19/04/2026

ആത്മരാഗം : ഭാഗം 42

രചന – ഗൗരി ലക്ഷ്മി

എന്തായി.. അവനെടുത്തോ..

ഭാമ തെല്ല് ടെൻഷനോടെ ചോദിച്ചു..

കോൾ പോകുന്നുണ്ട്.. ഫോൺ എടുക്കുന്നില്ല..

മുരളി പറഞ്ഞതും ഭാമ അല്ലിയെ നോക്കി..

ഏറെ നേരമായി വല്ലാത്ത ടെന്ഷനിൽ ആണവൾ.. ആദിയെ നിരന്തരം വിളിച്ചിട്ടും കോൾ അറ്റൻഡ് ചെയ്യാത്ത ടെൻഷനിൽ ആണ്..

മോള് വെറുതെ ടെൻഷൻ ആകേണ്ട.. അവൻ മുൻപേ വിളിച്ചപ്പോ വന്നോണ്ടിരിക്കുവാ എന്നല്ലേ പറഞ്ഞത്.. അവനിങ്ങെത്തും..

ഭാമ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞെങ്കിലും അവരുടെ ഉള്ളിലും വല്ലാത്ത ആധി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

ഭാമ മീനയെ നോക്കി.. അവരും നല്ല വെപ്രാളത്തിലാണ്..

മേശയിൽ കേക്ക് വെയ്ക്കാൻ വേണ്ടി ഒരുക്കിയിട്ട സ്ഥലം ഒഴിഞ്ഞു തന്നെ കിടക്കുന്നു.. ഹാളിൽ പലയിടത്തായി മെഴുകുതിരികൾ വെച്ചിട്ടുണ്ട്..

ആദി വരുമ്പോൾ കത്തിക്കാൻ പാകത്തിന് വെച്ചിരിക്കുകയാണ് അവയൊക്കെ..

1 അര മണി കഴിയാറായി ഇപ്പോൾ..

എന്ത് ചെയ്യണമെന്ന് ആർക്കും ഒരൂഹവും ഇല്ലാത്ത അവസ്ഥ..

ഞങ്ങൾ ഒന്ന് പോയി നോക്കിയാലോ.. ആദി ആരെ കാണാൻ പോയതാണെന്ന് അറിയോ മോളെ..

മുരളി അല്ലിയെ നോക്കി ചോദിച്ചു..

ഞാൻ വന്നേപിന്നെ ആദിയെ കണ്ടേയില്ലല്ലോ.. വന്നിട്ടും എന്നെ വിളിച്ചുമില്ല ഒന്നും പറഞ്ഞതുമില്ല..

ഇനി ഓഫീസിലോട്ടോ മറ്റോ പോയിട്ടുണ്ടാകുമോ..

മീന ചോദിച്ചു..

ഹേയ്.. സസ്‌പെൻഷനിൽ ആയോണ്ട് ആദി അങ്ങോട്ട് പോകില്ല..

സസ്പെന്ഷനിലോ.. എന്തിന്..

പെട്ടെന്ന് ഭാമ ചോദിച്ചപ്പോഴാണ് താനെന്താണ് പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായത്..

അത്.. ആന്റി..

എന്ത്.. ഞാൻ പറഞ്ഞില്ലേ ഭാമേ.. നമ്മൾ അറിയാത്ത എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്.. പറയെടി.. എന്താ ഇവിടുത്തെ പ്രശ്നം..

മീന അല്ലിയോട് കയർത്തു..

അത്.. ഒന്നുമില്ല.. കമ്പനിയിൽ ചില പ്രശ്നങ്ങൾ വന്നപ്പോ..

മോളെ..

മുരളി അവളെ വിളിച്ചു..

ഞങ്ങൾ നിങ്ങളുടെ അച്ഛനും അമ്മയുമാണ്.. ഞങ്ങൾക്ക് സത്യം അറിയേണ്ടേ..

അയാൾ സൗമ്യമായി ചോദിച്ചു..

അങ്കിൾ… ഓഫീസിൽ ചില പ്രശ്നങ്ങൾ.. ആദിയുടെ ഭാഗത്ത് നിന്ന് ചില ഫയലുകൾ മിസ് ആയി.. അത് വേറെ ഒരു കമ്പനിക്കാർ വഴി ഞങ്ങൾക്കെതിരായി വന്നു. ആ പ്രശ്നം സ്വയം ഏറ്റെടുത്തു അന്വേഷണത്തിനായി ആദി തൽക്കാലം ഒന്ന് മാറി നിൽക്കുന്നെന്നേയുള്ളൂ..

അല്ലി പറഞ്ഞൊപ്പിച്ചു..

എന്നിട്ട് അവനെവിടെ..

പ്രസാദ്‌ ചോദിച്ചു..

ഇന്ന് ആദി എങ്ങോട്ടാ പോയേന്ന് അറിയില്ല അച്ഛാ.. ഇതുവരെ ആദി ഇത്രയും വൈകിയിട്ടില്ല..

അവൾ പറഞ്ഞു വന്നപ്പോഴേയ്ക്കും കരഞ്ഞു പോയിരുന്നു.. മനസ്സിലെ ഭയം കണ്ണുനീരായി പുറത്തേയ്ക്ക് വരുന്നത് അവളറിയുന്നുണ്ടായിരുന്നു..

നമുക്ക് ഒന്ന് പോയി നോക്കാം.. ഇനി ക്രിസ്റ്റിയുടെ കൂടെ ഉണ്ടാകുമോ.. മോള് അവനെ വിളിച്ചോ..

ക്രിസ്റ്റിയെയും കിട്ടുന്നില്ല..

ഭയത്തോടെ അവൾ പറഞ്ഞു..

അപ്പോ രണ്ടാളും കൂടെ ഒന്നിച്ചാകും ഉണ്ടാകുക..

പ്രസാദ് പറഞ്ഞു..

അല്ലി അപ്പോഴും ഒന്നും മിണ്ടിയില്ല..

മണി രണ്ടാകുന്നു.. ഇങ്ങനെ ഒരു വിവരവും കിട്ടാതെ ചുമ്മാ ഇരുന്നിട്ടെന്താ.. റോയിച്ചനെ ഒന്ന് വിളിച്ചു നോക്കിയാലോ..

ഞാൻ ഇടയ്ക്ക് വിളിച്ചതാ.. റോയിച്ചനിന്ന് ആദിയെ കണ്ടിട്ടേയില്ല..

ക്രിസ്റ്റിയെയോ..

ഭാമ ചോദിച്ചു..

അവൻ ഇന്ന് ആരെയോ കാണാനുണ്ട് എന്നും പറഞ്ഞു പോയിട്ട് വന്നില്ലെന്നാ പറഞ്ഞത്..

മോളെന്തായാലും റോയിച്ചനെ വിളിച്ചു ക്രിസ്റ്റി എത്തിയോ എന്നു ചോദിക്ക്..

ക്രിസ്റ്റി എത്തുമ്പോ എന്നെ വിളിക്കാം എന്നു പറഞ്ഞതാ.. ഇനിയും വിളിച്ചാൽ അവരും ടെൻഷൻ ആകും..

അവൾ പേടിയോടെ പറഞ്ഞു..

സമയം ഒച്ചിനെപോലെ മുൻപൊട്ടിഴയുമ്പോഴും പരസ്പരമുള്ള ചോദ്യോത്തരങ്ങളും സമാശ്വസിപ്പിക്കലും മാത്രം അവിടെ മുഴങ്ങികേട്ടുകൊണ്ടിരുന്നു..

ആ നിമിഷവും തന്റെ താലിയിൽ മുറുകെ പിടിച്ചു കണ്ണടച്ചിരിക്കുകയായിരുന്നു അല്ലി..

പ്രാർത്ഥനയോടെ..

***********************

കോളിംഗ് ബെൽ മുഴങ്ങിയതും അല്ലി പിടഞ്ഞെഴുന്നേറ്റ് ഓടിച്ചെന്ന് വാതിൽ തുറന്നു..

മുൻപിൽ നിൽക്കുന്നവനെ ഞെട്ടലോടെ അവൾ നോക്കി..

നേരെ നിൽക്കാനുള്ള ശേഷിയില്ലാത്തത് പോലെ മദ്യപിച്ചിട്ടുണ്ട് ആദി.. ആകെ മുഷിഞ്ഞ കോലം.. ഷർട്ടിൽ ഒക്കെയും ചെളി പുരണ്ടിരിക്കുന്നു..

എന്ത് കോലമാ ആദി ഇത്..

പിന്നിൽ നിന്ന് ഞെട്ടലോടെ അതിലുപരി വേദനയോടെയുള്ള ഭാമയുടെ ചോദ്യം മുഴങ്ങി കേൾക്കുമ്പോഴും അല്ലി തീർത്തും നിസ്സംഗതയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു..

അപ്പോഴും അവളുടെ കണ്ണുകൾ മാത്രം നിശബ്ദം പെയ്തുകൊണ്ടിരുന്നു..

ടാ.. ഇതെന്ത് കോലമാണെന്നു..

ആന്റി പ്ലീസ്.. അകത്തേയ്ക്ക് കയറിയിട്ട് സംസാരിക്കാം..

കൂടെ നിന്നവനെ താങ്ങികൊണ്ട് ക്രിസ്റ്റി പറഞ്ഞു..

അല്ലി വാതിൽക്കൽ നിന്ന് മാറിക്കൊടുത്തു…

ഭാമ എന്തൊക്കെയോ പറയുന്നുണ്ട്.. ആദിയുടെ അവസ്ഥ എല്ലാവർക്കും ഒരു ഞെട്ടലുളവാക്കി എന്നത് അവൾക്കുറപ്പായിരുന്നു..

അവൾ ക്രിസ്റ്റിയെ നോക്കി..

ഇതെന്ത് കോലമാ ക്രിസ്റ്റി.. ഇവനെവിടെയായിരുന്നു.. എത്ര മണിക്കൂറായെന്നോ കിടന്നു വിളിക്കുന്നു.. ഇവിടെ എല്ലാവരും ആധിപ്പിടിച്ചിരിക്കുവായിരുന്നു..

മുരളി പറഞ്ഞു..

എനിക്ക് എന്താ പറ്റിയെ എന്നറിയില്ല അങ്കിൾ.. ഞാൻ വൈകീട്ട് ഞങ്ങളുടെ ഒരു ക്ലയന്റിനെ കാണാൻ പോയതാണ്.. തിരിച്ചു വരും വഴി ആദി വിളിച്ചു.. ബാറിലേയ്ക്ക് ചെല്ലാൻ പറഞ്ഞു.. എന്റെ ഫോണാണെങ്കിൽ ചാർജ് തീർന്ന് ഓഫും ആയി.. അവിടെ ചെന്നപ്പോ ഈ കോലത്തിൽ ഇരിക്കുവാ.. വിളിച്ചിട്ട് വരുമോ.. അതുമില്ല..

എന്താ സംഭവിച്ചതെന്നൊരു പിടിയുമില്ല.. ആരുമായിട്ടൊ വഴക്കിട്ടു എന്നൊക്കെ ഇരുന്ന് പറയുന്നുണ്ടായിരുന്നു.. ആദ്യമായിട്ടാ ഇങ്ങനെ..

ക്രിസ്റ്റി എല്ലാവരെയും നോക്കി പറഞ്ഞു..

ടാ.. ക്രിസ്റ്റി.. ഞാനവനെ വെറുതെ വിടില്ല.. എന്റെ അല്ലിയെ അവൻ കൊണ്ടുപോകും..

എന്തൊക്കെയാടാ ഈ വിളിച്ചു പറയുന്നത്..

ക്രിസ്റ്റി പെട്ടെന്ന് ചോദിച്ചു..

പെട്ടെന്ന് ആദി കരയാൻ തുടങ്ങി..

മയങ്ങിയ നിയ വരെ ശബ്ദം കേട്ട് പുറത്തേയ്ക്ക് വന്നു.. ആദിയുടെ അവസ്ഥ കണ്ട് ഞെട്ടലോടെ അവൾ അല്ലിയെ നോക്കി..

അമ്മ.. അമ്മ അവളോട് പോകേണ്ടെന്നു പറയ്.. പ്ലീസ്..

അടുത്തു നിന്ന ക്രിസ്റ്റിയുടെ കയ്യിൽ പിടിച്ചു വെച്ചവൻ പറഞ്ഞതും ക്രിസ്റ്റി ദയനീയമായി അല്ലിയെ നോക്കി..

പെട്ടെന്ന് ഭാമ മുൻപോട്ട് വന്നവന്റെ കൈക്കിട്ട് നല്ലൊരു അടി കൊടുത്തു..

എന്താടാ.. കുടിച്ചു കുടിച്ചിനി അമ്മേനെ പോലും തിരിച്ചറിയാത്ത അവസ്ഥയിലെത്തിയോ.. ഹേ.. പറയെടാ..

അവർക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയുന്നുണ്ടായില്ല..

വേണ്ട ഭാമേ.. അവനു അബദ്ധം പറ്റിയതാ..

മീന അവരെ തടഞ്ഞു..

അബദ്ധമോ.. ഇതോ.. ഈ കോലം ആണോ അവന്റെ അവസ്ഥ.. ഇവനിത് എന്തിന്റെ കേടാ..

ഭാമ കരഞ്ഞുപോയി..

ഭാമേ.. നീ അകത്തു പോ.. മോളെ.. മോളും പോയി കിടക്ക്.. എത്ര നേരമായി ഈ നിൽപ്പ്.. അവനോട് നമുക്ക് നാളെ സംസാരിക്കാം..

മുരളി പറഞ്ഞു.. ടാ.. വാ ഞാൻ റൂമിലാക്കാം..

ക്രിസ്റ്റി പറഞ്ഞുകൊണ്ട് അവനെ പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ചു..

ആദി ഒരുവിധത്തിൽ എഴുന്നേറ്റുനിന്നു..

വാ…

ക്രിസ്റ്റി പിടിച്ചു വലിച്ചതും ക്രിസ്റ്റിയുടെ കൈ അവൻ കുടഞ്ഞെറിഞ്ഞു..

എങ്ങോട്ട്.. ഞാനെങ്ങോട്ടുമില്ല.. ഞാനിവിടെയാ.. ഇവിടെ.. എന്റെ അല്ലിടെ കൂടെ .. അല്ലെ..

അവൻ അവളെ നോക്കി നിഷ്കളങ്കമായി കണ്ണു ചിമ്മി കാട്ടി ചിരിച്ചു..

ടാ. നിനക്കറിയോ.. എന്റെ.. എന്റെയാ.. എന്റെ ഭാര്യ.. എന്റെ ഭാര്യ..

അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു..

എന്താ ആദി ഇത്..

അത്ര നേരവും മൗനമായി നിന്നവൾ ദയനീയമായി ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു..

നീ പോവല്ലേ.. നിനക്ക് ഡിവോഴ്‌സ് വേണ്ടേ.. കാർത്തി നോക്കി നിൽക്കുവല്ലേ..

നീ പോണ്ട അല്ലി.. നീ പോയാ എനിക്കാരാ.. ആരാ..

അവൻ നിഷ്കളങ്കമായി കൈ മലർത്തി ചോദിച്ചു..

എന്താ.. എന്താടാ ഈ വിളിച്ചു കൂവുന്നേ.. ഭ്രാന്ത് പിടിച്ചോ നിനക്ക്..

ഭാമ പൊട്ടിത്തെറിച്ചു..

ഭ്രാന്തോ.. എനിക്കോ.. ഹേയ്.. നിങ്ങളെയൊക്കെ ഞങ്ങൾ പറ്റിക്കുവാ.. അല്ലെ അല്ലി..

ആദി..

അല്ലി തീർത്തും ദയനീയമായി അവനെ നോക്കി..

നീ പേടിക്കേണ്ട.. എല്ലാം ഈ ആദി സെറ്റ് ആക്കും.. ഞാനിന്ന് കണ്ടു.. കാർത്തിയെ കണ്ടു.. അവനു നിന്നെ മതി.. പക്ഷെ നീ പോയാൽ എനിക്കാരാ… നിന്നെ അവൻ കൊണ്ടുപോകും.. ദൂരെ.. എന്റെ കണ്ണിൽ പോലും കാണാൻ പറ്റാത്ത ദൂരെ..

നീ നോക്ക്.. ഇത്രേം..

കൈ തീരെ ചെറുതാക്കി കൂട്ടിപിടിച്ചവൻ അവളെ കാണിച്ചു..

ദേ ഇത്രേം ഉള്ളപ്പോ കാണാൻ തുടങ്ങീതാ നിന്നെ ഞാൻ.. അന്ന് തൊട്ടിന്ന് വരെ നിന്നെ കാണാതെ എത്ര നാൾ നിന്നിട്ടുണ്ട് ഞാൻ.. ആ എന്നോട് അങ്ങനെ പറഞ്ഞപ്പോ ഒരെണ്ണം.. ടാ ക്രിസ്റ്റി.. ചെറിയ ഒരെണ്ണം കൊടുത്തു ഞാൻ.. ചെറുത്.. ഞാൻ ചെയ്തത് തെറ്റാണോ ക്രിസ്റ്റി.. ആണോ അല്ലിമോളെ.. പറ.. അമ്മേ.. പറ..

ആദി തീർത്തും അബോധവസ്ഥയിലേയ്ക്ക് മറിക്കൊണ്ടിരിക്കുകയായിരുന്നു.. എന്നാൽ ആ നിമിഷവും കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ തന്നെയായിരുന്നു ആ അച്ഛനമ്മമാർ..

നോക്ക്.. നീ പറഞ്ഞില്ലേ ഒരു വർഷം ജഴിഞ്ഞാൽ ഡിവോഴ്സ് കിട്ടുമെന്ന്.. അത് വരെ എന്തിനാ അല്ലി നമ്മളിവരെ സന്തോഷിപ്പിക്കുന്നെ.. അത് കഴിയുമ്പോ ഇവർക്ക് കൂടുതൽ സങ്കടാവും..

മതി.. നീ വന്നേ.. വാ..

ക്രിസ്റ്റി അവനെ പിടിച്ചു വലിച്ചു..

വിട്.. ഇന്ന്.. ഇന്നെനിക്ക് ഒരു സത്യം പറയണം..

ആദി കുതറി..

പറഞ്ഞിടത്തോളം മതി.. വാ..

അവനെ വിട് ക്രിസ്റ്റി..

മീനയുടെ ശബ്ദം അവിടെ മുഴങ്ങി..

ആദിക്ക് എന്താ പറയാനുള്ളത്..

അവർ ചോദിച്ചു..

അല്ലി അവരുടെ മുഖത്തേയ്ക്ക് പോലും നോക്കിയില്ല..

അല്ലി.. ഐ ലവ്യൂ.. സത്യം.. സത്യായിട്ടും.. നീയാണെ സത്യം.. നമുക്ക് ജീവിക്കാം.. നല്ലോണം.. പറ്റില്ലേ.. എനിക്കറിയാം പറ്റൂലെന്നു.. കാർത്തി അല്ലെ നിന്റെ മനസ്സിൽ.. എന്റെ മനസ്സിലും നിയ ആയിരുന്നു.. സത്യം.. പക്ഷെ കല്യാണം കഴിഞ്ഞേപ്പോഴോ ഞാൻ..

സോറി.. സോറി.. തെറ്റാ.. പക്ഷെ പ്രേമമല്ലേ.. ഞാനെന്ത് ചെയ്യും.. പതിയെ നിന്നോട് പറഞ്ഞാലോ എന്നാലോചിച്ചപ്പോ..

ആ അപ്പൊ അവൻ വന്നു.. നിനക്ക് വേണ്ടി.. കുറെ അടിയുണ്ടാക്കി.. പിന്നെ.. നിനക്ക് ഞാൻ ഫ്രണ്ടല്ലേ.. അതാ ഒന്നും പറയാഞ്ഞേ.. ഇന്ന് ആദി ഒരു സിറോ ആണ്.. വട്ട പൂജ്യം.. പക്ഷെ എനിക്ക്.. എനിക്കൊത്തിരി ഇഷ്ടാ നിന്നെ.. ഒത്തിരി.. ഒത്തിരി..

അതും പറഞ്ഞു വേച്ചു വേച്ചു പോകുന്നവനെ നോക്കി എല്ലാവരും സ്തബ്ധരായി നിന്നു.. ക്രിസ്റ്റി അവനു പിന്നാലെ പോയതും അല്ലിയും അവനു പിന്നാലെ നടന്നു..

അല്ലി..

മീന വിളിച്ചതും അവൾ നിന്നു..

എന്തെങ്കിലും പറയും മുൻപ് തന്നെ മീനയുടെ ആദ്യ പ്രഹരം അവളുടെ കവിളിൽ പതിഞ്ഞിരുന്നു..

അമ്മേ ഞാൻ..

മിണ്ടരുത്..

മീന വല്ലാത്ത ദേഷ്യത്തിലായിരുന്നു..

ഇന്നലെ വരെ എന്റെ മോളാ നീയെന്നു പറയാൻ അഭിമാനിച്ചിരുന്നവളാണ് ഞാൻ.. ആ ഞാൻ പറയുവാ.. അവന്റെ കണ്ണുനീരിൽ ചവിട്ടി നീയിനി ഏത് സ്വർഗത്തിൽ പോയാലും നിനക്ക് ഒരു പുണ്യോം കിട്ടില്ല..

അത്ര മാത്രം പറഞ്ഞവർ കരഞ്ഞുകൊണ്ട് സോഫയിൽ ഇരുന്നു..

ഒരിക്കൽ നിന്നെ ഇവളുടെ വീട്ടിൽ വെച്ചു തല്ലിയതിന് മനസ്സുകൊണ്ട് ആയിരം വട്ടം ക്ഷമ പറഞ്ഞവനാണ് ഞാൻ.. പക്ഷെ.. ഇപ്പൊ തോന്നുവാ.. നിന്നെ തല്ലി വളർത്തണമായിരുന്നു..

പ്രസാദ് വേദനയോടെ പറഞ്ഞു..

അല്ലി കണ്ണടച്ചു പിടിച്ചു നിന്നതെയുള്ളൂ..

മോളെ..

ഭാമ വിളിച്ചതും അവൾ അവരെ നോക്കി..

നിന്റെ ജീവിതം.. നിന്റെ ഇഷ്ടം.. പക്ഷെ ഈ അഭിനയം എന്തിനായിരുന്നു മോളെ.. അത് വേണ്ടിയിരുന്നില്ല..

അവർ വേദനയോടെ പറഞ്ഞതും അവളൊന്നും മിണ്ടാതെ നിയയെ നോക്കി..

നിനക്കൊന്നും പറയാനില്ലേ..

അല്ലി.. ഞാൻ..

ഒരിക്കൽ ആദിയുടെ താലി വലിച്ചെറിഞ്ഞ നിന്നെക്കാൾ അധഃപതിച്ചു പോയി ഞാൻ എന്നെങ്കിലും ഒന്ന് പറയ്..

അതും പറഞ്ഞെല്ലാവരെയും ഒന്ന് നോക്കി അവൾ മുറിയിലേയ്ക്ക് പോയി..

ഭാമയും മുരളിയും ഒക്കെ തകർന്ന് മീനയ്ക്കരികിൽ ഇരുന്നു..
ഇനിയെന്ത് എന്ന ചോദ്യം മാത്രം ഓരോ കണ്ണിലും വേദനയോടെ നിറഞ്ഞു നിന്നു.. ഹാളിൽ മീനയുടെ ശബ്ദം മാത്രം മുഴങ്ങികേട്ടു..

മുറിയിൽ ആദി ശര്ധിക്കുന്നതിന്റെ ശബ്ദം കേട്ടതും മീനയുടെ കരച്ചിൽ അല്പം കൂടി കനത്തു..

പെട്ടെന്ന് ഒരു കാറ്റു പോലെ വന്നു ഡോർ തുറന്ന് ഇറങ്ങി പോയവളെ നോക്കി നിയ സ്തംഭിച്ചു നിന്നു.

എല്ലാവരും അതേ അവസ്ഥയിലായിരുന്നു..

എവിടെ പോയതാ..

ഭാമ ചോദിച്ചു..

എവിടേലും പോട്ടെ.. പോയി ചാവട്ടെ..

മീന അതും പറഞ്ഞെഴുന്നേറ്റു മുറിയിലേയ്ക്ക് പോകുന്നതും നോക്കി തളർച്ചയോടെ ഭാമ ഇരുന്നു..

അപ്പോഴും ആർത്ഥബോധാവസ്ഥയിൽ പിച്ചും പേയും പറയുന്നവൻ ഡ്രെസ് മാറ്റി കിടത്തുന്ന തിരക്കിലായിരുന്നു ക്രിസ്റ്റി..

നിസ്സഹായനായി..

********************

തുടർച്ചയായി ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ആദി കണ്ണു തുറന്ന് നോക്കിയത്..

കണ്ണപ്പോഴും ഉറക്കക്ഷീണത്തിൽ അടഞ്ഞു പോകുന്നുണ്ടായിരുന്നു..

തലേന്ന് എന്താണ് നടന്നതെന്ന് പോലും ഓർക്കാൻ കഴിഞ്ഞില്ല അവനു.. തലയ്ക്ക് വല്ലാത്ത ഭാരം..

ഒരു തരത്തിൽ എഴുന്നേറ്റ് തലയ്ക്ക് കൈകൊടുത്തിരുന്നപ്പോഴേയ്ക്കും വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു..

ആദി ഫോണെടുത്തു നോക്കി..

അല്ലിയുടെ നമ്പർ കണ്ടതും അവൻ ചുറ്റും നോക്കി..

നിയയുടെ മുറിയാണ്.. ഡോർ അടഞ്ഞു കിടക്കുന്നു.. മുറിയിൽ ആരുമില്ല..

അവനൊന്ന് ഞെട്ടി എഴുന്നേറ്റ് നോക്കി..

അപ്പോഴാണ് തലേന്ന് അച്ഛനും ഒക്കെ വന്നത് ഓർമ്മ വന്നത്.. ഒന്ന് ദീർഘമായി നിശ്വസിച്ചവൻ ഫോണെടുത്തു കാതോട് ചേർത്തു..

അല്ലി.. പറയ്..

അവൻ പറഞ്ഞു..

എന്നാൽ മറുപുറത്തുനിന്ന് കേട്ട വാർത്തയിൽ അവൻ ഞെട്ടിത്തരിച്ചു നിന്നുപോയി..

കണ്ണുകൾ നിറഞ്ഞതോ പെയ്തൊഴുകി തുടങ്ങിയതോ പോലും തിരിച്ചറിയാതെ ഒരു തരം മരവിച്ച അവസ്ഥയിൽ നിൽക്കുമ്പോഴും അവസാനമായി മറുപുറത്തുനിന്ന് കേട്ട വാർത്ത അവന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു..

ഈ ഫോണിന്റെ ഉടമയ്ക്ക് ഒരാക്സിഡന്റ് പറ്റി ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന വാർത്ത..

ആ നിമിഷവും തലേന്ന് രാത്രി ഒരു പുകമറ പോലെ അവനിൽ നിന്നൊളിച്ചു നിന്നു..

എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാതെ നിൽക്കുമ്പോഴും തന്റെ പ്രണയത്തിനായി അവന്റെ ഹൃദയരക്തം കണ്ണുകളിൽ നിന്ന് പെയ്തിറങ്ങുന്നുണ്ടായിരുന്നു..

തീർത്തും നിശബ്ദമായി..

തുടരും.