19/04/2026

ആത്മരാഗം : ഭാഗം 01

രചന – ഗൗരി ലക്ഷ്മി

ആൻഡ് ഫൈനലി… ഐ വെൽക്കം ഔർ ലവിങ് കപ്പിൾസ് റ്റു ദിസ് സ്റ്റേജ്.. വെൽക്കം മിസ്റ്റർ റോയ് കുരുവിള ആൻഡ് മിസ്സിസ് ജോളി ആനി വർഗീസ്..

നിറഞ്ഞ കരഘോഷത്തോടെ സദസ്സൊന്നാകെ റോയ് കുരുവിളയെയും ജോളിയെയും സ്വാഗതം ചെയ്തു..

നമസ്കാരം..

കയറിയ പാടെ റോയ് സ്റ്റെഫിയിൽ നിന്നും മൈക്ക് തട്ടി വാങ്ങി പറഞ്ഞു തുടങ്ങി..

സത്യമായിട്ടും ഈ മൈക്ക് ദേ ഈ പെണ്ണിന്റെ കയ്യിൽ ഇരിക്കുമ്പോൾ എനിക്ക് പേടിയായിരുന്നു കേട്ടോ.. കാര്യം എന്റെ പുന്നാര പെങ്ങൾ ആന്നേലും വായ്ക്കും നാക്കിനും എല്ലില്ലാത്ത ഒരു പാവമാണ് ഇവൾ..

വേദിയിലേക്ക് കേറിയ പാടേ റോയ് വിളിച്ചു പറഞ്ഞതും എല്ലാവരും ഒന്നടങ്കം ചിരിച്ചു.. സ്റ്റെഫി ചെറു ചമ്മലോടെ ചിരിച്ചുവെങ്കിലും അവരുടെ മനസ്സിലും അതിയായ സന്തോഷമായിരുന്നു..

30 കൊല്ലമായി ഇവളെന്നെയും ഞാനിവളെയും സഹിക്കാൻ തുടങ്ങിയിട്ടെന്ന് പറഞ്ഞു ഈ പാർട്ടി നടത്താൻ കുറെ ദിവസമായി ഓടി നടക്കുന്ന കുറെയെണ്ണം ഈ ഹോളിൽ എങ്ങാണ്ടൊക്കെ ഉണ്ട്..

ഹാ.. എന്നായാലും ഇത്രേം കൊല്ലമായില്ലേ എന്നാലങ്ങു ആഘോഷിച്ചു കളയാം എന്നു ഞാനും കരുതി.. ഏതായാലും 30 കൊല്ലം മുന്നേ കുരിശിങ്കലെ വറുഗീസ് മാപ്പിളയുടെ പൊന്നോമന പുത്രിയെ രായ്ക്ക് രാമാനം കടത്തിക്കൊണ്ടു പോന്ന് പാലായിലെ പുണ്യാളന്റെ മുന്നേന്ന് മിന്നും കെട്ടി ഇങ്ങോട്ട് പൊരുമ്പോ ഇങ്ങനൊരു ആഘോഷം പോയിട്ട് കെട്ടിന് ഒപ്പിടാൻ വന്നവർക്ക് ഒരു ഗ്ലാസ് ചായേം വടേം വാങ്ങി നൽകാൻ പോലും കടം കേറി മുടിഞ്ഞ് ആത്മഹത്യ ചെയ്ത കുരുവിള ജോർജിന്റെ മോന് ഉണ്ടായിരുന്നില്ല..

അന്ന് തൊട്ടിന്ന് വരെ ഒരു കുപ്പിവളയ്ക്ക് പോലും വാശി പിടിച്ചിട്ടില്ലാത്ത ഒരു പെമ്പ്രന്നോത്തിയെ കിട്ടിയത് തന്നെ പുണ്യാളന്റെ അനുഗ്രഹം..

ജോളി പുഞ്ചിരിയോടെ അയാളോട് കൂടുതൽ ചേർന്ന് നിന്നു..

നിങ്ങൾക്കൊക്കെ അറിയാവുന്ന കുറച്ചു കാര്യങ്ങളാ.. എന്നാലും പറയുവാ.. കല്ല് ചുമ്മാൻ പോയിട്ടുണ്ട് ഞാൻ.. ഹോട്ടലിൽ സപ്ളയർ ആയി നിന്നിട്ടുണ്ട്.. ചുമടെടുത്തിട്ടുണ്ട്.. വീട് വീടാന്തരം കേറിയിറങ്ങി തുണി വിറ്റ് നടന്നിട്ടുണ്ട്.. അന്നൊക്കെ ഓല മേഞ്ഞ ഒരു ഒറ്റ മുറി കൂരയിൽ വെട്ടവും വെളിച്ചവും ഇല്ലാതെ ഒരു റാന്തലും കത്തിച്ചു കർത്താവിനേം വിളിച്ചു എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഇവളുടെ മുഖമാ എന്റെ ധൈര്യം..

പൊന്ന് കൊണ്ട് പുളിശ്ശേരി വെച്ചു കൊടുക്കാൻ പോന്ന ഇടത്തൂന്ന് ഇറങ്ങി വന്ന് ഉടുക്കാനുള്ള നല്ലൊരു തുണി പോലുമില്ലാതെ പിഞ്ഞി കീറിയ തുണി തുന്നിയുടുത്തു നടന്നിട്ടുണ്ട് എന്റെ പെണ്ണ്..

ഇന്ന് റോയ് എല്ലാവർക്കും റോയ് മുതലാളിയാ.. വാരിക്കോരി ചിലവാക്കുന്ന ധൂർത്തനാ.. എന്നാലും ഞാൻ പറയും.. ഒരു നേരത്തിന് മറു നേരം ആഹാരം കഴിച്ചാൽ ന്റെ കഷ്ടപ്പാടോർത്ത് തൊണ്ടേന്ന് ഇറങ്ങുകേല എന്നും പറഞ്ഞു പട്ടിണി കിടന്ന എന്റെ ജോളിയമ്മ കാരണമാ റോയ് ഇന്നീ നിലയിൽ എത്തിയത്..

പറഞ്ഞു പറഞ്ഞു റോയുടെ കണ്ണുകൾ നിറഞ്ഞു ചുവന്നിരുന്നു. ഒപ്പം ഇടം കൈകൊണ്ട് തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്ന ജോളിയുടെ മേലുള്ള പിടുത്തം കൂടുകയും ചെയ്തു..

ഒക്കെയും കേൾക്കവേ എന്നുമുള്ള ചെറു ചിരിയോടൊപ്പം ഒരിറ്റ് കണ്ണുനീർ കൂടെ അവരുടെ കണ്ണിൽ നിന്നൊഴുകി ഇറങ്ങിയിരുന്നു..

ഇന്നിപ്പോ റോയ് ഒന്നു വിരൽ ഞൊടിച്ചാൽ വരി വരിയായി വന്നു നിൽക്കാൻ ആളായി.. വണ്ടികളായി.. ഒന്നുമില്ലാതിടത്തൂന്ന് റോയ് തുടങ്ങിയതാ ഇതൊക്കെ… കെട്ട് കഴിഞ്ഞ് നാലാം കൊല്ലമാ ദേ ഇവൾക്ക് ഞാനൊരു പുടവ വാങ്ങി കൊടുത്തത്.. അതുവരെ ഉടുതുണി കൊടുത്തിട്ടില്ലന്നല്ല കേട്ടോ..ഒരിക്കൽ വറുഗീസ് മാപ്പിള എന്നോട് മുഖത്തു നോക്കി പറഞ്ഞതാ ഇവളുടെ കെട്ടിന് അങ്ങേര് 25000 രൂപേടെ സാരിയാ എടുത്തു വെച്ചിരുന്നതെന്ന്.. എനിക്കാ സാരീടെ വിലപോലും ഇല്ലെന്ന്.. അന്ന് റോയ് കൊടുത്തത് 30000 രൂപേടെ സാരിയായിരുന്നു.. ഇന്നിവൾ ഉടുത്തിരിക്കുന്ന ഈ സാരി..

റോയ് ചിരിച്ചു..

ഒരാഘോഷവും ഞാനായിട്ട് കൊടുത്തിട്ടില്ല എന്റെ ജോളിയമ്മയ്ക്ക്.. അതോണ്ട് ഈ ആഘോഷം നടക്കട്ടെന്ന് ഞാനും കരുതി..

റോയ് കണ്ണുകൾ അമർത്തി തുടച്ചു..

അച്ചായാ.. സെന്റിയാകാതെ ആ കേക്ക് മുറിക്ക്..

സ്റ്റെഫി പറഞ്ഞു..

അവർ തന്നെ കത്തി കൊണ്ടു നൽകി..

എന്തിയെടാ പിള്ളേരെ കേക്ക്..

റോയ് മൈക്ക് വഴി ചോദിച്ചതും ആദിയും ക്രിസ്റ്റിയും ചേർന്ന് കേക്ക് കൊണ്ടുവന്നു..

റോയുടെയും ജോളിയുടെയും ഫോട്ടോ അനാവരണം ചെയ്ത കേക്ക് ആയിരുന്നു അത്..

പിന്നെ.. ഇതെന്റെ മക്കളാട്ടോ.. ഇത് ആദി.. ഇത് ക്രിസ്റ്റി.. പിന്നെ എനിക്കൊരു കൊച്ചു കൂടിയുണ്ട്.. എന്തിയെ.. അല്ലി മോളെ..

റോയ് ഉറക്കെ വിളിച്ചതും കറുത്ത നെറ്റിന്റെ സാരി ഒതുക്കി പിടിച്ചു അല്ലി പുറകിൽ നിന്ന് മുൻപോട്ട് വന്നു..

പെട്ടെന്നൊരു നിമിഷം എല്ലാ കണ്ണുകളും അവളിലേക്ക് വീണു..

അവളുടെ ചന്ദന നിറത്തിൽ ആ കറുപ്പ് സാരി വല്ലാത്ത ഭംഗിയായിരുന്നു നൽകിയത് . കാതിൽ ഒരു വലിയ കറുത്ത ജിമിക്കി.. കഴുത്തിൽ നേർത്ത ഒരു സ്വർണ്ണ ചെയ്‌ൻ.. നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത പൊട്ട്.. ഇളം പിങ്ക് നിറമുള്ള ചുണ്ടുകൾ.. കവിളിൽ ഒരു കുഞ്ഞ് കറുത്ത മറുകും..

നെറ്റിയിൽ ഒരു ചന്ദനക്കുറി.. മുട്ടോളം നീളമുള്ള ഇടതൂർന്ന നീളൻ മുടി അവൾ നടക്കുമ്പോൾ പാറി പറക്കുന്നുണ്ടായിരുന്നു.. കയ്യിലെ നീട്ടി വളർത്തിയ നഖത്തിൽ ചോക്ളേറ്റ്‌ നിറമുള്ള നെയ്ൽ പൊളിഷും..

മതിയെടാ പിള്ളേരെ നോക്കി വെള്ളമിറക്കിയത്.. അല്ലിമോളെ.. വാ..

അയാൾ പറഞ്ഞതും ഒരു ചെറു ചിരിയാ ഹാളിൽ മുഴങ്ങി..

അല്ലി ചെന്ന് ജോളിമ്മയുടെ അരികിൽ നിന്നതും അവരവളെ ചേർത്തു പിടിച്ചു.. റോയ് ആദിയെയും ക്രിസ്റ്റിയെയും തന്റെ അരികിലായി നിർത്തി..

ഇത് ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം.. എന്റെ മൂന്ന് മക്കൾ..

ഇത് ആദി.. ആദികേശവ്.. ഇത് ക്രിസ്റ്റി.. ഇത് ആയില്യ..ഞങ്ങളുടെ അല്ലിമോൾ..

റോയ് പറഞ്ഞു.. അവർ പുഞ്ചിരിച്ചു..

പെട്ടെന്ന് ഹാളിലെ മുഴുവൻ ലൈറ്റും അണഞ്ഞു..

അടുത്ത നിമിഷം അവർ നിന്നിടത്തു മാത്രം വലിയൊരു അലങ്കാര ബൾബ് പ്രകാശിച്ചു..

ആ ബള്ബിന്റെ പ്രകാശത്തിൽ അല്ലി വെട്ടിത്തിളങ്ങുകയായിരുന്നു..

ആദി പെട്ടെന്ന് അവളെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു . അവൾ അവനെ ഇടിക്കും എന്ന് കൈ കാട്ടിയതും ക്രിസ്റ്റി അവനെ തോണ്ടി..

അവർ ചിരിയോടെ റോയിയെ നോക്കി..

ഉയർന്ന കരഘോഷത്തോടെ റോയും ജോളിയും ചേർന്ന് കേക്ക് കട്ട് ചെയ്തു.. അവർ പരസ്പരം നൽകിയ ശേഷം അല്ലിയ്ക്കും ആദിയ്ക്കും ക്രിസ്റ്റിയ്ക്കും നൽകി.. ശേഷം അല്ലി ആ കത്തി വാങ്ങി കേക്ക് ചെറുതായി മുറിച്ചു.. അപ്പോഴേയ്ക്കും ലൈറ്റുകൾ എല്ലാം ഓണായിരുന്നു..

എല്ലാവരും കണ്ടല്ലോ.. ഇനി ഞാനെന്റെ പ്രിയതമയ്ക്ക് ഒരു സമ്മാനം കൊടുക്കട്ടെ..

റോയ് അതും പറഞ്ഞു പോക്കറ്റിൽ നിന്നൊരു ചെറു ബോക്‌സ് എടുത്തു..

അതിൽ നിന്നൊരു ഡയമണ്ട് റിങ് എടുത്തു ജോളിയുടെ കയ്യിൽ നൽകി..

അവർ വിരൽ നീട്ടിയതും അയാൾ ചിരിയോടെ അവരുടെ കയ്യിൽ അതിട്ടു നൽകി..

തിരിച്ചൊന്നും ഇല്ലെടോ..

അയാൾ ചോദിച്ചതും അവർ ചിരിയോടെ അല്ലിയെ നോക്കി.. അവൾ അതിന്റെ അർത്ഥം മനസ്സിലായെന്നോണം തന്റെ സ്ലിങ്ങിൽ നിന്നും ഒരു ബോക്‌സ് എടുത്ത് അവർക്ക് നൽകി..

അവരത് തുറന്നെടുത്തു.. ഒരു സ്വർണ്ണ ചെയ്‌ൻ.. അവരത് റോയുടെ കഴുത്തിൽ ചാർത്തി നൽകി..

എല്ലാവരും കയ്യടിച്ചു..

ഇനി ഞങ്ങളുടെ സമ്മാനം..

ആദി പറഞ്ഞു.. ആദി അല്ലിയെ നോക്കിയതും അവൾ വേദിയ്ക്ക് പിന്നിലേയ്ക്ക് പോയി.. തിരിച്ചു വന്നത് ഒരു വലിയ ഗിഫ്റ്റുമായി ആയിരുന്നു.. ആദി അത് വാങ്ങി.. അവർ മൂന്നു പേരും ചേർന്ന് അത് റോയ്ക്കും ജോളിയ്ക്കും നൽകി..

അയാളത് തുറന്നു..

അവർ അഞ്ചു പേരും ചേർന്ന് നിൽക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു ഛായാ ചിത്രമായിരുന്നു അത്..

അത് കണ്ടതും ജോളി അവളെ കെട്ടിപിടിച്ചാ കവിളിൽ ഒന്ന് മുത്തി..

അവൾ തിരിച്ചും..

എല്ലാവരും ഗിഫ്റ്റ് കൊടുക്കലും ആഹാരം കഴിക്കലുമായി തിരക്കിൽ ആയി കഴിഞ്ഞിരുന്നു..

അല്ലി മെല്ലെ ഒരു മൂലയിലേയ്ക്ക് ഒതുങ്ങി..

ഫോണെടുത്തു..

4 മിസ് കോൾ..

കാർത്തിയാണ്..

അവൾ ചിരിയോടെ ഫോണെടുത്തു തിരികെ വിളിച്ചു..

ഇല്ല എടുക്കുന്നില്ല.. ഒന്ന് രണ്ടു വട്ടം വിളിച്ചതും മറുപുറത്തുനിന്നും ഫോൺ കട്ടാക്കി..അതോടെ പിണങ്ങിയതാണെന്ന് അവളൂഹിച്ചു..

പെട്ടെന്നാണ് ആരോ കർട്ടന് പിന്നിൽ നിന്നവളെ വലിച്ചത്..

അല്ലി ഞെട്ടി പോയി..

അവൾ ബഹളം വെയ്ക്കും മുൻപേ തന്നെ അവളെ ബലമായി അയാൾ പിന്നിലേയ്ക്ക് കൊണ്ടുപോയിരുന്നു.. അവളുടെ വായ അയാൾ പൊത്തി പിടിച്ചിരുന്നു..

അവൾ കുതറി..

ഒന്നടങ്ങെന്റെ അല്ലിപ്പെണ്ണേ..

പെട്ടെന്നാ ആർദ്രമായ ശബ്ദം കേട്ടതും അവളടങ്ങി.. ഹൃദയമിടിപ്പ് ഇപ്പോഴും ക്രമത്തിലായില്ല..

അവനവളെ നിലത്തേയ്ക്ക് നിർത്തിയതും അവൾ തിരിഞ്ഞവന്റെ കൈയ്ക്കിട്ട് ഒന്ന് ഊക്കോടെ കൊടുത്തു..

പോടാ പട്ടി.. മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു..

ആദി നിന്ന് കുറുമ്പോടെ ചിരിച്ചു..

നിന്ന് ചിരിക്കുന്നോ കാലാ.. ഞാനെന്ത് പേടിച്ചൂന്നോ..

അല്ലി പരിഭവിച്ചു..

അതേ.. സ്വബോധം വേണം.. കാമുകനേം ഓർത്ത് വായും പൊളിച്ചു ചിരിച്ചോണ്ട് നിന്നാൽ ഇങ്ങനെ വല്ലോരും എടുത്തോണ്ട് പൊയ്ക്കളയും..

ആദി ചിരിയോടെ പറഞ്ഞു..

ഓ.. ഞാൻ കാമുകനെ ഓർക്കാതെ പിന്നെ നിന്നെ ഓർക്കണോ..

അല്ലി പുച്ഛത്തോടെ ചോദിച്ചു..

ഹാ.. ഒരു 4 വർഷം മുന്നേ ആലോചിരുന്നേൽ ഇന്ന് എന്റെ വീട്ടിൽ എന്റെ പിള്ളേരേം പെറ്റ് കൂട്ടി ഇരിക്കേണ്ടവളായിരുന്നു..

ആദി മേലേക്ക് നോക്കി പറഞ്ഞു..

പോടാ..

എന്നാ ലുക്കാ പെണ്ണേ നീ. നീയാ സ്റ്റേജിലേക്ക് വരുമ്പോ ആർ ജെ അസ്സോസിയേറ്റ്സിലെ മൊത്തം സ്റ്റാഫിന്റേം കണ്ണ് നിന്റെ മേലായിരുന്നു..

ആദി പറഞ്ഞു..

കണ്ണു വെച്ചു..

അല്ലി ചിണുങ്ങി..

പിന്നേ ഈ പേക്കോലം കണ്ടിട്ട് കണ്ണ് വയ്‌ക്കേണ്ട ഗതികേടൊന്നും ഈ ആദികേശവിനില്ല..

അവൻ കോളർ നേരെയാക്കി പറഞ്ഞു..

അല്ലി അതിനു പുച്ഛിച്ചൊന്ന് ചിരിച്ചു..

അതൊക്കെ വിട്..ഞാൻ പറഞ്ഞ കാര്യം എന്തായി..

എന്ത് കാര്യം….

അല്ലി അറിയാത്ത പോലെ ചോദിച്ചു..

ഈ പെണ്ണ്.. ഡി കളിക്കല്ലേ.. ഒരു ഫ്ലാറ്റ് ഒപ്പിക്കുന്ന കാര്യം പറഞ്ഞില്ലേ ഞാൻ.. കെട്ടിനിനി 4 ദിവസം കൂടിയേ ഉള്ളു കേട്ടോ..

ആഹാ.. ഇത് കേട്ടാൽ തോന്നുമല്ലോ നിന്നെ കെട്ടിച്ചു വിടേണ്ടത് ഏതാണ്ട് എന്റെ ഉത്തരവാദിത്വം ആണെന്ന്.. നീ പ്രേമിച്ചു കെട്ടുന്നുണ്ടേൽ അതിന് ഫ്ലാറ്റ് നീ നോക്കിയെടുക്കണം..

ചക്കരയല്ലേ.. ആദിയേട്ടൻ മുട്ടായി വാങ്ങി തരാല്ലോ.. ഈ വിവരമിപ്പോ ആരും അറിയരുത് എന്നുള്ളോണ്ടല്ലേ.. പ്ലീച്..

ആദി കൊഞ്ചി..

പോടാ പട്ടി.. ഞാനെന്തോന്ന് കുഞ്ഞുവാവയോ മുട്ടായി വാങ്ങി തരാൻ.. എനിക്കെങ്ങും വയ്യ .

അല്ലി പറഞ്ഞു..

അല്ലിപ്പെണ്ണേ.. തേക്കെല്ലേടി.. നിന്നെ വിശ്വസിച്ചാ നിയയോട് ഞാൻ വരാമെന്ന് പറഞ്ഞേക്കുന്നത്..

ആദി ചെറു പേടിയോടെ പറഞ്ഞു..

ചെക്കാ എനിക്ക് വേറെ പണിയുണ്ട്. നീ പോയെ.. തൽക്കാലം ഈ മാസം കഴിയട്ടെ.. നമുക്ക് വഴിയുണ്ടാക്കാം.

എടി.. അത് നടക്കില്ല..നിയേടെ കെട്ട് അടുത്ത ആഴ്ച തീരുമാനിച്ചേയ്ക്കുവാ അവടെ അപ്പൻ..

ഹാ എന്നാൽ അടുത്ത ജന്മം അവളെ നിനക്ക് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം..

അല്ലി നിസ്സാരമായി പറഞ്ഞു..

നീ നോക്കേണ്ട.. തൽക്കാലം ഇതെന്റെ കാര്യമല്ലേ.. ഞാനൊന്ന് നോക്കട്ടെ.. ഈ ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് കിട്ടുമോന്ന്..

അതും പറഞ്ഞവൻ പിണങ്ങി അകത്തേയ്ക്ക് പോകുന്നതും നോക്കി ചെറു ചിരിയോടെ അല്ലി നിന്നു..

പാർട്ടി ഹാളിനു വെളിയിലുള്ള സ്വിമ്മിങ് പൂളിൽ നിലാവെളിച്ചതിനൊപ്പം അവളുടെ രൂപവും തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…

അതും നോക്കി ചിരിയോടെ നിൽക്കുമ്പോഴും അവളറിഞ്ഞിരുന്നില്ല.. ഭംഗിയുള്ള നിലാവിനെ വിഴുങ്ങാൻ പോന്ന ഒരു കാർമേഘം ഗതി തെറ്റിയ ഒരു കാറ്റിന്റെ ശക്തിയിൽ വരുന്നത്..

അപ്പോഴും ശീതളിമയാർന്ന ഒരു കാറ്റ് അല്ലിയെ തഴുകി പോകുന്നുണ്ടായിരുന്നു..

തുടരും..

എഴുത്തിന്റെ ലോകത്ത് നിന്ന് പല വിധ കാരണങ്ങളാൽ എടുത്ത ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എഴുതുന്ന കഥയാണ്. സത്യത്തിൽ ഒരു തുടക്കക്കാരിയായി വീണ്ടും ഞാൻ മാറി.. എന്റെ ഓരോ വരിയിലും ആ അപാകതയും അപരിചിതത്വവും കടന്നുവരാൻ സാധ്യതയുണ്ട് എന്നോർമ്മിപ്പിച്ചുകൊണ്ട് തുടങ്ങുകയാണ്.. ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ വായിക്കാൻ ഒരു സാധാരണ കഥ..

കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ..