഞ്ഞിരുന്നു..

ആ നിമിഷവും അവന്റെ വാക്കുകളിൽ കുരുങ്ങി കിടന്ന അവളുടെ മനസ്സ് ഒരുത്തരത്തിനായി ഒരാശ്വാസവാക്കിനായി തിരയുകയായിരുന്നു..

വിഫലമായി..

തുടരും..