രചന – ഗൗരി ലക്ഷ്മി
റോയിച്ചാ..
ഹാളിലെ സോഫയിൽ ഗൗരവത്തിൽ ഇരുന്ന റോയ് അല്ലിയുടെ വിളി കേട്ട് തലയുയർത്തി അവളെ ഒന്ന് നോക്കി..
അല്ലിയും ആദിയും ചുറ്റും നോക്കി..
ക്രിസ്റ്റിയും ജോയിച്ചനും ജോളിമ്മയും ഒക്കെയുണ്ട്..
ഇരിക്ക്..
അയാൾ പറഞ്ഞതും രണ്ടുപേരും ഇരുന്നു..
ഇന്നലെ നമ്മുടെ പ്രസ്റ്റിജ്യസ് പ്രോജക്ടിൽ ഒരെണ്ണം നഷ്ടപെട്ടു… അതും ഒന്നും രണ്ടും അല്ല.. 5 കോടിയുടെ പ്രോജക്റ്റ്..
റോയ് തന്നെ സംസാരത്തിന് തുടക്കം കുറിച്ചു..
അലിയും ആദിയും ഞെട്ടലോടെ ക്രിസ്റ്റിയെ നോക്കി.. അവനും ആശയക്കുഴപ്പത്തിലാണ് എന്നത് അവൻ്റെ മുഖ ഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു..
എന്ത് പറ്റിയതാണ് ക്രിസ്റ്റി..
അത് റോയിച്ചാ… ഞാൻ പറഞ്ഞില്ലേ.. നമ്മുടെ പ്രോജക്റ്റ് പോലെ തന്നെ എന്നാല് ചെറിയ ഒന്നോ രണ്ടോ ഫീച്ചർ കൂടിയുള്ള ഒന്ന് ആണ് അവർ പ്രസൻ്റ് ചെയ്തത്..
ക്രിസ്റ്റി പറഞ്ഞു..
അപ്പോ അതിനർത്ഥം നമ്മുടെ പ്രോജക്റ്റ് ചോർന്നു എന്നല്ലേ..
റോയ് ചോദിച്ചതും എല്ലാവരും മൗനമായി ഇരുന്നു..
ഈയിടെയായി കമ്പനി കാര്യങ്ങളിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ കണ്ട് വരുന്നുണ്ട്.. നമ്മുടെ രണ്ടാമത്തെ പ്രോജക്റ്റ് ആണ് ഇപ്പൊ റിജക്റ്റ് ആകുന്നത്.. ഇതിന് മുൻപ് ഇങ്ങനെ ഒരു പ്രതിസന്ധി വന്നിട്ടില്ല എന്നല്ല.. പക്ഷേ.. എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്..
റോയ് പറഞ്ഞു..
റോയിച്ചാ.. എന്തോ ഒരു ചതി നടക്കുന്നുണ്ട്..
അല്ലി പെട്ടെന്ന് പറഞ്ഞു.. എല്ലാവരും ഞെട്ടലോടെ അവളെ നോക്കി..
എനിക്കെന്തോ അങ്ങനെ തോന്നുന്നു.. കാരണം ഇപ്പൊ വി എം ഗ്രൂപ്പിന് കിട്ടിയ പ്രോജക്ടിൻ്റെ ഫയൽ മിസിങ് ആണ്.. ആദി അത് ഫ്ളാറ്റിൽ വെച്ചിരുന്നു എന്നാണ് പറയുന്നത്.. ഓഫീസിൽ കൂടി ഒന്ന് നോക്കിയാലേ കൺഫേം ആക്കാൻ പറ്റൂ.. എങ്കിലും അത് ഏതാണ്ടൊക്കെ അങ്ങനെ തന്നെയാണ്..
അല്ലി പറഞ്ഞു..
അത് നീ ഫ്ളാറ്റിൽ ആണോ വെച്ചത്..
അതെ റോയിച്ചാ..
ഓഫീസിൽ സേഫ്റ്റി പ്രോബ്ലം ഉള്ളത് കൊണ്ട് ഞങൾ അത് മൂന്ന് മൊഡ്യുൾസ് ആക്കി ഒന്ന് ഓഫീസിലും ഒന്ന് ക്രിസ്റ്റിയുടെ ഫ്ലാറ്റിലും ഒന്ന് എൻ്റെ കയ്യിലുമണ് സൂക്ഷിച്ചിരുന്നത്.. അതിൽ എന്റെ കയ്യിൽ ഇരുന്ന ഫയലിലാണ് ഏറ്റവും പ്രധാനപ്പെട്ട അൽഗോരിതം ഒക്കെ ഉണ്ടായിരുന്നത്..
അവൻ പറഞ്ഞു.
അവിടെ നിന്നത് ആര് കൊണ്ടുപോകാൻ ആണ് ആദി..
ജോയിച്ചൻ ചോദിച്ചു..
അറിയില്ല.. ഒരു മോഷണം നടന്നതായി ഒരു തെളിവുമില്ല.. അതാണ് ഏറ്റവും വലിയ പ്രശ്നം..
ആദി പറഞ്ഞു..
മുൻപ് നഷ്ടമായ പ്രോജക്ടിലും വി എം ഗ്രൂപ്പിനാണ് ടെൻഡർ കിട്ടിയത്.. അതിലും അവരുടെ പ്രോജക്ടിന് നമ്മുടേതുമായി സാമ്യം ഉണ്ടായിരുന്നു.. പക്ഷെ അതൊരു ചെറിയ രീതിയിൽ ആയിരുന്നു..
ക്രിസ്റ്റി പറഞ്ഞു..
കൃത്യമായി കമ്പനിക്ക് എതിരെ ആരോ പണിയുന്നുണ്ടല്ലോ റോയിച്ചാ..
ജോയിച്ചൻ റോയിയെ നോക്കി..
ഇതിപ്പോ ആകെ ഒരു തരം പ്രാന്ത് പിടിക്കുന്ന അവസ്ഥയാണല്ലോ..
റോയ് പറഞ്ഞു..
എന്തായാലും കമ്പനിയിലുള്ള ഓരോരുത്തരെയും ശ്രദ്ധിക്കണം റോയിച്ചാ.. നമ്മുടെ ഭാഗത്ത് നിന്നൊരു ശ്രദ്ധക്കുറവ് വരാൻ പാടില്ല..
ജോയിച്ചൻ പറഞ്ഞു..
മ്മ്.. അതുപോലെ എല്ലാ വിങ്ങിലും കൃത്യമായ ഇൻസ്പെക്ഷൻ വേണം.. ഒരിടത്തും നമ്മുടെ അശ്രദ്ധ പാടില്ല..
റോയ് പറഞ്ഞു..
ചില ഓൺലൈൻ ടെക്ക് ജേർണൽസ് നമ്മുടെ കമ്പനി ഷട്ട് ഡൗണ് ചെയ്യാൻ പോകുന്നു എന്ന മട്ടിലുള്ള അർട്ടിക്കിൾസ് പബ്ലിഷ് ചെയ്യുന്നുണ്ട്.. അതിന്റെ സോഴ്സ് എന്താണെന്നും അന്വേഷിക്കണം..
അല്ലി പറഞ്ഞു..
ഇതിപ്പോ നമ്മുടെ പുതിയ പ്രോജക്ടിന്റെ തിരക്കിൽ ശ്രദ്ധിക്കാതെ വിടുന്ന ചെറിയ കാര്യങ്ങൾക്ക് പോലും സീരിയസ്നസ് വരുന്ന പോലെ ഉണ്ട്..
ആദി പറഞ്ഞു.. അവൻ തീർത്തും അസ്വസ്ഥനായിരുന്നു..
ആദി..
റോയ് വിളിച്ചതും ആദി അയാളെ നോക്കി..
നീ റിലാക്സ് ആക് ആദ്യം.. ആ പ്രോജക്ട്. അത് നമുക്കുള്ളതായിരുന്നില്ല.. അതുകൊണ്ട് പോയി.. പിന്നെ ആ ഫയൽ.. ചിലപ്പോ അത് ഓഫീസിൽ തന്നെ കാണും.. അതല്ല അത് നിന്റെ കയ്യിൽ നിന്ന് മിസ് ആയിട്ടുണ്ടെങ്കിൽ നമുക്ക് അന്വേഷിക്കാം.. ഏതായാലും അതിൽ നിന്റെ ഒരു ഫോൾട്ടും ഇല്ലാത്ത സ്ഥിതിക്ക് നീ എന്തിനാണ് വെറുതെ ടെൻസ്ഡ് ആകുന്നത്..
റോയ് പറഞ്ഞതും ആദി ഒന്ന് തലകുനിച്ചു..
അല്ലി മെല്ലെ അവന്റെ കയ്യിൽ ഒരുറപ്പിനെന്നോണം പിടിച്ചതും ഒന്ന് ദീര്ഘനിശ്വാസമെടുത്ത് എല്ലാവരെയും നോക്കി അവൻ പുഞ്ചിരിച്ചു.. ആ പുഞ്ചിരി റോയിച്ചനിലും ജോയിച്ചനിലും ക്രിസ്റ്റിയിലും ജോളിമ്മയിലും അല്ലിയിലുമൊക്കെ നിറയുമ്പോഴും പതിവില്ലാത്ത വിധം എന്തൊക്കെയോ ചിന്തകളാൽ ഓരോ മനസ്സും പ്രക്ഷുബ്ധമായിരുന്നു..
അശാന്തമായ കടൽ പോലെ..
*****************
നിനക്ക് ഉറപ്പുണ്ടോ ആദി..
അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ലെടാ.. പക്ഷെ അവനല്ലാതെ വേറെ ഒരാളും ഞങ്ങളുടെ ഫ്ലാറ്റിൽ വന്നിട്ടില്ല..
ആദി പറഞ്ഞു..
അവൻ അങ്ങനെ ചെയ്യോ ആദി..
അല്ലിയുടെ ചോദ്യം കേട്ട് ക്രിസ്റ്റിയും ആദിയും അവളെ നോക്കി..
വേറൊന്നുമല്ല.. നിധിൻ സൈമൺ അങ്കിളിന്റെ മോനാണ്.. അതുകൊണ്ടുതന്നെ ഓഫീസിൽ ഒരു തിരിമറി നടന്നാൽ സ്വാഭാവികമായി ആർക്കും അവനെ മാത്രേ ആദ്യം സംശയം തോന്നൂ.. ആ ചിന്ത അവനിലും കാണില്ലേ..
നീയെന്താ പറഞ്ഞു വരുന്നത്..
ക്രിസ്റ്റി ചോദിച്ചു..
അങ്ങനെ ബോധ്യമുള്ള ഒരാൾ മനപൂർവ്വം ഫ്ലാറ്റിൽ വന്നു ഫയൽ എടുത്തുകൊണ്ട് പോവോ.. അല്ല അങ്ങനെ സംഭവിച്ചാലും ആദ്യം സംശയം അവനിലേയ്ക്കെ വരൂ എന്നൊരുറപ്പ് അവനു കാണില്ലേ..
അല്ലി ചോദിച്ചു..
അത് ശെരിയാണ്.. പക്ഷെ അത് കൊണ്ടുമാത്രം അവൻ ചെയ്യില്ല എന്നു കരുതാൻ പറ്റോ അല്ലി..
ക്രിസ്റ്റി ചോദിച്ചു..
ഒരിക്കലുമില്ല.. പക്ഷെ നിധിനെ സംശയിച്ചു അവന്റെ പിന്നിലേയ്ക്ക് മാത്രം അന്വേഷണം ഒതുക്കരുത് എന്നാണ് ഞാൻ സൂചിപ്പിച്ചത്..
അല്ലി തന്റെ ഭാഗം വ്യക്തമാക്കി..
അന്ന് നിധിൻ നിന്റെ റൂമിൽ കേറിയോ..
ക്രിസ്റ്റി ആദിയെ നോക്കി..
നോ.. അന്നത്തെ ദിവസം അവൻ ഹാളിൽ തന്നെ ഇരിക്കുവായിരുന്നു.. പക്ഷെ ഞാൻ ഇടയ്ക്ക് കിച്ചനിലും ബാത്റൂമിലും ഒക്കെ പോയിരുന്നു..
ആദി പറഞ്ഞു..
ആ നേരത്ത് അവൻ എടുത്തു കാണും എന്നാണോ..
ശെരിക്കും എനിക്കറിയില്ല ക്രിസ്റ്റി.. ഞാൻ ഒരു ചായ ഇടാനുള്ള നേരമേ മാറി നിന്നിട്ടുള്ളൂ.. അതിനിടയ്ക്ക് ആ ഫയൽ തപ്പി കണ്ടെത്താൻ അവനെകൊണ്ടു കഴിയുമോ..
ആദി സംശയത്തോടെ ചോദിച്ചു..
ഇങ്ങനെ സംശയം ചോദിച്ചിരുന്നാൽ കാര്യങ്ങൾ കുഴയുകയെയുള്ളൂ.. എന്തായാലും ഇനിയെങ്കിലും അവനിൽ ശെരിക്കൊരു കണ്ണ് വെച്ചോ..
ക്രിസ്റ്റി പറഞ്ഞതിന് ആദിയും അല്ലിയും സമ്മതപൂർവ്വം തലയാട്ടുമ്പോഴും നിഴൽ മറയ്ക്കപ്പുറമൊരു എതിരാളി തന്റെ ശത്രുക്കൾക്കെതിരെയുള്ള അവസാന വട്ട യുദ്ധത്തിനുള്ള കളമൊരുക്കുകയായിരുന്നു.. സൂക്ഷ്മമായി..
********************
ആദി..
ക്യാബിനിൽ ഇരിക്കവേ റോയിച്ചന്റെ വിളി കേട്ടതും അവൻ സിസ്റ്റത്തിൽ നിന്ന് കണ്ണെടുത്ത് അയാളെ നോക്കി..
ആരൊക്കെയാ ഇത്.. വാ..
ആദി ഒരു ചിരിയോടെ പറഞ്ഞതും ജോയിച്ചനും റോയിച്ചനും അകത്തേയ്ക്ക് കയറി..
എന്താ ജോയിച്ചാ ഇവിടൊക്കെ ഓർമ്മയുണ്ടോ.. എത്ര നാളായി ഇങ്ങോട്ട് വന്നിട്ട്.. മുൻപൊക്കെ മാസത്തിൽ രണ്ടുമൂന്ന് വട്ടമെങ്കിലും വരുമായിരുന്നു.. ഇപ്പൊ ഇത്രേം അടുത്തായപ്പോ വരവും കുറഞ്ഞു..
ആദി കളിയായി ചോദിച്ചു..
ജോയ് ഒന്ന് ചിരിച്ചതെയുള്ളൂ.. ആ ചിരിയിലെ വേദന ആദിക്കും മനസ്സിലായി..
ആ.. ഇനിയിപ്പോ സ്ഥിരമായിട്ട് ജോയിച്ചൻ ഇവിടെ കാണും എന്ന് പറയാനാ ഞാൻ വന്നത്..
ആദി സംശയത്തോടെ റോയിയെ നോക്കി..
ഒന്നൂല്ല.. പുറത്തു കണക്ക് കൊടുത്തു ഓഡിറ്റ് ചെയ്യിക്കാം എന്നു തീരുമാനിച്ചതല്ലേ.. അതങ്ങ് വേണ്ടാന്നു വെച്ചു.. ഇനി ജോയിച്ചൻ നോക്കട്ടെ.. അല്ലേലും സ്റ്റെഫിയുടെ കൂടെ എപ്പോഴും കാവൽ ഇരിക്കേണ്ട കാര്യമൊന്നുമില്ലല്ലോ..ഇവിടെ ഈ സിറ്റുവേഷൻ കൂടെ ആയപ്പോ മനസ്സുറപ്പിച്ചു കണക്കിന്റെ കാര്യങ്ങൾ ഒക്കെ പുറത്ത് കൊടുക്കാൻ ഒരു മടി..
റോയിച്ചൻ പറഞ്ഞതും ആദി സന്തോഷത്തോടെ പുഞ്ചിരിച്ചു..
അതാ ജോയിച്ചാ നല്ലത്.. സത്യത്തിൽ നിങ്ങൾ രണ്ടാളും കൂടെ ഇവിടെ ഉണ്ടെങ്കിൽ ഞങ്ങൾക്കും വല്യ ഒരാശ്വാസമാണ്.. ഇവിടുത്തെ കള്ള കളികൾ ഒക്കെ കണ്ടെത്താൻ ജോയിച്ചനു പറ്റും.. ഈ പ്രോജക്ടിന്റെ ഇടയിൽ ഞങ്ങൾക്ക് അതൊരു റിലീഫ് ആകും.
ആദി പറഞ്ഞു..
ജോയ് പുഞ്ചിരിച്ചു..
അവൻ എന്തിയെ.. ഇവിടെയില്ലേ..
ജോയിച്ചൻ ചോദിച്ചു..
ഉണ്ട്.. ഡ്യൂട്ടിയിലാണ്..
ആദി പറഞ്ഞു..
ദേ ജോയിച്ചാ.. ചെക്കന്റെ മേൽ എപ്പോഴും ഒരു കണ്ണ് വേണം.. സൈമന്റെ ചെറുക്കനാ.. മോശമാകാൻ ഒരു വഴിയുമില്ല..
റോയിച്ചൻ പറഞ്ഞു..
അവനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തുടങ്ങിയപ്പോ എന്റെ സ്റ്റെഫി പറഞ്ഞതാ വേണ്ടാന്നു.. കേട്ടില്ല ഞാൻ.. ഇപ്പൊ ആരോഗ്യത്തോടെ നടന്നിരുന്നേൽ എന്നെ പത്തു തെറികൂടെ വിളിച്ചേനെ അവൾ..
പറയുമ്പോൾ തൊണ്ട ഇടറാതെ ഇരിക്കാൻ ജോയിച്ചൻ ശ്രദ്ധിച്ചെങ്കിലും നിറഞ്ഞു വന്ന കണ്ണുകൾ റോയിച്ചനും ആദിയും കണ്ടിരുന്നു.. അത് കാണേ റോയിച്ചന്റെ കണ്ണുകളും മെല്ലെ നിറഞ്ഞു വന്നു..
ഹേയ്.. സെന്റിമെന്റ്സ് ഒക്കെ മാറ്റി വെയ്ക്കാം..
റോയ് പറഞ്ഞു..
അപ്പൊ ഇത്രേം നാളും കൂടെ നിന്ന് ചതിച്ചവർക്കുള്ള സമ്മാനം കൊടുക്കാൻ ഒരുങ്ങുവല്ലേ നമ്മൾ..
ജോയിച്ചൻ പകയോടെ ചോദിച്ചു..
ആദിയും റോയിച്ചനും ഒന്ന് ചിരിച്ചു..
തീർത്തും വന്യമായ ചിരി.. മെല്ലെ മെല്ലെ ആ ചിരി ജോയിച്ചനിലേയ്ക്കും പടരുമ്പോൾ പുതിയ കുരുക്ഷത്രത്തിൽ എവിടെയോ ശംഖനാദം ഉയർന്നിരുന്നു..
നിശബ്ദമായി..
****************
എങ്ങു നിന്നോവന്ന
പഞ്ചവർണ്ണക്കിളി നീയോ
എന്നുമെന്റേതെന്ന് ചൊല്ലുവാനോ-
യിഷ്ടമേറെ
നീയെൻ മുളംതണ്ടിൽ
ചുംബിച്ചിരുന്നു പണ്ടേ
മൗനശ്വരമായ് ജന്മങ്ങളിൽ
മോഹം കൈനീട്ടുന്നു വീണ്ടും..
പാട്ടുപാടി ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്ന അല്ലിയെനോക്കിയിരിക്കെ വേദന നിറഞ്ഞ ഒരു പുഞ്ചിരി ആദിയിൽ നിറഞ്ഞു നിന്നിരുന്നു..
കൈകുമ്പിളിലുള്ളത് അധികം വൈകാതെ നഷ്ടമാകുന്ന ജലകണികകൾ ആണെങ്കിലും അതിനോടുള്ള ഇഷ്ടം കുറയുമോ..
ആദി സ്വയം ചോദിച്ചു..
ഈ നിമിഷങ്ങൾ ഇനി എത്രനാൾ… എത്ര അകലാൻ ശ്രമിക്കുമ്പോഴും മനസ്സ് വീണ്ടും വീണ്ടും പിടിവിട്ടവളിലേയ്ക്ക് ചേക്കേറാൻ ശ്രമിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. നിസ്സഹായമായി..
എന്റെ ആദി.. ആ ഫയലിന്റെ ടെൻഷൻ നീയൊന്നെടുത്തു നിലത്തു വെയ്ക്ക്.. മുഖമിങ്ങനെ ഏറ്റിപ്പിടിച്ച് ഏതാണ്ടൊക്കെ ആലോചിച്ചു നടക്കാതെ..
പെട്ടെന്നല്ലി പറഞ്ഞതും അവനൊന്ന് ചിരിച്ചു..
എന്തോ അത് മറക്കാൻ പറ്റില്ലടാ.. ആദ്യമായിട്ടാ ഇങ്ങനെ.. എന്റെ ജോലിയിൽ ഒരു മിസ്റ്റേക്ക് വരുന്നത്.. സത്യത്തിൽ എന്റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും റോയിച്ചൻ ഇന്നയാളെ പിരിച്ചു വിട്ടേനെ അല്ലെ..
എന്നിട്ടങ്ങനെ എത്ര പേരെ നമ്മൾ ഇതിന് മുൻപ് പിരിച്ചുവിട്ടിട്ടുണ്ട് ആദി..
അല്ലി അവനെ നോക്കി.. വെറുതെ നെഗറ്റിവ് അടിക്കാതെ നീ ഇരിക്ക്.. ഇതിന്റെ പിന്നിൽ ആരായിരുന്നാലും നമ്മൾ കണ്ടെത്തും.. അല്ലാതെ സംഭവിച്ചു പോയതോർത്തു ആജീവനാന്തം ഇരുന്നിട്ടെന്ത് കാര്യം..
അല്ലി അതും പറഞ്ഞു ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു..
കാർത്തി..
അവൾ ഞെട്ടി തിരിഞ്ഞു നോക്കി..
അല്ല കാർത്തി വിളിക്കാറുണ്ടോ..
മ്മ്.. ഇടയ്ക്ക്..
അവൾ ഒഴുക്കൻമട്ടിൽ പറഞ്ഞു..
അവന്റെ അമ്മ..
വീട്ടിൽ ഉണ്ട്.. സത്യത്തിൽ അന്ന് ഓഫീസിൽ നിന്ന് നേരത്തെ പോയ ദിവസം അവരെ കാണാനാണ് ഞാൻ പോയത്..സുഖമില്ലാതെ ഇരിക്കുകയാണ്..
എന്ത് പറ്റി..
ഉള്ളിൽ തോന്നിയ വേദന മറച്ചുപിടിച്ചവൻ ചോദിച്ചു..
ക്യാൻസർ ആണ്..
ആദി ഞെട്ടി അവളെ നോക്കി..
സെക്കണ്ടറി സ്റ്റേജിൽ ആണ്.. സുഖമില്ലാതെ ആയി വയ്യാണ്ടായപ്പോഴാണ് നമ്മളോടൊക്കെ ചെയ്‌തത് തെറ്റായിപ്പോയി എന്നു തോന്നിയത്.. കുറെ സോറി പറഞ്ഞു.. എല്ലാത്തിനും പകരമായി എന്നെ സ്നേഹിച്ചോളാം എന്നും പറഞ്ഞു..
ആദി വിരസമായി ഒന്ന് ചിരിച്ചു..
അല്ലി..
മ്മ്..
ഞാൻ.. ഞാൻ അനിമാമന്റെ അടുത്തേയ്ക്ക് പോയാലോ എന്നാലോചിക്കുവാ..
അതെന്താ ഇപ്പൊ അങ്ങനെ ഒരാലോചന..
അതല്ല.. പുള്ളി ഒറ്റയ്ക്കല്ലേ.. ചൈത്രേടെ കല്യാണം കഴിഞ്ഞു അവളിപ്പോൾ ഡെന്മാർക്കിൽ സെറ്റിൽഡ് അല്ലെ.. അപ്പൊ മാമനും നല്ല ഫ്രസ്റ്റേഷൻ ഉണ്ട്. എന്നെ വിളിക്കുന്നുണ്ട് കുറച്ചുനാൾ അവിടെ നിൽക്കാൻ..
ചൈത്രേടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു കൊല്ലം കഴിഞ്ഞില്ലേ ആദി.. ആ സമയം മുതൽ നിന്നോട് അങ്കിൾ ചെല്ലാൻ പറയുന്നതല്ലേ.. എന്നിട്ട് പോയിട്ടില്ലല്ലോ.. പിന്നെന്താ ഇപ്പൊ..
അല്ലി സംശയത്തോടെ ചോദിച്ചു..
എന്തോ.. എനിക്ക് ഇവിടുന്ന് ഒരു മാറ്റം വേണോന്നൊരു തോന്നൽ..
ഒരു ഫയൽ കാണാതെ പോയേനാണോ..
ഹേയ്.. അതല്ല.. ശെരിക്കും.. ഇനിയിപ്പോ അധികം വൈകാതെ നമ്മുടെ ഡിവോഴ്‌സ് നടക്കും.. പിന്നെ ഞാൻ ഫ്രീ അല്ലെ.. നമ്മൾ പിന്നീട് ഒന്നിച്ചു വർക്ക് ചെയ്യുന്നത് കാർത്തിയ്ക്ക് ഇഷ്ടപ്പെടുമോ..
കാർത്തി എന്നെ കാണുമ്പോൾ ഞാൻ ഇവിടെ തന്നെയായിരുന്നില്ലേ.. ഇപ്പോഴും ഇവിടെ തന്നെ.. നമ്മൾ ഒന്നിച്ചും.. ഭാര്യയും ഭർത്താവുമായി ജീവിക്കുമ്പോൾ ഇല്ലാത്ത സംശയം ഇനി ഡിവോഴ്‌സ് ആയി കഴിഞ്ഞു തോന്നുമോ ആദി..
അല്ലി അവന്റെ ചോദ്യത്തിന് മറുപടിയായി ചോദിച്ചു..
തോന്നും.. തോന്നികൂടായ്ക്ക ഒന്നൂല്ലല്ലോ.. സംശയം അല്ല.. അത് കാർത്തിയ്ക്ക് ഒരു ബുദ്ധിമുട്ടായി ഫീൽ ചെയ്‌തേയ്ക്കാം.. കാർത്തിയുടെ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെ തോന്നും..
അല്ലി ഒന്നും മിണ്ടിയില്ല..
തൽക്കാലം ഇപ്പൊ ഡിവോഴ്‌സ് ആയില്ലല്ലോ.. അത് കഴിഞ്ഞു ഞങ്ങളുടെ കല്യാണവും കഴിഞ്ഞുള്ള കാര്യമല്ലേ.. അതപ്പോൾ നോക്കാം.. നീ കാട് കേറി ചിന്തിക്കേണ്ട.. പകരം നിനക്ക് ചിന്തിക്കാൻ ഒരു കാര്യം തരാം..
ആദി സംശയത്തോടെ അവളെ നോക്കി..
മറ്റന്നാൾ ജോളിമ്മയുടെ പിറന്നാൾ ആണ്.. മറന്നോ മോൻ..
ആദി പെട്ടെന്ന് അതോർത്ത പോലെ തലയ്ക്ക് തട്ടി..
മറന്നു പോയിരുന്നു..
ആദി പറഞ്ഞു..
നീയൊരുപാട് മാറിപ്പോയി ആദി..
അല്ലി അവനെ നോക്കി ചെറു ചിരിയോടെ പറഞ്ഞു..
ഈ തിരക്കിൽ..
ഇതിലും തിരക്ക് നമുക്കുണ്ടായിട്ടുള്ള സമയം ഉണ്ടായിരുന്നു.. അന്നൊന്നുമില്ലാത്ത വിധം നീ ഒരുപാട് മാറി.. നീ മാത്രമല്ല.. എല്ലാവരും.. ഞാനടക്കം.. ഇനി ചിലപ്പോൾ വര്ഷങ്ങൾ കഴിയുമ്പോൾ അല്ലിയെയും മറക്കോ ആദി..
അവൻ ഞെട്ടി അവളെ നോക്കി.. പതിവില്ലാത്ത വിധം ആ കണ്ണിൽ നീർത്തിളക്കം അവൻ കണ്ടു..
അല്ലി ഞാൻ..
ഹേയ്.. ലീവ് ഇറ്റ്.. ഞാൻ വെറുതെ.. അല്ല.. നമുക്ക് ജോളിമ്മേടെ ബർത്ത്ഡേ ഗ്രാൻഡ് ആക്കേണ്ടേ..
അവൾ പുഞ്ചിരിയോടെ ചോദിച്ചു..
മ്മ്.. എന്താ വേണ്ടേ.. നീ പറഞ്ഞാൽ മതി..
നമ്മുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ബർത്ത്ഡേ ആണ്.. സോ ഇത്തവണ നമുക്ക് ഒന്നിച്ചൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കണം.. ഈ സിറ്റുവേഷനിൽ അത്രെയെങ്കിലും ആശ്വാസം കിട്ടിക്കോട്ടെ അതിന്..
അവൾ പറഞ്ഞു..
ആദി തലയാട്ടി സമ്മതം അറിയിച്ചു..
പിന്നെ ഒരു പാർട്ടി.. അത് ക്രിസ്റ്റിയോടും റോയിച്ചനോടും കൂടെ ആലോചിച്ചിട്ട് തീരുമാനിക്കാം.
മ്മ്..
അവൻ മൂളി..
ഇനിയെങ്കിലും ഒന്ന് ഉഷാറാക് ആദി.. നിന്റെയീ മൂഡോഫ് മാറട്ടെ..
അവൾ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു.. ഉള്ളം നീറുമ്പോഴും ആ പുഞ്ചിരിയിൽ അവളിലുമൊരു ചെറു പുഞ്ചിരി വിരിയുന്നത് കണ്ട് അവനിൽ നേർത്ത ആശ്വാസം നിറയുന്നുണ്ടായിരുന്നു..
നൈമിഷികമെന്നറിയാതെ..
**********************
തുടരെയുള്ള ഫോണിന്റെ ബെൽ കേട്ടാണ് ഡേവിഡ് കണ്ണുതുറന്നത്..
ഫോൺ അറ്റൻഡ് ചെയ്തതും നിയയുടെ നമ്പർ കണ്ട് അയാൾ ഫോണെടുത്തു കാതോട് ചേർത്തു..
എന്നാ..
തെല്ല് ഈർഷ്യയോടെ അയാൾ ചോദിച്ചു..
ഡാഡി..
അവൾ വിങ്ങി കരയുകയാണ് എന്നയാൾക്ക് മനസ്സിലായി..
ഡാഡി.. ഇവര് ഡാഡിയെ കൊല്ലും..
നിയ കരയുകയായിരുന്നു..
എന്നതാ നിന്റെ പ്രശ്നം..
അയാൾ ദേഷ്യത്തോടെ ചോദിച്ചു..
ഡാഡി.. ഇന്ന് ജിജോ എന്തോ വല്ലാത്ത ദേഷ്യത്തിലാ വന്നത്.. രാത്രി അത്താഴം കഴിക്കാൻ വിളിക്കാൻ ചെന്നപ്പോ അയാൾ ടെറസിൽ ആയിരുന്നു.. പപ്പേടെ കൂടെ. തിരിഞ്ഞു നടക്കുന്ന വഴിയാ അവർ തമ്മിൽ പറയുന്നത് കേട്ടത്..
ഡാഡിയെ കൊല്ലാനാ അവരുടെ പ്ലാൻ.. പിന്നെ എന്നെയും.. അതോടെ എല്ലാ സ്വത്തും അയാൾക്ക് കിട്ടും.. ഡാഡി ഒന്ന് സൂക്ഷിക്കണം.
മ്മ്.. ഇപ്പൊ നിനക്കിനി എന്താ വേണ്ടത്.. അവിടുന്ന് നിന്നെ ഞാൻ ഇങ്ങോട്ട് എഴുന്നെള്ളിക്കും എന്നു കരുതേണ്ട നിയാ.. നിന്നെ അവരൊന്നും ചെയ്യില്ല.. എന്നെയും.. നിന്റെ മനസ്സിലെന്താണെന്നു എനിക്കറിയാം.. നീ വെച്ചിട്ട് പോ..
അതും പറഞ്ഞു ഡേവിഡ് തെല്ല് ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു കട്ടിലിലേക്ക് വീണു..
നിയ തന്റെ ഫോണുമായി പുറത്തേയ്ക്ക് നോക്കി നിന്നു..
ആ നിമിഷവും അവളുടെ മനസ്സിൽ കുറച്ചു മുൻപ് കേട്ട കാര്യങ്ങൾ തന്നെയായിരുന്നു..
*********************
നിയേ..
അന്നമ്മാമ്മയുടെ വിളി കേട്ട് അവൾ ഫോണിൽ നിന്ന് മുഖമുയർത്തി നോക്കി..
ജിജോയേം പപ്പായേം ഒന്ന് വിളിച്ചോണ്ട് വന്നാൽ എല്ലാർക്കും ചൊറ് കൊടുത്തേച്ചു എനിക്ക് കിടക്കാമായിരുന്നു..
അവർ പറഞ്ഞതും നിയ ഒന്ന് തലയാട്ടി..
ഇപ്പോൾ കുറച്ചു ദിവസമായി അവർ വലിയ പ്രശ്നങ്ങൾക്കൊന്നും വരുന്നില്ല എന്നത് അവൾക്ക് മനസ്സിനൊരു ആശ്വാസമായിരുന്നു..
അവൾ മുകളിൽ റൂമിൽ ചെന്ന് നോക്കിയതും ജിജോയെ കണ്ടില്ല.. പപ്പയുടെ മുറിയും ശൂന്യമായിരുന്നു..
സ്റ്റെയർ കയറി മുകളിലേക്കുള്ള വാതിൽ നോക്കിയതും തുറന്ന് കിടക്കുകയാണ് എന്നു കണ്ട് അവൾ മുകളിലേയ്ക്ക് നടന്നു..
മതിയെടാ കൊച്ചനെ…
പപ്പയുടെ ശബ്ദം ഉച്ചത്തിൽ കേൾക്കാം..
മ്മ്.. നിർത്തി പപ്പേ.. അല്ല പപ്പ വിളിച്ചോ ആൽഫ്രെഡിനെ..
മ്മ്.. അവൻ കുറച്ചു കൂടുതൽ ആണ് ചോദിക്കുന്നത്.. ഇരുപത്തഞ്ചു..
പാതി തുറന്നു കിടന്ന ഡോർ തുറക്കാൻ നീട്ടിയ കൈ നിയയൊന്ന് പിൻവലിച്ചു..
അതത്ര കൂടുതലൊന്നുമല്ല പപ്പേ.. ഒന്നൂല്ലേലും രണ്ടെണ്ണത്തിന്റെ ജീവൻ എടുക്കാൻ അല്ലെ..
നിയ ഞെട്ടലോടെ അവരെ കേട്ടു നിന്നു..
മ്മ്.. അതുകൊണ്ട് ഞാനും കൂടുതൽ തർക്കിക്കാൻ പോയില്ല. അവന്റെ കാര്യം നിനക്ക് അറിയാല്ലോ.. ഒരു തൊന്തരവും ഉണ്ടാവേല.. ഒരാക്‌സിഡന്റ്. അതിനപ്പ്രത്തേയ്ക്ക് ഒന്നും ആരും അറിയുകേല..
അതുകൊണ്ടാ അവനെ തന്നെ ഏൽപ്പിക്കാൻ ഞാൻ പറഞ്ഞത്.. ഡേവിഡ്… ഇനിയായിരുതല മൂർച്ചയുള്ള വാള് എന്റെ നെറുകേല് വേണ്ട.. ഈ ആഴ്ച തന്നെ അത് നടക്കണം.. തെക്ക് വടക്ക് നടക്കുന്ന വഴി ഒരു ആക്സിഡന്റ്.. ഡേവിഡ് കുര്യൻ അന്തരിച്ചു..
ജിജോയുടെ പൊട്ടിച്ചിരി കേട്ട് നിയ തറഞ്ഞു നിന്നുപോയി..
നീ ശെരിക്ക് ആലോചിച്ചല്ലോ അല്ലെ..
മ്മ്.. ശെരിക്ക്.. സത്യത്തിൽ ഇതിന് ഞാൻ മുതിരുകേലായിരുന്നു.. കുരിശിങ്കലെ സ്വത്ത് കണ്ടിട്ട് തന്നാ ആ നാശത്തെ ഞാനെടുത്തു തലേൽ വെച്ചത്.. ആ അങ്ങനെ പറയാൻ പറ്റില്ല.. ഒരിഷ്ടം അവളോട്.. കുറെ കൂടെ നേരായി പറഞ്ഞാൽ അവളുടെ ആ ശരീരത്തോട് എനിക്കുണ്ടായിരുന്നു… അതുകൊണ്ടാ അങ്ങേരുടെ നിഴല് പോലെ കൂടെ നിന്നത്..
നിയ കണ്ണൊന്ന് ഇറുകെ പൂട്ടി..
അതിനെടേലാണ് ആ ആദിയുമായി ലവളുടെ ഒടുക്കത്തെ ഒരു പ്രേമം.. പൊട്ടിച്ചു കയ്യിൽ കൊടുക്കാൻ അങ്ങേരുടെ കൂടെ നിന്നു ഞാൻ.. ദിവ്യ പ്രേമം മൂത്തിട്ടൊന്നും അല്ല.. ഒരു രാത്രിയെങ്കിലും എനിക്കവളെ ഒന്ന് വേണമായിരുന്നു.. പിന്നെ അങ്ങേരുടെ പൂത്ത കാശും..
ഒരു തരത്തിൽ ബെടക്കാക്കി സ്വന്തമാക്കി അവളെ. അപ്പൊ അവളുടെ ഒടുക്കത്തെ ഒരു ദിവ്യ പ്രേമം.. കാത്തിരുന്നു ഞാൻ.. വേറൊന്നും കൊണ്ടല്ല.. ഒരാവേശത്തിന് കേറി പിടിച്ചാൽ വല്ലോം കയ്യബദ്ധതിന് പറ്റിയാൽ പെട്ടു പോകില്ലേ.. അവള് പോയാൽ ജിജോയ്ക്ക് പുല്ലാ.. പക്ഷെ ആ കൂടെ കുരിശിങ്കലെ സ്വത്ത്..അത് കൈവിട്ട് കളയാൻ മേലാ..
അതിനെടേൽ നൈസ് ആയി ഇവിടുത്തെ ബാധ്യതകൾ അയാളെകൊണ്ടു തീർപ്പിച്ചു ഞാൻ.. പക്ഷെ അപ്പോഴേയ്ക്കും അയാളുടെ കുരുട്ടു ബുദ്ധി ഉണർന്നു.. ഇവിടെ ഉള്ളതൊക്കെ അയാൾ അയാളുടെ മോൾടെ പേരിലാക്കി.. എന്നെ അവളുടെ വെറും ജോലിക്കാരനാക്കി കളഞ്ഞു..
അവൻ പറഞ്ഞു..
നിയ തറഞ്ഞു നിന്നു.. കേട്ടതൊക്കെ പലപ്പോഴായി കേട്ട കാര്യങ്ങൾ ആയിട്ടും അവൾക്ക് നെഞ്ചിൽ ചേർന്ന് കിടക്കുന്ന മിന്ന് പൊള്ളുന്ന പോലെ തോന്നി..
ഏതായാലും ഒന്നുണ്ട് പപ്പാ.. അവളെ അങ്ങേരായിട്ട് എനിക്കിട്ടു തന്നു.. എന്നാ വേണേലും ചെയ്തോ എന്നും പറഞ്ഞെന്റെ മുറീലോട്ട് എറിഞ്ഞുതന്നു..
അവൻ ചിരിച്ചു.. നിയയയുടെ കണ്ണുകൾ അപമാന ഭാരത്താൽ ഉരുകി ഒലിച്ചു..
ഒന്നല്ല.. ഓരോ രാത്രിയും അയാൾ തരുന്ന അപമാനവും വേദനയും അവൾക്ക് കൊടുക്കുന്നുണ്ട് ഞാൻ.. എന്നെ പേടിച്ചു കിടക്കുന്നവളെ കാണുമ്പോൾ ചിരി വരും എനിക്ക്.. അന്നങ്ങേര് എനിക്ക് തന്ന വാക്കാ ആ ഹോട്ടൽ.. അതും പ്രതീക്ഷിച്ചു നിന്നതാ ഞാൻ.
ഇപ്പൊ അങ്ങേര് അതും മോൾടെ പേരിലാക്കി.. അന്ന് മമ്മി അങ്ങനെ ഒരു ഇഷ്യൂ ഉണ്ടാക്കിയതോടെ ഡേവിഡ് മൊത്തത്തിൽ ഉടക്കിലാ.. ഇപ്പൊ അങ്ങേര് കമ്പനിയിലും മൊത്തത്തിൽ പിടി മുറുക്കി.. ഇനിയും നോക്കി നിന്നിട്ട് കാര്യമില്ല.. ഡേവിഡ്.. ആ ശല്യം ഒഴിഞ്ഞാൽ ആ റീനയും നിയയും നമ്മടെ കാൽകീഴിൽ കിടക്കും..
ഇല്ലേൽ അവളേം ഞാനങ്ങു തീർക്കും..
അവൻ കൂസലില്ലാതെ പറയുന്നത് കേട്ടതും എവിടേയ്ക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നി അവൾക്ക്
നീ അവളെ തീർക്കാൻ നിൽക്കാതെ ഒരു കൊച്ചിനെ കൊടുക്കാൻ നോക്ക്..
മ്മ്..
പപ്പയുടെ വാക്കിന് ജിജോ ഒന്ന് മൂളി..
അവളുടെ കാര്യം അതാ പെൻഡിങ്ങിൽ വെച്ചത്.. ആ ഡേവിഡിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് വേണം അവളെ എന്റെ കാൽച്ചുവട്ടിൽ ഇട്ട് തട്ടാൻ..
സന്തോഷത്തോടെ അവൾ ജീവിക്കാൻ സമ്മതിക്കില്ല പപ്പാ ഞാൻ.. ഓരോ നിമിഷവും നീറി നീറി വേണം അവളൊടുങ്ങാൻ..
എന്നെ ചതിച്ചിറങ്ങി പോയ നിമിഷമോർത്ത് ഈ ജന്മം മൊത്തം കരയണം അവൾ.. പപ്പ ആൽഫ്രെഡിനോട് പറഞ്ഞേയ്ക്ക്..
അവൻ അതും പറഞ്ഞു ഗ്ലാസിൽ നിന്ന് മദ്യം വായിലേക്ക് കമഴ്ത്തിയതും വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവിടേയ്ക്ക് ഓടി..
ഇതാരാ പപ്പേ..
അത് കാറ്റടിച്ചത് ആകും.. നീ വാ.. അന്നമ്മ അന്വേഷിക്കുന്നുണ്ടാകും..
അതും പറഞ്ഞയാൾ അവനെയും കൂട്ടി നടക്കുമ്പോൾ സ്റ്റെയറിന് താഴെയുള്ള മുറിയിൽ ശബ്ദമില്ലാതെ നീറി കരയുകയായിരുന്നു നിയ..
*******************
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ നിയയുടെ കയ്യിലിരുന്ന് ഫോൺ വിറയ്ക്കുന്നുണ്ടായിരുന്നു..
ആ നിമിഷമേന്തോ ഓർത്തെന്ന പോലെ അവൾ കോണ്ടാക്റ്റ് സെർച്ച് ചെയ്തു..
ആദി എന്ന് സേവ് ചെയ്ത നമ്പരിലേയ്ക്ക് ഡയൽ ചെയ്തു കാതോട് ചേർക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രതീക്ഷയ്ക്കൊപ്പം ഹൃദയതാളം ക്രമാതീതമായി ഉയരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു..
തുടരും.

by