രചന – ഗൗരി ലക്ഷ്മി
എന്താ പറ്റിയെ..
നേർത്ത സ്വരത്തിൽ അവൾ ചോദിച്ചതും ആദിയുടെ ചുവന്ന് കലങ്ങിയ കണ്ണുകളും ആകാംഷയോടെ അവരിലേക്ക് നീണ്ടിരുന്നു..
ആ നിമിഷവും അവരെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്ന ഒരപ്പന്റെ കണ്ണുകൾ തന്റെ പൊന്നു മകൾക്കായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.. വിഫലമായി..
എനിക്കറിയില്ല മോളെ.. പോലീസ് ഒന്നും വിട്ടു പറഞ്ഞില്ല.. ജിജോയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോ മോളെവിടെ ഉണ്ടെന്ന് പറഞ്ഞൂന്നാ പറഞ്ഞേ..
റീന പറഞ്ഞു..
അപ്പോഴേയ്ക്കും എസ്പിയും ചരണും അവിടേയ്ക്ക് വന്നു..
ഹാ.. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ കരുതി പോയിട്ടുണ്ടാകുമെന്നു..
എസ് പി ചോദിച്ചു..
പോകാൻ ഇറങ്ങിയതാണ് സർ.. ഇവിടെ ഒന്ന് കേറിയിട്ടു പോകാമെന്ന് കരുതി..
മ്മ്.. നിങ്ങൾക്കിനി വേറെ ലീഗൽ ഫോർമാലിറ്റി ഒന്നുമില്ല.. എന്തായാലും നിങ്ങൾ ആ മെസേജ് കണ്ട് കംപ്ലൈന്റ് തന്നത് നന്നായി.. ഇല്ലെങ്കിൽ വെറുമൊരു ഒളിച്ചോട്ട കഥയായി ആ മിസിങ് മാറിയേനെ..
എസ് പി ഡേവിഡിനെ ഒന്ന് നോക്കിയാണ് അത് പറഞ്ഞത്..
നിയയ്ക്ക് എന്ത് സംഭവിച്ചതാണ് സർ..
ആദി തെല്ല് ആകാംഷയോടെ ചോദിച്ചു..എസ് പി അവനൊരു പുഞ്ചിരി നൽകി..
രാത്രി അവർ തമ്മിൽ സംസാരിച്ച കാര്യങ്ങൾ നിയ കേട്ടോ എന്നു ജിജോയ്ക്ക് സംശയമുണ്ടായിരുന്നു.. അതുകൊണ്ട് നിയയുടെ റൂമിനരികിൽ ചെന്ന ജിജോ കേട്ടത് ഡാഡിയെ വിളിച്ചു സത്യങ്ങൾ പറയുന്ന നിയയുടെ വാക്കുകളാണ്. അതോടെ നിയ എല്ലാം കേട്ടു എന്നുറപ്പിച്ച ജിജോ ആ രാത്രി തന്നെ ക്വൊട്ടേഷൻ ടീമിനെ വിളിച്ചു നിയയെ കിഡ്നാപ്പ് ചെയ്യിച്ചു.. പക്ഷേ അതിന് മുമ്പ് തന്നെ നിയ നിങ്ങൾക്ക് അതേപറ്റി മെസേജ് ഇട്ടിരുന്നു..
അത് അവൾ ഫോണിൽ നിന്ന് ഡിലീറ്റ് ആക്കിയത് കൊണ്ടുതന്നെ അവർ അതറിഞ്ഞതുമില്ല..
രാത്രി ഏറെ ടോർച്ചർ ചെയ്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിയയെകൊണ്ടാ കത്ത് എഴുതിച്ചത്.. ഡേവിഡ് അവരുടെ പിടിയിലാണ് എന്നവർ അപ്പോഴേയ്ക്കും നിയയെ വിശ്വസിപ്പിച്ചിരുന്നു.. ഡാഡിയുടെ ജീവന് വേണ്ടി ആ കുട്ടി അവർ പറഞ്ഞതൊക്കെ എഴുതി കൊടുത്തു..
റീന കരഞ്ഞുകൊണ്ട് ഡേവിഡിനെ നോക്കി..
അയാൾ അപ്പോഴും മുഖം ഉയർത്തിയില്ല..
നിയ ഒളിച്ചോടി എന്ന് വരുത്തി തീർത്ത് ആ പുകമറയ്ക്കുള്ളിൽ എല്ലാവരെയും നിർത്തി ഡേവിഡിനെ കൊല്ലാൻ ആയിരുന്നു അവരുടെ പ്ലാൻ.. പിന്നീട് നിയയെ ടോർച്ചർ ചെയ്ത് എല്ലാം എഴുതി വാങ്ങാം എന്നവർ കരുതി.. ജിജോയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതോടെ എല്ലാം അയാൾ വെളിപ്പെടുത്തി..
പക്ഷെ ആ ക്വൊട്ടേഷൻ ടീമിന്റെ ഷെൽട്ടറിൽ എത്തിയപ്പോഴേയ്ക്കും അവർ നിയയെ തലയ്ക്കടിച്ചു വീഴ്ത്തി രക്ഷപ്പെട്ടിരുന്നു..
അപ്പൊ അവരെ കിട്ടിയില്ലേ സർ..
അല്ലി ചോദിച്ചു..
ഞങ്ങൾ അവർക്കായുള്ള തിരച്ചിലിലാണ്..
എസ് പി പടഞ്ഞു..
അല്ല നിയയെ നിങ്ങളൊക്കെ കണ്ടോ..
അതിന് നിയയ്ക്ക് ബോധം വീണിട്ടില്ലല്ലോ സർ..
അല്ലി ചോദിച്ചു..
ആര് പറഞ്ഞു..
റീനയും ആദിയും അല്ലിയും പരസ്പരം നോക്കി.. അപ്പോഴേയ്ക്കും ചരണിനൊപ്പം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കൂടി വന്നിരുന്നു..
ഇവിടെ ഹോസ്പിറ്റലിൽ നിന്ന് നിയയ്ക്ക് ബോധം വീണു എന്നുള്ള കോൾ വന്നിട്ടാണ് ഞങ്ങൾ വന്നത്.. ഡോക്ടർ കേറി കാണാനും മൊഴിയെടുക്കാനുമുള്ള പെർമിഷനും തന്നു..
എസ് പി പറഞ്ഞു..
ഡോക്ടർ ഞങ്ങളോടൊന്നും പറഞ്ഞില്ല സർ..
മേ ബി ഞങ്ങളുടെ മൊഴിയെടുപ്പിൽ ആരും ഇന്റർഫിയർ ചെയ്യാതിരിക്കാൻ ആകും.. എന്തായാലും ഞങ്ങൾ നിയയെ ഒന്ന് കാണട്ടെ..
അതും പറഞ്ഞു എസ് പി ഐ സി യുവിന്റെ ബെൽ പ്രെസ് ചെയ്തു..
ഒരു രണ്ടു നിമിഷത്തിന് ശേഷം ഒരു നേഴ്‌സ് വന്നു വാതിൽ തുറന്നു. എസ് പി കാര്യം പറഞ്ഞതും അവർ അയാളെയും കൂടെ വന്ന ഓഫീസർമാരെയും കൂട്ടി അകത്തേയ്ക്ക് പോയി..
എന്റെ കുഞ്ഞ്.. എന്തെല്ലാം സഹിച്ചു അവൾ.. ഒരു കാലത്തും അവൻ ഗുണം പിടിക്കില്ല.. നോക്കിക്കോ..
റീന പ്രാകുമ്പോഴും അല്ലിയുടെയും ആദിയുടെയും ശ്രദ്ധ ഡേവിഡിൽ ആയിരുന്നു.. കുരിശിങ്കലെ വീമ്പിളക്കി നാടൊട്ടുക്കും ഒരു ഒറ്റയാനെന്നോണം വിലസി നടന്ന ആളാണ്..
ഇവിടെ വന്നിത്ര നേരമായിട്ടും ഒന്ന് ശിരസ്സുയർത്തി നോക്കുകയോ ഒരു വാക്ക് മിണ്ടുകയോ അയാൾ ചെയ്തിട്ടില്ല എന്നോർക്കവേ ആദിക്ക് അത്ഭുതം തോന്നി..
എന്നാൽ അയാളുടെ മൗനത്തിന് പിന്നിൽ എന്താകും എന്ന ചിന്തയും അവനിൽ നിറഞ്ഞു നിന്നിരുന്നു..
അല്പനേരം കഴിഞ്ഞതും എസ്പിയും ചരണും പുറത്തിറങ്ങി വന്നു..
എന്റെ മോള് എന്ത്പറഞ്ഞു സർ..
റീന ഓടിച്ചെന്നു ചോദിച്ചതും എസ്പി അവരെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു..
മോള് പറഞ്ഞത് അപ്പനും അമ്മയും അവളെ സ്നേഹിച്ച കഥ കൂടിയാണ്.. ഇത്ര നാളും ആ കുട്ടി ആ വീട്ടിൽ കിടന്നനുഭവിച്ച വേദനകൾ മൊത്തം പറഞ്ഞു.. അതിന് കാരണവും..
റീന ഒന്നും മിണ്ടാതെ ആദിയെ നോക്കി.. അവനിലെ ഭാവമെന്തെന്നു അവർക്ക് മനസ്സിലായില്ല..
എന്തായാലും ആ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയാണ്.. ശെരിക്കും ഒന്നാം പ്രതി ജിജോ ആണെങ്കിലും അതിനു പ്രേരണ നൽകിയത് നിങ്ങളാണെന്നു പറയാതെ വയ്യ.. എന്നിട്ടും ആ കുട്ടി കേസിൽ നിന്ന് നിങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.. എനിവേ.. ഇനിയും സ്റ്റേഷനിൽ നിന്ന് വിളി വരും.. രണ്ടാളും അവിടെ വന്നു മൊഴി തരണം..
ശെരി സർ..
റീന പറഞ്ഞു..
ഇനി ഞങ്ങൾക്ക് മോളെ കാണാമോ..
ആ കുട്ടിക്ക് ആരേം കാണേണ്ട എന്നാണ് പറഞ്ഞത്..
റീനയുടെ തലകുനിഞ്ഞു പോയി..
ആ നിങ്ങളെ ഒന്ന് കാണണം എന്നാ കുട്ടി പറഞ്ഞു..
ആദിയെ നോക്കി അയാൾ അത് പറയുമ്പോൾ അവൻ ഞെട്ടലോടെ നോക്കിയത് അല്ലിയുടെ മുഖത്തായിരുന്നു.. ആ മുഖം തീർത്തും ശാന്തമായിരുന്നു..
മ്മ്..
അവൻ മൂളി..
ഞങ്ങൾ കൂടി വന്നോട്ടെ..
റീന പെട്ടെന്ന് ചോദിച്ചതും ആദി യാന്ത്രികമായി തലയാട്ടി.. ശേഷം അല്ലിയുടെ അരികിൽ ചെന്നവളുടെ കയ്യിൽ കൈ കോർത്തു..
നീ വാ..
മറുത്തൊന്നും പറയാതെ അവനൊപ്പം പോകുന്നവളെ നോക്കി പിന്നാലെ നടക്കവേ റീനയുടെ കണ്ണിൽ അടങ്ങാത്ത കുറ്റബോധമായിരുന്നു..
ആ നിമിഷവും അവർക്ക് പിന്നാലെ ഒരു യന്ത്രം പോലെ നടന്ന ഡേവിഡിലും നിറഞ്ഞു നിന്നത് അതൊന്നുമാത്രമായിരുന്നു..
അത്രത്തോളം ആഴത്തിൽ ആ കുറ്റബോധം അയാളെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു…
******************
നിയാ..
അല്ലിയുടെ ശബ്ദം കേട്ടാണ് നിയ കണ്ണു തുറന്നത്.. ആദി അവൾക്കാരികിൽ നിന്ന് നിയയെ നോക്കി കാണുകയായിരുന്നു..
തീർത്തും ക്ഷീണിച്ചു കോലം കെട്ടു പോയിരിക്കുന്നു അവൾ..
കണ്തടങ്ങൾ കുഴിഞ്ഞു കറുപ്പ് ബാധിച്ചിരിക്കുന്നു..
അവളുടെ കണ്ണുകൾ തന്നിലേയ്ക് നീങ്ങിയതും അവനിൽ ഒരു തരം പ്രവേശം നിറഞ്ഞു..
ആദി..
നേർത്ത ഒരു തേങ്ങൽ പോലെയാ ശബ്ദം അവനിലേക്ക് ഒഴുകിയെത്തി..
അവൾ കൈ നീട്ടിയതും അറിയാതെ അവന്റെ ഇടം കൈ അവളുടെ കയ്യിൽ പതിഞ്ഞു.. ഒപ്പം തന്റെ വലം കയ്യിൽ മുറുകിയിരുന്ന മറ്റൊന്ന് തന്നിൽ നിന്ന് വേര്പെടുന്നതും നിസ്സഹായമായി ആദി അറിഞ്ഞു..
ആ..ദി..
തീർത്തും നിസ്സഹായമായിരുന്നു ആ വിളി.. അവൻ കുറച്ചുകൂടി അവളുടെ അരികിലേക്ക് നിന്നു..
സോറി..
അത്രമേൽ ആഴത്തിൽ.. പതിഞ്ഞ സ്വരത്തിൽ അവളുടെയാ വാക്ക് തന്നിലേക്ക് എത്തിയതും അവൻ ആ കൈകളിൽ മുറുകെ പിടിച്ചു.. ആ ക്ഷമ സ്വീകരിച്ചെന്ന പോലെ..
വന്നല്ലോ നീ.. താങ്ക്സ്..
അവനൊന്ന് പുഞ്ചിരിച്ചു..
മോളെ..
റീനയുടെ ശബ്ദം കേട്ടതും ഞെട്ടലോടെ നിയ അവരെ നോക്കി.. ഡേവിഡിനേയും റീനയെയും കണ്ടതും അവളുടെ കണ്ണുകൾ ചുവക്കുന്നതും പക നിറയുന്നതും ആദി വ്യക്തമായി കണ്ടിരുന്നു..
മോളെ..
മിണ്ടരുത്..
തീർത്തും ദുർബലമായ നേർത്ത സ്വരത്തിൽ പോലും അസാമാന്യമായ ആജ്ഞാശക്തി അവൾ ഒളിപ്പിച്ചു പിടിക്കും പോലെ ആദിക്ക് തോന്നി..
മോളെ.. മമ്മി..
മമ്മിയോ.. നിങ്ങളോ..
അവൾ പുച്ഛത്തിൽ ചോദിച്ചു..
എന്താ മോളെ ഇങ്ങനെ പറയുന്നേ.. ഞങ്ങൾക്ക് വേറാരാ..
ആരുമില്ല അല്ലെ.. വേണ്ട. ആരും ഉണ്ടാകരുത് നിങ്ങൾക്ക്..
അവൾ കിതച്ചുപോയി.. ആ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി..
മോളെ..
പ്ലീസ്.. എനിക്കൊട്ടും വയ്യ.. എന്നെക്കൊണ്ട് ഇതിൽ കൂടുതൽ പറയിക്കരുത്..
അവൾ കേണു.
അല്ല എന്തേ കുരിശിങ്കലെ ഡേവിഡ് കുര്യൻ തല താഴ്ത്തി നിൽക്കുന്നു.. ഇങ്ങോട്ട് നോക്കണം.. നിങ്ങൾ പറഞ്ഞത് ധിക്കരിച്ചൊരു ഹിന്ദു പയ്യനെ പ്രണയിച്ച കുറ്റത്തിനുള്ള ശിക്ഷ അനുഭവിച്ചു കിടക്കുന്ന മോളെ കാണേണ്ടേ നിങ്ങൾക്ക്..
അവൾക്കുള്ളിലെ തീരാ നോവ് ആ വാക്കിൽ നിറഞ്ഞു നിൽക്കുന്നത് ആദി അറിഞ്ഞു..
മോളെ.. ഞാൻ..
ഡേവിഡ് അവളെ നോക്കി നിറകണ്ണോടെ യാചിച്ചു..
നിയ.. പ്ലീസ്..
ആദി പറഞ്ഞു..
നിനക്കറിയില്ല ആദി.. എന്നെ സ്നേഹിച്ച കുറ്റത്തിന് നിന്നോട് ഇയാൾ കാണിച്ചത് നീ മറന്നോ.. അത് കഴിഞ്ഞു എന്നോടായിരുന്നു. ഒരിക്കലും ഞാൻ സ്നേഹിക്കാത്ത ഒരാൾക്ക് എന്നെ കബളിപ്പിച്ചു കൈപിടിച്ചു കൊടുത്തു ഇയാൾ.. എന്നിട്ടെന്റെ ജീവനും ജീവിതവും കൊണ്ടുപോയി ആ കാൽക്കൽ കൊടുത്തു..
എന്നെ സഹിക്കാൻ ലക്ഷങ്ങൾ കൊടുത്തു അയാൾക്ക്.. ഓരോ ദിവസവും നീറി നീറി അപമാനവും വേദനയും കുത്തുവാക്കുകളും സഹിച്ചു ആ വീട്ടിൽ ഈ ഒരു കൊല്ലത്തോളം ജീവിച്ചു ഞാൻ.. എന്നിട്ടും തീർന്നില്ല ഇയാളുടെ പക..
നിയ പല്ലുഞെരിച്ചു… ആദി വേദനയോടെ ഡേവിഡിനെ നോക്കി..
നൊന്തുപെറ്റ മോളാണെന്ന് പോലുമോർക്കാതെ എനിക്കൊരിക്കലും അംഗീകരിക്കാൻ പറ്റാത്ത.. എന്നെ പുഴുത്ത പട്ടിക്ക് സമമായി കാണുന്ന ഒരുത്തന്റെ കിടപ്പറയിൽ ഭീഷണിപ്പെടുത്തി എറിഞ്ഞു കൊടുത്തു..
ആദി തകർന്നു പോയിരുന്നു..
അയാൾ ഓരോ രാത്രിയും ഇയാളോടുള്ള പക എന്നിൽ തീർക്കുമ്പോൾ ഒന്ന് മരിക്കാൻ പോലും ധൈര്യം തരാത്ത മാതാവിനോട് ഞാൻ ഹൃദയം പൊട്ടി പരാതി പറഞ്ഞിട്ടുണ്ട്..
നിയാ..
ആദിയുടെ ശബ്ദത്തിൽ പോലും വല്ലാത്ത നീറ്റൽ അവൾ തിരിച്ചറിഞ്ഞിരുന്നു..
നിനക്കറിയോ ആദി.. നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാ ഇയാൾ ആ ദുഷ്ടനെന്നെ എറിഞ്ഞു കൊടുത്തത്..
ആദി മാത്രമല്ല ഇത്തവണ ഞെട്ടിയത് റീനയും കൂടിയാണ്..
ഞാൻ സഹിച്ചു.. ആ വീട്ടിൽ അയാളുടെ പക തീർക്കാനുള്ള ഒരു പാവയെ പോലെ എന്നെ ഉപയോഗിച്ചപ്പോൾ പോലും ഞാൻ സഹിച്ചു.. എന്നിട്ടും ഇയാളെ കൊല്ലുമെന്നവൻ പറഞ്ഞപ്പോ നെഞ്ചു നീറിയാണ് ഞാനിയാളെ വിളിച്ചത്.. ഒന്ന് കേൾക്കാൻ പോലും തയാറാകാതെ ഇയാളാണെന്നെ ഈയവസ്ഥയിൽ എത്തിച്ചത്..
ഡേവിഡ് കണ്ണുകൾ ഇറുകെ പൂട്ടി..
കുട്ടി.. കുട്ടിയെന്താ ഈ കാണിക്കുന്നെ.. സംസാരിക്കരുത് എന്നു ഡോക്ടർ പറഞ്ഞതല്ലേ.. എല്ലാവരുമൊന്ന് പുറത്തുപോയെ..
നേഴ്‌സ് വന്നു പറഞ്ഞു..
സിസ്റ്റർ പ്ലീസ്.. ഒരു മിനിറ്റ്..
നിയ കേണു..
ഒന്നിറങ്ങി പോകാൻ പറയ് ആദി ഇയാളോടും ഇവരോടും..
നിയ പറഞ്ഞതും റീന ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് നടന്നു.. പിന്നാലെ ദയനീയമായി അവളെ ഒന്ന് നോക്കി ഡേവിഡും..
ആദി.. ഞാനും പുറത്തു നിൽക്കാം..
അല്ലി..
അല്ലി അതും പറഞ്ഞു തിരിഞ്ഞതും നിയ അവളെ വിളിച്ചു..
അല്ലി അവളെ തിരിഞ്ഞു നോക്കി..
താങ്ക്സ്..
അല്ലി അവളെ സംശയത്തോടെ നോക്കി..
എനിക്കറിയാം ഈ നിമിഷം നിന്റെ മനസ്സ്.. എന്നിട്ടും എനിക്ക് വേണ്ടി നീ ഒന്നും പ്രകടിപ്പിക്കാതെ നിൽക്കുന്നതിനു താങ്ക്സ്.. പിന്നെ എനിക്കറിയാം.. അന്ന് ആദി എസ്പിയോട് കംപ്ലൈന്റ് ചെയ്തതൊക്കെ പുള്ളി പറഞ്ഞു.. നീയൊന്ന് തടഞ്ഞിരുന്നെങ്കിൽ ആദി ഒരിക്കലും അതിന് മുതിരില്ലായിരുന്നു..
എല്ലാത്തിനും..
നിയ പറഞ്ഞു.. അല്ലിയൊന്ന് പുഞ്ചിരിച്ചു..
നീ തോറ്റു പോകരുത്..
നിയയൊന്ന് ചിരിച്ചു..
ഞാനിത് അർഹിക്കുന്നുണ്ട്..
ആദിയെ നോക്കി അവൾ പറഞ്ഞു..
നീയെന്നല്ല.. ഈ ലോകത്തൊരു പെണ്ണും ഇതൊന്നും അർഹിക്കുന്നില്ല.. നിന്നിൽ ഒരു തെറ്റുമില്ല നിയാ.. ഒക്കെയും വിധിയാണ്.. ആ വിധി നിനക്ക് വീണ്ടും ഒരവസരം തരികയാണ്..
ആദി ഞെട്ടി അവളെ നോക്കി.. അതിന്റെ അർത്ഥ തലങ്ങൾ അവനെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു..
ജീവിതം ഇവിടെ തീരുവല്ല.. തുടങ്ങുകയാണ്..
നിയ ഒന്ന് ചിരിച്ചു..
അല്ലിയും..
നിങ്ങൾ ഇന്ന് മടങ്ങുമോ..
പോകണം.. അവിടെ വർക്ക് ഒത്തിരി പെൻഡിങ് ആണ്.. ഒരു ദിവസത്തെ ലീവ് എടുത്താ വന്നത്.. പിന്നെ ഞങ്ങൾ രണ്ടുമില്ലെങ്കിൽ അവിടെ പ്രശ്നമാകും… പോകാൻ ഇറങ്ങിയതാണ്.. ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ടും ചെയ്തു.. നിന്നെ കണ്ടിട്ട് പോകാമെന്ന് കരുതി..
അല്ലി മറുപടി പറയും മുൻപ് ആദി ചാടികയറി പറഞ്ഞു..
നിയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
ഞങ്ങൾ വിളിക്കാം.. നീ വേഗം ഹെൽത്തി ആകും..
അല്ലി പുഞ്ചിരിയോടെ പറഞ്ഞു..
നിയ കണ്ണുകൾ ഒന്ന് ചിമ്മി അവൾക്ക് മറുപടി നൽകി..
പോകാം..
ആദി പറഞ്ഞതും നിയ അവന്റെ കയ്യിൽ നിന്ന് വിട്ടു.. ആദി പെട്ടെന്ന് തന്നെ അല്ലിയുടെ അരികിലേക്ക് ചെന്നവളുടെ കയ്യിൽ പിടിച്ചു..
കൂടണഞ്ഞ കുഞ്ഞി കിളിയെ പോലെ അവന്റെയുള്ളം ശാന്തമാകുന്നത് ആദി ഒട്ടൊരു അത്ഭുതത്തോടെയാണ് അറിഞ്ഞത്..
തനിക്ക് മുൻപിലുള്ള തന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ..
അതിൽ അല്ലി എത്രത്തോളം വെത്യസ്തയാണ് തനിക്ക് എന്നവന് ആ നിമിഷം തിരിച്ചറിയുകയായിരുന്നു..
പക്ഷെ ആ നിമിഷവും അവളെ തനിക്ക് നഷ്ടപ്പെടുകയാണെന്ന ചിന്ത അവനിൽ വല്ലാത്ത വേദന നിറച്ചു..
ആദി..
അല്ലിയുടെ വിളി കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്..
പോകാമെന്ന്..
മ്മ്.. അവൻ മൂളി.. ശേഷം നിയയെ നോക്കി തലയാട്ടി യാത്രപറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും അല്ലിയുടെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ ഭദ്രമായിരുന്നു..
ആ പോക്ക് നോക്കി കിടക്കുമ്പോഴും ആ സ്ഥാനത്ത് നിൽക്കേണ്ട തന്റെ ദുര്വിധിയോർത്ത് നീറുകയായിരുന്നു നിയ..
തീർത്തും വ്യർത്ഥമായി..
*******************
കണ്ണിലേക്ക് ജനാലയിലൂടെ സൂര്യ രശ്മികൾ പതിഞ്ഞതും അല്ലി കണ്ണുകൾ വലിച്ചു തുറന്നു..
എല്ലാം ഒരു സ്വപ്നം പോലെ..
ശൂന്യമായ ബെഡും മുറിയും കണ്ടതും അല്ലി ദീർഘമായി ഒന്ന് നിശ്വസിച്ചു..
പിന്നെ ചെന്ന് കർട്ടൻ മാറ്റി ജനാല തുറന്നു..
അല്പനേരം അങ്ങനെ നിന്നതും പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി..
നീ എഴുന്നേറ്റോ… ഞാൻ വിളിക്കാൻ വരുവായിരുന്നു..
ആദി പറഞ്ഞതും അല്ലിയൊന്ന് പുഞ്ചിരിച്ചു..
നല്ല ക്ഷീണം.. ഇത്രേം നേരമായത് പോലുമറിഞ്ഞില്ല.. നീ നേരത്തെ എഴുന്നേറ്റോ..
ഹേയ്.. ഞാൻ ഇത്തിരി മുൻപെഴുന്നേറ്റേയുള്ളൂ..
അവൻ ചെറു ചിരിയോടെ പറഞ്ഞു കയ്യിലിരുന്ന കപ്പ് ഉയർത്തിക്കാട്ടി..
ഞാൻ ബ്രഷ് ചെയ്തില്ല ആദി.. ഇപ്പൊ വരാം..
അതും പറഞ്ഞവൾ വാഷ് റൂമിലേയ്ക്ക് പോകുന്നതും നോക്കിയൊരു ചിരിയോടെ ആദി നിന്നു..
വെളുപ്പിനെയാണ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേയ്ക്ക് എത്തിയത്..
സൂപ്പർ കോഫി..
ആദി ഓരോന്ന് ഓർത്തു നിന്നതും പിന്നിൽ നിന്ന് അല്ലി പറഞ്ഞു.. അവനൊന്നവളെ നോക്കി ചിരിച്ചു..
ഹോസ്പിറ്റലിൽ നിന്ന് കോൾ വല്ലോം വന്നോ ആദി..
ഒരു കയ്യിൽ കോഫിയും പിടിച്ചു ഫോണും നോക്കി അല്ലി ചോദിച്ചു..
ഇല്ല..
നീയും വിളിച്ചില്ലേ..
ആദി മൗനമായി ബൽക്കണിയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി..
അല്ലി അവനെ ഒന്ന് നോക്കിയ ശേഷം റീനയുടെ നമ്പർ ഡയൽ ചെയ്തു..
ഹലോ.. ആന്റി അല്ലിയാണ്..
മോളെ.. പറയ്..
റീന പറഞ്ഞു..
നിയയ്ക്ക് എങ്ങനെയുണ്ട്.. ഡോക്ടർ എന്തെങ്കിലും പറഞ്ഞോ ആന്റി..
അല്ലി ചോദിച്ചു..
ഇന്ന് റൂമിലേയ്ക്ക് മാറ്റും എന്ന് പറഞ്ഞു.
അവൾ ഞങ്ങളോട് ഒന്നും മിണ്ടുന്നുപോലുമില്ല..
റീന നോവോടെ പറഞ്ഞു..
എല്ലാം ശെരിയാകും ആന്റി..
വ്യർത്ഥമെങ്കിലും ആ പ്രതീക്ഷ ആ നിമിഷം അവർക്ക് അത്യാവിശമാണ് എന്നവൾക്ക് തോന്നി..
എങ്കിൽ ശെരി ആന്റി.. ഞാൻ പിന്നെ വിളിക്കാം.
അതും പറഞ്ഞവൾ ഫോൺ വെച്ചതും ആദി അവളെ നോക്കി..
നിയ ഓകെ ആയി വരുന്നു..
മ്മ്.
അവൻ മൂളി.
അല്ലി..
ആദിയുടെ വിളിയിൽ അവൾ അവനെ സംശയത്തോടെ നോക്കി..
നിനക്ക് അവളോട് ക്ഷമിക്കാൻ പറ്റിയോ..
ഇതിലും വലുത് ചെയ്തവരോട് പൊറുക്കാൻ ഞാൻ തയ്യാറായിട്ടുണ്ട് ആദി.. നിയ സാഹചര്യങ്ങൾ കൊണ്ട് തെറ്റു ചെയ്തവളാണ്.. അവളോട് പൊറുക്കാൻ ആദിയെ പോലെ അല്ലിയ്ക്കും പറ്റും..
അതും പറഞ്ഞു പോകുന്നവളെ നോക്കി നിൽക്കെ നഷ്ടപെടലിന്റെ വ്യാപ്തി അവൻ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു..
ആ സ്നേഹവും കരുതലും കൂട്ടും നഷ്ടപ്പെടുത്താൻ കഴിയുമോ തനിക്കെന്ന ചോദ്യം ഇരുതല മൂർച്ചയുള്ള വാളെന്ന കണക്കെ അവന്റെ മനസ്സിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു..
തീർത്തും നിശബ്ദമായി…
തുടരും…

by