22/04/2026

ആത്മരാഗം : ഭാഗം 17

രചന – ഗൗരി ലക്ഷ്മി

അതും പറഞ്ഞു പോകുന്ന അന്നമ്മാമ്മയെ കണ്ടതും അവന്റെ മുഖവും മാറി.. തന്റെ പിഴച്ചുപോയ പദ്ധതികൾക്ക് പകരമായി പുതിയ പദ്ധതികൾ മെനയുന്ന തിരക്കിലായിരുന്നു അവനപ്പോഴും..

ഗൂഢമായി..

********************

നിന്റെ ഉദ്ദേശം എന്താ കാർത്തി..ഇങ്ങനെ കുടിച്ചു നശിക്കാനോ..അല്ലേൽ തന്നെ ആർക്ക് വേണ്ടിയാ..നിന്നെ വേണ്ടാത്ത അവളെയോ.. എടാ അവളുടെ കല്യാണം കഴിഞ്ഞു.. മാസം ഒന്നൊന്നരയായി.. നീയങ്ങനെ ഡ്രങ്കൺ ആയിട്ട് കാര്യമെന്താ..

ആകാശ് കർത്തിയെ നോക്കി..

അവനൊന്നും മിണ്ടാതെ എവിടേക്കോ നോക്കിയിരിക്കുകയാണ്..

അല്ല എന്താ നിന്റെ ഭാവം.. അതുകൂടെയൊന്നു പറയ്.. അറിയാനുള്ള ആകാംഷ കൊണ്ടൊന്നുമല്ല.. ഇനി എത്രനാൾ ഇങ്ങനെ നിന്നെ തിരക്കി നടക്കേണ്ടി വരുമെന്ന് അറിയാനാ..

ആകാശ് അവനെ നോക്കി..

നിന്റെ വായിലെന്താ പശ വല്ലോം ഒട്ടിച്ചിട്ടുണ്ടോ..

കാർത്തി അവനെ നോക്കി..

നാളത്തേക്കിന്‌ ഞാൻ ടിക്കറ്റ് എടുക്കുവാ.. നമുക്ക് നാട്ടിൽ പോകാം… ആന്റി അവിടെ നിത്യയുടെ വീട്ടുകാരോട് സംസാരിച്ചിട്ടുണ്ട്.. കല്യാണം അധികം വൈകില്ല..

ആകാശ് അവനെ നോക്കി..

നീ പൊയ്ക്കോ.. ഞാനില്ല..

ഇല്ലെന്നോ.. പിന്നെ നിന്റെ കല്യാണത്തിന് ഞാൻ ചെന്നാൽ മതിയോ..

നിനക്കത്രയ്ക്ക് ദണ്ണമാണെങ്കിൽ നീ കെട്ടിയാൽ മതി..

ടാ..

ആകാശിന് ദേഷ്യം വരുന്നുണ്ടായിരുന്നു..

എന്തേ.. പറ്റില്ലല്ലോ.. ഞാൻ വരില്ല എന്നു മമ്മിയോട് പറഞ്ഞേയ്ക്ക്.. എനിക്ക് കല്യാണമാലോചിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ.. മമ്മി പറയുന്നതോക്കെ ചെയ്യാൻ ഞാൻ മമ്മിയുടെ പാവയൊന്നുമല്ല..

കാർത്തി പറഞ്ഞുകൊണ്ട് ബാൽക്കണിയിലേയ്ക്ക് നടന്നു..

പിന്നെ നീ എന്ത് ചെയ്യാൻ പോവാ. ആജീവനാന്തം അവളെയും ഓർത്തു നിരാശാകാമുകനായി നടക്കാനോ..

ആകാശ് ചോദിച്ചു..

അല്ല.. എനിക്ക് അവളെയൊന്ന് കാണണം.. അവളെ മാത്രമല്ല.. അവനെയും..

കാർത്തി ഗൗരവത്തോടെ പറഞ്ഞു..

എന്തിന്.. ഇനി കണ്ടിട്ട് എന്തിനാണെന്ന്..

കാണണം..

കാർത്തിയുടെ സ്വരത്തിൽ വേദന നിറഞ്ഞു..

ടാ.. ഇറ്റ്‌സ് ഓവർ..

അറിയാം.. അറിയാഞ്ഞിട്ടല്ല.. പക്ഷെ..

ഒരു പക്ഷെയുമില്ല.. അവളെ നീ കാണേണ്ട.. കണ്ടിട്ടെന്തിനാ.. ഒരു മാപ്പ്..

അത് പറയാനും കേൾക്കാനും അത്ര സുഖമുള്ള ഒന്നല്ല.. എസ്‌പെഷ്യലി ഈ അവസ്ഥയിൽ.. ഇറ്റ്‌സ് ബെറ്റർ ടു അവോയ്ഡ് ദാറ്റ് സിറ്റുവേഷൻ..

കാർത്തി ഒന്നും മിണ്ടിയില്ല..

അവന്റെ കണ്ണുകൾ ചുവന്നു നിറഞ്ഞു വരുന്നതും കണ്ട് ആകാശിന്റെ മനസ്സും ഒന്ന് പതറി..

ഒത്തിരി ഇഷ്ടമായിരുന്നു.. അല്ലെ..

മ്മ്..

കാർത്തി ഒന്ന് മൂളി..

പിന്നെന്തിനായിരുന്നു ഇങ്ങനെ.. അന്ന്..

ആകാശ് പ്ലീസ്..

കാർത്തി പറഞ്ഞു..

നമുക്കീ സംസാരം ഇവിടെ നിർത്താം.. പ്ലീസ്..

ആകാശ് ഒന്നും പറഞ്ഞില്ല..

എന്തോ കാർത്തിയുടെ അവസ്ഥ അവനെയും വല്ലാതെ നോവിച്ചിരുന്നു..

ഒന്നും മിണ്ടാതെ നിൽക്കുന്ന കാർത്തിയെ തോളിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തുനിർത്തുമ്പോൾ എന്ത് ചെയ്തിട്ടായാലും തന്റെ സുഹൃത്തിന്റെ ജീവിതം മടക്കി കൊണ്ടുവരുമെന്ന ഉറപ്പ് അവൻ തന്നോട് തന്നെ പറയുന്നുണ്ടായിരുന്നു.. നിശബ്ദമായി..

******************

സായന്തനം ചന്ദ്രികാ ലോലമായ്..
ലാ ലാ ലലാ ലാലലാ ലാലലാ..
മ്മ്..

ബെസ്റ്റ് പാട്ട്.. ആട്ടെ ആരാണാവോ സാറിന്റെ ഗുരു..

അല്ലി ചിരിയോടെ ചോദിച്ചതും ആദി ചിരിച്ചു..

ഒരു പാട്ട് പാടാൻ കോപ്പിറൈറ്റ് പ്രശ്നമൊന്നുമില്ലല്ലോ.. അതുകൊണ്ട് എന്റെ നാവ് എന്റെ വായ് എന്റെ പാട്ട്.. ഞാൻ പാടും..

ഓ.. കേൾക്കുന്നത് ഞാനുംകൂടെ ആണല്ലോ..

അല്ലി ചിരിയോടെ പറഞ്ഞതും ആദി കോക്രി കാട്ടി.. അപ്പോഴേയ്ക്കും കോളിംഗ് ബെൽ മുഴങ്ങിയതും അവൾ ചെന്നു വാതിൽ തുറന്നു..

ജോളിമ്മേ..

അവരെ കണ്ടപാടെ കെട്ടിപ്പിടിച്ചവൾ വിളിച്ചതും അവർ വാത്സല്യത്തോടെ അവളെ തഴുകി..

ഓ.. കണ്ടോ ക്രിസ്റ്റി.. ഇവൾക്ക് നമ്മളെയൊന്നും വേണ്ട.. ജോളിമ്മയെ മതി.

റോയ് പറഞ്ഞതും അവൾ കയ്യെടുത്തു അയാളുടെ കവിളിൽ പിടിച്ചു വലിച്ചു..

സ്നേഹപ്രകടനം കഴിഞ്ഞേൽ അവരെ അകത്തേയ്ക്ക് കേറ്റികൂടെ..

ആദി അടുക്കളയുടെ വാതിൽക്കൽ വന്നു ചോദിച്ചതും അല്ലി അവരെയും കൂട്ടി അകത്തേയ്ക്ക് ചെന്നു..

ഇന്ന് പാചകം നീയാണോ ആദി..

ആണ് റോയിച്ചാ.. കണ്ടോ ഇവളെന്നെ അടുക്കളക്കാരനാക്കി..

അല്ലേലും അങ്ങാനാടാ ഉവ്വെ. നമ്മൾ ആണുങ്ങൾക്ക് ചോയ്ക്കാനും പറയാനും കമ്മീഷൻ ഒന്നുമില്ലല്ലോ..

ഉവ്വുവ്വേ..

അല്ലി പറഞ്ഞു..

ജോളിമ്മ ചിരിച്ചതും അല്ലിയും റോയിച്ചനും ആദിയും അതിൽ പങ്കുചേർന്നു..

അല്ലെടാ ഉവ്വേ.. നമ്മടെ പ്രോജക്റ്റ് ഇത്രേം വല്യ വിജയമായിട്ട് അവസാനിപ്പിച്ചിട്ട് നമ്മടെ പിള്ളേർക്ക് ഒരു ട്രീറ്റ് കൊടുക്കേണ്ടേ..

ആഹാരം കഴിപ്പോക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് റോയ് ആ ചോദ്യം എടുത്തിട്ടത്..

പിന്നെ വേണ്ടേ.. 6 മാസത്തെ കാലാവധി ഉണ്ടായിരുന്നിട്ടും പറഞ്ഞ ഡേറ്റിന് രണ്ടാഴ്ച്ച മുന്പെങ്കിലും പ്രോജക്റ്റ് സബ്മിറ്റ് ചെയ്യാൻ കഴിഞ്ഞത് അവരുടെയൊക്കെ കഷ്ടപ്പാട് കൊണ്ടാ.. നേരം വെളുക്കുമ്പോ വർക്ക് തുടങ്ങിയാൽ രാത്രിയാണ് പലരും വീട്ടിൽ പൊയ്ക്കൊണ്ടിരുന്നത്..

വീട്ടിൽ ചെന്നിട്ടും ജോലി ചെയ്തിട്ടുണ്ട് പലരും..

അല്ലി പറഞ്ഞതും ആദി കൂട്ടിച്ചേർത്തു..

റോയിച്ചൻ പുഞ്ചിരിച്ചു. പിന്നെ ജോളിമ്മയെ നോക്കി. അവരുടെ ചുണ്ടിലും മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

നമ്മുടെ സ്റ്റാഫ് ആയിട്ടാ. വേറെ ആരായാലും ഇട്ടിട്ട് പോകേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. പ്രഷർ നല്ല രീതിയിൽ ഉണ്ടായിരുന്നു..

അല്ലി പറഞ്ഞു..

മ്മ്.. അപ്പൊ അവർക്കൊക്കെ ഒരു നല്ല പാർട്ടി കൊടുക്കേണ്ടേ..

പിന്നെ.. ഉറപ്പായും..

ആദി പറഞ്ഞു..

ആ.. അതിനുള്ള ഏർപ്പാടൊക്കെ നോക്ക് ആദി.. ക്രിസ്റ്റിയോടും ആലോചിച്ചൊരു ഡേറ്റ് നോക്ക്.. ഒട്ടും കുറയ്‌ക്കേണ്ട… ഞങ്ങളുടെ ആനിവേഴ്സറി നടത്തിയ ഹാൾ ഇല്ലേ.. അത് തന്നെ മതി.. നല്ല സൗകര്യമുണ്ട് അവിടെ.. എന്നാ മോളെ.. അത് പോരെ.

റോയിച്ചൻ അല്ലിയെ നോക്കി.

അത്രേം വല്യ ഹാൾ വേണോ റോയിച്ചാ.. ഇതിപ്പോ നമ്മുടെ സ്റ്റാഫ് മാത്രമല്ലേയുള്ളൂ..

വേണം.. അത് മാത്രമല്ല… ഇത്തവണ പാർട്ടിക്ക് സ്റ്റാഫ് മാത്രമല്ല.. എല്ലാ സ്റ്റാഫിന്റെയും കുടുംബം അടക്കം വേണം.. ഒട്ടും കുറയ്‌ക്കേണ്ട…

എങ്കിൽ നമുക്കൊരു ഗെറ്റ് ടുഗെദർ പോലെ ആക്കാം.. പാട്ടും ഡാൻസും സ്റ്റാഫിന്റെ കലാപരിപാടികളും ഒക്കെയായിട്ട്..

ആദി പറഞ്ഞു..

അത് നല്ലതാ..

ജോളിമ്മ റോയിച്ചനെ തട്ടിവിളിച്ചു.. അയാൾ അവരെ നോക്കി..

സ്റ്റാഫിന് സാലറി കൂട്ടി നൽകണം എന്നവർ കൈകൊണ്ട് കാണിച്ചതും അയാൾ ചിരിച്ചു..

കേട്ടോ അല്ലിമോളെ.. കമ്പനി ഉടമ പറയുവാ സ്റ്റാഫിനൊക്കെ ശമ്പളം കൂട്ടണം എന്നു… എന്താ അഭിപ്രായം..

എന്റെ ജോളിമ്മ പറഞ്ഞാൽ എതിരഭിപ്രായമുണ്ടോ..

അല്ലി അവരുടെ തോളിലേയ്ക്ക് ചാഞ്ഞു..

പിന്നല്ലാതെ.. ഒന്നൂല്ലേലും ഞങ്ങളുടെ ശമ്പളം കൂടുന്ന കേസല്ലേ.. ജോളിമ്മ മുത്താണ്..

ആദി പറഞ്ഞു..

എല്ലാവരും പുഞ്ചിരിച്ചു..

അപ്പൊ മൂന്നും കൂടെ ആലോചിച്ചു എല്ലാം ശെരിയാക്ക്.. ഒരു സ്റ്റാഫ് മീറ്റിങ് നടത്തി എല്ലാത്തിനെയും കൂട്ടി ആലോചിച്ചു ഡേറ്റ് എടുത്താൽ മതി.. ഫാമിലി ആയി വരാൻ വല്ല ഞായറാഴ്ചയും ആകും നല്ലത്..

അത് നമുക്ക് തീരുമാനിക്കാം..

മ്മ്..

റോയിച്ചൻ മൂളി..

പിന്നെ ആദിയെ നോക്കി പുറത്തേയ്ക്ക് കണ്ണു കാണിച്ചു.

ആ.. ഇനി നിങ്ങൾ ഇരിക്ക്.. ഞാൻ ഇത്തിരി കാറ്റ് കൊണ്ടേച്ചും വരാം..

അതും പറഞ്ഞു റോയിച്ചൻ പുറത്തേയ്ക്ക് നടന്നു..

ഇതെന്നാ ഇപ്പൊ ഒരു കാറ്റ് കൊള്ളൽ.. എന്നാ റോയിച്ചാ ചൂട് എടുക്കുന്നോ.. വയ്യായ്ക വല്ലോം ഉണ്ടോ..

അല്ലി ചോദിച്ചു..

ഒന്നൂല്ല കൊച്ചേ.. വെറുതെ…

അതും പറഞ്ഞു ആദിയെ നോക്കി അയാൾ ഇറങ്ങി നടന്നു..

റോയിച്ചാ നിക്ക് ഞാനും വരാം..

അതും പറഞ്ഞു ആദി അയാൾക്ക് പിന്നാലെ നടന്നു..

ജോളിമ്മ ഇരിക്ക് ഞാൻ പാത്രമൊക്കെ ഒന്ന് ക്ലീൻ ആകട്ടെ..

ഞാനും വരാം എന്ന് കാണിച്ചു അവരും അല്ലിയോടൊപ്പം അടുക്കളയിലേക്ക് നടന്നു..

എന്നാലും റോയിച്ചന് എന്നാ പറ്റി.. പെട്ടെന്ന്.

അല്ലി സംശയത്തോടെ പറഞ്ഞതും ജോളിമ്മ അവളുടെ തോളിൽ ചിരിയോടെ തട്ടി കുടിക്കാൻ ആണെന്ന് കാട്ടി..

ഓഹോ.. അപ്പൊ അതാണ് ആദി സാറിനും ഒരു പരുങ്ങൽ.. അല്ല കുപ്പിയും വെള്ളവും ഒന്നും കണ്ടില്ലല്ലോ..

അല്ലി അവരെ നോക്കി..

ക്രിസ്റ്റി മോളിൽ കാണും എന്നവർ കാണിച്ചതും അല്ലി ആലോചനയോടെ തലയാട്ടി..

അപ്പൊ അതാണ് കാര്യം.. വാ ജോളിമ്മേ.. മൂന്നിന്റേം കള്ളം പൊളിക്കാം..

അല്ലി പറഞ്ഞു..

വേണ്ട വല്ലപ്പോഴുമല്ലേ പോട്ടെ എന്നവർ കൈ കാണിച്ചതും അല്ലി ചിരിയോടെ അവരെ ചേർന്നു നിന്നു..

എന്റെ ജോളിമ്മ പറഞ്ഞാൽ അപ്പീലില്ല.. അടുത്ത വട്ടം പിടിക്കാം നമുക്ക്..

അതും പറഞ്ഞവൾ പാത്രം കഴുകാൻ എടുത്തതും ജോളിമ്മ അവളെ മാറ്റി നിർത്തി ആ ജോലി ഏറ്റെടുത്തു..

അവളപ്പോഴേയ്ക്കും സ്ളാബ് ഒക്കെ കഴുകാൻ തുടങ്ങി..

അതൊന്ന് നോക്കി ചിരിയോടെ തന്റെ ജോലികളിലേയ്ക്ക് മുഴുകുമ്പോഴും എന്നോ നഷ്ടമായി പോയ മകളുടെ കുറുമ്പുള്ള അമ്മയായി അവർ മാറുകയായിരുന്നു..

ഉള്ളിൽ നിറഞ്ഞൊഴുകുന്ന വാത്സല്യത്തോടെ..

****************

റോയിച്ചൻ വല്ലാത്ത ആലോചനയിലാണല്ലോ..

ആദി കയ്യിലുള്ള ബിയർ ഒന്ന് സിപ്പ് ചെയ്ത് അയാളെ നോക്കി പറഞ്ഞതും ക്രിസ്റ്റിയും അയാളെ നോക്കി..

എന്താ റോയിച്ചാ.. ജോളിമ്മയോട് കള്ളം പറഞ്ഞതിന്റെ സങ്കടമാണോ..

ക്രിസ്റ്റി ചോദിച്ചു..

കള്ളമോ.. ഞാനോ.. ഞാൻ ഒന്ന് തുമ്മിയാൽ അവൾക്കറിയാം അതെന്നാന്നു…ഇതിപ്പോ കൃത്യമായി ഞാൻ കുടിക്കാൻ ഇറങ്ങിയതാണെന്നു അവൾക്ക് മനസ്സിലായിക്കാണും..

റോയിച്ചൻ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു..

പിന്നെന്താ ഒരു മൗനം.. എന്തേലും സങ്കടമുണ്ടോ റോയിച്ചാ..

അറിയില്ലെടാ.. സത്യം പറഞ്ഞാൽ എനിക്കും അറിയത്തില്ല.. എന്തോ. മനസ്സിൽ വേണ്ടാത്ത ചിന്തകളൊക്കെ കടന്നു വരുന്നു..

എന്തോ അരുതാത്തത് നടക്കാൻ പോകുന്ന പോലെ..

ആദിയും ക്രിസ്റ്റിയും പരസ്പരം നോക്കി..
എന്തുപറ്റി ഇങ്ങനെയൊക്കെ തോന്നാൻ..

ആദി എഴുന്നേറ്റ് അയാളുടെ അടുത്തു ചെന്നു ചോദിച്ചു..

എന്താ റോയിച്ചാ ഞങ്ങളോട് പറയാൻ വയ്യാത്ത സങ്കടം വല്ലോം ആണോ..

അങ്ങനെന്ത് വിഷമമാടാ.. നേര്‌ പറഞ്ഞാൽ വിഷമിക്കാൻ പോലും എനിക്കൊന്നുമില്ല..

എന്റെ സാറമോള് പോയപ്പോ തകർന്ന് പോയതാടാ ഞാനും എന്റെ ജോളിമ്മയും.. നിനക്കറിയുമോ ജോളിമ്മ.. അവളെന്റെ പ്രണനാടാ.. ഒന്നുമില്ലാത്ത ഈ അത്താഴപ്പട്ടിണിക്കാരന്റെ കൂടെ ഇറങ്ങിവന്ന രാജകുമാരി..

അവടപ്പൻ നാട്ടിലെ വല്യ പ്രമാണിയായിരുന്നു.. അന്നത്തെ കോടീശ്വരൻ.. ആ അയാളുടെ അടുത്തൂന്നാ ഈ ദരിദ്രവാസിയുടെ കൂടെ അവളിറങ്ങി വന്നത്..

ഊമപെണ്ണു ഒറ്റ മോള്.. പൊന്നു പോലാടാ അവടപ്പൻ അവളെ നോക്കിയത്.. അല്ലലറിയിച്ചിട്ടില്ല.. ഒന്ന് നുള്ളി നോവിച്ചിട്ടില്ല.. പ്രണനായിരുന്നു അങ്ങേർക്ക് അവള്..

അങ്ങേരേം വെല്ലുവിളിച്ചു അവളേം കൊണ്ട് ഞാനിറങ്ങി വരുമ്പോ എനിക്ക് നല്ല അഹങ്കാരമായിരുന്നു.. അധ്വാനിച്ചു.. എല്ലു മുറിയെ പണി എടുത്തു. പട്ടിണി കിടന്നു.. പിഞ്ഞികീറിയ ഉടുതുണി ഉടുത്തു നടന്നു.. നിനക്കറിയുമോ… 6 കൊല്ലം പാരാഗണിന്റെ സ്ലിപ്പറായിരുന്നു എന്റെ കാലിൽ കിടന്നത്.. പള്ളിക്കകത്ത് ഈ റോയ് കേറത്തില്ലായിരുന്നു.. പുണ്യാളനോട് പിണക്കായിട്ടല്ല.. ഇട്ടിരുന്ന ചെരുപ്പിന്റെ ഉപ്പുറ്റിയുടെ ഭാഗം തേഞ്ഞു കീറിയിരിക്കുകയായിരുന്നു.. അതാരേം കാണിക്കാതെ ഇരിക്കാൻ..

റോയ് കണ്ണുതുടച്ചു..

ആദിയുടെയും ക്രിസ്റ്റിയുടെയും കണ്ണ് നിറഞ്ഞു..

അവരയാളെ നോക്കി..

പിന്നെ സമ്പാദിച്ചു.. അവടെ അപ്പനേക്കാൾ സമ്പാദിച്ചു… പാപ്പരായ റോയ് റോയ് മുതലാളിയായി.. വല്യ കൊട്ടാരം പോലെ ഒരു വീട് വെച്ചു.. പൊന്നുംകുടം പോലത്തെ ഒരു മോളെ കിട്ടി..സ്വർഗം പോലത്തെ കുടുംബം.. അഹങ്കാരിയായി റോയ്..

പക്ഷെ എന്റെ അഹങ്കാരം പുണ്യാളന് ഇഷ്ടപ്പെട്ടില്ല.. ആ അപ്പന്റെ കണ്ണീരിന് പുണ്യാളന് എനിക്ക് തന്ന ശിക്ഷ കൂടിപോയില്ലെടാ..എന്റെ.. എന്റെ സാറകൊച്ചു.. എന്റെ പൊന്ന് മോള്.. അവളെ.. അവളെ അങ്ങ് കൊണ്ടുപോയില്ലേ..

നെഞ്ചുപൊട്ടി ആ അപ്പൻ കരയുന്നത് കണ്ടതും ആദിയും ക്രിസ്റ്റിയും വന്നയാളെ ചേർത്തുപിടിച്ചു..

റോയിച്ചാ..

ആദി വിളിച്ചു..

അയാളെ തടയരുത് എന്നു ക്രിസ്റ്റി കണ്ണുകളാൽ ആദിയെ വിലക്കി.. ഒന്നാലോചിച്ചപ്പോൾ അയാൾ ഉള്ളിലുള്ളത് പറഞ്ഞു തീർക്കട്ടെ എന്നു അവനും കരുതി..

എല്ലാം.. എല്ലാം നഷ്ടപ്പെട്ടു റോയിക്ക്.. എന്റെ കൊച്ചുപോയി… ബിസിനസിലെ ശ്രദ്ധ പോയി.. ഉണ്ടാക്കിയത് പോലെ എല്ലാം പൊളിഞ്ഞു തുടങ്ങി..

എല്ലാം തീർന്നു എന്നു കരുത്തിയിടത്തു നിന്ന്.. ഞാനും എന്റെ ജോളിമ്മയും ഞങ്ങടെ സാറകൊച്ചിന്റെ അടുത്തോട്ട് പോകാൻ ഉറപ്പിച്ചു നിന്നപ്പോഴാ എൻറെ സാറകൊച്ചു പറഞ്ഞുവിട്ടപോലെ അലിമോള് വന്നത്..

ആദിയും ക്രിസ്റ്റിയും ഞെട്ടലോടെ അയാളെ നോക്കി..

അല്ലിമോള്.. നിനക്കറിയുമോ ആദി.. അവളെന്റെ സാറകൊച്ചിന്റെ അതേ പതിപ്പാണ്… ആ ചിരിയും കളിയും കുറുമ്പും..

അയാളുടെ കണ്ണിൽ വാത്സല്യത്തിന്റെ തിളക്കം നിറഞ്ഞു..

അവളെന്നെ റോയിച്ചാ എന്നു വിളിക്കുമ്പോ എന്റെ സാറകൊച്ചു അപ്പാന്നു വിളിക്കും പോലെയാ എനിക്ക് തോന്നുന്നത്..

എല്ലാം തകർന്നു നിന്നിടത്തുനിന്ന് എനിക്കെല്ലാം അവൾ തന്നു.. നഷ്ടപ്പെട്ട ഞങ്ങളുടെ മോളെ പോലും അവളിലൂടെ പുണ്യാളന് തിരിച്ചു തന്ന പോലെയാ എനിക്ക് തോന്നുന്നത്..

ഇപ്പൊ റോയിക്ക് എല്ലാമുണ്ട്.. ഒന്നിന് പകരം നാലു മക്കളുണ്ട്..

റോയ് കയ്യിലിരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചു..

നിനക്കറിയുമോ ആദി.. എന്റേം ജോളിമ്മേടേം ഏറ്റോം വല്യ സ്വപ്നമായിരുന്നു നിങ്ങടെ കല്യാണം..

നിന്റേം എന്റെ അല്ലിമോൾടേം..

ആദി ഞെട്ടലോടെ അയാളെ നോക്കി..

റോയിച്ചൻ ഫിറ്റായി..

ക്രിസ്റ്റി അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു..

ആടാ.. റോയ് ഫിറ്റായി.. ഫിറ്റാകാനല്ലിയോ കുടിക്കുന്നെ.. ടാ ആദി.. ആ കുപ്പിക്ക് എന്നാ വിലയാ..

1200..

ആദി പറഞ്ഞു..

ആ.. എടാ രൂപ ആയിരത്തി ഇരുന്നൂറു കൊടുത്തു ഇത്രേം കൂടിയ സാധനം ഞാൻ വലിച്ചു കേറ്റുന്നത് പിന്നെന്നാത്തിനാടാ.. ഫിറ്റാകാൻ..

റോയ് പറഞ്ഞു..

ക്രിസ്റ്റി തലയിൽ കൈവെച്ചുപോയി..

ടാ ആദി.. നിനക്കറിയോ അവള് നിന്റെ ഭാഗ്യമാടാ.. നീ കാണാണ്ട് പോയ നിധി..

എന്റെ മോളേക്കാൾ നിനക്ക് യോജിച്ച ഏത് പെണ്ണുണ്ട് ഈ ലോകത്ത്..

റോയിച്ചാ..

ക്രിസ്റ്റി വീണ്ടും വിളിച്ചു..

നീയും പ്രേമിച്ചതല്ലേ ഒന്നിനെ.. എന്നിട്ടെന്തായി.. എന്റെ കൊച്ചിനെപോലെ നിന്നെ ഈ ലോകത്താർക്കും മനസ്സിലാകില്ലെടാ.. ആർക്കും.. നിനക്ക് പോലും..

അയാൾ പറഞ്ഞു..

ആദി അയാളെ നോക്കിയിരുന്നു..

എനിക്കെന്റെ ജോളിമ്മയെ പോലാടാ നിനക്ക് നിന്റെ അല്ലി.. പിന്നെന്റെ ക്രിസ്റ്റിക്ക് മിത്രേം.. ഇനി വേണം സ്വസ്ഥമായി ആ കെട്ടൂടെ.. അത് കഴിഞ്ഞാൽ പിന്നെ റോയിക്കൊന്നു സ്വസ്ഥമായി കണ്ണടയ്ക്കണം.. എന്റെ മക്കളൊക്കെ സമാധമായി ജീവിച്ചോളുമല്ലോ..

റോയിച്ചൻ നല്ല ഫിറ്റായി.. ഇങ്ങനെ അവശ്യമില്ലാത്തതൊന്നും പറയാൻ നിൽക്കേണ്ട.. വന്നേ.. താഴെ പോകാം..

ക്രിസ്റ്റി പറഞ്ഞു..

മ്മ്.. ഇനിയും മഞ്ഞു കൊള്ളേണ്ട.. വാ റോയിച്ചാ..

അതും പറഞ്ഞു ആദി അയാളെ പിടിച്ചു..

ടാ ആദി.. ചാകുന്നേന് മുന്നേ എനിക്ക് നിങ്ങടെ പിള്ളേരെ കൂടെ കാണണം.. പിന്നെ ഞാൻ ചത്താലും എന്റെ ജോളിമ്മയ്ക്ക് ആരുമില്ലാതെ ആക്കല്ലേ മക്കളെ.. ആ മിണ്ടാപ്രാണി ഒരു പാവമാ.. ഇച്ചിരി സ്നേഹം മാത്രം കൊടുത്താൽ മതി.. കിടക്കാൻ ഒരിടവും.. എനിക്കവളെ ഏൽപ്പിക്കാൻ നിങ്ങളല്ലാതെ വേറാരുമില്ല മക്കളെ..

റോയ് പുലമ്പുമ്പോൾ അത് കേൾക്കുന്ന ആദിയുടെയും ക്രിസ്റ്റിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

എന്താ ആദി ഇത്.. എല്ലാത്തിനും ഒരു ലിമിറ്റ് വേണ്ടേ..

റോയിയുടെ കോലം കണ്ടതും അല്ലിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു..

ടാ ഞാൻ.. ഞാൻ പറഞ്ഞതാ..

ആദി പറയാൻ ശ്രമിച്ചു..

നിനക്കെങ്കിലും ശ്രദ്ധിക്കമായിരുന്നു ക്രിസ്റ്റി..

ഞങ്ങൾ പറഞ്ഞതാ.. റോയിച്ചൻ കേൾക്കാഞ്ഞിട്ടാ..

ക്രിസ്റ്റി നിസ്സഹായമായി പറഞ്ഞു..

കേൾക്കാഞ്ഞിട്ട്.. നേരം വെളുക്കട്ടെ.. ഈ രാത്രിയിലെ കാറ്റ് കൊള്ളൽ ഞാൻ തീർത്തു തരാം..

ആദിയെയും ക്രിസ്റ്റിയെയും രൂക്ഷമായി നോക്കി അവൾ പറഞ്ഞു..

സാരമില്ല.. ഞങ്ങൾ ഇറങ്ങുവാ..

ജോളിമ്മ ചെറു ചിരിയോടെ പറഞ്ഞു..

പോകാനോ.. ഈ കോലത്തിലോ.. വേണ്ട.. ഞാൻ ഷീറ്റ് വിരിച്ചിട്ടിട്ടുണ്ട്.. നിങ്ങളിന്നെങ്ങുംപോകുന്നില്ല..

അല്ലി പറഞ്ഞു..

അത് സാരമില്ല ക്രിസ്റ്റി കൊണ്ടാക്കും..

ജോളിമ്മ പറഞ്ഞു..

ആ ബെസ്റ്റ്.. രണ്ടും കൊള്ളാം.. നല്ല വെള്ളമാ.. അതൊന്നും വേണ്ട.. ഇന്നിപ്പോ ആരും പോകുന്നില്ല.. ഈ മൂന്ന് കുടിയന്മാരും കൂടെ അവിടെ കിടന്നോളും.. നമുക്ക് എന്റെ മുറിയിൽ കിടക്കാം..ജോളിമ്മ വാ..

അല്ലി പറഞ്ഞു..

എടി.. ഞങ്ങൾ ബിയറാ കുടിച്ചേ.. സത്യം..

ക്രിസ്റ്റി പറഞ്ഞു..

എന്നാണേലും കുടിച്ചല്ലോ.. അപ്പൊ കുടിയന്മാർ.. മക്കള് മൂന്നും വിട്ടോ.. നിന്ന് മൂക്കാതെ മൂന്നും പോയി കിടക്ക്..

അല്ലി പറഞ്ഞതും ആദിയും ക്രിസ്റ്റിയും ജോളിമ്മയെ നോക്കി.. നിസ്സഹായമായ ആ നോട്ടം കണ്ടുള്ള അവരുടെ ചിരി കണ്ടതും പരിഭവിച്ചു നിൽക്കുന്ന അല്ലിയെ നോക്കി ആദിയും ക്രിസ്റ്റിയും റോയിയെയും കൂട്ടി റൂമിലേയ്ക്ക് പോയി..

അല്ലിയെ ചേർത്തുപിടിച്ചാ രാത്രി കിടക്കുമ്പോൾ വർഷങ്ങൾക്ക് മുൻപാ ദിവസം ഒരു രാജകുമാരിയെ പോലെ ഒരുങ്ങി സെമിത്തേരിയിൽ കിടന്ന തന്റെ പൊന്ന് മോളുടെ ഓർമ്മ ആ അമ്മമനസ്സിലും വിങ്ങുന്ന നോവായി ബാക്കിനിന്നു..

ദൂരെയേതോ മരണത്തിന്റെ തണുപ്പുള്ള ഒരു ലോകത്തിരുന്നൊരാത്മാവും ആ മുഹൂർത്തം ഒരു നോവോടെ കാണുന്നുണ്ടായിരുന്നിരിക്കണം.. മരണം ഒരു ജീവിക്കുന്ന സത്യമാണല്ലോ..

തുടരും…