രചന – ഗൗരി ലക്ഷ്മി
നിങ്ങളൊക്കെയാണ് എന്റെ ധൈര്യവും..
ആദി ക്രിസ്റ്റിയെ ചേർത്തു പിടിച്ചു.
ആ രാത്രി കിഴക്കിന്റെ ചക്രവാളത്തിലേയ്ക്ക് പുതിയൊരു പുലരിയ്ക്കായി കുതിക്കുമ്പോഴും പുതിയ സ്വപ്നങ്ങളുടെ നെയ്ത്തുശാലയിലായിരുന്നു അവരോരുത്തരും.. കാലം അവർക്കായി കരുതിവെച്ചതറിയാതെ..
***************************
വീടിന്റെ പുറത്തിട്ടിരിക്കുന്ന തടിയുടെ ബെഞ്ചിൽ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു റോയ്..
ഉള്ളിലേക്ക് ഒരു പഫ് എടുത്തു പുറത്തേയ്ക്ക് ഊതി വിടുന്നതിനിടയിലാണ് തന്റെ ചെവിയിൽ കൂർത്ത നഖത്തിന്റെ സ്പർശം അയാൾ അറിഞ്ഞത്..
ആ.
വേദനിച്ചില്ലെങ്കിലും കയ്യിലിരുന്ന സിഗരറ്റ് താഴേയ്ക്കിട്ട് അയാൾ കാറി..
അല്ലിക്കൊച്ചേ വിടെടി.. ഒന്നൂല്ലേലും അപ്പന്റെ സ്ഥാനത്തുള്ളോനല്ലേ..
റോയ് കേണു.. അതോടെ അല്ലി ചെവിയിൽ നിന്നും പിടുത്തം വിട്ട് മുൻപിലേക്ക് വന്നു..
പറഞ്ഞാൽ ഈയിടെയായി റോയിച്ചന് തീരെ അനുസരണ ഇല്ലല്ലേ.. അഹങ്കാരം കൂടിക്കൂടി വരുവാ..
അല്ലി ശാസനയോടെ പറഞ്ഞു..
റോയ് മറുപടി പറയാതെ മുഖം കുനിച്ചു..
കഴിഞ്ഞ വട്ടം ചെക്കപ്പിന് പോയപ്പോ ഗായത്രി ഡോക്ടർ എന്താ പറഞ്ഞേ… ഇനി സിഗരറ്റ് വലി കുറയ്ക്കണം എന്ന്. അന്ന് ഞാൻ പറഞ്ഞതല്ലേ ഒരു ദിവസം ഒരെണ്ണം എന്ന്.
എന്നിട്ടോ ഇന്നലെ 3 എണ്ണമാ ഞാൻ കാണേ വലിച്ചു കേറ്റിയത്.. ഇന്നിപ്പോ ഇത് എത്രമത്തെയാ..
അല്ലി ചൂടായി..
രണ്ട് എന്നയാൾ വിരൽ കാണിച്ചു..
എന്നേലും ചെയ് റോയിച്ചൻ. പറഞ്ഞാൽ കേൾക്കാൻ പറ്റത്തില്ലേൽ എന്താച്ചാ ചെയ്തോ..
അതും പറഞ്ഞല്ലി ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി..
അവൾ പോയെന്ന് കണ്ടതും ഒളികണ്ണിട്ട് തിരിഞ്ഞ റോയിയെ നോക്കി ആദി ആക്കിച്ചിരിച്ചു..
ഇളിക്കേണ്ടെടാ.. ആ ഗായത്രി ഡോക്ടറെ കാണാൻ നീയല്ലേ എന്നെ കൊണ്ടുപോയത്.. എന്നിട്ട് അവര് വിവരമില്ലാതെ പറഞ്ഞതൊക്കെയും അല്ലിയോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തിട്ട് ഇളിക്കുന്നോ..
റോയ് കണ്ണുരുട്ടി..
ദേ എന്റെ മെക്കിട്ട് കേറേണ്ട. അതൂടെ അല്ലിയോട് ഞാൻ പറഞ്ഞു കൊടുക്കും നോക്കിക്കോ..
ആദി തിരിച്ചു കൊഞ്ഞനം കുത്തി..
പോടാ..
റോയ് പുച്ഛത്തോടെ പറഞ്ഞു..
ബ്‌വേ..
ആദി കോക്രി കാണിച്ചു തിരിഞ്ഞു നടന്നതും റോയ് ഓടിവന്ന് അവന്റെ തോളിലൂടെ കയ്യിട്ടു നടന്നു..
ടാ കൊച്ചനെ നിനക്ക് പെണ്ണ് കെട്ടാനുള്ള ഏജൊക്കെ ആയോടെ..
റോയ് ചോദിച്ചു..
ഓ.. അതിനു സർക്കാർ കണക്കിലുള്ള 21 കഴിഞ്ഞു റോയിച്ചാ..പിന്നെ 25 ഒക്കെയായില്ലേ.. ഇനിയിപ്പോ കെട്ടിയില്ലേൽ പിന്നെ ചെന്നാൽ അവളുടെ കൊച്ചിന്റെ നൂലുകെട്ടിൽ പങ്കെടുത്തിട്ട് വരേണ്ടി വരും..
ആദി നിസ്സാരമായി പറഞ്ഞു. റോയ് ചിരിച്ചു..
അയ്യോടാ. നൂല് കേട്ടൊക്കെ നിങ്ങൾക്ക്.. ഞങ്ങൾ ക്രിസ്ത്യാനികൾക് മാമോദീസ ആടാ..
റോയ് പറഞ്ഞതും ആദി ചിരിച്ചു.
എന്നായാലും എനിക്ക് സന്തോഷമായി കേട്ടോ അല്ലിക്കൊച്ചേ.. അപ്പനായ എന്റെ പരമ്പര നിലനിർത്താൻ ഇവനേലും ഉണ്ടല്ലോ..
ഡൈനിങ് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്ന ക്രിസ്റ്റിയും ജോളിയോടൊപ്പമിരുന്ന് ചിക്കൻ കറിക്കുള്ള സവാള അറിയുന്ന അല്ലിയും അയാളെ നോക്കി..
അല്ല ഈ ഒളിച്ചോട്ടം..
അതും പറഞ്ഞു റോയ് പല്ലു കാണിച്ചു..
അയ്യട.. ആ പല്ല് മൊത്തം സിഗരറ്റിന്റെ കറയാ. മഞ്ഞ പല്ല്..
അല്ലി ദേഷ്യത്തോടെ പറഞ്ഞു..
ചോറി അല്ലിക്കൊച്ചേ.. ദേ ഈ റോയിച്ചൻ വലി നിർത്തി..ഇനി തമ്പുരാനാണെ തൊടത്തില്ല.. ഡെയിലി ഒന്ന്..
അയാൾ കൈ കാണിച്ചു..
നടക്കുകേല റോയിച്ചാ..
ഇന്നും നാളേം മറ്റെന്നാലും സിഗരറ്റ് ഇല്ല..ഈ രണ്ടീസായി കുറെ വലിച്ചു കേറ്റിയതല്ലേ.. ഇനി മൂന്ന് ദിവസം നോ സിഗരറ്റ്..
അല്ലി തീർത്തും പറഞ്ഞു.
ആ എന്നാ അങ്ങനെ.. എന്റെ അല്ലിക്കൊച്ച് പറഞ്ഞാൽ അപ്പീലില്ല..
റോയ് പറഞ്ഞു..
ജോളി ചിരിയോടെ ഇഞ്ചി എടുത്തരിഞ്ഞു. അല്ലി സവാള അരിയുന്നത് കണ്ടതും ആദി ചെന്നവളുടെ അരികിലിരുന്ന് വെളുത്തുള്ളി എടുത്തു പൊളിച്ചു..
ക്രിസ്റ്റി ചായ കുടിച്ചു കഴിഞ്ഞതും അടുക്കളയിൽ ചെന്ന് ചിക്കൻ കഴുകാനും തുടങ്ങി..
ജോളിമ്മേ പ്രാർത്ഥിച്ചേക്കണെ..
ആദി പറഞ്ഞതുമവർ അവനെ തഴുകി..അത്രത്തോളം വാത്സല്യത്തോടെ .
അവനവരുടെ തോളിൽ ചാഞ്ഞു.. അത് കണ്ടതും റോയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു .
ഒരപ്പന്റെ സന്തോഷം മുഴുവൻ നിറഞ്ഞ പുഞ്ചിരി..
അന്നത്തെ ദിവസം ഉച്ചവരെ അവരോടൊപ്പം ചെലവിട്ട് ഒന്നിച്ചു വെച്ച ആഹാരവും കഴിച്ചു റോയ്‌യുടെയും ജോളിയുടെയും അനുഗ്രഹവും വാങ്ങിയ ശേഷമാണ് അവർ ഇറങ്ങിയത്..
ഇറങ്ങുമ്പോൾ നിർബന്ധിച്ചു റോയ് ആദിയുടെ കയ്യിൽ കുറച്ചു പണവും ഏല്പിച്ചിരുന്നു..
അവർ പോകുന്നത് നോക്കി ജോളിയെയും ചേർത്തു പിടിച്ചു നിൽക്കുമ്പോഴും ഒരപ്പന്റെ ആധി മുഴുവൻ റോയ്‌യിൽ നിറഞ്ഞിരുന്നു..
അവരുടെ യാത്ര മംഗളമാക്കാൻ അവരപ്പോഴും മൗനമായി പ്രാർത്ഥിക്കുകയായിരുന്നു..
**************************
ഇത് കൊല്ലങ്ങളായി എന്ന് തോന്നുന്നല്ലോ അല്ലീ തുറന്നിട്ട്.. എന്തൊരു പൊടിയാ..തുമ്മി തുമ്മി വശം കെട്ടു..
വടകയ്ക്കെടുത്ത പുതിയ ഫ്ലാറ്റിൽ വൃത്തിയാക്കൽ കലാപരിപാടികളിൽ ആയിരുന്നു ആദിയും അല്ലിയും..
ക്രിസ്റ്റിയ്ക്ക് പ്രോജക്റ്റിന്റെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നതിനാൽ അവൻ നേരെ ഫ്ലാറ്റിലേക്ക് പോയി..
അല്ലി മുഖത്തെ ഷാൾ ഒന്നുകൂടി അഴിച്ചു കെട്ടി കട്ടിൽ വലിച്ചു നീക്കി..
അതിനടിവശം മുഴുവൻ പൊടിയായിരുന്നു. അവളതൊക്കെ വൃത്തിയായി അടിച്ചുവാരി..
നീ എന്നാ അല്ലീ മിണ്ടാത്തെ..
ആദി അവളെ നോക്കി.. ഡൈനിങ് ടേബിളിൽ പൊടി തുടയ്ക്കുകയായിരുന്നു അവൻ..
ടാ ഈ മുറിയിലല്ലേ നിങ്ങൾക്ക് കിടക്കേണ്ടത്.. ഇത് ആദ്യം വൃത്തിയാക്കി ഇട്ടില്ലേൽ പൊടിമണം ഉണ്ടാകും. അതുകൊണ്ടാ മിണ്ടാതെ നിന്നത്..
എനിക്ക് വിശക്കുന്നുണ്ടെ അല്ലീ..
ആദി ക്ലോക്കിൽ 5 അടിച്ചപ്പോഴേ അറിയിച്ചു..
ആ.. ട്രീസാമ്മ ഇപ്പൊ വരും.. അവളോട് ഫുഡ് വാങ്ങി വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്..
അല്ലിയോടൊപ്പം താമസിക്കുന്നതാണ് ട്രീസാമ്മ എന്ന ട്രീസ മേരി ജോർജും മുഹ്‌സീനയും.. ട്രീസ ബാംഗ്ലൂരിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ നേഴ്‌സ് ആണെങ്കിൽ മുമ്മു എന്ന മുഹ്‌സീന ഒരു ബി പി ഓ കമ്പനിയിലെ സ്റ്റാഫ് ആണ്..
ആ..
ആദി പറഞ്ഞു നിർത്തിയതും കോളിങ് ബെൽ കേട്ടു..
അവൻ ചെന്ന് വാതിൽ തുറന്നതും കണ്ടു കൈ നിറയെ കവറുകളുമായി നിൽക്കുന്ന ട്രീസാമ്മേം മുമ്മുനെയും..
ഇതെന്താ ട്രീസാമ്മേ.. ഈ അപ്പാർട്മെന്റിലെ എല്ലാർക്കും നീ ഫുഡ് വാങ്ങിയോ..
ശബ്ദം കേട്ട് പുറത്തേയ്ക്ക് വന്ന അല്ലി ചോദിച്ചു..
ഓ പിന്നെ.. നിനക്ക് നട്ടപാതിരയ്ക്ക് രണ്ട് ചപ്പാത്തി മതിയെന്ന് വെച്ചിട്ട് എന്നെ കിട്ടൂല്ല വിശന്നിരിക്കാൻ.. ഇത് ബിരിയാണിയാ.. പിന്നെ ഒരു കുഴിമന്തി.. അൽഫാം എല്ലാമുണ്ട്..
നീ മുത്താണ് ട്രീസാമോ.. ഇവിടെ മനുഷ്യൻ കുടല് കത്തി ഇരിക്കുവാ..
ആദി പറഞ്ഞു..
ഹായ്.. നീയും മുത്താണ് ആദിമോനെ . ഒന്നൂല്ലേലും ഡൈനിങ് ടേബിളെങ്കിലും നീ വൃത്തിയാക്കിയല്ലോ…
ട്രീസ വന്ന് ആദിയുടെ കവിളിൽ വലിച്ചു..
മുമ്മു നേരെ ചെന്ന് കൈകഴുകി.. എല്ലാം മേശയിൽ നിരത്തി..
ആ മുമ്മൂ മയോണൈസ് വേറെയുണ്ട്.. ഞാനാ ബംഗാളി ചെക്കനെ കണ്ണിറുക്കി കാണിച്ചു വാങ്ങീതാ..
ട്രീസ പറഞ്ഞതും മുമ്മു ചിരിയോടെ എല്ലാം നിരത്തി..
മൂവരും ചേർന്ന് കൂട്ടമായി ആക്രമിച്ച് ആഹാരം കഴിക്കുമ്പോഴും ഒരു പീസ് ചിക്കനും എടുത്ത് 2 ചപ്പാത്തിയും പിടിച്ചു അവരുടെ കളിചിരികളും കണ്ടാസ്വദിച്ചു കഴിക്കുകയായിരുന്നു അല്ലി..
അപ്പോഴും പേരറിയാത്ത ഒരു ദുഃഖം അവളിൽ നിറഞ്ഞു നിന്നിരുന്നു.. ഇടയ്ക്കിടെ കണ്ണുകൾ ഫോണിലേക്ക് പോകുമ്പോഴും അവൾ ശാസനയോടെ തന്നെ സ്വയം നിയന്ത്രിച്ചു..
**************************
9 മണി കഴിഞ്ഞില്ലേ.. അല്ലിയെ കൊണ്ട് വിടേണ്ടേ..
നിയ ചോദിച്ചപ്പോഴാണ് ആദിയും സമയം നോക്കിയത്..
ഹാ. അവൾ റൂമിൽ എവിടെയോ ആണ്.. ഇത്രേം നേരമായത് കണ്ടില്ല.. പാവം എല്ലായിടത്തും ഒതുക്കിയും തൂത്തുവാരിയും അവളൊരു പരിവമായി..
ഒത്തിരി ദൂരമുണ്ടോ അല്ലിയുടെ ഫ്ലാറ്റിലോട്ട്..
നിയ ചോദിച്ചു..
ഹേയ്..നമ്മുടെ അപ്പർട്മെന്റിൽ നിന്ന് ഒരു 2 വീട് കഴിഞ്ഞാൽ അവരുടെ അപ്പർട്ട്മെന്റ് ആണ്..
ആദി പറഞ്ഞു..
എന്നാൽ ശെരി ആദീ.. നാളെ കാലത്തെ നിങ്ങൾ തിരിക്കില്ലേ..
നിയ തെല്ല് പേടിയോടെ ചോദിച്ചു..
മ്മ്.. നീ ധൈര്യമായി ഇരിക്ക് നിയെ.. ഞാനെത്തും.. നിന്നെ മറ്റൊരുത്തനും അങ്ങനെ ഈ ആദികേശവ് വിട്ട് കൊടുക്കില്ല..
ആദിയുടെ വാക്കുകൾ അവളിൽ അൽപ്പം ധൈര്യം നിറച്ചു.. എങ്കിലും വല്ലാത്ത ഒരു ഭയം അവളെ മൂടിയിരുന്നു..
പിന്നെയും അൽപ്പ നേരം കൂടി എന്തൊക്കെയോ പറഞ്ഞവളെ ആശ്വസിപ്പിച്ച ശേഷമാണ് ആദി റൂമിലേക്ക് ചെന്നത്..
അല്ലിയെ അവിടെയെങ്ങും കണ്ടില്ല..
ബാത്‌റൂമിൽ ലൈറ്റ് കണ്ട് അവിടേയ്ക്ക് ചെന്നപ്പോൾ തറ കഴുകുകയാണ് അവൾ..
ആകെ കോലം കെട്ടിട്ടുണ്ട് പാവം..
അല്ലീ.. മതിയെടാ.. സമയമൊരുപാടായി.. വാ. ഞാൻ കൊണ്ടാക്കാം..
ആദി പറഞ്ഞു.. അവളവന് ഒരു പുഞ്ചിരി നൽകി ബക്കറ്റിലെ വെള്ളം കമഴ്ത്തി ശേഷം പുറത്തേക്കിറങ്ങി..
അവൻ ചുറ്റും നോക്കി..
കോലം കെട്ടു കിടന്ന മുറിയാണ്.. മുഴുവൻ അടിച്ചു വാരി തുടച്ചു കട്ടിലിൽ പുതിയ ഷീറ്റും വിരിച്ച് പുതിയ കർട്ടനും ഒക്കെ ഇട്ട് മനോഹരമാക്കിയിരിക്കുന്നു..
അവൻ അല്ലിക്കായി ഒരു മനോഹരമായ പുഞ്ചിരി നൽകി..
അവൾ മുടിയൊന്നഴിച്ചു നേരെ കെട്ടി കയ്യും കാലും കഴുകി ഇറങ്ങി..
അല്ലിയെ കൊണ്ട് ഫ്ലാറ്റിലാക്കി യാത്രപറഞ്ഞ ശേഷമാണ് ആദി മടങ്ങിയത്..
അടഞ്ഞു കിടക്കുന്ന തന്റെ പുതിയ കൂട് ഒന്നുകൂടി നോക്കി ഭദ്രമായി പൂട്ടി ആദി തന്റെ പഴയ ഫ്ലാറ്റിലേക്ക് പോയി..
ക്രിസ്റ്റി രാത്രി കമ്പനിയിൽ ആയിരിക്കുമെന്നുള്ളതിനാൽ നേരത്തെ അവൻ കിടന്നു..
അപ്പോഴും ഈറനായ മുടി അഴിച്ചിട്ട് കാർത്തിയുടെ വിളി വരാഞ്ഞതിൽ പരിഭവിച്ചു ഫോണും നോക്കി കിടക്കുകയായിരുന്നു അല്ലി..
ഇടയിലെപ്പോഴോ അവളെ ചുറ്റിപ്പിടിച്ച ട്രീസയുടെ കൈകൾക്കുള്ളിൽ കിടക്കുമ്പോഴും കാർത്തിയുടെ വാശി നിറഞ്ഞ സ്വഭാവത്തെപ്പറ്റിയുള്ള ഓർമകൾ അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു..
*************************
രാവിലെ നിർത്താതെ ഫോണടിക്കുന്നത് കേട്ടാണ് അല്ലി കണ്ണു തുറന്നത്.
5 മണി ആകുന്നതെയുള്ളൂ..
അവൾ എഴുന്നേറ്റ് ഫോണെടുത്തു..
കാർത്തി കോളിങ്ങ്..
ഇതെന്താ ഈ നേരത്ത്..
അവൾ ആലോചനയോടെ ഫോണെടുത്തു കാതിൽ വെച്ചു..
ഹലോ..
ഓപ്പണ് ദി ഡോർ..
വാട്ട്..
അല്ലി ഞെട്ടലോടെ ചോദിച്ചു..
ഓപ്പണ് ദി ഡോർ അല്ലി.. ഞാനിവിടെ പുറത്തുണ്ട്.
കാർത്തി തന്നെയാണോ എന്നവൾ ഒന്നുകൂടി നോക്കി..
ശേഷം ട്രീസയെ തല്ലി ഉണർത്തി..
എന്താ എന്റെ അല്ലി പെണ്ണേ..
ട്രീസ എഴുന്നേറ്റിരുന്നു..
കാർത്തി..
കാർത്തിയോ.. നീയെന്നാ നട്ടപാതിരയ്ക്ക് സ്വപ്നം കണ്ടൊ..
അല്ലെന്നെ.. കാർത്തി പുറത്തുണ്ട്.. നീ വാ..
അല്ലി ലൈറ്റ് ഓണാക്കി ട്രീസയെ വലിച്ചെഴുന്നേല്പിച്ചുകൊണ്ട് പുറത്തേയ്ക്ക് വന്നു..
വാതിൽ തുറന്നതും കണ്ടു അക്ഷമനായി നിൽക്കുന്ന കാർത്തിയെ..
അവളെ കണ്ടതും അവൻ മിഴിയുയർത്തി അവളെ നോക്കി പുഞ്ചിരിച്ചു..
അവന്റെ എണ്ണമയമില്ലാത്ത ചെമ്പൻ മുടിയിഴകൾ മുഖത്തേയ്ക് പാറി വീണു കിടക്കുകയായിരുന്നു..
തന്നെ നോക്കി അത്ഭുതത്തോടെ നിൽക്കുന്ന അല്ലിയെ അവൻ കണ്ണിറുക്കി കാട്ടി..
സോറി ട്രീസ.. സത്യമായും ഞാൻ വെളുപ്പിനെ നിങ്ങൾ എഴുന്നേറ്റിട്ട് അകത്തോട്ട് വരാമെന്ന് കരുതിയതാ.. പക്ഷെ..
അല്ലിയും ട്രീസയും പരസ്പരം നോക്കി..
സത്യമായിട്ടും എനിക്ക് ബാത്‌റൂമിൽ പോകാൻ തോന്നി.. അതോണ്ടാ..
കാർത്തി കൊച്ചു പിള്ളേരെ പോലെ പറഞ്ഞതും അല്ലിക്കും ട്രീസയ്ക്കും ചിരി വന്നു..
പ്ലീസ്.. എനിക്കൊന്ന് അകത്തോട്ടുള്ള വഴി കിട്ടുമോ.. അർജന്റ് ആണ്..
കാർത്തി പറഞ്ഞതും അവർ വഴി മാറി കൊടുത്തു.. അവൻ അകത്തേയ്ക്ക് കടന്നു ബാഗ് എടുത്ത് സോഫയിലിട്ടു..
ഒരു മിനിറ്റ്.. മുമ്മു കിടക്കുവാ..
അതും പറഞ്ഞു ട്രീസ ഓടി അകത്തേയ്ക്ക് പോയി..
കാപ്പി വേണോ കാർത്തീ..
ഇപ്പൊ ഒന്ന് ടോയ്‌ലറ്റിൽ പോയാൽ മതി..
അവൻ പറഞ്ഞു..
അപ്പോഴേയ്ക്കും ചിണുങ്ങിക്കൊണ്ട് മുമ്മുവും പുറകെ അവളെ തള്ളിക്കൊണ്ട് ട്രീസയും പുറത്തേയ്ക്ക് വന്നു..
പൊയ്ക്കോ..
ട്രീസ പറഞ്ഞതും അവൻ അകത്തേയ്ക്ക് ഓടി..
ഇതെന്താ സംഭവം. ഇങ്ങേരെന്താ ഇവിടെ നട്ടപാതിരയ്ക്ക് പ്രാണപ്രേയസിയുടെ ഫ്ലാറ്റിനു മുൻപിൽ തപസ്സിരിക്കാൻ വന്നതാണോ..
ട്രീസ ചോദിച്ചു..
ഒരു പിടിയുമില്ല..
അല്ലി സോഫയിൽ ഇരുന്നു അവന്റെ ബാഗിൽ നോക്കി..
ഇതെങ്ങാണ്ട് ദൂരെ യാത്ര പോയിട്ട് വന്നതാണെന്ന് തോന്നുന്നല്ലോ.. കെട്ടും കിടക്കേം മൊത്തമുണ്ട്..
മുമ്മു പറഞ്ഞു..
ഇടയ്ക്ക് ആരോടും പറയാതെ ബൈക്കുമെടുത്തിറങ്ങുന്ന ശീലമുണ്ട്.. അങ്ങനെ പോയതാകും. അതാകും രണ്ടീസം വിളിയൊന്നും വരാഞ്ഞതും..
അല്ലി ആലോചനയോടെ പറഞ്ഞു..
ബെസ്റ്റ് ഭാവി ഭർത്താവ്..എടി പെണ്ണേ ഇങ്ങനൊരുത്തന്റെ കൂടെ നീയെങ്ങനെ ജീവിക്കും..
ട്രീസ അവളെ നോക്കി..
ഹേയ്.. കാർത്തി മോശം ഒരാളാണെന്നു തോന്നുന്നില്ല എനിക്ക്.. ഇത്തിരി വാശി.. പിന്നെ ഇങ്ങനെ ആരോടും പറയാതെ ഒരു യാത്ര.. ഇതൊന്നുമല്ലാതെ വേറെ ദുസ്വഭാവമൊന്നും കാർത്തിയ്ക്ക് ഇല്ല..
മതിയല്ലോ..
മുമ്മു കൈ താടിക്ക് കൊടുത്തു..
കാർത്തിയെ പറഞ്ഞിട്ടും കാര്യമില്ല കാർത്തി വളർന്നു വന്ന സിറ്റുവേഷൻ അതായിരുന്നു..അച്ഛനും അമ്മയും രണ്ടുതട്ടിൽ.. അങ്ങനെ ഇൻ സെക്യുർ ആയി വളർന്നതിന്റെ പ്രശ്നങ്ങളാകും..
ഉവ്വ. അങ്ങനെ പ്രശ്നങ്ങൾ ഉള്ളവർ സ്വയം ആ പ്രശ്നങ്ങൾ പരിഹരിക്കണം.. അതല്ലെങ്കിൽ വല്ല കൗൺസിലറെ കാണണം.. അല്ലാതെ നാട്ടിലുള്ള പെണ്കുട്ടികളെ കല്യാണം കഴിക്കാൻ നിൽക്കരുത്.. നമ്മളെന്താ ഇവരെയൊക്കെ നന്നാക്കാൻ ഉള്ള ഉപകരണങ്ങളോ..
ട്രീസ ദേഷ്യത്തോടെ ചോദിച്ചു. അല്ലി മൗനം പാലിച്ചു..
മുമ്മു നീ വാ.. ഏതായാലും ഉറക്കം പോയി.. വാ കാപ്പിയിടാം..
ട്രീസ പറഞ്ഞതും മുമ്മു അവൾക്ക് പിന്നാലെ എഴുന്നേറ്റ് പോയി.. അല്ലി ആലോചനയോടെ ഇരുന്നു..
***************************
കാർത്തി എവിടെ ആയിരുന്നു..
അല്ലി ബാൽക്കണിയിൽ നിന്ന അവനോടായി ചോദിച്ചു..
ഞാനൊരു ട്രിപ്പ് പോയി.. നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് വരെ. രണ്ടീസം.. വെറുതെ..
ഒന്ന് ഫോൺ ചെയ്തു പറഞ്ഞൂടെ കാർത്തിയ്ക്ക്.. അതല്ലെങ്കിൽ ജസ്റ്റ് എ മെസേജ്.. ഞാനോർത്തു ഞാനന്ന് ഫോണെടുക്കത്തിന് പിണങ്ങിയതാകും എന്ന്.
അല്ലി തെല്ല് പരിഭവത്തോടെ പറഞ്ഞു..
സത്യത്തിൽ അതും ഒരു റീസൺ ആണ് കേട്ടോ..
അല്ലി കാർത്തിയെ നോക്കി..
എന്തോ താൻ എന്നിൽ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.. താനൊന്ന് എന്നിൽ നിന്നകന്നു എന്നു തോന്നിയാൽ.. എന്നേക്കാൾ ഇമ്പോർട്ടൻസ് മറ്റൊരാൾക്ക് നൽകി എന്നു തോന്നിയാൽ അതെനിക്കിപ്പോൾ താങ്ങാൻ പറ്റില്ല അല്ലി..
അത്രത്തോളം ഞാൻ തന്നെ സ്നേഹിക്കുന്നുണ്ട് അല്ലി..
അല്ലി മൗനമായി നിന്നു..
എന്താടോ ഒരു മൗനം..
കാർത്തി അല്ലിയെ നോക്കി..
നത്തിങ്.. പക്ഷെ കാർത്തീ.. കാർത്തിയെ വിവാഹം കഴിച്ചുവെന്ന് കരുതി എന്റെ ലൈഫിൽ മറ്റാരും പാടില്ല എന്ന് പറയരുത്.. എനിക്ക് ചുറ്റും ഒരുപാട് പേരുണ്ട് കാർത്തീ..
അല്ലി അവനെ നോക്കി. അവന്റെ മുഖമൊന്ന് വാടി..
എന്റെ അച്ഛൻ അമ്മ റോയിച്ചൻ ജോളിമ്മ.. ഫ്രണ്ട്സ് . ആദി ക്രിസ്റ്റി.. മിത്ര.. അവരുടെയൊക്കെ വീട്ടുകാർ.. അങ്ങനെ ഞാനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരുപാടധികം ആളുകളുണ്ട്..
അവർക്കൊക്കെ എന്നെ വേണം കാർത്തീ.. എനിക്ക് അവരെയും.. അവരിൽ ഒരാളായി തന്നെയാണ് ഞാൻ കാർത്തിയെ കാണുന്നത്. അവർക്കെല്ലാവർക്കും പകരമായ ഒരാളായല്ല..
അല്ലി അവനെ നോക്കി..
സോറി.. ഈഫ് ഐ ഹർട്ട്‌സ് യു..
അവൾ പുറത്തേയ്ക്ക് നോക്കി നിന്നതും കാർത്തി പിന്നിലൂടെ വന്നവളെ വയറിൽ ചുറ്റി പിടിച്ചു..
കാർത്തീ..
എതിർപ്പോടെ അവൾ തിരിഞ്ഞതും അവനവളുടെ അധരങ്ങളെ തന്റേതിനാൽ കവർന്നെടുത്തു..
അല്ലിയൊന്ന് പിടഞ്ഞു..
അവനവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..
ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം അല്ലിയവനെ തള്ളി മാറ്റി..
കാർത്തീ നോ..
അല്ലി തെല്ല് ദേഷ്യത്തോടെ അവനെ നോക്കി..
വേണ്ട കാർത്തീ.. ഇത്.. ഇത് വേണ്ട..
അല്ലി കിതപ്പോടെ അവനെ അൽപ്പം ശാന്തമായി നോക്കി പറഞ്ഞു..
നമുക്ക് സമയമുണ്ട് കാർത്തീ.. ഇഷ്ടം പോലെ.. ലൈഫ് ലോങ്ങ് ഞാൻ കാർത്തിയുടെ കൂടെയുണ്ട്.. പിന്നെന്താ ഇപ്പൊ..
കാർത്തി അതിനു മറുപടിയായി ഒന്ന് ചിരിച്ചു..
ശെരിക്കും ഞാൻ സർപ്രൈസ്ഡ് ആയീട്ടോ..ബാംഗ്ളൂരൊക്കെ ജീവിക്കുന്ന താൻ ഇത്ര സില്ലിയാണെന്ന് ഞാൻ കരുതിയില്ല..
ഞാൻ ജീവിക്കുന്നത് ഇവിടെയാണ്.. പക്ഷെ അത്ര പുരോഗമനം എന്റെ മനസ്സിലില്ല എന്നു കരുതിക്കോളൂ..
അവൾ പറഞ്ഞു.. പിന്നെയവന്റെ തോളിൽ ചാഞ്ഞു..
അവനവളെ കരുതലോടെ ചേർത്തു പിടിച്ചു..
ഇവിടേയ്ക്ക് ഞാൻ വരാൻ പാടില്ലായിരുന്നു അല്ലെ..
അവനവളെ നോക്കി.
ഞാനൊറ്റയ്ക്ക് അല്ലല്ലോ ഇവിടെ… ഞങ്ങളുടെ ക്ളോസ് റിലേറ്റിവ്‌സ് അല്ലാതെ വേറാരും ഇങ്ങോട്ട് വരാറില്ല..
അപ്പൊ നമ്മുടെ മാര്യേജ്.. അത് കഴിഞ്ഞാൽ തന്നെ ഒന്ന് കാണാൻ പോലും കിട്ടില്ലേ എനിക്ക്..
കാർത്തി അവളെ നോക്കി..
പിന്നെ കിട്ടാതെ.. തമ്മിൽ കാണാതെ ഇരിക്കാനാണോ കല്യാണം കഴിക്കുന്നത്… അവധി കിട്ടുമ്പോ ഞാനങ്ങു വരില്ലേ..
അത് പോര.. ഇവിടെ നമുക്കൊരു ഫ്ലാറ്റ് വാങ്ങിയാലോ..
ഇവിടെയോ..
മ്മ്..
അവൻ മൂളി..
ഫ്ലാറ്റ് ഇവിടെ വാങ്ങി സെറ്റിൽ ആകുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല.. നാട് വിട്ട് പോരാനൊന്നും താൽപ്പര്യവുമില്ല..പിന്നെ വേണമെങ്കിൽ നമുക്ക് ഒരു വീട് വാടകയ്ക്ക് എടുക്കാം..
അവൾ അവനെ നോക്കി..
അത് ആലോചിക്കാം.. ഏതായാലും ഞാനിന്ന് നാട്ടിലേയ്ക്ക് മടങ്ങും.. താൻ വരുന്നോ..
കാർത്തി ചോദിച്ചു..
ഇല്ല.. ഞാനിന്ന് മറ്റൊരിടം വരെ പോകാനുണ്ട്..
എവിടെ..
ആദിയുടെ കൂടെ.. മാംഗ്ളൂർ വരെ.. അവന്റെ കല്യാണ കാര്യത്തിനാണ്..
അല്ലി അവനെ നോക്കി..
കല്യാണം.. ഒളിച്ചോട്ടമാണോ..
കാർത്തി അവളെ നോക്കി..
ആ അങ്ങനെയും പറയാം.. ആ കുട്ടിയെ രജിസ്റ്റർ മാര്യേജ് കഴിക്കുവാ.. ഞാൻ സൈൻ ചെയ്യാൻ..
അല്ലി പറഞ്ഞു..
മ്മ്..
അവൻ മൂളി..
അമ്മ..
അല്ലി കാർത്തിയെ നോക്കി..
മമ്മയ്ക്ക് ഇപ്പോഴും കല്യാണം അക്സപ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല.. ആക്ച്വലി അതൊരു സെല്ഫിഷ്‌നസിന്റെ പ്രശ്നമാണ്..
എനിക്ക് 6 വയസ്സുള്ളപ്പോ മുതൽ പപ്പയും മമ്മയും തമ്മിൽ പ്രോബ്ലംസ് തുടങ്ങിയതാണ്.. അവസാനം എനിക്ക് 10 വയസ്സുള്ളപ്പോ അവർ ഡിവോഴ്‌സ് വാങ്ങി.. പപ്പയും മമ്മയും രണ്ടു ലൈഫ് സ്വീകരിച്ചു.
പപ്പ ഒറ്റയ്ക്ക് എന്നെ നോക്കാൻ തീരുമാനിച്ചപ്പോൾ മമ്മ മറ്റൊരു മാര്യേജ് കഴിച്ചു..
അതിന്റെ പേരിൽ അന്നുമിന്നും എനിക്കവരോട് ദേഷ്യമൊന്നും ഇല്ല കേട്ടോ.. പക്ഷെ പിന്നീട് ഒരു 12 വർഷക്കാലം.. ഒരിക്കൽ പോലും അവരെന്നെ അന്വേഷിച്ചു വന്നില്ല..
ഒടുവിൽ അവരുടെ ഹസ്ബൻഡ് മരിച്ചു ആ ഒറ്റപ്പെടലിൽ ആണ് അവർക്കെന്റെ പ്രസൻസ് വേണമെന്ന് തോന്നിയത്..
അതിന്റെ പേരിലാണ് ഞങ്ങൾ തമ്മിൽ ഉടക്കിയതും.. ഇപ്പൊ കുറച്ചേ ആയുള്ളൂ മമ്മയുമായി ഞാൻ വീണ്ടും അടുത്തിട്ട്. അതും പപ്പേടെ മരണശേഷം.. അതിനിടയിൽ താൻ കൂടെ വരുന്നതിനുള്ള ഒരു കുശുമ്പ്.. അത്രേയുള്ളൂ..
കാർത്തി പറഞ്ഞു അല്ലി പുഞ്ചിരിച്ചു.
അത് കാർത്തി പേടിക്കേണ്ട.. മമ്മയുമായുള്ള കാർത്തിയുടെ റിലേഷനെ ഞാൻ തടയില്ല.. ഒരിക്കലും അതിൽ ഞാനായിട്ട് പ്രശ്നങ്ങളും ഉണ്ടാക്കില്ല..
അല്ലി പറഞ്ഞു..
ഐ നോ ടാ.. അതൊണ്ടല്ലേ അല്ലിപെണ്ണിനോട് എനിക്കിത്ര അസ്ഥിക്ക് പിടിച്ച പ്രേമം..
കാർത്തി അവളെ ചേർത്തു പിടിച്ചു.. അല്ലി ചിരിയോടെ അവന്റെ മുടിയിലൊന്ന് തഴുകി..
അവനാ വാത്സല്യത്തിന്റെ ചൂടിൽ അവളുടെ തോളിലേയ്ക്ക് ചാഞ്ഞിരുന്നു..
അവൻ യാത്ര പറഞ്ഞു പോയപ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ അല്ലിയുടെ മനസ്സിൽ നിറഞ്ഞിരുന്നു..
ഒടുവിലായി എല്ലാം ശെരിയാകുമെന്ന വിശ്വാസത്തിൽ തന്നെ നോക്കി നിൽക്കുന്ന ട്രീസയ്ക്കും മുമ്മുവിനും നിറഞ്ഞ പുഞ്ചിരി നൽകിയവൾ അകത്തേയ്ക്ക് പോയി..
അവളുടെ പോക്ക് നോക്കി അവർ പരസ്പരം നോക്കി നിന്നു..
അപ്പോഴും ആ മനസ്സുകളിലും അവളുടെ ഭാവി ഒരു ചോദ്യചിഹ്നമായി കിടക്കുകയായിരുന്നു..
തുടരും..

by